Friday, April 25, 2025

ad

Homeകവര്‍സ്റ്റോറിവിദ്യാർത്ഥി മുന്നണിയിലെ
കടമകൾ

വിദ്യാർത്ഥി മുന്നണിയിലെ
കടമകൾ

വി പി സാനു

വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന 25 സഖാക്കളാണ് ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ വെച്ച് നടന്ന സിപിഐഎം 24-–ാംപാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളായും നിരീക്ഷകരായും പങ്കെടുത്തത്. രാജ്യത്താകമാനം ഐതിഹാസികമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളും നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പാർട്ടി കോൺഗ്രസ് നടന്നത്. ബിജെപി ഭരിക്കുന്ന യൂണിയൻ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ, ജനാധിപത്യ വിരുദ്ധ, ഫാസിസ്റ്റിക്ക് നീക്കങ്ങൾക്കെതിരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ നിഷ്കരുണം വേട്ടയാടപ്പെട്ട രോഹിത് വെമുല ഉൾപ്പെടെയുള്ള ഒട്ടനവധി വിദ്യാർത്ഥികൾ നമ്മുടെ മുന്നിലുണ്ട്. എന്നാൽ നിലവിലത് ഒരു പടികൂടി കടന്ന് രാജ്യത്തെ നീതിന്യായപീഠങ്ങൾ പോലും നരേന്ദ്ര മോദി സർക്കാരിനെതിരെ നടക്കുന്ന വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുകയും അല്ലെങ്കിൽ അടിച്ചമർത്തുന്ന വേട്ടക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലയെത്തിയിരിക്കുന്നു. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (TISS) ഗവേഷക വിദ്യാർത്ഥിയും എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറത്തിന്റെ നേതാവുമായ രാമദാസിനെ ഒരു വർഷം മുമ്പ് ടിസ്സിൽ നിന്ന് രണ്ടു വർഷത്തേക്ക് പുറത്താക്കിയത് ഡൽഹിയിൽ വെച്ച് എസ്എഫ്ഐ നേതൃത്വം നൽകുന്ന യുണൈറ്റഡ് സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ എന്ന വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മ നടത്തിയ സമരത്തിൽ പങ്കെടുത്ത് യൂണിയൻ ഗവൺമെന്റിനെതിരെ സംസാരിച്ചു എന്നതിന്റെ പേരിലാണ്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയ രാം ദാസിന് പ്രതികൂലമായാണ് ഉത്തരവുണ്ടായത്. ഉത്തരവിൽ പറയുന്നത് യൂണിയൻ സർക്കാരിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ ഫെലോഷിപ്പ് വാങ്ങുന്ന വിദ്യാർത്ഥികൾ പ്രസ്തുത സർക്കാരുകൾക്കെതിരെ സമരം ചെയ്യാൻ പാടില്ല, രാം ദാസിനെ പുറത്താക്കിയ ടിസ്സിന്റെ നടപടി ശരിയാണ് എന്നാണ്. ഇനി യൂണിയൻ ഗവൺമെന്റിനെതിരെ ആരും ഒന്നും മിണ്ടാൻ പാടില്ല എന്ന് സാരം. സഖാവ് രാമദാസ് ഒരു ദളിത് വിഭാഗത്തിലൽപ്പെട്ട ഗവേഷക വിദ്യാർത്ഥിയാണ് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യം തന്നെയാണോ എന്ന് സംശയം തോന്നുന്ന സാഹചര്യമല്ലേ ഇത്. ഭരണകൂടത്തിന്റെ എല്ലാ തൂണുകളും ചേർന്ന് അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥി സമരങ്ങൾ കത്തിപ്പടരുക തന്നെയാണ്. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്തും ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ സമരത്തിലാണ്. യൂണിവേഴ്സിറ്റിയുടെ നാന്നൂറ് ഏക്കറിലധികം വരുന്ന ഭൂമി സ്വകാര്യ കോർപ്പറേറ്റ് ഭീമൻമാർക്ക് തീറെഴുതാനുള്ള കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സമരം. സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തിന് താത്കാലിക സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാർ ഈ നീക്കം പാടേ ഉപേക്ഷിക്കുന്നത് വരെ ക്യാമ്പസിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനം. സമരത്തിന് നേതൃത്വം നൽകിയ നിരവധി വിദ്യാർത്ഥികൾ ഇന്നും ജയിലിലാണ്. കനത്ത വകുപ്പുകൾ ചുമത്തിയാണ് ആഴ്ചകൾ കഴിഞ്ഞിട്ടും ജാമ്യം നൽകാതെ വിദ്യാർത്ഥികളെ ജയിലിലടച്ചിരിക്കുന്നത്. സഖാവ് രാമദാസിനെ പോലെ തന്നെ ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിലെയും, ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെയും നിരവധി വിദ്യാർത്ഥികളാണ് സമരങ്ങൾക്ക് നേതൃത്വം നൽകി എന്ന ഒറ്റ കാരണത്താൽ പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ രണ്ട് ക്യാമ്പസുകളിലും ആഴ്ചകളായി എസ്എഫ്ഐ പ്രവർത്തകർ സമരമുഖത്താണ്. മാർച്ച് മാസം ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് മമത ബാനർജിയുടെ പൊലീസ് നടത്തിയ അതിക്രൂരമായ അതിക്രമത്തിനെതിരെ കൽക്കത്ത ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇങ്ങനെ രാജ്യത്താകമാനം വിദ്യാർത്ഥികൾ ജനാധിപത്യ അവകാശങ്ങൾക്കും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടി സമരമുഖത്ത് നിറഞ്ഞു നിൽക്കുന്ന കാലത്താണ് പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടത്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ദിവസം മുതൽ ആരംഭിച്ചതാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമം. ഒട്ടേറെ കുറവുകളും പ്രശ്‌നങ്ങളുമുള്ള നിലവിലെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ കുറവുകളിലേക്കും പ്രശ്നങ്ങളിലേക്കും തള്ളിവിടുകയാണ് നരേന്ദ്ര മോദി സർക്കാർ. സംഘപരിവാരത്തിന് പ്രിയമുള്ളത് മാത്രം പഠിക്കുകയും പഠിപ്പിക്കുകയും നടക്കുകയും ചെയ്യുന്ന മേഖലയാക്കി വിദ്യാഭ്യാസത്തെ മാറ്റാനുള്ള ശ്രമമാണ് ബിജെപി സർക്കാർ ചെയ്യുന്നത്. അതിനുവേണ്ടി യഥാർത്ഥ ചരിത്രത്തെയും ശാസ്ത്രത്തെയും സിലബസിൽനിന്ന് വെട്ടിമാറ്റി ഐതിഹ്യങ്ങളെ ചരിത്രമായും മിത്തിനെ ശാസ്ത്രമായും പ്രതിഷ്ഠിച്ച് കഴിഞ്ഞു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം മസ്തിഷ്കത്തിൽ പേറുന്ന കോടാനുകോടിയെണ്ണം ‘ഭാവി തലമുറയെ ‘ സൃഷ്ടിക്കലാണ് നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും ലക്ഷ്യം. അതിനു വേണ്ടി ചുട്ടെടുക്കപ്പെട്ടതാണ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്തിന്റെ പാർലമെൻ്റ് പോലും കാണാതെ ഒളിച്ചു കടത്തിയാണ് NEP 2020 നടപ്പിലാക്കപ്പെട്ടത്. യൂണിവേഴ്സിറ്റികളുടെ അക്കാദമിക് മികവിന്റെ മാറ്റുകൂട്ടാൻവേണ്ടി രൂപീകരിക്കപ്പെട്ട യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ(UGC) ഇന്ന് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളെ കാവിവത്കരിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒന്നായി മാറി. വർഷാ വർഷം കോടിക്കണക്കിന് രൂപയാണ് ഓരോ സംസ്ഥാന സർക്കാരും യൂണിവേഴ്‌സിറ്റികളുടെ നടത്തിപ്പിനായി ചെലവഴിക്കുന്നത്. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ 74 ശതമാനം തുകയും ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് യൂണിവേഴ്സിറ്റികൾക്ക് മേൽ ഒരധികാരവുമില്ലാതാക്കാൻ വേണ്ടി മാത്രം പുറപ്പെടുവിക്കുന്ന ഒന്നായി യുജിസി സർക്കുലറുകൾ മാറി. നേരത്തേ യുജിസി നോട്ടിഫിക്കേഷനുകളാണ് പുറപ്പെടുവിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ആ രീതിയില്ല. പകരം നിർബന്ധമായും നടപ്പിലാക്കേണ്ട സർക്കുലറുകൾ ആയാണ് ഓരോന്നും പുറത്തിറങ്ങുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വൈസ് ചാൻസലർമാരുടെ നിയമനത്തെ സംബന്ധിച്ച സർക്കുലർ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർമാർക്ക് പരമാധികാരം നൽകുന്നതാണ്. യൂണിയൻ ഗവൺമെൻ്റിന്റെ നോമിനികളായ ഗവർണർമാരെ ഉപയോഗപ്പെടുത്തി യൂണിവേഴ്സിറ്റികളിൽ സംഘപരിവാരത്തിന്റെ ആജ്ഞാനുവർത്തികളെ വൈസ് ചാൻസലർമാർ ആക്കാനും തുടർന്ന് യൂണിവേഴ്സിറ്റികൾ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുമാണ് നീക്കം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദളിതർ ഉൾപ്പെടെയുള്ള സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ പതുക്കെ പതുക്കെ തുടച്ചു നീക്കി കൊണ്ടിരിക്കുകയാണ്. രോഹിത് വെമുല മുതൽ രാമദാസ് വരെയുള്ള ദളിത് ഗവേഷക വിദ്യാർത്ഥികൾ അധികാരികളുടെ ഭാഗത്ത് നിന്ന് പീഡനം ഏറ്റുവാങ്ങുകയാണ്. ഐഐടികളിലും ഐഐഎമ്മിലും ഒഴിഞ്ഞു കിടക്കുന്ന SC/ST വിഭാഗങ്ങൾക്കുള്ള 3027 ഫാക്കൽറ്റി പോസ്റ്റുകളിൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ വെറും 328(276 SC, 52 ST) പേരെ മാത്രമാണ് നിയമിച്ചത്. മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടെ കണക്കെടുത്ത് പരിശോധിച്ചാൽ SC/ST വിഭാഗങ്ങൾക്ക് അവകാശപ്പെട്ട പതിനായിരക്കണക്കിന് പോസ്റ്റുകളാണ് നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇത് സംവരണ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിലും സംവരണം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയുണ്ട്.

വിദ്യാഭ്യാസ രംഗം പോലെ തന്നെ രാജ്യത്തെ തൊഴിൽ മേഖലയും ബിജെപി സർക്കാർ തകർത്ത് തരിപ്പണമാക്കുകയാണ്. ലോക തൊഴിലാളി വർഗം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം ഉൾപ്പെടെയുള്ള തൊഴിൽ അവകാശങ്ങളെല്ലാം പിച്ചി ചീന്തിയെറിയുകയാണ്. രാജ്യത്തെ തൊഴിലാളികളെ ഹൃദയമിടിപ്പുള്ള യന്ത്രം മാത്രമാക്കി, കോർപ്പറേറ്റ് ഭീമന്മാർക്ക് പരമാവധി ചൂഷണം ചെയ്യാൻ വേണ്ടി മാത്രമാണ് പാർലമെന്റിൽ നാല് ലേബർ കോഡുകൾ നിയമമാക്കി എടുത്തത്. രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ സംഘടിത ശക്തിയെ ഭയമുള്ളത് കൊണ്ട് മാത്രമാണ് ഇത് വരെ ലേബർ കോഡുകൾ നടപ്പിലാക്കി തുടങ്ങാത്തത്. കഴിഞ്ഞ 11 വർഷമായി കേന്ദ്ര സർക്കാർ സർവ്വീസിലും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ നിരോധനമാണ്. രാജ്യത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് അവകാശപ്പെട്ട 10 ലക്ഷത്തിലധികം തൊഴിലുകളാണ് നിയമനങ്ങൾ നടത്താതെ മറച്ച് വെച്ചിട്ടുള്ളത്. വർഷം 2 കോടി തൊഴിൽ നൽകും എന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവരാണ് നരേന്ദ്ര മോഡി സർക്കാർ എന്ന് നാം ഓർക്കണം. വാഗ്ദാനം നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല, നേരത്തേ ഉണ്ടായിരുന്ന അത്ര പോലും തൊഴിലുകൾ യുവാക്കൾക്ക് നൽകാൻ യൂണിയൻ ഗവൺമെൻ്റിന് സാധിക്കുന്നില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ തുച്ഛ വേതനത്തിന് സ്വകാര്യ മേഖലയിൽ യാതൊരു തൊഴിൽ അവകാശങ്ങളുമില്ലാതെ രാപകൽ പണിയെടുത്ത് കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവർ യൂണിയൻ ഗവൺമെൻ്റിന്റെ തന്നെ വിവിധ സ്കീം പദ്ധതികളിൽ സ്വകാര്യ മേഖലയേക്കാൾ തുച്ഛ വേതനത്തിന് ജോലിയെടുക്കുകയാണ്. യൂണിയൻ ഗവൺമെന്റിന്റെ വിവിധ പദ്ധതികൾക്കായി പണിയെടുക്കുന്ന ഇവരെ തൊഴിലാളികളായി അംഗീകരിക്കാൻ പോലും ബിജെപി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കോവിഡിന് ശേഷം യുവാക്കൾക്കിടയിൽ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗമാണ്. സിന്തറ്റിക് ലഹരിയുടെ പ്രചാരം രാജ്യത്ത് വൻതോതിൽ കൂടിയിട്ടും ലഹരി മാഫിയാ സംഘങ്ങളെ തകർക്കാൻ വേണ്ടി കാര്യമായ നടപടികളൊന്നും യൂണിയൻ ഗവണ്മെൻ്റ് സ്വീകരിച്ച് കാണുന്നില്ല. നിരോധിക്കപ്പെട്ട ലഹരി പദാർത്ഥങ്ങൾ രാജ്യത്തേക്ക് ഒഴുകുന്നത് പൂർണ്ണമായും തടയാൻ കഴിഞ്ഞാൽ മാത്രമേ ഈ വലിയ വിപത്തിനെ ചെറുക്കാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, നിരോധിത ലഹരി ഉപയോഗിക്കുന്നവർക്കും, കച്ചവടം ചെയ്യുന്നവർക്കുമെതിരെയുള്ള ശിക്ഷാ നടപടികൾ അതികർശനമാക്കി നിയമ നിർമ്മാണം നടത്തുകയും വേണം. അതോടൊപ്പം തന്നെ യുവാക്കൾക്കിടയിൽ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കണം. ഇങ്ങനെ രാജ്യത്തെ വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളെല്ലാം പാർട്ടി കോൺഗ്രസിൽ ചർച്ചയായി.

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന യുജിസി റെഗുലേഷനുകളെ തള്ളിക്കളയണം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് വിറ്റഴിക്കാനുള്ള യൂണിയൻ ഗവൺമെൻ്റിന്റെ നീക്കം ചെറുത്ത് തോൽപ്പിക്കണം തുടങ്ങിയ പ്രമേയങ്ങൾ പാർട്ടി കോൺഗ്രസ് അംഗീകരിക്കുകയുണ്ടായി. ഇങ്ങനെ രാജ്യത്തെ വിദ്യാർത്ഥി യുവജന മേഖലയിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയ ഒന്നായി 24-)0 പാർട്ടി കോൺഗ്രസ് മാറി. പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വർദ്ധിപ്പിക്കുക, ബിജെപിെയെ ഒറ്റപ്പെടുത്തുക എന്ന പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥി, യുവജന രംഗങ്ങളിലെ ഇടപെടൽ ശക്തമാക്കണം എന്നാണ് പാർട്ടി കോൺഗ്രസ് തീരുമാനമെടുത്തത്. രാജ്യത്ത് ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന സ്വകാര്യ മേഖലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം വളരെ ദുർബലമാണ്. ഇടത് വിദ്യാർത്ഥി സംഘടനകൾക്ക് എന്ന് മാത്രമല്ല, ഒരു വിദ്യാർത്ഥി സംഘടനയ്ക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ബഹുഭൂരിപക്ഷം ക്യാമ്പസുകളിലും കാര്യമായ സ്വാധീനം ഇല്ല. ഈ സ്ഥിതിക്ക് മാറ്റം വരണം. സ്വകാര്യ മേഖലയിലെ വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥി മൂവ്മെന്റിന് സാധിക്കണം എന്നാണ് പാർട്ടി കോൺഗ്രസ് കാണുന്നത്. ബഹുഭൂരിപക്ഷം ക്യാമ്പസുകളിലും ഇന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പോ, വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളോ നടക്കുന്നില്ല. ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഇന്ന് വിദ്യാർത്ഥി യൂണിയനുകൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി യൂണിയൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ജനാധിപത്യ വേദികൾക്ക് വേണ്ടിയുള്ള ക്യാമ്പയിനുകളും സമരങ്ങളും ശക്തമായി ഏറ്റെടുക്കാൻ സാധിക്കണമെന്നും പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സാഹചര്യവും, സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകളും വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും സാംസ്കാരിക മേഖലയിൽ സംഘപരിവാർ നീക്കങ്ങളെ ചെറുക്കുന്ന തരത്തിലുള്ള ശക്തമായ ഇടപെടലുകൾ ആ രംഗത്ത് വിദ്യാർത്ഥി മൂവ്മെൻ്റ് സംഘടിപ്പിക്കണം എന്നും പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. വിദ്യാർത്ഥി യുവജന സംഘടനകളുടെ സ്വതന്ത്ര സ്വഭാവം നിലനിർത്തികൊണ്ട് പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് തുടർച്ചയായി സമരങ്ങൾ സംഘടിപ്പിക്കാനും, അങ്ങനെ ഉയർന്ന് വരുന്ന കേഡർമാർക്ക് രാഷ്ട്രീയവും സൈദ്ധാന്തികവുമായ വിദ്യാഭ്യാസം നൽകി അവരെ മികച്ച കേഡർമാരാക്കി മാറ്റാനും സാധിക്കണം. ഇത്തരം ശക്തമായ സമരങ്ങളിലൂടെ രാജ്യത്ത് ഹിന്ദുത്വം ഉയർത്തുന്ന വെല്ലുവിളിയെ ചെറുത്ത് തോൽപ്പിക്കാൻ സാധിക്കണമെന്നും പാർട്ടി കോൺഗ്രസ് കാണുന്നു. തൊഴിലില്ലായ്മയ്ക്കെതിരെ വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളിൽ തൊഴിലാളി സംഘടനകളെയും കൂടെകൂട്ടി വിദ്യാർത്ഥി യുവജന തൊഴിലാളി സംയുക്ത സമരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കണം. നരേന്ദ്ര മോഡി സർക്കാരിന് അധികാരത്തിൽ വന്നതിന് ശേഷം അഭിമുഖീകരിക്കേണ്ടി വന്ന പ്രധാന സമരങ്ങളിലൊന്ന് 2016ൽ വിദ്യാർത്ഥികൾ ഉയർത്തിയ ഐതിഹാസിക സമരമാണ്. അതിന് ശേഷം അഗ്നിപഥ്, റെയിൽവെ റിക്രൂട്ട്മെൻ്റ് ബോർഡ് പ്രശ്നങ്ങളിലാണ് ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് നടന്നത്. ഇത്തരം പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ നേതൃത്വമായി മാറാനും കൂടുതൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും സാധിച്ചെങ്കിൽ മാത്രമേ ബിജെപിയെ ഒറ്റപ്പെടുത്തുക, ഹിന്ദുത്വ രാഷ്ട്രീയത്തെ തകർത്തെറിയുക എന്ന ദൗത്യം പൂർത്തീകരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 18 =

Most Popular