Sunday, January 5, 2025

ad

Homeനിരീക്ഷണംഡിയർ അമിത്ഷാജീ... 
ആ സ്വർഗം പണ്ടേ 
ഡോ. അംബേദ്കർ 
വേണ്ടെന്നുവെച്ചതാണ്...

ഡിയർ അമിത്ഷാജീ… 
ആ സ്വർഗം പണ്ടേ 
ഡോ. അംബേദ്കർ 
വേണ്ടെന്നുവെച്ചതാണ്…

കെ ജി ബിജു

രിയാണ്. 2002ലെ ഗുജറാത്ത് കലാപം മുതലാണ് ഇന്ത്യാ ചരിത്രം ആരംഭിക്കുന്നത് എന്ന് ധരിച്ചുവെച്ചിരിക്കുന്ന അമിത്ഷായ്ക്ക് കൈവശാവകാശമുള്ള സ്വർഗത്തിൽ ഡോ. അംബേദ്കറിനോ, അദ്ദേഹത്തെ ആദരിക്കുന്നവർക്കോ പ്രവേശനമുണ്ടാവില്ല; ഒരുകാലത്തും. യഥാർത്ഥത്തിൽ ജീവിച്ചിരുന്ന കാലത്തേ ആ സ്വർഗത്തെ പുച്ഛിച്ചുതള്ളിയിട്ടുമുണ്ട്, അംബേദ്കർ. സംഘപരിവാർ എക്കാലവും ഭയക്കുന്ന ചിന്തകളുടെയും ജീവചരിത്രത്തിന്റെയും ഉടമയ്ക്ക്, അവരുടെ സ്വർഗത്തിൽ ഇടമില്ലെന്ന് അമിത്ഷാ പറഞ്ഞിട്ടുവേണ്ടല്ലോ നാടറിയാൻ. അംബേദ്കറിന് സ്വർഗം നിഷേധിക്കാൻ വേറെയുമുണ്ട് സംഘപരിവാറിന് ന്യായം. നൂറ്റാണ്ടുകളായി സമൂഹത്തെ അടക്കിഭരിച്ചിരുന്ന ജാത്യാധിപത്യവ്യവസ്ഥയിലേയ്ക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ മടക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തെ മുന്നിൽ നിന്ന് പരാജയപ്പെടുത്തിയ ധിഷണയുടെ ഉടമയാണ് ഡോ. ബി ആർ അംബേദ്കർ.

അംബേദ്കറെന്നു കേൾക്കുമ്പോൾ, അമിത് ഷാ മാത്രമല്ല, മോദിയും മോഹൻ ഭഗവതുമൊക്കെ ദൈവത്തെ വിളിച്ചുപോകും. ആ ഭയം മൂലം അംബേദ്കറെയും ഒന്ന് കാവി പുതപ്പിച്ചാലോ എന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ആർഎസ്എസ് സർസംഘചാലക്. 2015ൽ ആ മോഹം അദ്ദേഹം തുറന്നു പ്രഖ്യാപിക്കുകയും പരിവാരത്തിലെ ബുദ്ധിജീവികൾ അംബേദ്കറെ പുകഴ്ത്തി പുതിയ ചരിത്രരചനയ്ക്കിറങ്ങുകയും ചെയ്തിരുന്നു. പക്ഷേ, ഫലം കണ്ടില്ല.

ആർഎസ്എസിന്റെ നാവാണ് ഓർഗനൈസർ മാസിക. കഴിഞ്ഞ അംബേദ്കർ ജയന്തിദിനത്തിൽ അദ്ദേഹത്തെ വാനോളം പുകഴ്ത്തി ഓർഗനൈസർ ദീർഘമായൊരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ഡോ. ബാബാസാഹിബ് അംബേദ്കറും ആർഎസ്എസും (Dr. Babasaheb Ambedkar and RSS) എന്നായിരുന്നു തലക്കെട്ട്. ആ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. It is time to remember and honour the great character and son of the soil Dr. Ambedkar – മഹദ് വ്യക്തിത്വവും മണ്ണിന്റെ മകനുമായ ഡോ. അംബേദ്കറെ സ്മരിക്കാനും ആദരിക്കാനുമുള്ള സമയമാണിതെന്ന് പരിഭാഷ.

ഓർഗനൈസർ ലേഖനം ഒന്നാന്തരം കപടനാട്യമാണെന്ന് ഇന്ത്യൻ പാർലമെന്റിൽ തെളിയിച്ചു അമിത്ഷാ. മൂർഖന് അധികകാലം പത്തിയൊളിപ്പിച്ച് ചേരയായി ഇഴഞ്ഞു നടക്കാനാവില്ല. അതുപോലെ, അംബേദ്കറെയും അധികകാലം വാഴ്ത്താൻ ആർഎസ്എസിനു കഴിയില്ല. അദ്ദേഹത്തിന്റെ ആശയങ്ങളോടു പൊരുത്തപ്പെടാനും കഴിയില്ല. ഡോ. അംബേദ്കറുടെയും ആർഎസ്എസിന്റെയും പാത ഒന്നു തന്നെയായിരുന്നു എന്നു സമർത്ഥിക്കാൻ ഒരു പാഴ്ശ്രമം ഓർഗനൈസർ വഴി ആർഎസ്എസ് നടത്തി നോക്കി. പക്ഷേ, ആർഎസ്എസ് എന്ന കരിമൂർഖന് അധികകാലം പത്തി പതുക്കിവെയ്ക്കാനാവില്ലെന്ന് അമിത് ഷാ തെളിയിച്ചു. അംബേദ്കറുടെ ആശയങ്ങളോടും ജീവചരിത്രത്തോടുമുള്ള ഭീതി, പുച്ഛമായും പരിഹാസമായും ആ നാവിൽ നിന്ന് പുറത്തു ചാടി.

അംബേദ്കറെക്കുറിച്ച് അമിത് ഷാ പാർലമെന്റിൽ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ് അദ്ദേഹത്തെക്കുറിച്ചു നടത്തിയ അവകാശവാദങ്ങളിലൂടെ കടന്നുപോകുന്നത് രസകരമായിരിക്കും. സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയുടെ പ്രചാരണത്തിന് ഒരുളുപ്പുമില്ലാതെ ഡോ. അംബേദ്കറെ അവർ കരുവാക്കാൻ ശ്രമിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ഡോ. അംബേദ്കറെ പരിചയാക്കാൻ സംഘപരിവാർ ശ്രമം നടത്തി. മോദിയുടെ ചെയ്തിയെ ന്യായീകരിക്കാൻ അംബേദ്കറുടെ തെറ്റായ ഉദ്ധരണിയുമായി അന്ന് പ്രത്യക്ഷപ്പെട്ടത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരുന്നു. ആർഎസ്എസ് നേതാവ് ബെൽരാജ് മധോക് ഓർഗനൈസറിലെഴുതിയ ലേഖനത്തിലെ വാചകങ്ങളാണ് ഡോ. അംബേദ്കറുടെ പേരിൽ വെങ്കയ്യ നായിഡു ഉദ്ധരിച്ചത്. കാശ്മീരിന് പ്രത്യേക പദവി നൽകുന്നതിൽ അംബേദ്കർക്ക് വിയോജിപ്പുണ്ടായിരുന്നു എന്നു സ്ഥാപിക്കാനായിരുന്നു ആ പാഴ്ശ്രമം. അത് പൊളിഞ്ഞു പാളീസായിപ്പോയെന്നു മാത്രം.

ആർഎസ്എസിന്റെ പ്രവർത്തനം അംബേദ്കറിൽ മതിപ്പുളവാക്കിയിരുന്നു എന്നതായിരുന്നു മറ്റൊരു നുണ. വസ്തുതയോ? ആർഎസ്എസിനെ അപകടകാരിയായ സംഘടന എന്ന് വിശേഷിപ്പിച്ച് പാർലമെന്റിൽ പ്രസംഗിച്ച ചരിത്രമുണ്ട്, ഡോ. അംബേദ്കറിന്. 1951 മെയ് നാലിന് നടത്തിയ പ്രസംഗത്തിലായിരുന്നു ആ പരാമർശം.

1952ലെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ അംബേദ്കറുടെ പാർട്ടിയും ജനസംഘവും തമ്മിൽ സഖ്യമുണ്ടാക്കിയെന്നായിരുന്നുവേറൊരു നുണ. തന്റെ സംഘടനയ്ക്ക് ആർഎസ്എസ്, ഹിന്ദുമഹാസഭ പോലുള്ള പിന്തിരിപ്പൻ ശക്തികളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് മാനിഫെസ്റ്റോയിൽ എഴുതിവെച്ചാണ് ഡോ. അംബേദ്കർ തിരഞ്ഞെടുപ്പു മത്സരത്തിനിറങ്ങിയത്.

ആർഎസ്എസ് നേതാവ് ദത്തോപാന്ത് ഠേംഗ്ഡിയെ അംബേദ്കർ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ എന്ന തന്റെ സംഘടനയുടെ സെക്രട്ടറിയാക്കി എന്നായിരുന്നു അടുത്ത നുണ. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ ആ സംഘടനയിൽ മെമ്പർഷിപ്പു നൽകിയിരുന്നുള്ളൂ. ദത്തോപാന്ത് ഠേംഗ്ഡി പട്ടികവിഭാഗത്തിൽപ്പെട്ട ആളല്ല, ഒരിക്കലും ആ സംഘടനയിൽ അംഗത്വവും ലഭിക്കില്ല. അംഗമാകാൻപോലും കഴിയാത്ത ആൾ എങ്ങനെ സെക്രട്ടറിയായി എന്ന ചോദ്യത്തിന് സംഘപരിവാർ ബുദ്ധിജീവികൾക്ക് അന്നും ഇന്നും ഉത്തരമില്ല.

ഒരിക്കലും അംബേദ്കറുടെ ചിന്തകളെ എതിർത്തു തോൽപ്പിക്കാൻ തങ്ങൾക്കാവില്ലെന്ന തിരിച്ചറിവിലാണ്, സംഘപരിവാറിന്റെ കുടക്കീഴിൽ അദ്ദേഹത്തിനൊരു കൂടാരം കെട്ടാൻ ആർഎസ്എസ് ശ്രമിച്ചത്. ആർഎസ്എസും അംബേദ്കറും തമ്മിൽ നല്ല ബന്ധമായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത് 2015ലാണ്. സർസംഘചാലക് മോഹൻ ഭഗവത് ആണ് ആ നിർദ്ദേശം മുന്നോട്ടുവെച്ചത്. അന്നു തുടങ്ങിയ ശ്രമങ്ങളുടെ പൊള്ളത്തരം അമിത്ഷായിലൂടെ പുറത്തുവന്നു എന്നു മാത്രം.

ഡോ.അംബേദ്കറെ ഒരു ഹിന്ദുമതപരിഷ്കർത്താവാക്കി ഏറ്റെടുക്കാനായിരുന്നു ആർഎസ്എസിന്റെ ശ്രമം. അതിനായി കെട്ടിച്ചമച്ച അസംഖ്യം അസംബന്ധങ്ങളിൽ ഒന്നുപോലും ഇന്ത്യൻ ജനതയ്ക്കിടയിൽ വിലപ്പോയില്ല. തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ ഓർഗനൈസർ ലേഖനത്തിൽ ആർഎസ്എസിന്റെ സർസംഘചാലക് ആയിരുന്ന ബാബാസാഹിബ് ദേവറസിന്റെ ഒരുദ്ധരണിയുണ്ട്. ബ്രാഹ്മണൻ – – അബ്രാഹ്മണൻ, സവർണത – അസ്പൃശ്യത തുടങ്ങിയ വിവാദങ്ങളൊക്കെ പലഘട്ടങ്ങളിൽ ഇന്ത്യയുടെ ഭരണാധികാരികളായിരുന്ന മുസ്ലിങ്ങളുടെയും ബ്രിട്ടീഷുകാരുടെയും സൃഷ്ടിയായിരുന്നത്രേ. അംബേദ്കറെ വാഴ്ത്തുന്ന ലേഖനത്തിലെ പരാമർശമാണിത്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹ്യവിവേചനവും അടക്കം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയുടെ വിവരണാതീതമായ പീഡനമുറകളെ സ്വപ്രയത്നം കൊണ്ട് അതിജീവിച്ചാണ് ഡോ. അംബേദ്കർ ഇന്ത്യയുടെ മഹാനായ പുത്രനായത്. അദ്ദേഹം അനുഭവിച്ചറിഞ്ഞ ജീവിതയാഥാർത്ഥ്യങ്ങളാണ് ഹിന്ദുമതത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചും തൊട്ടുകൂടായ്മയെക്കുറിച്ചുമൊക്കെ ആഴത്തിൽ പഠിക്കാനും എഴുതാനും ഡോ. അംബേദ്കറെ പ്രേരിപ്പിച്ചത്. എണ്ണമറ്റ മഹാഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ അദ്ദേഹം രചിച്ചിട്ടുണ്ട്. അങ്ങനെയൊരാളിന്റെ അനുസ്മരണ ലേഖനത്തിലാണ് ജാതിവ്യവസ്ഥയിലെ അനാചാരങ്ങളും അത്യാചാരങ്ങളും മുസ്ലീം, ബ്രിട്ടീഷ് ഭരണാധികാരികൾ ഉണ്ടാക്കിവെച്ചതാണെന്ന ഉദ്ധരണി. ചരിത്രത്തെ കീഴ്മേൽ മറിക്കാൻ എന്തെല്ലാം അഭ്യാസങ്ങളാണ് ആർഎസ്എസ് കാട്ടിക്കൂട്ടുന്നത്?

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം എന്ന വാദത്തെ നഖശിഖാന്തം എതിർത്തിട്ടുണ്ട് ഡോ. അംബേദ്കർ. പാകിസ്താൻ ഓർ പാർടീഷൻ ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി: “ഹിന്ദു രാജ് ഒരു യാഥാർത്ഥ്യമായി മാറുകയാണെങ്കിൽ, അത് ഈ രാജ്യത്തിന് സംഭവിക്കാവുന്ന ഏറ്റവും കൊടിയ വിപത്തായിരിക്കും എന്നതിൽ സംശയമില്ല.… എന്തു വില കൊടുത്തും ഹിന്ദു രാജ് തടയണം”.

ഹിന്ദുരാജ്യം എന്ന വിപത്തിനെക്കുറിച്ച് ഇത്ര നിശിതമായ മുന്നറിയിപ്പു നൽകിയ ഡോ.അംബേദ്കറോട്, എങ്ങനെ സംഘപരിവാർ പൊറുക്കും? അദ്ദേഹത്തെ ആർഎസ്എസ് സഹയാത്രികനായി ചിത്രീകരിക്കാനിറങ്ങുന്നത് പാഴ് വേലയാണെന്ന് അമിത്ഷാ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ടു. നാട്യം മതിയാക്കി സ്വരൂപം പാർലമെന്റിൽ പുറത്തെടുക്കുകയും ചെയ്തു. സംഘപരിവാറിന്റെ ശത്രുക്കളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ഡോ.അംബേദ്കറുടെ പേരെന്ന് അവസരം കിട്ടിയപ്പോൾ ഓർമ്മിപ്പിക്കുകയും ചെയ്തു.

അംബേദ്കർ അംബേദ്കറായത്, ഇതിലും വിഷം മുറ്റിയ അസംഖ്യം അമിത്ഷാമാരോട് ഒറ്റയ്ക്കു പൊരുതിയാണ്. അവരുടെ കൊടിയ പീഡനങ്ങളും അവഹേളനങ്ങളും അധിക്ഷേപങ്ങളും തരണം ചെയ്താണ് ഡോ. അംബേദ്കർ ബാല്യവും കൗമാരവും യൗവനവും പിന്നിട്ടത്. ആ അനുഭവങ്ങളുടെ രൂക്ഷത, “ഞാൻ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു” എന്ന അമ്ലവീര്യമുള്ള വാക്കുകളിൽ തിളച്ചിരമ്പിയിട്ടുണ്ട്. അമിത്ഷായുടെ മുതുമുത്തച്ഛന്മാർ കൈവശം വെച്ചിരുന്ന സ്വർഗത്തെ പണ്ടേയ്ക്കു പണ്ടേ തൊഴിച്ചെറിഞ്ഞിട്ടുണ്ട് അംബേദ്കർ. സനാതനമതത്തെയോ അതിന്റെ ആചാരവ്യവസ്ഥയെയോ തരിമ്പും അംഗീകരിച്ചിട്ടില്ലാത്ത ഡോ. ബി ആർ അംബേദ്കർ എന്ന ധിഷണാശാലിയ്ക്ക് അമിത് ഷായുടെ ഏഴാം സ്വർഗത്തിൽ ഇടം വേണ്ടേ…വേണ്ട. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 5 =

Most Popular