സിപിഐ എമ്മിനെ കറകളഞ്ഞ കമ്യൂണിസ്റ്റു പാർട്ടിയാക്കി, മാർക്സിസം – ലെനിനിസം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാക്കി ശാക്തീകരിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ. കമ്യൂണിസം ഈ കേരള മണ്ണിൽ യാഥാർഥ്യമാകാൻ കൊതിച്ചിരിക്കുകയാണ് നമ്മുടെ മനോരമാദി മാധ്യമങ്ങൾ. വഴിതെറ്റാതെ സിപിഐ എം ശരിയായ വഴിയിലൂടെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദൗത്യം ഏറ്റെടുത്ത അഭിനവ അവതാരങ്ങളാണ് തങ്ങൾ എന്ന മട്ടിലാണ് അവയുടെ നീക്കം. പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ, അഞ്ജനമെന്നതിനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന നിലയിലുള്ള അറിവാണ് നമ്മുടെ മാധ്യമ ശിങ്കങ്ങൾക്ക് കമ്യൂണിസം, സോഷ്യലിസം, മാർക്സിസം, ലെനിനിസം എന്നിവയെക്കുറിച്ചുള്ളത്. സ്വന്തം അജ്ഞതയും വിവരക്കേടുമാണ് സിപിഐ എം സമ്മേളനത്തെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലൂടെ അവർ വെളിപ്പെടുത്തുന്നത്.
കൊല്ലത്ത് സിപിഐ എം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച മാർച്ച് 6ന് മനോരമ പത്രം കണികാണാനിറങ്ങിയത്, ‘‘സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം. ക്യാപ്റ്റൻ ആര്?’’ എന്ന ഒന്നാം പേജിലെ തലവാചകത്തോടെയാണ്. അതവിടെ അങ്ങനെ നിൽക്കട്ടെ. എഡിറ്റ് പേജിൽ (പേജ് 6) കേരളമെയിൽ എന്നൊരു പംക്തിയുണ്ട്. സുജിത് നായരാണ് കാഥികൻ. 6–ാം തീയതിയിലെ ആ പംക്തിയുടെ തലക്കെട്ടിങ്ങനെ: ‘‘പാർട്ടിയോ സർക്കാരോ?’’’ അതിന്റെ സൂപ്പർ ഹെെലെെറ്റ് നോക്കാം. ‘‘സർക്കാരിന്റെ അനുബന്ധമായി കേരളത്തിൽ സിപിഎം മാറുന്നോ? ഇന്നാരംഭിക്കുന്ന കൊല്ലം സംസ്ഥാന സമ്മേളനം പാർട്ടിയുടെ പൂർണമായ കീഴ്പ്പെടലിന് വേദിയാകുമോ?’’ വിവരക്കേടിന്റെ ആഘോഷമായി മാറിയിരിക്കുന്നു സുജിത്തിന്റെ ഈ കുറിപ്പ്. പക്ഷേ, ഉദരനിമിത്തം ബഹുകൃതവേഷം എന്നൊന്നുണ്ടല്ലോ. വയറ്റുപ്പിഴപ്പ് മാധ്യമ പ്രവർത്തനമാകുമ്പോൾ എന്ത് മണ്ടത്തരവും കെട്ടിയെഴുന്നള്ളിച്ചല്ലേ പറ്റൂ.യാതൊരു ആധികാരികതയുമില്ലാത്ത പച്ചക്കള്ളങ്ങൾ എഴുന്നള്ളിക്കുകയാണ് ഈ കടിതത്തിലുടനീളം.
സർക്കാരിന്റെ അനുബന്ധമായി പാർട്ടി മാറിയത്രെ! 2005ലെ മലപ്പുറം സമ്മേളനത്തോടെ പാർട്ടിയെ പൂർണമായി പിടിച്ചെടുത്തത്രെ! പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന യെച്ചൂരിക്ക് കേരളത്തിലെ ഈ രീതിയോട് എതിർപ്പായിരുന്നത്രെ! ഇങ്ങനെ പോകുന്നു സുജിത്തിന്റെ വാക്കുകൾ. പക്ഷേ ഈ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നോ അവ സ്ഥാപിക്കാൻ വേണ്ട കാര്യങ്ങളെന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടെന്നോ ഒരിടത്തും ഒരു സൂചന പോലുമില്ല. പാർട്ടിയുടെ കെട്ടുറപ്പും ഐക്യവും ആവർത്തിച്ചുറപ്പിച്ച കൊല്ലം സമ്മേളനത്തിൽ പ്രകടമായ ആവശ്യം വർഗ ശത്രുക്കളുടെ, പാർട്ടിയുടെ എതിരാളികളുടെ സമനില തെറ്റിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് മാധ്യമകൂലിത്തല്ലുകാരുടെ ഇമ്മാതിരി എഴുത്തുകളിൽ കാണുന്നത്. മുഖ്യമന്ത്രിയെന്നോ മന്ത്രിമാരെന്നോ ഉള്ള നിലയിലല്ല പാർട്ടി സമ്മേളനങ്ങളിൽ ഒരാളും പങ്കെടുക്കുന്നത്; മറിച്ച് പാർട്ടിയുടെ ഏതു തലത്തിൽ പ്രവർത്തിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ സീനിയർ പൊളിറ്റ് ബ്യൂറോ അംഗമാണ്. അതാണ് അദ്ദേഹത്തിന്റെ ആധികാരികത. പാർട്ടി ഭരണത്തിലാകുമ്പോൾ ഭരണം എങ്ങനെയായിരിക്കണം; എന്തൊക്കെയായിരിക്കണം ഭരണ നയങ്ങൾ എന്നെല്ലാം ചർച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും എക്കാലത്തും പാർട്ടിയാണ്. മൂന്ന് സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്ന കാലത്ത് പൊതുവിലുള്ള ഭരണനയങ്ങളെക്കുറിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റിയും പാർട്ടി കോൺഗ്രസുകളും ചർച്ച ചെയ്യുകയും പ്രമേയങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതാണ് പാർട്ടി രീതി. 1956ൽ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന രേഖയാണ് 1957ലെ ഗവൺമെന്റിനെ (പിൽക്കാല ഗവൺമെന്റുകളെയും) നയിച്ചത്. അതിന്റെ കാലാനുസൃതമായ തുടർച്ചയാണ് 2022ലെയും 2025ലെയും സംസ്ഥാന സമ്മേളനങ്ങൾ അംഗീകരിച്ച നയരേഖകൾ. അതൊന്നും തന്നെ അത് അവതരിപ്പിക്കുന്നവരുടെയോ മറ്റേതെങ്കിലുമൊരാളുടെയോ വ്യക്തിപരമായ സൃഷ്ടിയല്ലെന്ന് ആർക്കാണറിയാത്തത്? വിവിധ തലങ്ങളിൽ നടത്തുന്ന ചർച്ചകളുടെയും പഠനങ്ങളുടെയും ആകത്തുകയാണ് ഇത്തരം പ്രമേയങ്ങൾ. കോൺഗ്രസിനെയും ബിജെപിയെയും പോലെയുള്ള വലതുപക്ഷ പാർട്ടികൾക്ക് അതന്യമാണ്. അതിലെല്ലാം ഭരണനയങ്ങൾ ഭരണത്തെ നയിക്കുന്നവരുടെ തന്നിഷ്ടങ്ങളാണെന്നത് ചരിത്രമാണല്ലോ. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും മോദിയുടെ നോട്ടുനിരോധനവും പോലെ എത്രയെത്ര ഉദാഹരണങ്ങൾ അക്കമിട്ട് നിരത്താനുണ്ടെന്നറിയാമോ? അതിനുനേരെയെല്ലാം കണ്ണടച്ചിരുന്ന് ഹല്ലേലുയ്യ പാടിയ പാരമ്പര്യമുള്ള നമ്മുടെ മാധ്യമ കോതണ്ഡരാമന്മാർക്ക് സിപിഐ എമ്മിലെ വിപുലമായ ജനാധിപത്യ പ്രകൃതി പിടികിട്ടില്ല.അവയ്ക്കെല്ലാം വ്യക്തികേന്ദ്രിതമായ വ്യാഖ്യാനം നൽകാനേ അവർക്ക് കഴിയൂ. മാത്രമല്ല ആധുനിക കാലത്തെ ബൂർഷ്വാ മാധ്യമപ്രവർത്തനത്തിന്റെ മുഖമുദ്ര തന്നെ ഈ അജ്ഞതയാണല്ലോ. പ്രസ് കൗൺസിൽ ചെയർമാനായിരിക്കെ ജസ്റ്റിസ് കാട്ജു തന്നെ ഇക്കാര്യം മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ചതുമാണല്ലോ.
ഏഴാം തീയതിയിലെ മനോരമയുടെ ഒന്നാം പേജ് സ്റ്റോറിയുടെ തലവാചകം നോക്കൂ: ‘‘മുഖ്യമന്ത്രിയുടെ വികസനരേഖ: സെസിനു നിർദേശം. വികസനം ഫീസിലൂടെ’’. ജയചന്ദ്രൻ ഇലങ്കത്ത എന്നയാൾ തയ്യാറാക്കിയ റിപ്പോർട്ടിലെ ആദ്യവാചകം നോക്കൂ:‘‘വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ചുമത്തണമെന്ന വിവാദ നിർദേശവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖ.’’ അതിൽ വീണ്ടും പറയുന്നു: ‘‘സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള വഴികളായാണ് സെസ് ചുമത്തലും ഫീസ് വർധിപ്പിക്കലും മുഖ്യമന്ത്രി ശുപാർശ ചെയ്യുന്നത്.’’ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്നതും സെസ് ചുമത്തുന്നതുമൊക്കെ ജനങ്ങളെ ചേരിതിരിക്കലും വിവാദ നീക്കവുമാണത്രെ! അപ്പോൾ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആദായനികുതി ഈടാക്കുന്നത് തട്ടുതിരിക്കലും വിവാദനീക്കവുമാണോ മനോരമേ? സമ്പന്നരിൽ നിന്നും ദരിദ്രരിൽനിന്നും ഒരേ നിരക്കിൽ സർക്കാർ ഫീസിടാക്കണമെന്നാണോ മനോരമ കൊച്ചമ്മയും ഇലങ്കത്തുകാരനും പറഞ്ഞുവയ്ക്കുന്നത്?
നാട്ടിൽ വികസനവും ക്ഷേമവും ഉറപ്പാക്കണമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. അതിന് വിഭവസമാഹരണം നടത്തണമെന്നതിലും രണ്ടഭിപ്രായമുണ്ടാവില്ലല്ലോ! സർക്കാരുകൾ, അത് കേന്ദ്രമായാലും സംസ്ഥാനമായാലും, എങ്ങനെയാണ് വിഭവസമാഹരണം നടത്തുന്നത്? നികുതി പിരിവിലൂടെയും വിവിധ സെസുകളിലൂടെയുമാണല്ലോ. നമ്മുടെ നികുതി സ്രോതസ്സുകൾ ജിഎസ്ടി വന്നതോടെ പൂർണമായും കേന്ദ്രം കയ്യടക്കിവച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് ന്യായമായി വീതിച്ചുനൽകുന്നില്ലെന്നു മാത്രമല്ല, നിയമാനുസൃതം ലഭിക്കേണ്ട വിഹിതങ്ങൾ പോലും കൃത്യമായി യഥാസമയം നൽകുന്നതുമില്ല. അതിനെല്ലാം പുറമേയാണ് സംസ്ഥാനത്തിന്റെ വായ്പയെടുക്കാനുള്ള ഭരണഘടനാനുസൃതമായ അവകാശത്തിലും കേന്ദ്രം ഇടങ്കോലിടുന്നത്. ആ സ്ഥിതിക്ക് വികസന–ക്ഷേമപ്രവർത്തനങ്ങളൊന്നും സംസ്ഥാന സർക്കാർ ചെയ്യേണ്ടതില്ലെന്നാണോ മനോരമാദി മാധ്യമങ്ങളും വലതുപക്ഷവും ഓരിയിടുന്നത്. കേരളത്തെ ആധുനിക വികസിത സമൂഹമായും ക്ഷേമസമൂഹമായും മാറ്റുകയെന്ന ലക്ഷ്യമാണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട വികസനരേഖ മുന്നോട്ടുവയ്ക്കുന്നത്. അതിന് സാധാരണക്കാരുടെ മേൽ അധികബാധ്യത അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന നിലപാടും പാർട്ടിക്കുണ്ട്. സാമ്പത്തികശേഷിയുള്ളവരിൽ നിന്ന് സെസും ഫീസും ഈടാക്കിയാണെങ്കിൽപോലും വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിനായി മുന്നോട്ടുതന്നെ പോകണമെന്നതാണ് പാർട്ടിയുടെ നയം. അതിൽ തെല്ലും പുതുമയുമില്ല. വികസനവും ക്ഷേമവും വേണ്ടെന്നാണെങ്കിൽ മനോരമയും വലതുപക്ഷവും അത് തുറന്നു പറയണം. ഈ ഇരട്ടത്താപ്പ് വേണ്ട.
10–ാം തീയതി, സമ്മേളനത്തിന്റെ സമാപനത്തെ തുടർന്ന് മനോരമയുടെ ഒന്നാം പേജ് വാർത്താ തലക്കെട്ട് നോക്കാം. ‘‘സിപിഎം : എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായി രണ്ടാമൂഴം. ഗെറ്റ്, സെറ്റ്, ഗോവിന്ദൻ.’’ സമ്മേളനത്തിലുടനീളം പ്രകടമായ ഐക്യവും പാർട്ടിയുടെ കെട്ടുറപ്പും രാഷ്ട്രീയ വ്യക്തതയും പാർട്ടിക്കനുകൂലമായ അഭൂതപൂർവമായ ജനമുന്നേറ്റവുമൊന്നും കാണാനുള്ള കണ്ണോ കേൾക്കാനുള്ള കാതോ ഇല്ലാത്ത മനോരമയെ അങ്കലാപ്പിലാക്കുന്നത് മൂന്നാമതും സിപിഐ എം നേതൃത്വത്തിൽ ഭരണത്തുടർച്ചയുണ്ടാകാനുള്ള സാധ്യതയാണ്. അത് പ്രതിഫലിപ്പിക്കുന്നതാണ് 10–ാം തീയതി മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം.
‘‘മുഖ്യമന്ത്രി എന്ന മൂലധന നിക്ഷേപം : സിപിഎം സംസ്ഥാന സമ്മേളനം നൽകുന്ന ദിശാസൂചനകൾ’’ എന്ന തലവാചകത്തോടെയാണ് മനോരമയുടെ മുഖപ്രസംഗം 10ന് പുറത്തുവരുന്നത്. അതിൽ പറയുന്നു: ‘‘മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയെ കേന്ദ്രീകരിച്ചാണ് സമ്മേളനം കറങ്ങിയത്. അതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മൂന്നുവർഷത്തെ പാർട്ടി പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് അപ്രസക്തമായി.’’ നുണ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ് മനോരമ. ‘‘മുഖ്യമന്ത്രിയും സർക്കാരും ആഗ്രഹിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനും നടപ്പാക്കാനുമുള്ള’’ സംവിധാനമായി പാർട്ടി മാറിയിരിക്കുന്നുവെന്നും മനോരമ മുഖപ്രസംഗം പരിതപിക്കുന്നു.
പ്രവർത്തനറിപ്പോർട്ടും വികസനരേഖയും വെവ്വേറെ അവതരിപ്പിക്കുകയും ഓരോന്നും സമയമെടുത്ത് വിശദമായി ചർച്ച ചെയ്ത് അംഗീകരിക്കുകയുമായിരുന്നുവെന്ന സത്യത്തിനുനേരെ മനോരമയ്ക്ക് മുഖംതിരിഞ്ഞ് നിന്നേ പറ്റൂ. ബംഗാളിലെ പോലെ കേരളത്തിലും ഇടതുപക്ഷവും സിപിഐ എമ്മും തിരിച്ചടി നേരിടാതിരിക്കാൻ മനോരമയുടെ അജൻഡകൾ നടപ്പാക്കണമത്രെ!
മനോരമയുടെയും വലതുപക്ഷത്തിന്റെയും അജൻഡ എന്തെന്ന് വെളിപ്പെടുത്തുന്നതാണ് മാർച്ച് 7 ന്റെ മനോരമ മുഖപ്രസംഗം. ‘‘ഫാഷിസത്തിനു വേറെ ഉദാഹരണം വേണ്ട. ആശാ വർക്കേഴ്സിനെതിരായ സിപിഎം നിലപാട് അപലപനീയം’’. 7–ാം തീയതി തന്നെ മാതൃഭൂമിയും ഒരു മുഖപ്രസംഗം സമാനമായി എഴുതിയിട്ടുണ്ട്. ‘‘ആശമാർക്കു വേണ്ടാ ഈ കേന്ദ്ര – കേരള തർക്കം’’. എന്താണ് ആശമാരുടെ പ്രശ്നം? ആശാ വർക്കർ എന്നു പറയുന്നതുതന്നെ ശരിയാവില്ല.2005ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്നതാണ് നാഷണൽ ഹെൽത്ത് മിഷൻ. അതിന്റെ ഭാഗമായാണ് ആശമാർ വരുന്നത്. തൊഴിലാളികളായോ ജീവനക്കാരായോ ഈ വിഭാഗത്തെ ആ പ്രോജക്ടിൽ അംഗീകരിച്ചിട്ടില്ല. അവരെ വളന്റിയർമാരായാണ് വിഭാവനം ചെയ്തിട്ടുള്ളത്. അത് കേന്ദ്ര പദ്ധതിയുമാണ്. തുച്ഛമായ തുകയാണ് ഓണറേറിയം, ഇൻസെന്റീവ് എന്നീ പേരുകളിൽ ആശമാർക്ക് നൽകിയിരുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായി ആയിരം രൂപ ഈ വിഭാഗത്തിന് നൽകിയത് 2010ൽ എൽഡിഎഫ് സർക്കാരാണ്. ആ തുകയിൽ പിന്നീട് വർധനവ് വരുത്തുന്നത് 2016നു ശേഷമാണ്. അങ്ങനെ ആയിരം രൂപയിൽ നിന്നാണ് കേരളം 7000 രൂപയായി വർധിപ്പിച്ചു നൽകുന്നത്. കേന്ദ്രത്തിന്റെ ഇൻസെന്റീവുകളും ചേർത്ത് ശരാശരി 13,500 രൂപ ഇവർക്ക് ലഭിക്കുന്നു. അത് കുറവാണെന്നതിൽ തർക്കമില്ല. അതേസമയം ആശമാർക്ക് ഏറ്റവുമധികം തുക നൽകുന്നത് കേരളമാണ്. എന്നാൽ മനോരമ പറയുന്നത് സിക്കിമിലാണ് കൂടുതൽ തുക നൽകുന്നതെന്നാണ്. അത് ശരിയല്ലയെന്നതാണ് വസ്തുത. സിക്കിമിലെ ഹെൽത്ത് സെക്രട്ടറിയുടെ നോട്ടിഫിക്കേഷൻ പ്രകാരം 2022 മുതൽ ആശമാരുടെ ഓണറേറിയം ആറായിരത്തിൽനിന്ന് പതിനായിരമായി വർധിച്ചുവെന്നാണ് മനോരമ പറയുന്നത്. എന്നാൽ ഏതെങ്കിലുമൊരു വിഭാഗത്തിന് സാമ്പത്തിക വർധന നൽകുന്നതിന് ഗവൺമെന്റ് ഉത്തരവ് തന്നെ വേണം. ഇത് കേരളത്തിലെ സൂസി സമരത്തെ സഹായിക്കാൻ പടച്ചുണ്ടാക്കിയ ഒരു ഉടായിപ്പാണ്. കേന്ദ്ര സർക്കാരിന്റെ രേഖപ്രകാരം തന്നെ സിക്കിമിൽ ആശമാർക്ക് 6000 രൂപയേ ഓണറേറിയം നൽകുന്നുള്ളൂ.
അപ്പോൾ ആശമാരുടെ ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാകാൻ എല്ലാവരും ചേർന്ന് കേന്ദ്ര സർക്കാരിനെതിരെയാണ് സമരം നടത്തേണ്ടത്. പ്രധാനമായും വേണ്ടത് ആശമാരെ തൊഴിലാളികളായി അംഗീകരിക്കലാണ്. അവർക്ക് മിനിമം വേതനം ഉറപ്പാക്കലാണ്. അതിനുള്ള സമരത്തിലേർപ്പെട്ടിരിക്കുകയാണ് സിഐടിയുവും ഐഎൻടിയുസിയും ഉൾപ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകൾ. 2025ൽ തന്നെ ജനുവരിയിലും മാർച്ച് ആദ്യവും കേരളത്തിൽ ഉൾപ്പെടെ ഈ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാരുടെ സംയുക്ത സമരം നടന്നതാണ്. എന്നാൽ അത് വാർത്തയാക്കാൻപോലും മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറായില്ല. വലതുപക്ഷ രാഷ്ട്രീയക്കാരാകട്ടെ ആ സംയുക്ത സമരങ്ങൾ കണ്ടതായി പോലും നടിച്ചില്ല.
അപ്പോഴാണ് സൂസി സമരത്തിന്റെ റിയൽ അജൻഡ വെളിപ്പെടുന്നത്. ബംഗാളിൽ നന്ദിഗ്രാമിലും മറ്റും സമരത്തിന് തിരികൊളുത്തിയത് സൂസികളും മാവോയിസ്റ്റുകളുമായിരുന്നല്ലോ. അതിന്റെ പിന്നാലെയായിരുന്നല്ലോ തൃണമൂലും ആർഎസ്എസ്/ബിജെപിയും കോൺഗ്രസും ജമാത്തെയും മാധ്യമങ്ങളും ബുജികളും ഒത്തുചേർന്നത്. സമാനമായ ഒരു മഴവിൽ സഖ്യം പടച്ചുണ്ടാക്കാനാണ് ഇപ്പോൾ കേരളത്തിലും അവർ നീക്കം നടത്തുന്നത്. അതിന്റെ ഒരു ലക്ഷണമാണ് ആശമാർക്കൊപ്പം ഐസിഡിഎസുകാരും സമരത്തിൽ ചേർന്നത്. സൂസി മുതൽ ആർഎസ്എസ്, ജമാ അത്തെക്കാർവരെ അണിനിരക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള സർവ കമ്യൂണിസ്റ്റ് വിരുദ്ധ ചണ്ടി പണ്ടാരങ്ങളും ഒത്തുകൂടുന്നതും. പൊമ്പിളെെ ഒരു മഗോമതിയും നീലാണ്ടനുമെല്ലാം ഓടിക്കൂടിയിട്ടുണ്ട്. കെ കെ രമയും സംഘവുമുണ്ട്. വാളയാറമ്മ വന്നോയെന്ന് നോക്കണം.
ഇതിനെല്ലാം മകുടംചാർത്തുന്നതാണ് മനോരമ, മാതൃഭൂമി മുഖപ്രസംഗങ്ങൾ. ഇതിൽതന്നെ ഒന്നുവേറിട്ടതാണ് മനോരമയുടെ മുഖപ്രസംഗം. എന്താ കഥ? കേരളത്തിലെ സർക്കാർ ഫാസിസ്റ്റാണത്രെ! അപ്പോൾ ഫാസിസ്റ്റു വിരുദ്ധ സഖ്യത്തിന് മനോരമ ഊർജം പകരുകയാണെന്നാണ് നാട്യം. എങ്ങനെയും ഇടതുപക്ഷ ഭരണത്തെ, സിപിഐ എമ്മിനെ തകർക്കലാണ് ഇതിന്റെയൊക്കെ പിന്നിലെ അജൻഡ. അതിനാണ് നമ്മളാണ് ശരിയായ ഇടതുപക്ഷം, കമ്യൂണിസ്റ്റുകാർ എന്ന് സതീശൻ മുതൽ സംഘപരിവാർ വരെ, മനോരമ ഉൾപ്പെടെ കീറി വിളിക്കുന്നത്. l