Wednesday, January 22, 2025

ad

Homeമാധ്യമ നുണകള്‍മാപ്പുപറച്ചിൽ വാരം

മാപ്പുപറച്ചിൽ വാരം

ഗൗരി

പിന്നിട്ട വാരത്തെ ശ്രദ്ധേയമാക്കിയത് ചില മാപ്പു പറച്ചിലുകളാണ്. അതിലൊന്ന് പണത്തിന്റെ ഹുങ്കു കൊണ്ട് തനിക്ക് എന്തുമാകാമെന്നും ആരെയും വിലയ്ക്കെടുക്കാമെന്നും നിനച്ച് അർമാദിച്ചിരുന്ന കോമാളിയായ ഒരു പണക്കാരനെ കൊമ്പുകുത്തിച്ച എൽഡിഎഫ് സർക്കാരിന്റെ നടപടിയുടെ ഫലമായാണ് സംഭവിച്ചത്. കച്ചവടക്കാരനായ ചെമ്മണ്ണൂർ ബോബി കരുതിയത് തന്റെ പണത്തിനുമുകളിൽ പറക്കാൻ ഒരു പരുന്തും വരില്ല എന്നാണ്. സംസ്ഥാനം ഭരിക്കുന്നത് സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് അയാൾ ഓർക്കാതെ പോയി. പണ്ട് ഇതുപോലെ പണക്കാരനായൊരു സിലിമാ നടൻ കരുതിയിരുന്നു. പണമെറിഞ്ഞ് താൻ കേസിൽ നിന്നൂരി പോരുമെന്നും അഴിയെണ്ണില്ലെന്നും ധരിച്ച ആ പുമാനും അഴിയെണ്ണേണ്ടതായി വന്നു; ഒന്നും രണ്ടും ദിവസമല്ല, മൂന്നു മാസം അഴിയെണ്ണി, ഉണ്ടതിന്നു. ഇപ്പോഴും കോടതികളിൽ നിന്ന് കോടതികളിലേക്ക് അതിയാൻ ചുറ്റിത്തിരിയുകയാണ്.

വിട്ടുവീഴ്ചയില്ലാത്ത സ്ത്രീപക്ഷ നിലപാടാണ് പിണറായി സർക്കാരിന്റേതെന്ന് തെളിയിച്ച ഏറ്റവും ഒടുവിലത്തെ സംഭവമാണ് ചെമ്മണ്ണൂരിനെ ഊരാനാവാത്ത കുടുക്കിട്ട് അഴിക്കകത്താക്കിയത്; അഞ്ചെങ്കിലഞ്ചുദിവസം ഉണ്ട തീറ്റിച്ചത്. വക്കീലന്മാരെ വിട്ട് കോടതീന്ന് പുൽപുൽ പോലെ ഊരിപ്പോരുമെന്ന് വീമ്പടിച്ച ആ കോമാളിയെ കോടതിയും കെെവിട്ടു. പൊലീസിന്റെ കേസും തെളിവുകളും അത്രയേറെ ശക്തമായതുകൊണ്ട് അയാളുടെ വക്കീലന്മാർക്കൊന്നും പുള്ളിയെ ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ശിക്ഷ മൂന്നുവർഷം വരെ മാത്രം തടവായതുകൊണ്ട് കോടതി ജാമ്യമനുവദിച്ചപ്പോൾ അതിയാൻ അവിടെയും ഷോ കാണിക്കാനൊരുങ്ങി വീണ്ടും കുടുക്കിലായി. കോടതി കണ്ണുരുട്ടിയതോടെ അതിയാൻ വാലുംചുരുട്ടി വായുംപൊത്തി കണ്ടം വഴി പായുന്നതിനിടയിൽ മാപ്പ്, മാപ്പേന്ന് പറേണതുമുണ്ടായിരുന്നു.

മറ്റൊരു മാപ്പു വീരൻ നിലമ്പൂരിലെ മുൻ എംഎൽഎയാണ്. അങ്ങ് കൊൽക്കത്തേലെ ദീദിജിയെ കണ്ട് കാലേൽ വീണ് തൃണമൂലിൽ തൃണാംഗമായി മടങ്ങിയെത്തിയപാടെ ഓൻ ആദ്യം പ്രതിപക്ഷ നേതാവിനോട് കഴിഞ്ഞതെല്ലാം പറഞ്ഞതുമെല്ലാം പൊറുക്കെന്റെ നേതാവേന്ന് കേണപേക്ഷിച്ചതും നാം കണ്ടു; ഉറക്കെയല്ലെങ്കിലും രാഹുൽജിയോടും പ്രിയങ്കാജിയോടും മാപ്പ് പറയാൻ ഓൻ തയ്യാറായി. പറഞ്ഞതുറക്കെയാരുന്നെങ്കിൽ ദീദിജി തലയ്ക്കിട്ടൊന്ന് കൊടുത്ത് ‘‘ഓടു കറേ, ഓട്’’ എന്നും പറഞ്ഞങ്ങട് പുറത്താക്കിയേനെ. എന്നിട്ടും ആര്യാടൻ ഷൗക്കത്തിനോടു മാത്രം മാപ്പ് പറയാൻ അതിയാന്റെ മനസ്സനുവദിക്കുന്നില്ല. എന്നിരുന്നാലും സതീശ – സുധാകരാദികൾ കണ്ണുരുട്ടിയാൽ മുൻ എംഎൽഎ ജി അൻവർജി (അതോ അൻവർ ബാനർജിയോ?) ട്രൗസറും നനച്ച് മാപ്പ് പറഞ്ഞേനെ! മാപ്പ്, മാപ്പോട‍് മാപ്പ്!…

ഇതെഴുതുമ്പോഴുള്ള ഏറ്റവും ഒടുവിലത്തെ വാർത്ത നിർദ്ദിഷ്ട സംസ്ഥാന വനനിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കാനുള്ള മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. എന്തുകൊണ്ട് മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുത്തു എന്നായി ശോദ്യം. ഉടൻ വരുന്നു ഉത്തരം. റിപ്പോർട്ടർ ചാനലിലെ മാധ്യമ സൃഗാലർ കണ്ടെത്തുന്ന ഉത്തരം ബഹു കേമം! എന്താന്നല്ലേ! മ്മളെ അൻവാർ ബാനർജി വന നിയമ ഭേദഗതിയുടെ അൾത്താരയിൽ തന്റെ നിയമസഭാംഗത്വം വലിച്ചെറിഞ്ഞ് ത്യാഗം സഹിച്ചതുകൊണ്ടാണത്രെ പിണറായി വിജയൻ ഭയചകിതനായി ആ ഭേദഗതി നിർദ്ദേശം പിൻവലിച്ചത്. എന്തൊരു മിടുക്കെന്റാശാനേ!! തൃണമൂൽ സംസ്ഥാന കൺവീനർ നിയമസഭാംഗത്വം രാജിവെച്ചില്ലേൽ തൊഴിച്ചു പുറത്താക്കണമെന്നാണ് നിയമമെന്ന് റിപ്പോർട്ടർ മറന്നുപോയതാകാം.

തന്റെ നിയോജക മണ്ഡലത്തിൽ നടന്ന വന്യജീവിയാക്രമണത്തെത്തുടർന്ന് അൻവർ ബാനർജി അനുയായികളെയും കൂട്ടി വനംവകുപ്പിന്റെ റേഞ്ച് ഓഫീസ് അടിച്ചു തകർത്തതാണത്രെ അതിയാൻ നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടം. എന്നാൽ വന്യജീവിയാക്രമണം തടയാൻ സംസ്ഥാന വനം വകുപ്പിന് തടസ്സമായി നിൽക്കുന്ന കേന്ദ നിയമത്തെക്കുറിച്ച് മിണ്ടാൻ നമ്മുടെ തൃണമൂല കൺവീനറോ യുഡിഎഫോ മാധ്യമ സൃഗാലരോ തയ്യാറല്ല. കാട്ടുപന്നി ആക്രമണത്തെ നേരിടണമെങ്കിൽ പോലും കേന്ദ്ര വനം വകുപ്പിന്റെ അനുമതി വേണമത്രെ! പാർപ്പിട പ്രദേശങ്ങളിൽ പുലിയോ കടുവയോ ഇറങ്ങിയാൽ കേന്ദ്ര നിയമാനുസൃതം അതിനെ നേരിടാൻ സമിതി രൂപീകരിച്ച് വേണ്ട നടപടി സ്വീകരിക്കണമെത്ര. അപ്പോൾ ആദ്യം ഈശ്വര പ്രാർഥനയും സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവുമെല്ലാം കഴിഞ്ഞ് സമിതിയുടെ തീരുമാനമെന്തെന്നറിയാൻ മാരാരാശ്രീ പുലിയവർകൾ കാതോർത്ത് നിൽക്കും. സമിതിയംഗങ്ങൾ ആദ്യം അഭ്യർഥന നടത്തും. പ്രിയപ്പെട്ട പുലിക്കുട്ടാ, ഭവാൻ/ ഭവതി വനാന്തർഭാഗത്തേക്ക് മടങ്ങുക! ഇല്ലേൽ മ്മക്ക് കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും. അതനുസരിക്കാതെ വന്നാൽ ഉറക്കെ ഒച്ചയിടണം. കൂട്ടപ്പാട്ടുമാകാം. അതിലും നിന്നില്ലെങ്കിൽ ശിക്കാരി ശംഭൂന് ക്വട്ടേഷൻ കൊടുക്കാം. മയക്കിപ്പിടിക്കാം. പോട്ടെ, മ്മക്ക് മാധ്യമങ്ങളിലേക്ക് മടങ്ങാം.

തുടക്കത്തിൽ സൂചിപ്പിച്ച മാപ്പ് പറച്ചിൽ മാധ്യമങ്ങൾക്ക് ബാധകമല്ലേന്നൊരു സംശയം. ജനുവരി പത്തിന്റെ മനോരമേലെ ലീഡ് വാർത്ത: ‘‘വാളയാർ കേസ്: പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം. മാതാപിതാക്കളും പ്രതിപ്പട്ടികയിൽ. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റം’’. സമാനമായൊരു സാധനം തന്നെ മാതൃഭൂമീലും, ഇത്ര കനപ്പിച്ചല്ലേലും, നൽകീറ്റുണ്ട്. ഇതിലെ തലവാചകം തന്നെ അസംബന്ധമാണ്; നുണയാണ്. ന്താന്നല്ലേ? അമ്മയും അമ്മയോടൊപ്പം താമസിക്കുന്ന ആളെയുമാണ് പ്രതിചേർത്തത്; വേണമെങ്കിൽ രണ്ടാനച്ഛനെന്നും പറയാം. ‘‘മാതാപിതാക്കൾ’’ എന്നു പറഞ്ഞ് മറ്റൊരാഖ്യാനത്തിനു തുനിയുന്ന മാധ്യമങ്ങൾ ഇവരെ മുൻനിർത്തി 2017 മുതൽ സംസ്ഥാന സർക്കാരിനെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നല്ലോ. ‘‘വാളയാറമ്മ’’ ഒരു സ്വരൂപമോ പ്രതീകമോ ഒക്കെ ആക്കുകയായിരുന്നല്ലോ മാധ്യമങ്ങൾ.

എങ്ങനെയാ കേസ് സിബിഐക്ക് പോയത്? അതിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞുനോക്കാൻ ഏതെങ്കിലുമൊരു മാധ്യമം – അച്ചടിച്ചതോ അല്ലാത്തതോ – തുനിഞ്ഞിട്ടുണ്ടോ? സംസ്ഥാനത്തെ പൊലീസ് അനേ-്വഷിച്ച് കണ്ടെത്തിയ പ്രതികൾക്കപ്പുറം സിബിഐ കൂട്ടിച്ചേർത്ത രണ്ടു പേരാണ് ഇപ്പോഴത്തെ വാർത്തയിലെ ‘‘മാതാപിതാക്കൾ’’. അപ്പോൾ പണ്ട് കെ സുധാകരൻ പറഞ്ഞ പോലെ ‘‘ഇരന്നു വാങ്ങിയ പ്രതിസ്ഥാനം’’. 2021ൽ വിചാരണക്കോടതി കേസ് വെറുതെ വിട്ടപ്പോൾ സംസ്ഥാന സർക്കാരിന്റെ തീരുമാനം അതംഗീകരിക്കാനായിരുന്നില്ലയെന്നെങ്കിലും സൂചനയുണ്ടോ? ഇല്ലേയില്ല. സംസ്ഥാന സർക്കാരാണ് ഹെെക്കോടതിയെ സമീപിച്ചത്, കേസ് വിചാരണയും വിധിയും മാത്രമല്ല, അനേ-്വഷണം തന്നെ റദ്ദ് ചെയ്ത് പുനരനേ-്വഷണത്തിനായിരുന്നു അത്. അന്ന് ‘‘വാളയാറമ്മ’’ മുഖ്യമന്ത്രിയെക്കണ്ട് അപേക്ഷിച്ചതനുസരിച്ചാണ് കേസ് സിബിഐക്ക് വിട്ടത്. ഈ സത്യമെന്തെങ്കിലും മ്മളെ മനോരമ – മാതൃഭൂമിയാദികൾ ജനത്തെ അറിയിച്ചോ? ഇല്ല, അവരത് ചെയ്യില്ല. അങ്ങനെയായാൽ ഓരിക്ക് സിപിഐ എം വിരുദ്ധ ആഖ്യാനത്തിന് പഴുതുണ്ടാവില്ലല്ലോ.

യഥാർഥത്തിൽ ഈ സംഭവത്തെ മുതലെടുപ്പിന് ഉപയോഗിച്ച മാപ്രകളെയും നീലകണ്ഠാദി ‘‘സമര സമിതി’’ക്കാരെയും കൂടി പ്രതിപ്പട്ടികയിൽ ചേർക്കേണ്ടതാരുന്നൂന്നാണ് ഗൗരീന്റൊരിത്. ഓര് ഇതിന്റെയൊക്കെപ്പേരിൽ എത്ര പണം സമാഹരിച്ചു എന്നും അനേ-്വഷിക്കുന്നത് നന്നായിരിക്കും. സിപിഐ എം വിരുദ്ധപ്രചരണമെന്നാൽ നല്ല നാല് പുത്തൻ കീശേലെത്തണ കലാപരിപാടിയാണല്ലോ. അതിന്റെ ഭാഗമായാണല്ലോ, ‘‘വാളയറാമ്മ’’യെ കൊട്ടുംകുരവയുമായി ധർമടത്തെത്തിച്ച് 2021ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിച്ചത്. രാഷ്ട്രീയ മുതലെടുപ്പിനപ്പുറം ഇത്തരം കാര്യങ്ങളിലെല്ലാമുള്ള മനോരമേടെ നിലപാടറിയണമെങ്കിൽ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിത തന്നെ ക്രൂരമായി ആക്രമിച്ചവരിലൊരാൾ കോൺഗ്രസിന്റെ സമുന്നതനേതാവും അന്നത്തെ കേന്ദ്രമന്ത്രിയുമാണെന്ന് മൊഴി കൊടുത്തപ്പോൾ ആ പാവം പെൺകുട്ടിക്കെതിരെ അപവാദപ്രചാരണത്തിനു കച്ചകെട്ടിയിറങ്ങിയത് ഈ നാട് മറക്കില്ല. അമ്മാതിരി പാതകമല്ലേ, ആ ഖദർധാരി ചെയ്തതിനേക്കാൾ കൊടിയപാതകമല്ലേ മനോരമ ആ കുട്ടിക്കെതിരെ നടത്തിയത്. പിൽക്കാലത്ത് അവളെ വേട്ടയാടിയതിലും മനോരമേലുൾപ്പെടെയുള്ള മാപ്രകളുടെ പങ്കും മറക്കണ്ട. എന്തായാലും വാളയാർക്കേസിൽ സിബിഐ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ മാപ്രക്കൂട്ടം മാപ്പ് പറയേണ്ടതല്ലേ! ഒരു പതിറ്റാണ്ടിലേറെ മുൻപ് മുത്തൂറ്റ് ജോർജ് കൊലക്കേസിൽ സിബിഐയെ കൊണ്ടുവരാൻ മാപ്രകൾ കച്ചകെട്ടിയിറങ്ങീട്ട് എന്തായി ഒടുവിലെന്നും കൂടി ഇത്തരുണത്തിൽ ഓർക്കുന്നത് നന്ന്.

പത്താം തീയതിയിലെ തന്നെ മറ്റൊരു വാർത്ത മനോരമയിൽ ഇങ്ങനെ: ‘‘ഡിസിസി ട്രഷററുടെ ആത്മഹത്യ: 4 പേർക്കെതിരെ പ്രേരണക്കുറ്റം. എംഎൽഎയും ഡിസിസി പ്രസിഡന്റും പ്രതികൾ’’. മറ്റൊരു മുൻ ഡിസിസി പ്രസിഡന്റും മുൻ ട്രഷററും കൂടി പ്രതികളാണ് എന്ന കാര്യം മനോരമ തലവാചകത്തിൽ താഴിട്ട് പൂട്ടിയിരിക്കുന്നു. മാത്രമല്ല, എംഎൽഎക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കപ്പുറം നിയമനക്കോഴയെന്ന ആരോപണവും മുൻ ട്രഷററുടെ ആത്മഹത്യാകുറിപ്പിലുണ്ട്. അതിന് കേസ് പിന്നാലെ വരും. തെളിവുകൾ പലതും ഇപ്പോൾ തന്നെ വന്നിട്ടുണ്ട്. അപ്പോൾ മനോരമാദികൾ മുഖപ്രസംഗമെഴുതി കോൺഗ്രസിനു നേരെ തിരിഞ്ഞോ? അങ്ങനെ ചെയ്യാൻ ഐ സി ബാലകൃഷ്ണൻ സിപിഐ എമ്മൊന്നുമല്ലല്ലോ. എങ്കിലല്ലേ അതിനു സാധ്യതയുള്ളൂ. നോക്കൂ. വയനാട്ടിലെ പുൽപ്പള്ളിയിൽ സഹകരണബാങ്ക് തട്ടിപ്പിൽ കുടുങ്ങി കെപിസിസി സെക്രട്ടറി ജയിലിലായിട്ടും, അവിടെ ഒരു നിക്ഷേപകൻ ആത്മഹത്യ ചെയ്തിട്ടും കണ്ണടച്ചിരുട്ടാക്കാൻ നോക്കിയ മാധ്യമങ്ങൾ ഇപ്പോഴും അതേ നിലപാട് തുടരുകയാണ്. കരുവന്നൂരിൽ ചില പ്രാദേശിക പ്രവർത്തകർ ഉൾപ്പെട്ട ബാങ്ക് തട്ടിപ്പിന്റെ പേരിൽ മാസങ്ങളോളം സിപിഐ എമ്മിനെ വേട്ടയാടിയ മാധ്യമങ്ങളാണ് കോൺഗ്രസിന്റെ ഉന്നതർ തന്നെ, എംഎൽഎ ഉൾപ്പെടെ സഹകരണ കൊള്ള നടത്തുമ്പോഴും മൗനത്തിൽ കഴിയുന്നത്. എന്തായാലും വാർത്തയെങ്കിലും കൊടുത്തല്ലോ.

തെളിവുകൾ പോലുമില്ലാതെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ടപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുകയും പാർട്ടി നടപടിയുണ്ടാവുകയും ചെയ്തിട്ടും സിപിഐ എമ്മിനെതിരെ വാളെടുത്ത് വെളിച്ചപ്പാടിനെപ്പോലെ തുള്ളിയ മാധ്യമങ്ങൾ ഇപ്പോൾ എവിടെപ്പോയി? ‘‘ദിവ്യ ഒളിവിൽ’’ എന്ന് ഗമണ്ടൻ തലവാചകം ചമച്ചവർ എന്തേ ഇപ്പോൾ ‘‘ഐ സി ബാലകൃഷ്ണൻ എംഎൽഎയെ കാണാനില്ല’’യെന്ന് തലവാചകം നൽകാൻ മറന്നു പോകുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ആത്മഹത്യ ചെയ്ത മുൻ ഡിസിസി പ്രസിഡന്റിന്റെ കുടുംബത്തെ അടച്ചാക്ഷേപിച്ച് വിരട്ടി വിട്ടതും എന്തേ ചർച്ചയാക്കപ്പെടുന്നില്ല? ഇപ്പോൾ കേസൊതുക്കാൻ മൊഴിമാറ്റിക്കാൻ വയനാട്ടിലേക്ക് പാഞ്ഞെത്തിയ പ്രതിപക്ഷനേതാവിനെ എന്തേ ചോദ്യം ചെയ്യുന്നില്ല? ഇതെല്ലാമാണ് മുഖ്യാധാരാ മാധ്യമങ്ങളുടെ ‘മാധ്യമധർമം’. യഥാർഥത്തിൽ ഇവരാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അന്തകർ. മാധ്യമസ്വാതന്ത്ര്യമെന്നാൽ മാധ്യമങ്ങൾക്ക് സിപിഐ എം വിരുദ്ധവേട്ടയ്ക്കുള്ള സ്വാതന്ത്ര്യമെന്നല്ല, ജനങ്ങളെ സത്യമറിയിക്കാനുള്ള, സത്യം മാത്രം അറിയിക്കാനുള്ള സ്വാതന്ത്ര്യം എന്നാണ്, ജനങ്ങൾക്ക് സത്യമറിയാനുള്ള അവകാശവും സ്വാതന്ത്ര്യവുമെന്നാണർഥം എന്നും മുഖ്യധാരക്കാർ മറക്കുകയാണ്.

ജനുവരി 8ന് മനോരമയുടെ മുൻപേജ് വാർത്ത: ‘‘രാഷ്ട്രീയക്കൊല: 19 വർഷം മുൻപ് മകനെ നഷ്ടപ്പെട്ട അമ്മ പറയുന്നു: ‘‘കത്തി താഴെയിടൂ…’’ കണ്ണൂർ കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ചംഗമായ റിജിത്തിന്റെ അമ്മയുടെ വാക്കുകളാണ് മനോരമ പതിവിൽനിന്ന് വ്യത്യസ്തമായി ഇങ്ങനെ നൽകിയിരിക്കുന്നത്. കുറച്ച് ദിവസം മുൻപ് പെരിയ കേസിന്റെ വിധിയെ ആഘോഷമാക്കിയ മനോരമയ്ക്ക് ഇപ്പോൾ കണ്ണൂരിൽ സിപിഐ എം അംഗത്തെ കൊലപ്പെടുത്തിയ കേസിന്റെ വിധി വരുമ്പോൾ അത് വാർത്തയാക്കാതിരിക്കാൻ പറ്റില്ലല്ലോ. എന്നാൽ പെരിയകേസിന്റെ വിധിയെ സിപിഐ എം വിരുദ്ധപ്രചാരണായുധമാക്കിയ മനോരമ ഇപ്പോൾ ഈ സംഭവത്തെ അരാഷ്ട്രീയമായി അവതരിപ്പിക്കുകയാണ്. തലവാചകം മാത്രം വായിക്കുന്നവർ ഇതും സിപിഐ എമ്മിന്റെ പേരിൽ ചേർത്താകും വായിക്കുന്നത്. അതാണ് മനോരമയുടെ കുരുട്ടുബുദ്ധി.

എന്നാൽ കണ്ണൂർ കണ്ണപുരത്തെ റിജിത്തിന്റെ കൊലപാതകത്തെയും പെരിയ കൊലപാതകത്തെയും ഒരേ നിലയിൽ കാണാൻ പോലുമാവില്ലയെന്നതാണ് വാസ്തവം. റിജിത്തിനോട് വ്യക്തിപരമായ വെെരാഗ്യമോ ശത്രുതയോ ഉള്ളവരല്ല കൊലയാളികൾ. അതായത് രാഷ്ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ് സിപിഐ എമ്മിന്റെ പ്രവർത്തകനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയത്. അതേ സമയം പെരിയയിലെ കോൺഗ്രസുകാർ കൊല്ലപ്പെട്ട കേസിലോ? അതിലെ ഒന്നാം പ്രതിയെ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസുകാർ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും മരിച്ചുപോയെന്നു കരുതി ഉപേക്ഷിക്കുകയുംചെയ്ത ഒരു കേസുണ്ട്– വധശ്രമക്കേസ്. അദ്ദേഹം മൂന്നുമാസത്തിലേറെക്കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിന്റെ സ്വാഭാവികമായ പ്രതികാരമായിരുന്നു പെരിയ കേസിനാധാരമായ കൊലപാതകം. അതിൽ രാഷ്ട്രീയം കലർത്തുകയാണ് മാധ്യമങ്ങളും കോൺഗ്രസും ചെയ്തത്. അതാണ് കേരള പൊലീസ് പെരിയ കൊലപാതകത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം സിബിഐക്ക് വിടാൻ ഹെെക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. ഇല്ലാത്ത ഗൂഢ-ാലോചനയുടെ പേരിൽ സിപിഐ എം നേതാക്കളെ കേസിൽ കുടുക്കാൻ സിബഐയെ കൂട്ടുപിടിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്. ഹെെക്കോടതി ഇപ്പോൾ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കോടതി ശിക്ഷിച്ച സിപിഐ എം നേതാക്കളെ, ഹെെക്കോടതി ജാമ്യം നൽകി വിട്ടത് ആ കേസ് നിലനിൽക്കില്ലെന്നതിനാലാണ്. ആ സഖാക്കൾ ജയിൽ മോചിതരായപ്പോൾ പാർട്ടി പ്രവർത്തകർ മാലയിട്ടു സ്വീകരിച്ചതും മനോരമയ്ക്ക് രസിച്ചിട്ടില്ല. ഇതെന്തൊരു മാധ്യമധർമമാണപ്പനേ!

സമാധിസ്ഥനായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയാണ് ഒടുവിലത്തെ വാർത്താതാരം. ഒരാൾ മരണപ്പെട്ടാൽ മരണകാരണം വ്യക്തമാക്കി തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നുള്ള മരണസർട്ടിഫിക്കറ്റ് ഉണ്ടാവേണ്ടതാണ്. എന്നാൽ അതിന്റെ ആവശ്യമില്ല. അദ്ദേഹം സമാധിയടഞ്ഞതാണ്–ഷുഗറിനും പ്രഷറിനുമുള്ള മരുന്നും കഴിച്ച് കഞ്ഞീം കുടിച്ച് ഉടലോടെ സ്വർഗസ്ഥനായതാണ് എന്നാണ് മരണപ്പെട്ടയാളുടെ (അതോ കൊല്ലപ്പെട്ടതോ?) മക്കളുടെയും ഭാര്യയുടെയും വാദം. അതുകൊണ്ട് നാട്ടുകാർക്കും പൊലീസിനും ഇവിടെ ഒരു കാരേ-്യാമില്ല എന്നത്രെ കുടുംബം. പൊലീസും ആർഡിഒയും എത്തിയപ്പോൾ അവർ പൊലീസിന്റെ നടപടികളെ തടയുകയാണുണ്ടായത്. അവർക്ക് കൂട്ടായി സ്ഥലത്തെ സംഘികൾ ആക്രോശിച്ചെത്തുകയും ചെയ്തു. അവരുടെ വിശ്വാസത്തിലും ആചാരത്തിലും തൊട്ടുകളിക്കരുതെന്നാണ് സംഘികൾ പറയുന്നത്. അപ്പോൾ വിശ്വാസത്തിന്റെ പേരിൽ ആർക്കും ആരെയും തല്ലിക്കൊന്ന് കുഴിച്ചിടാമെന്ന് വരുമല്ലോന്ന് പറഞ്ഞാൽ അപ്പോഴും ഒറ്റ ഉത്തരം–ഞങ്ങടെ വിശ്വാസം, അതാണല്ലൊം. അത് സംരക്ഷിച്ചേ പറ്റൂത്രെ! എന്നാലും കോടതി വിട്ടില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ. എന്തരാവുമോയെന്തോ?

പ്രശ്നമതല്ല. കേരളത്തിൽ അന്ധവിശ്വാസ നിർമാർജന നിയമം പാസാക്കാത്തതാണത്രെ ഈ സംഭവത്തിന് നിദാനം. മാധ്യമചർച്ച ആ വഴിക്കാണ്. മഹാരാഷ്ട്രയിലും കർണാടകത്തിലും ഒഡീഷയിലും ബീഹാറിലുമൊക്കെ അന്ധവിശ്വാസങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും എന്തേ കേരളത്തിൽ പിണറായി സർക്കാർ അതിനു തയ്യാറാവുന്നില്ല എന്നാണ് മാധ്യമങ്ങളുടെ ശോദ്യം. എന്നാൽ അന്ധവിശ്വാസ നിർമാർജന നിയമം വന്ന സംസ്ഥാനങ്ങൾ അന്ധവിശ്വാസമുക്തമായോന്നൊരു മറുശോദ്യം നമുക്കും ഉന്നയിക്കാം. മാത്രമല്ല, വിശ്വാസോന്നും പറഞ്ഞ് അലമ്പുണ്ടാക്കുന്ന സംഘികൾക്കെതിരെ ഒരക്ഷരം ഉരിയാടാനും മാധ്യമതമ്പ്രാക്കൾ തയ്യാറല്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + twenty =

Most Popular