ഭരണഘടനയുടെ ആമുഖത്തിൽ നീതി (Justice) എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ച ഭരണഘടനയാണ് നമ്മുടേത്. കുറെക്കൂടി വ്യക്തമായി സാമ്പത്തികമായും, സാമൂഹ്യമായും, രാഷ്ട്രീയമായും ഓരോ പൗരനും നീതി ഉറപ്പാക്കുന്ന ഉള്ളടക്കമാണ് അതിലുള്ളത്. അമേരിക്കയുടേതിന് സമാനമായ സമഗ്രമായ സിവിൽ റൈറ്റ്സ് ആക്ട് ഇല്ലെങ്കിലും തുല്യത ഉറപ്പുനൽകുകയും, യാതൊരുതരത്തിലുള്ള വിവേചനവും പ്രോൽസാഹിപ്പിക്കാത്തതും, സമഭാവനയിലൂന്നിയതുമായ പുരോഗമനപരതയിൽ അഭിരമിക്കുന്ന ഭരണഘടന സ്വന്തമായിട്ടുള്ള രാഷ്ട്രമാണ് നമ്മുടേത്. ഇതെല്ലാം നാം കാക്കത്തൊള്ളായിരം വട്ടം പല ഘട്ടങ്ങളിൽ ആവർത്തിച്ചുറപ്പിക്കാറുള്ളതുമാണ്. കാര്യങ്ങൾ ഈ രീതിയിലാണ് പുരോഗമിക്കുന്നതെങ്കിലും ഇന്ത്യ പോലൊരു രാജ്യത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ മധ്യത്തിലെത്തി നിൽക്കുന്ന ഈ വേളയിലും അടിമത്തത്തിന്റെ അവസ്ഥാന്തരങ്ങളിലൊന്നായ “”ഹാലി” (കൂലി അടിമത്തം) എന്ന് വ്യവഹരിക്കുന്ന ഇരുണ്ട നൂറ്റാണ്ടുകളിൽനിന്ന് കടംകൊണ്ട വ്യവസ്ഥ എത്രയോ വർഷങ്ങളായി ദക്ഷിണ രാജസ്ഥാനിലെ “ബാരൻ’ എന്ന പ്രദേശത്തെ “സഹ്രിയ്യാ’ ആദിവാസി വിഭാഗത്തിൽ ഇന്നും നിലനിൽക്കുകയാണ്. “ബേലാ ബാട്ടിയയുടെ’ “INDIA’S FORGOTTEN COUNTRY’ എന്ന ഗ്രന്ഥത്തിൽ ഈ മനുഷ്യത്വരഹിതമായ വ്യവസ്ഥിതിയുടെ നേർചിത്രമുണ്ട്.
മുഖ്യധാരയിൽ നിന്ന് പിഴുതെറിയപ്പെട്ട സഹ്രിയ്യാ വിഭാഗം
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നെടുനാളായി തുടരുന്ന, തൊഴിൽ ചൂഷണത്തിന്റെ പരകോടിയിലാണ്. “കിഷൻഗഞ്ച്’, “ഷബാദ്’ എന്നീ താലൂക്കുകളിലാണ് തീവ്രതരമായി അടിമത്തത്തിന് സമാനമായുള്ള “ഹാലി’ സമ്പ്രദായം നിലനിൽക്കുന്നതായി കാണുന്നത്. ഇതിൻപ്രകാരം ഒരു ഭൂവുടമയിൽ നിന്ന് തൊഴിലാളി തനിക്ക് അത്യാവശ്യമായ ഘട്ടത്തിൽ കൈപറ്റിയ കടത്തിന് പകരമായിനിശ്ചിത തൊഴിൽദിനങ്ങൾ ഭൂവുടമയുടെ കൃഷിയിടത്തിലോ, മറ്റോ ജോലി ചെയ്യാമെന്ന കരാറാണിത്. സൂചിപ്പിക്കപ്പെട്ട പ്രദേശത്തിന്റെ പ്രധാന പ്രത്യേകതകൾ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കും, കുട്ടികളുടെ മരണനിരക്ക് പരിതാപകരമായി ഉയർന്ന സാഹചര്യവുമാണ്. 2002‐03 കാലയളവിൽ പട്ടിണി മരണങ്ങൾ, സർവ്വസാധാരണമായിരുന്ന പ്രദേശമാണിത്. സഹ്രിയ്യാ എന്ന് പേരായ പ്രാകൃത ഗോത്രവർഗ്ഗ സമൂഹമാണ്. ഈ തൊഴിൽ ചൂഷണം പ്രധാനമായും നേരിടുന്നത്. തീരെ ദുർബലമായ ഗോത്രവർഗ്ഗ സമൂഹങ്ങളുടെ പട്ടികയിലാണ് ഇക്കൂട്ടരെ പരിഗണിക്കുന്നത്. തങ്ങളുടെ ആവാസവ്യവസ്ഥയും, പരമ്പരാഗത തൊഴിൽ സാഹചര്യങ്ങളും നാശോന്മുഖമായിരിക്കുന്ന വിപരീത സാഹചര്യത്തിലാണ് ഇക്കൂട്ടർ കഴിയുന്നത്. പ്രകൃതി വിഭവങ്ങൾ വിറ്റും, കൊട്ടയുണ്ടാക്കി വിൽപന ചെയ്തുമാണ് ഇക്കൂട്ടർ ഉപജീവനം നടത്തിയിരുന്നത്. നിക്ഷിപ്ത താൽപര്യങ്ങളുടെ കടന്നാക്രമണത്തിൽ സർവ്വവും നഷ്ടപ്പെട്ട ഇക്കൂട്ടരെയാണ് കഠിനമായ തൊഴിൽ ചൂഷണത്തിന് വിധേയമാക്കുന്നത്. തങ്ങളുടെ കിടപ്പാടവും, തൊഴിൽ സാഹചര്യങ്ങളും, നഷ്ടമാക്കിയതിൽ പ്രതിസ്ഥാനത്ത് പ്രാദേശിക നാട്ടുപ്രമാണിമാർ മാത്രമല്ല പഞ്ചാബിൽ നിന്നും കുടിയേറിയ സിഖുകാരായ കൃഷിക്കാരും ഉൾപ്പെടുന്നുണ്ട്. “സഹ്രിയ്യാ’ വിഭാഗത്തിലുള്ള ആദിവാസികൾ താമസിക്കുന്ന സഹ്രാന പ്രദേശത്തെത്തുമ്പോൾ ഒരു കാര്യം വ്യക്തമാകും. പ്രധാന ഗ്രാമത്തിന്റെ പുറമ്പോക്കിലാണ് ഇക്കൂട്ടർ താമസിക്കുന്നത്. ആരാണിവരെ പ്രധാനഗ്രാമങ്ങളിൽ നിന്നും നിഷ്കാസനം ചെയ്തത്? ഉന്നതജാതി പ്രമാണിമാരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരതകളുടെ തനിയാവർത്തനങ്ങളാകാം ഈയൊരു അവസ്ഥയ്‌ക്ക് കാരണമായത്. പഞ്ചാബിൽ നിന്നും കുടിയേറിയ സിഖുകാരാണ് മുഖ്യമായും ഗ്രാമത്തിനകത്ത് താമസിക്കുന്നത്. തദ്ദേശീയരായ “സഹ്രിയ്യാ’ വിഭാഗം ആദിവാസികളെ തങ്ങളുടെ കയ്യൂക്കിന്റെ ബലത്തിൽ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പുറന്തള്ളാൻ ശ്രമിച്ച ഭൂസ്വാമിമാർ മാപ്പർഹിക്കാത്ത കുറ്റമാണ് ഇക്കൂട്ടരോട് ചെയ്തത്. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി പോലും ക്ലേശിക്കുന്ന ഇക്കൂട്ടർക്ക് ഭരണീയരുടെ ഭാഗത്ത് നിന്ന് നല്ല രീതിയിലൊരു കൈത്താങ്ങ് പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ഭരണീയരുടെ കാപട്യം മറനീക്കി പുറത്തേക്ക്
പ്രാകൃത വിഭാഗമെന്നോ, പിന്നോക്കക്കാരെന്നോ, പാവപ്പെട്ടവരെന്നോ മുദ്രകുത്തി “സഹ്രിയ്യാ’ വിഭാഗത്തിന്റെ ഉന്നമനത്തിനായി വലിയ ഫണ്ടുകൾ നീക്കിവെയ്ക്കുന്നുണ്ടെങ്കിലും ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾഇക്കൂട്ടർക്ക് ലഭ്യമാവുന്നില്ലെന്ന പച്ചയായ യാഥാർത്ഥ്യം അവശേഷിക്കുകയാണ്. ഇവർക്ക് നഷ്ടമായ ഇവരുടെ ആവാസവ്യവസ്ഥ തിരിച്ചു നൽകാൻ ഒരു ചെറുവിരൽ പോലും അനക്കാത്ത സർക്കാർ “സഹ്രിയ്യാ’ വിഭാഗത്തിന് വലിയ തോതിലുള്ള ഫണ്ടുകൾ നീക്കിവെക്കുന്നതിൽ അഭിരമിക്കുകയാണ്. സ്വഭാവികമായും ഇത്തരം ഫണ്ടുകളുടെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുമ്പോൾ പണിക്കിറങ്ങി ഇരുട്ട് പരക്കുന്നതുവരെ പണിയെടുത്ത് ചോര നീരാക്കിയാണ് ഇവർ നിത്യനിദാന പ്രവർത്തനങ്ങൾക്കുള്ള വരുമാനം കണ്ടെത്തുന്നത്. തീവ്രതരമായ ഈ അദ്ധ്വാനവും കടുത്ത ചൂഷണത്തിന് വിധേയമാവുന്ന പരിതോവസ്ഥയാണ് നിലനിൽക്കുന്നത്. “സഹ്രിയ്യാ’ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ കിടപ്പാടത്തെ സംബന്ധിക്കുന്ന ഒരു രേഖയും അവരുടെ കൈവശമില്ല. “കാങ്ക്റ’ ഗ്രാമപഞ്ചായത്തിന് കീഴിലെ “ഗണേഷ്പുരാ’ എന്ന സ്ഥലത്ത് താമസിക്കുന്നവരിൽ 95 ശതമാനവും “സഹ്രിയ്യാ’ വിഭാഗം ആദിവാസികളാണ്. “ഗണേഷ്പുരാ’ ഗ്രാമത്തിലുള്ള സിഖുകാരിൽ വലിയ പങ്കും സ്വന്തമായി കൂടുതൽ ഭൂമിയുള്ളവരും, അവിടെ ഗോതമ്പ്, നെല്ല്, കടുക്, സോയാബീൻ, കടല എന്നിവ കൃഷി ചെയ്യുന്നവരുമാണ്. “സഹ്രിയ്യാ’ വിഭാഗത്തിന് സ്വന്തമായുള്ള തുച്ഛമായ കൃഷിസ്ഥലം മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നതാണ്, അവരുടെ കൃഷിസ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ ആദായം കൊണ്ട് ജീവിക്കുകയെന്ന കാര്യം ചിന്തിക്കാനേ കഴിയില്ല. തങ്ങളുടെ പൂർവ്വികർ ചോര നീരാക്കിയാണ് ഭൂമി കൃഷിയോഗ്യമാക്കിയത്. പക്ഷെ, ഭൂമി കൃഷിക്ക് സജ്ജമായപ്പോൾ അതെല്ലാം പിൽക്കാലത്ത് വന്നുചേർന്നവരുടെ കൈവശമായി. ഞങ്ങൾ “ഹാലി’കളായിയെന്നാണ് “സഹ്രിയ്യാ’ വിഭാഗക്കാർ പറയുന്നത്.
“ഹാലികൾ’ ഉണ്ടാകുന്നതെങ്ങനെ?
“ഗണേഷ്പുരാ’യിലെ അശോക് ഹാലിയാവുന്നതെങ്ങനെയെന്നത്, ഒരു പക്ഷെ നമുക്ക് അവിശ്വസനീയമായി തോന്നാം. അശോകിന് 7 വയസ്സും സഹോദരൻ അനർസിംഗിന് 12 വയസ്സും പ്രായമുള്ളപ്പോഴാണ് ഒരു ബഞ്ചാര കർഷകൻ (ചരിത്രപരമായി നാടോടികളായ ജാതിയാണ്, രാജസ്ഥാനിലെ മേവാർ മേഖലയിൽ നിന്ന് വന്നവർ) തന്റെ 15ആടുകളുടെ ഇടയൻമാരായി ഇവരെ നിയമിക്കുന്നത്. ഒരു വർഷത്തേക്ക് 3000 രൂപയാണ് ഇരുവർക്കമുള്ള വേതനമായി നിശ്ചയിച്ചത്! അതിരാവിലെ ആടുകളെയും കൊണ്ട് 4 കി.മീറ്ററോളം അകലെയുള്ള ദുർഘടമായ പാതകൾ പിന്നിട്ട് അവയെ തീറ്റാനായി കൊണ്ടുപോകണം. വർഷാവസാനമായപ്പോൾ ഒരു ആട് ദീനം വന്ന് ചത്തു. അതിനുള്ള നഷ്ടപരിഹാരമായി 6000 രൂപ ഉടമസ്ഥന് കൊടുക്കണമെന്നാണ് അയാൾ ശഠിച്ചത്. അവർക്കത് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ട് വർഷം “ഹാലിയായി” ഒരു രൂപ പോലും വേതനമില്ലാതെ ജോലി ചെയ്താണ് ബാധ്യത തീർക്കുന്നത്. തുടർന്ന് അശോക് മറ്റൊരു വ്യക്തിയുടെ കീഴിൽ ജോലി ചെയ്തു. അവന്റെ ജോലി സമയം ആരംഭിക്കുന്നത് രാവിലെ 6 മണിക്ക് മുൻപാണ്, രാത്രി 8 മണിയോളം നീളുന്ന പണിയാണ് അവൻ ചെയ്ത് തീർക്കേണ്ടിയിരുന്നത്. ഒരു വർഷം അവന് കൂലിയായി നിശ്ചയിച്ചത് കേവലം 1500 രൂപയാണ്! മറ്റൊരു തൊഴിലുടമ വർഷത്തിൽ 12,000 രൂപ വാർഷികവേതനം നൽകാമെന്ന് സമ്മതിച്ചപ്പോൾ ആകർഷണ വലയത്തിൽ പെട്ട് പോയെങ്കിലും വർഷാവസാനം അശോകിന്റെ താമസത്തിനും, ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും വരുന്ന ചിലവ് ഈ തൊഴിലുടമ കൃത്യമായി കണക്ക് വെച്ചിരുന്നു. വർഷാവസാനം സൂചിപ്പിക്കപ്പെട്ട ഇനങ്ങളിൽ ആകെ 20,000 രൂപ തൊഴിലുടമക്ക് നൽകാനാണ് അയാൾ ആവശ്യപ്പെട്ടത്! ഒരു വർഷം മുഴുവൻ നയാപൈസ വേതനമില്ലാതെ ജോലി ചെയ്താണ് അശോക് അയാളുമായുള്ള ഇടപാട് തീർക്കുന്നത്!! തുടർന്ന് ഒരു വർഷം കൂടി അശോക് അയാളുടെ കീഴിൽ ജോലി ചെയ്തപ്പോൾ വർഷാവസാനം 30,000 രൂപ തൊഴിലുടമക്ക് നൽകാനുണ്ടെന്നാണ് അയാൾ പറഞ്ഞത്!! ഇത് അശോകിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശാജനകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം തൊഴിൽ ചൂഷണങ്ങൾക്കെതിരെ “ഇഖ്ലേര’ പ്രദേശത്ത് സംഘടിതമായ തൊഴിലാളി മുന്നേറ്റം രൂപപ്പെടുന്നത് അശോക് അറിയുന്നതും അതിൽ പങ്കാളിയാവുന്നതും. ഈ പ്രക്ഷോഭപരിപാടികളുടെ പരിണത ഫലമെന്നോണമാണ് 32 “ഹാലികൾ’ തൊഴിൽ അടിമത്തത്തിൽ നിന്നും മോചിതരാവുന്ന സാഹചര്യമുണ്ടാവുന്നത്. “ഹാലി’ സംവിധാനം പൂർണ്ണമായും അവസാനിപ്പിക്കാൻ ഈ സമരപരിപാടികൾ കൊണ്ട് സാധിച്ചില്ലെങ്കിലും “ഹാലി’ വ്യവസ്ഥക്കെതിരെ ജനകീയാഭിപ്രായം രൂപീകരിക്കാൻ ഈ സമരത്തിന് കഴിഞ്ഞുവെന്നത് ശുഭോഭർക്കമാണ്.
“ഹാലി’കളെ വിലയ്ക്ക് വിൽക്കുന്ന ഹീനമായ രീതി?!
“സഹ്രിയ്യാ’ വിഭാഗത്തിൽപെട്ട പ്രകാശിന്റെ അനുഭവം ഓരോ ഇന്ത്യൻ പൗരന്റെയും മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. 5 വർഷം സൂര്യനുദിക്കുന്നതിനു മുൻപ് പണി ആരംഭിച്ച് ഇരുട്ട് വീഴുന്നത് വരെ കഠിനമായ ജോലിയാണ് ഹൻസ്രാജ് എന്ന ഭൂവുടമക്ക് വേണ്ടി അവൻ ചെയ്തത്. അഞ്ചുവർഷത്തിന് ശേഷം 15,000 രൂപയുടെ കടക്കാരനായാണ് പ്രകാശ് മാറുന്നത്. ഹൻസ്രാജ് കന്നുകാലിയെ വിൽക്കുന്ന ലാഘവത്തിൽ പ്രകാശിനെ 20,000 രൂപക്ക് ചോട്ട്മാൻ എന്ന മറ്റൊരു ഭൂവുടമക്ക് വിൽക്കുകയാണ്. 5 വർഷത്തോളം ചോട്ട്മാന് വേണ്ടി നേരത്തെ സൂചിപ്പിക്കപ്പെട്ട രീതിയിൽ പണിയെടുക്കുന്നുണ്ട്. ഒരവസരത്തിൽ തീരെ ക്ഷീണിതനായ സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസം പണിക്ക് ചെല്ലാനാവാത്ത സാഹചര്യമുണ്ടായപ്പോൾ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയി ക്രൂരമായ മർദനത്തിനാണ് പ്രകാശിനെ വിധേയനാക്കുന്നത്. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും ഉചിതമായ നടപടിയൊന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തപ്പോഴാണ് സബ്ഡിവിഷണൽ മജിസ്ട്രേറ്റും, തഹസീൽദാറും സ്ഥലം സന്ദർശിക്കുകയും ഹാലികളുമായി സംസാരിക്കുന്ന സാഹചര്യവും ഉണ്ടാവുന്നത്. ജില്ലാകളക്ടറും ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലസ്വരൂപമെന്നോണമാണ് 14 ഹാലികളെ തങ്ങളുടെ കൂലി അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ടുള്ള മുക്തിപ്രമാണപത്രങ്ങൾ കൊടുക്കുന്നത്. 2011 ഫെബ്രുവരിയിലാണ് ഈ നടപടിയുണ്ടാകുന്നത്. ഇതിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ തൊഴിലാളിയുമുണ്ടായിരുന്നു. ഇത്തരം ചെറുത്തുനിൽപ്പുകളുടെ അനന്തരഫലമെന്നോണം പലരും മോചിതരായെങ്കിലും 1976ലെ BONDED LABOUR SYSTEM (Abolition) Act പ്രകാരം 31 തരം കൂലി അടിമത്തങ്ങളെ നിരോധിച്ചുകൊണ്ടുള്ള നിയമം നിലനിൽക്കുമ്പോഴും, “ഹാലി’ വ്യവസ്ഥ സ്വച്ഛന്ദം തുടരുന്നുവെന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടമെന്ന് അഭിമാനിക്കുന്ന ഈ രാജ്യത്തിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടിയിരിക്കുന്നു. l