Wednesday, January 22, 2025

ad

Homeകവര്‍സ്റ്റോറിഹിന്ദുത്വത്തിന്റെ 
സനാതന ധർമം

ഹിന്ദുത്വത്തിന്റെ 
സനാതന ധർമം

കെ എൻ ഗണേശ്

നാതനധർമം ഒരു വിവാദ വിഷയമാകുന്നത് നടാടെയല്ല. ക്ഷേത്രാരാധനയെ സംബന്ധിച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ എടുത്ത നിലപാടും അതിനെ പിന്തുണച്ചുകൊണ്ടും ശ്രീനാരായണഗുരുവിന്റെ നിലപാടുകൾ സനാതനധർമമനുസരിച്ചായിരുന്നില്ല എന്ന വാദമുന്നയിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതിനു മുമ്പ് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സനാതനധർമത്തിനെതിരെ നിലപാടു സ്വീകരിച്ചിരുന്നു. അപ്പോഴെല്ലാം ഹിന്ദുത്വത്തിന്റെ അടിസ്ഥാന ദാർശനിക നിലപാട് സനാതനധർമമാണെന്ന നിലപാടാണ് ആർഎസ്എസ്/ ഹിന്ദുത്വശക്തികളും ബിജെപിയും സ്വീകരിച്ചുപോന്നത്.

സനാതന ധർമം എന്ന പദപ്രയോഗം എന്നുമുതലാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത് എന്നു കണ്ടെത്തുക പ്രയാസമാണ്. ഉപനിഷത്തുകളിലും ബൗദ്ധ–ജെെന ഗ്രന്ഥങ്ങളിലും ധർമം എന്ന പദം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ ജീവിതവൃത്തിയെയും പ്രവർത്തനങ്ങളെയും അവയോടുള്ള സമീപനത്തെയും ആധാരമാക്കിയാണ് ധർമം എന്ന വാക്ക് ഉപയോഗിച്ചുവന്നത്. വ്യക്തിയെയും സമൂഹത്തെയും നിലനിർത്തുന്ന പ്രവർത്തനമേതാണോ അത് ധർമം. വ്യക്തിയെയും സമൂഹത്തെയും തകർക്കുന്നതേതാണോ അത് അധർമം. സ്വാഭാവികമായും നശീകരണക്ഷമതയുള്ളത് ഏതാണോ അത് ഉപേക്ഷിക്കണം, നിലനിൽപ്പിന് സഹായിക്കുന്നവയെ കെെക്കൊള്ളണം. ബൗദ്ധ–ജെെനമതങ്ങൾ ധർമത്തെ കണ്ടത് വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനിൽപ്പിനു മാത്രമല്ല വ്യക്തികളുടെ നിർവാണപ്രാപ്തിക്കു സഹായിക്കുന്ന മനോഭാവങ്ങളായും ജീവിതശെെലികളുമായും ധർമത്തെ കണ്ടു. ഇവിടെയൊക്കെ ധർമം സനാതനമല്ല. ഉപനിഷത്തുക്കൾക്ക് മോക്ഷപ്രാപ്തിയാണ് സനാതനം. ഏതെങ്കിലും ശാശ്വതാവസ്ഥയെക്കുറിച്ച് അഭിപ്രായങ്ങൾ പറയാൻ ഗൗതമബുദ്ധൻ തയ്യാറല്ലായിരുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും ശരീരത്തെ കീഴടക്കുന്ന മലമായാണ് അധർമത്തെ ജെെനന്മാർ കണ്ടത്. ധർമനിഷ്ഠ അവർക്ക് ശുചീകരണ പ്രക്രിയയാണ്.

ധർമത്തെക്കുറിച്ചുള്ള ഈ സങ്കൽപ്പങ്ങൾ മാറുന്നത് വർണാശ്രമധർമം എന്ന ആശയത്തിലൂടെയാണ്. ചാതുർവർണ്യത്തെയും ആശ്രമങ്ങളെയും സംബന്ധിച്ച ആശയങ്ങൾ പ്രാചീനകാലത്തുതന്നെയുണ്ടായിരുന്നു. ഇതിലാദ്യത്തേത് സമൂഹവിഭജനത്തിന്റെ രൂപമായിരുന്നപ്പോൾ രണ്ടാമത്തേത് പ്രത്യേകിച്ച് ബ്രാഹ്മണർ, ക്ഷത്രിയർ, വെെശ്യർ എന്നീ ആദ്യത്തെ മൂന്നുവർണങ്ങളുടെ ജീവിതഘട്ടങ്ങളാണ്. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് ആ ജീവിതഘട്ടങ്ങൾ. ഇവ രണ്ടും ചേർത്ത് ധർമം എന്ന പേരിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങളെ പട്ടികപ്പെടുത്തുകയാണ് വർണാശ്രമ ധർമം ചെയ്യുന്നത്. കൗടില്യന്റെ അർഥശാസ്ത്രം മുതലുള്ള രചനകളിലെല്ലാം വർണാശ്രമ ധർമങ്ങളെക്കുറിച്ചു പറയുന്നുണ്ട്. എങ്കിലും ക്രി.പി 5–ാം നൂറ്റാണ്ടോടുകൂടി പൂർണമാക്കപ്പെട്ട ധർമശാസ്ത്രങ്ങളിലും സ്മൃതികളിലുമാണ് വർണാശ്രമ ധർമം പൂർണരൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്.

വർണാശ്രമ ധർമത്തിൽ വിശദീകരിക്കുന്ന എല്ലാ ധർമങ്ങളും അനുഷ്ഠാനപരവും തൊഴിൽപരവുമാണ്. ഇതുമായി ബന്ധപ്പെട്ട് ഓരോ സമൂഹവിഭാഗത്തിനും ഓരോ ഘട്ടത്തിൽ ആകാവുന്നതും അരുതാത്തതുമായ കാര്യങ്ങളാണ് ധർമസംഹിതകളിലുള്ളത്. ഉദാഹരണത്തിന്, ഓരോ വർണത്തിലെയും ബ്രഹ്മചാരികൾ അതതുവർണങ്ങൾക്കാവശ്യമായ ജ്ഞാനം നേടുകയും തൊഴിൽ പരിശീലനം നടത്തുകയും ചെയ്യുന്നവരാണ്. ലെെംഗികബന്ധങ്ങളോ വിവാഹജീവിതമോ അവർക്ക് പാടില്ല. ഗൃഹസ്ഥർക്ക് ലെെംഗികബന്ധങ്ങളും വിവാഹജീവിതവുമാകാം. പക്ഷേ, ഗൃഹങ്ങളെ (കുടുംബങ്ങളെ) സംരക്ഷിക്കുന്ന വിധത്തിലുള്ള ധാർമികമൂല്യങ്ങൾ അവർ പാലിക്കണം. വാനപ്രസ്ഥത്തിലുള്ളവർ ഗൃഹസ്ഥ ജീവിതത്തിൽനിന്നും പൊതുജീവിതത്തിൽനിന്നും വിരമിച്ചവരാണ്. രാജപദവി പോലുള്ള പ്രവർത്തനങ്ങളിലേക്ക് ഇവർ തിരിച്ചുവരാൻ പാടില്ല. ശൂദ്രരുടെ തൊഴിൽ മറ്റു വർണങ്ങളെ സേവിക്കുന്നതാണ്. മറ്റു വർണങ്ങളുടെ പ്രവർത്തനങ്ങൾ ഇവർക്കതേ പടി പകർത്താൻ പാടില്ല. മറ്റു വർണങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും അവർക്ക് നിഷേധിക്കപ്പെടുന്നു. എല്ലാ വർണങ്ങൾക്കും ആശ്രമങ്ങൾക്കും രണ്ടുവിധത്തിലുള്ള ധർമങ്ങളുണ്ട്. അവയിൽ ഒരു വിഭാഗം നിത്യവും മറ്റേത് നെെമിത്തികവുമാണ്. നിത്യധർമങ്ങൾ എല്ലായ്-പ്പോഴും ചെയ്യേണ്ടുന്നവയാണ്. ഉദാഹരണത്തിന് സന്ധ്യയ്ക്ക് നാമം ചൊല്ലുക, വിളക്കു കൊളുത്തുക, മാതാപിതാക്കളെയും ഗുരുജനങ്ങളെയും വന്ദിക്കുക തുടങ്ങിയവ നിത്യധർമങ്ങളാണ്. വിവാഹം മുതലായ ചടങ്ങുകൾ, ക്ഷേത്രങ്ങളിലെ പൂജകൾ തുടങ്ങിയവ നെെമിത്തിക ധർമങ്ങളാണ്.

ഇത്തരം ധർമങ്ങളൊന്നും സമൂഹത്തെ മുഴുവൻ ബാധിക്കുന്ന സനാതനധർമങ്ങളല്ലെന്നു കാണാൻ വിഷമമില്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിൽ ചെയ്യുന്നവയ്ക്കു പോലും വ്യത്യാസമുണ്ട്. ശൂദ്രർക്കും വർണങ്ങളിൽപെടാത്ത ചണ്ഡാലർ, കിരാതർ, നിഷാദർ തുടങ്ങിയവർക്കും ഈ ധർമങ്ങളിൽ മിക്കവയും ബാധകമല്ല. ഇതിന്റെ അർഥം ഇന്ന് ഹിന്ദുക്കൾ എന്നു വിളിക്കപ്പെടുന്നവരിൽ ഭൂരിഭാഗത്തിനും ഇത്തരം ധർമങ്ങൾ ബാധകമല്ലെന്നതാണ്. പിന്നെയെങ്ങനെയാണ് ധർമം സനാതനമാകുന്നത്?

ഇതിനുത്തരം നൽകുന്നത് ഭഗവദ്ഗീതയിലാണ്. എല്ലാവർക്കും അറിയുന്നതുപോലെ, മഹാഭാരതയുദ്ധത്തിന്റെ അങ്കണത്തിൽവച്ച് അർജുനൻ കൃഷ്ണനോട് ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന നിലയിലാണ് ഭഗവദ്ഗീത എഴുതിയിരിക്കുന്നത്. അർജുനൻ കൃഷ്ണനോട് ചോദിക്കുന്ന സുപ്രധാന ചോദ്യം ഇതാണ്: ‘‘കുലധർമം സനാതനമാണ്. അത് അനുഷ്ഠിക്കാതിരിക്കുന്നതോടെ കുലം ക്ഷയിക്കും. ധർമം നഷ്ടപ്പെടുകയും അധർമം ശക്തി പ്രാപിക്കുകയും ചെയ്യും. അധർമം വളരുന്നതോടെ കുലസ്ത്രീകൾ ദുഷിക്കപ്പെടും. ദുഷ്ടന്മാർ വളരും. വർണസങ്കരമുണ്ടാകും’’ (ഭഗവദ്ഗീത ഒന്നാമദ്ധ്യായം 39–40). സ്വന്തം ബന്ധുക്കളോടു യുദ്ധം ചെയ്യുന്നതുമൂലം ധർമം നശിക്കുകയല്ലേ ചെയ്യുക എന്നാണ് അർജുനൻ ചോദിക്കുന്നത്. ഇവിടെ അർജുനൻ സനാതനത്വം നൽകുന്നത് കുലധർമത്തിനാണ്. അതായത് വർണാശ്രമ ധർമത്തിനാണ്. യുദ്ധം ചെയ്യുക ക്ഷത്രിയന്റെ കുലധർമമാണ്. പക്ഷേ, സ്വന്തം കുലത്തിനെതിരായി യുദ്ധം ചെയ്യുന്നത് കുലക്ഷയമുണ്ടാക്കും. അത് അധർമമാണ്. അതായത് വർണാശ്രമ ധർമത്തിന്റെ കാഴ്ചപ്പാടനുസരിച്ചുതന്നെ പിന്നെങ്ങനെ യുദ്ധം ചെയ്യും, എന്നതാണ് അർജുനന്റെ ചോദ്യം. സ്വന്തം സഹോദരന്മാരെയും ഗുരുക്കന്മാരെയും കുലത്തിൽ ജനിച്ചവരെയും കൊല്ലുന്നത് എങ്ങനെയാണ് സനാതനമായ കുലധർമമാവുക?

ഒരർഥത്തിൽ ഭഗവദ്ഗീത മുഴുവനും ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ഏതാണ്ട് ക്രി.പി രണ്ടുമുതൽ അഞ്ചുവരെയുള്ള നൂറ്റാണ്ടുകളിലാണ് ഭഗവദ്ഗീത രചിക്കപ്പെടുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത് (ഗീതയ്ക്ക് മൂന്ന് അടരുകളെങ്കിലും ഉള്ളതായി രാം ബാപ്പത് എന്ന പ്രശസ്തചിന്തകൻ വിശദീകരിക്കുന്നുണ്ട്). വർണാശ്രമ ധർമത്തിന്റെ ആശയങ്ങൾ ശക്തിപ്പെട്ടുവന്ന കാലമാണിത്. സ്-മൃതികളിൽ പലതും, ധർമശാസ്ത്രങ്ങളും രൂപംകൊള്ളുന്നതും ഇതേ ഘട്ടത്തിലാണ്. സമൂഹവിഭജനം ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായി നിർവചിക്കുന്നതും അവർണരെ ചണ്ഡാലരായി അകറ്റിനിർത്തുന്നതും ഇതേ ഘട്ടത്തിലാണ്. വർണാശ്രമ ധർമത്തിലെ ധർമം കുലധർമവും ജാതി ധർമവുമാണ്. ബ്രാഹ്മണർ ബ്രാഹ്മണരുടെ ധർമവും ക്ഷത്രിയർ ക്ഷത്രിയരുടെ ധർമവും ചെയ്യാൻ ബാധ്യസ്ഥരാണ്. അതുപോലെ മറ്റുള്ളവരും. ധർമത്തിന്റെ ലക്ഷ്യം തന്നെ കുലത്തിന്റെയും ജാതിയുടെയും നിലനിൽപ്പായിരിക്കെ ബന്ധുക്കൾ തമ്മിലുള്ള യുദ്ധം അധർമമല്ലേ എന്നാണ് ചോദ്യം. മാത്രമല്ല, വർണസങ്കരം അർഥശാസ്ത്രം മുതലുള്ള ഗ്രന്ഥങ്ങളിലെല്ലാം അധർമത്തിന്റെ പ്രതീകമാണ‍്. വർണത്തിൽപെട്ടവർ അധർമികളായി മാറുകയും കുലസ്ത്രീകൾ പരപുരുഷബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോഴാണ് വർണസങ്കരമുണ്ടാവുകയും ചാതുർവർണ്യം നശിക്കുകയും ചെയ്യുന്നത്. അപ്പോൾ അർജുനന്റെ കണ്ണിൽ മാത്രമല്ല, പൊതുവിൽ അന്നത്തെ സമൂഹത്തിൽ സനാതനധർമം വർണാശ്രമധർമം തന്നെയാണ്.

ഇതിന് കൃഷ്ണൻ നൽകുന്ന ഉത്തരം ‘സനാതനധർമ’ത്തിന്റെ പിൽക്കാല ഹിന്ദുവ്യാഖ്യാനങ്ങളിൽ മുഖ്യപങ്കുവഹിക്കുന്നു. അതുവരെ വളർന്നുവന്ന ദാർശനിക പാരമ്പര്യങ്ങളിൽ രണ്ടെണ്ണത്തെ – ഉപനിഷത്തുക്കളിൽ അവതരിപ്പിച്ച ബ്രഹ്മസിദ്ധാന്തത്തെയും സാംഖ്യയോഗ ദർശനങ്ങളെയും തുന്നിച്ചേർത്താണ് കൃഷ്ണൻ തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നത് (അല്ലെങ്കിൽ കൃഷ്ണന്റെ പേരിൽ ഗീതാകർത്താവ് ആരോപിക്കുന്നത്). ഇതിൽനിന്നു പുറത്തുവരുന്ന ആശയങ്ങളാണ് താഴെ നൽകുന്നത്.

ഗീതയിലെ സനാതന ധർമം
സനാതന ധർമത്തിന്റെ പുനർ നിർവചനമാണ് കൃഷ്ണന്റെ മറുപടിയുടെ ആധാരം. ശരീരവും ആത്മാവും തമ്മിൽ കൃഷ്ണൻ വേർതിരിക്കുന്നു. ശരീരത്തെ വെട്ടിമുറിക്കാനും കത്തിക്കാനും ചുരുക്കാനും ശോഷിപ്പിക്കാനും ചലിപ്പിക്കാനും കഴിയും. എന്നാൽ സനാതനമായത് വെട്ടിമുറിക്കാനോ കത്തിക്കാനോ ശോഷിപ്പിക്കാനോ ചലിപ്പിക്കാനോ കഴിയാത്തതാണ്. അത് ആത്മാവാണ്. ആത്മാവ് മാത്രമാണ്. നിത്യവും എല്ലായിടത്തും (അച്ഛേദ്യോയ മദാഹേ-്യായ മക്ലേദ്യോശോഷ്യ ഏവച നിത്യഃ സർഗത സ്ഥാണുരചലോയം സനാതനഃ) വ്യാപിച്ചുകിടക്കുന്നതും സ്ഥിരവുമാണ്. അതുകൊണ്ട് സനാതന ധർമമെന്നത് ആത്മാവിന്റെ സ്വധർമമാണ്. ആത്മജ്ഞാനമുള്ളവർ ശരീരത്തിന്റെ തൃഷ്ണകളിൽ കുടുങ്ങുകയില്ല. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയവ അവരെ ആകർഷിക്കുകയില്ല. അതായത്, താൻ ചെയ്യുന്ന കർമം ആരോടെങ്കിലുമുള്ള സ്നേഹവായ്പുകൊണ്ടോ ദ്വേഷ്യം കൊണ്ടോ വസ്തുക്കളുടെ മേലുള്ള ആഗ്രഹം കൊണ്ടോ അല്ല നടത്തുന്നത്. അത് ആ വ്യക്തിയുടെ ആത്മനിഷ്ഠമായ ധർമമായതുകൊണ്ടാണ്. അതുകൊണ്ടാണ് അതിനെ സ്വധർമം എന്നു വിളിക്കുന്നത്. ക്ഷത്രിയരുടെ സ്വധർമം യുദ്ധമാണ്. യുദ്ധം ചെയ്തുകൊണ്ടാണ് ക്ഷത്രിയർ സ്വർഗം കെെവരിക്കുന്നത്. യുദ്ധം ചെയ്യാതെ മാറിനിൽക്കുന്നവർ പാപികളാണ്.

(യദൃച്ഛയാ ചോപപന്നം സ്വർഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാ പാർഥ ലഭന്തേ യുദ്ധമി ദൃശം
അഥചേത്വമിമം ധർമ്യം സംഗ്രാമം നകരിഷ്യതി
തതഃസ്വധർമാ കീർത്തിംച ഹിത്വാപാപമവാപ്-സ്യസി)
അർജുനൻ ബന്ധുമിത്രാദികളോട് യുദ്ധം ചെയ്യാതെ മാറിനിൽക്കുന്നതാണ് പാപം. അർജുനന്റെ വാദം സനാതന ധർമം ജാതി ധർമവും കുലധർമവുമാണെന്നായിരുന്നു. എന്നാൽ കുലവും ജാതിയും നശ്വരമായ ശരീരവുമായി ബന്ധപ്പെട്ടതാണ്. കുലവും ജാതിയും ഇല്ലാതാകാം. പക്ഷേ, സ്വധർമമാണ് നാം ചെയ്യുന്നതെങ്കിൽ, അവിടെ ഒരു തരത്തിലുള്ള സംശയത്തിനും അവകാശമില്ല. അതു ചെയ്തിരിക്കണം.

സ്വധർമം പരധർമമല്ല. മറ്റൊരാളുടെ ധർമം അയാളുടെ ധർമമാണ്. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും വെെശ്യർക്കും ശൂദ്രർക്കും വെവ്വേറെ ധർമങ്ങളാണുള്ളത് അതുപോലെ സ്വധർമത്തെ എതിർക്കുന്നവരും പരധർമം പിന്തുടരുന്നവരാണ്. യുദ്ധക്കളത്തിൽ നമ്മെ എതിർക്കുന്നവർ പരധർമികളാണ്. നമ്മുടെ ധർമത്തെ എതിർക്കുന്നവരാണ്. അതുകൊണ്ട് സ്വധർമം അനുഷ്ഠിക്കുന്നവർക്ക് പരധർമം ഭയാവഹമാണ്. പരധർമം നാം അനുഷ്ഠിക്കരുത്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം പരധർമത്തെ നേരിടണം.

(ശ്രേവാൻ സ്വധർമോ വിഗുണഃ പരധർമാത് സ്വനുഷ്ഠിതാത്
സ്വധർമേ നിധനം ശ്രേയഃ പരധർമോ ഭയാവഹഃ)

ഇത്തരത്തിലുള്ള ധർമസങ്കൽപ്പം വർണാശ്രമ ധർമത്തിന്റെ പുനരാവിഷ്-കാരമാണെന്നു കാണാം. അർജുനന്റെ ചോദ്യം ലളിതമാണ്. കുലത്തെ നശിപ്പിക്കുന്നവൻ നരകത്തിൽ പോകുന്നു. അയാൾക്ക് ചാത്ത കൂടുന്നതിനുപോലും അർഹതയില്ല. മാത്രമല്ല, ശാശ്വതമായ കുലധർമത്തെയും ജാതിധർമത്തെയും നശിപ്പിക്കുന്നു. കൃഷ്ണൻ ചർച്ചയെ അങ്ങനെതന്നെ മാറ്റിമറിക്കുകയാണ്. അതുവരെ നടന്നുവന്ന കുലബദ്ധവും ഗോത്രപരവും ജാതീയവുമായ മര്യാദകളെയും പ്രവർത്തനരീതികളെയുമെല്ലാം സ്വധർമത്തിന്റെ ഭാഗമാക്കുകയും ഓരോ വർണത്തിന്റെയും അതിൽപെട്ട ജാതികളുടെയും കുലങ്ങളുടെയും സുഖത്തിനും സ്വർഗ പ്രാപ്തിക്കുമുള്ള മാനദണ്ഡമാക്കുകയുമാണ് ചെയ്യുന്നത്. കുലത്തിന്റെയും ജാതിയുടെയും മര്യാദകളെല്ലാം ചാതുർവർണ്യത്തിന്റെ സ്വധർമത്തിൽ കേന്ദ്രീകരിച്ച ആശയസംഹിതയ്ക്ക് കീഴടങ്ങുന്നു.

സ്വധർമത്തെ കർമവുമായി കൃഷ്ണൻ ബന്ധപ്പെടുത്തുന്നു. ഇത് വികസിപ്പിക്കുന്നത് സാംഖ്യയോഗ ദർശനങ്ങൾക്കനുസരിച്ചാണ്. സാംഖ്യം പ്രകൃതി നിശ്ചിതമായ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളെയും യോഗം മനുഷ്യബദ്ധമായ കർമങ്ങളെയും (ശാരീരികക്രിയകളുടെ സംയമനത്തെയും) കാണിക്കുന്നു. കർമങ്ങൾ ഉണ്ടാകുന്നതിനെ കൃഷ്ണൻ സാംഖ്യയോഗ വിധിപ്രകാരം വിശദീകരിക്കുന്നു.

(അന്നാദ് ഭവതി ഭൂതാനി പർജന്യാദസംഭവഃ
യജ്ഞാദ് ഭവതി പർജന്യഃ യജ്ഞാ കർമസമുദ്ഭവഃ)

അന്നത്തിൽ നിന്ന് (ഭക്ഷണത്തിൽനിന്ന്) പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നു. അവയിൽനിന്ന് അഗ്നി (ഊർജം) ഉണ്ടാകുന്നു. അഗനം യജ്ഞത്തിലേക്കും യജ്ഞം കർമത്തിലേക്കും നയിക്കുന്നു. അതായത് ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന ശാരീരികക്ഷമതയുടെ ഊർജമാണ് കർമങ്ങൾക്കു കാരണം. പക്ഷേ കർമങ്ങൾ വെെകാരികമാണ്, അതായത് കാമം, ക്രോധം മുതലായവ കൊണ്ടാണ് ചെയ്യുന്നത് എന്നതാണ് അർജുനന്റെ ധാരണ. അത് (വർണ) സങ്കരത്തിലേക്കും നാശത്തിലേക്കും നയിക്കും. കൃഷ്ണൻ വർണസങ്കരത്തെ എതിർക്കുന്നില്ല. സ്വധർമം ചെയ്യാതാകുമ്പോൾ അത് അധർമമായി മാറുന്നു. അപ്പോഴാണ് വർണസങ്കരവും നാശവുമുണ്ടാകുന്നത്. വർണശുദ്ധിയും സ്വധർമവും നിലനിർത്തണമെങ്കിൽ ഫലം ഇച്ഛിക്കാതെ കർമം ചെയ്യണം. അറിവില്ലാത്തവരും അശ്രദ്ധയോടെ കാര്യം ചെയ്യുന്നവരും സംശയാത്മാക്കളും സ്വയം നശിക്കും. കർമം ചെയ്യുമ്പോൾ ചുറ്റുപാടുമുള്ള വസ്തുക്കളിലെ വേർതിരിവുകൾ പ്രശ്നമല്ല. ലോകർ തമ്മിലുള്ള വേർതിരിവുകൾക്കനുസരിച്ച് കർമത്തിൽ മാറ്റം വരുത്താൻ പാടില്ല. പ്രശസ്തമായ ഒരു ശ്ലോകത്തിൽ വിദ്യയും വിനയവുമുള്ളവർ ബ്രാഹ്മണരെയും പശുക്കളെയും ആനകളെയും നായ്ക്കളെയും ചണ്ഡാലരെയും ഒരുപോലെ കാണുന്നവരാണ് എന്നു പറയുന്നു.

(വിദ്യാവിനയ സമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനിചെെവ ശ്വപാകേച പണ്ഡിതാം സമദർശിനഃ)

ഇൗ ശ്ലോകം സാധാരണയായി പണ്ഡിതർ എല്ലാ ജീവജാലങ്ങളെയും തുല്യരായി കാണുന്നു എന്നാണ് വ്യാഖ്യാനിക്കാറുള്ളത്. എന്നാൽ കർമം ചെയ്യുന്നവർക്ക് അതായത് ക്ഷത്രിയരെപ്പോലെ യുദ്ധം ചെയ്യുന്നവർക്ക് സ്വന്തം ശത്രുക്കളെ വ്യത്യസ്ത ഇനങ്ങളായോ സമൂഹവിഭാഗങ്ങളായോ വേർതിരിക്കാനാവില്ല. അവർ വധിക്കപ്പെടേണ്ടവരാണെങ്കിൽ വധിക്കണം. അതുപോലെ എല്ലാ വിഭാഗങ്ങളിലുംപെട്ടവർ ആത്മീയമായി മുന്നേറാൻ ശ്രമിക്കുന്നവരാണെങ്കിൽ അവരെ തുല്യരായി കാണണം. ചുരുക്കത്തിൽ സ്വധർമത്തെ ആത്മീയമായ ധർമമായി കാണുകയും അതിനെ അംഗീകരിക്കുന്നവരെ തുല്യരായി വിലയിരുത്തുകയും അധർമികളെ പാപികളും നിന്ദ്യരും നാശത്തിന് വിധേയരായവരുമായി കണക്കാക്കുകയും വേണം. അധർമികളെയും തുല്യരായി കണക്കാക്കി നശിപ്പിക്കുന്നതിൽ തെറ്റില്ല. ധർമസംസ്ഥാപനത്തിന് അധർമത്തെ തകർക്കുന്നത് ആവശ്യമാണല്ലോ. മഹാഭാരതയുദ്ധത്തിൽ സ്വന്തം ബന്ധുക്കളായ കൗരവർ അധർമികളാണ്. അവരെ സംഹരിക്കുന്നതിൽപാണ് പാണ്ഡവരെ സംബന്ധിച്ചിട്ടന്നോളം ഒരു തെറ്റുമില്ല.

ഈ ആശയങ്ങൾ ഭഗവദ്ഗീതയിൽ തുടർച്ചയായി ആവർത്തിക്കുന്നുണ്ട്. എന്നിട്ടും സംശയങ്ങൾ തീരാത്ത അർജുനന്റെ മുമ്പിൽ സകലചരാചരങ്ങളെയും സൃഷ്ടിച്ചതും നിലനിർത്തുന്നതും താനാണെന്ന് സമർഥിക്കാൻ വിശ്വരൂപത്തെ പ്രദർശിപ്പിക്കുന്നു. ഇതുകൂടാതെ, വെെശ്യരും ശുദ്രരും സ്ത്രീകളുമടക്കമുള്ളവരെ ‘‘പാപയോനി’’ കളായി കണക്കാക്കാനും ഭഗവദ്ഗീത മടിക്കുന്നില്ല.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു നിരീക്ഷണവും ഭഗവത്ഗീത നടത്തുന്നുണ്ട്. വിശുദ്ധകർമം എന്നൊന്നില്ല ദോഷത്തിന്റെ അംശം ഏതുകർമത്തിലും സഹജമാണ്. തീക്കുചുറ്റും പുകയെന്ന പോലെ ഗുണവും ദോഷവും മിശ്രിതമാണ്. അതുകൊണ്ട് ദോഷമുണ്ടാകുമെന്ന പേരിൽ കർമത്തിൽനിന്നു പിന്മാറേണ്ടതില്ല. സ്വധർമത്തിന് അതാവശ്യമാണ്.

(സഹജം കർമകൗന്തേയ സദോഷമപിനന്യദേത്
സർവാരംഭാഗി ദോഷേണ ധൂമേനാഗ്നിരിവാവൃതഃ)

സനാതനധർമവും ഹിന്ദുത്വവും
ഭഗവത്ഗീതയിലെ നിരവധി പരാമർശങ്ങൾ മേൽപറഞ്ഞ നിരീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി നിരത്താം. ചാതുർവർണ്യമനുസരിച്ചുള്ള സമൂഹവിഭജനം ഭൗതികവും സാമൂഹ്യവുമായ ഒരു വസ്തുതയായല്ല, മനുഷ്യരെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്ന, മനുഷ്യർ ബ്രാഹ്മണർ മുതൽ പുഴുക്കൾവരെയായി പുനർജനിക്കേണ്ടിവരുന്ന, ഒരു പ്രപഞ്ച സത്യമെന്ന നിലയിലാണ് സനാതന ധർമത്തെ അവതരിപ്പിക്കുന്നത്. ബൗദ്ധജെെന ചിന്തയിലും ഉപനിഷത്തുക്കളുടെ ചില ഭാഗങ്ങളിലും കാണുന്ന ധർമത്തിന്റെ ലൗകിക സ്വഭാവം അതോടെ മാറുന്നു. കർമത്തിലൂടെയോ ജ്ഞാനത്തിലൂടെയോ നേടിയെടുക്കേണ്ട ഒരു അവസ്ഥയായിത്തീരുന്നു. ഈ അവസ്ഥ പ്രാപിക്കേണ്ട രീതിയെ ഭഗവദ്ഗീതയിൽ ഭക്തിയുമായി ബന്ധപ്പെടുത്തുന്നുണ്ട്. പാപത്തിൽനിന്നും അധർമത്തിൽനിന്നും മുക്തിനേടാനായി തന്നിൽ അഭയം പ്രാപിക്കണമെന്ന് കൃഷ്ണൻ അർജുനനെ തുടർച്ചയായി ബോധ്യപ്പെടുത്തുന്നുണ്ട്. അതോടെ സനാതന ധർമം ഭക്തിമാർഗവും അതനുസരിച്ചുള്ള ധർമവുമായി തീരുന്നു. മനുഷ്യർ ജീവിതത്തിൽ സ്വീകരിക്കേണ്ട ധാർമികതയ്ക്കുപകരം ആത്മസാക്ഷാൽക്കാരം തേടുന്ന, സ്വർഗത്തിലെത്താൻ ശ്രമിക്കുന്ന മനുഷ്യർ അതിനുള്ള വഴിയായി സ്വധർമത്തെ കാണുന്നു. അധർമത്തെ കീഴടക്കുകയും പാപത്തെ നശിപ്പിക്കുകയും ചെയ്യുക ഈ വഴിയുടെ ഭാഗമായിത്തീരുന്നു.

ഈ ആശയസംഹിത ഹിന്ദുത്വത്തിന്റെ കർമപദ്ധതിയായി മാറുമ്പോൾ എന്തുസംഭവിക്കുമെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. അർജുനൻ കുലത്തിന്റെ നാശത്തെയും വർണസങ്കരത്തെയുമാണ് ഭയപ്പെട്ടത്. കൃഷ്ണൻ അവതരിപ്പിക്കുന്നത് അതിനെക്കാൾ ഭീതിദമായ, ചാതുർവർണ്യത്തിലധിഷ്ഠിതമായ സമൂഹജീവിതത്തെ മുഴുവൻ തകർക്കുന്ന അധർമത്തിന്റെ വളർച്ചയാണ്. ഗോൾവാൾക്കറിന്റെ ഭാഷയിൽ മുസ്ലീങ്ങളും ക്രിസ്താനികളും കമ്യൂണിസ്റ്റുകാരുമെല്ലാം ഇത്തരം അധർമികളാണ്. ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും പിന്നാക്ക സമുദായങ്ങളെയുമെല്ലാം ‘‘പാപയോനികളുടെ’’ കൂട്ടത്തിൽപെടുത്തുകയാണെങ്കിൽ അധർമികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കും. അവർ ഒരുപക്ഷേ, ഭൂരിപക്ഷവുമാകും. സനാതന ധർമത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി വീണ്ടും വീണ്ടും ജനിക്കുന്ന അവതാരപുരുഷന്മാർ ആർഎസ്എസ് സർ സംഘ്ചാലക്കുമാരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ വേഷം കെട്ടി ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും മറ്റു ‘‘പാപയോനി’’കൾക്കുമെതിരെ രംഗത്തിറങ്ങും. സനാതന ധർമത്തിന്റെ രാഷ്ട്രീയസ്വഭാവം അതായിത്തീരും.

ഹിന്ദുത്വത്തിന്റെ സനാതന ധർമവും നാരായണഗുരുവിന്റെ സന്ദേശവും പരസ്പരവിരുദ്ധമാണെന്നു കാണാൻ പ്രയാസമില്ല. സ്വധർമവും പരധർമവും തമ്മിലുള്ള വേർതിരിവിലും വെെപരീത്യത്തിലും ഉൗന്നുന്ന ഭഗവത്ഗീതയും സ്വധർമം അപരന് സുഖത്തിനായി വരണമെന്ന ഗുരുചിന്തയും പരസ്പരവിരുദ്ധമാണ്. ഹിന്ദുത്വവാദികൾ സ്വധർമവും പരധർമവും തമ്മിലുള്ള വെെപരീത്യത്തിന്റെ ആശയം കൊണ്ടുതന്നെയാണ് ഇസ്ലാമിന്റെയും ക്രിസ്ത്യാനികളുടെയും മതനിരപേക്ഷവാദികളുടെയും ആത്മീയമോ ഭൗതികമോ ആയ ധർമചിന്തയെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കുന്നത്. ഗുരുവിനെപ്പോലുള്ളവർ ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെ ചിന്ത അവർക്ക് സ്വീകാര്യമല്ല. ബൗദ്ധ–ജെെന ചിന്തയുടെയും പല മധ്യകാല ചിന്തകരുടെയും മാനവികതയിലൂന്നുന്ന ധർമചിന്തയെ ഇവർ സ്വീകരിക്കാത്തതും വേറെ കാരണം കൊണ്ടല്ല. ബൗദ്ധ–ജെെനരെ സംബന്ധിച്ചിടത്തോളം ധർമം ചലനാത്മകമായ പ്രക്രിയയാണ്. അതിന്റെ ചലനാത്മകതയെ നശിപ്പിക്കുകയും അതിനെ ജഡവും ജീർണവുമാക്കി മാറ്റുകയും ചെയ്യുന്നത് എന്താണോ അതാണ് അധർമം. ബുദ്ധൻ ത്രൈവർണികരെ ശക്തമായി വിമർശിച്ചത്, അവർ ഇത്തരം ജഡത്വം ആചാരാനുഷ്ഠാനങ്ങളിലൂടെ അടിച്ചേൽപ്പിക്കുന്നതുകൊണ്ടാണ്. ശ്രീനാരായണഗുരുവും അതുതന്നെയാണ് ചെയ്തത്.

ഭഗവത‍്ഗീതയിലെ സനാതന ധർമബോധത്തിന്റെ അന്ത്യമെന്തായിരുന്നു എന്നും ആലോചിക്കേണ്ടതാണ്. അർജുനനും പാണ്ഡവരും യുദ്ധം ചെയ്തു. കൗരവർ ഒന്നടങ്കം കൊലചെയ്യപ്പെട്ടു. അർജുനൻ ഭയപ്പെട്ടതുപോലെ കുലം നശിച്ചു. അതിനുപകരം യുധിഷ‍്ഠിരൻ രാജാവായതോടെ വർണാശ്രമ ധർമത്തിൽ അധിഷ്ഠിതമായ രാഷ്ട്രം (യുധിഷ്ഠിരൻ ധർമ പുത്രനാണല്ലോ) ജനിച്ചു. അർജുനൻ ദിഗ് വിജയം നടത്തി. കായികബലം കൊണ്ട് രാഷ്ട്രത്തെ ശക്തിപ്പെടുത്തി. അതായത് ധർമം ഒരു പുതിയ രാഷ്ട്രസ്ഥാപനത്തിലേക്കു നീങ്ങി. ഇതേ ആശയം വീണ്ടും ആവർത്തിച്ചാൽ സനാതനധർമം സൃഷ്ടിക്കുന്ന രാഷ്ട്രം ‘‘പരധർമം’’ അംഗീകരിക്കുന്നവരെയെല്ലാം തുടച്ചുനീക്കുന്ന ഹിന്ദുരാഷ്ട്രമായിരിക്കും. ഈ സനാതന ധർമത്തിൽ നിന്ന് ഫാസിസത്തിലേക്ക് അധികം ദൂരമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular