Sunday, May 19, 2024

ad

Homeമാധ്യമ നുണകള്‍സ്ത്രീ വിരുദ്ധതയുടെ മാധ്യമവിളയാട്ടങ്ങൾ

സ്ത്രീ വിരുദ്ധതയുടെ മാധ്യമവിളയാട്ടങ്ങൾ

ഗൗരി

ലയാള മനോരമയുടെ ഏപ്രിൽ 29-–ാം തീയതിയിലെ ഒന്നാം പേജിൽ വലിയ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്താ തലക്കെട്ട് ശ്രദ്ധേയമാണ്. ‘‘രാത്രി നടുറോഡിൽ ബസ് തടഞ്ഞ് മേയർ – എംഎൽഎ ദമ്പതികൾ. കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ചേഷ്ട കാണിച്ചെന്ന മേയറുടെ പരാതിയിൽ കേസ്. ആളെ മനസ്സിലായില്ലെന്നും പ്രശ്നമുണ്ടാക്കിയത് അവരെന്നും ബസ് ഡ്രൈവർ’’ ഇതാണ് തലക്കെട്ട്. ഈ വാർത്തയിലെ ഊന്നൽ എന്താണ്? മേയർ – എംഎൽഎ ദമ്പതികൾ രാത്രി നടുറോഡിൽ ബസ് തടഞ്ഞുവെന്നാണ്. ഡ്രൈവർ ‘‘അശ്ലീല ചേഷ്ട കാണിച്ചെന്ന’’ മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തതിലാണ് മനോരമക്കാരന്റെ പ്രതിഷേധം.

ഇനി സംഭവമെന്തെന്ന് നോക്കാം. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും അവരുടെ ജീവിത പങ്കാളി ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും കുടുംബാംഗങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യവേ വേഗത വർധിപ്പിച്ച് ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം. അശ്ലീല ആംഗ്യം കാണിച്ച് വേഗത വർധിപ്പിച്ച് മുന്നോട്ടു പോയ ബസ് പാളയത്ത് നിർത്തിയപ്പോഴാണ് ബസിനെ തടഞ്ഞത്. പിന്നീട് മാധ്യമങ്ങൾ തന്നെ പറയുന്നതനുസരിച്ച് അതിനിടയിൽ മേയറും എംഎൽഎയും ബന്ധപ്പെട്ട അധികാരികളെയെല്ലാം സംഭവിച്ചതെന്തെന്ന് അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുന്നതും അവരോടു അശ്ലീല ചുവയിൽ സംസാരിക്കുന്നതുമെല്ലാം നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. മോശമായി തോന്നാവുന്നവിധമുള്ള തുറിച്ചുനോട്ടം വരെ കുറ്റകൃത്യമായി കണക്കാക്കണം എന്നും നിയമമുണ്ട്. എന്നിരിക്കെയാണ്, മേയർ, ആര്യാ രാജേന്ദ്രന്റെ പരാതിയെ നിസ്സാരവൽക്കരിക്കുകയും അതിൽ കേസെടുത്ത പൊലീസിന്റെ നടപടിയെ മഹാപാതകമെന്ന നിലയിൽ മനോരമ ചിത്രീകരിക്കുന്നത്.

സാധാരണഗതിയിൽ മേയറെന്നല്ല, ഏതൊരു സ്ത്രീക്കെതിരെയും ഇത്തരത്തിലൊരു നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിൽ കേസെടുക്കേണ്ടതാണ്. പൊലീസ് കേസെടുത്തില്ലെങ്കിൽ അതിനെതിരെ പ്രതിഷേധവും മാധ്യമചർച്ചയും സ്വാഭാവികമായി തന്നെ ഉയർന്നുവരേണ്ടതാണ്. അങ്ങനെ ഉണ്ടാകാറുമുണ്ട്. എന്നാൽ ഇവിടെ മറിച്ച് സംഭവിക്കുന്നത് എന്തുകൊണ്ടെന്ന പരിശോധനയാണ് പ്രസക്തമായത്. കാരണം, മനോരമ മാത്രമല്ല, മുഖ്യധാരയിലെ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒപ്പം വലതുപക്ഷ രാഷ്ട്രീയക്കാരും (കോൺഗ്രസും ബിജെപിയും) ഒരേപോലെ സ്ത്രീവിരുദ്ധ കുറ്റകൃത്യം ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ മഹത്വവൽക്കരിക്കുകയും ഇരയായ മേയറെ കുറ്റവാളിയായി ചിത്രീകരിക്കുകയുമാണ്.

വായനക്കാർ മനസ്സിലാക്കേണ്ട കാര്യം ഇവിടെ ‘‘മേയറും എംഎൽഎയും’’ സിപിഐ എമ്മുകാരാണെന്നതും ഡ്രൈവർ ആർഎസ്എസുകാരനാണെന്നതുമാണ്. അതാണ് മാധ്യമങ്ങളുടെ ഈ തലതിരിയലിന് കാരണമെന്നത് പകൽപോലെ വ്യക്തമാണ്. ഏതു സാഹചര്യത്തിലും സിപിഐ എമ്മും അതിന്റെ നേതാക്കളും ആക്രമിക്കപ്പെടേണ്ടവരാണ് എന്നതാണ് മുഖ്യധാരാ മാധ്യമങ്ങളുടെ അടിസ്ഥാന നിലപാട്. സാധാരണ ഏതു കേസിലും സ്ത്രീപക്ഷത്തുനിന്ന് പരിശോധിക്കേണ്ടതിനുപകരം ഇവിടെ യാതൊരു മറയുമില്ലാതെ സ്ത്രീ വിരുദ്ധ നിലപാടിനു പിന്നാലെയാണ് മാധ്യമങ്ങൾ പോകുന്നത്. ബസ് വഴിയിൽ തടഞ്ഞതിലും സീബ്രാലെെനിലും കാറ് വിലങ്ങനെ നിർത്തിയതിലുമെല്ലാം ഉൗന്നൽ നൽകുന്നതും ഇതിന്റെ തെളിവാണ്. ഡ്രൈവർക്കുവേണ്ടി അലിബി തെളിവുണ്ടാക്കുന്ന തിരക്കിലാണ് നമ്മുടെ മുഖ്യധാരക്കാർ ഏർപ്പെട്ടിരിക്കുന്നത്. ശരിക്കുമിന്ന് മേയർ ആര്യാ രാജേന്ദ്രനെതിരായ മാധ്യമവേട്ടയാടലാണ്, സെെബർ ആക്രമണത്തിനൊപ്പം നടക്കുന്നത്.

ഇനി ഡ്രൈവറെ വിശുദ്ധനാക്കാൻ നോക്കുന്ന മാധ്യമങ്ങൾ അയാൾ സമാനമായ കുറ്റകൃത്യം ചെയ്തതിന് നിയമനടപടി നേരിട്ടയാളാണെന്ന കാര്യം മൂടിവയ്ക്കുകയാണ്. അയാളുടെ വീടിനടുത്തുള്ള ഒരു സ്ത്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ലെെംഗികപരാമർശങ്ങൾ നടത്തുകയും കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ ഒടുവിൽ കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കിയതാണ്. മാത്രമല്ല ഇപ്പോൾ അയാൾ ഓടിച്ചിരുന്ന ബസിന്റെ സിസിടിവി ക്യാമറയും ദൃശ്യങ്ങളുടെ രേഖയും ‘അപ്രത്യക്ഷ’മായതും അയാളിലേക്ക് സംശയത്തിന്റെ മുന ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതൊന്നും നടത്താതെയുള്ള മാധ്യമവേട്ടയ്ക്കാണ് മനോരമാദികൾ തുനിഞ്ഞിറങ്ങിയത്.

മേയർ ആര്യാ രാജേന്ദ്രന്റെ കാര്യത്തിൽ മാത്രമല്ല, വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശെെലജ ടീച്ചർക്കെതിരായ യുഡിഎഫിന്റെ വ്യാജപ്രചാരണത്തിന്റെയും സെെബർ ആക്രമണത്തിന്റെയും കാര്യത്തിലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ടീച്ചർക്കെതിരെയാണ് അണിനിരന്നത്. എതിർസ്ഥാനാർഥിയായ ഷാഫി പറമ്പിലിനെ ന്യായീകരിക്കാനും കുറ്റവിമുക്തനാക്കി മഹത്വവൽക്കരിക്കാനും മുഖ്യധാരാ മാധ്യമങ്ങൾ വല്ലാത്ത വെമ്പലിലായിരിക്കുന്നതാണ് നാം കണ്ടത്. ഇക്കാര്യത്തിലെല്ലാം വലതുപക്ഷ രാഷ്ട്രീയക്കാർക്കു നേട്ടമുണ്ടാക്കലിനപ്പുറം തത്വാധിഷ്ഠിതമായ നിലപാടല്ല മുഖ്യധാരാ മാധ്യമങ്ങൾക്കുള്ളത്.

വാർത്തകളിൽ ഇടം പിടിച്ചെങ്കിലും വലിയ തോതിലുള്ള ചർച്ചയൊന്നും കൂടാതെ കടന്നു പോകുന്ന ഒരിനമാണ് കർണാടകത്തിലെ മുൻമന്ത്രിയും നിലവിൽ എംപിയും ഇപ്പോൾ ഹാസനിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലെെംഗികാക്രമണകേസുകളും പുറത്തുവന്ന അശ്ലീല വീഡിയോകളും. ഒരു വർഷത്തിലേറെയായി അത് പരസ്യമായിട്ടല്ലെങ്കിലും മുറുമുറുപ്പുകളും കുശുകുശുപ്പുകളുമായി ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ബിജെപിയുടെ മോദി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കും സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്ന കോൺഗ്രസിനും അറിയാവുന്നതുമാണത്. എന്നിട്ടും അയാളെ സ്ഥാനാർഥിയാക്കുകയും മോദി നേരിട്ടെത്തി തന്റെ കരങ്ങൾക്ക് ശക്തിപകരാൻ പ്രജ്വലിന് വോട്ടുചെയ്യുകയെന്ന് ആഹ്വാനം പുറപ്പെടുവിക്കുകയും ചെയ്തതാണ് ശ്രദ്ധേയമായ സംഗതി. ഇക്കാര്യം മുഖ്യധാരാ മാധ്യമങ്ങൾ ചർച്ചയിൽ കൊണ്ടുവന്നില്ലല്ലോ? കോൺഗ്രസോ? സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി വി കെ ശിവകുമാർ തന്നെ പ്രജ്വലിന് തുണയായുണ്ടെങ്കിൽ പിന്നെന്തിന് അയാൾ നിയമത്തെ ഭയക്കണം? തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് അയാൾ ജർമനിയിൽ എത്തുംവരെ അയാൾക്കെതിരെ കേന്ദ്രമോ സംസ്ഥാനമോ എല്ലാമറിയാമായിരുന്നിട്ടും ഒരു നടപടിയും കെെക്കൊണ്ടില്ല എന്ന വിഷയം ഏതെങ്കിലും മാധ്യമം ചർച്ച ചെയ്-തോ? പ്രജ്വൽ മാത്രമല്ല, അയാളുടെ അപ്പൻ രേവണ്ണയും ഇതേ കേസിൽ പ്രതിയാണെന്നതും ചർച്ചയിൽ അധികമൊന്നും പരാമർശ വിധേയമാക്കുന്നില്ല.

ഗുസ്തിതാരങ്ങളെ പീഡിപ്പിക്കാൻ ശ്രമിക്കുകയോ പീഡിപ്പിക്കുകയോ ചെയ്ത കേസിൽ പ്രതിയായ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെ വീണ്ടും സ്ഥാനാർഥിയാകാൻ അവസരം നൽകിയ മോദിയിൽ നിന്നും ബിജെപിയിൽനിന്നും പ്രജ്വൽ രേവണ്ണ കേസിൽ വേറൊരു നിലപാട് പ്രതീക്ഷിക്കാൻ പാടില്ലല്ലോ. ഇതിലേക്കൊന്നും നോക്കാൻ പോലും മിനക്കെടാത്ത മാധ്യമങ്ങളാണ് നിത്യേന സിപിഐ എമ്മിനെതിരെ ഓരിയിട്ടുകൊണ്ടിരിക്കുന്നത്.

ഏപ്രിൽ 25ന്റെ മനോരമയുടെ 9–ാം പേജിൽ ഒരു കിടിലൻ തലക്കെട്ട് കാണാം: ‘‘മോദി x രാഹുൽ. നേർക്കുനേർ.’’ എന്താ സംഭവം. അതിങ്ങനെ മനോരമ വിശദീകരിക്കുന്നു: ‘‘നരേന്ദ്രമോദി: കോൺഗ്രസ് മതാടിസ്ഥാനത്തിൽ സംവരണത്തിന് ശ്രമിക്കുന്നു. രാഹുൽഗാന്ധി: ജാതി സെൻസസ് ഉറപ്പാക്കും? ഇതാണ് മനോരമയുടെ നേർക്കുനേർ. അതിന്റെയൊരു അവതരണ ശെെലി കണ്ടാൽ തോന്നുക മോദിയും രാഹുലും സാട്ടാ ഗുസ്തിക്കെന്ന പോലെ നേർക്കുനേർ മപ്പടിച്ച് നിൽക്കുന്നുവെന്നാണ്. ഇന്ത്യൻ രാഷ്ട്രീയത്തെ വിഷയങ്ങൾക്കപ്പുറം വ്യക്തിവൽക്കരിച്ച് അമേരിക്കൻ മോഡലിലാക്കുന്നതിനുള്ള വലതുപക്ഷത്തിന്റെ ഇംഗിതമാണ് ഈ അവതരണത്തിൽ പ്രതിഫലിക്കുന്നത്. ജനങ്ങളിൽനിന്ന് ഓടി ഒളിക്കുന്ന ജനവിരുദ്ധനായ മോദിയെ ഭയന്ന് ഉത്തരേന്ത്യയിൽ മത്സരിക്കാൻപോലും തയ്യാറാകാതെ ഒളിച്ചോടുന്ന രാഹുലും തമ്മിലുള്ള മത്സരമായി ഇന്ത്യൻ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നതുതന്നെ പരിഹാസ്യമാണ്. മനോരമാദികളുടെ മോഹചിന്ത മാത്രമാണത്. കോൺഗ്രസ് എന്ന പാർട്ടിയുടെ പൊതുസ്ഥിതിയോ? സൂറത്തും ഇൻഡോറും ആ പാർട്ടിയുടെ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഗർഭ ശ്രീമാൻമാരായിരിക്കെ തന്നെ, അതായത്, സ്ഥാനാർഥിയായിരിക്കവെ തന്നെ, ബിജെപിയിൽനിന്ന് പണം വാങ്ങി കൂറുമാറുന്ന വിദ്വാന്മാരുടെ സംഘമായി അത് മാറിയിരിക്കുകയാണ്. അതിനെയാണ് മനോരമാദികൾ വെള്ളപൂശി വാഴ്-ത്തുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular