ഓരോ കാലത്തിനനുസരിച്ചും പാലിക്കപ്പെടുന്ന ചില പിൻതുടർച്ചകളാണ് ചടങ്ങുകളായും പിന്നെ ആചാരങ്ങളായും പരിണമിച്ചു വന്നത്. ഒരു സമ്പ്രദായം അല്ലെങ്കിൽ ആചാര രീതി ഒരിടത്ത് നടത്തപ്പെടുമ്പോഴാണ് അത് ചടങ്ങായി മാറുന്നത്. എന്നാൽ അത് തുടർച്ചയായി നടക്കുമ്പോഴാണ് സമൂഹത്തിൽ ഒഴിച്ചുനിർത്താനാവാത്ത ആചാരമായും അനുഷ്ഠാനമായും പരിവർത്തനപ്പെടുന്നത്. ഒരു കാലത്ത് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തിലും നമ്മുടെ രാജ്യത്തും നിലനിന്നിരുന്നു. പല നിലയിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാര ക്രിയകളും വരെ നിലനിന്നിരുന്നു. കാലത്തിനനുസരിച്ച് ആചാരമെന്നും അനാചാരമെന്നും കണക്കാക്കിപ്പോന്നു. ആധുനിക യുഗത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയെടുക്കാൻ ശ്രമിച്ചവരാണ് നവോത്ഥാന നായകർ.
ജന്മി–കുടിയാൻ വ്യവസ്ഥിതിയിലൂടെയാണ് കേരളത്തിലെ ആചാര അനുഷ്ഠാനങ്ങളും രൂപപ്പെട്ടത്. വലിയ ജാതിയ്ക്ക് വലിയ ദൈവം, ചെറിയ ജാതിക്ക് ചെറിയ ദൈവം. അതുപോലെ ഒരേ ദേവതയെ അല്ലെങ്കിൽ ദേവനെ ആരാധിക്കുന്നതിന് താഴ്-ന്ന ജാതിക്കാർക്ക് ഒരു രീതി, ജന്മിയ്ക്ക് വേറൊന്ന്. ഉപജീവനത്തിന്റെ പേരിൽ ഉച്ച നീചത്വങ്ങളൊക്കെ ആചാരരീതികളായിരുന്നു അക്കാലത്ത്. ഇന്ന് കേരളത്തിൽ വിവിധ വിശ്വാസങ്ങളിൽ പല ആരാധനാലയങ്ങളും ഉയർന്നു വരുന്നുണ്ട്. അവിടെയെല്ലാം പുതിയ പുതിയ രീതികളിലുള്ള ആരാധനകളും ചടങ്ങുകളും ഒരിക്കൽ നിരാകരിക്കപ്പെട്ട പല അന്ധ വിശ്വാസങ്ങളും പ്രത്യക്ഷമാകുന്നുമുണ്ട്. ഇതിനിടയിൽ പൈതൃകമെന്ന പേരിൽ പല ചടങ്ങുകളും നടത്തപ്പെടുന്നുമുണ്ട്. എല്ലാ ആരാധനകളും വിചാരധാരകളും ആത്യന്തികമായി മാനുഷിക നന്മയെ മുൻനിർത്തിയുള്ളതാണ്. ആചാരങ്ങൾ വിശ്വാസത്തിന്റെ ഭാഗമാകാം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എപ്പോഴും എതിർക്കപ്പെടേണ്ടതാണ്. അതു നമ്മളെ ഇരുണ്ട കാലത്തിലേയ്ക്ക് തള്ളിയിടുകയും ചെയ്യും. മുനുഷ്യൻ ദൈവത്തിന്റെ പേരിൽ വളയാനല്ല നിവരാനാണ് ആത്മീയത നമ്മെ പഠിപ്പിക്കുന്നത്. അബദ്ധജടിലമായ ചില വിശ്വാസങ്ങളുടെ ശേഷിപ്പുകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ സാധിച്ചില്ലെങ്കിൽ അപരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ വളർച്ചയും ഇടപെടലുകളും നമ്മുടെ നൈസർഗികതകളെ തകർക്കുക തന്നെ ചെയ്യും.
ബ്രാഹ്മണരെ മാത്രം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പുരുഷന്മാർ മാത്രമാണ് അന്ന് പരിഗണിക്കപ്പെ ട്ടിരുന്നത്. ഇന്നും വ്യാപകമായി അത് തുടരുന്നു. ഹിന്ദു സമൂഹത്തിൽ സ്ത്രീകൾക്ക് പൂജാദി കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു. ഒരു മതത്തിലേയും സ്ഥിതി ഈ കാര്യത്തിൽ വ്യത്യസ്തമല്ല. ആത്മ നിയന്ത്രണം സ്വയത്താമാക്കാനാണ് ആചാര അനുഷ്ഠാനങ്ങളിലൂടെ ശ്രമിക്കുന്നത്.
നമ്മുടെ രാജ്യത്ത് നിലനിന്ന രാജവാഴ്ചയും തുടർന്ന് ബ്രിട്ടീഷ് ഭരണവും മുസ്ലിം രാജാക്കന്മാരും ജനജീവിതത്തിൽ വളരെയധികം സ്വാധീനമുണ്ടാക്കി. കേരളത്തിലെ ഭരണാധികാരികൾ പുരാണങ്ങളും പാരമ്പര്യവും മാമൂലുകളുമൊക്കെ അടിസ്ഥാനമായി സ്വീകരിച്ചു. നാല് വേദങ്ങളിലും ആറ് ശാസ്ത്രങ്ങളിലുമൊക്കെ പണ്ഡിതനാണെങ്കിലും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിരാകരിക്കുന്ന ഒരാൾക്ക് എന്നെന്നേക്കുമായി പരിശുദ്ധി ലഭിക്കില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആരാധനാലയങ്ങളിൽ പലയിടത്തും പ്രവേശനം ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്.
പല ജാതികളിലുള്ളവരും എന്നും പിന്തുടർന്നത് ബ്രാഹ്മണരുടെ പാരമ്പര്യമാണ്. ഷോഡശാചാരങ്ങൾ (ഗർഭധാരണം മുതൽ മരണം വരെയുള്ള 16 ആചാരങ്ങൾ) പാരമ്പര്യമായി അതിലൂടെ ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. ബ്രാഹ്മണർ ശ്ലോകങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി അവ അനുഷ്ഠിക്കുന്നു. എപ്പോഴും കൈയടക്കി വെച്ചിരിക്കുന്നു, അതൊരു തരം ഇരട്ടത്താപ്പാണ്. തൊട്ടുകൂടായ്മ, തീണ്ടിക്കുടായ്മ, താലികെട്ട് വിവാഹം, ബന്ധം, പുലപ്പേടി, പുളികുടി തുടങ്ങിയ അനാചാരങ്ങൾ അവസാനിച്ചു എന്നു പുർണ്ണമായി ഇപ്പോഴും പറയാറായിട്ടില്ല. മറ്റ് ആചാരങ്ങൾ വലിയ മാറ്റങ്ങളില്ലാതെ തന്നെ തുടരുന്നു.
ആചാരങ്ങളും അനുഷ്ഠാനങ്ങളൂമെല്ലാം തലമുറകളായി കൈമാറിവന്ന പൈതൃക സമ്പത്തായി കരുതിപ്പോരുന്നു. ഫലപ്രാപ്തികണ്ടിട്ടുള്ള ആരാധന ക്രമേണ ആ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആചാരമായി തുടരുകയും പിന്നീട് മൂന്നു തലമുറയ്ക്കുമുകളിൽ ആചരിക്കുന്ന ഇത്തരം ആചാരങ്ങൾ അനുഷ്ഠാനമായി മാറുകയും ചെയ്തു. ഇതിൽ പലതും യാതൊരു മതഗ്രന്ഥത്തിന്റെയും അടിസ്ഥാനമൊന്നുമുണ്ടാകണമെന്നില്ല. ആത്മീയത കച്ചവടം ആക്കുന്ന പലരും പുതിയതും കേട്ടുകേൾവിയില്ലാത്തതുമായ പല കാര്യങ്ങളും വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ അടിച്ചേൽപ്പിക്കുന്നു.
സനാതന ധർമ്മം എറ്റവും കുടുതൽ തെറ്റിദ്ധരിപ്പിക്കുന്ന വാക്കാണ് ആധുനിക കേരളത്തിൽ. ചാതുർവർണ്യത്തിന്റെ ഫലമായി സനാതന ധർമ്മത്തിലെ പലതും തച്ചുടയ്ക്കപ്പെട്ടു. ഇന്ന് കാണുന്നത് പൊളിച്ചെഴുതപ്പെട്ട സനാതന ധർമ്മമാണ്. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ കാതലായ പലതും വരേണ്യ വർഗ്ഗത്തിന്റെ കോമ്പല്ലുകളേറ്റ് വളഞ്ഞൊടിഞ്ഞതും തച്ചുതകർക്കപ്പെട്ടതുമാണ്.
കാലദേശഭേദം കൊണ്ടും തെറ്റായ കീഴ്‌വഴക്കം കൊണ്ടും പല ആചാരങ്ങൾക്കും മാറ്റം വരുന്നു. മലബാറിലുള്ള ആചാരം മധ്യ തിരുവിതാംകൂറിലെത്തുമ്പോൾ മറ്റൊന്നായി മാറുന്നു. തെക്കൻ ജില്ലകളിലുള്ള ആചാരങ്ങളിൽ പ്രാദേശികമായ മാറ്റങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ഓണം തന്നെ എടുക്കാം. ലോകം മുഴുവൻ ഇത് ഒരു വെജിറ്റേറിയൻ ഉത്സവമായി കൊണ്ടാടുമ്പോൾ മലബാറിൽ ചിലയിടങ്ങളിൽ ഓണത്തിന് അൽപം മാംസം കൂടി വിളമ്പുന്നത് കാണാം. അത് കാലദേശത്തിനനുസരിച്ച് ഉണ്ടായ കൂട്ടിച്ചേർക്കലുകളാണ്.
അനാവശ്യമായി തോന്നിയ ആചാരങ്ങളെയാണ് ദുരാചാരം എന്നു പറയുന്നത്. ഇന്നത്തെ ആചാരങ്ങൾ നാളെ ഇല്ലാതാകും. എന്നാൽ മാനദണ്ഡങ്ങളില്ലാത്തത് പുതിയ ആചാരങ്ങൾ തുടങ്ങുകയും ചെയ്യും. ശാസ്ത്രീയതയും പ്രായോഗികതയും അടിസ്ഥാനമാക്കി ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറിക്കൊണ്ടേയിരിക്കും.
മതവും ദൈവവും ആചാരങ്ങളും മനുഷ്യ സൃഷ്ടിയാണെന്നതിൽ തർക്കമില്ല. മതങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം സംഭവിക്കാം. പത്തു ദശാബ്ദങ്ങൾക്ക് മുൻപ് ദക്ഷിണേന്ത്യയിൽ പ്രചുര പ്രചാരം കിട്ടിയിരുന്ന പല ആചാരങ്ങളും ഇന്ന് പൂർണ്ണമായിട്ടല്ലെങ്കിലും ഇല്ലാതായിട്ടുണ്ട്. ദേവീക്ഷേത്രങ്ങളിൽ സാധാരണ വഴിപാടായിരുന്ന മൃഗബലി ഇന്നില്ലെന്നു തന്നെ പറയാം. എന്നാൽ ചില ഭാഗങ്ങളിൽ മൃഗബലി ഇപ്പോഴും നടത്താറുണ്ട്. മനുഷ്യബലി നടന്നതായുള്ള വാർത്തകളും ഈയിടെ കേൾക്കുകയുണ്ടായി. പലയിടങ്ങളിലും അതു രഹസ്യമായി നടക്കുന്നു. കഴിഞ്ഞ ആഴ്ച സമാധിയുടെ പേരിൽ നെയ്യാറ്റിൻകരയിലുണ്ടായത് അവസാന ഉദാഹരണം. സാധാരണക്കാരെ ദൈവവിശ്വാസത്തിൽ നിർത്തുവാൻ വേണ്ടി കാണിക്കുന്ന ഗിമ്മിക്കുകൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും അനാചാരങ്ങൾ നിർത്തലാക്കുവാൻ പല നിലകളിൽ സഹായിച്ചിട്ടുണ്ട്. അതൊക്കെ ചരിത്രത്തെതന്നെ മാറ്റിമറിച്ച സംഭവമായി വാഴ്ത്തപ്പെടുന്നു.
തമിഴ് നാട്ടിലെ ആചാരമായിരുന്നു പൊങ്കലിന് കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഇപ്പോൾ ഈ ആചാരം ഉണ്ട്. കീഴ്‌വഴക്കമായും, ക്രമേണ ആചാരവുമായി ഇതുമാറി. മകരത്തിന് പൊങ്കാലയിടുന്ന പതിവ് പണ്ടു വീടുകളിൽ ഉണ്ടായിരുന്നു. പുന്നെല്ല് നിറഞ്ഞ് കഴിയുമ്പോൾ ജന്മിമാർ അടിയാന്മാരായ പണിക്കാരെയും മറ്റയൽക്കാരെയും ഒക്കെ മകരപ്പൊങ്കലിന് വിളിച്ച് പായസവും പുന്നെല്ലരിച്ചോറും നൽകുന്ന പതിവ് മധ്യതിരുവിതാംകൂറിൽ ഉണ്ടായിരുന്നു. പൊങ്കാല ഇന്ന് ക്ഷേത്രങ്ങളിലായി മാറി. അടിസ്ഥാനപരമായ മാറ്റം എല്ലാ തലത്തിലും, എല്ലാ മതത്തിലും ജീവിത രീതിയിലും മനുഷ്യരിൽ വന്നുകൊണ്ടിരിക്കുന്നുവെന്ന് സാരം. അത് ലോകത്ത് എല്ലായിടത്തും വന്നുകൊണ്ടിരിക്കുന്നു.
ഇത്തരത്തിൽ കാലത്തിനനുസരിച്ച് എല്ലായിടത്തും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ ഉൾക്കൊള്ളേണ്ട മാറ്റങ്ങൾ, പൊതു സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ, ആചാരാനുഷ്ഠാനങ്ങളിൽ വന്നാൽ മനുഷ്യ സംസ്കാരത്തിന്റെ വളർച്ചയ്ക്ക് അത് ഗുണകരമാകാൻ മാത്രമേ ഇടയാകൂ. l