Tuesday, March 19, 2024

ad

Homeവിശകലനംഎ രാജയ്ക്ക് അയോഗ്യത : നീതിയെ ശീർഷാസനത്തിൽ കെട്ടിത്തൂക്കുന്ന വ്യാഖ്യാനങ്ങൾ

എ രാജയ്ക്ക് അയോഗ്യത : നീതിയെ ശീർഷാസനത്തിൽ കെട്ടിത്തൂക്കുന്ന വ്യാഖ്യാനങ്ങൾ

കെ. ജി. ബിജു

മൂന്നാറിലെ തോട്ടം മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കുന്നതാണ് ദേവികുളം തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി. എ രാജ എംഎൽഎയുടെ ജാതിസർട്ടിഫിക്കറ്റ് റദ്ദാക്കാൻ കോടതി മുന്നോട്ടു വെയ്ക്കുന്ന വ്യാഖ്യാനങ്ങൾ മൂന്നാറിലെ കുടിയേറ്റ ജനതയുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എ. രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് മാധ്യമങ്ങൾ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ആ സർട്ടിഫിക്കറ്റ് വ്യാജമെന്നല്ല കോടതി പറഞ്ഞത്. അങ്ങനെയൊരു സർട്ടിഫിക്കറ്റിന് രാജയ്ക്ക് അർഹതയില്ലെന്നാണ്. കാരണമോ, 1950 നു മുമ്പ് കുടിയേറിയിട്ടും സ്വന്തമായി ഭൂമിയും വിലാസവുമൊന്നുമുണ്ടാക്കാൻ രാജയുടെ പൂർവപിതാക്കൾക്ക് കഴിഞ്ഞില്ല എന്നതും. ഈ അയോഗ്യത മൂന്നാറിൽ പതിനായിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങൾക്ക് ബാധകമായാലുണ്ടാകുന്ന ഭവിഷ്യത്ത് മാധ്യമങ്ങളോ യുഡിഎഫോ വേണ്ടവിധം മനസിലാക്കിയിട്ടില്ല.
ഈ വിധിയൊരു വ്യവസ്ഥയായാൽ മൂന്നാറിലെ പതിനായിരക്കണക്കിന് മനുഷ്യർക്കും അവരുടെ അനന്തര തലമുറകൾക്കും മേലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നതു പോകട്ടെ, വിദ്യാഭ്യാസത്തിനോ തൊഴിലിനോ ഒന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഒരു ജനതയ്ക്ക് ഭരണഘടന ഉറപ്പു നൽകിയ അവകാശങ്ങളപ്പാടെ നിഷ്കരുണം റദ്ദാക്കപ്പെടും എന്നതാണ് ഈ വിധിയിലെ ഭീഷണി. കേവലം സിപിഐ എമ്മിന്റെ ഒരു എംഎൽഎയുടെ തിരഞ്ഞെടുപ്പു റദ്ദാക്കലായി കോടതി വിധിയെ ആഘോഷിച്ച മാധ്യമങ്ങൾക്ക് വിധിയിലെ അനീതിയെ സ്പർശിക്കാൻ കഴിയാത്തതിൽ അത്ഭുതമില്ല. സിപിഐ എം വിരുദ്ധ ഉന്മാദത്തിന് അവർ കൊടുക്കേണ്ടി വരുന്ന വിലയാണത്.

രാജയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമോ? 
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹിന്ദു പറയൻ സമുദായാംഗമാണ് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് എ. രാജ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ചത്. സർട്ടിഫിക്കറ്റ് നൽകിയത് ദേവികുളം തഹസീൽദാർ. അതൊരു വ്യാജസർട്ടിഫിക്കറ്റല്ല; ഉത്തരാദിത്തപ്പെട്ട സർക്കാർ സംവിധാനം നിയമപരമായ നടപടിക്രമങ്ങളിലൂടെ അന്വേഷിച്ചു ബോധ്യപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റു തന്നെയാണ്.

24-–5-–1990ന് കുണ്ടള എ എൽപിഎസിൽ ഒന്നാം ക്ലാസിൽ ചേർന്ന എ രാജയുടെ അഡ്മിഷൻ രജിസ്റ്ററിൽ ഹിന്ദു പറയൻ എന്നാണ് ജാതി രേഖപ്പെടുത്തിയിരിക്കുന്നത്. 2000 മാർച്ചിൽ മേപ്പാടി ഗവ. സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായ രാജയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജാതിയും അതു തന്നെ. ഇവയിലടക്കം ഹിന്ദുപറയൻ എന്നാണ്. ആന്റണി ഈശ്വരി ദമ്പതികളുടെ മകനായി 1984 ൽ ജനിച്ച രാജയുടെ കൈവശമുള്ള എല്ലാ ഔദ്യോഗിക രേഖകളിലും അദ്ദേഹത്തിന്റെ ജാതി ഹിന്ദു പറയൻ എന്നു തന്നെയാണ്. അതിനാൽ എ. രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന ആക്ഷേപം അർഹിക്കുന്ന അവജ്ഞയോടെ തള്ളാം.

ഈ രേഖകളൊക്കെയുണ്ടെങ്കിലും രാജയ്ക്ക് പട്ടികജാതി സമുദായാംഗത്തിന്റെ പരിഗണനകൾ അവകാശപ്പെടാൻ കഴിയില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അതിന് പറഞ്ഞത് രണ്ടു കാരണങ്ങൾ. ഒന്ന്) തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ രാജയുടെ മുൻഗാമികൾ 1950നു മുമ്പ് സ്വന്തം സ്വത്തു വകകൾ ആർജിച്ചില്ല. ആയതിനാൽ അവർക്ക് കേരളത്തിൽ പട്ടികജാതിക്കാരുടെ അവകാശങ്ങൾക്ക് അർഹതയില്ല. രണ്ട്), രാജ പരിവർത്തിത ക്രിസ്ത്യാനിയാണ്. അതിനാലും പട്ടികജാതിക്കാരനെന്ന നിലയിലുള്ള അവകാശങ്ങൾക്ക് അർഹതയില്ല.

ഈ വിധിയെഴുത്തിന്റെ സാധുതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. രാജയുടെ പൂർവപിതാക്കൾ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് കുടിയേറിയവരാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അവിടെയും അവർ ഹിന്ദു പറയ സമുദായത്തിൽപ്പെട്ടവർ തന്നെ ആയിരുന്നു. ആ കുടിയേറ്റം 1950നു മുമ്പ് ആയിരുന്നു എന്ന് തെളിയിക്കുന്ന രേഖകളുമുണ്ട്. ഒരു സംസ്ഥാനത്ത് പട്ടികജാതിയായി പ്രഖ്യാപിക്കപ്പെട്ട സമുദായത്തിലുള്ളവർ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കുടിയേറുമ്പോൾ, അവർക്കും അവരുടെ പിൻതലമുറകൾക്കും കുടിയേറിയ സംസ്ഥാനത്ത് പട്ടികജാതി പരിഗണനയും അവകാശവും ലഭിക്കണമെങ്കിൽ അതിന് വ്യവസ്ഥകളുണ്ട്. ഒന്ന്) പട്ടികജാതിക്കാരാണെങ്കിൽ 1950 ആഗസ്റ്റ് 10ന് മുമ്പ് കുടിയേറിയിരിക്കണം; പട്ടിക വർഗക്കാരാണെങ്കിൽ 1950 സെപ്തംബർ ആറിന് മുമ്പ് കുടിയേറിയിരിക്കണം. രണ്ട്) കുടിയേറുന്ന സംസ്ഥാനത്തും ആ ജാതി പട്ടിക വിഭാഗമായിരിക്കണം.

ഈ രണ്ടു വ്യവസ്ഥകളും രാജയുടെ പൂർവപിതാക്കളെ സംബന്ധിച്ച് സാധുവാണ്. ഹിന്ദു പറയ വിഭാഗത്തിന് തമിഴ്നാട്ടിലും കേരളത്തിലും പട്ടികജാതി പദവിയുണ്ട്. രാജയുടെ മുൻതലമുറയിലെ ലക്ഷ്മണൻ– പുഷ്പം ദമ്പതികൾ കേരളത്തിൽ ജീവിതം തുടങ്ങിയത് നാൽപതുകളിൽ. രാജയുടെ മുത്തശ്ശി പുഷ്പം കണ്ണൻദേവൻ പ്ലാന്റേഷനിൽ 279-ാം നമ്പർ തൊഴിലാളിയായിരുന്നു. കമ്പനി രേഖ പ്രകാരം അവർ തൊഴിലെടുത്തു തുടങ്ങിയത് 21–-2-–1949 മുതൽ. ഇവരുടെ മകനായി രാജയുടെ പിതാവ് ആന്റണി ജനിച്ചത് കേരളത്തിൽ.  1952 നവംബർ 25ന്. പ്രസവം നടന്നത് മൂന്നാറിൽ. ജനനം രജിസ്റ്റർ ചെയ്തത് മൂന്നാർ ഗ്രാമപഞ്ചായത്തിൽ. 1963ൽ തന്റെ പതിനൊന്നാം വയസിൽ ആന്റണി, തേയിലത്തോട്ടത്തിൽ തൊഴിലാളിയുമായി. രാജയുടെ മാതാവ് ഈശ്വരി തേയിലത്തോട്ടത്തിൽ പണിയെടുത്തു തുടങ്ങിയത് 2-–3-–1966ൽ. ഇതൊക്കെ തെളിയിക്കുന്ന രേഖകൾ രാജ കോടതിയിൽ ഹാജരാക്കി.

രാജയുടെ മുൻഗാമികളുടെ കുടിയേറ്റം 1950ലെ ഉത്തരവിന് മുമ്പാണെന്ന് ഈ രേഖകൾ സംശയാതീതമായി തെളിയിക്കുന്നു. നാൽപതുകളുടെ ഒടുവിൽ ആ കുടുംബം കേരളത്തിലെത്തി, തൊഴിലെടുത്ത് ഉപജീവനമാരംഭിച്ചിരുന്നു. അവരുടെ കുട്ടികൾ പിറന്നത് കേരളത്തിൽ. മുതിർന്നപ്പോൾ അവരും തൊഴിലെടുത്തത് കേരളത്തിൽ. അവരുടെ കുട്ടികളും പിറന്നതും വളർന്നതും ജീവിക്കുന്നതും കേരളത്തിൽ. ഇവരുടേത് താൽക്കാലിക കുടിയേറ്റമല്ലെന്നും സ്ഥിരമായ കുടിയേറ്റമാണെന്നും തെളിയിക്കാൻ ഈ വസ്തുതകൾ ധാരാളം. തൊഴിലെടുത്തതിനും ശമ്പളം വാങ്ങിയതിനുമുള്ള കമ്പനി രേഖകളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പഞ്ചായത്തിലെ രേഖകളും താലൂക്ക് അധികാരികൾക്ക് ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാണ് ദേവികുളം തഹസീൽദാർ പല തവണകളായി പല ആവശ്യങ്ങൾക്ക് ഹിന്ദു പറയ സമുദായാംഗമെന്ന സർട്ടിഫിക്കറ്റ് രാജയ്ക്ക് നൽകിയത്. രാജയ്ക്കു മാത്രമല്ല, ഇതിനോടകം പതിനായിരങ്ങൾക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുമുണ്ട്.

കോടതിയുടെ പുതിയ വ്യാഖ്യാനം
രേഖകളും വസ്തുതകളും രാജയ്ക്ക് അനുകൂലമാണെങ്കിലും ഇത്തരം കുടിയേറ്റക്കാർക്ക് പട്ടികജാതി അവകാശം നൽകുന്ന കാര്യത്തിൽ കോടതി ഒരു പുതിയ വ്യാഖ്യാനം കൊണ്ടുവന്നു. നാളിതുവരെ ഒരു കോടതിവ്യവഹാരത്തിലും ഇടംപിടിക്കാത്ത, ഒരു നിയമജ്ഞനും സ്വപ്നം കാണാത്ത വ്യാഖ്യാനം. അതുപ്രകാരം, കുടിയേറ്റം 1950ന് മുമ്പ് സംഭവിച്ചാൽപ്പോര. അക്കാലത്തു തന്നെ സ്ഥാവര ജംഗമവസ്തുക്കൾ സ്വന്തമാക്കുകയും വേണമത്രേ. 1949ൽ കണ്ണൻദേവൻ തേയിലത്തോട്ടത്തിൽ ജോലി ചെയ്തെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ കുടുംബമായി കേരളത്തിൽ താമസിക്കുകയും കുട്ടികളും പേരക്കുട്ടികളും ഉണ്ടാവുകയും ചെയ്തിട്ടും, പുഷ്പം – ലക്ഷ്മണൻ ദമ്പതികളുടെ അനന്തരാവകാശികൾ പട്ടയത്തിന് അപേക്ഷ നൽകിയത് 1970ൽ. അതുകൊണ്ട് 1950 മുമ്പ് കുടിയേറി എന്ന് അംഗീകരിക്കാനാവില്ലപോലും.

കോടതിവിധിയിൽ ഇങ്ങനെ പറയുന്നു. The declaration made by the parents of respondent in Ext.P3 (a) application for assignment of land that it is from the year 1970 onwards, they began to occupy the land, cultivated it and resided therein would be sufficient to show that migration was effected only after the commencement of 1950 Order (പരിഭാഷ: – എതിർകക്ഷിയുടെ മാതാപിതാക്കൾ പട്ടയത്തിന് നൽകിയ അപേക്ഷയിൽ പ്രസ്താവിച്ചിരിക്കുന്നതു പ്രകാരം 1970 മുതലാണ് അവർ ഭൂമി കൈവശപ്പെടുത്താനും കൃഷി ചെയ്യാനും താമസിക്കാനും ആരംഭിച്ചത്. കുടിയേറ്റം ഫലത്തിലായത് 1950ലെ ഉത്തരവിന് ശേഷം മാത്രമാണ് എന്നു കാണിക്കാൻ, ഇതു പര്യാപ്തമാണ്).
വിചിത്രമാണ് ഈ വ്യാഖ്യാനം. അതു കേവലം എ രാജയെ മാത്രം ബാധിക്കുന്നതുമല്ല. കുടിയേറി പണിയെടുത്തതും തലമുറകൾക്ക് ജന്മം നൽകിയതുമൊന്നുമല്ല, ഭൂമിയ്ക്കു മേൽ കൈവശം അവകാശപ്പെടുന്ന തീയതി മുതലാണത്രേ കുടിയേറ്റം ഫലത്തിൽ വരുന്നത്. ഈ വിചിത്ര വാദം സാധൂകരിക്കാൻ എന്തൊക്കെ തത്രപ്പാടുകളാണ് വിധിന്യായത്തിൽ നടത്തിയിരിക്കുന്നത് എന്നു നോക്കൂ. രാജയുടെ മുത്തശ്ശി 1949ൽ എസ്റ്റേറ്റിൽ ജോലി ചെയ്തു എന്ന് തെളിയിക്കുന്ന രേഖയിലും മൂന്നാർ ഗ്രാമപഞ്ചായത്ത് നൽകിയ ആന്റണിയുടെ ജനനസർട്ടിഫിക്കറ്റിലുമൊന്നും ബന്ധപ്പെട്ടവരുടെ വീട്ടുവിലാസമല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കോടതി കണ്ടുപിടിച്ചു. പകരമുള്ളത് കമ്പനിയുടെ വിലാസമാണത്രേ. തൊഴിൽ തേടി കേരളത്തിലെത്തിയവർക്ക് കമ്പനി വക താമസം ലഭ്യമായി. അത്രതന്നെ. അല്ലാതെ കേരളത്തിലേയ്ക്കുള്ള കുടിയേറ്റമായി ഇതൊന്നും പരിഗണിക്കാനാവില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട് വിധിയിൽ.

ഈ ദുർവ്യാഖ്യാനത്തിന്റെ പ്രത്യാഘാതങ്ങൾ മൂന്നാറിലെ മഹാഭൂരിപക്ഷം ജനതയെ തലമുറകളോളം പിന്തുടർന്നു വേട്ടയാടും. നാൽപതുകളിലും അമ്പതുകളിലും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥയെ തരിമ്പെങ്കിലും പരിഗണിക്കുന്ന നീതിബോധത്തിൽ നിന്ന് ഇത്തരം വിധിയെഴുത്തുകൾ ഉണ്ടാവുകയേയില്ല. അടിമകളെക്കാൾ കഷ്ടമായിരുന്നു അന്നത്തെ തൊഴിലാളിയുടെ സ്ഥിതി. മഹാഭൂരിപക്ഷവും തമിഴ്നാട്ടിൽ നിന്ന് വന്നവർ. വന്നതല്ല. മിക്കവരെയും പിടിച്ചുകൊണ്ടു വന്നതാണ്. തൊഴിലാളികളുടെ നിയന്ത്രണം ക്രൂരന്മാരായ കങ്കാണിമാർക്കായിരുന്നു. നാലോ അഞ്ചോ കുടുംബങ്ങളെ ഒരു ലയത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. വീടു തുറക്കുന്നതും അടയ്ക്കുന്നതും കങ്കാണി. അയാൾ തീരുമാനിക്കുന്ന സമയത്താണ് തൊഴിലാളികൾ ലയത്തിനു  പുറത്തിറങ്ങേണ്ടത്. അകത്തു കയറേണ്ട സമയവും കങ്കാണി കൽപ്പിക്കും.  പന്ത്രണ്ടു മണിക്കൂറാണ്  ജോലി സമയം. ഒരു ദിവസത്തെ കൂലി കിട്ടണമെങ്കിൽ രണ്ടു ദിവസം പണിയെടുക്കണം. ആറു മാസം കൂടുമ്പോൾ കണക്കു തീർത്താലായി. അതുവരെ അരയണയോ ഒരണയോ ചെലവുകാശു കിട്ടും. അതുകൊണ്ടുവേണം ജീവിക്കാൻ. ഈ സാഹചര്യത്തിൽ ജീവിച്ചവരോടാണ് എന്തുകൊണ്ട് കുടിയേറിയ ഉടനെ സ്വന്തം ഭൂമി കൈവശപ്പെടുത്താൻ ശ്രമിച്ചില്ലെന്ന കണ്ണിൽ ചോരയില്ലാത്ത ചോദ്യം ചോദിക്കുന്നത്. അങ്ങനെ കൈവശപ്പെടുത്തിയില്ലെങ്കിൽ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങൾ നിഷേധിക്കാൻ മടിക്കില്ലെന്ന ധാർഷ്ട്യമാണ് ഇതിനുപിന്നിൽ.

1952ൽ കണ്ണൻദേവൻ കമ്പനിയിൽ ആദ്യത്തെ ബോണസ് സമരം. 1958ൽ ഒക്ടോബറില്‍ രണ്ടു തൊഴിലാളികള്‍ രക്തസാക്ഷികളായ തൊഴില്‍ സമരം. മിനിമം വേജസ് എന്ന ആവശ്യം ഉന്നയിച്ച് 19 ദിവസത്തെ പണിമുടക്ക് 1968 നവംബറില്‍. 1974ൽ വീണ്ടും സമരം. അത്യന്തം ദുരിതപൂർണമായ ഈ സമരചരിത്രത്തിലൂടെയാണ് മൂന്നാറിലെ കുടിയേറ്റക്കാരും അല്ലാത്തവരുമായ തൊഴിലാളികളുടെ ജീവിതസഞ്ചാരം. ആ ജീവിതയാത്രയെ തികഞ്ഞ പുച്ഛത്തോടും അവജ്ഞയോടും കൂടി കാണുന്ന മനോഭാവത്തിനു മാത്രമേ, സ്വന്തമായി ഭൂമി ഉണ്ടെങ്കിലേ, “മൈഗ്രേഷന്റെ എഫക്ടു” വരൂ എന്നു പുച്ഛിക്കാൻ കഴിയൂ.

മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഇങ്ങനെ കുടിയേറി വന്നവരുടെ പിൻഗാമികളാണ്. പഠനത്തിനും തൊഴിലിനുമൊക്കെയായി അവർക്ക് ജാതിസർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോഴൊക്കെ ബ്യൂറോക്രസിയുടെ ചുവപ്പുനാട ആവും മട്ടിൽ വലിച്ചു മുറുക്കിയിരുന്നു. അതൊരു വലിയ രാഷ്ട്രീയ പ്രശ്നമായി വളർന്നപ്പോൾ 1986ൽ കേരള സർക്കാർ ഒരു നിർദ്ദേശം പുറപ്പെടുവിച്ചു. 1950ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകുമ്പോൾ അപേക്ഷകരുടെ permanent abode അഥവാ സ്ഥിരവാസം പരിഗണിക്കണം. permanent abode എന്നാണ് ഉത്തരവിലെ പ്രയോഗം എന്ന് പ്രത്യേകം ശ്രദ്ധിക്കണം. permanent address എന്നായിരുന്നില്ല. നീതിയുടെ പക്ഷത്തു നിന്നാണ് കേരള സർക്കാർ ആ ഉത്തരവ് പുറത്തിറക്കിയത്. 1950ലെ ഭരണഘടനാ ഉത്തരവിന്റെ അന്തഃസത്തയും മൂന്നാറിലെ സവിശേഷസാഹചര്യവും പൂർണമായും ഉൾക്കൊണ്ടാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. നിർഭാഗ്യവശാൽ, ഈ ഉത്തരവിന് നിയമസാധുതയില്ലെന്നു കൂടി കോടതി വിധിച്ചുവെച്ചിട്ടുണ്ട്.

ദേവികുളത്ത് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മനോനില ഊഹിക്കാവുന്നതേയുള്ളൂ. ജയിക്കാൻ ഏതു വഴിയും സ്വീകരിക്കുന്നതും മനസിലാക്കാം. പക്ഷേ, തിരഞ്ഞെടുപ്പു ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദങ്ങളോടും ഹൈക്കോടതിവിധിയിലെ വ്യാഖ്യാനങ്ങളോടു കോൺഗ്രസിന് യുഡിഎഫിനുമുള്ള നിലപാടു വ്യക്തമാക്കേണ്ടതുണ്ട്. 1950ന് മുമ്പ് ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാർക്ക്, സംവരണാനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ കോൺഗ്രസിനും യുഡിഎഫിനും ധൈര്യമുണ്ടോ? തോട്ടം മേഖലയിലെ തമിഴ് കുടിയേറ്റം യാഥാർത്ഥ്യമാണ്. ആ കുടിയേറ്റക്കാർക്ക് 1950ൽ ഇന്ത്യയുടെ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവു പ്രകാരമുള്ള അവകാശങ്ങൾ ലഭ്യമാവുക തന്നെ വേണം എന്ന നിലപാട് കോൺഗ്രസിനും യുഡിഎഫിനുമുണ്ടോയെന്ന് മൂന്നാറിലെ ജനത ഉറക്കെയുറക്കെ ചോദിക്കും. ആ ചോദ്യത്തോടാണ് വി ഡി സതീശനും കൂട്ടരും
പ്രതികരിക്കേണ്ടത്.

കോട്ടിട്ടോ, എങ്കിൽ രാജ ക്രിസ്ത്യാനി തന്നെ 
എ. രാജയെ പരിവർത്തിത ക്രിസ്ത്യാനിയാക്കിയേ തീരൂ എന്ന വ്യഗ്രതയാണ് വിധിയിൽ. അതിന് സാമാന്യനീതിയുടെ സകല അതിരുകളും ലംഘിച്ചിട്ടുമുണ്ട്. വാദി സമർപ്പിച്ച രേഖകൾ മാത്രം പരിഗണിക്കുക, വസ്തുതകൾ അവഗണിക്കുക, എതിർകക്ഷിയുടെ വാദങ്ങളും മറുപടിയും പൂർണമായും തമസ്കരിക്കുക തുടങ്ങി അനീതിയുടെ ആധിപത്യം സ്ഥാപിക്കപ്പെട്ട വിധിയാണ് രാജയ്ക്കെതിരെ ഉണ്ടായത്.

രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹം ക്രിസ്തീയ ആചാരപ്രകാരമായിരുന്നു എന്നാണ് കണ്ടെത്തൽ. വധൂവരന്മാരുടെ വേഷഭൂഷാദികൾ, ചടങ്ങിൽ പുരോഹിതന്റെ സാന്നിധ്യം, വരന്റെ നെറുകയിൽ അദ്ദേഹത്തിന്റെ മാതാവ് വിശുദ്ധ കുരിശു വരച്ചത് തുടങ്ങി ആഴമേറിയ പരിശോധനകൾ പലതും നടത്തിയെന്ന് തോന്നിപ്പിക്കുംവിധം “സമഗ്ര”മാണ് വിധി. പക്ഷേ, വസ്തുതയോ?

രാജ ഉന്നയിച്ചതും തമസ്കരിക്കപ്പെട്ടതുമായ വാദങ്ങൾ നോക്കാം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു രാജയും ഷൈനിപ്രിയയും വിവാഹിതരായത്. വിവാഹം നടന്നത് 2014 ഏപ്രിൽ 21ന് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹം നടക്കേണ്ടത് പള്ളിയിലാണ്. രജിസ്ട്രാർ ഓഫീസിലല്ല. വിവാഹ സർട്ടിഫിക്കറ്റും മറ്റു രേഖകളും രാജ കോടതിയിൽ ഹാജരാക്കി. പക്ഷേ, അതു കണക്കിലെടുക്കപ്പെട്ടില്ല.

ഈ വസ്തുതയേക്കാൾ പ്രാധാന്യം രാജയുടെ എതിർസ്ഥാനാർത്ഥി ഹാജരാക്കിയ ഫോട്ടോയ്ക്കു കിട്ടി. ആ ഫോട്ടോ നോക്കിയാണ് രാജയെ ക്രിസ്ത്യാനിയെന്ന് തീരുമാനിക്കപ്പെട്ടത്. അതു സംബന്ധിച്ച വിധിയിലെ നിരീക്ഷണം ഇങ്ങനെ: The dress worn by him at the time of  marriage by wearing an overcoat is yet another indication  regarding the way in which the marriage was conducted. The  dress worn by his wife is also identical as that of a  Christian marriage. The presence of Ebenezer Mani, the  Pastor admitted by him lends further support to the case  advanced by the petitioner. (വിവാഹവേളയിൽ വരൻ ഓവർക്കോട്ടു ധരിച്ചതിൽ നിന്ന് വിവാഹനടത്തിപ്പ് സംബന്ധിച്ച മറ്റൊരു സൂചന വ്യക്തമാകുന്നു. ഭാര്യയുടെ വസ്ത്രവും ക്രിസ്തീയ വിവാഹത്തിൽ ധരിക്കുന്നതിന് സമാനമാണ്. എബനേസർ മണിയെന്ന പാസ്റ്ററുടെ സാന്നിധ്യം അംഗീകരിച്ചതും പരാതിക്കാരൻ മുന്നോട്ടു വെയ്ക്കുന്ന കേസിന് പിന്തുണ നൽകുന്നു).

ഈ ഫോട്ടോ വിവാഹച്ചടങ്ങിന്റേതേയല്ല അല്ല എന്നാണ് എതിർവാദം. വിവാഹസൽക്കാര ചടങ്ങിലെടുത്ത ഫോട്ടോ, വിവാഹച്ചടങ്ങിന്റേത് എന്ന് ചിത്രീകരിച്ചതും, അതിലെ വേഷം നോക്കി ജാതിയും മതവും തീരുമാനിച്ചതുമൊക്കെ നീതിയുടെ പക്ഷത്തു നിന്നുള്ള കോടതി നടപടിയായി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എബനെസേർ മണി സൽക്കാര ചടങ്ങിൽ പങ്കെടുത്തത് ക്ഷണിക്കപ്പെട്ട അതിഥിയായിട്ടാണ്. വിവാഹം നടത്താൻ വന്ന പുരോഹിതനായിട്ടല്ല. ഈ വസ്തുതകളൊന്നും ദുരൂഹമായ കാരണങ്ങളാൽ കോടതി പരിഗണിച്ചിട്ടില്ല.

മാമോദീസാ രജിസ്റ്ററും കൊടിക്കുന്നിൽ സുരേഷിന്റെ കേസും
എ രാജ പരിവർത്തിത ക്രിസ്ത്യാനിയാണെന്നും അതുകൊണ്ട് പട്ടികജാതി വിഭാഗത്തിനുള്ള അവകാശങ്ങൾക്ക് അർഹതയില്ലെന്നുമാണ് കോടതി വിധി. അതു സ്ഥാപിക്കാൻ കുണ്ടള സിഎസ്ഐ പള്ളിയിലെ മാമോദീസാ രജിസ്റ്ററും യെല്ലപ്പട്ടി ഇടവകയിലെ ശവമടക്കു രജിസ്റ്ററുമൊക്കെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കുണ്ടള സിഎസ്ഐ പള്ളിയിലെ മാമോദീസാ രജിസ്റ്റർ പ്രകാരം മാമോദീസ നടന്നത് 1992 മാർച്ച് 22ന്. അന്ന് രാജയ്ക്ക് വയസ് എട്ട്. പള്ളി രജിസ്റ്ററിൽ രാജയുടെ പേര് ബെന്നിസൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എതിർസ്ഥാനാർത്ഥി വാദിക്കുന്നു. ആ വാദം കോടതി സ്വീകരിക്കുകയും ചെയ്തു.

പക്ഷേ, രാജയുടെ സ്കൂൾ രേഖയിലും എസ്എസ്എൽസി സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ കാർഡിലും ആധാർ കാർഡിലുമൊക്കെ അദ്ദേഹത്തിന്റെ പേര് രാജ എന്നു തന്നെയാണ്. ജാതി ഹിന്ദു പറയനും. എന്നുവെച്ചാൽ 1992 നടന്നുവെന്ന് ആരോപിക്കപ്പെടുന്ന മതംമാറ്റം ഔദ്യോഗിക രേഖകളിലൊന്നും പ്രതിഫലിച്ചിട്ടില്ല.

കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പു കേസുമായുള്ള താരതമ്യം ഇവിടെ പ്രസക്തമാണ്.  മാമോദീസാ രജിസ്റ്ററിലും സ്കൂൾ അഡ്മിഷൻ രേഖയിലും ട്രാൻസ്ഫർ സർട്ടിഫിക്കറ്റിലും എസ്എസ്എൽസി സർട്ടിഫിക്കറ്റിലുമൊക്കെ കൊടിക്കുന്നിൽ സുരേഷിന്റെ പേര് പേര് മണിയൻ ജോസഫ് എന്നാണ്. ജാതി ചേരമർ ക്രിസ്ത്യൻ എന്നും.  പക്ഷേ, അന്തിമവിധി പറഞ്ഞപ്പോൾ സുപ്രിംകോടതി കണക്കിലെടുത്തത് ഈ രേഖകളല്ല. മുതിർന്നപ്പോൾ താനേത് സമുദായാംഗമാണ് എന്ന കാര്യത്തിൽ സുരേഷെടുത്ത നിലപാടുകളെയാണ്, അദ്ദേഹത്തിന്റെ ജാതി കണക്കാക്കാൻ സുപ്രിംകോടതി ആധാരമാക്കിയത്.

1978ൽ J. സുരേഷ് എന്ന് ഗസറ്റിൽ വരുത്തിയ പേരുമാറ്റം, ഹിന്ദു ചേരമർ സമുദായത്തിൽ ചേർന്നതിന് കേരള ഹിന്ദു മിഷനും പുലയ മഹാസഭയും നൽകിയ സർട്ടിഫിക്കറ്റുകൾ, ഹിന്ദു പുലയ സമുദായാംഗമായ ബിന്ദുവിനെ വിവാഹം ചെയ്ത സാഹചര്യം എന്നിവയൊക്കെ പിറന്ന ജാതിയിൽ തുടരാനുള്ള സുരേഷിന്റെ ഇച്ഛയായി സുപ്രിംകോടതി പരിഗണിച്ചു. സുരേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതിവിധി സുപ്രിംകോടതി ചെലവു സഹിതമാണ് അസാധുവാക്കിയത്. പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലു തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ചേരമർ സമുദായത്തിലേയ്ക്കുള്ള സുരേഷിന്റെ മടങ്ങിവരവ് ആ സമുദായാംഗങ്ങൾ അംഗീകരിച്ചതിന്റെ തെളിവായി വിധിന്യായത്തിൽ പ്രാധാന്യത്തോടെ എടുത്തു പറയുകയും ചെയ്തു.

സുരേഷിന്റേയും രാജയുടെയും കേസുകൾ തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. സുരേഷിന്റെ സ്കൂൾ രേഖകളിലെല്ലാം പേരും ജാതിയും വേറെയാണ്. രാജയുടേത് അങ്ങനെയല്ല. സുരേഷിനൊരു പുനർ മതം മാറ്റവും അതിനാവശ്യമായ ശുദ്ധിസർട്ടിഫിക്കറ്റും ഗസറ്റിലെ പേരുമാറ്റവുമെല്ലാം വേണ്ടി വന്നു. രാജയ്ക്ക് അതിന്റെയൊന്നും ആവശ്യം വന്നില്ല. സ്കൂളിൽ ചേർന്ന കാലം മുതൽ ഔദ്യോഗിക രേഖകളിൽ രാജ ഏതു ജാതിയാണോ, അതുതന്നെയാണ് സ്കൂൾ, കോളജ് പഠനകാലത്തും പ്രായപൂർത്തിയായതിനു ശേഷവും രാജയുടെ ജാതി. അവിടെ മതം മാറ്റത്തിന്റെയോ പിറന്ന ജാതിയിലേയ്ക്കുള്ള പുനഃപ്രവേശനത്തിന്റെയോ പ്രശ്നമേ ഉദിക്കുന്നില്ല. അതുകൊണ്ടു തന്നെ ശുദ്ധികർമ്മമോ പാപപരിഹാരക്രിയകളോ ഒന്നും രാജയുടെ കാര്യത്തിൽ പ്രസക്തമേയല്ല. ഔദ്യോഗിക രേഖകളിലുടനീളം ഹിന്ദു പറയൻ സമുദായംഗമായ രാജയുടെ പേര് എട്ടാം വയസിൽ ബെന്നിസൻ എന്ന് പള്ളി രേഖയിൽ ചേർത്തതിനും വിവാഹ സൽക്കാരച്ചടങ്ങിൽ ഓവർ കോട്ടിട്ടതിനുമൊന്നും ഒരു പ്രസക്തിയുമില്ലെന്നു സാരം.

ലംഘിക്കപ്പെട്ട സുപ്രിംകോടതിവിധികൾ
സമാനമായ കേസുകളിൽ സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധികളും നിരീക്ഷണങ്ങളും പൂർണമായും അവഗണിച്ചുകൊണ്ടാണ് രാജയുടെ കേസിലെ വിധിപ്രസ്താവം. പരിവർത്തിതരുടെ മക്കളുടെയും പേരക്കുട്ടികളുടെയും ജാതിയെങ്ങനെ നിശ്ചയിക്കും, അതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെന്ത്, പരിഗണിക്കേണ്ട വസ്തുതകളെന്ത് എന്നീ കാര്യങ്ങളിലൊക്കെ വിശദമായിത്തന്നെ സുപ്രിംകോടതി വ്യക്തത വരുത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ, ആ വിധികളോ, അവയിലെ നിരീക്ഷണങ്ങളോ രാജയുടെ കേസിൽ പരിഗണിക്കപ്പെട്ടിട്ടില്ല. ആ വിധികൾ പരിഗണിക്കാതെ തള്ളിയതിന്റെ നാനാർത്ഥങ്ങൾ നിയമവിദഗ്ധർ ചിന്തിക്കട്ടെ.

തമിഴ്നാട്ടിലെ രാസിപുരം സംവരണ മണ്ഡലത്തിലെ 1980ലെ തിരഞ്ഞെടുപ്പ് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദങ്ങളും സുപ്രിംകോടതി പുറപ്പടുവിച്ച വിധിയും ഈ കേസിലും പ്രസക്തമാണ്. അന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥി ബി ദേവരാജൻ. തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് എതിർസ്ഥാനാർത്ഥി അൻപഴകൻ. ദേവരാജൻ പട്ടികജാതിക്കാരനല്ല എന്നായിരുന്നു എതിർസ്ഥാനാർത്ഥിയുടെ വാദം. ദേവരാജന്റെ മാതാപിതാക്കളും സഹോദരങ്ങളും ക്രിസ്ത്യാനികളാണെന്നും ദേവരാജൻ ജനിച്ചത് ക്രിസ്ത്യാനിയായിട്ടാണെന്നും അൻപഴകൻ വാദിച്ചു. തെളിവായി ദേവരാജന്റെ മാമോദീസാ സർട്ടിഫിക്കറ്റും ഹാജരാക്കി.

പക്ഷേ, ഇലക്ഷൻ ട്രിബ്യൂണലും സുപ്രിംകോടതിയും ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. സുപ്രിംകോടതിയുടെ അന്തിമവിധിന്യായത്തിന്റെ അവസാന ഖണ്ഡികയിൽ ഇങ്ങനെയൊരു വാചകമുണ്ട്. There is not a scrap of acceptable evidence to show that he ever professed Christianity after he came of age (പ്രായപൂർത്തിയായതിനു ശേഷം (ദേവരാജൻ) ക്രിസ്തീയവിശ്വാസമനുസരിച്ച് ജീവിച്ചു എന്നു സ്ഥാപിക്കാൻ തെളിവിന്റെ ഒരു തുണ്ടുപോലുമില്ല).

മതപരിവർത്തനം നടത്തിയവരുടെ പിൻഗാമികൾ പഴയ സമുദായത്തിലേയ്ക്ക് മടങ്ങാൻ താൽപര്യപ്പെടുന്നത് യാഥാർത്ഥ്യമാണ്. അങ്ങനെ മടങ്ങാൻ അവർക്കു താൽപര്യമുണ്ടെങ്കിൽ, ആ മാറ്റത്തിന് നിയമസാധുതയുമുണ്ട്. ഒട്ടേറെ കേസുകളിൽ ആ സാധുത പരമോന്നത കോടതി അംഗീകരിച്ചിട്ടുമുണ്ട്. രാജയുടെ മാതാപിതാക്കളോ പൂർവപിതാക്കളോ ഏതെങ്കിലും ഘട്ടത്തിൽ മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിലും, അവരുപേക്ഷിച്ച ജാതിയിലേയ്ക്കും മതത്തിലേയ്ക്കും മടങ്ങാൻ രാജയ്ക്ക് ഒരു തടസവുമില്ല. പക്ഷേ, ഇവിടെ ചോദ്യം അതുമല്ല. രാജ ഏതെങ്കിലും ഘട്ടത്തിൽ ക്രിസ്തീയ മത വിശ്വാസമനുസരിച്ച് ജീവിച്ചതിന് തെളിവുണ്ടോ എന്നാണ്. അൻപഴകനും ദേവരാജനും തമ്മിലുള്ള കേസിൽ സുപ്രിംകോടതി പരിശോധിച്ച അതേ കാര്യം.

തെക്കേ ഇന്ത്യയിലെ പട്ടികവിഭാഗങ്ങളിൽപ്പെട്ട സമൂഹങ്ങളിലും സമുദായങ്ങളിലും നിലനിൽക്കുന്ന സവിശേഷരീതികൾ വിശദമായി പഠിച്ചശേഷം മതം മാറ്റ വിഷയത്തിൽ സുചിന്തിതമായ ഒട്ടേറെ വിധിന്യായങ്ങൾ പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെയൊക്കെ അന്തഃസത്ത ഒറ്റക്കാര്യമാണ്. ചെറിയ പ്രായത്തിലോ മറ്റോ മാമോദീസ മുങ്ങിയതോ മുക്കിയതോ ഒന്നുമല്ല പരിഗണിക്കേണ്ടത്. പ്രായപൂർത്തിയായതിനു ശേഷം, താനേത് ജാതിയിൽ തുടരണമെന്ന് വ്യക്തിയ്ക്ക് തീരുമാനിക്കാം. ആ തീരുമാനം പ്രസ്തുത സമുദായം അംഗീകരിക്കുകയും വേണം. വ്യക്തിയുടെ നിലപാട്, അതിന് സമുദായത്തിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത.

ഒട്ടേറെ സുപ്രിംകോടതി വിധികളിൽ ആവർത്തിക്കുന്ന ഒരു നിരീക്ഷണമുണ്ട്. – a conversion does not necessarily result in extinguishment of caste and notwithstanding conversion, a convert may enjoy the privileges social and political by virtue of his being a member of the community with its acceptance.  പരിവർത്തനം കൊണ്ട് ജാതി പൂർണമായും ഇല്ലാതാകുന്നില്ല, സമുദായത്തിന്റെ അംഗീകാരത്തോടെ പരിവർത്തിതരും പിറന്ന ജാതിയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ മുൻഗണനകൾ അനുഭവിച്ചു വരുന്നുണ്ട്. ഇക്കാര്യത്തിൽ സമുദായത്തിന്റെ അംഗീകാരമാണ് നോക്കേണ്ടത്.

മതപരിവർത്തനവും പുനഃപ്രവേശനവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മൂന്നു ഘടകങ്ങൾ 1954ൽത്തന്നെ സുപ്രിംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവയിങ്ങനെ –  (1) the reactions of the old body, (2) the intentions of the individual himself and (3) the rules of the new order. ഒന്ന്) ജനിച്ചു വളർന്ന ജാതി സമൂഹത്തിന്റെ പ്രതികരണം രണ്ട്, വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ. മൂന്ന്) പുതുതായി സ്വീകരിച്ച ജാതിവ്യവസ്ഥയുടെ ക്രമങ്ങൾ. ഇതു മൂന്നുമാണ് പരിഗണിക്കേണ്ടത്.

The intentions of the individual himself (വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ) എങ്ങനെയാണ് രാജയുടെ കാര്യത്തിൽ വിശകലനം ചെയ്യേണ്ടത്? സ്കൂൾ, കോളജ് കാലത്തെ വിദ്യാഭ്യാസ രേഖകളിലും തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകളിലുമൊക്കെ എ രാജ എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര്. മാമോദീസാ രജിസ്റ്ററിലെ ബെന്നിസൻ എവിടെയുമില്ല. സ്കൂൾ പഠനകാലത്തുടനീളം ആ വിഭാഗത്തിനുള്ള സ്കോളർഷിപ്പ് വാങ്ങിയതും  ഉപരിപഠനകാലത്തെ വിദ്യാഭ്യാസ രേഖകളിലെല്ലാം  ഹിന്ദു പറയൻ എന്നു തന്നെ ജാതി രേഖപ്പെടുത്തിയതും പ്രായപൂർത്തിയായതിനു ശേഷം സ്വന്തമാക്കിയ ഔദ്യോഗിക രേഖകളിലെല്ലാം എ രാജ എന്നു തന്നെ രേഖപ്പെടുത്തിയതും, ഹിന്ദു പറയൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ  വിവാഹം കഴിച്ചതും  കുട്ടികളുടെ വിദ്യാഭ്യാസ രേഖകളിലും ജാതി ഹിന്ദു പറയൻ എന്നു രേഖപ്പെടുത്തിയതുമെല്ലാം The intentions of the individual സംശയാതീതമായി തെളിയിക്കുന്നുണ്ട്.

മറ്റൊന്ന് രാജ അംഗമായ പട്ടികജാതി സമൂഹത്തിന്റെ നിലപാടാണ്. മതപരിവർത്തനവും പുനഃമാറ്റവും സംബന്ധിച്ച് അവസാന നിലപാട് അതത് ജാതി സമൂഹങ്ങളുടേതാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 1954ൽത്തന്നെ. ജസ്റ്റിസ് വിവിയൻ ബോസ് അധ്യക്ഷനായ നാലംഗബെഞ്ചിന്റെ ഉത്തരവിലെ ഒരു വാചകം മതി, എ രാജയുടെ കേസിലെ വിധിയപ്പാടെ അസാധുവാകാൻ. അതിങ്ങനെയാണ്.

If the old order is tolerant of the new faith and sees no reason to outcaste or ex-communicate the convert and the individual himself desires and intends to retain his old social and political ties, the conversion is only nominal for all practical purposes and when we have to consider the legal and political rights of the old body the views of the new faith hardly matter. (ഒരാൾ മതം മാറുമ്പോൾ, അയാൾ പിറന്ന സമുദായം പുതിയ വിശ്വാസത്തെ സഹിഷ്ണുതയോടെ കാണുകയും പരിവർത്തിതനെ പുറത്താക്കാനോ ഭ്രഷ്ടുകൽപ്പിക്കാനോ ഒരു കാരണവും കാണാതിരിക്കുകയും ചെയ്യുകയും തന്റെ പഴയ സമൂഹിക രാഷ്ട്രീയ ബന്ധങ്ങൾ നിലനിർത്താൻ പരിവർത്തിതൻ ആഗ്രഹിക്കുകയും ഉദ്ദേശിക്കുകയും ചെയ്താൽ മതം മാറ്റം പ്രായോഗികമായ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രമാവുകയും ആ ജാതി സമൂഹത്തിന്റെ നിയമപരവും രാഷ്ട്രീയവുമായ അവകാശങ്ങൾ പരിഗണിക്കുമ്പോൾ പുതിയ വിശ്വാസ പ്രകാരമുള്ള വീക്ഷണങ്ങൾ തുലോം അപ്രസക്തമാണ്).

മാമോദീസ മുങ്ങുകയോ മുക്കപ്പെടുകയോ ചെയ്ത ആളിന്, സമുദായത്തിതന്റെ അംഗീകാരമുണ്ടെങ്കിൽ പുനഃപ്രവേശന, ശുദ്ധി ചടങ്ങുകളൊന്നും കൂടാതെ പിറന്ന സമുദായത്തിന്റെ രാഷ്ട്രീയാവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കാം എന്നാണ് സുപ്രിംകോടതിവിധിയുടെ പച്ചമലയാളം. പ്രായപൂർത്തിയാകുന്നതിനു മുമ്പ് മതം മാറ്റപ്പെട്ട ആളിന് പ്രായപൂർത്തിയാകുമ്പോൾ പിറന്ന ജാതിയിലേയ്ക്ക് മടങ്ങാൻ ആഗ്രഹവും താൽപര്യവും ഉണ്ടാവുകയും ആ ജാതി അയാളെ ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്താൽ പിന്നെ വേറെ ന്യായങ്ങൾക്കും വാദങ്ങൾക്കുമൊന്നും ഒരു പ്രസക്തിയുമില്ല.  അയാളുടെ താൽപര്യം അംഗീകരിക്കുകയേ മറ്റുള്ളവർക്ക് വഴിയുള്ളൂ. അത് കോടതിയായാലും കോൺഗ്രസായാലും. അതാണ് ജനാധിപത്യബോധം.

രാജയെ ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായി ആ സമൂഹവും സമുദായവും അംഗീകരിക്കുന്നുണ്ടോ എന്നതാണ് അടുത്തതായി പരിഗണിക്കേണ്ടത്. എട്ടാം വയസിൽ മാമോദീസ മുങ്ങിയ ആളാണ് എന്നാണല്ലോ ആരോപണം. അതറിയാത്തവരല്ലല്ലോ ദേവികുളത്തെ വോട്ടർമാർ. ഹിന്ദു പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റിൽ മത്സരിക്കാനുള്ള സന്നദ്ധത, ആ ജാതിയുടെ ഭാഗമായി നിൽക്കാനുള്ള വ്യക്തിയുടെ ഇച്ഛ സംശയാതീതമായി സ്ഥാപിക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ വിജയം സമുദായത്തിന്റെ അംഗീകാരമായി കാണണമെന്നാണ് സുപ്രിംകോടതി നിലപാട്. ദേവികുളത്ത് ഹിന്ദു ജനസംഖ്യ 70 ശതമാനത്തിനു മുകളിലാണ്. അതിൽ 60 ശതമാനത്തിനുമേലെയാണ് പട്ടികജാതി പട്ടികവർഗ വിഭാഗം. അവിടെ മത്സരിച്ച എ. രാജ ആകെ പോൾ ചെയ്തതിന്റെ 51 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്. എ രാജയെ തങ്ങളിൽ ഒരാളായിത്തന്നെയാണ് ദേവികുളത്തെ ഹിന്ദു പട്ടികജാതി വിഭാഗം കാണുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണ്ട. തെരഞ്ഞെടുപ്പു വിജയം തന്നെയാണ് ആ അംഗീകാരത്തിന് തെളിവ്.

അതു റദ്ദാക്കാൻ വിശ്വസനീയവും സുതാര്യവും നിയമപരവുമായ ഒരു കാരണവും ഹൈക്കോടതി വിധിയിലില്ല. എന്നു മാത്രമല്ല, ഇത്തരം കേസുകളിൽ ഇന്നോളം സുപ്രിംകോടതി ഉയർത്തിപ്പിടിച്ച നീതിയെ ശീർഷാസനത്തിൽ കെട്ടിത്തൂക്കുന്ന വ്യാഖ്യാനങ്ങളാണ് എ രാജയെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിലുനീളം. അവ ഒരേസമയം ഒരു ജനതയ്ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങളെ നിഷ്ഠുരമായി റദ്ദാക്കുകയും വ്യക്തിയുടെ സ്വയം നിർണയാവകാശത്തിൽ ഹിംസാത്മകമായി അതിക്രമിച്ചു കയറുകയും ചെയ്യുന്നു. രാജയ്ക്ക് കുടിയേറ്റ പട്ടികജാതിക്കാരുടെ അവകാശങ്ങൾ നിഷേധിക്കുകയും അദ്ദേഹത്തിന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും രാഷ്ട്രീയബോധത്തെയും സമ്പൂർണമായി റദ്ദാക്കിക്കൊണ്ട്, അദ്ദേഹത്തിന് ഒരു ബന്ധവുമില്ലാത്ത മതവിശ്വാസത്തിലെ അംഗമായി ബലാത്കാരമായി മുദ്രകുത്തുകയുമാണ് ഹൈക്കോടതി ചെയ്തത്.

ഈ വിധിയുടെ കെടുതികൾ കേവലമൊരു വ്യക്തിയോ രാഷ്ട്രീയപ്രസ്ഥാനമോ അല്ല അനുഭവിക്കേണ്ടി വരിക. രാജയ്ക്ക് കുടിയേറ്റ പട്ടികജാതിക്കാരുടെ അവകാശം നിഷേധിക്കാൻ വേണ്ടി എടുത്തു വീശിയിരിക്കുന്ന വ്യാഖ്യാനങ്ങൾ മൂന്നാറിലെ മഹാഭൂരിപക്ഷം കുടിയേറ്റക്കാരുടെയും അനന്തരതലമുറകളുടെ വിദ്യാഭ്യാസ, തൊഴിൽ ആനുകൂല്യങ്ങളെയും സ്വന്തം ജനതയെ പ്രതിനിധാനം ചെയ്യാനുള്ള രാഷ്ട്രീയാ അവകാശത്തെയും ഗളച്ഛേദം ചെയ്യും. രാജയെ പരിവർത്തിത ക്രിസ്ത്യാനിയാക്കി മുദ്രകുത്താൻ സ്വീകരിച്ച വളഞ്ഞ വഴിയാകട്ടെ, നീതി നിർവഹണത്തിലുള്ള സുപ്രിംകോടതിയുടെ സ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതും.  ഏതു നിലയ്ക്കു നോക്കിയാലും അത്യന്തം പ്രതിലോമകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − six =

Most Popular