Wednesday, October 9, 2024

ad

Homeലേഖനങ്ങൾആർഎസ്എസ് പ്രവർത്തനവും പ്രതിപ്രവർത്തനവും

ആർഎസ്എസ് പ്രവർത്തനവും പ്രതിപ്രവർത്തനവും

കെ എ വേണുഗോപാലൻ

1925ലാണ് ആർഎസ്എസ് രൂപീകരിക്കപ്പെട്ടത്. 2025 ൽ അതിന് നൂറു വയസ്സ് തികയും. ആ വർഷത്തിൽ ലക്ഷ്യപ്രാപ്തി നേടുക എന്നതാണ് ആർഎസ്എസ് ഉദ്ദേശിക്കുന്നത്. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായി ഇന്ന് നിലനിൽക്കുന്ന മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കിക്കൊണ്ടുമാത്രമേ നടപ്പിലാക്കാനാവു. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ആർഎസ്എസിനെ പരാജയപ്പെടുത്താനാവു, അങ്ങനെ പരാജയപ്പെടുത്താനാവണമെങ്കിൽ അവരുടെ പ്രവർത്തനശൈലി എന്ത് എന്ന് നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എന്നാൽ ആർഎസ്എസ് രഹസ്യാത്മക സ്വഭാവമുള്ള ഒരു സംഘടനയാണ്. സ്വന്തമായി ഒരു അംഗത്വ രജിസ്റ്റർ പോലും അവർ സൂക്ഷിക്കുന്നില്ല. എന്നാൽ തന്റെ അവസാനത്തെ പ്രസംഗത്തിൽ ഹെഡ്ഗേവാർ പറഞ്ഞതുപോലെ സംഘത്തിന്റെ ലക്ഷ്യം കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള മുഴുവൻ ഹിന്ദുസമൂഹത്തെയും സംഘടിപ്പിക്കലാണ്. അതിനായി അവർ ഉപയോഗിക്കുന്ന ഉപകരണം സംഘടന തന്നെയാണ്. ആ ശാസനത്തിൽനിന്ന് ആർഎസ്എസ് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. എല്ലാ അവസരങ്ങളും അവർ ഉപയോഗപ്പെടുത്തിയത് ശാഖകൾ കെട്ടിപ്പടുക്കാനും പ്രചാരക്‌മാരുടെ എണ്ണം വർധിപ്പിക്കാനുമാണ്.

ആർഎസ്എസ് ശാഖ നടത്തുന്നത് ഒരു പരസ്യ പ്രക്രിയയാണ്. പൊതുസ്ഥലങ്ങളോ ക്ഷേത്രപരിസരങ്ങളോ ഒക്കെയാണ് അവർ അതിനായി ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ അത് മാത്രമാണോ അവരുടെ സംഘടന പ്രവർത്തനം. അല്ലേയല്ല. നിരവധി തലത്തിൽ നിരവധി വേഷങ്ങളിൽ അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. അതെങ്ങനെയൊക്കെ എന്ന് പരിശോധിക്കാം.

കുട്ടികളിൽ കേന്ദ്രീകരിക്കുന്നു
ബാലഗോകുലവും കുട്ടികളെ രാധയുടേയും കൃഷ്ണന്റേയുമൊക്കെ വേഷം കെട്ടിച്ചണിനിരത്തുന്നതും ഒരു പതിവുകാഴ്ചയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പേരിലായതിനാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ രക്ഷിതാക്കളൊക്കെ കുട്ടികളെ വേഷം കെട്ടിച്ച് അണിനിരത്തും. കുട്ടികളുടെ കൂടെ സ്വാഭാവികമായി അമ്മമാരും ഉണ്ടാവും. ഇത് ശാഖാ അംഗങ്ങൾക്കും അവരുടെ നേതാക്കന്മാരായ പ്രചാരക്‌മാർക്കും കുടുംബങ്ങളുമായി ബന്ധമുണ്ടാക്കുന്നതിന് സഹായിക്കുന്നു.

വിദ്യാർത്ഥികളും യുവാക്കളും
ആർഎസ്എസ് എപ്പോഴും കേന്ദ്രീകരിക്കുന്നത് ബാല സ്വയംസേവകരിലാണ്. 12‐15 വയസ്സിനിടയിലുള്ള ആൺകുട്ടികൾ ആണ് അവരുടെ ശ്രദ്ധാകേന്ദ്രം. “ചെറുപ്പത്തിലെ പിടികൂടുക’ എന്നതാണ് അവർ ലക്ഷ്യമിടുന്നത്. യുക്തിബോധം വളരുന്നതിന് മുമ്പ് എന്തും പറഞ്ഞാൽ അനുസരിക്കുന്ന പ്രായത്തിൽ അവരിലേക്ക് വർഗീയത കുത്തിവയ്ക്കുകയാണ് ലക്ഷ്യം. അതിനായി കളികൾ,യൂണിഫോം ധരിപ്പിക്കലുകൾ തുടങ്ങിയ പരിപാടികൾ അവർ അവതരിപ്പിക്കും. നഗരപ്രദേശങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന മധ്യവർഗ്ഗ കുടുംബങ്ങളിലെ കുട്ടികൾക്ക് സമൂഹവുമായി ഇഴുകിച്ചേരുന്നതിനും ഇടപെടുന്നതിനുമുള്ള അവസരങ്ങൾ അവർ സൃഷ്ടിക്കും. അതിനായി ശാഖ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തും.

പ്രാരംഭകാലം മുതൽ തന്നെ വിദ്യാർത്ഥികൾക്കിടയിലെ പ്രവർത്തനത്തിന് അവർ പ്രാമുഖ്യം കൊടുത്തിരുന്നു. പുതിയ വിഭാഗങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രചാരക്‌മാരെ റിക്രൂട്ട് ചെയ്യുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള ഒരു മേഖലയായാണ് അവർ വിദ്യാർത്ഥികൾക്കിടയിലെ പ്രവർത്തനത്തെ കാണുന്നത്. മാത്രമല്ല കോളേജുകളിലും സർവ്വകലാശാലകളിലും ഒക്കെ പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ കഴിഞ്ഞാൽ അവരെ ഭരണമേഖലകളിൽ നിയോഗിക്കാനും അതിലൂടെ ദൈനംദിന ഭരണത്തിൽ ഇടപെടാനും കഴിയും. അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട പ്രചാരക്‌മാരെ നിയോഗിക്കുന്നത് വിദ്യാർഥി മുന്നണിയിലാണ്. തുടക്കത്തിൽ ഇതിനായി പ്രചാരക്‌മാരെ അവർ സർവ്വകലാശാലകളിലും കോളേജുകളിലുമൊക്കെ വിദ്യാർത്ഥികളായി സംഘടനാ പ്രവർത്തനത്തിന് നിയോഗിക്കും. അവർ വിദ്യാർത്ഥികളെ സ്വാധീനിക്കുകയും സംഘടനാ പ്രവർത്തകരാക്കി മാറ്റിത്തീർക്കുകയും ചെയ്യും.

പ്രചാരക്‌മാരെ നിയോഗിക്കൽ
രൂപീകരണകാലം മുതൽ തന്നെ ആർഎസ്എസ് അവരുടെ പ്രചാരക്‌മാരെ ശാഖകളുടെ വികാസത്തിനും ശൃംഖലാ പ്രവർത്തനത്തിനുമായി ഇതര പ്രദേശങ്ങളിലേക്ക് നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെടുന്ന പ്രചാരക്‌മാർ പ്രാദേശിക ഭാഷ,പ്രാദേശിക സംസ്കാരം എന്നിവയൊക്കെ പഠിക്കുകയും സ്വാധീനമുള്ള വ്യക്തികളുമായി വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുകയും ജനങ്ങളെ വർഗീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിന് സഹായകമായ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കി അതിനു പിന്നിൽ ജനങ്ങളെ അണിനിരത്തുകയും അതുവഴി ശാഖ പ്രവർത്തനത്തിനെ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടുമൂന്ന് ദശകങ്ങളായി ആസാം, കർണാടക, പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് അവർക്ക് കഴിഞ്ഞത് ഈ പ്രവർത്തനം കൊണ്ടാണ്. കാര്യമായ സ്വാധീനമില്ലാത്ത പ്രദേശങ്ങളായ തെലങ്കാനയിലും ആന്ധ്രപ്രദേശിലും അവർ ഇതേ തന്ത്രമാണ് ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്.

പ്രമുഖ വ്യക്തിത്വങ്ങളെ അണിനിരത്തുക
ആർഎസ്എസിന്റെ മുൻനിര പ്രചാരക്‌മാർ പ്രയോഗിക്കുന്നത് മറ്റൊരു മാതൃകയാണ്. അവർ നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയും ജനമാന്യ ലോക് എന്ന് അവർ കരുതുന്ന പ്രാദേശികമായി പ്രാമുഖ്യമുള്ള പ്രമുഖ വ്യക്തികളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യും. അവരുമായി നല്ല ബന്ധം ഉണ്ടാക്കിയതിനുശേഷം അവരെ ഉപയോഗപ്പെടുത്തി പ്രാദേശിക ആർഎസ്എസ് പ്രചാരക്‌മാർക്ക് ആവശ്യമായ സഹായങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കും. ഈ പ്രമുഖരിൽ പലരും കോൺഗ്രസുകാരോ, ഹിന്ദുമഹാസഭക്കാരോ, ആര്യസമാജക്കാരോ, പ്രാദേശിക പാർട്ടി നേതാക്കളോ ഒക്കെ ആയിരിക്കും. ചിലപ്പോൾ പ്രാദേശികമായി പ്രാമുഖ്യമുള്ള മത നേതാക്കളോ, സാംസ്കാരിക പ്രവർത്തകരോ ജാതി സംഘടന നേതാക്കളോ, അരാഷ്ട്രീയവാദികളായ പ്രൊഫഷണലുകളോ ധനാഢ്യരോ ആയിരിക്കും. പ്രാദേശിക പ്രചാരക്‌മാർക്ക് രക്ഷാകർത്താക്കളായി ഇവർ വരുന്നതോടെ അവരുടെ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് സാധിക്കും.

പ്രമുഖ വ്യക്തിത്വങ്ങളെ സ്വാധീനിക്കുന്നതിനുള്ള പ്രചാരണ കുതന്ത്രങ്ങൾ
മതപരമായ ചായ്വ് കാണിക്കുന്ന ഹിന്ദുക്കളായ നേതാക്കളെ എല്ലാ രാഷ്ട്രീയപാർട്ടികളിലും വളർത്തിക്കൊണ്ടുവരാൻ ആർ എസ് എസ് സർവ്വഥാ ശ്രമിക്കും. അത്തരക്കാരെ അവർ അവരുടെ ആഘോഷങ്ങൾക്ക് ക്ഷണിക്കുകയും തങ്ങളുടെ അച്ചടക്കം, രാഷ്ട്ര സ്നേഹം എന്നിവ ബോധ്യപ്പെടുത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യും. ആർഎസ്എസിന്റെ തലസ്ഥാനമായ നാഗ്‌പ്പൂരിലെ ഒരു പരിപാടിയിൽ മുൻ രാഷ്ട്രപതിയും കോൺഗ്രസ്സുകാരനുമായിരുന്ന പ്രണാബ് മുഖർജി പങ്കെടുത്തത് ഇതിനുദാഹരണമാണ്. ഇത്തരത്തിലുളള പ്രചാരണത്തട്ടിപ്പുകൾ അവർ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

സ്വത്വ രാഷ്ട്രീയത്തിന്റെ ഉപയോഗം
പുതിയ സാമൂഹിക വിഭാഗങ്ങളിലേക്ക് കടന്നുകയറുന്നതിനായി വിവിധ ജാതികളിലും ഉപജാതികളിലും ജനിച്ച സമ്പന്നർക്കിടയിലുള്ള ശത്രുതകളേയും ഭിന്നിപ്പുകളേയും ആർ എസ് എസ് തന്ത്രപരമായി ഉപയോഗിക്കുകയും അവരിലേക്ക് കടന്നുകയറുകയും ചെയ്യുന്നു. അധികാരം, പണം, സ്ഥാനമാനങ്ങൾ, അവാർഡുകൾ എന്നിവ നൽകിയോ വാഗ്ദാനം ചെയ്തോ അവർ ദുർബ്ബല വിഭാഗങ്ങളിലെ വിശിഷ്യാ ദളിത്, ആദിവാസി വിഭാഗങ്ങളുടെ അവസരവാദി നേതാക്കളെ വിലയ്‌ക്കെടുക്കുന്നു.

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന സാമൂഹികമോ സാമ്പത്തികമോ ആയ പരിപാടികൾ ഒന്നുംതന്നെ അവർ മുന്നോട്ടു വെക്കുന്നില്ല. ജാതി വ്യവസ്ഥ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംഘടന എന്ന നിലയിൽ അസമമായ സാമൂഹ്യവിഭജനങ്ങൾ അതേപടി തുടരണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സാമൂഹ്യ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയത്തെ അവർ ഉപയോഗപ്പെടുത്തുകയും അതുവഴി ചില വിഭാഗങ്ങളെ സ്വന്തം പക്ഷത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നത്. ദളിതർക്കിടയിൽ മാലാ‐ മഡിഗാ വിഭാഗങ്ങളെയും ഗോത്രവിഭാഗങ്ങൾക്കിടയിൽ കോയ ‐ ലംബാഡ വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.

അതുപോലെ അവർ കൃത്രിമ ചരിത്രനിർമിതിയും നടത്തും. മഹത്തായ ഒരു ചരിത്ര പാരമ്പര്യത്തിന്റെ ഉടമകളാണ് ദളിതരും ആദിവാസികളും എന്ന് വരുത്തലാണ് ഈ വ്യാജ ചരിത്രനിർമ്മിതി കൊണ്ട് ഉദ്ദേശിക്കുന്നത്. വേഷപ്രച്ഛന്നരായ ക്ഷത്രിയരാണ് ദളിതർ എന്നു പറയുന്ന ചരിത്ര ഗ്രന്ഥങ്ങൾ വരെ ആർഎസ്എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദളിതരുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണം മുസ്ലീങ്ങളാണെന്ന് വരുത്തിത്തീർക്കുകയും അതുവഴി ദളിതരിൽ മുസ്ലിം വിരോധം ആളിക്കത്തിക്കുകയുമാണ് അവരുടെ ലക്ഷ്യം. ദളിതർ മുസ്ലിം അധിനിവേശത്തിനെതിരെ ശക്തമായി പോരാടിയവരാണെന്നും മുസ്ലിങ്ങൾ അവരെ കീഴ്പ്പെടുത്തി അടിമകളാക്കി മാറ്റിയതാണെന്നുമാണ് ആർ എസ് എസ് നിർമ്മിത ചരിത്രം പറയുന്നത്. ഇത്തരത്തിലുള്ള കഥകളിലൂടെ ക്രൂരവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയുടെയും ത്രൈവർണകാധിപത്യത്തിന്റെയും പങ്ക് മറച്ചുവെക്കാനും ദളിതരെ മുസ്ലീങ്ങൾക്കെതിരായി തിരിച്ചുവിടാനുമാണ് ആർഎസ്എസ് ഉദ്ദേശിക്കുന്നത്.

രാഷ്ട്രീയ വികാസത്തിനായി മുന്നണി രാഷ്ട്രീയം
പ്രാദേശിക പാർട്ടികളും മറ്റുമായി തിരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കുന്നതിലൂടെ അവരുടെ ബഹുജന സ്വാധീനത്തിനുള്ളിലേക്ക് കടന്നുകയറാനും അതുവഴി പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനും പ്രമുഖ വ്യക്തികളുമായി വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സംഘത്തിന്റെ മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കുന്നതിനും അതുവഴി സംഘടന വിപുലീകരിക്കുന്നതിനും ആർഎസ്എസ് ശ്രമിക്കുന്നു.

നുഴഞ്ഞുകയറ്റം
മാധ്യമങ്ങൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, ഭരണരംഗം, സൈന്യം എന്നിങ്ങനെ പൊതു ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ആർ എസ് എസ് പ്രവർത്തകർ നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ട്. ബ്രാഹ്മണ മേധാവിത്വം മുമ്പ് സമസ്ത മേഖലകളിലും ആധിപത്യം നേടിയിരുന്നതിനെ പിന്തുടരുകയാണിന്ന് ആർ എസ് എസ് ചെയ്യുന്നത്. സർക്കാരിൽ പങ്കാളിയാവുന്നതിന് എപ്പോഴെങ്കിലും അവസരം കിട്ടിയാൽ അപ്പോഴൊക്കെ നിർണായക സ്ഥാനങ്ങളിൽ സ്വയം സേവകരെ പ്രതിഷ്ഠിക്കാൻ ആർ എസ് എസ് പരിശ്രമിക്കാറുണ്ട്.

ഭരണകൂടത്തെ ഉപയോഗിക്കൽ
സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാരം കിട്ടിയാൽ അത് സ്വന്തം സംഘടനയുടെയും അനുബന്ധ സംഘടനകളുടെയും വളർച്ചക്കായി ഉപയോഗിക്കാൻ ആർ എസ് എസ് ശ്രമിക്കും.

മഹാന്മാരായ നേതാക്കളെ 
സ്വന്തമാക്കൽ
ബാലഗംഗാധരതിലകൻ, ഗാന്ധിജി, പട്ടേൽ, അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി ഹിന്ദുത്വവാദത്തെ എതിർത്തിരുന്ന മഹാന്മാരായ സ്വാതന്ത്ര്യസമര പോരാളികളെ തട്ടിയെടുത്ത് സ്വന്തമാക്കാൻ വലിയ ശ്രമമാണിന്ന് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവഴി ഹിന്ദു ദേശീയത വളർത്താനാണ് അവരുടെ ശ്രമം. ഒപ്പം ജവഹർലാൽ നെഹ്റുവിനെ ഒറ്റപ്പെടുത്തി മാറ്റിനിർത്തുകയും ഹിന്ദുരാഷ്ട്രത്തിന് സംഭവിച്ച എല്ലാ ദോഷങ്ങൾക്കും ഉത്തരവാദിയായ വില്ലൻ അദ്ദേഹമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ മഹാനായ ദേശസ്നേഹിയും സ്വാതന്ത്ര്യ സമരപ്പോരാളിയുമായി അവതരിപ്പിക്കുകയും ചെയ്യും. ഇന്ത്യ അനാദികാലം മുതൽ നിലനില്ക്കുന്ന ഒരു രാജ്യമാണെന്നാണ് ആർഎസ്എസിന്റെ വാദം എന്നതിനാൽ ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാൻ അവർ തയ്യാറാവില്ല. എന്നാൽ പേരിന് ഗാന്ധിജയന്തി ആചരിക്കുകയും ചെയ്യും.

ഹിന്ദു മതത്തെ എതിർത്ത് ബുദ്ധമതം സ്ഥാപിച്ച ബുദ്ധനേയും സിഖുമതം സ്ഥാപിച്ച ഗുരുനാനാക്കിനേയും ജൈനമതം സ്ഥാപിച്ച മഹാവീരനേയും കബീറിനേയും വിവേകാനന്ദനേയും ടാഗോറിനെയുമൊക്കെ ഹിന്ദു മതം സംഭാവന ചെയ്ത മഹാപുരുഷന്മാരായി വാഴ്ത്തുകയും ചെയ്യും.

ചരിത്രപ്രാധാന്യമുള്ള നിരവധി ദിനങ്ങളെ മാറ്റിയെഴുതാൻ ബി ജെ പി ഗവൺമെന്റ് തയ്യാറായിട്ടുണ്ട്. ഡിസംബർ 25 ഇപ്പോൾ ക്രിസ്തുമസ് അല്ല സദ്ഭരണദിനമായി മാറിയിരിക്കുന്നു. ഒക്ടോബർ 31 ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായിരുന്നെങ്കിൽ ഇന്നത് പട്ടേലിന്റെ ജന്മദിനവും ഒപ്പം ദേശീയ ഐക്യ ദിനവുമായി മാറിയിരിക്കുന്നു.ഒക്ടോബർ 2 ഇപ്പോഴും ഗാന്ധിജയന്തി ദിനമായി ആചരിക്കുന്നുണ്ട്. എന്നാൽ ഗാന്ധിജിയോ ഗാന്ധിജിയുടെ സന്ദേശങ്ങളോ ചർച്ചയാവാറില്ല. ശുചിത്വ ദിനം മാത്രമായി അതിനെ മാറ്റിയിരിക്കുന്നു. അഹിംസയോ മതസൗഹാർദ്ദമോ പരാമർശവിഷയമാകാറില്ല. അംബേദ്കർ ജാതിനിർമ്മൂലനത്തിന് വേണ്ടി നിലകൊണ്ട മഹാനാണ്. എന്നാൽ അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 14 ഇപ്പോൾ ആചരിക്കുന്നത് സമരസതാദിനമായിട്ടാണ്. ജാതി സൗഹാർദ്ദമാണ് ജാതി നിർമ്മൂലനമല്ല ചർച്ചാ വിഷയം. ജാതിവ്യവസ്ഥ സംബന്ധിച്ച ആർ എസ് എസ് നിലപാടാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.

സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
ജനങ്ങളിൽ വർഗീയമായ ചിന്താഗതി വളർത്തുന്നതിന് അവരുമായി ബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആർഎസ്എസ് സാംസ്കാരികവും സാമൂഹ്യവുമായ സേവന പ്രവർത്തനങ്ങൾ വലിയതോതിൽ നടത്തുന്നു. സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിൽ ആയിരക്കണക്കായ സേവന പദ്ധതികൾ നടത്തിവരുന്നതായാണ് അവർ അവകാശപ്പെടുന്നത്. ഇത്തരം പദ്ധതികൾക്ക് പുറമേ സ്വയംസേവകർ വ്യക്തിപരമായും കൂട്ടായ്മയായും സമൂഹത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നു.1950 മുതലാണ് ആർഎസ്എസ് ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന തന്ത്രം ആവിഷ്കരിച്ച് നടപ്പിലാക്കാൻ തുടങ്ങിയത്. 1980 കളോടെ ഇത് അക്രമോത്സുകമാംവിധം ശക്തിപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദി സംസ്ഥാനങ്ങളിൽ ദുർബല ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഗവൺമെന്റിനുണ്ടായ പോരായ്മ മുതലെടുത്താണ് ഈ പ്രവർത്തനം ആർഎസ്എസ് തുടങ്ങിവച്ചതെങ്കി എങ്കിൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ ഈ മേഖലകളുടെ വ്യാപാരവൽക്കരണവും സ്വകാര്യവൽക്കരണവും രാജ്യമെമ്പാടും ശക്തിപ്പെടുകയും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുളവാക്കുകയും ചെയ്തു. ഈ മേഖലകളിൽ ഇടപെട്ടുകൊണ്ട് സാമൂഹ്യ സേവന പദ്ധതികളിലൂടെ ആർഎസ്എസിന് ചേരിനിവാസികളും ഗോത്ര ജനവിഭാഗങ്ങളുമടക്കമുള്ള ദരിദ്രരുമായി ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഇതുവഴി അവർ സംഘപ്രവർത്തനത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ദുരന്തം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും മറ്റു ദുരിതങ്ങൾ അനുഭവിക്കുന്നവർക്കും ആശ്വാസം എത്തിക്കുന്നതിനുവേണ്ടി അവർ പ്രവർത്തിക്കാറുണ്ട്. ഇതിനൊക്കെ സമ്പന്ന ജനവിഭാഗങ്ങളിൽ നിന്ന് പണവും മറ്റു ഭൗതിക വസ്തുക്കളും ലഭിക്കാറുമുണ്ട്.

(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 7 =

Most Popular