Friday, April 25, 2025

ad

Homeകവര്‍സ്റ്റോറിരാഷ്ട്രീയ അടവുനയവും കാർഷിക മുന്നണിയിലെ കടമകളും

രാഷ്ട്രീയ അടവുനയവും കാർഷിക മുന്നണിയിലെ കടമകളും

പി കൃഷ്ണപ്രസാദ്

മിഴ്നാട്ടിലെ മധുരയിൽ വിജയകരമായി സമാപിച്ച സിപിഐ എം 24 –ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവ് നയം രാജ്യവ്യാപകമായി വിപുലമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

കോർപ്പറേറ്റ് – ഹിന്ദുത്വ വർഗീയ- നവ ഫാസിസ്റ്റ് ശക്തികളുടെ നിയന്ത്രണത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിൽ നിന്നും പുറന്തള്ളണമെന്ന് സിപിഐഎം ആഹ്വാനം ചെയ്തു. തൊഴിലാളി – കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ വർഗസമരങ്ങളും ബഹുജന സമരങ്ങളും ശക്തിപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തിലാണ് ഈ ലക്ഷ്യം നേടാൻ ജനങ്ങൾക്ക് സാധിക്കുക. സ്ഥായിയായ തൊഴിലും, അന്തസ്സോടെ ജീവിക്കാൻ പര്യാപ്തമായ മിനിമം കൂലിയും, കാർഷിക ചരക്കുകൾക്ക് ആദായ വിലയും ഉറപ്പുവരുത്തുന്ന ജനകീയ സർക്കാർ പകരം അധികാരത്തിൽ വരണം.

അതിനായി, സാമ്രാജ്യത്വ- വർഗീയ- നവ ഫാസിസ്റ്റ് ശക്തികളോട് വിട്ടുവീഴ്ച ചെയ്യാത്ത, ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറൽ തത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന, തൊഴിലാളികളുടെയും കർഷകരുടെയും വർഗ താല്പര്യങ്ങൾക്കായി പോരാടുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ സ്വതന്ത്രമായ സംഘടനാ ശക്തിയും രാഷ്ട്രീയ സ്വാധീനവും വർദ്ധിപ്പിക്കണം. ഈ ലക്ഷ്യം നേടിയെടുക്കുന്നദതിന് രാഷ്ട്രീയ അടവുനയം മുന്നോട്ടുവെക്കുന്ന കാർഷിക മുന്നണിയിലെ കടമകൾ സംബന്ധിച്ച വിലയിരുത്തലാണ് ഈ ലേഖനത്തിലെ മുഖ്യ പ്രതിപാദ്യം.

ജനങ്ങളുടെ ജീവിതോപാധികളെ കടന്നാക്രമിക്കുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ കഴിഞ്ഞ ഒരു ദശകക്കാലത്തിനുള്ളിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭവും തൊഴിലാളി പ്രക്ഷോഭങ്ങളും തൊഴിലാളി–-കർഷക ഐക്യവും ദേശീയ രാഷ്ട്രീയത്തെ നിർണ്ണായകമായി സ്വാധീനിച്ചു. 2014 ലെയും 2019 ലെയും ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ സ്വന്തമായി ഭൂരിപക്ഷം നേടിയ ബിജെപി 2024 ൽ കേവല ഭൂരിപക്ഷത്തിലേക്ക് 240 സീറ്റുകളിലേക്ക് ചുരുങ്ങിയത് ഈ പ്രക്ഷോഭങ്ങളുടെയും അമിതാധികാര – വർഗീയ കുറ്റകൃത്യങ്ങൾക്കെതിരായ ബഹുജനരോഷത്തിന്റെയും, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രൂപപ്പെടുത്തിയ ഇന്ത്യാമുന്നണി എന്ന കൂട്ടായ്മയുടെയും കരുത്തിലാണ്. പ്രക്ഷോഭങ്ങൾ ജനങ്ങളിൽ വളർത്തിയെടുത്ത കോർപ്പറേറ്റുവിരുദ്ധ രാഷ്ട്രീയമാണ് ബിജെപിക്ക് മുഖ്യമായും തിരിച്ചടിയായത്.

ജർമനി, ഫ്രാൻസ്, ഗ്രീക്ക് എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ 24 –ാം സിപിഐ എം പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് അയച്ച സന്ദേശത്തിൽ കോർപ്പറേറ്റ് ചൂഷണത്തിനെതിരെ ഇന്ത്യയിൽ ഉയർന്നുവന്ന വർഗ സമരങ്ങളും – പ്രത്യേകിച്ചും കർഷക സമരങ്ങൾ – – അതിൽ സിപിഐ എം വഹിച്ച പങ്കും പരാമർശിച്ചത് ശ്രദ്ധേയമാണ്.

എന്നാൽ, ഇന്ത്യാ മുന്നണി എന്ന പ്രതിപക്ഷ കൂട്ടായ്മയിലെ മുഖ്യ പാർട്ടിയായ കോൺഗ്രസ് ഉദാരവൽക്കരണ,- കോർപ്പറേറ്റ് നയങ്ങളെ തള്ളിപ്പറയുന്നില്ല. തൊഴിലാളിവിരുദ്ധമായ 4 ലേബർ കോഡുകൾ ലോക്-സഭയിൽ പാസാക്കാൻ കോൺഗ്രസ് അംഗങ്ങളും വോട്ടുചെയ്തു. മോദി സർക്കാർ സംസ്ഥാന സർക്കാരുകളോട് നടപ്പാക്കാൻ ആവശ്യപ്പെടുന്ന, രാജ്യത്തെ കാർഷിക വിപണികൾ കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് കൈമാറാൻ ലക്ഷ്യംവെക്കുന്ന, മൂന്നു കാർഷിക നിയമങ്ങളെക്കാൾ അപകടകരമായ, കാർഷിക വിപണി സംബന്ധിച്ച ദേശീയ നയ ചട്ടക്കൂട് (NPFAM) 2019 ലെ ലോക്-സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്ന നിർദ്ദേശമാണ്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനായി സ്വതന്ത്രമായോ ഇതര പ്രതിപക്ഷ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ചോ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും അതിൽ ജനങ്ങളെയാകെ അണിനിരത്താനും കോൺഗ്രസ് മുൻകൈയെടുക്കുന്നില്ല.

ബിജെപി- – ആർഎസ്എസ് ഹിന്ദുത്വ വർഗീയതയ്ക്കും നവഫാസിസ്റ്റ് പ്രവണതയ്ക്കുമെതിരെ വ്യാപകമായ ജനാധിപത്യ, മതനിരപേക്ഷ ഐക്യത്തിനായി കോൺഗ്രസുമായി സഹകരിക്കുമ്പോൾതന്നെ ആ പാർട്ടിയുടെ കോർപ്പറേറ്റ് വികസന നയങ്ങളും തൊഴിലാളി-–കർഷക ജനവിഭാഗങ്ങളുടെ വർഗതാല്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം സിപിഐഎം തുറന്നുകാട്ടുകയും ഇടതുപക്ഷ ജനാധിപത്യ ബദൽ നയം ഉയർത്തിപ്പിടിക്കുകയും വേണമെന്ന് രാഷ്ട്രീയ അടവ് നയം വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, കടക്കെണി, കർഷക ആത്മഹത്യ എന്നിവ അടിച്ചേൽപ്പിക്കുന്ന, മിനിമം കൂലിയും മിനിമം വിലയും നിഷേധിക്കുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്നവരും എന്നാൽ ബിജെപിക്കും, കോൺഗ്രസിനും, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കും വോട്ടുചെയ്യുന്നവരുമായ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളി – കർഷക ബഹുജനങ്ങളെ ആകർഷിച്ചു കോർപ്പറേറ്റു വിരുദ്ധ – സാമ്രാജ്യത്വവിരുദ്ധ ബഹുജന മുന്നണിയിൽ അണിനിരത്തുക എന്ന രാഷ്ട്രീയഉത്തരവാദിത്തമാണ് സിപിഐ എമ്മിനുള്ളത്.

ലോക മുതലാളിത്തം നേരിടുന്ന കടുത്ത വ്യവസ്ഥാ പ്രതിസന്ധി വ്യക്തമാക്കുന്നത് നവ-ഉദാരവൽക്കരണം തകർച്ചയെ നേരിടുന്ന ഘട്ടത്തിലാണെന്നാണ് അതത് രാജ്യങ്ങളിൽ രൂപപ്പെടുന്ന വിപ്ലവകുഴപ്പത്തിന്റേതായ കാലഘട്ടം കോർപ്പറേറ്റ് ചൂഷണം അവസാനിപ്പിച്ച് കർഷകരുടെയും തൊഴിലാളികളുടെയും വിമോചനത്തിനായുള്ള രാഷ്ട്രീയ, സാമൂഹ്യ വിപ്ലവത്തിലേക്ക് മുന്നേറാനും നിലവിലുള്ള കാർഷിക ഉല്പാദന ബന്ധങ്ങളിൽ മാറ്റം വരുത്താനും സാഹചര്യമൊരുക്കും.

മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനമാണ് മാർക്സിസത്തിന്റെ സത്ത. ഇന്ത്യയിലെ മുഖ്യമായ രാഷ്ട്രീയ പ്രശ്നം കാർഷിക പ്രശ്നമാണെന്ന് സിപിഐ എം പരിപാടി ഊന്നിപ്പറയുന്നു. പാർട്ടി പരിപാടിയുടെ ഉള്ളടക്കമായ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ ഹൃദയം കാർഷിക വിപ്ലവമാണ്. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും കാർഷിക വിപ്ലവത്തിന്റെ ആദ്യപടിയായ സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കാനോ ഭൂകേന്ദ്രീകരണം അവസാനിപ്പിക്കാനോ ഭരണവർഗം തയ്യാറായിട്ടില്ല. 2019-–21 ലെ ദേശീയ കുടുംബാരോഗ്യ സർവെ (NFHS) പ്രകാരം രാജ്യത്തെ 47.8% ഗ്രാമീണ കുടുംബങ്ങളും ഭൂരഹിതരാണ്. 20% ഭൂഉടമകളുടെ കൈവശത്തിലാണ് 82% കൃഷിഭൂമിയും ഉള്ളത്.

കാർഷിക പ്രതിസന്ധിമൂലം ഭൂമി നഷ്ടപ്പെട്ട കർഷകർ ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലേക്ക് പലായനം ചെയ്യുന്ന പ്രവണത തുടരുന്നു. അതേസമയം കൃഷിയിലേക്ക് തിരികെ മടങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ കാർഷിക മേഖലയുടെ പങ്ക് 2017-–18 ൽ 44.1% എന്നത് 2023-–24 ൽ 46.1% ആയി വർദ്ധിച്ചതായി 2023-–24 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. കാർഷിക മേഖലയോടുള്ള ആശ്രിതത്വം കഴിഞ്ഞ ആറു വർഷത്തിൽ 2% വർദ്ധിച്ചു. അതേ കാലയളവിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം വ്യാവസായിക ഉല്പാദന മേഖലയിൽ 0.7%വും സേവന മേഖലയിൽ 1.4% വും കുറഞ്ഞു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കാർഷിക മേഖലയിൽ 2017–-18 ൽ 73.2% ആയിരുന്നത് 2023-–24 ൽ 76.9% ആയി ഉയർന്നു. ഒന്നാമത്തെയും രണ്ടാമത്തെയും മോദി സർക്കാർ നടപ്പാക്കിയ വികസന നയങ്ങൾ കൃഷിയിൽ നിന്നും വ്യാവസായിക ഉല്പാദന – സേവന മേഖലകളിലേക്ക് തൊഴിൽ ശക്തിയെ മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് സാരം.

വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാകുമ്പോഴും ഗ്രാമീണ തൊഴിലാളികളുടെ കൂലി നിരക്കിൽ 0.4% കുറവ് രേഖപ്പെടുത്തി. രാജ്യത്താകെ കർഷകത്തൊഴിലാളികളുടെ കൂലി നിരക്ക് വർദ്ധന കേവലം 0.2% മാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾപ്രകാരം 2021 ൽ 5,563 കർഷകത്തൊഴിലാളികൾ ആത്മഹത്യ ചെയ്തു. 2022 ൽ അത് 6087 ആയി വർദ്ധിച്ചു. മോദി സർക്കാർ അധികാരത്തിൽ വന്ന 2014 നും 2022 നും ഇടയിൽകർഷകരും കർഷകത്തൊഴിലാളികളുമായ 1,00,474 പേർ ആത്മഹത്യചെയ്തു. ബിജെപി ഭരണത്തിൽ പ്രതിദിനം 31 കർഷകരാണ് ജീവൻ ത്യജിക്കുന്നത്. 82 കോടി ജനങ്ങളും (68%) സൗജന്യ റേഷനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആഗോള വിശപ്പ് സൂചിക (Global Hunger Index) 2024 പ്രകാരം ലോകത്തെ 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്.

കാർഷിക പ്രതിസന്ധിയുടെ മുഖ്യ കാരണങ്ങളിൽ ഒന്ന്, കാർഷിക ഉല്പാദന ചെലവിൽ വരുന്ന ക്രമാതീതമായ വർദ്ധനവാണ്. സബ്സിഡി പിൻവലിക്കുകയും വിത്ത്, വളം, കീടനാശിനി എന്നിവ അടക്കമുള്ള കാർഷിക ഉല്പാദനോപാധികളുടെ ഉല്പാദനത്തിനായി കോർപ്പറേറ്റ് കമ്പനികളെ പ്രോൽസാഹിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. രണ്ടാമത്, ഉല്പാദന ചെലവിനനുസൃതമായി കാർഷിക ചരക്കുകളുടെ വില വർദ്ധിക്കുന്നില്ല; പകരം വിലക്കുറവ് നേരിടുന്നു. ഉല്പാദന ചെലവിന് 50% അധികം ആദായവില (MSP@C2+50%) അടിസ്ഥാനമാക്കി മിനിമം താങ്ങുവില നിയമം നടപ്പിലാക്കാൻ യൂണിയൻ സർക്കാർ തയ്യാറല്ല. മൂന്നാമത്, കാലാവസ്ഥാ വ്യതിയാനങ്ങളാലും ഇതര കാരണങ്ങളാലും ഉണ്ടാകുന്ന വിള നഷ്ടത്തിന് പര്യാപ്തമായ ഇൻഷൂറൻസ് പരിരക്ഷ കർഷകർക്ക് ലഭിക്കുന്നില്ല; പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി കർഷകർക്കല്ല പരിരക്ഷ നല്കുന്നത്; ശരാശരി 25% വാർഷിക ലാഭമാണ് കമ്പനികൾ അതിലൂടെ നേടുന്നത്. നാലാമത്, യൂണിയൻ സർക്കാരിന്റെ കാർഷിക വായ്പാ നയം. കർഷകരെക്കാൾ കാർഷിക ബിസിനിസ് കമ്പനികൾക്കാണ് വായ്പ ലഭ്യമാക്കുന്നത്. അതുമൂലം അമിത പലിശ ഈടാക്കുന്ന സ്വകാര്യ വായ്പയെടുക്കാൻ നിർബന്ധിതരാകുന്ന കർഷകർ കടക്കെണിയിൽ അകപ്പെടുകയാണ്. എന്നാൽ 2014-–15 മുതൽ 2023-–24 വരെ വൻകിട കമ്പനികളുടെ 17.64 ലക്ഷം കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്.

കൃഷിയിലും അനുബന്ധ മേഖലകളിലും പൊതു നിക്ഷേപം നിരന്തരമായി മോദി സർക്കാർ വെട്ടിക്കുറയ്ക്കുന്നു. യൂണിയൻ ബജറ്റിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കും 2019 ൽ 5.44% വിഹിതം ഉണ്ടായിരുന്നത് 2024 ൽ 3.15%മാക്കി വെട്ടിക്കുറച്ചു. ഭക്ഷ്യ- രാസവള സബ്സിഡികളും നിരന്തരം ഗണ്യമായി വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചിട്ടുള്ള വിഹിതമായ 86,000 കോടി രൂപ മുൻ വർഷങ്ങളിലേക്കാൾ കുറവാണ്. നിയമപരമായുള്ള 100 തൊഴിൽ ദിനങ്ങൾക്കുപകരം കേവലം 45 ദിവസമാണ് തൊഴിൽ ലഭ്യമാകുന്നത്. ഗവേഷണ മേഖലയിലെ വിഹിതവും തുച്ഛമാണ്.

പരിസ്ഥിതിലോല മേഖലകളിൽ വനങ്ങളും വന്യമൃഗ സാങ്കേതങ്ങളും കയ്യടക്കി ധാതുസമ്പത്തും വനവിഭവങ്ങളും- ജലവും ചൂഷണത്തിനായിവിട്ടുകൊടുക്കുകയാണ്. വ്യാവസായിക പശ്ചാത്തല സംവിധാനങ്ങളും ഖനികളും സ്ഥാപിക്കാൻ കോർപ്പറേറ്റ് കുത്തകകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും നിലവിലുള്ള ചട്ടങ്ങളിലും നിയന്ത്രണങ്ങളിലും ഉദാരമായി ഇളവുകൾ അനുവദിക്കുകയാണ്. വനമേഖലയും വിഭവങ്ങളും കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗ ശല്യം മൂലം ജീവനാശവും കൃഷിനാശവും രൂക്ഷമാകുന്നു. ആദിവാസികളും, വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരും വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകരും കടുത്ത വെല്ലുവിളി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം കർഷകരുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണയാകുമ്പോഴും ഇൻഷൂറൻസ് പരിരക്ഷ ലഭ്യമല്ല.

മുതലാളിത്ത ഭൂഉടമസ്ഥരും, വൻകിട തോട്ടമുടമകളും, കരാറുകാരും, ധനിക കച്ചവടക്കാരും, റിയൽ എസ്റ്റേറ്റ്കാരും, സ്വകാര്യ ഹുണ്ടികക്കാരും ഉൾപ്പെടുന്ന ഗ്രാമീണ ധനിക കൂട്ടുകെട്ട് ഒരു ഭാഗത്തും കർഷകത്തൊഴിലാളികളും ദരിദ്ര-–ഇടത്തരം കർഷകരും, ഗ്രാമീണ തൊഴിലാളികളും ഉൾപ്പെടുന്ന ഗ്രാമീണ ദരിദ്ര വിഭാഗങ്ങൾ മറുഭാഗത്തുമായുള്ള വൈരുദ്ധ്യം നിലനിൽക്കുന്നു. ഭൂരാഹിത്യം, തൊഴിലില്ലായ്മ, അപര്യാപ്തമായ കൂലി, ഗ്രാമീണ ദാരിദ്ര്യം, പാർപ്പിടം, കുടിവെള്ളം, റേഷൻ വിതരണം, വിദ്യാഭ്യാസ –ആരോഗ്യ സേവനങ്ങളുടെ അപര്യാപ്തത, ജാതി – ലിംഗ അടിച്ചമർത്തലും അതിക്രമങ്ങളും എന്നിവയെല്ലാം ഗ്രാമീണ ദരിദ്രരുടെ മൂർത്തമായ ജീവിത പ്രശ്നങ്ങളാണ്. ജാതി മേൽക്കോയ്മയും പണക്കൊഴുപ്പും ആയുധബലവും പോലീസ്-ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗപ്പെടുത്തി ഭരണ വർഗ രാഷ്ട്രീയമേധാവിത്വം നിലനിർത്താൻ ഗ്രാമീണ ധനിക കൂട്ടുകെട്ടിന് സാധിക്കുന്നു.

ഒരുഭാഗത്ത് ധനിക കർഷകരടക്കമുള്ള കർഷക ജനസാമാന്യമാകെയും മറുഭാഗത്ത് കാർഷിക ചരക്ക് വിപണിയിലും, വിത്ത്, വളം അടക്കമുള്ള ഉല്പാദനോപാധികളുടെ വിപണിയിലും മൂല്യവർദ്ധിത വ്യവസ്സായങ്ങളിലും, ബ്രാൻഡഡ് ഉപഭോക്തൃ വിപണിയിലും മേധാവിത്വമുള്ള കോർപ്പറേറ്റ് – ബഹുരാഷ്ട്ര കുത്തക ശക്തികളും തമ്മിലുള്ള വൈരുദ്ധ്യവും മൂർച്ഛിക്കുകയാണ്. കരാർ കൃഷിയിലൂടെ കൃഷി ഭൂമി കയ്യടക്കി വൻകിട കാർഷികോൽപാദനം അടിച്ചേൽപ്പിക്കുന്ന കൃഷിയുടെ കോർപ്പറേറ്റുവൽക്കരണമാണ് ലക്ഷ്യം. ഒരു വിഭാഗം മുതലാളിത്ത ഭൂഉടമസ്ഥരുടെയും മുതലാളിത്ത കർഷകരുടെയും താല്പര്യങ്ങളും കോർപ്പറേറ്റ് അഗ്രി ബിസിനിസ് താല്പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ശക്തമാണ്. പഞ്ചാബിലെ അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേന എന്നീ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയിൽ നിന്നു പുറത്തുവന്നത് ഭരണവർഗങ്ങളിലെ ഏറ്റുമുട്ടലുകൾ തുറന്നുകാട്ടുന്നു.

കാർഷിക മേഖലയിലെ മുതലാളിത്ത വികസനം രാജ്യത്തെല്ലായിടത്തും ഒരേപോലെയല്ല പുരോഗമിക്കുന്നത്. ഏതു മൂർത്തമായ മുദ്രാവാക്യം എടുത്താലും ഒരേ തീവ്രതയിൽ രാജ്യവ്യാപകമായി കർഷക സമരങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രയാസമാണ്. കഴിഞ്ഞ 78 വർഷത്തിനകം രാജ്യത്താകെ ഫ്യൂഡൽ ഭൂ-ബന്ധങ്ങൾ നിയമംമൂലം പരിഷ്കരികുകയോ ഭൂ-പരിധി നിയമങ്ങൾ നടപ്പിലാക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഭൂമിയുടെ ജന്മാവകാശം സർക്കാരിൽ നിക്ഷിപ്തമായി. 15 ഏക്കർ ആണ് ഒരു കുടുംബത്തിന് കൈവശം വെക്കാൻ നിയമപരമായി സാധ്യമായ ഭൂപരിധി. തലമുറകൾ മാറുകയും സ്വത്തവകാശം കൈമാറുകയും ചെയ്യുന്നതുമൂലം പ്രതിശീർഷ ഭൂപരിധി കേവലം 0.67 ഏക്കർ ആയി ചുരുങ്ങി. കൃഷിഭൂമി തരിശിടുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഗ്രാമങ്ങളിൽ നിന്നും പുതിയ തലമുറ പലായനം ചെയ്യുന്നതുമൂലം കൃഷി ചെയ്യാൻ ആളില്ലാത്തതും കൃഷിഭൂമി പാട്ടത്തിന് നൽകുന്നതിനിടയാക്കുന്നു.

കൃഷിഭൂമി പാട്ടത്തിനെടുത്തുള്ള വൻകിടകൃഷി വ്യാപകമാകുന്നു. പ്രാദേശിക സവിശേഷതകൾ, ഉൽപാദനോപാധികളുടെ ലഭ്യത, വിപണി വില തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണം ഏകവിളക്കൃഷി വ്യാപകമാണ്. വിവിധ വിളകൾ കൃഷിചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്. ഈ പശ്ചാത്തലത്തിൽ വിള അടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിക്കേണ്ടതും അതത് വിളകൾ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്. കൃഷിയിലെ മുതലാളിത്ത വികാസംമൂലം കാർഷിക രീതികളിലും ഉല്പാദന ബന്ധങ്ങളിലും വന്ന മാറ്റങ്ങൾ തിരിച്ചറിയാനും നവീനമായ സംഘടനാരൂപങ്ങൾ വികസിപ്പിക്കാനും കർഷക പ്രസ്ഥാനത്തിന് സാധിക്കണം.

നവ ഉദാരവൽക്കരണ മുതലാളിത്തത്തിനുകീഴിൽ ചെറുകിട കർഷകർക്ക് നിലനിൽക്കാനാവില്ല. ശാസ്ത്ര സാങ്കേതികവിദ്യകളും ആധുനിക ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തി ഉല്പാദനക്ഷമത ഉയർത്താനും ഉല്പാദന ചെലവ് കുറയ്ക്കാനും ഉയർന്ന അളവിൽ ഉല്പാദനം സാധ്യമാക്കാനും വൻകിട കാർഷികോല്പാദനം അനിവാര്യമാണ്. എന്നാൽ കാർഷിക ബിസിനസ് കമ്പനികൾ കരാർ കൃഷിയിലൂടെ വൻകിട കാർഷികോല്പാദനം അടിച്ചേൽപ്പിക്കുന്നു. ചെറുകിട കർഷകർ ഭൂമി നഷ്ടപ്പെട്ടു പാപ്പരാവുകയും കടക്കെണിയിലകപ്പെട്ട് ആത്മഹത്യ ചെയ്യാനോ കൂലിത്തൊഴിലാളികളായി പലായനം ചെയ്യാനോ നിർബന്ധിതരാവുന്നു.

ഈ കോർപ്പറേറ്റ് കടന്നാക്രമണത്തിൽ നിന്നും ചെറുകിട കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ബദൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാർഷിക വികസനമാണ്. ഉല്പാദക സഹകരണ സംഘങ്ങളും ഉപഭോക്തൃ സഹകരണ സംഘങ്ങളും രൂപീകരിച്ചു സഹകരണ കൃഷിയിലൂടെ കൃഷിഭൂമി കൂട്ടിയോജിപ്പിച്ച് വൻകിട കാർഷികോല്പാദനം സാദ്ധ്യമാക്കുകയാണ് പ്രധാനം. അതോടൊപ്പം കാർഷിക ചരക്കുകൾ അസംസ്കൃത വസ്തുക്കളെന്ന നിലയിൽ വൻകിട കോർപ്പറേറ്റ് വ്യാവസായങ്ങൾക്കോ അവയുടെ ഇടത്തട്ടുകാർക്കോ കൈമാറേണ്ട സ്ഥിതി അതിജീവിക്കണം. വിള അടിസ്ഥാനമാക്കി മൂല്യ വർദ്ധനവിനുള്ള ആധുനിക വൻകിട കാർഷിക വ്യാവസായങ്ങൾ സ്ഥാപിക്കാൻ ഉല്പാദക സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ പിന്തുണ നൽകണമെന്നും കോർപ്പറേറ്റ് അഗ്രി ബിസിനിസ് കമ്പനികൾക്ക് കാർഷിക വായ്പ നല്കുന്നത് അവസാനിപ്പിച്ച് യൂണിയൻ സർക്കാർ കർഷകരുടെ ഉല്പാദക സഹകരണ സംഘങ്ങൾക്ക് വായ്പ നൽകണമെന്നും കർഷക പ്രസ്ഥാനങ്ങൾ ആവശ്യപ്പെടണം.

ഉപഭോക്തൃ ഉൽപ്പന്ന വിപണനത്തിലൂടെ ലഭിക്കുന്ന മിച്ചത്തിന്റെ ഓഹരി പ്രാഥമിക ഉല്പാദകർക്കുള്ള അധികവരുമാനത്തിനായി ലഭ്യമാക്കാൻ കോർപ്പറേറ്റ് കാർഷിക വ്യവസായ – വിപണന കമ്പനികളെ ബാധ്യതപ്പെടുത്തുന്ന നിയമനിർമാണവും ഇടതുപക്ഷ ജനാധിപത്യ വികസന ബദൽ നയത്തിൽ ഉൾപ്പെടുന്നു. ബിജെപി മുന്നോട്ടുവെക്കുന്ന കയറ്റുമതി കേന്ദ്രീകൃത വികസന നയത്തിനുപകരം ആഭ്യന്തരമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന സർക്കാർ പിന്തുണയോടെയുള്ള ആധുനിക കാർഷിക വികസനത്തിലൂന്നിയ വികസന നയമാണ് ഇന്ത്യൻ സാഹചര്യത്തിൽ സിപിഐഎം മുന്നോട്ടുവെക്കുന്നത്.

ഭൂകേന്ദ്രീകരണം ഇല്ലാതാക്കി കാർഷിക ബന്ധങ്ങളിൽ ജനാധിപത്യപരമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് രാഷ്ട്രീയ അടവുനയം ആവശ്യപ്പെടുന്നു. സ്ത്രീകൾക്കും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും, ദളിതരും ഉൾപ്പെടുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കൃഷിഭൂമിയിൽ അവകാശം ഉറപ്പുവരുത്തണം. കാർഷിക ചരക്കുകൾക്ക് ആദായകരമായ മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുകയും വിളകളുടെ സംഭരണം ഉറപ്പുവരുത്തുകയും വേണം. കർഷകജനസാമാന്യത്തെ കടക്കെണിയിൽ നിന്നും സ്വതന്ത്രമാക്കി കാർഷിക ചെലവിനുള്ള വായ്പ ഉദാരമായി ലഭ്യമാക്കുന്ന നയം നടപ്പിലാക്കണം. കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലിയും സാമൂഹ്യ സുരക്ഷയും വാർദ്ധക്യകാല പെൻഷനും ലഭ്യമാക്കാനുള്ള നിയമനിർമാണം ഉണ്ടാകണം.

ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇല്ലാതാക്കാനും സിപിഐ എം എല്ലാ വിധത്തിലുള്ള ജാതി ചൂഷണവും അടിച്ചമർത്തലും ഇല്ലാതാക്കാനും സിപിഐ എം ബദൽ നയം വ്യവസ്ഥ ചെയ്യുന്നു. പൊതുവിതരണ സംവിധാനം സാർവത്രികമാക്കുകയും ഭക്ഷണവും അവശ്യ സാധനങ്ങളും എല്ലാ പൗരരുടെയും അവകാശമാക്കുകയും വേണം.

കൃഷിയുടെ ആധുനികവത്കരണത്തിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്തണം സോഷ്യലിസമാണ് ബദൽ എന്ന സന്ദേശം വ്യാപകമായി ജനങ്ങളിൽ എത്തിക്കാൻ സാധിക്കുന്നതിലൂടെ മാത്രമേ യുവതലമുറയെ രാഷ്ട്രീയമായി ആകർഷിക്കാനും പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ സ്വാധീനത്തിലെ ദൗർബല്യങ്ങളെ അതിജീവിക്കാനും കഴിയൂ.

കൃഷി ചെലവും അതിന്റെ 50ശതമാനവും കൂടിച്ചേർന്ന മിനിമം താങ്ങുവിലയും വിള സംഭരണവും ഉറപ്പുവരുത്തുന്ന നിയമനിർമാണം എന്ന കർഷക പ്രസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കോർപ്പറേറ്റ് അഗ്രി ബിസിനസ് ശക്തികൾ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ തയ്യാറല്ല. ഭരണഘടനപ്രകാരം സംസ്ഥാന സർക്കാരുകളുടെ വിഷയമായ കൃഷി, കയ്യടക്കി രാജ്യത്താകെയുള്ള കാർഷിക വിപണികളും ഗ്രാമീണ ചന്തകളും കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറിക്കൊടുക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. കോർപ്പറേറ്റ് ശക്തികൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും മുന്നിൽ ആർഎസ്എസും ബിജെപിയും മുട്ടിലിഴയുകയാണ്.

കാർഷിക ചരക്കുകളുടെ മേലുള്ള ഇറക്കുമതി നികുതി പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുന്നു. അമേരിക്കയിൽ കാർഷിക മേഖലയിൽ ഉള്ള തൊഴിൽ ശക്തി കേവലം 2.6% ആണ്. ഇന്ത്യയിൽ 46.1%വും. അമേരിക്കയിൽ വൻതോതിൽ സർക്കാർ സബ്സിഡിയോടെ വൻകിട കാർഷികോല്പാദനമാണ് നിലവിൽ ഉള്ളത്. തന്മൂലം കുറഞ്ഞ ഉല്പാദന ചെലവിൽ ഉയർന്ന ഉല്പാദനക്ഷമതയോടെ വൻതോതിൽ കാർഷിക ചരക്കുകൾ ഉല്പാദിപ്പിക്കാൻ സാധിക്കും. ഇറക്കുമതി നികുതി ഇല്ലാതാക്കി അമേരിക്കൻ കാർഷിക ചരക്കുകൾ ഇന്ത്യൻ വിപണിയിൽ കുന്നുകൂട്ടാൻ അനുവദിച്ചാൽ ഇന്ത്യൻ കർഷകർക്ക് നിലനിൽക്കാനാവില്ല. അതിനെതിരെ കർഷകരെയും തൊഴിലാളികളെയും ബഹുജനങ്ങളെയാകെയും അണിനിരത്തി വൻ പ്രക്ഷോഭം വളർത്തിയെടുക്കാൻ കർഷക പ്രസ്ഥാനവും സിപിഐ എമ്മും മുൻകൈ എടുക്കും.

ബിജെപി നയിക്കുന്ന യൂണിയൻ സർക്കാർ കാർഷിക – വ്യാവസായിക മേഖലകളെ തകർക്കുമ്പോൾ തൊഴിലാളികളുടെയും കർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ബദൽ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിജയകരമായി നടപ്പിലാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന വേതന നിരക്ക് കേരളത്തിലാണ്. നെൽ കർഷകർക്കും ഏറ്റവും ഉയർന്ന വരുമാനം കേരളത്തിലാണ് ലഭിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വ്യാവസായിക വികസനം, പശ്ചാത്തല സൗകര്യങ്ങൾ, ക്രമസമാധാന പാലനം, തുടങ്ങി യൂണിയൻ സർക്കാരിന്റെ ഏജൻസികളുടെ എല്ലാ മാനദണ്ഡങ്ങളിലും ഒന്നാമത്തെ സംസ്ഥാനമാണ് കേരളം.

നാല്, ലേബർ കോഡുകൾ നടപ്പാക്കുന്നതിനും, വൈദ്യുതി, ഇൻഷുറൻസ്, റെയിൽവേ തുടങ്ങിയവയടക്കം പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവൽക്കരിക്കുന്നതിനും കൃഷിയുടെ കോർപ്പറേറ്റുവൽക്കരണത്തിനും എതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി 2025 മെയ് 20 നു അഖിലേന്ത്യാ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളികളുടെയും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും ദേശീയ വേദികളും ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നു.

മെയ് 20 പ്രക്ഷോഭം വരാനിരികുന്ന നിരന്തര സമരങ്ങളുടെ നാന്ദിയാണ്. 2020-–21 ലെ ഐതിഹാസികമായ ഡൽഹി കർഷക സമരത്തേക്കാൾ ജനപങ്കാളിത്തമുള്ള രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളാണ് തൊഴിലാളി-–കർഷക ഐക്യത്തിലൂടെ വളർന്നുവരിക. ഭൂമി, തൊഴിൽ, മിനിമം കൂലി, ന്യായവില, സാമൂഹ്യ സുരക്ഷ, ജാതി – ലിംഗ അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നീ മൂർത്തമായ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശങ്ങൾ നേടുന്നതുവരെ തുടരുന്ന നവീനമായ സമരരൂപങ്ങൾ ആവിഷ്കരിക്കാൻ ട്രേഡ് യൂണിയനുകൾ, കർഷക പ്രസ്ഥാനം, കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്ന് രാഷ്ട്രീയ അടവ് നയം നിർദ്ദേശിക്കുന്നു.

തൊഴിലാളി- കർഷക പ്രസ്ഥാനങ്ങൾ ആഹ്വാനംചെയ്യുന്ന പ്രക്ഷോഭങ്ങളെ ഗ്രാമീണ തലത്തിൽ വലിയ പ്രചാരണം നൽകിയും ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തിയും വിജയിപ്പിക്കാൻ സിപിഐ എമ്മിനു സാധിക്കണം. പ്രാദേശികമായി പ്രക്ഷോഭങ്ങളെ വളർത്തിയെടുക്കേണ്ടതുണ്ട്. ദേശീയ തലത്തിൽ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന സമരങ്ങളുമായി അവയെ കൂട്ടിയോജിപ്പിച്ച് അഖിലേന്ത്യാ പ്രക്ഷോഭമായി വികസിപ്പിക്കാനുള്ള രാഷ്ട്രീയ വീക്ഷണം വർഗ ബഹുജന സംഘടനാ പ്രവർത്തകരിൽ വളർത്തിയെടുക്കണം. അതിനായി ട്രേഡ് യൂണിയൻ , കർഷക –കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾ സംസ്ഥാന, ജില്ല, ഗ്രാമീണ തലത്തിൽ പതിവായ കൂടിയാലോചന സംവിധാനം വികസിപ്പിക്കണം. സമരങ്ങളുടെ പങ്കാളിത്തവും പ്രഹരശേഷിയും രാജ്യവ്യാപക പ്രത്യാഘാതവുമാണ് കോർപ്പറേറ്റ് ഹിന്ദുത്വ വർഗീയ നവഫാസിസ്റ്റ് ശക്തികൾക്കെതിരെ അണിനിരക്കാനുള്ള ആത്മവിശ്വാസവും സന്നദ്ധതയും ബഹുജനങ്ങളിൽ വളർത്തിയെടുക്കുക. ശക്തി കേന്ദ്രങ്ങളിൽ നിന്നും കേഡർമാരെയും വിഭവങ്ങളെയും കണ്ടെത്തി ദുർബലമേഖലകളിൽ വിനിയോഗിച്ച് അവിടങ്ങളിലും ശക്തിയാർജിക്കണമെന്ന് രാഷ്ട്രീയ അടവുനയം നിർദ്ദേശിക്കുന്നു.

കോർപ്പറേറ്റ്- ഹിന്ദുത്വ വർഗീയ നവ ഫാസിസ്റ്റ് വെല്ലുവിളിയെ ചെറുത്തു തോല്പിക്കാൻ ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യവും വളർത്തിയെടുക്കേ ണ്ടത് അനിവാര്യമാണ്. തൊഴിലാളി-–കർഷക ഐക്യം രാജ്യത്താകെ വളർത്തിയെടുക്കാനും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റം ഉറപ്പുവരുത്താനും അതാവശ്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular