Wednesday, January 22, 2025

ad

Homeകവര്‍സ്റ്റോറിഗുരുവും സനാതനധർമവും തമ്മിലെന്ത്?

ഗുരുവും സനാതനധർമവും തമ്മിലെന്ത്?

ഡോ. ടി എസ് ശ്യാംകുമാർ

ർമം എന്നതുകൊണ്ട് സംസ്കൃത ഗ്രന്ഥപാഠങ്ങൾ അർത്ഥമാക്കുന്നത് ചാതുർവർണ്യ ജാതിധർമമാണ്. ആധുനികമായ അർത്ഥത്തിലുള്ള ധാർമിക ബോധ്യങ്ങളുമായി വേദേതിഹാസഗ്രന്ഥ പാഠങ്ങളിലെ ധാർമിക സങ്കല്പങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണഘടന മുന്നോട്ടുവെക്കുന്ന ധാർമികത (Constitutional Morality) സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ വൈദികപുരാണ പാഠങ്ങളിലെ ധർമസങ്കല്പം ചാതുർവർണ്യവുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ബുദ്ധന്റെ സദ്ധർമമാണ് ചാതുർവർണ്യ ധർമത്തെ നിരാകരിച്ചുകൊണ്ട് ഇന്ത്യയിലാദ്യമായി സാമൂഹ്യനീതിയുടെ സമത്വകാഹളം മുഴക്കിയത്. ഇന്ന് സനാതനമെന്ന് വ്യവഹരിക്കുന്ന വർണാശ്രമധർമമാകട്ടെ സമ്പൂർണമായി അസമത്വത്തിന്റെ ഭീകരരൂപമാണ്. ഈ സനാതന വർണാശ്രമധർമത്തെ ജീവിതം കൊണ്ടും ദർശനം കൊണ്ടും നിരാകരിച്ച്, സാഹോദര്യ കേരളം എന്ന ആശയത്തിന് അടിത്തറയിടുകയാണ് നാരായണഗുരു സ്വാമികൾ ചെയ്തത്.

സനാതനധർമം
ഇന്ത്യയുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ വ്യവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്ന ഒന്നായി “ധർമം’ എന്ന സങ്കല്പം മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ സദാചാരത്തെ നിയന്ത്രിക്കുന്നതും നിലനിർത്തുന്നതും വേദേതിഹാസങ്ങളിലൂടെ വളർന്നു വികസിച്ച ധാർമിക ബോധ്യങ്ങളാണ്. ഈ ധാർമികത എന്താണെന്നും ആ ധാർമികതയുടെ ആധാരമായ ധർമം എന്താണെന്നും ആഴത്തിൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഒരർത്ഥത്തിൽ ധർമത്തെയും ധാർമികതയെയും കുറിച്ചുള്ള ഈ അന്വേഷണം ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും വർത്തമാന രാഷ്ട്രീയത്തെയും മനസ്സിലാക്കാനുതകുന്ന സാമൂഹ്യപാഠമാണ്. ആധുനികമായി വികസിച്ചു വന്ന ഭരണഘടനാ ധാർമികത എന്ന ആശയവുമായി യുദ്ധസമാനമായ പൊരുത്തക്കേടുകൾ ഉൾവഹിക്കുന്ന വേദങ്ങളിലെയും ഇതിഹാസ പുരാണങ്ങളിലെയും ധർമസങ്കല്പം അഴിച്ചുനോക്കുമ്പോൾ സമകാലിക ഇന്ത്യൻ രാഷ്ട്രീയം കടന്നുപോവുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പും കൂടുതൽ ബോധ്യപ്പെടും.

“ധൃ’ എന്ന മൂലധാതുവിൽ നിന്നുമാണ് ധർമം എന്ന പദം രൂപംകൊണ്ടിട്ടുള്ളത്. ഋഗ്വേദത്തിൽ ധർമത്തിന് അനുഷ്ഠാനപരമായ നിയമങ്ങൾ എന്ന അർത്ഥം കാണാം ( ഋഗ്വേദം,1. 22.18, 5. 26.6, 7. 43.24, 9. 64. 1). അനുഷ്ഠാനപരമായ ക്രിയാവിധി എന്നർത്ഥത്തിലും ധർമം പ്രയോഗിക്കപ്പെടുന്നുണ്ട് (ഋഗ്വേദം, 4. 53.3, 5.63.7, 6. 70.1). അഥർവവേദം അനുഷ്ഠാനങ്ങൾ നിർവഹിക്കാനുള്ള യോഗ്യതയായി ധർമത്തെ നിർവചിക്കുന്നു: – ” ഋതം സത്യം തപോ രാഷ്ട്രം ശ്രമോ ധർമശ്‌ച കർമ ച / ഭൂതം ഭവിഷ്യദുശ്ചിഷ്ടേ വീര്യം ലക്ഷ്മീർ ബലം ബലേ’ (അഥർവം, X I. 9. 17 ). ധർമത്തിന് മൂന്ന് സ്കന്ദങ്ങളുണ്ടെന്ന് ഛാന്ദോഗ്യോപനിഷത്ത് പറയുന്നു. യജ്ഞം, അധ്യയനം, ദാനം എന്നിവയാണ് ആദ്യത്തെ സ്കന്ദം. തപസാണ് രണ്ടാമത്തെ സ്കന്ദം. ആചാര്യകുലത്തിൽ ബ്രഹ്മചര്യത്തോടുകൂടി ശരീരം അത്യന്തം ക്ഷീണിപ്പിക്കുന്നതാണ് മൂന്നാമത്തെ സ്കന്ദം (ഛാന്ദോഗ്യം, 2.23. 1). വേദം പഠിച്ചു കഴിഞ്ഞതിനുശേഷം ആചാര്യൻ ശിഷ്യനെ ഉപദേശിക്കുന്നു: “സത്യം പറയണം, ധർമം അനുഷ്ഠിക്കണം… ധർമത്തിൽ നിന്ന് തെറ്റി നടക്കരുത്’ (സത്യാന്ന പ്രമദിതവ്യം ധർമാന്ന പ്രമദിതവ്യം , തൈത്തരീയോപനിഷത്ത്, 1. 11. 1 ). “ഞങ്ങളേക്കാൾ ശ്രേഷ്ഠന്മാരായ ബ്രാഹ്മണർ വരുമ്പോൾ അവർക്ക് അവസരം മുതലായത് നൽകി അവരുടെ ക്ഷീണം തീർക്കാൻ സഹായിക്കണം’ (നോ ഇതരാണി യേ കേ ചാസ്മാത് ശ്രേയാംസോ ബ്രാഹ്മണാ: തേഷാം ത്വയാസനേന പ്രശ്വസിതവ്യം) എന്ന് തൈത്തരീയോപനിഷത്ത് ധർമോപദേശം ചെയ്യുന്നു. ഇവിടെ ബ്രാഹ്മണ പദവിക്ക് കൈവരുന്ന സവിശേഷ മൂല്യപദവി ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണ പദവി ആർക്കും ആർജ്ജിക്കാവുന്ന ഉന്നത പദവിയാണെന്ന ഒരു മിഥ്യാവാദം നിലനിൽക്കുന്നുണ്ട്. എന്നാൽ ബ്രാഹ്മണ പദവി ജന്മം കൊണ്ട് മാത്രം സിദ്ധിക്കുന്നതാണെന്ന് ശങ്കരൻ ഉപനിഷത്, ഗീത ബ്രഹ്മസൂത്രഭാഷ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണനെപ്പോലെ പൂണൂലും ധരിച്ചു നടക്കുന്ന ശൂദ്രന് രാജാവ് കഠിന ശിക്ഷ തന്നെ നൽണമെന്ന് കേരളീയ സ്മൃതി ഗ്രന്ഥമായ വ്യവഹാരമാലയും ശാസിക്കുന്നുണ്ട്. ഇതിൽ നിന്നും കർമ ബ്രാഹ്മണ്യ വാദത്തിന്റെ പൊള്ളത്തരം വെളിവാകുന്നുണ്ട്. ബ്രഹ്മസൂത്ര ശാങ്കരഭാഷ്യത്തിൽ ശൂദ്രൻ, സഞ്ചരിക്കുന്ന പട്ടടയാണെന്ന് പ്രസ്താവിക്കുന്നതിലൂടെ മനുഷ്യരെ ഹീനമായി ശ്രേണീകരിക്കുന്ന യുക്തിയാണ് അദ്വൈതഭാഷ്യകാരനെ നയിക്കുന്നതെന്ന് സ്പഷ്ടം. “വേദമനൂച്യ എന്നിങ്ങനെ തുടങ്ങുന്ന കർത്തവ്യ ഉപദേശം ആരംഭിക്കുന്നത് ബ്രഹ്മജ്ഞാനത്തിനു മുമ്പ് ശ്രൗത, സ്മാർത്ത കർമങ്ങൾ നിയമേന ചെയ്യേണ്ടതാണെന്നുള്ള അർത്ഥത്തിലാണ്… സംസ്കാരം കൊണ്ട് വിശുദ്ധൻ ആയിട്ടുള്ള ഒരുവന് മാത്രമേ ശരിയായ ആത്മജ്ഞാനം ഉണ്ടാവുകയുള്ളൂ’ എന്നും തൈത്തരീയോപനിഷദ് ഭാഷ്യത്തിൽ (തൈത്തരീയോപനിഷത് 1. 1 1. 1 ന്റെ ശാങ്കരഭാഷ്യം)ശങ്കരൻ എഴുതുന്നു. ഇവിടെ ബ്രഹ്മജ്ഞാനത്തിനു മുമ്പ് നിയമേന ചെയ്യേണ്ടതാണ് ശ്രൗതസ്മാർത്ത കർമങ്ങൾ എന്ന് ശങ്കരൻ പ്രസ്താവിക്കുന്നു. ശ്രൗതകർമങ്ങളും സ്മാർത്തകർമങ്ങളും ത്രൈവർണികർക്കാണ് വിധിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് ജനവിഭാഗങ്ങളെ പുറന്തള്ളുന്ന ധാർമിക വ്യവസ്ഥയാണ് ശ്രൗതസ്മാർത്തകർമങ്ങളുടെ ആധാരം. ആപസ്തംബധർമസൂത്രത്തിൽ ധർമത്തിന് അനുഷ്ഠാനാത്മകമായ ഒരു ക്രിയ (Ritual oblation ) എന്നർത്ഥം മാത്രമാണുണ്ടായിരുന്നത് (ധർമകൃത്യേഷു വോപയോജയേത്).

ആദ്യഘട്ടത്തിൽ അനുഷ്ഠാനാത്മകമായ ക്രിയാ വിധികളെയാണ് ധർമമെന്ന് വേദപാഠങ്ങൾ വ്യവഹരിച്ചിരുന്നത്. ഈ ക്രിയാ വിധികളാവട്ടെ സമൂഹനിയന്ത്രണത്തിനുള്ള ബ്രാഹ്മണ്യ ഉപകരണങ്ങളുമായിരുന്നു. ഉപനിഷത്തിൽ പടരുന്ന ധർമ സങ്കല്പം കർമ പുനർജന്മ സങ്കല്പവുമായും വർണധർമവ്യവസ്ഥയുമായി ഇഴുകിച്ചേർന്നിരിക്കുന്നു. ധർമസൂത്രങ്ങളിലും മനുസ്മൃതി ഉൾപ്പെടെയുള്ള ധർമശാസ്ത്രങ്ങളിലും ചാതുർവർണ്യ ജാതി വ്യവസ്ഥ ധർമമായി ഉറച്ചു.

ബ്രാഹ്മണാദി നാലു വർണങ്ങളുടെയും അന്തരാള ജാതികളുടെയും ജാതിധർമങ്ങളെയാണ് മനു ധർമമായി എണ്ണുന്നത് ( ഭഗവൻ സർവ വർണാനാം / യഥാവദനുപൂർവശ: / അന്തരപ്രഭവാണാം ച / ധർമാൻ നോ വക്തുമർഹി / മനുസ്മൃതി, 1.2). ഇവിടെ ധർമത്തെ വർണധർമം എന്നു തന്നെയാണ് മനു വിവക്ഷിക്കുന്നത്. ഇതേ ആശയം യാജ്ഞവല്ക്യസ്മൃതിയിലും കാണാം. യാജ്ഞവല്ക്യനോട് മുനിമാർ വർണാശ്രമധർമം എന്ന ധർമം ചൊല്ലിത്തരാനാണ് അപേക്ഷിക്കുന്നത് ( യോഗീശ്വരം യാജ്ഞവല്ക്യം സംപൂജ്യ മുനയോ അബ്രുവൻ / വർണാശ്രമേതരേഷാം നോ ബ്രൂഹി ധർമാനശേഷത: // യാജ്ഞവല്ക്യസ്മൃതി, 1 . 1 ). തന്ത്രവാർത്തികത്തിൽ ധർമം എന്നതുകൊണ്ട് വർണാശ്രമധർമമാണ് ലക്ഷ്യമാക്കുന്നത് ( സർവധർമസൂത്രാണാം വർണാശ്രമധർമോപദേശിത്വാത് ). മനുസ്മൃതിയുടെ വ്യാഖ്യാതാവായ മേധാതിഥി ധർമത്തിന് അഞ്ച് ഭാഗങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്നുണ്ട്. ധർമത്തിന് വർണധർമം, ആശ്രമധർമം, വർണാശ്രമധർമം, നൈമിത്തിക ധർമം, ഗുണധർമം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളുണ്ടെന്ന് മേധാതിഥി സ്ഥാപിക്കുന്നു. ആചാരമാണ് പരമമായ ധർമമെന്ന് മനു പ്രസ്താവിക്കുന്നു ( ആചാര: പരമോ ധർമ:, മനു. 1. 108). മനുവിനെ വ്യാഖ്യാനിച്ചുകൊണ്ട് കുല്ലുക ഭട്ടൻ ധർമത്തെ ശ്രുതി പ്രമാണമായി ഗണിക്കുകയും, അതിന് വൈദികമെന്നും താന്ത്രികമെന്നും രണ്ട് വഴികളുണ്ടെന്നു സ്പഷ്ടമാക്കുകയും ചെയ്യന്നു. (അഥാതോ ധർമം വ്യാഖ്യാസ്യാമ: | ശ്രുതിപ്രമാണകോ ധർമ: | ശ്രുതിശ്ച ദ്വിവിധാ താന്ത്രികീ വൈദികീ ച ). ശ്രുതിസ്മൃതി വിഹിതമായതാണ് ധർമമെന്ന് വസിഷ്ഠധർമസൂത്രം ( ശ്രുതിസ്മൃതി വിഹിതോ ധർമ:, വസിഷ്ഠ ധർമ സൂത്രം, 1.4-6 ). ശ്രുതിസ്മൃതി സദാചാരങ്ങളാണ് ധർമ മൂലമെന്ന് യാജ്ഞവല്ക്യസ്മൃതിയും വിധിക്കുന്നു (ശ്രുതിസ്മൃതി സദാചാര: സ്വസ്യ ച പ്രിയമാത്മന: / സമ്യക് സങ്കല്പജ: കാമോ ധർമമൂലമിദം സ്മൃതം // യാജ്ഞവല്ക്യസ്മൃതി, 1.7 ). എല്ലാ ധർമങ്ങൾക്കും മൂലകാരണമായിരിക്കുന്നത് വേദമാണെന്നും, വേദജ്ഞന്മാരുടെ വാക്കുകളും പ്രവൃത്തിയും ആചാരങ്ങളും ധാർമികരായ ജനങ്ങളുടെ ആത്മപ്രീതിയും ധർമത്തിന് പ്രമാണങ്ങളാകുന്നു എന്നും മനു പറയുന്നു (വേദോ അഖിലോ ധർമ മൂലം … സാധൂനാമാത്മതുഷ്ടിരേവ ച , മനു. 2. 6). ധർമത്തിന്റെ ലക്ഷണമായി വേദം, സ്മൃതി, സദാചാരം, ആത്മതുഷ്ടി എന്നിവയെ പരിഗണിക്കുന്ന മനുവിന്റെ അഭിപ്രായത്തിൽ ബ്രഹ്മാവർത്തദേശത്തിലുള്ള ചതുർവർണങ്ങളുടെയും അന്തരാള ജാതികളുടെയും ആചാരമാണ് സദാചാരം (തസ്മിൻ ദേശേ യ ആചാര: പാരമ്പര്യ ക്രമാഗത: / വർണാനാം സാന്തരാളാനാം സ സദാചാര ഉച്യതേ // മനു. 2.18).അതായത് ധർമമെന്നാൽ ചാതുർവർണ്യ ധർമമെന്ന് സാരം. മനുവിന്റെ ധർമമനുസരിച്ച് ബ്രാഹ്മണന് മംഗളസൂചകമായ പേരും, ക്ഷത്രിയന് ബലത്തെ സൂചിപ്പിക്കുന്നതും, വൈശ്യന് ധനപരമായതും, ശൂദ്രന് ജുഗുപ്സ ഉളവാക്കുന്ന പേരും നൽകണം (മംഗല്യം ബ്രാഹ്മണ്യ സ്യാദ്… ശൂദ്രസ്യ തു ജുഗുപ്സിതം, മനു. 2. 30 ). ശൂദ്രന്റെ പേര് കേൾക്കുമ്പോൾ ജുഗുപ്സ ഉളവാകണമെന്ന് വിധിക്കുന്ന മനുവിന്റെ ധർമം മനുഷ്യർക്കിടയിൽ വിവേചനവും വിദ്വേഷവുമാണ് സൃഷ്ടിക്കുന്നത്.മനുധർമം ബ്രാഹ്മണനെയാണ് ആചാര്യനായി കാണുന്നത്. ശിഷ്യനെ ഉപനയിച്ച് ഉപനിഷത്തുൾപ്പെടെ വേദശാഖയെ അധ്യയനം ചെയ്യിക്കുന്ന ബ്രാഹ്മണനെയാണ് മനു ആചാര്യനെന്ന് വിളിക്കുന്നത് (ഉപനീയ തു യ: ശിഷ്യം വേദമധ്യപയേദ്ദ്വിജ: / സകൽപ്പം സരഹസ്യം ച തമാചാര്യം പ്രചക്ഷതേ // മനു. 2 . 140 ). ഇങ്ങനെ നോക്കിയാൽ ധർമം എന്നതുകൊണ്ട് വൈദികഗ്രന്ഥ പാഠങ്ങൾ വിവക്ഷിക്കുന്നത് ചാതുർവർണ്യ ജാതിധർമമാണെന്ന് വ്യക്തമാണ്.

വേദ ഇതിഹാസ പുരാണങ്ങളിലെ ധർമ സങ്കല്പം സമത്വ, -സ്വാതന്ത്ര്യ, – സാഹോദര്യ ആശയങ്ങളെ നിരാകരിക്കുകയും എതിർക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ഭർതൃ സേവയാണ് സ്ത്രീധർമമെന്നും ഭർത്താവിനെ മറികടന്ന് സ്ത്രീകൾ യാതൊന്നും ചെയ്യരുതെന്നും മനു കല്പിക്കുന്നു (മനു. 5. 148, 152 ). മനുവിന് മുൻപ് തന്നെ ധർമസൂത്രകർത്താക്കൾ, “സ്ത്രീകൾ അസ്വതന്ത്രകളാണെന്ന്’ വിധിയെഴുതിയിരുന്നു (“അസ്വതന്ത്രാ സ്ത്രീയ:’). ഗൗതമൻ ഉൾപ്പെടെയുള്ള ധർമസൂത്ര കർത്താക്കളുടെ ദൃഷ്ടിയിൽ വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്നതും, വേദം ചൊല്ലുന്ന ശൂദ്രന്റെ നാവ് വെട്ടിപ്പിളർക്കുന്നതുമായിരുന്നു ധർമം. ചണ്ഡാളരെ കാണുന്നതുപോലും പാപമാണെന്ന “ധർമം’ പ്രചരിപ്പിച്ചത് ധർമസൂത്രകർത്താക്കളാണ്. അയിത്തവും തൊട്ടുകൂടായ്മയും ബ്രാഹ്മണ്യം ധർമമായി കാണുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്തു. അതിനായി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതിക്കൂട്ടി. ഇന്ത്യൻ ഇതിഹാസപുരാണ പാഠങ്ങളിൽ ബ്രാഹ്മണന് ദാനം നൽകുന്നതായിരുന്നു ധർമം. മറ്റിതര ജനവിഭാഗങ്ങളുടെ ദാരിദ്ര്യത്തെ ദാനധർമത്തിനായി ബ്രാഹ്മണ്യം പരിഗണിച്ചില്ല. ഇന്ത്യയിലെ പുറന്തള്ളൽ വ്യവസ്ഥയെ സൃഷ്ടിച്ചത് വർണാശ്രമ ചാതുർവർണ്യമെന്ന ധർമമാണ്. വർണാശ്രമധർമം മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ല. സാഹോദര്യത്തെയും സമത്വത്തെയും വർണാശ്രമധർമം വെറുക്കുന്നു. ധർമം എന്നാൽ വർണാശ്രമ ചാതുർവർണ്യ ധർമമാണെന്ന് അർത്ഥശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്.

“ത്രയിയിൽ ഉപദേശിക്കുന്ന ഈ ധർമം നാലു വർണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധർമസ്ഥാപനം ചെയ്യുന്നതിനാൽ ഉപകരിക്കുന്നു’ ( ഏഷ ത്രയി ധർമശ്ചതുർണാം വർണാനാമാശ്രമാണാം ച സ്വധർമസ്ഥാപനാദൗപകാരിക:) എന്ന് അർത്ഥശാസ്ത്രം പ്രസ്താവിക്കുന്നു. ഓരോ ജാതിയിലും വർണത്തിലും ഉൾപ്പെട്ടവർ വർണാനുസൃതമായി തൊഴിലുകളിൽ ഏർപ്പെടാൻ അർത്ഥശാസ്ത്രം വിധിക്കുന്നു. ഇതാണ് അർത്ഥശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ സ്വധർമം. അർത്ഥശാസ്ത്രമനുസരിച്ച് ബ്രാഹ്മണന് അധ്യയനവും അധ്യാപനവും ശൂദ്രന് ബ്രാഹ്മണപാദസേവയുമാണ് സ്വധർമം ( സ്വധർമോ ബ്രാഹ്മണസ്യാദ്ധ്യയനമധ്യാപനം… ശൂദ്രസ്യ ദ്വിജാതി ശുശ്രൂഷാ വാർതാകാരു കുശീലവ കർമ ച). അർത്ഥശാസ്ത്രത്തിന്റെ ഈ സ്വധർമം, തൊഴിലിനെ മാത്രമല്ല തൊഴിലാളികളെയും വിഭജിക്കുന്നു. ചില തൊഴിലുകൾ ചില പ്രത്യേക സമുദായത്തിൽ ജനിച്ചവർ മാത്രം ചെയ്യാനായി അർത്ഥശാസ്ത്രധർമം ശാസിക്കുന്നു.

ചണ്ഡാളന്മാരുടെ പാർപ്പിടങ്ങൾ ശ്മശാനത്തിന്റെ സമീപത്തായിരിക്കണം എന്ന് അർത്ഥശാസ്‌ത്രം കല്പിക്കുന്നു. വർണധർമ പ്രത്യയശാസ്ത്രത്തിന്റെ അസമത്വബോധത്തിലാണ് അർത്ഥശാസ്ത്രം നിലീനമായിരിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. ധർമം എന്നത് ബ്രാഹ്മണ്യത്തെ രക്ഷിക്കലാണെന്നും ധർമം എന്നാൽ വർണാശ്രമധർമമാണെന്നും ഗീതാ ഭാഷ്യത്തിൽ ശങ്കരൻ സ്പഷ്ടമാക്കുന്നുണ്ട് (ബ്രാഹ്മണത്വസ്യ രക്ഷണേ രക്ഷിത: സ്യാദ് വൈദികോ ധർമ: തദധീനത്വാദ് വർണാശ്രമ ഭേദാനാം). ജാതി വിഹിതങ്ങളായ കർമങ്ങൾ ആചരിക്കുന്നവർക്ക് സ്വർഗപ്രാപ്തി ഫലം, വർണ്ണാശ്രമ ധർമം അനുസരിച്ച് സ്വകർമനിഷ്ഠരായവർ കർമഫലം അനുഭവിച്ച് പിന്നീട് വിശിഷ്ടമായ ദേശത്തിലും ഉയർന്ന ജാതിയിലും ഉയർന്ന കുലത്തിലും ജനിക്കും എന്നും പുരാണങ്ങളെയും സ്മൃതികളെയും ഉദ്ധരിച്ച് ശങ്കരാചാര്യർ ഗീതാഭാഷ്യത്തിൽ കുറിക്കുന്നു ( ഏതേഷാം ജാതി വിഹിതാനാം… ഇത്യാദി സ്മൃതിഭ്യ: പുരാണേ ച വർണിനാം ആശ്രമിണാം ച ലോകഫലഭേദ വിശേഷസ്മരണാത് ). ഇവിടെ മനുഷ്യരെ ഉയർന്നവരെന്നും താഴ്ന്നവരെന്നും വേർതിരിക്കുന്ന വർണാശ്രമധർമത്തിന്റെ വക്താവായി അദ്വൈതഭാഷ്യകാരനായ ശങ്കരൻ പ്രത്യയപ്പെടുന്നു. ശങ്കരന്റെ അദ്വൈതത്തിന്റെ ഊടും പാവും ചാതുർവർണ്യവും വർണവ്യവസ്ഥയുമാണെന്ന് സാരം. സ്ത്രീകളും വൈശ്യരും ശൂദ്രരും പാപയോനികളാണെന്നും ശങ്കരൻ ഗീതാഭാഷ്യത്തിൽ എഴുതുന്നുണ്ട് (ഗീത. 9.32 ന്റെ ശാങ്കരഭാഷ്യം). പരീക്ഷിത്തിന്റെ ഭരണം “ഉത്തമഭരണ’മായാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. പരീക്ഷിത്ത് വർണധർമത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണം നിർവഹിച്ചത്. ഇങ്ങനെ വേദങ്ങളും ഇതിഹാസ പുരാണപാഠങ്ങളും സമഗ്രമായി പരിശോധിച്ചാൽ അതിലെല്ലാം ധർമമെന്ന് ശ്ലാഘിക്കുന്നത് വർണാശ്രമധർമത്തെയും ചാതുർവർണ്യത്തെയുമാണെന്നു കാണാം. ഈ ചാതുർവർണ്യധർമത്തെയാണ് ഹിന്ദുത്വവാദികൾ സനാതനമെന്ന് വാഴ്ത്തുന്നത്. ഹിംസയുടെ വ്യവസ്ഥാരൂപമായ സനാതനധർമം ഇന്ത്യയിലെ സ്ത്രീകളെയും പിന്നാക്ക ജനതയെയും ദലിതരെയും ആദിവാസികളെയും നികൃഷ്ടരായി കൽപ്പിച്ച് പുറന്തള്ളുന്നു. അതുകൊണ്ടുതന്നെയാണ് നാരായണഗുരു ഈ സനാതനധർമത്തെ നിശിതമായി വിമർശിച്ചത്.

വർണാശ്രമങ്ങളുടെ കടമകളും കർത്തവ്യങ്ങളുമെന്നാണ് ധർമത്തെ മീമാംസാചാര്യനായ കുമാരിലഭട്ടൻ നിർവചിക്കുന്നത്. “ബ്രാഹ്മണാദി നാലുവർണങ്ങളെ നാലംഗങ്ങളിൽ നിന്ന് ഈശ്വരൻ സൃഷ്ടിച്ചു. അവർക്ക് ഓരോ ധർമവും നിശ്‌ചയിച്ചു. അവരിൽ നിന്ന് ബാഹ്യന്മാരായി ചില ജാതിക്കാർ കർമദോഷം കൊണ്ടും പ്രതിലോമസങ്കരം കൊണ്ടും ഉണ്ടായി വന്നു’ എന്ന് തിരുവിതാംകൂർ ക്ഷേത്രപ്രവേശനക്കമ്മറ്റി റിപ്പോർട്ടിൽ (1934) പുന്നശ്ശേരി നമ്പി നീലകണ്ഠശർമ എഴുതി. ” ശ്രേയാൻ സ്വധർമോ വിഗുണ:’ എന്ന ഗീതാവാക്യം ഉദ്ധരിച്ചു കൊണ്ട് പുന്നശ്ശേരി ഇപ്രകാരം പ്രസ്താവിച്ചു: ” ഈ ഗീതാവാക്യം കൊണ്ട് അന്യധർമത്തെ വളരെ നന്നായി അനുഷ്ഠിക്കുന്നതിനേക്കാൾ, ചീത്തയാണെങ്കിലും സ്വധർമത്തെ അനുഷ്ഠിക്കുകയാണ് അധികം നല്ലത്. ഈ തത്വം മനസ്സിലാക്കാതെ ദുരഭിമാനം കൊണ്ടോ മറ്റോ അതിരു ലംഘിച്ച് പ്രവേശിക്കാൻ ആഗ്രഹിച്ചു പ്രക്ഷോഭം നടത്തുന്നതായാലതിന് അനുകൂലിപ്പാൻ പാടില്ല’ (Temple Entry Report, p. 168). വർണാശ്രമധർമങ്ങളെ യഥോചിതം രക്ഷിക്കുന്നത് രാജധർമമാണെന്നും, ശാസ്ത്രത്തിനും സദാചാരത്തിനും വിരുദ്ധമായി അവർണർക്ക് ക്ഷേത്രപ്രവേശം കൊടുക്കുന്നത് ആ ധർമവ്യവസ്ഥക്കും സദാചാരത്തിനും മൂലകുഠാരമായിത്തീരാതിരിക്കുന്നതല്ല’ എന്നും പുന്നശ്ശേരി എഴുതി. “തീണ്ടലെന്ന് പറയുന്നത് ശാസ്ത്രത്തിനും സദാചാരത്തിനും അനുസരിച്ചുള്ളതാണ്. അത് ചില ജാതിക്കാർ അടുത്തുവന്നാൽ ചില ജാതിക്കാർ കുളിക്കയും മറ്റും വേണമെന്ന് ഉള്ളതാകുന്നു. അത് ശ്രൗതാഗ്നിക്കും സ്മാർത്താഗ്നിക്കും ക്ഷേത്രങ്ങളിലുമുള്ള ബിംബങ്ങൾക്കും ചാതുർവർണ്യത്തിനും സംബന്ധിക്കുന്നതാകുന്നു. ആ തീണ്ടൽ നിമിത്തമാണ് അവർക്കു ക്ഷേത്രപ്രവേശം നിഷേധിക്കപ്പെട്ടിട്ടുള്ളത്’ –- പുന്നശ്ശേരി ക്ഷേത്ര പ്രവേശന റിപ്പോർട്ടിൽ പ്രസ്താവിച്ചു. വേദേതിഹാസ പുരാണ പാഠങ്ങളിൽ നിന്ന് നിരവധി ശ്ലോകങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർണരുടെ ക്ഷേത്രപ്രവേശനത്തെ തടയുന്ന പുന്നശ്ശേരി നീലകണ്ഠശർമയുടെ അഭിപ്രായത്തിൽ ‘ധർമം ‘എന്നത് ചാതുർവർണ്യവും വർണാശ്രമവുമാണെന്ന് വ്യക്തമാവുന്നുണ്ട്. ബാലരാമവർമയുടെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് തവനൂർ പരമേശ്വരൻ നമ്പൂതിരി “ക്ഷേത്ര പ്രവേശന വിളംബരവിമർശം’ എന്നൊരു ലഘുഗ്രന്ഥം എഴുതുകയുണ്ടായി. ധർമരാജ്യമെന്ന് സുപ്രസിദ്ധി നേടിയ തിരുവിതാംകൂറിൽ ഉണ്ടായ ക്ഷേത്ര പ്രവേശന വിളംബരം ഏറ്റവും ധർമ ദ്രോഹകരമായ ഒന്നാണെന്നാണ് തവനൂർ പരമേശ്വരൻ നമ്പൂതിരി പറയുന്നത്. എന്താണ് സനാതനധർമമെന്ന് തവനൂർ നമ്പൂതിരി വിശദമാക്കുന്നുണ്ട്. “ഹിന്ദുമതത്തിന്റെ അടിസ്ഥാനങ്ങൾ സനാതനധർമങ്ങളും വിശേഷാചരണങ്ങളുമാകുന്നു’ എന്ന് തവനൂർ വ്യക്തമാക്കുന്നു. തുടർന്ന് അദ്ദേഹം എഴുതുന്നു: ” ഹിന്ദുമതത്തിന്റെ ജീവനായ ധർമത്തിന് ആധാരമായ ശരീരം ചാതുർവർണ്യം ആകുന്നു. എന്നുവച്ചാൽ വർണാശ്രമ ധർമ സമ്പ്രദായം ഈ ചാതുർവർണ്യത്തിന് അതിന്റെ അതായത് വേദത്തിന്റെ ഉല്പത്തിയോളം തന്നെ പഴക്കമുണ്ടെന്ന് ആരും അറിഞ്ഞിരിക്കേണ്ടതാണ്’. ഇവിടെ വളരെ കൃത്യമായി സനാതനധർമമെന്ന് വ്യവഹരിക്കുന്നത് ചാതുർവർണ്യവും വർണാശ്രമധർമ സമ്പ്രദായവുമാണെന്ന് പരമേശ്വരൻ നമ്പൂതിരി സ്പഷ്ടമാക്കുന്നു. ഈ സനാതന ധർമത്തിന്റെ ജാതിയും ആചാരവും നടപടികളും സംരക്ഷിക്കുന്നതിന് അവതാരങ്ങൾ ഉണ്ടാവുമെന്നും തവനൂർ പരമേശ്വരൻ നമ്പൂതിരി എഴുതുന്നു. ജാത്യാചാരമാണ് ധർമമെന്നും തവനൂർ കുറിക്കുന്നുണ്ട് : ” അതാത് ജാത്യാചാരം പോലെ സേവിക്കുന്നതാണ് എല്ലാവർക്കും ശ്രേയസ് എന്ന അഭിപ്രായത്തോടെ ഭഗവാൻ ആചാര പ്രഭവോ ധർമ: എന്ന് പറയുന്നുണ്ടല്ലോ’. വേദപുരാണ പാഠങ്ങൾ ഉദ്ധരിച്ചുകൊണ്ട് സനാതന ധർമമെന്നാൽ ചാതുർവർണ്യവും വർണാശ്രമധർമവുമാണെന്നുതന്നെ തവനൂർ പരമേശ്വരൻ നമ്പൂതിരി തെളിയിക്കുന്നു.

നാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കി മാറ്റാൻ ശക്തമായ ശ്രമങ്ങൾ നടത്തിവരുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സനാതനികളുടെ വാദങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് ചരിത്രപരമായ ശിവഗിരി പ്രസംഗം നിർവഹിച്ചത്. ഇതിനു മുൻപ് ഇക്കാര്യം തുറന്നു പറയാൻ ധൈര്യം കാട്ടിയത് സാക്ഷാൽ സഹോദരൻ അയ്യപ്പൻ ആയിരുന്നു. ധർമം എന്നു പറയുന്നത് വർണാശ്രമധർമം തന്നെയാണെന്ന് ശിവഗിരിയിൽ സഹോദരൻ അയ്യപ്പൻ പ്രസംഗിച്ചു. വർണാശ്രമധർമത്തിന്റെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനാണ് വർണവാദികൾ ശ്രമിക്കുന്നത്. വർണാശ്രമധർമത്തിന്റെ മറ്റൊരു പേര് മാത്രമാണ് സനാതന ധർമം. അതുകൊണ്ടുതന്നെ ഗുരുവിനെ സനാതനധർമത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് ഗുരുവിനെ അപമാനിക്കലാണ്.

ഗുരുവിന്റെ സനാതന മൂല്യങ്ങൾ
സാഹോദര്യം, സ്നേഹം തുടങ്ങിയ സനാതന മൂല്യങ്ങൾക്കുവേണ്ടിയാണ് ഗുരു നിലകൊണ്ടത്. സ്നേഹവും സാഹോദര്യവും ശാശ്വതമായ മൂല്യങ്ങളാണെന്ന് ഗുരു ദർശിച്ചു. 1925 ൽ സി.വി. കുഞ്ഞിരാമനുമായുള്ള സംഭാഷണത്തിൽ ഗുരു ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഗുരു പ്രസ്താവിച്ചു: “സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ സാഹോദര്യം സ്നേഹത്തെയും , സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ , സാഹോദര്യമാണ് ശ്രേഷ്ഠം അതല്ല സ്നേഹമാണ് ശ്രേഷ്ഠം എന്ന് വിവാദം ഉണ്ടാകുന്നു എങ്കിൽ അതിനെ വ്യഥാ വിവാദം എന്നല്ലാതെ പറയാൻ തരമുണ്ടോ? സനാതനധർമ്മങ്ങൾ തുല്യപ്രധാനങ്ങളാണ്. മതത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന മൂല്യമായി ഗുരു സ്നേഹത്തെയും സാഹോദര്യത്തെയും പരിഗണിച്ചു. ഹിന്ദുമതം സമം സനാതനധർമം എന്ന വ്യാഖ്യാനത്തെയും ഗുരു അംഗീകരിച്ചിരുന്നില്ല. സനാതനധർമങ്ങൾ തുല്യ പ്രധാനങ്ങളാണെന്ന് അരുളിയതിലൂടെ മതഭേദങ്ങളെയും, മതങ്ങൾ തമ്മിലുള്ള ഉച്ച നീചത്വത്തെയും ഗുരു നിരാകരിച്ചു. മതം എന്നാൽ അഭിപ്രായമാണെന്ന് ഉരച്ച ഗുരു മതത്തെ വ്യക്തിയുടെ സ്വാതന്ത്ര്യമായി കണ്ടു.

“ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത് ഇരുപതുകോടി ഹിന്ദുക്കൾക്ക് ഇരുപതുകോടി മതങ്ങൾ ഉണ്ടെന്നു വന്നു കൂടും’ എന്ന് പറയുന്നതിലൂടെ ഗുരു മതത്തെ സംഘടിത ബോധ്യം എന്നതിൽ നിന്നും വ്യക്തി ബോധ്യമായി, വ്യക്തിസ്വാതന്ത്ര്യമായി ഉപദർശിച്ചു.

ഗുരുദർശനം തിരിച്ചറിഞ്ഞ സത്യവ്രതസ്വാമികൾ ആലുവസർവമത സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സത്യവ്രത സ്വാമികൾ ഇപ്രകാരം പ്രസ്താവിച്ചു: ” ലോകത്തിൽ ഇതേവരെ ഉണ്ടായിട്ടുള്ള മതങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമേതെന്ന് രാമനുവേണ്ടി കൃഷ്ണൻ തീരുമാനിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ഭിന്നമതങ്ങൾ പഠിച്ചറിഞ്ഞശേഷം രാമനുവേണ്ടി രാമനും കൃഷ്ണനുവേണ്ടി കൃഷ്ണനും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണന്മാർക്ക് നൽകണം. എന്നാൽ രാമകൃഷ്ണന്മാർക്ക് തീരുമാനം വിവേകപൂർവ്വം ചെയ്യുന്നതിനുള്ള പൂർണമായ സൗകര്യം നാം ഉണ്ടാക്കിക്കൊടുക്കേണ്ടതാണ്’. ഇവിടെ ഒരാളുടെ മതം മറ്റൊരാളെ അടിച്ചേല്പിക്കുന്നതിനെ സത്യവ്രത സ്വാമികൾ അംഗീകരിക്കുന്നില്ല. ഏതെങ്കിലും ഒരു മതം മറ്റൊരാളെ അടിച്ചേല്പിക്കുന്നതിന് ഗുരു എതിരായിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തിനായി ഗുരു നിലകൊണ്ടു. പള്ളാത്തുരുത്തിയിൽ വെച്ചു കൂടിയ എസ്എൻഡിപി യോഗത്തിന്റെ 24-ാം വാർഷിക സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് ശ്രീനാരായണഗുരുസ്വാമികൾ ഇപ്രകാരം എഴുതി: “സമുദായ സംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങൾ ഗൗരവമായി ആലോചനകൾ ചെയ്തുവരുന്നുണ്ടെന്ന് അറിയുന്നത് വളരെ സന്തോഷം തന്നെ. എന്നാൽ സംഘടനകളുടെ ഉദ്ദേശ്യം ഒരു പ്രത്യേക വർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാൻ ആയിരിക്കരുത്‌. മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച് മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. *നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം* മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമമായ ആദർശത്തിലേക്ക് നയിക്കുന്നതും ആയിരിക്കണം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു . ഈ സനാതനധർമത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കും എന്ന് നമുക്ക് തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്ന് വിചാരിക്കുന്നവർക്ക് സനാതനധർമം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്’. ഇവിടെ, “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ആശയത്തെയാണ് സനാതനധർമമായി ഗുരു അവതരിപ്പിക്കുന്നത്. ആർഷഭാരത വ്യവസ്ഥിതി ജാതിവിവേചനവും അസമത്വവും ജീവിതചര്യയായി പാലിക്കാൻ നിർബന്ധിക്കുമ്പോൾ മനുഷ്യരിലെ മനുഷ്യത്വമാണ് ജാതി എന്ന് ഗുരു വിളംബരം ചെയ്യുന്നു. എല്ലാ മതങ്ങളെയും ചേർത്ത് മനുഷ്യമതമെന്നോ മാനവധർമമെന്നോ പേരിട്ടുകൂടേ എന്ന് സി.വി.കുഞ്ഞിരാമനോട് ചോദിക്കുന്ന ഗുരു മതങ്ങൾ തമ്മിലുള്ള ഉച്ചനീചത്വവും കലഹങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു.

“ഹിന്ദു മതമെന്ന് ഒരു മതമേയില്ലല്ലോ’ എന്ന് 1925 ൽ സുചിന്തിതമായ പ്രസ്താവിച്ച ഗുരുവിനെ സനാതനധർമത്തിന്റെ വക്താവാക്കിത്തീർക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഗുരു നിന്ദ. സ്വന്തം ജീവിതം കൊണ്ടും ചിന്തകൾ കൊണ്ടും വർണാശ്രമധർമമെന്ന സനാതനധർമത്തെ എതിർത്ത ഗുരുവിനെ അതിന്റെ വക്താവാക്കുന്നത് ഗുരുവിനോടുള്ള അനീതിയാണ്. ജാതി മത ഭേദങ്ങൾ കൈവിട്ട ഗുരു എങ്ങനെ സനാതന ധർമത്തിന്റെ വക്താവാകും? കൊല്ലവർഷം 1091 ൽ ഗുരു വിളംബരപ്പെടുത്തിയത് ഇങ്ങനെയാണ്: “നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവൽസരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും നാം അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യ വർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യ സംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും, മേലും ചേർക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത് ആകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.’ ഇങ്ങനെ താൻ പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന് പ്രഖ്യാപിച്ച ഗുരുവിനെയാണ് സതാനതധർമത്തിന്റെ ആചാര്യനാക്കാൻ ശ്രമിക്കുന്നത്. ഏതെങ്കിലും പ്രത്യേക മതത്തോട് മമത വെച്ചു പുലർത്താത്ത ഗുരുവിനെ , പ്രത്യേക ധർമത്തിന്റെ ആചാര്യനായി വാഴ്ത്തുന്നതും ഗുരുവിരുദ്ധതയാണെന്ന് പറയാതെ വയ്യ. ജാതി മത ഭേദങ്ങൾ കൈയൊഴിഞ്ഞു എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും ഗുരു 1916 ൽ വ്യക്തമാക്കുന്നുണ്ട്. കൊല്ലം പട്ടത്താനത്ത് അച്യുതൻ മേസ്തിരി പണിയിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിൽ ഗുരുദേവൻ തന്റെ ആശയം കൂടുതൽ സ്പഷ്ടമാക്കി: “ഇപ്പോൾ കാണുന്ന മനുഷ്യനിർമിതമായ ജാതി വിഭാഗത്തിന് യാതൊരു അർത്ഥവുമില്ല, അനര്‍ത്ഥകരവും ആണ്. അത് നശിക്ക തന്നെ വേണം. മേൽജാതി എന്നും കീഴ്ജാതി എന്നുമുള്ള വിചാരം തന്നെ ഇല്ലാതാകണം. ഈ വിചാരം നമ്മിൽ നിന്ന് പോയിട്ട് വളരെ കാലമായി. സാമുദായിക സംഗതികൾ മതത്തിനോ, മതം സാമുദായിക സംഗതികൾക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സാമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായ മനുഷ്യർ ഉണ്ടല്ലോ അവരിൽ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളർച്ചയ്ക്കനുസരിച്ച് ഭിന്ന മതങ്ങൾ കൂടിയേ തീരൂ. എല്ലാവർക്കും സ്വീകാര്യമായ ഒരൊറ്റ മതം ഉണ്ടാവാൻ പ്രയാസമാണ്. എന്റെ മതം സത്യം മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട് അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്. ഇപ്പോൾ നടപ്പിൽ ഇരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു പ്രത്യേക ബന്ധവുമില്ല. നാമായിട്ട് ഒരു മതവും സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതവുമാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടമുള്ള മതം ആചരിച്ചാൽ മതി. ‘നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ചാണ് . ഇതുപോലെ ക്രിസ്ത്യാനികൾ, മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായി വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതങ്ങൾ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ജാതിയോടും മതത്തിനോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അർത്ഥമുള്ളൂ’. താനായിട്ട് പ്രത്യേക മതം സ്ഥാപിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിനെ സനാതനിയാക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. നിലവിലിരിക്കുന്ന ഒരു മതവുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിളംബരം ചെയ്ത ഗുരു എങ്ങനെ സനാതനധർമത്തിന്റെ ആചാര്യനാകും? ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമായി വേണ്ടത് ചെയ്യുവാൻ മടിയില്ലെന്നു പറഞ്ഞ ഗുരു സങ്കുചിതമായ മത ബോധ്യങ്ങളെ സമ്പൂർണമായി കൈയൊഴിഞ്ഞു. ഇങ്ങനെ നോക്കിയാൽ ആർഷഭാരത സനാതനധർമത്തെ നിശിതമായി കരുണയോടെ വിമർശിക്കുകയും കൈയൊഴിയുകയും ചെയ്ത ഗുരു എല്ലാക്കാലത്തേക്കുമുള്ള ശാശ്വതമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനും വിശ്വഗുരുവുമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. സ്നേഹത്തെയും സാഹോദര്യത്തെയുമാണ് ഗുരു സനാതനമായി കണ്ടത്. ഇങ്ങനെയുള്ള ഗുരുവിനെ വർണാശ്രമധർമത്തിന്റെ മറ്റൊരു പേര് മാത്രമായ സനാതനധർമത്തിന്റെ പ്രോക്താവാക്കി മുദ്ര കുത്തുന്നത് ചരിത്രനിഷേധവും ഗുരുനിന്ദയുമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − fifteen =

Most Popular