സുൽഫിക്കർ അലി ഭൂട്ടോയുടെയും ജനറൽ സിയാ ഉൽ ഹഖിന്റെയും ഭരണകാലങ്ങളിൽ പാകിസ്താന്റെ ഇസ്ലാമീകരണത്തിനും ശരിഅത്ത്-വത്കരണത്തിനും വേണ്ടി പാക് ജമാഅത്തെ ഇസ്ലാമി നടത്തിയ യത്നങ്ങൾ വിവരിക്കുന്നതിനുമുൻപ്, അഹ്-മദിയ്യാ മുസ്ലിങ്ങൾക്കെതിരിൽ മൗദൂദിസ്റ്റ് സംഘടനയും ചില തീവ്രയാഥാസ്ഥിതിക സംഘടനകളും കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ഇസ്ലാമിസ്റ്റ് ഭീകരവാദ പ്രസ്ഥാനങ്ങളും നടത്തിയ / ഇപ്പോഴും തുടരുന്ന വേട്ടകളുടെയും കലാപങ്ങളുടെയും രക്തരൂഷിത ചരിത്രം പറയാതെ പോവുക വയ്യ. ‘‘പാകിസ്താനിൽ ഏകദേശം 1–3 ദശലക്ഷം അഹ്മദിയ്യാ സമുദായാംഗങ്ങളുണ്ടെന്നാണ് ഗണിക്കപ്പെടുന്നത്. അവർ അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ പ്രശ്നം, വിരോധാഭാസമായി തോന്നാം. ഇക്കാലത്ത് ഏറെ പാകിസ്താനികളെ സംബന്ധിച്ചിടത്തോളം അത് പരമാർഥമായി നിലകൊള്ളുന്നു. അതായത് ആരാണ് പാകിസ്താനി? 1970കളുടെ മധ്യത്തിൽ രാഷ്ട്രത്തിന്റെ ദേശീയ സ്വത്വ ഏകീകരണ വിഷയത്തിൽ പാകിസ്താൻ സമൂഹത്തിന്റെ ‘കാതലായ’ ഇസ്ലാമിക മൂല്യങ്ങൾ എന്തൊക്കെയാകണമെന്ന കാര്യം പ്രത്യക്ഷമായി. പാകിസ്താന്റെ ദേശീയസ്വത്വ നിർവചന പ്രശ്നത്തെത്തുടർന്ന് ആരാണ് യഥാർഥ പാകിസ്താനി എന്ന ചോദ്യം കേന്ദ്ര സ്ഥാനത്ത് വരികയും ആ രാഷ്ട്രം വർദ്ധിതമായി പുറന്തള്ളൽ പ്രകൃതം ആർജിക്കുകയും ചെയ്തു. പാകിസ്താൻ പാസ്പോർട്ട് സമ്പാദിക്കുക എന്നത് ഇതിന്റെ മികച്ച ഉദാഹരണമാണ്. പാസ്പോർട്ട് കിട്ടാൻ മിർസാ ഗുലാം അഹമ്മദിനെയും (1835–1908) അദ്ദേഹത്തിന്റെ അനുയായികളായ അഹ്മദിയകളെയും മതവഞ്ചകരും മതനിന്ദകളുമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ പ്രഖ്യാപിക്കണം. 1974ൽ മേൽ സൂചിപ്പിച്ച സംഘടനകളുടെ രണോൽസുക സമ്മർദ്ദഫലമായി ഭൂട്ടോ അഹ്മദിയ്യാ വിഭാഗത്തെ അമുസ്ലീങ്ങളായി പ്രഖ്യാപിച്ചു. പാകിസ്താനെ ഒരു സുന്നി മെജോറിറ്റേറിയൻ രാജ്യമാക്കി മാറ്റാൻ ആദ്യ കാൽവെയ്പ് നടത്തിയത് ഭൂട്ടോയാണ്. സിയാ ഉൽ ഹഖ് അതിനെ നിയമനിർമാണങ്ങൾ വഴി പൂർവാധികം സമൂഹത്തിൽ ഘനീഭവിപ്പിച്ചു. പാകിസ്താനിൽ നിലനിൽക്കുന്ന സ്ഥാപനവൽകരിക്കപ്പെട്ട ഈവിവേചനം, അഹ്-മദിയരെയും അമുസ്ലീങ്ങളായി സ്വയം പ്രഖ്യാപിക്കാൻ ബലാൽക്കാരേണ നിർബന്ധിതമാക്കുന്നു. (അവർ സ്വയം തിരിച്ചറിയുന്നത് മുസ്ലീങ്ങളായി തന്നെയാണെങ്കിലും) എങ്കിൽ മാത്രമേ പാകിസ്താനിലെ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട അവകാശങ്ങൾ അവർക്ക് ലഭിക്കുകയുള്ളൂ’’ (പിപ്പ മെർഡീ, പാകിസ്താൻ: എ വെരി ഷോർട്ട് ഇൻട്രൊഡക്ഷൻ, ഓക്സ്ഫോഡ്, പേജ് 62–63).
പാകിസ്താൻ എന്ന നവരാഷ്ട്രത്തിന്റെ സ്വത്വപ്രശ്നത്തിന് അതിന്റെ ആവിർഭാവത്തോളം പഴക്കമുണ്ട്. പാകിസ്താൻ, മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഒരു മതേതര ജനാധിപത്യ ദേശീയ സ്വരാജ്യമാണോ അതോ ഇസ്ലാമിക രാഷ്ട്രമാണോ എന്ന രാഷ്ട്രീയ ചർച്ച 1950കളുടെ തുടക്കത്തിൽ തന്നെ ചൂടുപിടിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ പദവി സംബന്ധിച്ച ചോദ്യമാണ് 1953ലെ കുപ്രസിദ്ധമായ അഹ്മദിയ്യാ വിരുദ്ധ കലാപത്തിന് വഴിമരുന്നിട്ടത്. ആ വർഷം മജ്ലിസ് – ഇ – അഹ്-രാർ എന്ന യാഥാസ്ഥിതിക മതപാർട്ടി അഹ്മദിയകളെ അമുസ്ലീങ്ങളായി പ്രഖ്യാപിക്കണമെന്നും അന്ന് പാകിസ്താന്റെ വിദേശകാര്യ മന്ത്രിയായിരുന്ന ചൗധരി സഫറുള്ള ഖാൻ ഉൾപ്പെടെയുള്ള അഹ്മദിയകളെ സർക്കാരിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടും അവർ മതനിഷേധികളാണെന്ന് ആരോപിച്ചും പ്രക്ഷോഭ മുഖം തുറന്നു. പാക് പഞ്ചാബിലെ സാമ്പത്തിക അധഃപതനത്തെ രാഷ്ട്രത്തിന്റെ ഇസ്ലാമീകരണവുമായി വിളക്കിച്ചേർത്താണ് മജിലിസ്–ഇ–അഹ്-രാർ അഹമദിയ്യകൾക്കെതിരെ തെരുവിൽ അഴിഞ്ഞാടിയത്. പാക് സർക്കാരിൽ സഫറുള്ള ഖാനെപോലുള്ളവരുടെ സാന്നിധ്യം മാത്രമല്ല, സാമാനേ-്യന സമ്പന്നരായ അഹ്മദിയ്യാ വിഭാഗവും ഇതര മുസ്ലീം വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക വെെജാത്യവും മജ്ലിസ് –ഇ – അഹ്-രാർ പാർട്ടിയെ പ്രകോപിപ്പിച്ചിരുന്നു.
മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും അഹ്മദിയ്യാ വിരുദ്ധ കലാപത്തിന്റെ തുടക്കത്തിൽ സ്വീകരിച്ച നിലപാട്, പാകിസ്താൻ ഇസ്ലാമീകരിക്കപ്പെടുന്നതോടെ ‘അഹ്മദീയ്യാ പ്രശ്നം’ എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്നായിരുന്നു. അതേസമയം, അഹ്മദിയ്യാ പ്രശ്നത്തെ പഞ്ചാബിൽ ഉറച്ച നിലയുണ്ടാക്കാൻ ഉപയോഗിക്കാമെന്നും മൗദൂദി കണക്കുകൂട്ടി. മജ്ലിസ് – ഇ – അഹ്-രാറിനെതിരെയുള്ള പാക് സർക്കാരിന്റെ പ്രതികരണം, ആ പാർട്ടിയെ താറുമാറാക്കുകയും മജ്ലിസിന് കൂടുതൽ ക്ഷതമേൽക്കാത്ത വിധം പ്രക്ഷോഭത്തിൽ നിന്ന് മനമില്ലാ മനഃസ്ഥിതിയോടെ ഒതുങ്ങി നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
‘‘ഇതോടെയാണ് പാക് ജമാ അത്തെ ഇസ്ലാമി പ്രക്ഷോഭത്തിലേക്ക് അരയും തലയും മുറുക്കി ഇറങ്ങിയത്. 1953 മാർച്ച് 5ന് ‘ഖാദിയാനി മസ് അല’ (ദ ഖാദിയാനി പ്രോബ്ലം) എന്ന ശീർഷകത്തിൽ അഹ്-മദികളെ ഗർഹണീയമായി നിന്ദിച്ചുകൊണ്ട് ലഘുലേഖ രൂപത്തിൽ മൗദൂദി ഒരു പ്രബന്ധമെഴുതി. ഈ പ്രസിദ്ധീകരണത്തോടെ മൗദൂദി അഹ്-മദിയ്യാ വിരുദ്ധകലാപത്തിന്റെ മുഖ്യമുഖമായി മാറി. പട്ടാളനിയമം ലംഘിച്ചതിനും മതസമുദായങ്ങൾക്കിടയിൽ ശത്രുതയും വെെരവും ഉത്തേജിപ്പിച്ചതിനും മൗദൂദിയെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്കു ശേഷം വധശിക്ഷ വിധിക്കുകയും ചെയ‍്തു. വധശിക്ഷ താമസംവിനാ ജീവപര്യന്തമാക്കുകയും 1955 ഏപ്രിലിൽ മൗദൂദിയെ ജയിലിൽനിന്ന് വിട്ടയ്ക്കുകയും ചെയ്തു.’’ (ഫ്രെഡറിക് ഗ്രെയർ, പൊളിറ്റിക്കൽ ഇസ്ലാം ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റ്: ദ ജമാ അത്തെ ഇസ്ലാമി, പേജ് 54–55).
‘മതധിക്കാരികളും ദെെവനിഷേധി’കളുമായ അഹ്-മദിയകൾക്ക് പാകിസ്താനിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ മതസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കരുത് എന്നായിരുന്നു മൗദൂദിയുടെ മതം. രാഷ്ട്രീയ ഇസ്ലാമിനെ ആശ്ലേഷിച്ചിരുന്ന മജ്ലിസ്–ഇ–അഹ്-രാർ–ഇ–ഇസ്ലാം 1929ൽ ലാഹോറിലാണ് സ്ഥാപിക്കപ്പെടുന്നത്. വിഭജനത്തോടെ ശക്തിപ്രാപിച്ച ഈ മതപാർട്ടിയുടെ മുഖ്യ അജൻഡകളിലൊന്ന് അഹ്-മദിയകൾക്ക് പാകിസ്താനിൽ മതസ്വാതന്ത്ര്യം നൽകരുതെന്നും അവരെ അമുസ്ലീങ്ങളായി പ്രഖ്യാപിക്കണമെന്നുമായിരുന്നു. 1953 ജനുവരി 21ന് മജ്ലിസ്–ഇ –അഹ്-രാറും അഹ്-മദിയ വിരുദ്ധ സഖ്യത്തിലെ മറ്റ് ഇസ്ലാമിക് പാർട്ടികളും പാക് സർക്കാരിന് ഒരു അന്ത്യശാസനം നൽകി. അന്ത്യശാസനത്തിലെ ആവശ്യങ്ങൾ ഇവയായിരുന്നു. ഒന്ന്, ചൗധരി സഫറുള്ള ഖാനെ വിദേശകാര്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുക. രണ്ട്, സർക്കാരിൽ ഉന്നത സ്ഥാനം വഹിക്കുന്ന അഹ്-മദിയകളെ മുഴുവൻ പിരിച്ചുവിടുക. മൂന്ന്, അഹ്മദിയകൾ മുസ്ലീങ്ങളല്ല എന്ന് ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. ഈ അന്ത്യശാസനം നിരാകരിക്കപ്പെടാൻ സായുധകലാപം നടത്തുമെന്നും അഹ്മദിയ വിരുദ്ധ അന്ത്യശാസനത്തോട് പാക് സർക്കാർ പ്രതികരിച്ചില്ല. അന്ത്യശാസനയുടെ സമാപ്തിയിൽ, 1953 ഫെബ്രുവരി 22ന് അഹ്മദിയ്യാ വിരുദ്ധകലാപങ്ങൾ പാകിസ്താനിലുടനീളമുണ്ടായി. ലാഹോറായിരുന്നു കലാപത്തിന്റെ കുന്തമുനയായി മാറിയ വലിയ നഗരം. അഹ്മദിയ്യാ സമുദായാംഗങ്ങളും അഹ്മദിയ്യാ പള്ളികളും പരക്കെ ആക്രമിക്കപ്പെട്ടു. 2000 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് ചരിത്രകാരർ പറയുന്നത്. ഇവരിൽ പലരെയും ചിത്രവധം ചെയ്ത് വധിക്കുകയോ ജീവനോടെ കത്തിക്കുകയോ ആയിരുന്നു. സെെന്യം കലാപത്തെ അടിച്ചമർത്തുകയും മൗദൂദിയെയും കലാപത്തിൽ മൗദൂദിയോടും സംഘത്തോടുമൊപ്പം ചേർന്ന പഞ്ചാബിൽനിന്നുള്ള മതരാഷ്ട്രീയ നേതാവായ അബ്ദുൾ സത്താർ ഖാൻ നിയാസിയെയും അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
കലാപത്തെക്കുറിച്ച് അനേ-്വഷിക്കാൻ പാക് സർക്കാർ സുപ്രീംകോടതി ജസ്റ്റിസായിരുന്ന (പിന്നീട് ചീഫ് ജസ്റ്റിസ‍്) മുഹമ്മദ് മുനീറിനെയും ജസ്റ്റിസ് എ ആർ കയാനിയെയും ചുമതലപ്പെടുത്തി. 1954 ഏപ്രിൽ 10ന്, 402 പേജുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മുനീർ–കയാനി റിപ്പോർട്ട് എന്നും അത് അറിയപ്പെടുന്നു. ഈ അനേ-്വഷണാവലോകനം, അഹ്-മദികളുടെ മതസ്വാതന്ത്ര്യത്തെ പ്രതിരോധിച്ചു. പട്ടാളവാഴ്ചക്കാലത്ത്, ഒരു വ്യാഴവട്ടത്തോളം അഹ്-മദിയ്യാ വിഭാഗത്തിനെതിരെ 1953ൽ നടന്നതുപോലുള്ള തീവ്രഹിംസ അരങ്ങേറ്റിയില്ലെങ്കിലും അഹ്-മദിയ്യ പീഡനം, പല മട്ടിൽ തുടർന്നു. ‘ഇസ്ലാമിക് സോഷ്യലിസ്റ്റ്’ ആയ സുൽഫിക്കർ അലി ഭൂട്ടോയുടെ അധികാരാരോഹണത്തോടെ അഹ്മദിയകളുടെ അവസ്ഥ കൂടുതൽ വഷളാവുകയാണുണ്ടായത്.
‘‘പട്ടാള ഭരണകാലത്ത് (1958–1971) പൊതുവിൽ പത്തിമടക്കിയ മൗദൂദിസ്റ്റ് സംഘടന, 1972 തൊട്ട് തങ്ങളുടെ ഇസ്ലാമിക രാഷ്ട്രീയത്തിനു വീണ്ടും മൂർച്ചകൂട്ടാൻ തുടങ്ങി. പാക് യുദ്ധത്തടവുകാരെ ബംഗ്ലാദേശ് കെെമാറുന്നതുവരെ ആ രാജ്യത്തെ അംഗീകരിക്കരുതെന്ന് അവർ സുൽഫിക്കർ അലി ഭൂട്ടോയോട് ആവശ്യപ്പെട്ടു. ലാഹോറിൽ ഭൂട്ടോയെ ചെന്നുകണ്ട മൗദൂദി പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽനിന്ന് ഇടതുപക്ഷക്കാരെ ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. ആവശ്യം അനുവദിക്കുകയും പാകിസ്താനെ വീണ്ടും ‘ഇസ്ലാമിക റിപ്പബ്ലിക്’ ആയി പ്രഖ്യാപിക്കുകയും പ്രസിഡന്റും പ്രധാനമന്ത്രിയും മുസ്ലീങ്ങൾ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ ഭൂട്ടോയുടെ കരടു ഭരണഘടനയ്ക്ക് പിന്തുണ നൽകാമെന്ന് മൗദൂദി വാക്കു കൊടുത്തു. മൗദൂദിയുടെ സമ്മർദ്ദങ്ങൾക്ക് ഭൂട്ടോ വഴങ്ങിയപ്പോഴാണ്, പാകിസ്താനിൽ ആദ്യമായി രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി ഇസ്ലാം മാറിയത്’’. (ഹമീദ് ചേന്നമംഗലൂർ, ദെെവത്തിന്റെ രാഷ്ട്രീയം, പേജ് 141–142).
രാഷ്ട്രീയ ചരിത്രകാരരും ധെെഷനികരും ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്. 1974ൽ ഭൂട്ടോ അഹ്മദിയ്യാ മുസ്ലീങ്ങളുടെ ഈ പദവി ഭരണഘടനാപരമായി പുനർനിർവചിക്കുകയും അവരെ ഒരു അമുസ്ലീം ന്യൂനപക്ഷമായി പ്രഖ്യാപിക്കുകയും ചെയ്തത്, പിന്നീടുള്ള പാകിസ്താൻ രാഷ്ട്രീയത്തിന് മതോന്മാദപരവും മതശാഖാ വിഭാഗീയവുമായ പ്രവണതകൾക്ക് ആക്കം കൂട്ടുകയാണുണ്ടായത്. അഹ്മദിയ്യാ മുസ്ലീങ്ങളെ ഒറ്റ രാത്രി കൊണ്ട് പാകിസ്താനിലെ ഒരു അമുസ്ലീം ന്യൂനപക്ഷമായി ഭൂട്ടോ മാറ്റി. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതരാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾക്ക് ബുദ്ധിഹീനമായി ഭൂട്ടോ കീഴടങ്ങിയപ്പോൾ, ഇത്തരം തീവ്രമത സംഘടനകളുടെ ആത്മവിശ്വാസവും സ്ഥാനനിലയും അദ്ദേഹം പുനഃസ്ഥാപിക്കുകയായിരുന്നു. 1970ലെ തിരഞ്ഞെടുപ്പിൽ നിലംപരിശായവയായിരുന്നു ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതരാഷ്ട്രീയ പാർട്ടികൾ. (നദീം എഫ് പരച്ച, ഡോൺ, നവംബർ 21, 2013). ഭൂട്ടോയുടെ വ്യക്തിപരമായ കാഴ്ചപ്പാട്, അഹ്മദിയകളെ അമുസ്ലീം – ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതും അവരെ സർക്കാർ പദവികളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽനിന്നും ഒഴിവാക്കുന്നതും, രാജ്യത്തെ സമ്പദ്-വ്യവസ്ഥയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കും ദോഷം വരുത്തുമെന്നായിരുന്നു. പ്രശ്നം മതപരമാണെന്നും പാകിസ്താൻ നാഷണൽ അസംബ്ലിക്ക് തീരുമാനമെടുക്കാൻ പറ്റുന്നതല്ലെന്നുമായിരുന്നു തുടക്കത്തിൽ ഭൂട്ടോയുടെ വാദം. എന്നാൽ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതപാർട്ടികൾ ന്യായവാദമായി നിരത്തിയത്, 1973ൽ തന്നെ ഭരണഘടന പ്രകാരം പാകിസ്താനെ ഇല്സാമിക റിപ്പബ്ലിക് ആയി പുനർനാമകരണം ചെയ്തിട്ടുണ്ടെന്നും അതിനാൽ ഈ പ്രശ്നം നാഷണൽ അസംബ്ലിക്ക് ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമാണ്. പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് പഞ്ചാബ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അഹ്മദിയ്യ പ്രശ്നം നീട്ടിക്കൊണ്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്ന് ഉപദേശകർ ഭൂട്ടോയെ ഓർമപ്പെടുത്തുകയും ചെയ്തു.
1974 മുതൽ അഹ്-മദിയ്യാ സമുദായത്തിനെതിരെയുള്ള ആക്രമണങ്ങൾ ക്രമപ്രവൃദ്ധമായി വർദ്ധിച്ചു. 2010ൽ തെഹ്-രിക്–ഇ–താലിബാൻ എന്ന ഭീകരസംഘടന ലാഹോറിലെ രണ്ട് അഹ്-മദിയ്യാ പള്ളികൾ ബോംബ് സ്ഫോടനത്തിൽ തകർക്കുകയും 94 പേർ കൊല്ലപ്പെടുകയും ചെയ്തു. പാകിസ്താൻ വിദേശകാര്യ മന്ത്രിയായും (1947–54) അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായും (1970–73) പ്രവർത്തിച്ച മുഹമ്മദ് സഫറുള്ള ഖാൻ അഹ്-മദി മുസ്ലീമായിരുന്നു. 1979ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ അബ്ദുസ്സലാമും അഹ്-മദിയ ആയിരുന്നു. രണ്ടുപേരെയും പാകിസ്താനിലെ ചരിത്രപുസ്തകങ്ങളിൽ നിന്ന് മായ്ച്ചു കളഞ്ഞു. അബ്ദുസ്സലാമിനെ കബറടക്കിയത് പാകിസ്താനിൽ അഹ്-മദിയകളുടെ പ്രധാന കേന്ദ്രമായ റബ്-വാ എന്ന പട്ടണത്തിലാണ്. സലാമിന്റെ കബറിലെ സ്മാരകശില 2010ൽ അശുദ്ധമാക്കുകയും അതിൽ എഴുതിയിരുന്ന ‘ആദ്യ മുസ്ലീം നൊബേൽ പുരസ്കാര ജേതാവ്’ എന്നിടത്തുനിന്ന് ‘മുസ്ലീം’ എന്ന പദം മായ്ച്ചുകളയുകയും ചെയ്തു മതവാദികൾ.
പാകിസ്താനിലെ 20.8 കോടി വരുന്ന ജനസംഖ്യയിൽ ഏകദേശം 0.2 ശതമാനം മാത്രമാണ് അഹ്-മദിയ്യാ മുസ്ലീങ്ങൾ. അവർ പല മട്ടിലുള്ള വിവേചനങ്ങൾ നേരിടുന്നു. അവരുടെ ആരാധനാസ്ഥലങ്ങൾ ആക്രമിക്കപ്പെടുക മാത്രമല്ല, മതനിന്ദാനിയമത്തിന്റെ വാൾമുനയ്ക്കും അവർ അഭംഗുരം ഇരകളാക്കപ്പെടുകയുംചെയ്യുന്നു. പാകിസ്താനിൽ അഹ്-മദിയകൾ ഖുർ ആൻ പാരായണം ചെയ്യുന്നത് നിയമവിരുദ്ധമാണ്. അവരുടെ ശവക്കല്ലറകളിൽ ഇസ്ലാമിക ലിഖിതങ്ങൾ ആലേഖനം ചെയ്യാൻ പാടില്ല. അവരുടെ ആരാധനാലയങ്ങളെ ‘പള്ളികൾ’ എന്ന് വിളിക്കാനും പാടില്ല. ജിന്നയുടെ പാകിസ്താൻ പ്രസ്ഥാനത്തിന് അകമഴിഞ്ഞ് പിന്തുണ കൊടുത്ത ഒരു സമുദായത്തിന്റെ ഇന്നത്തെ അവസ്ഥയിതാണ്. അതുകൊണ്ട് അഗണ്യമല്ലാത്ത തോതിൽ അഹ്-മദിയകൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. പാകിസ്താനിലെ പുറന്തള്ളൽ രാഷ്ട്രീയത്തിന്റെ നിഷ്ഠുര നിദർശനമായി അഹ്-മദിയകൾ തുടരുന്നു.
സുന്നി മതമൗലികവാദികൾ പൊതുവിലും ഇസ്ലാമിസ്റ്റുകൾ വിശേഷിച്ചും അഹ്-മദികളെ ‘വാജിബ് – ഉൽ – ഖനൻ (വധിക്കപ്പെടാൻ യഥായോഗ്യരായവർ) ആയാണ് കണക്കാക്കുന്നത്. 1984ൽ ജനറൽ സിയയുടെ പട്ടാളവാഴ്ചക്കാലത്ത് അഹ്-മദിയകൾക്കെതിരെ ഒരു ഓർഡിനൻസ് (ഓർഡിനൻസ്) പുറപ്പെടുവിച്ചു. ഇതനുസരിച്ച് അഹ്-മദിയകൾക്ക് അവരുടെ വിശ്വാസ പ്രചാരണ സ്വാതന്ത്ര്യം മാത്രമോ, അഹ്-മദിയകൾക്ക് മുസ്ലീങ്ങളാണെന്ന് പറയാനുള്ള സ്വാതന്ത്ര്യവും നഷ്ടമായി. അവരുടെ ആരാധനാലയങ്ങളെ ‘‘പള്ളികൾ’’ എന്ന് വിളിക്കുന്നത് വിലക്കി. ബാങ്ക് വിളി അഹ്-മദിയകൾക്ക് നിഷിദ്ധമാക്കപ്പെട്ടു. ഇസ്ലാമിക രീതിയിലുള്ള അഭിവാദ്യവും ഖുർആനിൽ നിന്ന് പരസ്യമായി ഉദ്ധരിക്കുന്നതും മതപരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും അഹ്-മദിയകൾക്ക് നിരോധിതമാക്കപ്പെട്ടു. l