Sunday, January 5, 2025

ad

Homeകവര്‍സ്റ്റോറിഭീഷണിയാവുന്ന തീവ്രവലതുപക്ഷം 
പ്രത്യാശയേകുന്ന ഇടതുപക്ഷം

ഭീഷണിയാവുന്ന തീവ്രവലതുപക്ഷം 
പ്രത്യാശയേകുന്ന ഇടതുപക്ഷം

എ ശ്യാം

സാധാരണമായ ഒരു തിരഞ്ഞെടുപ്പ്‌ വർഷമാണ്‌ കടന്നുപോവുന്നത്‌. അറുപതിലേറെ രാജ്യങ്ങളിലാണ്‌ 2024ൽ ജനവിധിയുണ്ടായത്‌. ലോകത്തെങ്ങുമുള്ള വിഭവങ്ങൾ സ്വന്തമാക്കുന്നതിന്‌ സാമ്രാജ്യത്വരാജ്യങ്ങൾ തമ്മിലുണ്ടായ മത്സരത്തിൽ നിന്നുണ്ടായ ഒന്നാംലോകയുദ്ധത്തിന്റെ ശേഷിപ്പുകളായ പ്രശ്‌നങ്ങൾ ഏറ്റവും പ്രതിഫലിച്ച വർഷം കൂടിയാണിത്‌. വർഷാന്ത്യം കണക്കെടുക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ജനവിധിയെ അട്ടിമറിക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ്‌ കാണാനാകുന്നത്‌. അതോടൊപ്പം പലയിടത്തും തിരഞ്ഞെടുപ്പുകളുടെ രൂപത്തിലെങ്കിലും ഉണ്ടായിരുന്ന ജനാധിപത്യം കൂടുതൽ ദുർബലമാവുകയും ചെയ്യുന്നു. ഭൂരിപക്ഷ വംശീയതയുടെയും വർഗീയതയുടെയും പേരിൽ സൃഷ്‌ടിക്കപ്പെടുന്ന ധ്രുവീകരണം ‘ഭൂരിപക്ഷ’ത്തിലെ സൂക്ഷ്‌മന്യൂനപക്ഷമായ അതിസമ്പന്നരുടെ ആധിപത്യമായി മാറുകയാണ്‌. ഇന്ത്യ മുതൽ അമേരിക്ക വരെയുള്ളിടങ്ങളിലെ ജനവിധി കാണിക്കുന്നത്‌ ഈ അപകടകരമായ പ്രവണതയാണ്‌. തീവ്രവംശീയ, വർഗീയ ശക്തികളുടെ വിജയോന്മാദത്തിൽ ലോകം കൂടുതൽ അശാന്തിയിലേക്കും അസന്തുലിതത്വത്തിലേക്കും പതിക്കുമെന്ന ആശങ്ക ശക്തമാവുന്നുണ്ട്‌. ലോകത്തെ ഒരേയൊരു പരമാധികാരരാജ്യം തങ്ങൾ മാത്രമാണെന്ന് വരുത്താൻ ശ്രമിക്കുന്ന ഇസ്രയേൽ, അതിർത്തികൾ കടന്ന്‌ വിവിധ രാജ്യങ്ങളിൽ നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിക്കാനും ശരിവയ്‌ക്കാനും മാത്രമേ അമേരിക്കയ്‌ക്കും ജൂതവംശീയ രാഷ്‌ട്രത്തിന്റെ യൂറോപ്യൻ കൂട്ടാളികൾക്കും കഴിയുന്നുള്ളൂ എന്നതാണ്‌ അവസ്ഥ. പലസ്‌തീൻ ജനതയ്‌ക്കെതിരെ ഗാസയിലും വെസ്‌റ്റ്‌ബാങ്കിലും ആരംഭിച്ച കടന്നാക്രമണം ഒരുവർഷം പിന്നിടവെ ലെബനനിലേക്കും ഇറാനിലേക്കും സിറിയയിലേക്കുമെല്ലാം നിർബാധം മിസൈലുകൾ പായിക്കാനും ഉന്നത നേതാക്കളെയടക്കം വധിക്കാനും ഇസ്രയേലിന്‌ ഐക്യരാഷ്‌ട്ര സംഘടന പോലും തടസമാവുന്നില്ല.

പാശ്ചാത്യ രാജ്യങ്ങളുടെ മൗനാനുവാദത്തോടെ നടന്നുവരുന്ന യാങ്കി–-സയണിസ്‌റ്റ്‌ അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയ്ക്കുപോലും ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ഇതിനെതിരെ ലോകമെങ്ങും പ്രതിഷേധം വളരുന്നുണ്ട്‌ എന്നുകൂടി വ്യക്തമാക്കുന്നതാണ്‌ ഈയാണ്ടിലെ സംഭവങ്ങൾ. അമേരിക്കയിലെയും യൂറോപ്പിലെയും വൻനഗരങ്ങളിലടക്കം പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന പ്രകടനങ്ങൾ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ മാനവരാശി ഉപേക്ഷിക്കുന്നില്ല എന്ന ശുഭസൂചന നൽകുന്നതാണ്‌. പാശ്ചാത്യരാജ്യങ്ങളിലെ കാമ്പസുകളിലുണ്ടായ വിദ്യാർഥിമുന്നേറ്റങ്ങൾ തീർച്ചയായും ഭാവിയെക്കുറിച്ച്‌ പ്രതീക്ഷ നൽകുന്നതാണ്‌. മുതലാളിത്ത കുത്തകകൾക്കുവേണ്ടി ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെട്ട നവഉദാരവൽകൃത സാമ്പത്തിക നയങ്ങൾക്കെതിരെ പോരാടുന്ന ഇടതുപക്ഷശക്തികൾ നിർണായകവിജയങ്ങൾ നേടിയ കാഴ്‌ചയും വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്‌. വിഭവങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ യുദ്ധക്കൊതി മൂത്ത സാമ്രാജ്യത്വ രാജ്യങ്ങൾ സൃഷ്‌ടിക്കുന്ന സംഘർഷങ്ങളെ ചെറുക്കുന്നത്‌ ഈ ഇടതുപക്ഷ ശക്തികളാണ്‌. പലസ്തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നയതന്ത്രതലത്തിലടക്കം നിലപാടെടുക്കാൻ ധൈര്യം കാണിക്കുന്നത്‌ വെനസ്വേല, മെക്‌സിക്കോ, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയും മറ്റുമാണ്‌.

2024ൽ ലോകമെങ്ങും ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പ്‌ അമേരിക്കയിലേതാണ്‌. തീവ്രവംശീയവാദിയും വർണവെറിയനും സ്‌ത്രീവിരുദ്ധനുമായ ഡൊണാൾഡ്‌ ട്രംപ്‌ നാല്‌ വർഷം മുമ്പുണ്ടായ തോൽവിക്കുശേഷം അധികാരത്തിൽ തിരിച്ചെത്തുന്നത്‌ തീർച്ചയായും ചരിത്രസംഭവം തന്നെയാണ്‌. ഇന്ത്യയിലെ ഹിന്ദുത്വവാദികളെയടക്കം ലോകമെങ്ങും തീവ്രവലതുപക്ഷ ഫാസിസ്‌റ്റുകളെ ആവേശംകൊള്ളിച്ച ട്രംപിന്റെ വിജയം പുതിയകാലത്ത്‌ സാമൂഹ്യ മാധ്യമങ്ങളെ ആയുധമാക്കി ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിന്റെ മികച്ച ദൃഷ്‌ടാന്തം കൂടിയാണ്‌. അയൽക്കാരായ ലാറ്റിനമേരിക്കക്കാർ നിങ്ങളുടെ വളർത്തുനായ്ക്കളെ കൊന്നുതിന്നും എന്നുവരെ പ്രസംഗിച്ചാണ്‌ ട്രംപ്‌ അമേരിക്കയിലെ വെള്ളക്കാരിൽ കുടിയേറ്റക്കാരോട്‌ വെറുപ്പ്‌ പടർത്തിയത്‌. വെള്ളക്കാരിൽ വളർന്ന കുടിയേറ്റഭീതി ട്രംപിന്‌ വോട്ടായപ്പോൾ കഴിഞ്ഞതവണ(2020) ട്രംപിനെ തറപറ്റിച്ച ജനവിഭാഗങ്ങളിൽ ഗണ്യമായ പങ്ക്‌, വിശേഷിച്ച്‌ കറുത്തവരും അറബ്‌ മുസ്ലീം വിഭാഗങ്ങളും വോട്ട്‌ ചെയ്യാൻപോലും താൽപര്യം കാണിച്ചില്ല. നിലവിലെ പ്രസിഡന്റ്‌ ജോ ബൈഡന്റെ ഡെമോക്രാറ്റിക്‌ സർക്കാരിന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട്‌ വലിയ താൽപരൃം ഇല്ലെങ്കിലും അയാളുടെ നേതൃത്വത്തിൽ ഇസ്രയേൽ പലസ്‌തീൻ പ്രദേശങ്ങളിൽ നടപ്പാക്കുന്ന നിഷ്‌ഠുരമായ വംശഹത്യ തടയാൻ ഒന്നും ചെയ്യാത്തതാണ്‌ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്‌ വോട്ട്‌ ചെയ്യേണ്ടിയിരുന്ന ദശലക്ഷക്കണക്കിനാളുകളെ അതിൽനിന്നും പിന്തിരിപ്പിച്ചത്‌. പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട ഇലക്ടറൽ കോളേജിൽ ട്രംപിന്‌ 312 വോട്ട്‌ ലഭിച്ചിട്ടുണ്ട്‌. കമലയ്‌ക്ക്‌ 226 വോട്ടും. എന്നാൽ മൊത്തം ജനകീയ വോട്ടിൽ ഈ അന്തരമില്ല എന്ന്‌ കാണാനാവും. ട്രംപിന്‌ 7.73 കോടിക്കടുത്ത്‌ വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. കഴിഞ്ഞതവണ ബൈഡന്‌ ലഭിച്ചതിലും 40 ലക്ഷത്തിലധികം വോട്ട്‌ കുറവാണ്‌ ഇത്തവണ ട്രംപിന്‌ ലഭിച്ചത്‌ എന്നാണ്‌ വ്യക്തമാവുന്നത്‌. കമല ഹാരിസിന്‌ ഏഴര കോടിയോളം വോട്ടാണ്‌ ലഭിച്ചത്‌. അതായത്‌ 2020ൽ ഡെമോക്രാറ്റുകൾക്ക്‌ ലഭിച്ചതിലും 63 ലക്ഷത്തോളം വോട്ട്‌ ഇത്തവണ അവർക്ക്‌ നഷ്‌ടപ്പെട്ടു. വോട്ടിങ് പ്രായത്തിലുള്ളവരുടെ എണ്ണം ഒന്നേകാൽ കോടിയിലധികം വർധിച്ചപ്പോൾ പോളിങ്ങിൽ 21 ലക്ഷത്തിലധികം കുറവുണ്ടായി. ഈ കണക്കിലുണ്ട്‌ കമലയുടെ പരാജയകാരണം. ഇതിനിടയാക്കിയത്‌ ഇസ്രയേലിനോടുള്ള വിധേയത്വത്തിലൂടെ ബൈഡൻ സർക്കാർ പുരോഗമനവാദികളിലും സമാധാനപ്രിയരിലും ഉണ്ടാക്കിയ പ്രതിഷേധവും നിരാശയുമാണ്‌. ജനസംഖ്യയിലുണ്ടായ വർധനവിനനുസരിച്ച്‌ ട്രംപിന്റെ വോട്ട്‌ കൂടിയപ്പോൾ കഴിഞ്ഞതവണ ലഭിച്ചത്‌ നിലനിർത്താൻപോലും ഡെമോക്രാറ്റുകൾക്കായില്ല.

ട്രംപിന്റെ വിജയം ലോകമെങ്ങും വലതുപക്ഷക്കാരിലുണ്ടാക്കിയ അതിരില്ലാത്ത ആവേശത്തിന്റെ പ്രകടമായ ഉദാഹരണമാണ്‌ ദക്ഷിണ കൊറിയൻ പ്രസിഡന്റ്‌ യൂൺ സുക്‌ യോൾ ഡിസംബർ ആദ്യവാരത്തിൽ അവിടെ പട്ടാള നിയമം പ്രഖ്യാപിച്ചത്‌. പാർലമെന്റായ ദേശീയ അസംബ്ലിയിലെ അംഗങ്ങൾ ആ രാത്രി തന്നെ വിലക്കുകൾ ലംഘിച്ച്‌ പാർലമെന്റിലെത്തി, തന്നെ ഇംപീച്ച്‌ ചെയ്യാൻ നടപടികൾ ആരംഭിച്ചപ്പോൾ ആ ജനാധിപത്യക്കശാപ്പ്‌ മണിക്കൂറുകൾക്കകം പിൻവലിക്കാൻ പ്രസിഡന്റ്‌ നിർബന്ധിതനായി. കഴിഞ്ഞ ഏപ്രിൽ പത്തിനാണ്‌ ദക്ഷിണ കൊറിയൻ പാർലമെന്റിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. വലതുപക്ഷക്കാരനായ പ്രസിഡന്റിന്റെ പീപ്പിൾ പവർ പാർടിക്ക്‌ കനത്ത തോൽവിയാണ്‌ തിരഞ്ഞെടുപ്പിൽ ഉണ്ടായത്‌. 300 അംഗ സഭയിൽ മൂന്നിൽ രണ്ടോളം സീറ്റ്‌ ഡെമൊക്രാറ്റിക്‌ പാർടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നേടി. മേഖലയിൽ സമാധാനത്തിന്‌ സഹായകമായ നിലപാടുള്ള ഈ ജനവിധി അട്ടിമറിക്കാനാണ്‌ പ്രസിഡന്റ്‌ ശ്രമിച്ചത്‌. ഉത്തര കൊറിയയെ പ്രകോപിപ്പിച്ച്‌ സംഘർഷാവസ്ഥയുണ്ടാക്കി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന പ്രസിഡന്റിന്റെ പതനത്തിന്‌ വഴിവച്ചേക്കാവുന്ന തരത്തിലാണ്‌ കാര്യങ്ങൾ പുരോഗമിക്കുന്നത്‌.

യൂറോപ്യൻ പാർലമെന്റിലേക്ക്‌ ജൂൺ 6–-9 തീയതികളിൽനടന്ന തിരഞ്ഞെടുപ്പിൽ വിവിധ രാജ്യങ്ങളിൽ തീവ്രവലതുപക്ഷം നേട്ടമുണ്ടാക്കി. 720 അംഗ യൂറോപ്യൻ സഭയിൽ 190 സീറ്റാണ്‌ യാഥാസ്ഥിതിക യൂറോപ്യൻ പീപ്പിൾസ്‌ പാർടി നേടിയത്‌. കുടിയേറ്റവിരോധമടക്കം അവർ പ്രചരിപ്പിക്കുന്ന മനുഷ്യവിരുദ്ധ ആശയങ്ങൾ പരിഷ്‌കൃതനാട്യങ്ങളുള്ള പാശ്ചാത്യലോകത്ത്‌ ആഴത്തിൽ സ്വാധീനമുറപ്പിക്കുന്നു എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ ഫലം. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിനൊപ്പം ബെൽജിയം പാർലമെന്റിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ ന്യൂ ഫ്ലെമിഷ്‌ അലയൻസ്‌ 25.6 ശതമാനം വോട്ടോടെ ഏറ്റവും വലിയ പാർടിയെന്ന സ്ഥാനം നിലനിർത്തിയപ്പോൾ തീവ്രവലതുപക്ഷ വ്ലാംസ്‌ ബെലാങ്‌ പാർടി 21.8 ശതമാനം വോട്ട്‌ നേടിയത്‌ യൂറോപ്പിൽ പടരുന്ന നവനാസി ആശയങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നുണ്ട്‌. നാല്‌ പതിറ്റാണ്ടായി നവനാസികൾ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ഫ്രാൻസിലും യൂറോപ്യൻ പാർലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലം അവരുടെ വളർച്ച വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ ഈ അവസരം ഉപയോഗിച്ച്‌ തന്റെ അധികാരം ഭദ്രമാക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ്‌ ഇമാനുവൽ മക്രോണിന്റെ അവസരവാദനിലപാടുകൾ ഫ്രാൻസിൽ തീവ്രവലതുപക്ഷത്തിന്റെ വളർച്ചയ്‌ക്ക്‌ വഴിയൊരുക്കുകയാണ്‌. യൂറോപ്യൻ തിരഞ്ഞെടുപ്പ്‌ ഫലത്തെ തുടർന്ന്‌ ഫ്രഞ്ച്‌ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ ജൂൺ 30, ജൂലൈ 7 തീയതികളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ഫ്രഞ്ച്‌ ഇടതുപക്ഷ സഖ്യത്തിന്റെ ജാഗ്രത കാരണം മരീൻ ലീ പെന്നിന്റെ തീവ്ര വലതുപക്ഷ നാഷണൽ റാലി മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു. ഒന്നാമതെത്തിയ ഇടതുപക്ഷത്തിന്റെ തന്ത്രപരമായ നിലപാടു കാരണം മക്രോണിന്റെ മധ്യ വലതുസഖ്യം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ഈ ജനവിധിയെ വഞ്ചിക്കുകയാണ്‌ മക്രോൺ ചെയ്‌തത്‌. ഇടതുപക്ഷം സർക്കാരുണ്ടാക്കുന്നത്‌ തടയാൻ തീവ്രവലതുപക്ഷത്തിന്റെ താൽപര്യപ്രകാരം വലതുപക്ഷ സർക്കാരിനെ അധികാരത്തിലേറ്റുകയാണ്‌ മക്രോൺ ചെയ്‌തത്‌. ജർമനിയിൽ ഇസ്ലാം വിരുദ്ധനായ തീവ്രവലതുപക്ഷക്കാരൻ ഡിസംബർ 20ന് ക്രിസ്-മസ് ചന്തയിൽ ആൾക്കൂട്ടത്തിലേക്ക് കാറോടിച്ചുകയറ്റി അഞ്ചുപേരെ കൊന്നത് ഫെബ്രുവരിയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ജനവിധിയെ സ്വാധീനിക്കാൻ കൂടിയാണ്.

ബ്രിട്ടനിൽ 14വർഷം നീണ്ട യാഥാസ്ഥിതിക വാഴ്‌ചയ്‌ക്ക്‌ അന്ത്യംകുറിച്ച തിരഞ്ഞെടുപ്പാണ്‌ ജൂലൈ നാലിന്‌ നടന്നത്‌. കെയ്‌ർ സ്‌റ്റാമർ നയിക്കുന്ന ലേബർ പാർടി 650 അംഗ പ്രതിനിധിസഭയിൽ 412 സീറ്റ്‌ നേടി വൻ തിരിച്ചുവരവാണ്‌ നടത്തിയത്‌. ബ്രിട്ടന്റെ ആഭ്യന്തര നയങ്ങളിൽ ഇത്‌ തൊഴിലാളികൾക്കും മറ്റ്‌ അധ്വാനിക്കുന്ന വിഭാഗങ്ങൾക്കും ചെറിയ നേട്ടങ്ങളുണ്ടാക്കുമെങ്കിലും സാമ്രാജ്യത്വ വിദേശനയത്തിൽ ഒരു മാറ്റത്തിന്റെയും സൂചനയില്ല. ബ്രിട്ടീഷ്‌ പാർലമെന്റ്‌ തിരഞ്ഞെടുപ്പിന്റെ പിറ്റേന്നായിരുന്നു ഇറാനിൽ രണ്ടാംവട്ട പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌. ജൂൺ 30 ന് നടന്ന ഒന്നാംവട്ട തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ എത്തിയവർ തമ്മിലുണ്ടായ രണ്ടാംവട്ട തിരഞ്ഞെടുപ്പിൽ പരിഷ്‌കരണവാദിയായ മസൂദ്‌ പെസഷ്‌കിയാൻ നേടിയ വിജയത്തെ ലോകം പ്രതീക്ഷയോടെയാണ്‌ സ്വാഗതം ചെയ്‌തത്‌. തീവ്ര യാഥാസ്ഥിതികനായ സയീദ്‌ ജലീലിയേയാണ്‌ പെസഷ്കിയാൻ പരാജയപ്പെടുത്തിയത്‌. ഇറാനെ കേന്ദ്രമാക്കി ലോകമെങ്ങും അശാന്തി പരത്താൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുമ്പോൾ സമാധാനപ്രേമികൾക്ക്‌ ആശ്വാസം പകരുന്നതാണ്‌ ഈ ഫലം. എന്നാൽ അമേരിക്കയിൽ ട്രംപ്‌ വിജയിച്ച സാഹചര്യത്തിൽ ഇറാനിൽ മിതവാദ സർക്കാരുണ്ടായ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ പാശ്ചാത്യലോകം തയ്യാറാവുമോ എന്ന്‌ കണ്ടറിയണം. 2015ൽ ഇറാനും ലോകശക്തികളും ചേർന്നുണ്ടാക്കിയ ആണവ കരാറിൽ നിന്ന്‌ ഏകപക്ഷീയമായി അമേരിക്ക പിൻമാറിക്കൊണ്ട് 2017ൽ സമാധാനശ്രമത്തെ അട്ടിമറിച്ചത്‌ ട്രംപാണ്‌.

അറബ്‌ മേഖലയിൽ രാജവാഴ്‌ചകൾ പരിമിതമായ ജനാധിപത്യ അവകാശങ്ങൾ റദ്ദാക്കുന്നതിനും 2024 സാക്ഷിയായി. വർഷാന്ത്യവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ പരമോന്നത പുരസ്‌കാരം സമ്മാനിച്ച കുവൈത്തിലാണ്‌ ഏറ്റവും വലിയ ജനാധിപത്യനിഷേധം അരങ്ങേറിയത്‌ എന്നതും ശ്രദ്ധേയമാണ്‌. അവിടെ ഏപ്രിൽ നാലിന്‌ ദേശീയ അസംബ്ലിയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾ വൻവിജയം നേടിയെങ്കിലും അത്‌ ചേരുന്നതിനുമുമ്പ്‌ അടുത്തമാസം തന്നെ ഭരണാധികാരി പാർലമെന്റ്‌ പിരിച്ചുവിട്ടു. അധികാരം രാജകുടുംബത്തിൽ കേന്ദ്രീകരിച്ച്‌ പാർലമെന്ററി സംവിധാനം നാല്‌ വർഷത്തേക്ക്‌ മരവിപ്പിക്കുകയും ചെയ്‌തു. തിരഞ്ഞെടുക്കപ്പെട്ട നിരവധി പ്രതിപക്ഷ അംഗങ്ങളെ അറസ്‌റ്റുചെയ്യുകയും ഭരണാധികാരിയെ അവഹേളിച്ചു എന്ന ഗുരുതര കുറ്റം ചുമത്തുകയും ചെയ്‌തു.

പലസ്‌തീൻ വിഷയത്തിൽ അറബ്‌ ഭരണാധികാരികൾ തുടരുന്ന നിസ്സംഗ നിലപാടിനോടുള്ള രോഷവും മേഖലയിലെ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നുണ്ട്‌. ജോർദാൻ പാർലമെന്റിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇസ്ലാമിക്‌ ആക്ഷൻ ഫ്രണ്ട്‌(ഐഎഎഫ്‌) നേടിയ മുന്നേറ്റം അതാണ്‌ സൂചിപ്പിക്കുന്നത്‌. ജോർദാനിലെ ജനങ്ങളിൽ പലസ്‌തീൻ വംശജർ ചെറുതല്ലാത്ത വിഭാഗമാണ്‌. തലമുറകളായി അഭയാർത്ഥികളായി കഴിയുന്നവരടക്കം അവരിലുണ്ട്‌. 138 അംഗ പാർലമെന്റിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ ഐഎഎഫ്‌ 31 സീറ്റാണ്‌ നേടിയത്‌. ഈജിപ്‌തിലെ ഇസ്ലാമിക്‌ ബ്രദർഹുഡുമായി ബന്ധമുള്ള ഐഎഎഫിന്‌ ഭൂരിപക്ഷമില്ലെങ്കിലും ശക്തമായ സാന്നിധ്യമാവാൻ സാധിക്കുമെന്നാണ്‌ കാണുന്നത്‌. 2011ലെ അറബ്‌ വസന്തത്തെ തുടർന്ന്‌ ഈജിപ്‌തിൽ ഇസ്ലാമിക്‌ ബ്രദർഹുഡ്‌ ഭൂരിപക്ഷം നേടിയെങ്കിലും, അമേരിക്കയ്‌ക്ക്‌ അഭിമതരല്ലാത്ത അവരുടെ സർക്കാർ അട്ടിമറിക്കപ്പെട്ട ചരിത്രമുണ്ട്‌. പലസ്‌തീൻ പ്രശ്‌നം പരിഹരിക്കപ്പെടാതെ നീളുന്നത്‌ മേഖലയിൽ ഇസ്ലാമിക രാഷ്‌ട്രീയത്തിന്‌ വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്‌.

മെക്‌സിക്കോ, വെനസ്വേല, ഉറുഗേ-്വ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും മറ്റും ഇടതുപക്ഷം നേടിയ ഗംഭീരവിജയങ്ങൾ 2024ലെ നേട്ടങ്ങളോട്‌ ചേർത്തുവയ്‌ക്കേണ്ടവയാണ്‌. എന്നാൽ വെനസ്വേലയിൽ ജൂലൈ 28ന്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോ നേടിയ ഉജ്വലവിജയം അമേരിക്കൻ ചേരി ഇതുവരെ അംഗീകരിച്ചിട്ടില്ല. 2019ൽ ബൊളീവിയയിലെ ജനവിധി അംഗീകരിക്കാതെ വലതുപക്ഷം അട്ടിമറി നടത്തിയതുപോലെ ഒന്നാണ്‌ പാശ്ചാത്യരാഷ്‌ട്രങ്ങൾ ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി ക്രൂരമായ ഉപരോധങ്ങൾ രൂക്ഷമാക്കി വെനസേ-്വലയിൽ ജനജീവിതം ദുഷ്‌കരമാക്കാനാണ്‌ അവയുടെ ശ്രമം. ശ്രീലങ്കയിൽ സെപ്‌തംബർ 21ന്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ജനതാ വിമുക്തി പെരമുനയുടെ(ജെവിപി) നേതാവായ അനുര കുമാര ദിസനായകെ നേടിയ വിജയം ചരിത്രം കുറിക്കുന്നതായി. നവ ഉദാരവത‍്-കരണതനയങ്ങൾ തകർത്ത ശ്രീലങ്കയിൽ ആദ്യമായാണ്‌ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്‌. ഈ വിജയം ജനങ്ങളിലുണ്ടാക്കിയ പ്രതീക്ഷയുടെ പ്രതിഫലനമായി നവംബർ 14ന്‌ നടന്ന പാർലമെന്റ്‌ തിരഞ്ഞെടുപ്പിലെ ഫലം. ജെവിപി നയിക്കുന്ന ജനാധികാര മുന്നണി(പിപിഎഫ്‌) മൂന്നിൽ രണ്ടിലധികം സീറ്റോടെയാണ്‌ വിജയിച്ചത്‌. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ച്‌ ഒന്നര പതിറ്റാണ്ട്‌ പിന്നിട്ടിട്ടും സംഘർഷകാലത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ശ്രീലങ്കയിൽ തമിഴരും മുസ്ലീങ്ങളുമടക്കം ന്യൂനപക്ഷങ്ങൾക്കു പ്രത്യാശ പകരുന്നതാണ്‌ ഈ ഫലങ്ങൾ. ദക്ഷിണാഫ്രിക്കയിൽ പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് സ്വന്തമായി ഭൂരിപക്ഷം നേടാൻ കഴിയാഞ്ഞതാണ്‌ 2024ലെ മറ്റൊരു വഴിത്തിരിവ്‌. മൂന്ന്‌ പതിറ്റാണ്ടുമുമ്പ്‌ വർണവിവേചനം അവസാനിപ്പിച്ച്‌ ജനാധിപത്യത്തിലേക്ക്‌ കടന്നശേഷം ആദ്യമായാണ്‌ എഎൻസിക്ക്‌ ഭൂരിപക്ഷം നഷ്‌ടപ്പെട്ടത്‌. എങ്കിലും സഖ്യസർക്കാരുണ്ടാക്കുന്നതിൽ എഎൻസി നേതാവ്‌ സിറിൽ റമഫോസ വിജയിച്ചു.

2008ലെ മഹാമാന്ദ്യത്തിനുശേഷം ലോകം നാസിസത്തിന്റെയും ഫാസിസത്തിന്റെയും ഭീഷണികൾ നേരിട്ട കാലത്തിന്‌ സമാനമായ ഒന്നാണ്‌ വർത്തമാന സാമ്പത്തിക പ്രശ്‌നങ്ങളുടെ ഫലമായി രൂപപ്പെട്ടുവരുന്നത്‌. ഒന്നാംലോക യുദ്ധത്തിൽ പരാജയപ്പെട്ട ജർമനിയിലെ സാമ്പത്തിക പ്രയാസങ്ങളും ജനങ്ങളിലുണ്ടായ നിരാശാബോധവും മുതലാക്കിയാണ്‌ ഹിറ്റ്‌ലർ അധികാരത്തിലെത്തിയത്‌. ഹിറ്റ്‌ലർ കൈക്കൊണ്ട വംശീയ ഉന്മൂലന നടപടികൾ ലോകത്തെ കൊണ്ടുചെന്നെത്തിച്ച ദുരന്തം മറക്കാൻ കാലമായിട്ടില്ല. 60 ലക്ഷം ജൂതരാണ്‌ അന്ന്‌ ഹിറ്റ്‌ലറുടെ വംശഹത്യാശാലകളിൽ പിടഞ്ഞുമരിച്ചത്‌. അന്ന്‌ ജൂതരോട്‌ ലോകത്തിനുണ്ടായ സഹതാപം മുതലാക്കിയാണ്‌ ബ്രിട്ടന്റെ നേതൃത്വത്തിൽ യൂറോപ്പിലെ ജൂതരെ അറബ്‌മണ്ണിൽ കുടിയിരുത്തിയത്‌. അങ്ങനെ രൂപപ്പെട്ട ജൂതരാഷ്‌ട്രം നാസിസത്തിന്‌ സമാനമായ സയണിസം ആധാരമാക്കി ലോകത്തെ മറ്റൊരു മഹാവിപത്തിലേക്ക്‌ തള്ളിവിടാൻ ശ്രമിക്കുന്നു എന്നതാണ്‌ ഇപ്പോഴത്തെ സാഹചര്യം. നൂറ്റാണ്ട്‌ മുമ്പുണ്ടായ മഹാമാന്ദ്യകാലത്തെപോലെ സാമ്പത്തിക പ്രശ്‌നങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ വർധിക്കുമ്പോൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരായ നവനാസികൾക്കും തീവ്രവലതുപക്ഷത്തിനും അവസരമൊരുങ്ങുകയാണ്‌. തൊഴിലാളിവർഗ സാർവദേശീയതയിൽ അടിയുറച്ച രാഷ്‌ട്രീയത്തിനും ലോകജനതയുടെ ഐക്യത്തിനും മാത്രമേ മനുഷ്യന്‌ സമാധാനവും സമൃദ്ധിയും നൽകാനാവൂ എന്നതാണ്‌ ചരിത്രം നൽകുന്ന പാഠം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − two =

Most Popular