മാതൃഭൂമി രണ്ടുവട്ടം സർവെ നടത്തി. ഇരുപത് സീറ്റും യുഡിഎഫിനായി പതിച്ചുകൊടുത്തു. എന്നിട്ടും ഒരു ബലം വരുന്നില്ല. ജനം, സാധാരണ വോട്ടർ, തിരിഞ്ഞാലോന്നൊരാശങ്ക. അതോണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഒരു പൂഴിക്കടകൻ പണി കൂടി നടത്താനുള്ള ക്വട്ടേഷൻ അങ്ങ് സ്വയം ഏറ്റെടുത്തു. ഏപ്രിൽ 22നും 23നുമായി 13 നിയോജകമണ്ഡലങ്ങളുടെ ഫലപ്രവചനം അതോ ഫല സാധ്യതയോ മൂന്ന് പൊളിറ്റിക്കൽ സയൻസ് ‘‘വിദഗ്ദ്ധർ’’ നടത്തിയ വിശകലനവുമായാണ് മാതൃഭൂമിയുടെ ഏറ്റവും ഒടുവിലത്തെ വരവ്. അവശേഷിക്കുന്ന ഏഴ് മണ്ഡലങ്ങളുടെ ഫലമെന്താകാനാണ് സാധ്യത എന്നതു സംബന്ധിച്ച ‘‘പണ്ഡിത മതം’’ സ്ഥാനാർഥികളുടെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നതുപോലെ മാതൃഭൂമി പത്രത്തിന്റെ തിരഞ്ഞെടുപ്പ് ഫലപ്രവചനത്തിനുമുന്നോടിയായ അവസാനത്തെ 7 മണ്ഡലങ്ങളുടെ ഫലപ്രവചനവും ഏപ്രിൽ 24ന് നടത്തിയാൽ മതിയെന്ന നിഗമനത്തിലാണ് രാഹുൽഗാന്ധിക്കും കോൺഗ്രസുകാർക്കും വേണ്ടി മാതൃഭൂമി എത്തിച്ചേർന്നിട്ടുള്ളത്. അതെങ്ങനെ ആയാലും മുൻപത്തെ സർവെ ഫലത്തിൽനിന്നും 13 ഇടത്തെ ‘‘പണ്ഡിതമത’’ത്തിൽനിന്നും വേറിട്ടതാവില്ലെന്നുറപ്പ് ! ലക്ഷ്യം ജനഹിതം ഈ പ്രൊപ്പഗാൻഡ തള്ളുകളിലൂടെ ചെറുതായെങ്കിലും മാറ്റി മറിക്കാനാവുമോയെന്നതു മാത്രമാണ്. കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും ഈ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന പ്രതിജ്ഞ ചൊല്ലിയിട്ടുള്ള ആർഎസ്എസ് ചാലകന്റെ പാതയിൽ ചലിക്കുന്ന മാതൃഭൂമിക്ക് ഇങ്ങനെയൊരു ലക്ഷ്യമല്ലേ ഉണ്ടാകൂ. ഇനി ആർഎസ്എസ് ചാലകരുടെ ലക്ഷ്യമാകട്ടെ ലോകമാകെ തിരുവായ്ക്കെതിർവായില്ലാതെ മൂലധനാധിപത്യം വാഴണമെന്നും അതൊരു മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നത് മറ്റൊരു കാര്യം! മറ്റൊരു കാര്യം കൂടി പറയാതെ വയ്യ. പണത്തിനുമേൽ പരുന്തും പറക്കില്ലെന്ന ചൊല്ലുപോലെ ഈ പഠന പണ്ഡിതരോടും പത്രത്തോടും ‘‘എത്ര കിട്ടി?’’ എന്നേ ചോദിക്കാനുള്ളൂ. മാതൃഭൂമി ഇങ്ങനെ ആവർത്തിച്ചു തള്ളുന്നതു കാണുമ്പോൾ കേരളത്തിൽ വലതുപക്ഷ രാഷ്ട്രീയം കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുന്നുവെന്നാണ് മനസ്സിലാക്കാനാവുക. അതിനെ കരകയറ്റാനുള്ള തീവ്രശ്രമത്തിലാണ് മാതൃഭൂമിയും മറ്റു മാധ്യമങ്ങളും. അതിനുള്ള അവതാര പുരുഷന്മാരാണ് തങ്ങളെന്ന മട്ടും ഭാവവുമാണ് മാതൃഭൂമിയാദികൾക്കുള്ളത്. സംഭവാമി യുഗേ യുഗേ എന്നാണല്ലോ വലതുപക്ഷത്തിന്റെ ആപ്തവാക്യം തന്നെ.
23–ാം തീയതി മാതൃഭൂമിയുടെ ഒന്നാം പേജിൽ ‘‘മോടിയോടെ കേരളം’’ എന്ന ഒരു പരസ്യം കാണാം. മറ്റു ചില പത്രങ്ങളിലും പോരെങ്കിൽ തെരുവോരങ്ങളിലെ ബിജെപിയുടെ ഫ്ളെക്സുകളിലുമെല്ലാം ഈ പരസ്യം വായിക്കാം. പരസ്യമെന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ സത്യത്തിന്റെ കണികയെങ്കിലും വേണമെന്നത് വലതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമില്ലാത്ത ഒന്നാണ്. വലതുപക്ഷത്തിന്റെ തന്നെ വലത്തേയറ്റത്തു നിൽക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം നുണകളുടെ ഭാണ്ഡക്കെട്ടഴിച്ചിടുകയല്ലാതെ സ്വന്തമായി ഒന്നും പറയാനില്ല എന്നതാണ് സത്യം. അതുതന്നെയാണ് ‘മോടി’യോടെ കേരളത്തിലും കാണാനാവുന്നത്.
എന്താണ് ‘മോടി’ യോടെ കേരളത്തിൽ എത്തിയത്. ആറുവരിപ്പാതയും ഗ്രാമീണ റോഡുകളുമോ? ആറുവരിപ്പാത രാജ്യത്തിന്റെയാകെ കണക്ടിവിറ്റി വർധിപ്പിക്കാൻ, പശ്ചാത്തല സൗകര്യമൊരുക്കാൻ വേണ്ടിയുള്ള ദേശീയ പദ്ധതിയാണ്. മോദിജി വന്നതിനുശേഷമുള്ള പദ്ധതിയേ അല്ല. കേരളത്തിൽ തന്നെ അതിന്റെ നടപ്പാക്കൽ സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ 2010നും മുൻപു തന്നെ തുടങ്ങിയതാണ്. ഒടുവിൽ 2015ൽ യുഡിഎഫ് സർക്കാർ കേരളത്തിനത് പറ്റില്ലെന്നു പറഞ്ഞ് ഉപേക്ഷിച്ചതാണ്. എന്നാൽ 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് അത് നടപ്പിലാക്കാനുള്ള ക്രിയാത്മക പരിപാടികൾക്ക് രൂപം നൽകുകയും ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്തത്. അപ്പോൾ ബിജെപി നിലപാടെന്തായിരുന്നു. കേരളത്തിൽ ആറുവരിപ്പാത യാഥാർഥ്യമാക്കാൻ അനുവദിക്കില്ലെന്ന ഗ്യാരന്റിയിലായിരുന്നല്ലോ വയൽക്കിളികളെ ഇളക്കിവിട്ടത്. വയൽക്കിളി സമരത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായിരുന്നുവെന്നതും മറക്കണ്ട. അതിന് സ്ഥലമേറ്റെടുത്തതും അതിനായി നൽകിയ പണത്തിന്റെ ഒരു ഭാഗം ചെലവഴിച്ചതും സംസ്ഥാന സർക്കാർ (മറ്റൊരു സംസ്ഥാനവും ഇങ്ങനെ ദേശീയപാതയ്ക്കായി പണം ചെലവാക്കിയിട്ടില്ല എന്നും ഓർക്കണം). കേരളത്തിൽ ഗ്രാമീണ റോഡുകളുടെ ശൃംഖല വ്യാപകമായത് ജനകീയാസൂത്രണകാലത്താണ്.
വിഴിഞ്ഞം തുറമുഖവും ബിജെപിയും തമ്മിലെന്ത്? തുറമുഖത്തിന്റെ നിർമാണ കരാർ അദാനിയാണെടുത്തതെന്നതാണോ? എന്നാൽ അങ്ങനെയൊരു ചോദ്യം പ്രസക്തമായി വരുന്നത്, അദാനി എത്തുന്നതുവരെ വിഴിഞ്ഞത്ത് ബിജെപിക്കാർ പല പേരുകളിൽ തുറമുഖത്തിനെതിരെ അഴിഞ്ഞാടുകയായിരുന്നു.
ദാ വരുന്നു, കൊച്ചി മെട്രോ, ജലമെട്രോ എന്നിവയുടെ ക്രെഡിറ്റ് ഞമ്മക്കാണേന്ന ആഖ്യാനവുമായി. കൊച്ചി മെട്രോയിലും ജലമെട്രോയിലും മോദിക്കും ബിജെപിക്കുമെല്ലാം എന്താഹേ പങ്ക്? ഒന്നുമില്ലല്ലോ. കൊച്ചി മെട്രോയുടെ പണി മോദി വരുന്നതിനും മുൻപേ തുടങ്ങിയതാണ്. വി എസ് സർക്കാരാണ് അതിനു തുടക്കമിട്ടത്. യുഡിഎഫ് തടസ്സങ്ങൾ നിരത്തി വെെകിക്കുകയായിരുന്നു. ജലമെട്രോ പൂർണമായും സംസ്ഥാന സർക്കാരിന്റെ പരിപാടിയും! ഇനി ഗെയിൽ പദ്ധതിയും മോദിയുടെ ഗ്യാരന്റിയാണത്രെ! അതും മോദിക്കു മുൻപേയുള്ള കേന്ദ്ര പദ്ധതി! കേരളത്തിൽ യുഡിഎ-ഫ് സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മ കൊണ്ട് ഉപേക്ഷിക്കപ്പെട്ട പദ്ധതി! പിണറായി സർക്കാരിന് മാത്രമാണ് അത് സാക്ഷാത്കരിക്കപ്പെട്ടതിന്റെ ക്രെഡിറ്റ്! ആരാന്റെ കുഞ്ഞുങ്ങളുടെ തന്തപ്പടി ഞമ്മളാണെന്ന് പറഞ്ഞ് അഴകിയ രാവണനെപ്പോലെ നിന്ന് തള്ളുന്ന അഭിനവ എട്ടുകാലി മമ്മൂഞ്ഞാണ് മോദിയും സംഘികളും! ഇമ്മാതിരി ഉടായിപ്പുകളൊന്നും കേരളത്തിൽ വിലപ്പോവില്ല! അതോണ്ട് നീ പോടേ മോനേ ദിനാശാന്നേ ഗൗരിക്കും പറയാനുള്ളൂ.
ഏപ്രിൽ 19ന്റെ മനോരമയുടെ എഡിറ്റ് പേജിൽ ഒരു കിടു സാധനം അവതരിപ്പിക്കുന്നുണ്ട്. അത് കോൺഗ്രസിനായി മനോരമയുടെ വഹ ഒരു പബ്ലിസിറ്റി മെറ്റീരിയലാണ് – ‘പ്രതിവാദം’ പംക്തിയിൽ! ‘‘തൊഴിലുറപ്പിന് പിന്നിൽ’’ എന്ന ശീർഷകത്തിനു കീഴിലാണ് സംഗതിയെ കിടത്തിയിരിക്കണത്. അതിനു താഴെ രണ്ട് ഗംഭീര ചോദ്യങ്ങൾ വായനക്കാർക്കുനേരെ വലിച്ചെറിയുന്നു, സുധാജി മേനോൻജി എന്ന ബുജി. നോക്കൂ – ‘‘തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ കാരണം തങ്ങളാണെന്ന് സിപിഎം അവകാശപ്പെടുമ്പോൾ എന്താണ് യാഥാർഥ്യം? തൊഴിലുറപ്പ് പദ്ധതിയുടെ പിതാവാര്?’’ അപ്പോൾ അതിനുത്തരം കിട്ടണമെങ്കിൽ തൊഴിലുറപ്പിന്റെ ഡിഎൻഎ പരിശോധിച്ചെങ്കിലല്ലേ പറ്റൂ.
മനോരമയുടെ ബുജി പറയുന്നത് അതിന്റെ പിതാവ് ആരെന്ന് താൻ ഗവേഷിച്ച് കണ്ടെത്തിയെന്നാണ്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ചെയർമാനായി കുറേക്കാലമുണ്ടായിരുന്ന വിത്തൽ സഖാറാം പാഗേ എന്ന പഴയൊരു കോൺഗ്രസുകാരനാണെന്നാണ് ഡിഎൻഎയുടെ സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തിയതത്രെ! അവിടേം നിൽക്കണില്ല തള്ള്. 1948 മുതൽ പാഗേ ജീവിച്ചതു തന്നെ ‘തൊഴിലുറപ്പ്’ രാജ്യം മുഴുവൻ നടപ്പാക്കാനായിട്ടാണത്രെ ! എന്തു ചെയ്യാം? ഇക്കണ്ട കാലമത്രയും രാജ്യം മുഴുവൻ ഭരിച്ചത് കോൺഗ്രസ് ഒറ്റയ്ക്കായതുകാണ്ട് ജനങ്ങൾക്ക് ലഭിച്ചത് തൊഴിലുറപ്പായിരുന്നില്ല, തൊഴില് ചോദിക്കുന്നവർക്ക് തൊഴിയുറപ്പായിരുന്നുവെന്നു മാത്രം! ജവാഹർ റോസ്ഗാർ യോജന MGNREGA യുടെ പ്രാക് രൂപമായിരുന്നത്രെ! പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബാബ്റി മസ്ജിദ് പൊളിക്കാൻ ഒത്താശ ചെയ്യുക മാത്രമല്ല, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ വമ്പൻ പരിപാടിയും തയ്യാറാക്കിയത്രേ! ഴാങ് ദ്രേസും അരുണാ റോയിയും ചേർന്ന് ഇത്തരമൊരു പരിപാടിയുമായി സമീപിച്ചത് 2001ൽ സോണിയാഗാന്ധിയെ ആയിരുന്നുവത്രെ!
അപ്പോഴൊരു സംശയം. ഇത്രയൊക്കെ പഴം പുരാണം പറയുമ്പോൾ, 2004ൽ പൊതു മിനിമം പരിപാടി തയ്യാറാക്കിയപ്പോൾ യുപിഎ ചെയർ പേഴ്സണായ സോണിയാജി തന്നെ അങ്ങനെയൊരു നിർദ്ദേശം വച്ചാൽ പോരായിരുന്നോ? ക്രെഡിറ്റ് എന്തേ സിപിഐ എമ്മിനു വിട്ടുകൊടുത്തു. സിപിഐ എമ്മിന്റെ ഭാഗത്തുനിന്നു സുർജിത്തും പ്രകാശ് കാരാട്ടും ശക്തമായി ഇടപെട്ടപ്പോഴല്ലേ, അപ്പനേ അത് പൊതു മിനിമം പരിപാടിയിൽ ഇടം പിടിക്കുകയെങ്കിലും ചെയ്തത്. എന്നിട്ടുടൻ നടപ്പാക്കിയോ? അതുമില്ലാല്ലോ. അതിനു കാരണം നമ്മുടെ സുധാജി മേനോൻജി പറയുന്നത് ധനവകുപ്പിന്റെ എതിർപ്പുകൊണ്ടാണത്രെ! എന്നാൽ പിന്നെ ഈ എതിർപ്പിന്റെ മഞ്ഞുരുകിയതെങ്ങനെ? ധനവകുപ്പ് പി ചിദംബരമായിരുന്നല്ലോ യുപിഎ ഭരണകാലത്താകെ ഭരിച്ചിരുന്നത്. സോണിയാജിക്കോ മൻമോഹൻജിക്കോ അങ്ങനെയൊരു നിർദ്ദേശമുണ്ടായിരുന്നെങ്കിൽ ചിദംബരം സാറത് നടപ്പാക്കുമാരുന്നല്ലോ. എന്നിട്ടും നടപ്പായില്ലെന്നാണോ?
അവിടെയാണ് ഒന്നാം യുപിഎ ഏകോപന സമിതിയും ഇടതുപക്ഷ പാർട്ടികളും – സിപിഐ എം, സിപിഐ, ആർഎസ്-പി, ഫോർവേഡ് ബ്ലോക് – തമ്മിലുള്ള കത്തിടപാടുകളും ചർച്ചകളും പരിശോധിക്കേണ്ടതായി വരുന്നത്. ആ കത്തിടപാടുകളിൽ നിരന്തരം സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎയോടും മൻമോഹൻ സിങ് സർക്കാരിനോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നതിൽ ഒരു കാര്യം തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കണമെന്നതാണ്. അത് കേവലം ഒരു പ്രോഗ്രാം ഇംപ്ലിമെന്റേഷനല്ല; മറിച്ച് തൊഴിൽ അവകാശമായി അംഗീകരിക്കുന്ന നിയമം പാസ്സാക്കലാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. സിപിഐ എം അതിന്റെ ആരംഭകാലം മുതൽ തന്നെ അത്തരമൊരു നിയമം പാസാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പാഗേ പരിപാടി നടപ്പാക്കാൻ മഹാരാഷ്ട്രയോ ജവാഹർ റോസ്ഗാർ യോജനയ്ക്കായി ഇന്ത്യാ ഗവൺമെന്റോ എന്നെങ്കിലും അത്തരമൊരു നിയമം ഉണ്ടാക്കിയിരുന്നോ? ഇല്ലല്ലോ! അങ്ങനെയൊരു നിയമത്തിന്റെ പിൻബലമുള്ളതുകൊണ്ടാണല്ലോ പിൽക്കാലത്ത് ഇന്നേവരെയും അത് നിന്നുപോകാതെ തുടർന്നത്. വനാവകാശവും കർഷക കടാശ്വാസവും വിദ്യാഭ്യാസാവകാശവും ഭക്ഷ്യാവകാശവും പെട്രോളിയം വിലകൾ കുത്തനെ കൂട്ടാതിരുന്നതുമെല്ലാം ആ കത്തിടപാടുകളും ഇരുപക്ഷത്തിന്റെയും പൊതുപ്രസ്താവനകളും ഒന്നു നോക്കിയാൽ മതി. ഇനി അത് നടപ്പാക്കിയശേഷമുള്ള അവസ്ഥയോ?
ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത രണ്ടാം യുപിഎയുടെ ഭരണകാലത്ത് പുതുതായി ഒരു ക്ഷേമപദ്ധതിയും കൊണ്ടുവന്നില്ലെന്നു മാത്രമല്ല, തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നും (കേരളത്തിൽ അങ്ങനെയൊരു പദ്ധതി എൽഡിഎ–ഫ് സർക്കാർ നടപ്പാക്കുന്നുണ്ട് എന്നും മനോരമ ബുജിക്ക് അറിയുമോ ആവോ?) തൊഴിൽ 200 ദിവസമായി ഉയർത്തണമെന്നും കൂലി വർധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഈ പദ്ധതിക്കായുള്ള വകയിരുത്തൽ ക്രമാനുഗതമായി വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ആയിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. ഇമ്മാതിരി തള്ള് തള്ളുമ്പോൾ പാഗേയുടെ സാംഗ്ലേ പദ്ധതിയുടെ ഗതിയെന്തായി എന്നോ നരസിംഹത്തിന്റെ സ്വപ്ന പദ്ധതി എവിടെപ്പോയി എന്നോ മിണ്ടാൻ സുധാജി തയ്യാറല്ല. 1949ലെ പാഗേയുടെ ലേഖനം 2004വരെ ഏട്ടിലെ പശുവായിരുന്നതല്ലേയുള്ളൂ. സിപിഐ എമ്മിന്റെ ഇടപെടൽ പ്രസക്തമാകുന്നത് അവിടെയാണ്. അതുകൊണ്ടാണ് ആ നിയമനിർമാണത്തിനും അതിന്റെ നടപ്പാക്കലിനുമായി അരുണാറോയിയെയും ഴാങ് ദ്രേസിനെയും പോലെയുള്ള ആക്ടിവിസ്റ്റുകൾ ഇടതുപക്ഷവുമായി തോളോടുതോളുരുമ്മി നിന്നു പൊരുതിയത്. ചരിത്രം പറയുന്നത് പണ്ഡിതശ്രേഷ്ഠരായാലും മനോരമയായാലും വസ്തുനിഷ്ഠമായിരിക്കണം ഹേ! അത് പഴം പുരാണം പറച്ചിലാവരുത്. ♦