ഗുജറാത്തിലെ സാബർകാഠ ജില്ലയുടെ തലസ്ഥാനമായ ഹിമ്മത്‌നഗറിൽ നഗരത്തോടു ചേർന്ന കനാലിന്റെ ഒരു വശത്തെ റോഡരികിൽ അഞ്ഞൂറിലധികം മനുഷ്യർ കഴിയുകയാണ്. എഴുപതാണ്ട് തങ്ങൾ ജീവിച്ച പ്രദേശത്തുനിന്നും ഭരണകൂടം ആട്ടിയോടിക്കാൻ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യർ. ദരിദ്രരാണ്, ദിവസക്കൂലിക്കാരാണ്, അവർണ്ണരാണ്, അതുകൊണ്ടെല്ലാംതന്നെ എല്ലാ രേഖകളുമുണ്ടായിട്ടും ജനിച്ചു വളർന്ന മണ്ണിൽ നിന്നും പറിച്ചെറിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം ഞങ്ങൾ അവരെ കണ്ടിരുന്നു.
ബിജെപി ഭരിക്കുന്ന ഹിമ്മത്‌നഗർ മുനിസിപ്പാലിറ്റി നേതൃത്വമാണ് ദുർബലരായ ഈ മനുഷ്യർക്കുനേരെ ബുൾഡോസറുകളുമായി വന്നത്. കഴിഞ്ഞ നവംബർ 25 ന് എൺപതോളം വീടുകൾ അവർ ഇടിച്ചുനിരത്തി.
അവരുടെ കൂരകൾ കൂട്ടമായി നിലനിന്ന പ്രദേശത്തിനടുത്തായാണ് ഹിമ്മത്‌നഗർ ലോ കോളേജ് നിലനിൽക്കുന്നത്. 1989 ൽ ഒരു സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആ എയിഡഡ് ലോ കോളേജ് സ്ഥാപിക്കാനായി നഗര ഭരണാധികാരികൾ തിരഞ്ഞെടുത്തത് പതിറ്റാണ്ടുകളായി നിരവധി കുടുംബങ്ങൾ താമസിച്ചുവരുന്ന പ്രദേശം ആയിരുന്നു. അന്നവിടുത്തെ ജനങ്ങളെ തുച്ഛമായ തുക നൽകി തൊട്ടപ്പുറത്തെ കനാലിനോടു ചേർന്ന റോഡരികിലേക്ക് മാറ്റി. അവർ അവിടെ ചെറിയ കോൺക്രീറ്റ് വീടുകൾ പണിത് താമസിക്കാനുമാരംഭിച്ചു. അവിടം സാധുജനങ്ങളുടെ ഒരു ഗ്രാമമായി മാറി.
ഗുജറാത്തിലെ ഇത്തരം പല ട്രസ്റ്റുകളും രൂപീകരിക്കപ്പെടുന്നത് ജമീന്താർമാരുടെ ഭൂമി സംരക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായായിരുന്നു. ഗുജറാത്ത് ഭൂപരിധി നിയമത്തിൽ നിന്നും തങ്ങൾ കൈവശം വച്ചിരുന്ന ഭൂമി ഒഴിവാക്കിക്കിട്ടാനായി പല ജമീന്താർമാരും ഇത്തരം ട്രസ്റ്റുകൾ ഉണ്ടാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും പേരിൽ ഭൂമി രജിസ്റ്റർ ചെയ്തു. അവിടെ ജീവിച്ചിരുന്ന മനുഷ്യരെ കുടിയിറക്കാനുള്ള നീക്കവും ഒപ്പംതന്നെ ആരംഭിച്ചു. ഭൂരഹിതരായ മനുഷ്യർക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ലഭിക്കേണ്ടിയിരുന്ന ഭൂമി അങ്ങനെ ജമീന്താർമാരുടെ അധീനതയിൽതന്നെ തുടർന്നു.
അവിടെ ജീവിച്ചിരുന്ന ജനങ്ങൾക്ക് അവർ ജീവിച്ച മണ്ണിന്റെ നിയമപരമായ അവകാശികളാകാനായില്ല. പതിനഞ്ചു വർഷങ്ങൾക്ക് മുൻപുതന്നെ അവരെ അവിടെ നിന്നും നീക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അന്നവരുടെ വീടുകളുടെ കോൺക്രീറ്റ് മേൽക്കൂര പൊളിച്ചാണ് നഗര ഭരണാധികാരികൾ അവർക്കെതിരായ ആക്രമണം തുടങ്ങിയത്. കോൺക്രീറ്റ് മേൽപ്പുരയുള്ള വീടുകൾ അവർക്ക് നിയമപരമായി അവകാശമില്ലാത്ത ഭൂമിയിൽ വെക്കാൻ പറ്റില്ല എന്നതായിരുന്നു ന്യായം. ആ ഭൂമിയിൽ അവർ അവകാശം സ്ഥാപിക്കാതിരിക്കാനുള്ള അധീശവർഗ്ഗത്തിന്റെ ജാഗ്രത. എന്നാൽ അവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും ഭരണകൂടത്തിനുണ്ടായിരുന്നില്ല. പോകാൻ മറ്റൊരിടവും ഇല്ലാതിരുന്ന മനുഷ്യർ തകർക്കപ്പെട്ട മേൽക്കൂരയ്ക്കുപകരം ടാർപോളിൻ വലിച്ചുകെട്ടി അവിടെത്തന്നെ താമസം തുടർന്നു.
ലോ കോളേജിന്റെ സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ അതിനോട് ചേർന്നു ജീവിച്ചിരുന്ന സാധുക്കളെ പൂർണമായും തുടച്ചുമാറ്റാനുള്ള തീരുമാനമാണ് കഴിഞ്ഞ മാസം ഹിമ്മത്‌നഗർ ഭരണകൂടം കൈക്കൊണ്ടത്. താൽക്കാലികമായെങ്കിലും മാറി താമസിക്കാൻ ഒരിടവും തയ്യാറാക്കാതെ എൺപതോളം കുടുംബങ്ങൾ താമസിച്ചിരുന്ന വീടുകളും പരിസരവും അവർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അവർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൈപ്പുകൾ മുറിച്ചുമാറ്റുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഒരു ചെറിയ ഗ്രാമം അക്ഷരാർഥത്തിൽ മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി. അഞ്ഞൂറിലേറെ മനുഷ്യർ ഒരു പകലിന്റെ പാതികൊണ്ട് ഭവനരഹിതരായി.
ഗുജറാത്തിൽ തണുപ്പുകാലം തുടങ്ങിയിരിക്കുന്നു. രാത്രിയിൽ എല്ലിൽ പിടിക്കുന്ന തണുപ്പാണ്. നൂറോളം കുട്ടികൾ, അതിൽതന്നെ കുറേയേറെ പിഞ്ചുപൈതങ്ങൾ, വൃദ്ധരും ഗർഭിണികളുമായവർ, രോഗപീഡയനുഭവിക്കുന്നവർ എന്നിവരെല്ലാം ഉൾപ്പെടുന്ന ആബാലവൃദ്ധം ജനങ്ങൾ മാറിയുടുക്കാൻ കുപ്പായം പോലുമില്ലാതെ വലയുന്ന കാഴ്ച ഞങ്ങൾ കണ്ടു. പ്രതിഷേധിച്ച അവരെ ശ്മശാനത്തിനു സമീപത്തേക്ക് മാറ്റിപ്പാർപ്പിക്കാമെന്ന് അധികാരികൾ വാഗ്ദാനം നൽകിയത്രേ. തങ്ങളെ ജീവനോടെ പട്ടടയിലേക്കെടുക്കാനുള്ള നിർദ്ദേശമെന്നായിരുന്നു അതിനോട് അവർ പ്രതികരിച്ചത്. അന്തസ്സാർന്ന ജീവിതം അവകാശപ്പെടാൻ അർഹതയില്ലാത്തവരാണല്ലോ അവർ. അവർ ജീവിക്കുന്നയിടം സവർണരുടെ ലോകത്തിന് ശ്മശാനം തന്നെയാണല്ലോ.
എഴുപതുകാരിയായ കാമുബെന്നിന് മക്കളോ ബന്ധുക്കളോ ഇല്ല. ഓർമവെച്ച കാലം മുതൽ ഈ പ്രദേശത്താണ് അവർ ജീവിച്ചത്. ഭർത്താവ് വർഷങ്ങൾക്കു മുന്നേ മരിച്ചു. പ്രായാധിക്യവും രോഗപീഡകളും വലയ്ക്കുന്ന കാമുബെൻ വീടും വെള്ളവും വെളിച്ചവുമെല്ലാം നഷ്ടപ്പെട്ട ഹിമ്മത്‌നഗറിലെ നിസ്സഹായ ജനങ്ങളിൽ ഒരാളാണ്. കനാലിലെ വൃത്തിഹീനമായ വെള്ളം കുടിച്ച് കുട്ടികൾക്ക് പല അസുഖങ്ങളും വന്നു തുടങ്ങി. തണുപ്പിൽ നിന്നും രക്ഷപ്പെടാനുതകുന്ന വസ്ത്രങ്ങൾ ഇല്ലാത്തതിനാലും മണ്ണിൽ ഒരു മറപോലുമില്ലാതെ കിടക്കേണ്ടിവരുന്നതിനാലും കുട്ടികൾ ഉൾപ്പടെ പലർക്കും ത്വക്കുരോഗവും മറ്റും പിടിപ്പെടുകയാണ്.
തൊട്ടപ്പുറത്ത് സ്കൂൾ ഉണ്ട്. അവിടേക്ക് പക്ഷേ ഈ കുട്ടികൾക്ക് പ്രവേശനമില്ല. യൂണിഫോമില്ലെന്നതാണ് അധികാരികൾ പറയുന്ന കാരണം. ദരിദ്രർക്കും പിന്നാക്ക ജനതയ്ക്കും മുന്നിൽ പ്രവേശനകവാടം കൊട്ടിയടയ്-ക്കുന്ന വ്യവസ്ഥിതിയാണ് പക്ഷേ യഥാർഥ വില്ലൻ. മതന്യൂനപക്ഷങ്ങളെ മാത്രമല്ല അത് വേട്ടയാടുന്നതെന്ന് ഹിമ്മത്‌നഗർ നമ്മോട് പറയുന്നുണ്ട്.
ഗുജറാത്ത് മോഡലിന്റെ മനുഷ്യത്വ വിരുദ്ധതയുടെ ഇരകളിൽ ചിലരെ നമുക്ക് ഹിമ്മത്‌നഗറിലെ തെരുവിൽ കാണാം. എന്തെല്ലാം മനുഷ്യാവകാശങ്ങളാണ് ഹിമ്മത്‌നഗറിൽ പകൽ വെളിച്ചത്തിൽ കൊലചെയ്യപ്പെടുന്നത്? പാർപ്പിടത്തിനും കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ഒക്കെയുള്ള അവകാശങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെയിതാ ഒരു ജനതയെ ദയവിന്റെ കണികയില്ലാതെ ഒരു ഭരണകൂടം രോഗത്തിലേക്കും പട്ടിണിയിലേക്കും പതിയെ മരണത്തിലേക്കും തള്ളിവിടുന്നു. ആരുടേതാണ് ഈ നാട്? l
(ഡിവെെഎഫ്ഐ ഗുജറാത്ത്
സംസ്ഥാന പ്രസിഡന്റാണ്
സത്യേഷ ലെയുവ)