സര്‍വകലാശാല ഗ്രാന്റ്-സ് കമ്മീഷന്‍ (യുജിസി) 2025 ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്‍. സർവകലാശാല ഗ്രാന്റ്സ് കമ്മീഷൻ സർവകലാശാലകളിലും കോളജുകളിലും അധ്യാപകരെയും മറ്റ്- അക്കാദമിക് സ്റ്റാഫിനെയും നിയമിക്കുകയും പ്രമോഷൻ നൽകുകയും ചെയ്യുന്നതിനാവശ്യമായ കുറഞ്ഞ യോഗ്യതകൾ, ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ചട്ടങ്ങൾ എന്നിവ സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ 2025 ലെ കരട് ചട്ടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956ലെ യുജിസി ആക്റ്റിലെ സെക്ഷൻ 26 പ്രകാരമാണ് യുജിസി ഇപ്രകാരം കരട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ഭരണഘടന നിലവിൽ വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II (സ്റ്റേറ്റ് ലിസ്റ്റ്)-ലായിരുന്നു. എന്നാൽ അടിയന്തരാവസ്ഥയുടെ സമയത്ത് 1975–-77 കാലയളവിൽ നടപ്പിലാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് കൺകറന്റ് ലിസ്റ്റിൽ (ലിസ്റ്റ് III) ഉൾപ്പെടുത്തപ്പെട്ടത്. 1978 ലെ 44–-ാം ഭരണഘടനാ ഭേദഗതിയിലൂടെ, നേരത്തെ 42–-ാം ഭേദഗതിയിലൂടെ നടപ്പിലാക്കിയ പല മാറ്റങ്ങളും പുനഃസ്ഥാപിച്ചെങ്കിലും, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദ്ദേശം മാത്രം, രാജ്യസഭയിൽ പാസ്സാകാത്തതിനാൽ നടപ്പിലായില്ല.
ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ എൻട്രി നമ്പർ 25 ആയി കൊണ്ടുവന്നെങ്കിലും, സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ പലതും അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെട്ടു പോരുന്നത്. മാത്രമല്ല വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്ന തുകയുടെ 75 ശതമാനത്തോളവും ഇന്ത്യയിലെ സംസ്‌ഥാനങ്ങൾ നേരിട്ടാണ് വഹിക്കുന്നത്. 2022-ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ ‘Analysis of Budgeted Expenditure on Education’ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുകൾ 2020–-21 വർഷത്തിൽ ആകെ ചെലവാക്കിയ 6.25 ലക്ഷം കോടി രൂപയിൽ 85 ശതമാനവും സംസ്ഥാനങ്ങൾ നേരിട്ട് ചെലവഴിച്ചതാണ്. മറ്റു വകുപ്പുകളിലൂടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള ചെലവുകൾ ഉൾപ്പെടുത്തിയാലും, വിദ്യാഭ്യാസത്തിനുള്ള ആകെ ചെലവിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഉള്ള പങ്ക് യഥാക്രമം 76 ശതമാനവും 24 ശതമാനവുമാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്.
യൂണിയൻ ലിസ്റ്റിലെ (ലിസ്റ്റ് I) എൻട്രി 66 ന്റെയും 1956ലെ UGC ആക്ട് പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങളുടെയും ചുവടുപിടിച്ചുകൊണ്ടാണ് സർവകലാശാലാ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പൂര്‍ണമായും ഹനിക്കുന്നത്. ഇത് എത്രത്തോളം നീതിയുക്തമാണെന്നാണ് ഇവിടെ ചോദിക്കാനുള്ളത്. യൂണിയൻ ലിസ്റ്റിലെ എൻട്രി 66-ൽ പറയുന്നത് ഇപ്രകാരമാണ്: “Co-ordination and determination of standards in institutions for higher education or research and scientific and technical institutions”.
അതായത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങൾക്കുമുള്ള നിലവാരങ്ങൾ ഏകീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ കാര്യമാണ്. അതല്ലാതെ അതിൽ കൂടുതൽ അധികാരം കേന്ദ്രത്തിനു ഭരണഘടന നൽകുന്നില്ല.
ഭരണഘടന അസംബ്ലിയിൽ ഇന്നത്തെ എൻട്രി 66 ന്റെ ആദ്യരൂപം അവതരിപ്പിച്ചപ്പോൾ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ പ്രസംഗം ഇതിന് കൂടുതൽ വ്യക്തത നൽകുന്നുണ്ട്. സംസ്ഥാന ലിസ്റ്റിലേക്കുള്ള വിഷയമായി കരുതിയ ഈ എൻട്രി, യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് ചില അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിന് ഡോ. അംബേദ്കർ മറുപടി പറഞ്ഞത് ഈ എൻട്രി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം നിലനിർത്തുന്നതിനെ മാത്രമാണ് സംബന്ധിക്കുന്നത് എന്നാണ്. ഇന്ത്യയിലെ വിവിധ സർവകലാശാലകൾ നടത്തുന്ന ബിഎ ബിരുദ പരീക്ഷകൾക്കുള്ള പാസ്സ് മാർക്കോ മറ്റു മാനദണ്ഡങ്ങളോ പലതരത്തിലാണെങ്കിൽ അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതുപോലുള്ള ഏകീകൃതമല്ലാത്ത വ്യവസ്ഥകൾ ഒഴിവാക്കാനാണ് സംസ്ഥാനങ്ങളിൽ പൊതുവായ മാനദണ്ഡവും ഏകീകൃത രീതിയും ഉറപ്പുവരുത്താൻ യൂണിയൻ ലിസ്റ്റിൽ ഇങ്ങനെയൊരു പരാമർശം എഴുതിച്ചേർത്തത് എന്ന് ഡോ അംബേദ്കർ 1949 ആഗസ്ത് 31 ന് ഭരണഘടനാ അസംബ്ലിയിൽ പറയുന്നുണ്ട്. (Constituent Assembly Debates Volume IX, August 31, 1949). അതായത്, എൻട്രി 66 ന്റെ സ്പിരിറ്റ് എന്താണെന്ന് ഡോ. അംബേദ്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണെന്ന് സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 32 ഉം കൺകറന്റ് ലിസ്റ്റിലെ എൻട്രി 25 ഉം കൂടുതൽ വ്യക്തത നൽകുന്നുണ്ട്. സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 32 ഇപ്രകാരമാണ്: “Incorporation, regulation and winding up of corporations, other than those specified in List I, and universities; unincorporated trading, literary, scientific, religious and other societies and associations; co-operative societies.” കൺകറന്റ് ലിസ്റ്റിലെ എൻട്രി 25 ഇപ്രകാരമാണ്: “Education, including technical education, medical education and universities, subject to the provisions of entries 63, 64, 65 and 66 of List I; vocational and technical training of labour.”
അതായത്, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയിലെ എൻട്രി 66, 32, 25 എന്നിവ പരിശോധിക്കുമ്പോൾ, സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും, എൻട്രി 66-ൽ വ്യക്തമായി പറയുന്നവ ഒഴികെ, യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നതല്ലെന്ന് വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം ഏകീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുക എന്ന പരിമിതമായ ദൗത്യം മാത്രമാണ് സംസ്ഥാന സർവ്വകലാശാലകളിൽ കേന്ദ്രത്തിനുള്ളത്. 1956ലെ യുജിസി ആക്ട് പ്രകാരം നിർമ്മിച്ച ചട്ടങ്ങൾ യാതൊരു തരത്തിലും സംസ്ഥാന നിയമങ്ങൾ ഒഴിവാക്കിക്കൊണ്ട് സർവകലാശാലകളെ നിയന്ത്രിക്കുവാനുള്ള പദ്ധതിയല്ല എന്ന് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാ സമ്മേളനത്തിൽ പറഞ്ഞതുകൊണ്ട് ഭരണഘടനയുടെ സ്പിരിറ്റ് കൃത്യവും വ്യക്തവുമാണ്.
2025 ലെ പുതിയ യുജിസി കരട് മാർഗ നിർദ്ദേശങ്ങൾ ഭരണഘടനാ നിർമ്മാതാക്കൾ ഉദ്ദേശിച്ചതിനു വിരുദ്ധമായ ധാരാളം വ്യവസ്ഥകൾ ഉൾക്കൊള്ളുന്നവയാണ്. പ്രസ്തുത കരടിലുള്ള പല നിർദ്ദേശങ്ങളും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുകയാണ്. സംസ്ഥാന സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി തീരുമാനിക്കുന്ന നിലയാണ് പുതിയ യുജിസി നിർദ്ദേശത്തിലുള്ളത്. വൈസ് ചാൻസലർമാരെ തെരഞ്ഞടുക്കുന്ന സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിന് നാമനിർദ്ദേശം നൽകാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലാണ് ചട്ടങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾ ഫണ്ട് നൽകി പ്രവർത്തിക്കുന്ന സംസ്ഥാന സർവ്വകലാശാലകളിൽ ഇനി മുതൽ കേന്ദ്രം ഭരണം നടത്തിക്കൊള്ളാം എന്നു പറയുന്നത് ഒരു തരം രാഷ്ട്രീയ ധാർഷ്ട്യമാണ്.
യഥാർത്ഥത്തിൽ സംസ്ഥാന സർവ്വകലാശാലകളുടെ കാര്യത്തിൽ ഭരണഘടന കേന്ദ്ര സർക്കാരിന് പരിമിതമായ അധികാരം മാത്രമേ നൽകുന്നുള്ളൂ എന്നത് വ്യക്തമാണ്. സാമ്പത്തിക പരാധീനതകൾക്കിടയിലും സംസ്ഥാനങ്ങൾ വലിയ തുക ഉന്നത വിദ്യാഭ്യാസ മേഖലക്കായി ചെലവഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർട്ടിക്കിൾ 246 ഉം യൂണിയൻ ലിസ്റ്റിലെ എൻട്രി 66 ഉം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സംസ്‌ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ കവരാൻ ശ്രമം നടക്കുന്നത്. സംസ്ഥാനങ്ങളുമായോ അക്കാദമിക് വിദഗ്ധരുമായോ യാതൊരുവിധ ചർച്ചകളുമില്ലാതെയാണ് ഇത്തരത്തിൽ നീക്കങ്ങൾ നടക്കുന്നത് എന്നതും കാണേണ്ടതുണ്ട്. വൈസ് ചാൻസലർ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദ്ദേശവും പുതിയ കരടിൽ ഉണ്ട്. ഇതിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു കൂടുതൽ പറയേണ്ടതില്ലല്ലോ. തങ്ങൾക്ക് വേണ്ടപ്പെട്ടവരെ ആ പദവിയിൽ കൊണ്ടിരുത്താനുള്ള വളഞ്ഞ വഴിയാണ് ഇവിടെ കേന്ദ്രം പയറ്റുന്നത്.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല എന്നാണ് സുവ്യക്തമായി പറയാന്‍ കേരള സർക്കാർ ആഗ്രഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്ന യുജിസി കരട് ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ക്കാണ് കേരളം മുന്‍കൈയെടുക്കുന്നത്. ഫെഡറൽ തത്വങ്ങളെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുക്കാനും സംസ്ഥാന സർവ്വകലാശാലകളെ സംരക്ഷിക്കാനും ജനാധിപത്യവിശ്വാസികളാകെ അണിനിരക്കണം. l