സിപിഐ എം 24–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയം
ഇന്ത്യാ ഗവൺമെന്റിന്റെ ആഴക്കടൽ ഖനന നയത്തെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ 24–ാം കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ അപകടപ്പെടുത്തുന്നതാണത്; കോർപ്പറേറ്റ് താൽപര്യം കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളെ സ്വകാര്യവൽക്കരിക്കലാണത്; മർമ പ്രധാനമായ സമുദ്ര പാരിസ്ഥിതിക വ്യവസ്ഥയെ അസ്ഥിരീകരിക്കുന്നതും സംസ്ഥാന സർക്കാരുകളുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണത്.
ഓഫ്ഷോർ മിനറൽസ് (ഡെവലപ്പ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ട് 2002ന് 2023ൽ വരുത്തിയ ഭേദഗതി പ്രകാരമുള്ള ആഴക്കടൽ ഖനനവും പര്യവേക്ഷണവും സ്വകാര്യ കോർപ്പറേറ്റുകളുടെ കൊള്ളയടിക്കലിനായുള്ളതാണ്. അടുത്തകാലത്ത് വരുത്തിയ ഭേദഗതിക്കുമുൻപ് തീരപ്രദേശത്ത് ഖനനം നടത്തുന്നതിന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയും ഇന്ത്യൻ ബ്യൂറോ -ഒാ-ഫ് മെെൻസും ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റും ചേർന്ന് സംയുക്ത പരിശോധന നടത്തണമായിരുന്നു. എന്നാൽ പുതിയ ഭേദഗതി നിയമം സ്വകാര്യ കമ്പനികളെ പര്യവേക്ഷണത്തിനനുവദിക്കുന്നു; ഇതുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ചൂഷണത്തിന് സാധ്യതയുണ്ടെന്ന അവസ്ഥ സംജാതമാകുന്നത് ഉൽക്കണ്ഠപ്പെടുത്തുന്നതാണ്; ഈ പുതിയ ഭേദഗതി സുതാര്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
ഖനിജ വിഭവങ്ങൾ ഖനനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന റോയൽറ്റി പൂർണമായും കേന്ദ്ര ഗവൺമെന്റിനു മാത്രമാണ് ലഭിക്കുന്നത്. ആഴക്കടൽ ഖനനം തീരപ്രദേശത്ത് അടിഞ്ഞുകൂടുന്ന ധാതുമണലിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കേരളത്തിലെ പൊതുമേഖലയിലുള്ള അപൂർവ ധാതുമണൽ യൂണിറ്റുകളുടെ ലാഭക്ഷമതയെ ഇല്ലാതാക്കും.
പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് തീരപ്രദേശത്തിനകലെ നടത്തുന്ന ഖനനംമൂലം സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങൾ ഭാരമുള്ള ലോഹങ്ങളടങ്ങുന്ന വിഷമയമായ മലിനജലം സൃഷ്ടിക്കുമെന്നാണ്; ഇത് കടൽ ജീവികളുടെ ജീവൻ അപകടത്തിലാക്കുകയും സമുദ്ര വിഭവങ്ങളെ ആശ്രയിച്ചുള്ള പാരിസ്ഥിതിക വ്യവസ്ഥയെത്തന്നെ നശിപ്പിക്കുകയും ചെയ്യുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുനാമിക്കും ചുഴലിക്കൊടുങ്കാറ്റിനും കടൽ കയറുന്നതിനുമെതിരായ സ്വാഭാവിക പ്രതിരോധത്തെ ദുർബലപ്പെടുത്തുകയും എക്കൽ അടിയുന്ന പ്രക്രിയയെ തകർക്കുകയും ചെയ്യുന്നതുമൂലം സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ അപകടത്തിലാക്കുന്നു. സമുദ്രാടിത്തട്ടിലെ പാരിസ്ഥിതിക സംവിധാനങ്ങളെ തകർക്കുന്നതുമൂലം അവിടെ സംഭരിക്കപ്പെട്ടിട്ടുള്ള കാർബൺ പുറത്തുവരാൻ ഇടയാകുന്നു; ഇത് ആഗോളതാപനത്തിനു കാരണമാകുന്ന അന്തരീക്ഷത്തിലെ കാർബൺ ഡെെ ഓക്സെെഡിന്റെ അളവ് വർധിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മത്സ്യ വിഭവങ്ങൾ ശോഷിക്കുന്നത് അവരുടെ ഉപജീവനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്; ആഴക്കടൽ ഖനനം ഈ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുമെന്ന കാര്യം ഉറപ്പാണ്. ഉദാഹരണത്തിന്, ആഴക്കടൽ ഖനനത്തിന്റെ ആദ്യഘട്ട ഖനനത്തിനായി ഉൾപ്പെടുത്തിയിട്ടുള്ള മണൽ ബ്ലോക്കുകൾ ഇന്ത്യൻ സമുദ്ര മേഖലയിലെ ഏറ്റവുമധികം മത്സ്യവിഭവ സമ്പത്തുള്ള പ്രദേശങ്ങളിലൊന്നായ കൊല്ലം തീരത്തുള്ളവയാണ്. രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഇവിടത്തെ മത്സ്യത്തൊഴിലാളി ജനതയൊന്നടങ്കം ഈ നിർദ്ദേശത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. കടൽ മണൽ ഖനന പരിപാടിക്കെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ നടപടി പറഞ്ഞറിയിക്കാനാവാത്തത്ര ഭീകരമായ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതാണ്. കേന്ദ്ര ഗവൺമെന്റ് അടിയന്തരമായും ഈ പരിപാടി ഉപേക്ഷിക്കണമെന്ന് സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് ആവശ്യപ്പെടുന്നു. l