Wednesday, January 22, 2025

ad

Homeകവര്‍സ്റ്റോറിസനാതന ധര്‍മവും ശ്രീനാരായണ ദര്‍ശനവും

സനാതന ധര്‍മവും ശ്രീനാരായണ ദര്‍ശനവും

എം വി ഗോവിന്ദന്‍

ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവാണ് എന്ന പ്രചാരണം ഹിന്ദുത്വവാദികള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ശ്രീനാരായണ ഗുരു അതിന്റെ വക്താവല്ലെന്ന കാര്യം ശിവഗിരിയില്‍ നടന്ന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചര്‍ച്ച കേരളീയ സമൂഹത്തില്‍ സജീവമായത്.

സനാതന ധര്‍മ്മം എന്നത് യഥാര്‍ത്ഥത്തില്‍ വര്‍ണ്ണാശ്രമ ധര്‍മ്മം തന്നെയാണ്. നമ്മുടെ രാജ്യത്ത് പ്രാചീനകാലത്ത് ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്പെടുത്തിയ ജീവിത കാഴ്ചപ്പാടുകളായിരുന്നു നിലനിന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അതിനെ സംരക്ഷിക്കുന്ന ആശയഗതികളും സമൂഹത്തില്‍ ശക്തമായി നിലകൊണ്ടു. അത്തരത്തിലുള്ള ആശയ ലോകമാണ് സനാതന ധര്‍മ്മത്തിലൂടെ ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ വിശദീകരിച്ചത്.

ചാതുര്‍വര്‍ണ്യത്തെ പിന്തുണയ്ക്കുന്ന ഇത്തരം ആശയഗതികൾതന്നെയാണ് സംഘപരിവാര്‍ പിന്തുടരുന്നത് എന്നും കാണാവുന്നതാണ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ബ്രാഹ്മണന്‍ തലയാണ്, ക്ഷത്രിയന്‍ കൈകളും, വൈശ്യന്‍ ഊരുക്കളും, ശൂദ്രന്‍ പാദങ്ങളും എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ചാതുര്‍വര്‍ണ്യത്തിന്റെ രീതി പ്രകാരം വര്‍ണ്ണമുള്ള ഈ നാല് വിഭാഗങ്ങള്‍ക്കാണ് ഗ്രാമങ്ങളില്‍ പ്രവേശനമുണ്ടായിരുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗത്തെ വര്‍ണ്ണങ്ങളുടെ ലോകത്ത് പെടുത്താതെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. ഇത്തരമൊരു ലോകത്തെ വിശിഷ്ടമായി കണക്കാക്കുന്ന കാഴ്ചപ്പാടായിരുന്നു സനാതന ധര്‍മ്മം എന്ന വിളിക്കപ്പെടുന്ന ധര്‍മ്മവും പിന്തുടർന്നിരുന്നത് എന്ന് കാണാം.

മനുഷ്യനെ ഇത്തരത്തില്‍ വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന സമ്പ്രദായത്തിനെതിരെയാണ് ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ രംഗത്തുവന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇങ്ങനെ വര്‍ണ്ണങ്ങള്‍ക്ക് അതീതമായി മനുഷ്യരെ യോജിപ്പിച്ച് നിര്‍ത്തുന്ന ആശയമായിരുന്നു. മനുഷ്യരെ വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തില്‍ അഥവാ, ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ചുനിര്‍ത്തുന്ന സനാതന ധര്‍മ്മത്തിന് പകരം എല്ലാ മനുഷ്യരും ഒന്നാണ് എന്ന സങ്കല്‍പമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചത്. അത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്ന ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവായി മാറ്റുന്ന ആശയത്തിനെതിരെ ഗുരുവിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടിനെ മുന്നോട്ടുവെക്കേണ്ടതിന്റെ പ്രാധാന്യമാണ് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിയത്.

ജനങ്ങളെ മതത്തിന്റേയും ജാതിയുടേയും പേര് പറഞ്ഞ് വിഭജിക്കുന്നതിനെതിരെയുള്ള പോരാട്ടമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ജീവിതം. അതിന്റെ അടിസ്ഥാനത്തിലാണ് ആലുവയില്‍ 1924 ല്‍ സര്‍വ്വമത സമ്മേ ളനം ശ്രീനാരായണ ഗുരു സംഘടിപ്പിച്ചത്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഈ സമ്മളനം എന്നായിരുന്നു ശ്രീനാരായണ ഗുരു പ്രഖ്യാപിച്ചത്. സര്‍വ്വ മതങ്ങളുടേയും സത്ത ഒന്നാണെന്ന കാഴ്ചപ്പാടാണ് ഗുരു പ്രഖ്യാപിച്ചത്. അതുകൊണ്ട് സര്‍വ്വ മതങ്ങളേയുംകുറിച്ച് പഠിപ്പിക്കുന്നതിനുള്ള ഒരു പാഠശാല ശിവഗിരിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആ സമ്മേളനം ഗുരു അവസാനിപ്പിക്കുന്നത്. മനുഷ്യരെല്ലാം ഒന്നാണെന്ന ഈ കാഴ്ചപ്പാടിനെ പ്രചരിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ശിഷ്യരും മുന്നോട്ടുപോയത് എന്നു കാണാം. ഇപ്പോള്‍ അതിന് പകരം മുസ്ലീങ്ങളേയും, ക്രിസ്ത്യാനികളേയുമെല്ലാം ആന്തരിക ഭീഷണികളായി കാണുന്ന ആര്‍.എസ്.എസാണ് ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് നടക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

1951þലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ശ്രീനാരായണ ഗുരുവിന്റെ പ്രഥാന ശിഷ്യരില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിച്ച കാര്യം ഇവിടെ പ്രസക്തമാണ്, ‘‘ജീവശാസ്ത്രപരമായും, സാമൂഹ്യമായും മനുഷ്യരെല്ലാം ഒന്നാണ്. അത് അംഗീകരിക്കുകയും അതു പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നത് ആധുനിക മനുഷ്യന്റെ ഒരു ആവശ്യമായിരിക്കുകയാണ്”. ഇങ്ങനെ ശാസ്ത്രീയമായ ചിന്തയുടെ ചുവടുപിടിച്ച് സാമൂഹ്യ വികാസത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇടപെടുകയെന്ന ദൗത്യമാണ് ശ്രീനാരായണ പ്രസ്ഥാനം പോലെയുള്ള നവോത്ഥാന ആശയങ്ങള്‍ മുന്നോട്ടുവെച്ചത്. അത് പ്രാവര്‍ത്തികമാക്കാനുള്ള സംഘടന എന്ന നിലയിലാണ് എസ്.എന്‍.ഡി.പി രൂപീകരിക്കപ്പെട്ടത് എത്തിയത്. യഥാര്‍ത്ഥത്തില്‍ സനാതന ധര്‍മ്മം മുന്നോട്ടുവെച്ച മനുഷ്യര്‍ തമ്മിലുള്ള ജാതീയവും, മതപരവുമായ എല്ലാവിധ വിഭജനങ്ങള്‍ക്കും അപ്പുറം സാഹോദര്യമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമെന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് പേര് തന്നെ സഹോദരന്‍ എന്നാക്കി മാറ്റിക്കൊണ്ടുള്ള ചിന്തകള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

സനാതനമെന്ന പദത്തിന്റെ അര്‍ത്ഥം ശാശ്വതമായ ധര്‍മ്മം, ശാശ്വതമായ ക്രമം എന്നെല്ലാമാണ്. ആ പദത്തെ ബ്രാഹ്മണ ആധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയവര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ കുറിക്കുന്ന പദം എന്ന നിലയില്‍ ഉപയോഗിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തത്. അങ്ങനെ സനാതന ധര്‍മ്മമെന്നത് ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടായി മുന്നോട്ടുവെക്കുകയാണ് ചെയ്തിട്ടുള്ളത്.

യാഥാസ്ഥിതിക മത ചിന്തകള്‍ ജനങ്ങളുടെ ജീവിതത്തെ ഏറെ ദുഷ്കരമാക്കുന്ന സാഹചര്യം രൂപപ്പെട്ടുവന്നു. ഇതിനെതിരായി പലതരത്തിലുള്ള പ്രസ്ഥാനങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നു. ഭക്തി പ്രസ്ഥാനത്തില്‍ പോലും ഇത്തരത്തിലുള്ള പോരാട്ടങ്ങളുടെ ഭാഗമായാണ് ഉയര്‍ന്നുവന്നത് എന്നു കാണാം. എഴുത്തച്ഛന്റെ രാമായണം പോലും രൂപപ്പെടുന്ന പശ്ചാത്തലം ഇതാണെന്ന് കാണാം. അക്ഷരം പഠിച്ച ശൂദ്രനെ അകറ്റി നിര്‍ത്തണമെന്ന സ്തുതിവാക്യത്തിന്റെ കാലത്താണ് എഴുത്തച്ഛന്റെ സാമൂഹ്യ ജീവിതം എന്ന് കാണാം. അദ്ദേഹം എഴുതിത്തുടങ്ങിയ കാലത്തുതന്നെ അന്നത്തെ ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ എഴുത്തച്ഛനെ ആക്ഷേപിച്ചിരുന്നു. ആ ചെറുത്തുനില്‍പ്പിന്റെ കനലില്‍ നിന്നാണ് എഴുത്തച്ഛന്റെ സാഹിത്യ ജീവിതം തന്നെ ആരംഭിക്കുന്നത്.

ആധുനിക കാലഘട്ടമാകുമ്പോഴേക്കും ഈ ചെറുത്തുനില്‍പ്പുകള്‍ വലിയ പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുകയായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട മൂല്യങ്ങള്‍ക്കെതിരായ പോരാട്ടമായി ഇവ വളര്‍ന്നുവരികയും ചെയ്തു. രാജ്യത്തെമ്പാടും ഉയര്‍ന്നുവന്ന ഈ പോരാട്ടങ്ങളെ ഓരോ പ്രദേശത്തും നേരിടുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തി. ചാതുര്‍വര്‍ണ്യത്തെ തകര്‍ക്കുന്ന ഇത്തരം രീതികള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ സനാതന ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് അവയെ പ്രതിരോധിച്ചത്. അങ്ങനെയാണ് നവോത്ഥാന ആശയങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 1873 ല്‍ ‘സനാതന ധര്‍മ്മ രക്ഷിണി സഭ’ പോലുള്ളവ ആരംഭിച്ചത്. അതായത്, ചാതുര്‍വര്‍ണ്യത്തിന്റെ ആശയ സംഹിതകളെ സംരക്ഷിക്കുന്നതിനുള്ള ആയുധമായാണ് സനാതന ധര്‍മ്മം പ്രയോഗിക്കപ്പെട്ടത്.

യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെയുള്ള സമരമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ജീവിതം. അതായത്, സനാതന മൂല്യങ്ങള്‍ എന്ന നിലയില്‍ മുന്നോട്ടുവെക്കപ്പെട്ട ആശയങ്ങള്‍ക്കെതിരായുള്ള പ്രായോഗികവും, സൈദ്ധാന്തികവുമായ ഇടപെടലായിരുന്നു അത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിലനിന്ന സ്ഥാപനങ്ങളേയും, ചിന്തകളേയുമെല്ലാം ആധുനികമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് വായിക്കുകയെന്ന ഉത്തരവാദിത്വമാണ് ശ്രീനാരായണ ഗുരു നിര്‍വ്വഹിച്ചത് എന്നു കാണാം. നവോത്ഥാന പ്രസ്ഥാനത്തിന്റെ പതാക വാഹകനായി ഗുരു മാറി എന്നു മാത്രമല്ല കേരളത്തിലെ എല്ലാ വിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്ന സാമൂഹ്യ ഇടപെടലായി അത് മാറുകയും ചെയ്തു. തൈക്കാട് അയ്യാസ്വാമിയും, ചട്ടമ്പി സ്വാമികളും ഉള്‍പ്പെടെയുള്ളവരുമായുള്ള ഇടപെടലുകള്‍ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിന് ഗുരുവിന് പ്രചോദനമായി.

1888 ആകുമ്പോഴേക്കും വ്യക്തമായ കാഴ്ചപ്പാടോടെ ഇടപെടുന്ന മുന്നേറ്റമായി അത് മാറുകയും ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠ, എസ്.എന്‍.ഡി.പി രൂപീകരണം, അനാചാരങ്ങള്‍ക്കെതിരെ പറവൂരില്‍ സംഘടിപ്പിക്കപ്പെട്ട മഹാസമ്മേളനം, കെട്ടുകല്യാണത്തിനെതിരെയുള്ള ഇടപെടലുകള്‍ തുടങ്ങിയവയിലെല്ലാം അത് കാണാവുന്നതാണ്. 1925þല്‍ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മില്‍ നടത്തിയ സംഭാഷണവും പ്രസിദ്ധമാണ്.

കുലത്തൊഴിലുകൾ കേന്ദ്രീകരിച്ചുനിന്ന ജീവിത ക്രമത്തെ വിദ്യാഭ്യാസത്തിന്റേയും വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും പുതിയ ലോകത്തിലേക്ക് നയിക്കുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്. കേരള ജനതയെ ആധുനിക ജീവിതത്തിലേക്ക് നയിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഗുരു നിര്‍വ്വഹിച്ചത്.

ജാതിക്കും മതത്തിനും അതീതമായ മാനവികതയാണ് ഗുരു മുന്നോട്ടുവെച്ചത്.

ജാതിവ്യവസ്ഥയേയും മതപരമായ ചേരിതിരിവുകളേയും പ്രതിരോധിച്ചുകൊണ്ടുമാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരത്തില്‍ ജനങ്ങള്‍ മാറണമെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് വിദ്യാഭ്യാസം നല്‍കുകയും, ആധുനിക വ്യവസായങ്ങളെയും, വാണിജ്യങ്ങളെയും ഉപയോഗിച്ചുകൊണ്ട് അവരെ മുന്നോട്ടു നയിക്കുകയുമെന്ന ഉത്തരവാദിത്വമാണ് അവര്‍ നിര്‍വ്വഹിച്ചത്.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തകര്‍ത്തുകൊണ്ട് മാത്രമേ നമ്മുടെ ലോകത്തിന് ആധുനികതയുടെ വെളിച്ചത്തിലേക്ക് മുന്നേറാനാവൂ; അതിലേക്ക് നയിക്കുന്നതിനായി ഇടപെടുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ജാതി വ്യവസ്ഥയ്ക്കെതിരായുള്ള സമരത്തെ അംഗീകരിക്കാത്ത സമീപനത്തെയാണ് ബി.ജെ.പി സ്വീകരിച്ചത്. അവരുടെ താത്വിക ഗ്രന്ഥമായ വിചാരധാര ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘‘നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷ മത വര്‍ണ്ണവ്യവസ്ഥയാണ്. എന്നാല്‍, അതിനെ ജാതീയത എന്ന് മുദ്രകുത്തി പുച്ഛിച്ചുതള്ളുകയാണ്. വര്‍ണ്ണവ്യവസ്ഥ എന്ന് പരാമര്‍ശിക്കുന്നതു തന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി അവര്‍ പലപ്പോഴും തെറ്റിദ്ധരിക്കുന്നു” (പേജ് 127). ഇത്തരത്തില്‍ ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കുന്ന സംഘപരിവാര്‍ ആശയത്തിന്റെ വഴികളായിരുന്നില്ല ശ്രീനാരായണ ഗുരുവിനുണ്ടായിരുന്നത്.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായി രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുന്നവരാണ് സംഘപരിവാര്‍ ശക്തികള്‍. അവരുടെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചുകൊണ്ട് രാജ്യം ഭരിക്കുമ്പോള്‍ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ ഉയര്‍ന്നുവരും. അത്തരം മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് ജാതീയമായി പിളര്‍ത്തി, വര്‍ഗ്ഗീയമായി കൂട്ടിയോജിപ്പിക്കുകയെന്ന നയമാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തിലുള്ള സമീപനങ്ങള്‍ക്ക് വിരുദ്ധമാണ് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍. അത് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീനാരായണ ദര്‍ശനം തന്നെ തങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ് എന്ന് പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ആർഎസ്എസ് ആവിഷ്കരിക്കുന്നത്. ഈ ശ്രമങ്ങളെ തുറന്നുകാട്ടുകയെന്ന ചരിത്രപരമായ ദൗത്യമാണ് ശിവഗിരിയില്‍ വെച്ച് മുഖ്യമന്ത്രി നിര്‍വ്വഹിച്ചിട്ടുള്ളത് എന്ന് കാണാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 4 =

Most Popular