Wednesday, January 22, 2025

ad

Homeകവര്‍സ്റ്റോറിഗുരുധർമം ജാതിമതാധിഷ്ഠിതമല്ല

ഗുരുധർമം ജാതിമതാധിഷ്ഠിതമല്ല

സച്ചിദാനന്ദ സ്വാമി (പ്രസിഡന്റ്, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്)

ശ്രീനാരായണ ഗുരുവിന്റെ ദർശനസാരം ‘മനുഷ്യരൊക്കെയും ഒരു ജാതി അതാണ് നമ്മുടെ മതം’ എന്നതായിരുന്നു. മനുഷ്യകുലത്തെ മുഴുവൻ യാതൊരു അതിർവരമ്പുകളുമില്ലാതെ ഒന്നായി കാണുവാൻ ഗുരുവിന് സാധിച്ചു. അവിടെ ജാതി, മതം, വേഷം, സംസ്കാരം എന്നീ ഭേദചിന്ത ഗുരുദേവൻ വച്ചുപുലർത്തിയില്ല. മനുഷ്യരുടെ ഏകത്വത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ വേലിക്കെട്ടുകളെയും ഗുരുദേവൻ തകർത്തുകളഞ്ഞു. ‘‘നരനും നരനും തമ്മിൽ സാഹോദര്യം ഉദിക്കണം; അതിന് വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാകണം’’ എന്നു ഗുരുദേവൻ പറഞ്ഞു.

മനുഷ്യസാഹോദര്യത്തിനു വിഘ്നമായി എന്തെല്ലാം ഘടകങ്ങളുണ്ടോ അതെല്ലാം ഇല്ലാതെയാകണം. ആചാര വിചാര വിശ്വാസ പ്രമാണങ്ങളും, മുതലാളി – തൊഴിലാളി, ഉള്ളവൻ – ഇല്ലാത്തവൻ തുടങ്ങിയ ഭേദചിന്തകളുമെല്ലാം ദൂരീകൃതമാകണം. അതിനുവേണ്ടിയാണ് ഒരു പുരുഷായുസ്സു മുഴുവൻ ഗുരുദേവൻ ജീവിച്ചത്.

സിദ്ധാന്തപരമായി ഗുരുദേവൻ അദ്വൈതിയായിരുന്നു. അദ്വൈതമെന്നാൽ രണ്ടില്ലാത്തത്; ഒന്നു മാത്രം. ആ ഒന്ന് പരമാത്മ ചെെതന്യമാണ്. ആ ഒന്നിനെയാണ് ജഗത്തിന്റെ കാരണമായ ബ്രഹ്മസത്തയായി ഗുരു കാണുന്നത്.

‘‘കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽനിന്നുമുണ്ടായി അതിൽതന്നെ ലയിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല’’ എന്ന് ഗുരുദേവൻ ഗദ്യപ്രാർഥനയിലൂടെ ഉപദേശിക്കുന്നുണ്ട്. ഇതുതന്നെയാണ് ഗുരുവിന്റെ അദ്വൈതം. അതിനെ അന്യഥാകരിക്കുവാൻ നമുക്ക് സാധിക്കുമോ?

ഈ അദ്വൈത ചിന്തയെയാണ് ഗുരു സനാതനധർമമായി കണ്ടത്. അത് മതങ്ങളെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ഭാരതത്തിലുണ്ടായിരുന്ന അനാദിയായ ധർമമാണ്. ഈ ധർമത്തെ ഉൾക്കൊണ്ട ഭാരതീയ ഗുരുക്കൻമാർ ‘‘വിശ്വംഭവതേ-്യകനീഡം’’ – ലോകത്തെ മുഴുവൻ ഒരു കിളിക്കൂടായി കണ്ടു. ഇതാണ് ശുദ്ധ ഭാരതീയ ധർമം. ഈ ധർമത്തിൽ ജാതി, മത, വർണ, വർഗ ഭേദങ്ങളുണ്ടായിരുന്നില്ല. ഈ മഹിതമായ സംസ്കാരം ഭാരതത്തിനകത്തും പുറത്തും ഒരുപോലെ വ്യാപിച്ചിരുന്നു. ഈ സംസ്കാരത്തിന്റെ വെളിച്ചത്തിലാണ് ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാമതം, ബുദ്ധമതം, ജെെനമതം തുടങ്ങിയ മതങ്ങളെ ഭാരതത്തിന് ഉൾക്കൊള്ളാനായത്. ഭാരതത്തിൽ ആവിർഭവിച്ച ബുദ്ധമതത്തിലും ജെെനമതത്തിലും സിക്കുമതത്തിലും ഭാരതീയ സംസ്കാരമുണ്ട്. എന്നാൽ വെെദേശികമായ ക്രിസ്തുമതം, ഇസ്ലാംമതം തുടങ്ങിയ മതങ്ങളെയും ഭാരതത്തിന് ഉൾക്കൊള്ളാൻ സാധിച്ചു. ശുദ്ധ ഭാരതീയതയാണ് എല്ലാത്തിനെയും ഉൾക്കൊള്ളുവാനുള്ള കരുത്ത് നൽകിയതെന്നു കാണാനാവും. നിരീശ്വരവാദവും ഭാരതത്തിൽ ഏറെ പഴക്കം ചെന്നതാണ്. ചാർവാകൻ എന്ന ‍ഋഷിയാണ് നിരീശ്വര പ്രസ്ഥാനത്തിന്റെ, ചാർവാക ദർശനത്തിന്റെ ആചാര്യൻ. നിരീശ്വര ദർശനത്തെയും ഉൾക്കൊണ്ട് അതിവർത്തിക്കുവാൻ ഭാരതത്തിന് സാധിച്ചു.

ആധുനിക കാലത്ത് ഗുരുദേവ ശിഷ്യനായ കുമാരനാശാൻ ദുരവസ്ഥയിലൂടെ ഈ ദർശനത്തിനു സംഭവിച്ച ദുരവസ്ഥയെ പാടിവച്ചിട്ടുണ്ട്.

‘‘ഭേദങ്ങളറ്റ പൊരുളിനെ കാഹള –
മൂതിവാഴ്ത്തിടുന്നു വേദം നാലും,
വെെദികമാനികൾ മർത്ത്യരിൽ ഭേദവും
ഭേദത്തിൽ ഭേദവും ജൽപ്പിക്കുന്നു
എന്തൊരു വെെകൃതം ബ്രഹ്മവിദേ-്യ, നിന്നി –
ലെന്താണിക്കാണുന്ന വെെപരീത്യം.
നിർണയം നിന്നെപ്പോൽപാരിലധോഗതി
വിണ്ണവർ ഗംഗയ്ക്കുമുണ്ടായില്ല’’

ഗുരുദേവന്റെ ആശയമാണ് കുമാര മഹാകവിയിലൂടെ ഇപ്രകാരം പുറത്തുവന്നിട്ടുള്ളത്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ഏകതയാണ്, അദ്വൈതബോധമാണ് ഭേദങ്ങളറ്റ പൊരുൾ. നാല് വേദങ്ങളുടെയും സാരസർവസ്വമായ ഉപനിഷദ് ദർശനമാണ് ഇതിന് ആധാരം. എന്നാൽ ഈ ഔപനിഷദ് ദർശനത്തിന് ശെെഥില്യം വന്നു. അതിൽ ഭേദചിന്തകൾ കടന്നുകയറി. സ്വർലോക ഗംഗ ഏറ്റവും വിശുദ്ധമാണത്രെ. ആ ഗംഗ ഭൂമിയിൽ പതിച്ചപോലെയാണ് ഭേദചിന്തകളോടുകൂടി ഔപനിഷദ് വിദ്യയ്ക്ക് – ഭാരതീയ സംസ്കൃതിയ്ക്ക് അധഃപതനമുണ്ടായത്.

ഏകത്വബോധത്തെ അനുസന്ധാനം ചെയ്ത ശുദ്ധ ഭാരതീയ സംസ്കൃതി ശിഥിലമായത് ചാതുർവർണ്യ വ്യവസ്ഥിതിയും തജ്ജന്യമായ ജാതിവ്യവസ്ഥയും തന്മൂലമുണ്ടായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലമാണ്. സനാതന ധർമം കെെമോശം വന്നതും വികൃതമായതും ഇതോടുകൂടിയാണ്. സാധാരണ മനുഷ്യരെ സംബന്ധിച്ച് അവർ അഭിമുഖീകരിക്കേണ്ടിവന്നത് ജാതി വ്യവസ്ഥയെയും അതിന്റെ ഉൽപന്നമായ ചാതുർവർണ്യ വ്യവസ്ഥിതിയെയുമാണ്. മനുഷ്യരിൽ ഉച്ചനീചത്വങ്ങൾ കൽപിക്കപ്പെട്ടു. ചാതുർവർണ്യ വ്യവസ്ഥിതി അതിന് നിദാനമായി. ഗുണകർമങ്ങളെ ആസ്പദമാക്കിയാണ് ആദ്യകാലത്ത് ചാതുർവർണ്യം നിശ്ചയിക്കപ്പെട്ടത് എന്ന് കരുതിപ്പോരുന്നു. ഭഗവദ്ഗീതയിൽ

‘‘ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമ വിഭാഗശ്ശഃ’’ എന്നു പറയുന്നു.

ചാതുർവർണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടു, ഗുണകർമങ്ങളെ ആധാരമാക്കി എന്നാണ് ഭഗവാന്റെ ഉപദേശം. എന്നാൽ അടുത്ത വരിയിൽ ഞാൻ അതിന്റെ കർത്താവാണെങ്കിലും അകർത്താവായും അറിഞ്ഞുകൊള്ളണം എന്നും പറഞ്ഞുകാണുന്നു. ശ്രീനാരായണ ഗുരു ഒരു സംഭാഷണ വേളയിൽ, വ്യാസ ഭഗവാൻ തന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടു രീതിയിൽ പറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

ഗുണകർമങ്ങളെ ആധാരമാക്കിയാണ് ചാതുർവർണ്യം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതെങ്കിലും ഒരിക്കലും അത് ആ നിലയിൽ തുടർന്നിട്ടില്ല. ഗുണകർമങ്ങൾക്കുപകരം ജന്മകർമങ്ങൾ അടിസ്ഥാനശിലയായി. വേദങ്ങളെത്തുടർന്നുണ്ടായ സ്മൃതികൾ ഇതിനെ ഊട്ടിയുറപ്പിച്ചു. മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി, പരാശര സ്മൃതി, ആപത് സ്തംഭ സൂത്രം തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്മൃതികൾ. ആപത്-സ്തംഭ സ്മൃതിയും ബ്രാഹ്മണ, ക്ഷത്രിയ, വെെശ്യ, ശൂദ്ര ചതുർവർണങ്ങൾ ജൻമജം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. നോക്കുക:

‘‘ചത്വാരോ വർണഹ ബ്രാഹ്മണ, ക്ഷത്രിയ,
വെെശ്യ, ശൂദ്ര ഭേദാഃ
പൂർവതഃ ഇതരേഭ്യഃ ജന്മജന്മത ശ്രേയാൽ
ശുശ്രൂഷാ ശൂദ്രസ്യപരമോ ധർമ
അഗ്നിർ ജായേത
അഗ്നിത്വം ഹി നിശ്ചയം
ബ്രാഹ്മണോ ജായേത
ബ്രഹ്മണത്വം ഹി നിശ്ചിതം

നാല് വർണങ്ങളുണ്ട് – ബ്രാഹ്മണൻ, ക്ഷത്രിയൻ, വെെശ്യൻ, ശൂദ്രൻ. പൂർവങ്ങൾ ഇതരങ്ങളെ അപേക്ഷിച്ച് ജന്മംകൊണ്ട് ശ്രേഷ്ഠമാണ്. അതായത്, ക്ഷത്രിയൻ, വെെശ്യൻ, ശൂദ്രൻ എന്നിവരെക്കാൾ ബ്രാഹ്മണൻ ജന്മംകൊണ്ട് ശ്രേഷ്ഠനാണ്. ക്ഷത്രിയനാകട്ടെ വെെശ്യൻ, ശൂദ്രൻ എന്നിവരെക്കാൾ ശ്രേഷ്ഠമാണ്. വെെശ്യൻ ശൂദ്രനെക്കാൾ ജന്മംകൊണ്ട് ശ്രേഷ്ഠനാണ്. ശൂദ്രൻ ഈ മൂന്നു വർണത്തെക്കാൾ പതിത്വമുള്ളവനും ശുശ്രൂഷ അവന്റെ പരമധർമവുമാകുന്നു. അഹിംസാപരമോ ധർമ എന്നു ബുദ്ധമതത്തിൽ പറയുന്നതുപോലെയാണ് ശുശ്രൂഷയാണ് പരമധർമമെന്ന് ഇവിടെ വിധിക്കുന്നത്. ഒന്ന് മറ്റൊന്നിനെ അപേക്ഷിച്ച് ജന്മംകൊണ്ട് ശ്രേഷ്ഠമാണെന്ന് ഉദാഹരിക്കുന്നു. അഗ്നിയിൽ നിന്നും അഗ്നി തന്നെയല്ലേ ഉണ്ടാകൂ. മറ്റൊന്നുണ്ടാകില്ലല്ലോ. അതുപോലെയാണ് ബ്രാഹ്മണനിൽനിന്ന് ബ്രാഹ്മണനും ഓരോ വർണത്തിൽനിന്നും അതാത് വർണങ്ങളുമുണ്ടാകുന്നത്. ഇവിടെ ഭഗവദ്ഗീതയിൽ പറയുന്ന ഗുണകർമങ്ങളെ ആധാരമാക്കിയ ചാതുർവർണ്യത്തെത്തന്നെ ജന്മനിഷ്ഠമാക്കി മാറ്റിയിരിക്കുന്നു. പിൽക്കാലത്ത് ഭാരതത്തിലുണ്ടായ ജാതിവ്യത്യാസത്തിനും ഉച്ചനീചത്വങ്ങൾക്കും ഭേദവ്യത്യാസങ്ങൾക്കും അനീതിയ്ക്കും അധാർമികതയ്ക്കും അടിസ്ഥാനതത്ത്വമായി മാറിയത്, ഈ ചാതുർവർണ്യ വ്യവസ്ഥിതിയാണ്. സനാതന ധർമമായി പ്രശസ്തി നേടിയതും ഈ ചാതുർവർണ്യ ജാതി വ്യവസ്ഥയാണ്. അത് സനാതന ധർമമായും ഹിന്ദുധർമമായും വ്യാഖ്യാനിക്കപ്പെട്ടു. ഇ വി രാമസ്വാമി നായ്ക്കരും അംബേദ്കറും മറ്റും സനാതന ധർമമെന്നാൽ ചാതുർവർണ്യ വ്യവസ്ഥിതി എന്നു വ്യാഖ്യാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. നൂറ്റാണ്ടുകളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിമകളെപ്പോലെ അടിച്ചമർത്തിയത് ഈ വ്യവസ്ഥിതികളാണ്. അതുകൊണ്ടാണ് അംബേദ്കറും നായ്ക്കരും മറ്റും ഇതിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്.

എന്നാൽ വിവേകാനന്ദ സ്വാമിയും ശ്രീനാരായണ ഗുരുവും മറ്റും മറ്റൊരു മാർഗമാണ് അവലംബിച്ചത്. സനാതന ധർമത്തെ പരിഷ്കരിച്ച് സദ്-ധർമമാക്കുവാനാണ് ഗുരുദേവനും സ്വാമിജിയും ശ്രമിച്ചത്.

ഗുരുദേവൻ വിവേകാനന്ദ സ്വാമിയിൽനിന്നും കുറേക്കൂടി മുന്നോട്ടുപോയി. വിവേകാനന്ദൻ ഗുണകർമങ്ങളെ ആസ്പദമാക്കിയുള്ള ചാതുർവർണ്യ വ്യവസ്ഥിതിയെ അംഗീകരിക്കുന്നുണ്ട്. വിവേകാനന്ദൻ മാത്രമല്ല, ശ്രീരാമകൃഷ്ണ പരമഹംസരും ദയാനന്ദ സരസ്വതിയും അരവിന്ദ ഘോഷും മഹാത്മാഗാന്ധിയും ഒക്കെത്തന്നെയും ഭഗവദ്ഗീതയിൽ പറയുന്ന ചാതുർവർണ്യത്തെ അംഗീകരിക്കുന്നവരാണ്. ഇവിടെ ശ്രീനാരായണഗുരു ഇപ്പറഞ്ഞതിൽ നിന്നും ഒറ്റതിരിഞ്ഞുനിൽക്കുന്നു. ഗുരുദേവൻ ജാതിയെ നിഷേധിക്കുന്നതുപോലെ ചാതുർവർണ്യത്തെയും നിഷേധിക്കുന്നു. ഒരു സംഭാഷണത്തിനിടയിൽ അവിടുന്ന് മൊഴിഞ്ഞു:

‘‘ഗുണകർമങ്ങൾ ഒരാളിലും സ്ഥായിയായി നിലനിൽക്കുന്നില്ലല്ലോ. അതെപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ എങ്ങനെയാണ് വർണം നിശ്ചയിക്കുന്നത്? ചാതുർവർണ്യം ഇല്ലാത്തതാണ്’’.

ജാതിനിർണയം എന്ന കൃതിയിൽ,
‘‘മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
നബ്രാഹ്മണാദിര സെെൃവം
ഹാ! തത്ത്വം വേത്തി കോ പിന’’

‘‘മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, പശുക്കൾക്ക് പശുത്വം എന്നതുപോലെ ബ്രാഹ്മണ ക്ഷത്രീയ വെെശ്യ ശൂദ്രാദികൾ ഇല്ലാത്തതാണ്. ഈ തത്ത്വം ആരും അറിയുന്നില്ലല്ലോ. ഹാ ! കഷ്ടം!!’’

ജാതിനിർണയത്തിന്റെ അടുത്ത പദ്യത്തിൽ
‘‘ഒരു ജാതി ഒരു മതം
ഒരു ദെെവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതിൽ’’

‘‘മനുഷ്യർക്ക് ഒരു ജാതിയാണുള്ളത്; ഒരു മതമാണുള്ളത്. ഒരു ദെെവമാണുള്ളത്. എല്ലാവരുടെയും ഉൽപ്പത്തി സ്ഥാനം ഏകമാണ്. മനുഷ്യർ തമ്മിൽ ഒരു ഭേദവുമില്ല’’. ഒരു ഭേദവുമില്ല എന്നു ഗുരുദേവൻ പറയുമ്പോൾ, ജാതിയെയും ചാതുർവർണ്യവ്യവസ്ഥിതിയെയും മതവർഗ ഭേദങ്ങളെയും നിഷേധിക്കുകയാണ്.

ഗുണകർമങ്ങളെ ആധാരമാക്കി എന്നു പറയുമ്പോൾ, അത് മാറുന്നതാണ്; ‘എങ്ങനെ വർണം നിശ്ചയിക്കും’ എന്നു ഗുരു ചോദിക്കുന്നുവല്ലോ. ഇപ്പറയുമ്പോലെ ഒരാളുടെ ജീവിതമെടുത്താൽ ഗുണകർമങ്ങൾ വച്ചു നോക്കിയാൽ രാവിലെ എഴുന്നേൽക്കുന്നത് ശൂദ്രത്വത്തിലാണ്. എഴുന്നേൽക്കുമ്പോഴുള്ള മടി, ആലസ്യം, ഉറക്കച്ചടവ്, ഉന്മേഷമില്ലായ്മ എന്നിവയെല്ലാം എല്ലാവരിലും സഹജമാണ്. അടുത്ത സമയം കുളിച്ച് പത്രങ്ങളും മറ്റും വായിക്കുന്നു. അപ്പോൾ ബ്രാഹ്മണനായി. അവരവരുടെ കർമഗതിയനുസരിച്ച് ഉദ്ദേശ്യനിർവഹണത്തിനായി യാത്ര ചെയ്യുമ്പോൾ വെെശ്യത്വമായി. ഇടയ്ക്ക് ആരോടെങ്കിലും അൽപ്പം ശൂരത്വത്തോടുകൂടി സംസാരിച്ചാൽ ക്ഷത്രിയത്വവുമായി. ഗുണങ്ങൾ മാറുന്നു. കർമങ്ങളാവട്ടെ, അമ്പലത്തിൽ പൂജ ചെയ്ത ബ്രാഹ്മണൻ അടുത്ത നിമിഷം നല്ല ശാപ്പാടുണ്ടാക്കുന്നു. ചിലപ്പോൾ കോടതികളിൽ ജഡ്ജിയോ വക്കീലൻമാരോ ഒക്കെയായി മാറുന്നു. അങ്ങനെ ഗുണകർമാദികൾ ഓരോ വ്യക്തിയിലും ഓരോ ദിവസവും ഓരോ സമയത്തും മാറിക്കൊണ്ടിരിക്കുന്നതിനാൽ ചാതുർവർണ്യം ശാസ്ത്രീയമല്ലെന്നാണ് ശ്രീനാരായണഗുരുവിന്റെ അഭിമതം. നമ്മുടെ മഹാദാർശനികരിൽ ശ്രീനാരായണഗുരുവിനെ അനുപമേയനാക്കുന്ന ഒന്നാണ് ഈ വിചാരണ എന്നതാണ് വാസ്തവം. ഭാരതീയ ഗുരുക്കന്മാരിൽ ശ്രീനാരായണഗുരുവല്ലാതെ മറ്റൊരു മഹാത്മാവും ഈ ചാതുർവർണ്യ വ്യവസ്ഥിതിയെ ഇത്ര ശക്തമായി നിഷേധിച്ചിട്ടില്ല. ഗുരുദേവന്റെതന്നെ ശിഷ്യപരമ്പരയിലെ ഗുരുദർശനത്തിന്റെ മഹാവ്യാഖ്യാതാക്കളായി അറിയപ്പെടുന്ന ചില ഗുരുക്കൻമാർപോലും വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ടെന്ന് ഇവിടെ ഖേദപൂർവം രേഖപ്പെടുത്തട്ടെ.

1927ൽ എസ്എൻഡിപി യോഗത്തിന്റെ വാർഷികയോഗത്തിൽ – പള്ളാത്തുരുത്ത്, ആലപ്പുഴ യോഗം– പങ്കെടുത്ത ഗുരുദേവൻ ഒരു സന്ദേശം നൽകുന്നുണ്ട്. ‘‘ഒരു ജാതി, ഒരു മതം ഒരു ദെെവം മനുഷ്യന് എന്ന സനാതന ധർമം ഒരു മതമാകുന്നു. മതപരിവർത്തനം കൂടിയേ തീരു എന്നാഗ്രഹിക്കുന്നവർ ഈ സനാതന ധർമത്തിലേക്ക് പരിവർത്തനം ചെയ്തുകൊള്ളുക’’. ഗുരുദേവനെ സംബന്ധിച്ച് മനുഷ്യരുടെ ഏകത്വമാണ് സനാതന ധർമം. അത് ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും നിരാസമാണ്. മനുഷ്യരുടെ ദെെനംദിന ജീവിതത്തിൽ ജാതി, മതം, ദെെവം എന്നിവയുടെ ഏകത്വം സനാതന ധർമമായി ഗുരു വ്യവച്ഛേദിക്കുന്നു. കേരളീയർ ഉയരേണ്ടത് ഈ സനാതനധർമ വ്യവസ്ഥിതിയിലേക്കാണ്. അതല്ലാതെ സ്മൃതികളും മറ്റും പറഞ്ഞുവച്ചിട്ടുള്ള ചാതുർവർണ്യവ്യവസ്ഥിതിയിലേക്കല്ല. ഈ ചാതുർവർണ്യത്തെ ശുദ്ധീകരിക്കുക എന്നു പറയുന്നത് ‘‘ഉപ്പില്ലാക്കടല് സൃഷ്ടിക്കാൻ ശ്രമിക്കുന്നതുപോലെ അർഥശൂന്യമാണെന്ന്’’ ഗുരുവിന്റെ പാതയിൽ സഞ്ചരിച്ചുകൊണ്ട് സഹോദരൻ അയ്യപ്പനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഗുരു ഒരിക്കൽ അരുളി ചെയ്തു: ‘‘നമ്മെ ആരെങ്കിലും ഒരു അവതാര പുരുഷനായിക്കാണുന്നുവെങ്കിൽ, ആ അവതാരത്തിന്റെ ലക്ഷ്യം ജാതിഭേദത്തെ ഇല്ലായ്മ ചെയ്യലാണ്.’’ ഗുരു ബാല്യം മുതൽക്കുതന്നെ ജാതിഭേദ നിരാസത്തിനുവേണ്ടി നിലകൊണ്ടു. പാവപ്പെട്ട ചാത്തൻ പുലയനെ തൊട്ടതിനുശേഷം വീട്ടിലുള്ളവരെ തൊട്ട് ‘‘അശുദ്ധ’’മാക്കി ജാതി ഭേദത്തിന്റെ നിരർഥകത വെളിപ്പെടുത്തിയതും പുലയക്കുട്ടികളുടെ പുറം തേച്ചുകുളിപ്പിച്ചതും അവരെക്കൊണ്ട് സ്വന്തം പുറം തേപ്പിച്ചതും ബാല്യകാലത്തിൽത്തന്നെ ജാതിയില്ലായ്മ വെളിപ്പെടുത്തിയ സംഭവമാണ്. അതുപോലെ പുലയക്കുടിലിൽ കയറി തിളച്ചുപോയ കഞ്ഞി ഇറക്കിവച്ച് അവരെ പട്ടിണിയിൽനിന്നും രക്ഷിച്ചതും ഉപരിപഠനകാലത്ത് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുഷ്ഠരോഗിയായ ചാത്തൻ പുലയനെ ശുശ്രൂഷിച്ച് സുഖപ്പെടുത്തിയതും ജാതിഭേദമില്ലാതാക്കുന്നതിന്റെ മാതൃകയായിരുന്നു. ആയിരത്താണ്ടുകളായി നിലനിന്ന ജാതിപരവും ചാതുർവർണ്യപരവുമായ വിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങൾതന്നെ അരുവിപ്പുറം പ്രതിഷ്ഠയോടുകൂടി തകർന്നു തരിപ്പണമായത് ഇവിടെ കുറിക്കേണ്ടതില്ലല്ലോ. ഗുരുദേവന്റെ ആത്മീയ നേതൃത്വത്തിൽ കുമാരനാശാൻ, ഡോ. പൽപു, ടി കെ മാധവൻ, സഹോദരൻ അയ്യപ്പൻ, ബോധാനന്ദസ്വാമി, ചെെതന്യ സ്വാമി, ശിവലിംഗ സ്വാമി, ആനന്ദതീർഥർ തുടങ്ങിയ ശിഷ്യന്മാരും മന്നത്ത് പത്മനാഭൻ, വി ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി, വക്കം മൗലവി, കുറുമ്പൻ ദെെവത്താൻ, പൊയ്കയിൽ യോഹന്നാൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും ചട്ടമ്പിസ്വാമികൾ, വാഗ്-ഭടാനന്ദൻ, സദാനന്ദ സ്വാമികൾ തുടങ്ങിയ ആധ്യാത്മിക ഗുരുക്കന്മാരും ചെയ്ത സേവനങ്ങൾ രാജ്യത്തിന്റെ പുനഃസൃഷ്ടിയിലേക്ക് നയിക്കപ്പെട്ടത് എവിടെയും സുവിദിതമാണ്.

കുമാരനാശാൻ ദുരവസ്ഥയിൽ പാടി,
‘‘മുമ്പോട്ടുകാലം കടന്നുപോയിടാതെ
മുമ്പേ സ്-മൃതികളാൽ കോട്ടകെട്ടി
വമ്പാർന്നനാചാര മണ്ഡലച്ഛത്രരായ്
നമ്പൂരാൻ വാണരളുന്ന നാട്ടിൽ’’

നമ്പൂതിരിമാർ വാണരുളുന്ന നാടിനെ വിശ്വവിജയിയായ വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിളിച്ചാക്ഷേപിച്ചത് സനാതന ധർമത്തിന്റെ മൂല്യശോഷണം കൊണ്ടാണ്. ഭഗവാൻ ബുദ്ധൻ, ‘‘ഞാൻ സനാതനമായ ഒരു ധർമത്തെയാണ് പിന്തുടരുന്നത്. നിങ്ങളും ആ പാതയിൽ സഞ്ചരിക്കൂ’’ എന്നുപദേശിക്കുന്നു. ഭഗവാൻ ബുദ്ധന്റെ ഉപദേശങ്ങളെ നമുക്കു സ്വീകരിക്കാം.

‘‘എത്തിനിന്നൂ ഭാരതത്തി–
ലൊരു പത്തു ശതാബ്ദശാന്തി’’

എന്ന് കുമാരനാശാൻ ഭാരതത്തിൽ വ്യാപിച്ച ബുദ്ധമതത്തിന്റേതായ ശാന്തിയെ പ്രകീർത്തനം ചെയ്തു; ഗുരുദേവനെ രണ്ടാം ബുദ്ധനായി ആശാനും അയ്യപ്പനും ശങ്കരക്കുറുപ്പും വെെലോപ്പിള്ളിയും മറ്റും കണ്ടതും അതുകൊണ്ടുതന്നെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular