Friday, April 25, 2025

ad

Homeകവര്‍സ്റ്റോറിസിഐടിയുവിന്റെ മുഖ്യകടമ

സിഐടിയുവിന്റെ മുഖ്യകടമ

എളമരം കരീം

ആർഎസ്എസ് നേതൃത്വം നല്‍കുന്ന കോര്‍പ്പറേറ്റ് – വര്‍ഗീയ കൂട്ടുകെട്ടിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള അപകടകരമായ നയങ്ങള്‍ നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തില്‍ ടി യു പ്രസ്ഥാനത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നതാണ് സിപിഐഎം ലക്ഷ്യം വെക്കുന്നത്. നിലവിലുള്ള ദൗര്‍ബല്യങ്ങളെ അതിജീവിക്കാന്‍ സാധിക്കണം.

കഴിഞ്ഞ ഏതാനും പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍, ചൂണ്ടിക്കാണിച്ച ദുര്‍ബലതകളെ അതിജീവിക്കാനും മുന്നോട്ടു പോകാനും ടിയു മുന്നണിക്ക് സാധിക്കണം. ട്രേഡ് യൂൺയൻ ടി യു മുന്നണിയില്‍ ദൃശ്യമായ ദുര്‍ബലതകളെ മറികടക്കാനാവണം. താഴെ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം:

1. തന്ത്രപ്രധാനമായ സംഘടിത വ്യവസായ മേഖലയിലും, ഉയര്‍ന്നുവരുന്ന ഹൈടെക് വ്യവസായങ്ങളിലും ടി യു സംഘടനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കണം.

2. സ്കീം വര്‍ക്കേഴ്സിനിടയില്‍ ടി യു സംഘടനാ പ്രവര്‍ത്തനം സജീവമാക്കണം. ടി യു പ്രവര്‍ത്തകരെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ ഊന്നല്‍ നല്‍കണം.

3. തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ടി യു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും, നഗരപ്രദേശങ്ങളിലെ ദരിദ്രതൊഴിലാളികള്‍ക്കിടയില്‍ സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യണം.

4. ട്രേഡ് യൂണിയനുകളുടെ സ്വതന്ത്രവും, ജനാധിപത്യപരവുമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.

5. തൊഴിലാളി – കര്‍ഷക ഐക്യം ശക്തിപ്പെടുത്താന്‍ മുന്‍കൈ എടുക്കണം.

6. വര്‍ഗീയതയ്-ക്കെതിരെ പ്രത്യേകിച്ചും ആര്‍എസ് എസ് നേതൃത്വം നല്‍കുന്ന ‘ഹിന്ദുത്വ’ ആശയങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ ശക്തിപ്പെടുത്തണം.

7. തൊഴിലാളികളിൽ, പ്രധാന പ്രവര്‍ത്തകരില്‍ പ്രത്യേകിച്ചും രാഷ്ട്രീയ – ആശയബോധം വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

8. സാമൂഹ്യ അടിച്ചമര്‍ത്തലിനെതിരെ, സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണം.

9. ട്രേഡ് യൂണിയന്‍ അംഗങ്ങളില്‍ രാഷ്ട്രീയ ബോധം വളര്‍ത്താന്‍ ഫ്രാക്ഷന്‍ പ്രവര്‍ത്തനം സജീവമാക്കണം. ഈ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റികള്‍ സജീവ പങ്കുവഹിക്കണം.

10. ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തൊഴിലാളിവര്‍ഗ ഐക്യം കെട്ടിപ്പടുക്കണം.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷമുള്ള കാലയളവില്‍, മേല്‍പറഞ്ഞ മാര്‍ഗരേഖയനുസരിച്ചാണ് ടിയു മുന്നണിയിലെ പ്രവര്‍ത്തനം നാം സംഘടിപ്പിച്ചത്. മുതലാളിത്തവ്യവസ്ഥ നേരിട്ട ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കിയതിന്റെ ഫലമായി തൊഴില്‍ ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. സ്ഥിരം ജോലികള്‍ ഗണ്യമായി കുറയുകയും, വിഷമകരമായ തൊഴില്‍ സാഹചര്യം വ്യാപിക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍, വ്യവസായങ്ങളില്‍ സ്ഥിരം തൊഴിലിന് പകരം അപ്രന്റീസ് ‘ട്രെയിനി’, കരാര്‍ തൊഴിലാളികളെ നിയമിക്കല്‍ വ്യാപകമായതോടെ, തൊഴിലാളികളെ സംഘടിപ്പിക്കുന്നതും, തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതും പ്രതിരോധത്തിലായി.

മൂന്നാംതവണയും അധികാരത്തില്‍ വന്നതോടെ, മോദിസര്‍ക്കാര്‍, പുതിയ ലേബര്‍ കോഡുകള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. തൊഴിലാളികളെ അടിമസമാനമാക്കുന്ന ഈ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ, തൊഴിലാളി പ്രസ്ഥാനങ്ങള്‍ ദേശീയതലത്തിലും, മേഖലാതലങ്ങളിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്, ഒരു ദേശീയ പണിമുടക്കിന് (2025 മെയ് 20) തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്ത്, മതനിരപേക്ഷ ഭാരതത്തെ ഒരു ‘‘ഹിന്ദുത്വ രാഷ്ട്ര”മാക്കാനുള്ള ലക്ഷ്യംവെച്ചു കൊണ്ടുള്ള, ഭരണകൂട നടപടികളാണ് രാജ്യം ദര്‍ശിച്ചത്. ഈ സാഹചര്യം, തൊഴിലാളികളുടെ ബോധത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഇത് തൊഴിലാളിവര്‍ഗ ഐക്യത്തെ ദുര്‍ബലമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗ ഐക്യം ശക്തിപ്പെടുത്താനുള്ള സംഘടിത ശ്രമം, ടിയു മുന്നണി ഏറ്റെടുക്കേണ്ടതായുണ്ട്.

വേതനവര്‍ദ്ധന, ഫിക്സഡ് ടേം – എംപ്ലോയ്മെന്റ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി, വിവിധ പൊതുമേഖലാ വ്യവസായങ്ങളില്‍ സ്റ്റീല്‍, കല്‍ക്കരി, ഇരുമ്പയിര് ഖനനം, പെട്രോളിയം, തുറമുഖങ്ങള്‍ എന്നീ മേഖലകളിലും ശ്രദ്ധേയമായ സമരങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. ഇതില്‍ പല സമരങ്ങളും വിജയം വരിച്ചു.

ഒരു പ്രധാന ദൗര്‍ബല്യം, ഈ കാലയളവില്‍ ദൃശ്യമായത്, ചില പ്രധാന പൊതുമേഖലാസ്ഥാപനങ്ങളില്‍ നമ്മുടെ ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയോ, ഭാഗികമായി മാത്രം പങ്കാളികളാവുകയോ ചെയ്തു എന്നതാണ്. ഗൗരവമായ രാഷ്ട്രീയ–സംഘടനാ ഇടപെടലുകളിലൂടെ, ഇത്തരം ദൗര്‍ബല്യങ്ങള്‍ നമുക്കു മറികടക്കാനാവണം.

വൈദ്യുതി മേഖലയില്‍ ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനും വൈദ്യുതിവിതരണമേഖല സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കം നടന്നു. നമ്മുടെ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്പ് സമരം കാരണം, ചില മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതമായി. സ്വകാര്യവല്‍ക്കരണത്തിനെതിരെ ചണ്ഡിഗഡില്‍ നടന്ന സമരത്തില്‍ തൊഴിലാളികളും ബഹുജനങ്ങളും ശക്തമായി അണിനിരന്നു. ഇലക്-ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍, രാജ്യ വ്യാപകമായി പ്രക്ഷോഭം ഉയര്‍ത്തി. സ്വകാര്യവല്‍ക്കരണത്തിനെതിരെ തൊഴിലാളി സമരം മാത്രം പോരാ, ഉപഭോക്താക്കളെയും അണിനിരത്തേണ്ടതുണ്ട്. ഈ കാര്യത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ സജീവമാകണം.

മെഡിക്കല്‍ റെപ്രസെന്റിറ്റീവ്സ്, റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്, ചണമില്‍തൊഴിലാളികള്‍, തുടങ്ങിയവര്‍ പണിമുടക്കുകളുള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചു. ഉദാരവല്‍ക്കരണ നയത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെയും തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരെയുമാണ് ഈ സമരങ്ങള്‍. ഈ സമരങ്ങള്‍ക്ക് നമ്മുടെ ട്രേഡ് യൂണിയനുകള്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു മാസം നീണ്ടുനിന്ന സാംസങ് തൊഴിലാളികളുടെ പണിമുടക്ക് സമരം ചരിത്രപ്രധാനമാണ്. ഈ സമരം അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി. തൊഴില്‍ സമയം ദീര്‍ഘിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം യോജിച്ച തൊഴിലാളി സമരം കാരണം ഉപേക്ഷിക്കേണ്ടി വന്നു. കര്‍ണാടകത്തിലെ ചില വന്‍കിട വ്യവസായങ്ങളിലും തൊഴില്‍സമയം ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങളെ തൊഴിലാളികള്‍ ചെറുത്തു. ഡല്‍ഹി, കര്‍ണാടകം, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ സംഘടിത വ്യവസായങ്ങളില്‍ നിരവധി സമരങ്ങള്‍ നടക്കുകയുണ്ടായി. കര്‍ണാടകം, കേരളം, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഐടി ജീവനക്കാര്‍ തൊഴില്‍ സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭമുയര്‍ത്തി. തൊഴിലിടങ്ങളിലെ പീഡനത്തിനെതിരായും ജീവനക്കാര്‍ പ്രതിരോധം ഉയര്‍ത്തി. ഈ സമരത്തിന് കര്‍ണാടകയില്‍ വലിയ പിന്തുണ ലഭിച്ചു. യൂണിയനില്‍ മുപ്പതിനായിരത്തോളം ജീവനക്കാര്‍ അംഗങ്ങളായി. നന്നായി ശ്രദ്ധിച്ചാല്‍ ഐടി മേഖലയില്‍ സംഘടന ശക്തിപ്പെടുത്താന്‍ സാധിക്കും.

സ്കീം വര്‍ക്കേഴ്സിന്റെ പ്രതിഷേധവും, സമരങ്ങളും പല സംസ്ഥാനങ്ങളിലും ഈ കാലയളവില്‍ ഉയര്‍ന്നുവന്നു. സ്കീം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം.

അസംഘടിത മേഖല, റെയില്‍വേ തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം ടി യു മുന്നണി നടത്തി. ദക്ഷിണ റെയില്‍വേയിലുള്‍പ്പെടെ നമ്മുടെ രണ്ട് യൂണിയനുകള്‍ക്ക് അംഗീകാരം ലഭിച്ചു.

ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ തുടങ്ങിയ പൊതുമേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിച്ചു. പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരെയും സമരങ്ങള്‍ ഉയര്‍ന്നുവന്നു.

റിട്ടയര്‍ ചെയ്ത തൊഴിലാളികളുടെ സംഘടനകള്‍ പല മേഖലകളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ മേഖലയെ നാം ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട്. 2023ല്‍ 4572 ട്രേഡ് യൂണിയനുകളിലായി സിഐടിയുവിന്റെ അംഗസംഖ്യ 63.1 ലക്ഷമാണ്. ഇതില്‍ സംഘടിത മേഖലയിലെ മെമ്പര്‍ഷിപ്പ് 12.24 ലക്ഷമാണ്. ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ 24–ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. 24–ാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നടക്കുന്ന മെയ് 20 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നതാണ് സിഐടിയുവിന്റെ മുമ്പിലുള്ള മുഖ്യ കടമ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 5 =

Most Popular