Wednesday, February 12, 2025

ad

Homeപ്രതികരണംടൂറിസം മേഖല വൻ കുതിപ്പിലേക്ക്

ടൂറിസം മേഖല വൻ കുതിപ്പിലേക്ക്

പിണറായി വിജയൻ

കേരളത്തിന്റെ ടൂറിസം മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി മുന്നേറുകയാണ്. 2016-ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ മുരടിച്ചുനിന്ന ടൂറിസത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഇക്കാലയളവിൽ സാധിച്ചു. പ്രളയങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ നേരിടേണ്ടി വന്നു എന്നത് ഈ നേട്ടങ്ങളുടെ മാറ്റു കൂട്ടുന്നു. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റേയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടേയും തെളിവു കൂടിയായി ടൂറിസം മേഖലയുടെ വികസനം മാറുകയാണ്.

നമ്മുടെ നാട്ടിലെ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയുടെയും വിനോദസഞ്ചാര മേഖലയുടെയും വളർച്ച അതിശയിപ്പിക്കുന്നതാണ്. ഈയിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡിനു ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിംഗ് നടന്ന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ കേരളം മുന്നിലെത്തുകയുമുണ്ടായി. വൻ നഗരങ്ങളുള്ള സംസ്ഥാനങ്ങളെവരെ പിന്തള്ളിയാണ് കേരളം ഈ നേട്ടങ്ങൾ കൈവരിച്ചത് എന്നത് നമ്മുടെ ടൂറിസം മേഖലയുടെ മാത്രമല്ല, സാമ്പത്തിക മേഖലയുടെ കൂടി ചടുലമായ വളർച്ചയുടെ ദൃഷ്ടാന്തമാണ്.

മികച്ച ടൂറിസം കേന്ദ്രത്തിനാവശ്യമായ ഘടകങ്ങളെല്ലാം ഒത്തിണങ്ങിയ പ്രദേശമാണ് കേരളം. ഭൂപ്രകൃതി, കാലാവസ്ഥ, സാംസ്കാരിക വൈവിധ്യം, ശുചിത്വം, ആതിഥേയ മര്യാദ തുടങ്ങിയ അവശ്യഘടകങ്ങളിലെല്ലാം ആകർഷണീയമാം വിധം മുന്നിലാണ് കേരളം. കേരളത്തെ സംബന്ധിച്ചിടത്തോളം സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികളിൽ ഒന്നാണ് വിനോദസഞ്ചാര മേഖല. ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിനു മുമ്പ്, അതായത് 2019 ൽ, 45,000 കോടി രൂപയായിരുന്നു കേരളത്തിന് വിനോദസഞ്ചാരത്തിൽ നിന്നും ലഭിച്ച മൊത്തം വരുമാനം. അത് സർവ്വകാല റെക്കോർഡായിരുന്നു. ടൂറിസത്തിൽ നിന്നുള്ള വിദേശനാണ്യ വരുമാനമാകട്ടെ, ചരിത്രത്തിലാദ്യമായി 10,000 കോടി രൂപ കടക്കുകയും ചെയ്തിരുന്നു. 2018 നെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള വിദേശസഞ്ചാരികൾ, ആഭ്യന്തര സഞ്ചാരികൾ എന്നിവരുടെ കാര്യത്തിൽ യഥാക്രമം 8.52 ശതമാനവും 7.81 ശതമാനവും വളർച്ചയാണ് 2019 ൽ ഉണ്ടായത്.

എന്നാൽ, 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ലോകത്താകെത്തന്നെ ടൂറിസം മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. അതിനെ അതിജീവിക്കാൻ ഈടുരഹിത വായ്പ നൽകുന്ന റിവോൾവിങ് ഫണ്ട് പാക്കേജ്, ടൂറിസം വർക്കിങ് ക്യാപ്പിറ്റൽ സപ്പോർട്ട് സ്‌കീം, ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോർട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സപ്പോർട്ട് സ്‌കീം എന്നിവ ഉൾപ്പെടെ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചത്. അവയൊക്കെ ഫലപ്രദമായി എന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി സുരക്ഷിത ടൂറിസം എന്ന ക്യാമ്പയിൻ നടപ്പാക്കി. വാക്സിനേറ്റഡ് ടൂറിസവും ബയോബബിളുമെല്ലാം അതിന്റെ ഭാഗമായാണ് ആരംഭിച്ചത്. ആ ഘട്ടത്തിൽ ഇന്ത്യയിലെ മറ്റു ടൂറിസം കേന്ദ്രങ്ങളെ അപേക്ഷിച്ച് വന്‍കുതിപ്പാണ് കേരളം നടത്തിയത്. കേരളം സഞ്ചാരികളുടെ കാര്യത്തിൽ റെക്കോർഡ് ഭേദിച്ചു . കോവിഡ് കാലത്ത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവ് മൈനസ് 72.86 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ 2021-ല്‍ 51.09 ശതമാനവും 2022-ല്‍ 150.31 ശതമാനവും വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായത്. 2023-ല്‍ എത്തുമ്പോള്‍ 43,621.22 കോടി രൂപയായി ടൂറിസം വരുമാനം വർദ്ധിച്ചു. വിദേശ സഞ്ചാരികളുടെ വരവ് പഴയ സഥിതിയിലേക്ക് പൂര്‍ണ്ണമായി എത്തും മുമ്പെ നമ്മൾ വരുമാനത്തിന്റെ കാര്യത്തിൽ കോവിഡിനു മുൻപുള്ള സമയത്തേതിന് തുല്യമായ മുന്നേറ്റം സാധ്യമാക്കി.

സംസ്ഥാനത്തേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ 2024 ലെ ആദ്യ രണ്ടു പാദത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായിട്ടുണ്ട്. ആദ്യ 6 മാസത്തിൽത്തന്നെ ഒന്നര കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർദ്ധനവ് ഇക്കാര്യത്തിൽ ഉണ്ടായി. ടൂറിസം മേഖലയിലെ ലോക ട്രെന്‍ഡുകള്‍ വിലയിരുത്തി അതിനനുസൃതമായി പദ്ധതികള്‍ തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കാരവൻ ടൂറിസം, ഹെലി ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് , ഡെസ്റ്റിനേഷന്‍ ചലഞ്ച്, അഗ്രി ടൂറിസം, സ്ട്രീറ്റ്, അഡ്വഞ്ചര്‍ ടൂറിസം പദ്ധതി, പൈതൃക ടൂറിസം പദ്ധതി, സിനി ടൂറിസം, തീര്‍ത്ഥാടക ടൂറിസം പദ്ധതി, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട്, ലിറ്റററി സര്‍ക്യൂട്ട്, ബീച്ച് ടൂറിസം തുടങ്ങിയ പദ്ധതികള്‍ കേരളത്തിന്റെ ടൂറിസം മേഖലയെ നവീകരിച്ചു.

രാജ്യത്ത് ആദ്യമായി ടൂറിസം – പൊതുമരാമത്ത് മേഖലകളില്‍ ഒരു ഡിസൈന്‍ പോളിസി തയ്യാറാക്കി അംഗീകരിച്ച സംസ്ഥാനം കേരളമാണ്. പൊതുഇടങ്ങളെ സംബന്ധിക്കുന്ന നിര്‍മ്മാണ മാര്‍ഗരേഖയാണ് ഡിസൈന്‍ പോളിസി. ഡിസൈന്‍ പോളിസിക്ക് അനുസൃതമായി കേരളത്തിലെ ടൂറിസം മേഖലയിലെ നിര്‍മ്മാണ പദ്ധതികളിലും ആവശ്യമായ മാറ്റങ്ങള്‍ സാധ്യമാക്കുകയാണ്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും ലിറ്റററി സർക്യൂട്ടും ബയോഡൈവേഴ്‌സിറ്റി സർക്യൂട്ടും നോർത്ത് മലബാർ ടൂറിസം സർക്യൂട്ടും പിൽഗ്രിമേജ് ടൂറിസവും ഹെറിറ്റേജ് ടൂറിസവുമെല്ലാം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്. ഈയൊരു ഘട്ടത്തിൽ വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ നമ്മുടെ നാട്ടിലാകെ ഉണ്ടാവുക എന്നത് അത്യന്തം പ്രധാനമാണ്. മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ഉണ്ടാവുന്നത് നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യും.

കഴിഞ്ഞ എൽ. ഡി.എഫ് സർക്കാരിന്റെ കാലം മുതൽ ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ നിന്നുള്ള നിരവധി അംഗീകാരങ്ങൾ കേരള ടൂറിസത്തെ തേടിയെത്തി. ലോകത്ത് കണ്ടിരിക്കേണ്ട 53 ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റിൽ അന്തര്‍ദേശീയ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് (2023) ഉൾപ്പെടുത്തിയ ഇന്ത്യയിലെ ഏക ടൂറിസം കേന്ദ്രം കേരളമാണ്. 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ടൈം മാഗസിനും കേരളത്തെ തെരഞ്ഞെടുത്തു. രാജ്യത്ത് ടൂറിസം വികസനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായി ഇന്ത്യാ ടുഡെ തെരഞ്ഞെടുത്തതും കേരളത്തെയാണ്. കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിനും അടയാളപ്പെടുത്തി. ബേപ്പൂര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി, മറവന്‍തുരുത്തിലെ സ്ട്രീറ്റ് പദ്ധതി, അയ്മനം മോഡല്‍ പദ്ധതി തുടങ്ങിയവ അംഗീകാരങ്ങള്‍ നേടി. കടലുണ്ടി, കാന്തല്ലൂര്‍, കുമരകം എന്നിവ മികച്ച റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകള്‍ക്കും അര്‍ഹമായി. മാര്‍ക്കറ്റിംഗ് മേഖലയിലെ അവാര്‍ഡുകളും കേരള ടൂറിസത്തിനുള്ള അംഗീകാരമായി മാറി.

കോവിഡാനന്തര പശ്ചാത്തലത്തിൽ “വർക്ക് ഫ്രം ഹോം’ എന്ന പോലെ തന്നെ ‘വർക്ക് എവേ ഫ്രം ഹോം’ എന്ന തൊഴിൽ രീതിക്കും പ്രാധാന്യം ഏറിവരികയാണ്. മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളെ തൊഴിൽ സ്ഥലങ്ങളായി തിരഞ്ഞെടുത്തുകൊണ്ട് അവിടങ്ങളിലേക്ക് വരുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം കേരളം മികച്ച ഒരു ടൂറിസം ഡെസ്റ്റിനേഷൻ തന്നെയാണ്. കാരണം, പ്രകൃതിഭംഗി, കണക്ടിവിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയിലെല്ലാം നമ്മൾ വളരെ മുന്നിലാണ്. അത്തരം സവിശേഷതകളെ നാടിന്റെ പൊതുവായ വികസനത്തിനായി കൂടുതൽ പ്രയോജനപ്പെടുത്താനും അങ്ങനെ വിവിധ മേഖലകളുടെ വളർച്ചയ്ക്കു വഴിവെക്കാനും നമുക്ക് സാധിക്കണം. ജനങ്ങളും സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ടൂറിസത്തെ കൂടുതൽ ഉത്തരവാദിത്തത്തോടെയും സമഗ്രതയോടെയും വികസിപ്പിക്കുക എന്ന നയവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നൂതനമായ ആശയങ്ങളും കൂടുതൽ നിക്ഷേപങ്ങളും ഈ രംഗത്തുണ്ടാകണം. അതോടൊപ്പം ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടാകുന്നതോടു കൂടി ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ നമുക്ക് കഴിയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular