ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നടത്തിയ പ്രസംഗം കേരള സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ഒരു വെല്ലുവിളിയെക്കുറിച്ചും അതിനുള്ള പ്രതിവിധിയെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലും മുന്നറിയിപ്പുമായിരുന്നു. കേരളം ജന്മം കൊടുത്ത ഏറ്റവും മഹാനായ സന്ന്യാസിയും ഏറ്റവും വിപ്ലവകാരിയായ സാമൂഹ്യപരിഷ്‌കർത്താവുമായ ശ്രീനാരായണ ഗുരു എല്ലാവിഭാഗത്തിലും പെട്ട മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യമാക്കി രൂപംകൊടുത്ത ശിവഗിരി തീർത്ഥാടനത്തിന്റെ വാർഷിക യോഗം ഇതിനായി തെരഞ്ഞെടുത്തത് ഈ ഓർമ്മപ്പെടുത്തൽ എല്ലാ കേരളീയരിലും എത്തണം എന്ന ഉദ്ദേശ്യത്തോടെ തന്നെ ആയിരിക്കണം. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് അത് വലിയ അസ്വസ്‌ഥതയുണ്ടാക്കിയിട്ടുണ്ട്.
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഭീഷണമായ രണ്ടു സാമൂഹ്യ യാഥാർഥ്യങ്ങൾ മുഖ്യമന്ത്രി കേരളീയരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അവ ഇതാണ്:
ഒന്ന്: സനാതനഹിന്ദുത്വം എന്നത് അതിമഹത്തും അഭിമാനകരവുമായ എന്തോ ഒന്നാണ് എന്നും അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ഉള്ള ഏക പോംവഴി എന്നും ഉള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്.
രണ്ട്: സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ട്.
സനാതന ഹിന്ദുത്വത്തെ നമ്മുടെ സമകാലിക രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രസ്‌ഥാനത്തു പ്രതിഷ്ഠിക്കാനുള്ള ശ്രമത്തെ തന്റെ വിമർശനത്തിന്റെ കേന്ദ്രബിന്ദുവായി നിർത്തുന്ന പിണറായി വിജയൻ സനാതന ധർമ്മം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി നിർവ്വചിച്ചതിനുശേഷമാണ് ആ ജോലിയിലേക്ക് കടക്കുന്നത്. ‘‘സനാതന ധർമ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമല്ല,’’ എന്നദ്ദേഹം പറയുന്നു. ‘‘ഇന്നും ഇടയ്ക്കിടയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് സനാതനഹിന്ദുത്വം. രാജാധിപത്യത്തിനും വർഗ്ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക് എന്നത് ശ്രദ്ധിക്കണം. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണ്’’ എന്ന് കൃത്യമായി സനാതന ഹിന്ദുത്വത്തെയും വർണ്ണാശ്രമ ധർമ്മത്തെയും നിർവചിച്ചതിനുശേഷമാണ് ഹിന്ദുത്വ രാഷ്ട്രീയക്കാർ ഇപ്പോൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ അദ്ദേഹം വിമർശിക്കുന്നത്.
ഇവിടെ ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. മതത്തെപ്പറ്റി മാർക്സിസ്റ്റുകാർക്ക് ഒരു നിലപാടുണ്ട്; അത് പരിപൂർണ്ണ നിഷേധത്തിന്റേതല്ല, മറിച്ച്- വൈരുദ്ധ്യാത്മകമായ സമീപനമാണത്. ഒരു സാമൂഹ്യ സ്‌ഥാപനം എന്ന നിലയിൽ മതത്തെ അംഗീകരിക്കുക, എന്നാൽ മതം നൽകുന്ന താൽക്കാലികവും സാങ്കല്പികവുമായ ആശ്വാസം എന്നതിനുപകരം മനുഷ്യന് അന്തസ്സോടെ ജീവിക്കാനാവശ്യമായ സ്‌ഥായിയായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തുക. ഈ നിലപാടിൽ നിന്നാണ് പ്രത്യേകിച്ച് ഇന്ത്യയെപോലെയുള്ള രാജ്യത്തു അയാൾ പ്രവർത്തിക്കുക.
ശ്രീനാരായണ ഗുരു വെല്ലുവിളിച്ചതും പരിഷ്കരിച്ചതും സനാതനധർമ്മത്തെ ആയിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാൽ അദ്ദേഹം പോലും അതിനെ പൂർണ്ണമായി നിരാകരിക്കുകയല്ല ചെയ്തത്. അതിലെ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ‘‘വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടു’’മാണ് ഗുരു സമുദായ പരിഷ്‌കർത്താവ് എന്ന നിലയിലുള്ള തന്റെ ദൗത്യം കൊണ്ടുനടന്നത്.
ക്ഷേത്രങ്ങളെപ്പറ്റിയും ആരാധനാലയങ്ങളെപ്പറ്റിയും വിരുദ്ധാഭിപ്രായമുള്ളപ്പോൾത്തന്നെ അവയെ പരിപൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടല്ല ഗുരു പ്രവർത്തിച്ചത്. മനുഷ്യർക്ക് ആശ്വാസം നൽകുന്ന ഏതു പ്രവൃത്തിയ്ക്കും അവരോടൊപ്പം നില്ക്കാൻ അദ്ദേഹം തയ്യാറായിരുന്നു, അവസാനകാലം വരെ. അവയിലൊന്നും ജാതിയോ മതമോ ഒരു വിഭജന സൂത്രമായി അവതരിക്കരുത് എന്നുമാത്രം. ശിവഗിരി തീർത്ഥാടനത്തിനായി ഗുരു നിർദ്ദേശിച്ച എട്ടു വിഷയങ്ങൾ ഇതിനു തെളിവാണ്: വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെ മനുഷ്യർക്ക് സാമൂഹ്യ ജീവി എന്ന നിലയിൽ അന്തസ്സോടെ ഭൂമിയിൽ ജീവിക്കാനാവശ്യമായ വിഷയങ്ങളാണ് ഗുരു സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിൽ ഈശ്വര ഭക്തി ഒരു വിഷയംതന്നെയാണ്; ഒരു വിഷയം മാത്രമായിരിക്കുമ്പോഴും.
എന്നാൽ ഈശ്വര ഭക്തി മനുഷ്യനെ ആശ്വസിപ്പിക്കുന്നതിനു പകരം മതരൂപം പൂണ്ടു മനുഷ്യനെ ആക്രമിക്കുന്നതും അവരുടെ ജീവിതം ദുഷ്കരമാക്കുന്നതും കണ്ടതുകൊണ്ടുതന്നെയാണ് അതിന്റെ ആ പ്രത്യക്ഷത്തെ ഗുരു അട്ടിമറിച്ചതും പുനർനിർമ്മിച്ചതും. വർണ്ണാശ്രമ ധർമ്മം മനുഷ്യനോട് ചെയ്തതിനെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നതുകൊണ്ടുതന്നെയാണ് അതിനെതിരായ പ്രവർത്തനങ്ങളിൽ ഗുരു മുഴുകുകയും അത് നിർമ്മിക്കുന്ന തടസ്സങ്ങളെ മുറിച്ചുകടക്കാനുള്ള പ്രായോഗിക കാര്യങ്ങൾക്കു രൂപംകൊടുക്കുകയും ചെയ്തത്. സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ആഹ്വാനം മതത്തിനു പുറത്തുള്ള ഭൗതിക പുരോഗതി ലക്ഷ്യമിട്ടാണ് എന്നത് വ്യക്തമാണ്.
ഇപ്പോൾ അതേ മതരൂപം രാഷ്ട്രീയാധികാരം ആർജ്ജിക്കുകയും വർണ്ണാശ്രമ ധർമ്മം പുനസ്‌ഥാപിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അതിനെതിരെ കരുതിയിരിക്കണമെന്നുള്ള മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകിയത്.
എങ്ങനെയാണ് വർണ്ണാശ്രമ ധർമ്മം ഒളിച്ചുകടത്താനുള്ള ശ്രമം ഹിന്ദുത്വ രാഷ്ട്രീയക്കാർ നടത്തുന്നത്? അതല്പം വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. ഏറ്റവും കാലികമായ ഒരുദാഹരണം പറയാം. കഴിഞ്ഞ ലോക്-സഭ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമായ ബി ജെ പി മുന്പോട്ടുവച്ച മുദ്രാവാക്യം 370 സീറ്റ് എന്നായിരുന്നു. എന്താണ് ഈ സീറ്റിന്റെ പ്രാധാന്യം, ഭരിക്കാൻ അത്ര സീറ്റുകൾ ആവശ്യമുണ്ടോ? ഭരിക്കാൻ 272 സീറ്റു മതി, എന്നാൽ ഭരണ ഘടന ഭേദഗതി ചെയ്യാൻ 362 സീറ്റു വേണം. അതിനുള്ള ആവശ്യമാണ് ബി ജെ പി മുന്നോട്ടുവച്ചത്.
നമ്മുടെ ഭരണഘടനയുടെ പല ഭാഗങ്ങളും, ‘‘ഭാരതം എന്ന ഇന്ത്യ സംസ്‌ഥാനങ്ങളുടെ ഒരു സങ്കലമാണ്’’ എന്ന ഒന്നാം അനുച്ഛേദം മുതൽ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദ്ദേശമാണ് സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം. അക്ഷരാഭ്യാസമോ സാമൂഹ്യ അടിത്തറയോ ഇല്ലാതെ ഇക്കാലമത്രയും ഇവിടെ ജീവിച്ച ജനവിഭാഗങ്ങൾക്ക് അവരുടെ പരാധീനതയെ മുറിച്ചുകടക്കാനുള്ള ഏറ്റവും വലിയ ഉപകരണമായാണ് അത് വിഭാവനം ചെയ്യപ്പെട്ടതും, പരിമിതികൾക്കുള്ളിലും ചില നേട്ടങ്ങൾ ഇതിനകം ഉണ്ടാക്കിയതും.
എന്നാൽ സംവരണം സംഘപരിവാർ നിരന്തരം എതിർക്കുന്ന ഒരു സങ്കൽപ്പമാണ്. പക്ഷേ, അതിനെ നേരിട്ടെതിർക്കാനുള്ള ആർജ്ജവം അവർ കാണിക്കാറില്ല. പിന്നാക്കജാതിക്കാർക്കുള്ള സംവരണ നിർദ്ദേശമടങ്ങിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ 1990-ലെ വി പി സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയ മുന്നണി സർക്കാർ തീരുമാനിച്ചപ്പോഴാണ് രാമജന്മഭൂമി വിഷയം വലിയ തോതിൽ ഉയർത്തി അക്കൂട്ടർ ആ സർക്കാരിനെ അസ്‌ഥിരപ്പെടുത്തിയത് എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പരസ്യമായ ഒരു രഹസ്യമാണ്.
ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ ഭൂരിപക്ഷം എന്ന കാവിരാഷ്ട്രീയക്കാരുടെ ദുഷ്ടലാക്ക് മനസ്സിലാക്കി പല ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളും മഹാരാഷ്ട്രയുമടക്കം പ്രവർത്തിച്ചതാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം പോയിട്ട് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം പോലും ബി ജെ പി യ്ക്ക് കിട്ടാതെപോയത്-. അതല്ലായിരുന്നെങ്കിൽ ഇന്ന് സംവരണം ഈ രാജ്യത്തിന്റെ മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി മാറിയിരുന്നേനെ.
ജനങ്ങൾ ആ ലക്‌ഷ്യം തിരിച്ചറിയുകയും ആ തന്ത്രം തിരിച്ചടിക്കുകയും ചെയ്തപ്പോൾ ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയക്കാർ സംവരണ സംരക്ഷകരായി മാറിയിട്ടുണ്ട്. വാസ്തവത്തിൽ 2024-ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്കുണ്ടായ തിരിച്ചടിയുടെ ഏറ്റവും ഗുണകരമായ ഭാഗം ഇതാണ്. സംഘടിച്ചു ശക്തരാവുക എന്ന് ഗുരു പറഞ്ഞതിന്റെ നേർഫലം: ഒരുമിച്ചു നിന്നെതിർത്താൽ തീർന്നുപോകുന്നതേയുള്ളൂ മനുഷ്യത്വ വിരുദ്ധമായ ഏതു തത്ത്വശാസ്ത്രവും എന്നാണ്.
നമ്മുടെ പോയകാലം ഏതോ സുവർണ കാലമായിരുന്നു എന്നും അത് തിരിച്ചുപിടിക്കുകയെന്നതാണ് മെച്ചപ്പെട്ട ജീവിതത്തിനുള്ള ഏറ്റവും സുനിശ്ചിതമായ വഴി എന്നുമുള്ള ആഖ്യാനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പല രൂപത്തിൽ പറന്നുനടക്കുന്നുണ്ട്. മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നത് അതുകൂടിയാണ്. കേരളം പോലെ സാമൂഹ്യ രംഗത്തു കഴിഞ്ഞ രണ്ട് നൂറ്റാണ്ടിൽ വൻ നേട്ടങ്ങളുണ്ടാക്കിയ ഒരു സമൂഹം പോലും അത് കടന്നുവന്ന നാൾവഴികളെപ്പറ്റിയോ അതിന്റെ ചരിത്രത്തെപ്പറ്റിത്തന്നെയോ അജ്ഞരാണ് എന്ന കാര്യം മുതലെടുത്ത് ഈ ‘സുവർണ്ണ കാല’ത്തിന്റെ കഥ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്.
മനുഷ്യരെ അവരുടെ പ്രാഥമിക സ്വത്വത്തിൽ ഉറപ്പിച്ചുനിർത്തുകയും അവരുടെ ജീവിതത്തെ കള്ളികളാക്കി തിരിച്ചു കൂച്ചുവിലങ്ങിട്ടുനിർത്തുകയും ചെയ്ത ജാതിസമ്പ്രദായത്തിനെതിരെ വൻമുന്നേറ്റങ്ങൾ നടത്തുകയും അവയെ രാഷ്ട്രീയത്തിലേക്കു പരിഭാഷപ്പെടുത്തി അതിന്റെകൂടി സഹായത്തോടെ ഭൗതികമായി വൻ പുരോഗതി നേടുകയും ചെയ്ത ഒരു നാടാണ് കേരളം.
ഇത് സംഭവിച്ചത് വർണ്ണാശ്രമധർമ്മം അനുസരിച്ചതുകൊണ്ടല്ല, ധിക്കരിച്ചതുകൊണ്ടാണ്. അതുകൊണ്ടുകൂടിയാണ് ‘‘സനാതന ധർമ്മത്തിന്റെ രാഷ്ട്രം എന്നു പ്രഖ്യാപിച്ചുകൊണ്ട് മാർത്താണ്ഡവർമ പല പരിഷ്കാരങ്ങളും തിരുവിതാംകൂറിൽ വരുത്തിയത് ’’ എന്ന് മുഖ്യമന്ത്രി അതിന്റെ പ്രചാരകരെ ഓർമ്മപ്പെടുത്തിയത്. വർണ്ണാശ്രമത്തിന്റെ കപടയുക്തിയെ അതേ മാർത്താണ്ഡവർമ്മയുടെ പിൻഗാമികളെക്കൊണ്ടുതന്നെ തിരുത്തിക്കാനാവശ്യമായ മുന്നേറ്റം നമ്മുടെ നാട്ടിലെ പുരോഗമന ശക്തികൾ കാലക്രമത്തിൽ നടത്തിയിരുന്നു എന്നും അവകൂടിയാണ് കേരളത്തിന്റെ ഭൗതിക നേട്ടങ്ങൾ സാധ്യമാക്കിയത് എന്നും സൗകര്യമായി മറന്നുപോകുന്നവരെ അതോർമ്മിപ്പിക്കേണ്ടതുണ്ട്; അവർ ഉയർത്തിക്കൊണ്ടുവരുന്ന മറ്റേതൊരു ആഖ്യാനത്തെയും എതിർത്തു തോൽപ്പിക്കേണ്ടതുമുണ്ട്.
അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ പ്രായോക്താവായിരുന്നു എന്ന പ്രചാരണത്തെയും എതിർക്കേണ്ടിവരും; കാരണം അദ്ദേഹം വർണ്ണാശ്രമ വ്യവസ്‌ഥയുടെ സംരക്ഷണരൂപമായിരുന്ന സനാതന മതത്തെ നിരന്തരം എതിർത്തുകൊണ്ടിരുന്ന ആളാണ്; ആ എതിർപ്പിന്റെ കൂടി ഫലമാണ് ഇന്നത്തെ കേരളം. അതുകൊണ്ടുതന്നെ ആ “സുവർണ്ണ കാലത്തിന്റെ’ പ്രചാരകരോട് ചില ചോദ്യങ്ങൾ പിണറായി വിജയൻ ചോദിക്കുന്നുണ്ട്, അദ്ദേഹത്തിന്റേതായ ഉത്തരങ്ങൾ നൽകുന്നുമുണ്ട്. ‘‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സർവമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല’’, എന്ന് ഗുരുദർശനത്തിന്റെ മർമ്മം ഉയർത്തിപ്പിടിച്ചു മുഖ്യമന്ത്രി ചോദിക്കുന്നു. എങ്ങനെയാണ് സനാതന ധർമ്മം വർണാശ്രമ ധർമ്മമാകുന്നത് എന്നതിന് തന്റേതായ വ്യാഖ്യാനം അദ്ദേഹം നൽകുന്നു. അദ്ദേഹത്തെ ഇക്കാര്യത്തിൽ ഖണ്ഡിച്ചല്ലാതെ സനാതന ധർമ്മത്തിന് മറ്റേതെങ്കിലും മുഖം നൽകുക അസാധ്യമാണ്.
ഹിന്ദുമതം എന്ന് നമ്മൾ സാധാരണ വിവക്ഷിക്കുന്ന മതവും സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസമായി, അംഗീകരിക്കാനാവാത്തതായി പിണറായി കരുതുന്നത് വർണ്ണാശ്രമ വ്യവസ്‌ഥയെയാണ് എന്ന് ആവർത്തിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ‘‘സനാതന ധർമ്മത്തിന്റെ പര്യായമോ അവിഭാജ്യ ഘടകമോ ആണ്- വർണാശ്രമ ധർമ്മം. ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമ ധർമ്മം. അത് ഉയർത്തിപ്പിടിച്ചതെന്താണ്? കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ? കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യലാണ്. അപ്പോൾ എങ്ങനെയാണ് ഗുരു സനാതന ധർമ്മത്തിന്റെ വക്താവാകുക? ചാതുർവർണ്യ വ്യവസ്ഥയെ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്ന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകും? വർണവ്യവസ്ഥയ്ക്ക് എതിരായ ധർമ്മമാണ് ഗുരു ഉയർത്തിപ്പിടിച്ചത്.’’
സനാതന ധർമ്മം വർണ്ണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്നുറപ്പിച്ചതിനുശേഷം നമ്മുടെ നാടിനു ഇന്നാവശ്യമായ ഗുരു ദർശനത്തെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു; ‘‘മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്…. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാൻ നിന്നാൽ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും’’.
വർണ്ണാശ്രമ ധർമ്മത്തിന്റെ കാലഗണന കൂടി നൽകിക്കൊണ്ട് ഒരു സംശയത്തിനും ഇടനൽകാത്തവിധം തന്റെ രാഷ്ട്രീയ ദർശനവും ഹിന്ദുത്വ രാഷ്ട്രീയക്കാർ പ്രചരിപ്പിക്കുന്ന സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസം പിണറായി ഒരിക്കൽക്കൂടി ആവർത്തിക്കുന്നു, ഗുരുവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഊട്ടിയുറപ്പിക്കുന്നു.
‘‘സനാതന ധർമ്മത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണു ഗുരു. ഗോത്ര വ്യവസ്ഥ പിൻവാങ്ങി വർണവ്യവസ്ഥ വരുന്ന കാലമാറ്റത്തിന്റെ ഘട്ടത്തിലുണ്ടായ സാംസ്കാരിക ഉല്പന്നമാണ് മഹാഭാരതം. അതുപോലും എന്താണ് ധർമ്മമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാതെ സംശയത്തിന്റെ ചോദ്യചിഹ്നമുയർത്തി പിൻവാങ്ങുന്നതേയുള്ളൂ.’’
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരകർ ഇപ്പോൾ മുന്പോട്ടുവയ്ക്കുന്നതു പള്ളാത്തുരുത്തിയിൽവച്ചു നടന്ന എസ്-എൻ ഡി പി യോഗത്തിന്റെ വാർഷികത്തിനായി ഗുരു നൽകിയ ആശംസാ സന്ദേശമാണ്. അതിൽ ‘സനാതന ധർമ്മം’ എന്നൊരു പ്രയോഗമുണ്ട് എന്നത് ശരിയാണ്.
ഇതാണ് ഗുരുവിന്റെ സന്ദേശത്തിന്റെ പൂർണ്ണരൂപം:
‘‘സമുദായ സംഘടനയെപ്പറ്റിയും മത പരിഷ്കാരത്തെപ്പറ്റിയും നിങ്ങൾ ഗൗരവമായ ആലോചനകൾ ചെയ്തുവരുന്നുണ്ടെന്നറിയുന്നത് നമുക്ക് വളരെ സന്തോഷം തന്നെ. എന്നാൽ സംഘടനകളുടെ ഉദ്ദേശ്യം ഒരു പ്രത്യേക വർഗ്ഗക്കാരെമാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്. മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മത സംഘത്തെ ഉപേക്ഷിച്ച് മറ്റൊരു മത സംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം. മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമമായ ആദർശത്തിലേക്കു നയിക്കുന്നതുമായിരിക്കണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതന ധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു.’’
ജീവിതകാലം മുഴുവൻ വർണ്ണാശ്രമ വ്യവസ്‌ഥയ്‌ക്കെതിരെ പോരാടുകയും അതിനെ മാറ്റിത്തീർക്കുകയും ചെയ്ത ഒരു മഹാഗുരുവിന്റെ ഒരു പ്രഖ്യാപനത്തിൽനിന്ന് ഒരു വാക്കെടുത്തു ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹം അന്നുവരെ ചെയ്ത എല്ലാ പ്രവൃത്തികളെയും, പറഞ്ഞ എല്ലാ വാക്കുകളെയും മുന്പോട്ടുവച്ച ദർശനത്തെയും നിർലജ്ജം റദ്ദു ചെയ്യുകയാണ് ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കുന്നവർ ചെയ്യുന്നത്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് തന്റെ സനാതന ധർമ്മത്തെ നിർവചിക്കുന്ന ഗുരു വചനം വച്ചാണ് ജാതിവ്യവസ്‌ഥയ്‌ക്കുമേൽ പണിതുയർത്തിയ സനാതന ധർമ്മത്തെ ന്യായീകരിക്കുവാൻ ഇക്കൂട്ടർ ശ്രമിക്കുന്നത്. മനുഷ്യർക്ക് ഒരു ജാതിയേ ഉള്ളൂ, അത് മനുഷ്യത്വമാണെന്നു നിഷ്കർഷിച്ച ഗുരുവാണ് ശ്രീനാരായണൻ; മനുഷ്യനെ അടയാളപ്പെടുത്തുന്ന ആ പ്രാഥമിക യുക്തിബോധത്തെ തലകുത്തി നിർത്തിയാൽ മാത്രമേ ഗുരുദർശനത്തെ ജാതിവ്യവസ്‌ഥയേയോ അതിന്റെ സംരക്ഷണരൂപമായിരുന്ന സനാതന ധർമ്മത്തെയോ ന്യായീകരിക്കാൻ ഉപയോഗിക്കാനാവു. അത് കല്ലിൽക്കടിച്ചു പല്ലു കളയുന്ന പണിയാണ് എന്ന് അതിലേർപ്പെട്ടിരിക്കുന്നവർക്കു മെല്ലെ മനസ്സിലാകും.
മതവും ജാതിയുമൊക്കെ എത്രത്തോളം മനുഷ്യത്വ വിരുദ്ധമാണ് എന്ന് തിരിച്ചറിയുകയും അവയോടൊക്കെ നിരന്തരം പോരാടുകയും പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും ചെയ്ത ഗുരു എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഒരു ആത്മീയത എല്ലാക്കാലവും കൊണ്ടുനടന്നിരുന്നു. സനാതന ഹിന്ദുത്വവും അതിന്റെ ഇപ്പോഴത്തെ മുഖമായ സംഘപരിവാറും പറയുന്ന മതാത്മകതയോ അവർ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന ജാതീയതയോ ആയി പുലബന്ധമില്ലാത്ത സങ്കല്പങ്ങളാണ് ഗുരുവിന്റേത് എന്നത് മറച്ചുവയ്ക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ.
കേരളത്തിൽ കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടു കാലത്ത് നടന്ന യുക്തിബോധത്തിന്റെയും ശാസ്ത്ര ചിന്തയുടെയും വഴികൾ ഉപേക്ഷിക്കാനും ഈ നാടിനെ തിരിച്ചു നടത്താനുമുള്ള വലിയ ശ്രമവും പ്രചാരണവും ഇപ്പോൾ നടക്കുന്നുണ്ട്. ആ ശ്രമത്തിനു ഒരു പ്രതിബന്ധം ശ്രീനാരായണ ദർശനങ്ങളാണ്; അതുകൊണ്ടുതന്നെ ആ ദർശനങ്ങളെ വികലമാക്കി അവതരിപ്പിക്കാനുള്ള ശ്രമം ആ തിരിഞ്ഞുനടത്തക്കാർ നടത്തിക്കൊണ്ടിരിക്കുന്നു. കേരളസമൂഹം അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഈ സാമൂഹ്യ പ്രതിഭാസത്തെപ്പറ്റിയുള്ള കൃത്യ സമയത്തുള്ള കൃത്യമായ മുന്നറിയിപ്പാണ് പിണറായി വിജയന്റെ ശിവഗിരി പ്രസംഗം. l