Saturday, February 14, 2026

ad

Homeആമുഖംആമുഖം

ആമുഖം

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനാചാരങ്ങൾ ഇല്ലാതാക്കേണ്ടതിനെക്കുറിച്ച് നടത്തിയ പരാമർശവും അതിനെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗവും ഇന്ന് വലിയ ചർച്ചയായിരിക്കുകയാണ്. പുരുഷന്മാർ ക്ഷേത്രത്തിൽ കയറണമെങ്കിൽ ഷർട്ട് ധരിക്കാൻ പാടില്ലയെന്ന ആചാരം മാറ്റണമെന്ന സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം പരിഗണിച്ച് അതിനുവേണ്ട നടപടികൾ ദേവസ്വം ബോർഡുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് വിമർശന വിധേയമായ ഒരു കാര്യം.

ക്ഷേത്രാചാരങ്ങൾ നിശ്ചയിക്കുന്നത് തന്ത്രിമാരാണെന്നും അതിൽ മുഖ്യമന്ത്രി പിണറായി വിജയനെന്തു കാര്യമെന്നുമാണ് സംഘപരിവാറുകാർ നേരിട്ടും കോൺഗ്രസുകാർ പരോക്ഷമായും ചോദിക്കുന്നത്. ഒരുകാലത്ത് സവർണർക്കു മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. അത് ഇന്ന് മാറി. ഏതെങ്കിലും തന്ത്രി പറഞ്ഞിട്ടല്ല ആ മാറ്റമുണ്ടായത്. ജനമുന്നേറ്റമാണ് അതിനിടയാക്കിയത്. അത്തരം നിരവധി ആചാരങ്ങൾ നവോത്ഥാന നായകരും പിന്നീട് ബഹുജനപ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളോടെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയോ കളവങ്കോട് അദ്ദേഹം നടത്തിയ കണ്ണാടി പ്രതിഷ്ഠയോ ഒന്നും ഏതെങ്കിലുമൊരു തന്ത്രിയുടെ ഹിതമനുസരിച്ചായിരുന്നില്ല.

പൊയ്-പ്പോയ അനാചാരങ്ങളെയെല്ലാം തിരികെ കൊണ്ടുവന്ന് കേരളത്തെ പഴയ ഇരുളടഞ്ഞ കാലത്തേക്ക് കൊണ്ടുപോകാനാണ് സംഘപരിവാറിന്റെ നീക്കം. പക്ഷേ, അതിനവർക്ക് തടസ്സമായി നിൽക്കുന്നതിൽ ഒരുകാര്യം ശ്രീനാരായണഗുരു ദർശനമാണ്. മറ്റൊന്ന് കമ്യൂണിസ്റ്റുകാരുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ശക്തമായ സാന്നിധ്യമാണ്.

ഗുരുദർശനത്തിന്റെ സ്വാധീനമില്ലാതാക്കാൻ ഗുരുവിനെത്തന്നെ തങ്ങളുടേതാക്കുകയെന്ന തന്ത്രമാണ് സംഘപരിവാർ ഇപ്പോൾ പയറ്റുന്നത്. അതാണ് മുഖ്യമന്ത്രി പറഞ്ഞത്, ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കി മാറ്റാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്ന്. ഗുരുവിനെ വെറുമൊരു ഹിന്ദു സന്ന്യാസിയാക്കി ആർഎസ്എസ് അവതരിപ്പിക്കുന്നതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. അത് കേൾക്കുമ്പോഴാണ് ആർഎസ്എസിന് പൊള്ളുന്നത്.

എന്നാൽ അനാചാരങ്ങളും ഉച്ചനീചത്വങ്ങളും നിറഞ്ഞ, ജാതി വ്യവസ്ഥയെ ആധാരമാക്കിയ ഹിന്ദുമതത്തെ ചോദ്യം ചെയ്യുക മാത്രമല്ല, എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്ന് പ്രസ്താവിക്കുകയും ചെയ്ത ഗുരുവിനെ ഒരിക്കലും ഒരു ഹിന്ദു സന്ന്യാസിയായി കാണാനാവില്ല. അദ്ദേഹം ഹിന്ദുമതത്തിലെ ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുകയാണുണ്ടായത്. ഗുരു പ്രശ്നവൽക്കരിക്കുകയും നിഷേധിക്കുകയും ചെയ്ത വർണാശ്രമമെന്ന ജാതി സമ്പ്രദായത്തെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് യഥാർഥത്തിൽ ഗുരുവിനെ നിഷേധിക്കുകയാണ്. ഗുരുനിന്ദയാണവർ ചെയ്യുന്നത്. നാടിനെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനുള്ള ആർഎസ്എസിന്റെ ഈ നീക്കത്തെ ചെറുക്കുക തന്നെ വേണം. അതിനു തുടക്കമിടുകയെന്ന ചരിത്രപരമായ ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. ഈ വിഷയത്തിലേക്ക് കടന്നുള്ള ലേഖനങ്ങളാണ് ഞങ്ങൾ ഈ ലക്കത്തിൽ ചേർക്കുന്നത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ചെയർമാൻ സ്വാമി സച്ചിദാനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം വി ഗോവിന്ദൻ, ഡോ. കെ എൻ ഗണേശ്, കെ ജെ ജേക്കബ്, ഡോ. ടി എസ് ശ്യാംകുമാർ എന്നിവരാണ് ലേഖകർ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × four =

Most Popular