കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപംകൊള്ളുന്നത് 1939ൽ പിണറായിയിലെ പാറപ്രം സമ്മേളനത്തിൽ വെച്ചാണ്. 1942ൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെക്കൂടി കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. അന്ന് ദേശീയതലത്തിൽ തന്നെ പ്രവർത്തിക്കുന്ന ഒരു സംഘടന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആൾ ഇന്ത്യാ വിമൻസ് കോൺഫറൻസ് എന്ന സംഘടനയായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരുടെ ശ്രമഫലമായി കർഷക കുടുംബങ്ങളിലെയും തൊഴിലാളി കുടുംബങ്ങളിലെയും സ്ത്രീകളെ മഹിളാ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. കൊടിയ മർദ്ദനത്തിൽനിന്നും ചൂഷണത്തിൽനിന്നും മനുഷ്യനെ മോചിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി എന്ന അദ്ധ്വാനിക്കുന്നവരുടെ പ്രസ്ഥാനത്തിലേക്ക് സ്ത്രീകൾകൂടി കടന്നുവരേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും സ: കൃഷ്ണപിള്ള സ്ത്രീകളുടെ യോഗങ്ങൾ സംഘടിപ്പിച്ചു വിശദീകരിച്ചു.
1936ൽ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരായ വിദ്യാർഥികളുടെ ഒരു പ്രത്യേക യോഗം നടന്നു. 1939ൽ പെൺകുട്ടികളെയും പോരാട്ടത്തിന്റെ ഭാഗമാക്കാൻ ഉദ്ദേശിച്ച് ഒരു പ്രത്യേക യോഗം വിളിച്ചു ചേർക്കപ്പെട്ടു. ബംഗാളിലെ കനക് മുഖർജി കൺവീനറായി പെൺകുട്ടികളുടെ പ്രത്യേക സമിതി രൂപീകരിച്ചു. അതിൽ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിലെ നായിക കൽപ്പന ദത്തും ഉണ്ടായിരുന്നു. 1940 ഓടു കൂടിയാണ് വിവിധ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്നു പ്രവർത്തിച്ചവരുടെ നേതൃത്വത്തിൽ മഹിളാ സംഘടനകൾ രൂപീകരിക്കാൻ മുൻകെെയെടുത്തത്.
1942ൽ ബംഗാളിലെ കൊടുംക്ഷാമത്തിന്റെ ഘട്ടത്തിൽ പട്ടിണികൊണ്ട് നരകയാതന അനുഭവിക്കുന്നവരുടെയിടയിൽ പ്രവർത്തിക്കാൻ ചുരുക്കം വരുന്ന കമ്യൂണിസ്റ്റ് സ്ത്രീകളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സംഘടനയായിരുന്നു മഹിളാ ആത്മരക്ഷാ സമിതി. പല പേരുകളിൽ വിവിധ സ്റ്റേറ്റുകളിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ചിന്താഗതിക്കാരായ സ്ത്രീകളുടെ സംഘടനകൾ 1981 മാർച്ച് മാസം 10,11, 12 തീയതികളിൽ മദ്രാസിൽ വെച്ച് ചേർന്ന സമ്മേളനത്തിലാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരിച്ചത്.
1943 മെയ് മാസം ബോംബെയിൽവെച്ച് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് മുതൽ സ്ത്രീകൾ സമ്മേളനങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും കമ്മിറ്റികളിൽ അവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
1964ൽ 7–ാമത് പാർട്ടി കോൺഗ്രസ് കൊൽക്കത്തയിൽ നടന്നപ്പോഴും കേന്ദ്ര കമ്മിറ്റിയിൽ വനിതകൾ തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നില്ല. എന്നാൽ 1964ൽ സിപിഐ എം രൂപീകരിച്ചതിനുശേഷം കൊച്ചിയിൽ വെച്ച് നടന്ന 1968ലെ 8-–ാമത് പാർട്ടി കോൺഗ്രസിൽവെച്ചാണ് ധീരവിപ്ലവകാരിയും പോരാട്ട നായികയുമായ ഗോദാവരി പരുലേക്കർ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സുശീലാ ഗോപാലൻ, അഹല്യ രങ്കനേക്കർ എന്നീ പ്രമുഖ നേതാക്കൾ 1978ൽ ജലന്ധറിൽ നടന്ന 10–ാം കോൺഗ്രസ്സിൽവെച്ച് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
13–ാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്ത്- നടന്നപ്പോൾ വീണ്ടും രണ്ട് വനിതാ നേതാക്കൾ കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തി – സഖാക്കൾ കനക് മുഖർജി, വിമല രണദിവെ. അപ്പോഴും പൊളിറ്റ് ബ്യൂറോയിൽ വനിതകളാരുംതന്നെ ഉണ്ടായിരുന്നില്ല. പാർട്ടിയുടെ 15–ാം കോൺഗ്രസ് ചണ്ഡീഗഡിൽ വെച്ച് നടന്നപ്പോൾ സ. ബൃന്ദ കാരാട്ട് കേന്ദ്ര കമ്മിറ്റിയിലെത്തി. 1998ൽ കൽക്കത്ത കോൺഗ്രസ്സിൽവെച്ച് കൂടുതൽ സ്ത്രീകളെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിന് ശക്തമായ ഇടപെടലുകളുണ്ടായി. അതിന് നേതൃത്വം കൊടുത്തത് ഇന്ത്യ കണ്ട ഏറ്റവും ധീരയായ പോരാളി സ. ബൃന്ദ കാരാട്ടു തന്നെയായിരുന്നു. പാർട്ടി കോൺഗ്രസിനുശേഷം കേരളത്തിൽനിന്ന് പി കെ ശ്രീമതിയേയും ബംഗാളിൽനിന്ന് മിഥാലിയേയും കോ ഓപ്റ്റ് ചെയ്തു. പിന്നീട് 2002 മുതൽ നടന്ന എല്ലാ പാർട്ടി കോൺഗ്രസുകളിലൂടെയും കൂടുതൽ സ്ത്രീകൾ കേന്ദ്ര കമ്മിറ്റിയിലെത്തി. 2025ൽ 24–ാം പാർട്ടി കോൺഗ്രസിൽ നിശ്ചയദാർഢ്യത്തോടെ ഒരു തീരുമാനമുണ്ടായി. കേന്ദ്രക്കമ്മിറ്റിയിൽ 20% എങ്കിലും വനിതകൾ ഉണ്ടാവണം എന്നതാണത്. 1968 വരെ ഒരാൾ പോലും ഇല്ലാതിരുന്ന കേന്ദ്ര കമ്മിറ്റിയിൽ ഇപ്പോൾ 20% വനിതകളാണ്. കേന്ദ്ര കമ്മിറ്റിയിൽ ആകെ 85 പേരാണ് ഇപ്പോഴുള്ളത്. അതിൽ 17 പേർ വനിതകളാണ്. പാർട്ടി നേതൃത്വം ആവർത്തിച്ച് പാർട്ടി മെമ്പർമാരായി വനിതകളെ കൊണ്ടുവരുന്നതിനും അവർക്ക് കമ്മിറ്റിയിൽ സ്ഥാനം കൊടുക്കുന്നതിനും അവശ്യമായ നിർദ്ദേശം തുടരെത്തുടരെ നൽകിയതിന്റെയും വനിതാ ലീഡർഷിപ്പിന്റെ ശക്തമായ ഇടപെടലിന്റെയും ഭാഗമായാണിത് സാധ്യമായത്.
2005 മുതൽക്ക് സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ വനിതകളുണ്ട്. 2005ൽ ബൃന്ദ കാരാട്ടും പിന്നീട് സുഭാഷിണി അലിയും പിബിയിലേക്കെത്തി.
24–ാം പാർട്ടി കോൺഗ്രസിൽവെച്ച് സ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവർ പിബിയിൽനിന്നും സിസിയിൽനിന്നും മറ്റും ഒഴിവായി. പ്രവർത്തനരംഗത്ത് അവർ സജീവമായി തുടർന്നുമുണ്ടാകും. 75–ാം വയസ്സിൽ കമ്മിറ്റിയിൽനിന്ന് ഒഴിവാകണം എന്നതാണ് പാർട്ടി നിലപാട്. മറിയം ധാവ്ളെയും യു വാസുകിയും പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്ത്രീകൾ സിപിഐ എമ്മിന്റെ മെമ്പർമാരാകാനും പ്രവർത്തിക്കാനും സജീവമായി വരുകയാണ്. അത്തരത്തിൽ സ്ത്രീകളെ പാർട്ടിയിൽ മെമ്പർമാരായി ഉൾപ്പെടുത്തുന്നതിന് പ്രോത്സാഹജനകമായ നിലപാടാണ് തുടർച്ചയായി പാർട്ടി നേതൃത്വം സ്വീകരിച്ചത്. 2021ൽ ആകെ പാർട്ടി മെമ്പർഷിപ്പിന്റെ 18.2 ശതമാനമായിരുന്നു സ്ത്രീകൾ. 2024ലെ മെമ്പർഷിപ്പിൽ സ്ത്രീകൾ 20.2 ശതമാനമായി വർദ്ധിച്ചു. 17 സ്റ്റേറ്റുകളിൽ മെമ്പർഷിപ്പ് വർദ്ധിച്ചിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ സിപിഐ എമ്മിന്റെ മെമ്പർഷിപ്പിലേക്കെത്തിയത്.
2016ലെ കൊൽക്കത്ത പ്ലീനം അംഗീകരിച്ചത് ആകെയുള്ള മെമ്പർഷിപ്പിന്റെ 25 ശതമാനമെങ്കിലും സ്ത്രീകൾ ഉണ്ടാവണമെന്നായിരുന്നു. എന്നാൽ അതിലേക്ക് ഇനിയും എത്തിയിട്ടില്ല. കേരളത്തിൽ ചില ജില്ലകളിൽ കണ്ണൂർ, കാസർകോട് പോലുള്ള ജില്ലകളിൽ 30% ത്തിലേറെ മെമ്പർമാർ വനിതകളാണ്.
മതനിരപേക്ഷതയ്ക്കും സൗഹാർദ്ദത്തിനും ഫെഡറൽ സംവിധാനങ്ങൾക്കും നേരെ വലിയ വെല്ലുവിളികൾ ഉയർന്നുവന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ രാജ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നാനാവിഭാഗത്തിൽപെട്ടവർ അണിനിരക്കുമ്പോൾ അതിന്റെ മുൻപന്തിയിൽ നിൽക്കേണ്ടവരാണ് സ്ത്രീകൾ. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും നിലനിൽക്കുന്നില്ലെങ്കിൽ അസമത്വത്തിനും വിവേചനത്തിനുമെതിരെയുള്ള പോരാട്ടം നിരർത്ഥകമായിരിക്കും. ഫാസിസ്റ്റ് ശെെലിയിൽ പ്രവർത്തിക്കുന്ന വർഗീയ ഭരണകൂടത്തിനെതിരെ സ്ത്രീകളെ അണിനിരത്താൻ കൂടുതൽ വനിതകളെ ഈ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ അണിചേർക്കേണ്ടിവരും. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സിപിഐ എമ്മിനു മാത്രമേ സാധിക്കൂ. l