പ്രകൃതിയിലെ ഓരോ ആവാസവ്യവസ്ഥയും നൂറ്റാണ്ടുകൾ നീണ്ട പ്രക്രിയയിലൂടെയാണ് രൂപപ്പെടുന്നത്. എന്നാൽ അവയെയൊക്കെ നശിപ്പിക്കാൻ ദിവസങ്ങൾ മതിയാകും. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ സമുദ്രങ്ങളുടെ പ്രത്യേകത പൊതുവിൽ ഇനി പറയുന്നതുപോലെ സൂചിപ്പിക്കാം. അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്‌തുകൊണ്ട് ആഗോളതാപനത്തിന്റെ തോത് കുറയ്ക്കുന്നു; അന്തരീക്ഷത്തിലെ 30% കാർബൺ ഡയോക്സൈഡ് കുറയ്ക്കുകവഴി കാലാവസ്ഥാവ്യതിയാനത്തെ വലിയൊരളവിൽ നിയന്ത്രിക്കുന്നു; ഭൂമിയിലെ ജീവജാലങ്ങൾക്കാവശ്യമായ 50% ഓക്‌സിജൻ കടലിലെ ഫൈറ്റോപ്ലാങ്ക്ടൺ ഉൽപ്പാദിപ്പിക്കുന്നു; കൂടാതെ കടലിന്റെ അടിത്തട്ടിലുള്ള പോളിമെറ്റാലിക് നോഡ്യൂളുകൾ ‘ഡാർക്ക് ഓക്‌സിജൻ’ നിർമ്മിക്കുന്നു; ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും എണ്ണമെടുത്താൽ അതിൽ എൺപതു ശതമാനവും സമുദ്രങ്ങളിൽ സ്ഥിതിചെയ്യുന്നു; മുന്നൂറു കോടിയിലധികം ആൾക്കാർ തങ്ങളുടെ പ്രധാന പ്രോട്ടീൻ ഉറവിടമായി സമുദ്രത്തിലെ ജീവികളെ ആശ്രയിക്കുന്നു; സമുദ്രജീവികളിൽ നിന്നും ധാരാളം ജീവൻ രക്ഷാ മരുന്നുകൾ, ക്യാൻസർ മരുന്നുകൾ, ആന്റി ബയോട്ടിക്കുകൾ എന്നിവ ഉൽപാദിപ്പിക്കുന്നു. മാത്രമല്ല ധാരാളം സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും സമുദ്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടുതാനും.
സമുദ്രങ്ങളെക്കുറിച്ച് ഇനിയുമെഴുതുവാൻ ധാരാളമുണ്ട്. അതിനൊപ്പം നാം ഇനിയും കണ്ടെത്താത്ത അത്ഭുതങ്ങൾ അതിലുമേറെയുണ്ട്. കടലിന്റെ ഭാഗമായ മണൽ ഖനനം നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ, സംസ്ഥാന സർക്കാരും കേന്ദ്രത്തിലെ പ്രതിപക്ഷവും അതിനെ ശക്തമായി എതിർക്കുന്നുണ്ട്. ഇങ്ങനെ ഖനനം നടത്തുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആരും, ഒരു സർക്കാരും ഒരു ഏജൻസിയും പഠനം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.
കാലാവസ്ഥ വ്യതിയാനത്തിന്റെയും, ആഗോളതാപനത്തിന്റെയും കെടുതികൾ ദിനംപ്രതി വർധിച്ചുവരുന്ന ഇക്കാലത്ത് വീണ്ടും പ്രകൃതിയെ നാശത്തിലേക്ക് തള്ളിവിടുന്ന കടൽ ഖനനം കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കടലിനെ അറിയുവാൻ
ഇനിയുമേറെ
സമുദ്രത്തെക്കുറിച്ചും സമുദ്രത്തിലെ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചും നമുക്കുള്ള അറിവ് വളരെ പരിമിതമാണ്. കടലിന്റെ അടിത്തട്ടിലുള്ള മണ്ണ് നീണ്ട വർഷങ്ങൾ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല അത് കൃത്യമായതും തുടർച്ചയുള്ളതുമായ ഒരു പ്രക്രിയയാണ്. ബട്ടർഫ്‌ളൈ എഫക്റ്റ് സൂചിപ്പിക്കുന്നതുപോലെ, ലോകത്തെ ഏതെങ്കിലുമൊരു കോണിലിരുന്ന് ഒരു ശലഭം ചിറകടിച്ചാൽ അത് ഭൂമിയിലെ ഇങ്ങേയറ്റത്തു പ്രതിഫലിക്കുമെന്ന് പറയുന്നതുപോലെ കടൽത്തട്ടിലെ ഒരുതരി മണ്ണ് ഖനനം ചെയ്യുന്നതുപോലും കടലിന്റെ മുഴുവൻ പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.
ഭൂമിയിലെ ഓക്സിജൻ ഉത്പാദനത്തിൽ സസ്യങ്ങൾക്കുള്ള പങ്കിനെ പ്പറ്റി നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ ഓക്സിജൻ ഉല്പാദനത്തിൽ കടലിലെ സസ്യ പ്ലവകങ്ങൾ വഹിക്കുന്ന പങ്കിനെപ്പറ്റിയും കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുത്തു ജീവവായു ശുദ്ധീകരിക്കുന്നതിനെപ്പറ്റിയും നാം വിസ്മരിക്കുന്നു, അല്ലെങ്കിൽ അതിനെക്കുറിച്ച് എല്ലാവർക്കും വലിയ ധാരണയില്ല എന്നുതന്നെ പറയേണ്ടി വരും.അതുകൊണ്ടാണല്ലോ കടലിനെ ഇത്രകണ്ട് മലീമസമാക്കുന്നതും, ഇപ്പോൾ ഖനനം പോലുള്ള പ്രവർത്തനങ്ങളിലൂടെ ആ ആവാസവ്യവസ്ഥയെത്തന്നെ താറുമാറാക്കുന്നതും.
കേരളത്തിൽ ആദ്യഘട്ടമായി കൊല്ലത്തെ പരപ്പ് എന്ന പ്രദേശത്താണ് ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീരത്തുനിന്നും 25 കിലോമീറ്റർ അകലെ ഏകദേശം 250 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശത്താണ് ഖനനം നടത്താൻ പദ്ധതിയിടുന്നത്. സർക്കാർ സംവിധാനത്തിനപ്പുറം കോർപ്പറേറ്റുകളിലൂടെ, അതായത് സ്വകാര്യവൽക്കരണത്തിലൂടെ, മാത്രമേ ഇത് സാധ്യമാവുകയുമുള്ളൂ. അങ്ങനെവരുമ്പോൾ നമ്മുടെ കടലുകളെയും സ്വകാര്യസ്ഥാപനങ്ങൾക്ക് തീറെഴുതുന്ന അവസ്ഥ ഇതുമൂലം സംജാതമാകും.
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
മുമ്പ് സൂചിപ്പിച്ചതുപോലെ കടൽ മണൽ ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വലുതാണ്. വ്യാവസായികമായി ഖനനം നടത്തുമ്പോൾ ഗുണമേന്മയുള്ള മണൽ മാത്രം ഖനനം നടത്തി അത് വേർതിരിച്ചെടുക്കേണ്ടിവരും. കേരളത്തിന്റെ തീരങ്ങളിൽ വലിയ അളവിൽ ചെളി അടിഞ്ഞിട്ടുണ്ട്. അത് കരയിലേക്ക് എടുക്കാതെ കടലിൽ വച്ചുതന്നെ ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ വലിയ അളവിൽ വെള്ളം കലങ്ങുകയും അത് വീണ്ടും അടിയാൻ വളരെയേറെ സമയമെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കലങ്ങിക്കിടക്കുന്ന വെള്ളത്തിലൂടെ സൂര്യപ്രകാശം കടക്കാതെ വരികയും ഇത് കടലിലെ പ്രാഥമിക ഉൽപ്പാദകരായ (Primary Producers) സസ്യപ്ലവകങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. ജന്തു പ്ലവകങ്ങളുടെ അതിജീവനത്തെയും അത് ബാധിക്കുന്നു. കൂടാതെ ഇതുമൂലം കുറയുന്ന ഉൽപ്പാദനപ്രക്രിയ സമുദ്ര ഭക്ഷ്യ ശൃംഖലയെയും പ്രതികൂലമായി ബാധിക്കുന്നു. സൂര്യപ്രകാശത്തിന്റെ കുറവ് ആവാസവ്യവസ്ഥയുടെ കാർബൺ സ്വാംശീകരണത്തെ തടസ്സപ്പെടുത്തുകയും, വെള്ളം കൂടുതൽ കലങ്ങുന്നത് ജലജീവികൾക്ക് ഇരപിടിക്കാനും ശ്വസിക്കാനുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയൊക്കെ സമുദ്രത്തിലെ ആവാസവ്യവസ്ഥയെ വലിയ അളവിൽ ബാധിക്കുന്നു.
സമുദ്രജീവികൾ
സമുദ്രജീവികളുടെ കാര്യമെടുത്താൽ, അവയുടെ ജീവിതമെങ്ങനെ മണലും മണൽ ഖനനവുമായി ബന്ധപ്പെടുന്നു എന്ന പൊതുധാരണ ഉണ്ടായേക്കാം. ശാസ്ത്രലോകം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ധാരാളം ജീവജാലങ്ങൾ കടലിന്റെ അടിത്തട്ടിൽ ഇനിയുമുണ്ടാവാം എന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നത്. പവിഴപ്പുറ്റുകളും സ്പോഞ്ചുകളും നീരാളികളും കണവകളും മരിയാന ട്രഞ്ച് പോലെയുള്ള അത്യഗാധമായ ആഴങ്ങളിൽ സ്ഥിതിചെയ്യുന്ന മെഗലോഡോൺ പോലെയുള്ള ജീവികളും ഒക്കെ ഉൾപ്പെടുന്നതാണ് സമുദ്രം. ഇത്തരം പതിനായിരക്കണക്കിന് സമുദ്രജീവികളുടെ പാരസ്പര്യമാണ് ആ ആവാസവ്യവസ്ഥയുടെ ആരോഗ്യവും, ജൈവവൈവിധ്യത്തെ സുഗമമായും ശക്തമായും മുന്നോട്ടു പോകുന്നതിനെ സഹായിക്കുന്നതും. ആവാസവ്യവസ്ഥ അവയെ അത്രകണ്ട് സ്വാധീനിക്കുന്നുമുണ്ട്. മണൽ ഖനനം അവയുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു. അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന ജന്തുജാലങ്ങളുടെയും, പവിഴപ്പുറ്റുകളുടെയും കോളനികൾ മണ്ണിനോടൊപ്പം ഖനനം ചെയ്യപ്പെടുകയും, അതുവഴി അവ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ തീരങ്ങളെ സംബന്ധിച്ച് ഇത്തരം പവിഴപ്പുറ്റുകളുടെ സാന്നിധ്യം ഏറെയാണ്, പ്രത്യേകിച്ച് ഇപ്പോൾ ഖനനത്തിനായി പദ്ധതിയിടുന്ന കൊല്ലം മേഖലകളിൽ. മണൽ ഖനനം നടക്കുന്നതോടെ അവയുടെ നാശം പൂർണ്ണമാകും. ഖനനം നടത്തുമ്പോൾ നമുക്കു ലഭിക്കുന്ന മണ്ണിന്റെ മൂല്യത്തിന്റെ എത്രയോ മടങ്ങു കൂടുതലാണ് ഇത്തരം നശിപ്പിക്കപ്പെടുന്ന ജീവികളുടെയും പവിഴപ്പുറ്റുകളുടെയും മൂല്യം! ഇവകൂടാതെ ആഴക്കടലിൽ ചെമ്മീൻ കൂട്ടങ്ങൾ, ഒക്റ്റോപ്പസ്, കണവകൾ എന്നിവ പോലെയുള്ള ഉയർന്ന മൂല്യമുള്ള മത്സ്യങ്ങളുടെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് കൊല്ലം പ്രദേശത്തുള്ള ആഴക്കടൽ. അവിടെയുള്ള ഖനനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതൊന്നും നാം പഠനവിധേയമാക്കിയിട്ടില്ല. അല്ലെങ്കിൽ അതിനുള്ള താൽപര്യം നമ്മുടെ ഭരണകൂടങ്ങൾക്കില്ല എന്നുതന്നെ പറയേണ്ടിവരും. ഒരു ദിശയിലേക്കുള്ള വികസനം മാത്രമാണ് നമ്മുടെ ലക്ഷ്യം. അതെങ്ങനെ മറ്റൊരു ദിശയിൽ നമ്മുടെ പ്രകൃതിയെയും, മനുഷ്യൻ അല്ലാതെയുള്ള ജീവികളുടെ നിലനില്പിനെയും ബാധിക്കുന്നു എന്ന് നമുക്കറിയാൻ താൽപര്യമില്ല. മനുഷ്യനെ പ്രത്യക്ഷമായി ബാധിക്കാത്തതൊന്നും നമ്മുടെ പ്രശ്‌നങ്ങളുടെ ഗണത്തിൽ വരികയില്ല.
കുറയുന്ന ജീവവായു
കടൽ ജീവികൾ ശ്വസിക്കുന്നത് കടൽ ജലത്തിൽ അലിഞ്ഞുചേർന്ന ഓക്സിജൻ ആണല്ലോ. മണൽ ഖനനം മൂലമുണ്ടാകുന്ന ജലത്തിന്റെ കലക്കൽ കടൽ ജീവികളുടെ ഓക്‌സിജന്റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ ഓക്‌സിജൻ അളവ് കുറയുന്നത് മത്സ്യങ്ങളെ സുരക്ഷിത മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കും. അത് പ്രാദേശിക മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒരുകാര്യം കലങ്ങിയ ജലത്തിൽ ഓക്‌സിജൻ കുറയുകയും പോഷകങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിഷകാരികളായ ആൽഗകളുടെ വർധനവ് ക്രമാതീതമായി ഉയരും, പിന്നീട് അവ കൂട്ടമായി നശിക്കുന്നത് ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. എന്നുമാത്രമല്ല ഇവയെ ഭക്ഷിക്കുന്ന ജീവികളിലൂടെ ഈ വിഷമയമായ വസ്‌തുക്കൾ മനുഷ്യന്റെ ശരീരത്തിലും എത്തിച്ചേരാം.
ഇപ്പോൾ മണൽ ഖനനം നടത്താൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ കൊല്ലം പരപ്പ് എന്ന പ്രദേശം കടൽ വിഭവങ്ങളെ സംബന്ധിച്ച് ഒരു ‘ഹോട്ട് സ്പോട്ട്’ എന്നുതന്നെ പറയാം. 275 മീറ്റർ മുതൽ 375 മീറ്റർ വരെ ആഴപരിധിക്കുള്ളിലുള്ള കടൽ പ്രദേശമാണ് കൊല്ലം പരപ്പിൽ ഉൾപ്പെടുന്നത്. ആലപ്പുഴ, കൊല്ലം ജില്ലകളുടെ കടൽത്തീരങ്ങളിൽ ഉൾപ്പെടുന്ന ഈ പ്രദേശം അങ്ങേയറ്റം ഉൽപ്പാദനക്ഷമതയുള്ള ആഴക്കടൽ പ്രദേശമാണ്. ഇവിടെ മത്തി, അയല, കൊഞ്ച്, ചെമ്മീൻ, ലോബ്സ്റ്ററുകൾ, നീരാളി, കണവ എന്നിവയുൾപ്പെടെയുള്ള സമുദ്രജീവികളാൽ സമ്പന്നമാണ്. പ്രാദേശിക മത്സ്യബന്ധനത്തിന്റെ വ്യവസായത്തിലും ഏറെ സംഭാവന ഈ പ്രദേശം നൽകുന്നുണ്ട്. കേരളത്തിലെ തീരങ്ങളിൽ വിപുലമായ പവിഴപ്പുറ്റുകളുടെ സ്രോതസ്സ് ഇല്ലെങ്കിലും വേലിയേറ്റ-–വേലിയിറക്ക മേഖലകളിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
തീരനാശം
ആഴക്കടലിനപ്പുറം തീരത്തെ പ്രശ്‌നങ്ങൾ മറ്റൊരുവശത്ത് ഉയർന്നുവരുന്നുണ്ട്. ഞണ്ടുകൾ, കടൽ പക്ഷികൾ, കടലാമകൾ എന്നീ ജീവികൾക്കൊക്കെ കടൽ തീരങ്ങൾ വളരെ നിർണ്ണായകമായ ആവാസവ്യവസ്ഥയാണ്. ഇതിനെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയാണ് കടൽ മണൽ ഖനനത്തിലൂടെ ഉണ്ടാകുന്നത്. ഇത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അതിനൊപ്പം പ്രകൃതിക്ഷോഭങ്ങളായ ചുഴലിക്കാറ്റ്, സുനാമി, മണ്ണൊലിപ്പ് എന്നിവയ്‌ക്കെതിരായ തീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെയും ദുർബ്ബലപ്പെടുത്തുന്നു. മണൽ നീക്കം ചെയ്യുകവഴി തീരങ്ങളുടെ ആഴം വർധിക്കുന്നത് കടൽത്തീരത്തുണ്ടാകുന്ന ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. വർക്കല, കൊല്ലം പ്രദേശങ്ങളിലെ കടൽത്തീരങ്ങൾ ഇപ്പോൾ തന്നെ കടൽക്ഷോഭങ്ങളും തീരശോഷണവും പതിവായ അവസ്ഥയിലാണ്. മണൽ ഖനനം ആ അവസ്ഥയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടും.
കാലാവസ്ഥാവ്യതിയാനം
കാലാവസ്ഥാവ്യതിയാനത്തിൽ സമുദ്രങ്ങളുടെ പങ്ക് വളരെ വലുതാണ്. എന്നിരുന്നാലും മണൽ ഖനനം എങ്ങനെയാണ് കാലാവസ്ഥാവ്യതിയാനത്തെ സ്വാധീനിക്കുന്നത് എന്ന് പൂർണ്ണമായും കണ്ടെത്തുന്ന പഠനങ്ങൾ ഇല്ല.കടലിന്റെ അടിത്തട്ടിൽ വലിയ കാർബൺ സ്രോതസ്സുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഖനനം നടത്തുമ്പോൾ അത്തരത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്ന കാർബൺ പുറത്തേക്കുവരികയും അത് അന്തരീക്ഷത്തിൽ എത്തി കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുകയും ചെയ്തേക്കാം. ഇതൊന്നും നാം ഔദ്യോഗികമായ പഠനത്തിന് വിധേയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് അതിന് ഇത്രയേറെ എതിർപ്പുകൾ ഉണ്ടാകുന്നതും.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക
കടൽ മണൽ ഖനനം എങ്ങനെ തങ്ങളുടെ തൊഴിലിനേയും, ജീവിതത്തെയും ബാധിക്കുന്നു എന്നത് മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി അറിയില്ലെങ്കിലും അത് തങ്ങളെ ബാധിക്കുന്ന ഒന്നാണ് എന്ന് അവർക്ക് ഉറപ്പാണ്. അതിനാൽ തന്നെയാണ് അവർ എതിർപ്പുമായി മുന്നോട്ടു വന്നിരിക്കുന്നത്. മണൽ ഖനനം ചെയ്യുന്നതോടെ സെഡിമെന്റുകൾ, കടലിന്റെ അടിത്തട്ടിലെ ഡൈനാമിക്സ് എന്നിവയെയൊക്കെ ആശ്രയിച്ചു കടലിന്റെ മോർഫോഡൈനാമിക്‌സിൽ മാറ്റം വരികയും, കടലിലെ മത്സ്യസമ്പത്തിൽ വലിയ കുറവ് വരുകയും ചെയ്തേക്കാം. കടലിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ സമുദ്രത്തിലെ തനതായ ആവാസവ്യവസ്ഥകളെ നശിപ്പിക്കുകയും മത്സ്യകൂട്ടങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടേറിയ ഡെഡ് സോണുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ മത്സ്യസമ്പത്തിനെ മാത്രം ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിൽ വളരെ വലിയ തീരമാണുള്ളത്. കടലിനെ ആശ്രയിച്ചുകഴിയുന്ന വലിയൊരുകൂട്ടം ജനങ്ങളും കേരളത്തിലുണ്ട്. മത്സ്യസമ്പത്തിനെ സംബന്ധിച്ച് അത്യുൽപ്പാദനശേഷിയുള്ള കൊല്ലം പ്രദേശങ്ങളിൽ മണൽ ഖനനം നടത്തിയാൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയുകയും ചെയ്യും. ഒരുതവണ അങ്ങനെ സംഭവിച്ചാൽ പിന്നെ അത്രതന്നെ മത്സ്യസമ്പത്ത് ഉണ്ടായിവരാൻ നീണ്ട വർഷങ്ങൾ തന്നെ എടുക്കും. അത് എങ്ങനെയാവും നമ്മുടെ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കാൻ പോകുന്നത് എന്ന് ഇപ്പോൾ പറയാനുമാവില്ല.
കടലിനെയും കടലിലെ വിഭവങ്ങളെയും ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക-, സാമൂഹിക വികസനം സാധ്യമാക്കുക എന്നതാണ് നീല സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ല്. എന്നാൽ വികസനം സുസ്ഥിരമായിരിക്കണം എന്നുകൂടി അതിൽ പറയുന്നുണ്ട്. അതിനു വിരുദ്ധമായ അവസ്ഥയാണ് മണൽ ഖനനത്തിലൂടെ ഉണ്ടാകാൻ പോകുന്നത് എന്നകാര്യത്തിൽ സംശയമില്ല. വികസനം നമുക്ക് ആവശ്യവുമാണ്. പക്ഷേ, അത് നമ്മുടെ പ്രകൃതിയെയും സമുദ്രത്തെയും സമുദ്രവിഭവങ്ങളെയും നശിപ്പിച്ചുകൊണ്ടാകുമ്പോൾ മനുഷ്യരുടെ നിലനില്പുതന്നെയാണ് അപകടത്തിലാകുന്നത്. പ്രകൃതിയിലെ ഭക്ഷ്യ ശൃംഖലയിൽ ഉൾപ്പെട്ട ജീവി മാത്രമാണ് മനുഷ്യൻ എന്ന് ചിലപ്പോഴെങ്കിലും നാം വിസ്മരിക്കുന്നതാണ് ഇതിനെല്ലാം കാരണം. ഭക്ഷ്യശൃംഖലയിലെ ഒരു ജീവിക്കുപോലും ഉണ്ടാകുന്ന ഭീഷണി, മുഴുവൻ ഭക്ഷ്യശൃംഖലയേയും സാരമായി ബാധിക്കുകയും, ക്രമേണ ആ ശൃംഖലതന്നെ അപ്രത്യക്ഷമാകാൻ കാരണമാകുകയും ചെയ്യും. ആഴത്തിൽ പഠനം നടത്തിക്കൊണ്ട് നമ്മുടെ കടലിനെയും കടൽ വിഭവങ്ങളെയും സംരക്ഷിച്ചുകൊണ്ട് മണൽ ഖനനം നടത്തുന്നതിൽ തെറ്റില്ല. നാളത്തെ തലമുറയുടെ നിലനിൽപ്പിനെക്കൂടി പരിഗണിക്കണം എന്നുമാത്രം. l