Friday, April 25, 2025

ad

Homeകവര്‍സ്റ്റോറിപുതിയ ദിശാബോധം നൽകുന്ന കോൺഗ്രസ്

പുതിയ ദിശാബോധം നൽകുന്ന കോൺഗ്രസ്

പിണറായി വിജയൻ

24-–ാം പാർട്ടി കോൺഗ്രസിലെ 
പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗം

ഹത്തായ പോരാട്ടങ്ങളുടെ ധീര വിപ്ലവ ഭൂമിയിലാണ് സി പി ഐ എമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസും അതിന്റെ സമാപനംകുറിക്കുന്ന ഈ പൊതുസമ്മേളനവും നടക്കുന്നത്.

കീഴ്-വെണ്‍മണിയിലെ ധീര രക്തസാക്ഷികളുടെയടക്കം പോരാട്ടവീര്യമുള്ള മണ്ണാണ് തമിഴ്നാടിന്റേത്. പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും പി രാമമൂര്‍ത്തിയുടെയും ശങ്കരയ്യയുടെയും ഉമാനാഥിന്റെയുമൊക്കെ സ്മരണകള്‍ ഉണര്‍ന്നുനില്‍ക്കുന്ന മണ്ണാണിത്.

ഭേദചിന്തകള്‍ക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കുവേണ്ടിയുള്ള വീറുറ്റ പോരാട്ടങ്ങളുടെ ചരിത്രപരമായ ഓര്‍മ്മകള്‍ മിടിച്ചുനില്‍ക്കുന്ന നാട്. ഈ നാട്ടിലാണ് സി പി ഐ എമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് എന്നതും സി പി ഐ എമ്മിന് ഭരണാധികാരമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തോടും കേരള ജനതയോടും സാഹോദര്യം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ സംവിധാനമുള്ള നാട്ടിലാണ് നാം ഒരുമിക്കുന്നത് എന്നതും ചരിത്രപരമായിതന്നെ അടയാളപ്പെടുത്തപ്പെടും എന്നതു തീര്‍ച്ചയാണ്.

സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നീതിപൂര്‍വമായതെന്തും നേടിയെടുക്കാന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് മുന്‍നിര്‍ത്തി നമ്മള്‍ നടത്തുന്ന പോരാട്ടങ്ങളും എടുക്കുന്ന മുന്‍കൈകളും നാളെ രാജ്യമാകെ മാതൃകയാക്കും എന്നത് ഉറപ്പാണ്. വര്‍ഗീയമായ അമിതാധികാര കേന്ദ്രീകരണങ്ങള്‍ക്കെതിരെ മതനിരപേക്ഷമായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വലിയ കരുത്തും ഊര്‍ജവും നല്‍കും ഈ മഹാസമ്മേളനമെന്നതും തീര്‍ച്ചയാണ്.

ഒരു സവിശേഷ സാര്‍വ്വദേശീയ സാഹചര്യത്തിലാണ് നമ്മുടെ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നത്. ഒരു വശത്ത് ഡൊണാള്‍ഡ് ട്രമ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തികമടക്കമുള്ള രംഗങ്ങളില്‍ ഇതര ലോക രാജ്യങ്ങള്‍ക്കുമേല്‍ കടുത്ത തോതില്‍ അമേരിക്ക പിടിമുറുക്കുന്നു. മറുവശത്ത് അതിന്റെ ആപത്ത് തിരിച്ചറിഞ്ഞുകൊണ്ട് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍ സാമ്പത്തിക നടപടികളിലൂടെ സാമ്രാജ്യത്വ – സാമ്പത്തിക അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമം ശക്തമാക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് ചൈനപ്പോലെ വലിയൊരു രാജ്യം പുതിയ ലോക ശക്തിയായി അമേരിക്കന്‍ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം സാന്നിധ്യം ഉറപ്പാക്കുന്നത്.

ഇതിന് അനുബന്ധമായി തന്നെ കാണേണ്ടതാണ് ബ്രസീല്‍, ചിലി, കൊളമ്പിയ, ഉറുഗ്വെ, മെക്സിക്കോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഫ്രാന്‍സ് മുതല്‍ ജര്‍മനി വരെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാകുന്ന പുരോഗമന ശക്തികളുടെ മുന്നേറ്റവും നമ്മുടെ അയല്‍രാജ്യം കൂടിയായ ശ്രീലങ്കയില്‍ ഇടതുപക്ഷത്തിനുണ്ടായ അധികാര പ്രാപ്തിയും. ശാസ്ത്രീയ സോഷ്യലിസത്തിനു സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലുമുണ്ടാകുന്ന വര്‍ദ്ധിച്ച സ്വീകാര്യത ലോകമാകെ കൂടുതല്‍ തിരിച്ചറിയുന്ന ഘട്ടം കൂടിയാണിത്.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇന്ത്യ, പലസ്തീനിലടക്കം ഉണ്ടാകുന്ന വിമോചന പോരാട്ടങ്ങളുടെ എതിര്‍ഭാഗത്തു നിലകൊള്ളുന്നു. ചൈനയ്ക്കെതിരായ ക്വാഡ് സഖ്യത്തില്‍ ചേര്‍ന്നുനില്‍ക്കുന്നു. പിന്തിരിപ്പന്‍ രാഷ്ട്രീയം എങ്ങനെ പുരോഗമന ശക്തികളില്‍ നിന്ന് രാഷ്ട്രത്തെതന്നെ ഒറ്റപ്പെടുത്തും എന്നതിന്റെ ദൃഷ്ടാന്തമാണിത്. ഇവിടെ ശരിയായ വഴികാട്ടുക എന്നതാണ് ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി പി ഐ എമ്മിന്റെ രാഷ്ട്രീയ ധര്‍മ്മം.

ദേശീയ രാഷ്ട്രീയത്തിലാകട്ടെ, പൊതു സാമൂഹികസ്ഥിതി തന്നെ കലുഷമാകുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. ജനങ്ങള്‍ വന്‍തോതില്‍ പാപ്പരീകരിക്കപ്പെടുന്നു. ഇത്തരം മൗലിക പ്രശ്നങ്ങള്‍ക്കൊന്നിനും ഒരു പരിഹാരവും നിര്‍ദ്ദേശിക്കാനില്ലാത്ത കേന്ദ്രഭരണകൂടം കോര്‍പ്പറേറ്റുകളുമായുള്ള ചങ്ങാത്ത മുതലാളിത്തത്തിലൂടെ ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നു. ഇതിനെല്ലാമിടയിലാണ് ജനതയുടെ ഐക്യത്തെ കൂടി വര്‍ഗ്ഗീയമായി ഇവര്‍ ഛിദ്രമാക്കുന്നത്.

കഴിയുന്നത്ര രീതികളില്‍, കൊച്ചുകൊച്ചു വിയോജനാഭിപ്രായങ്ങളെപ്പോലും ആളിക്കത്തിച്ച് സമൂഹത്തിലാകെ വര്‍ഗീയതയുടെ വിദ്വേഷം പടര്‍ത്തി മുതലെടുക്കാനുള്ള രാഷ്ട്രീയ ഗൂഢതന്ത്രങ്ങള്‍ക്ക് കേന്ദ്ര ഗവൺമെന്റുതന്നെ പദ്ധതി തയ്യാറാക്കി നീങ്ങുന്ന കാലമാണിത്. ആ പദ്ധതികളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണി എന്നു വിശേഷിപ്പിക്കാവുന്നതാണ് ഇന്നു രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന വഖഫ് പ്രശ്നം.

ഇത് ഒറ്റപ്പെട്ട ഒന്നല്ല, ഒരു പ്രത്യേക സമുദായത്തെ മാത്രം ഉദ്ദേശിച്ചുള്ളതുമല്ല. മറിച്ച്, ഓരോരോ ന്യൂനപക്ഷ വിഭാഗത്തെയും പടിപടിയായി തുടച്ചുനീക്കുന്നതിനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ്. വഖഫിനുള്ളതിനേക്കാള്‍ വലിയ സ്വത്ത് കത്തോലിക്കാ സഭ കൈയടക്കി വെച്ചിട്ടുണ്ട് എന്ന് ആര്‍എസ്എസ് മുഖപത്രം ലേഖനമെഴുതിയത് ഓര്‍ക്കുമല്ലോ. ലേഖനം പിന്നീട് പിന്‍വലിച്ചത്രേ. ഏതായാലും അവരുടെ യഥാര്‍ത്ഥ മനസ്സിലിരിപ്പ് എന്താണ് എന്നുള്ളത് പിന്‍വലിച്ച ലേഖനത്തില്‍ നിന്നുതന്നെ വ്യക്തമാണ്.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷമെന്ന പൊതു ബാനറുകളിലെങ്കിലും ഒരുമിക്കുന്നവരാണ്. ഈ പൊതുയോജിപ്പില്‍നിന്ന് ആദ്യം മുസ്ലീങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുക. ക്രിസ്ത്യാനികളില്‍നിന്ന് ഒറ്റപ്പെടുത്തി നിര്‍ത്തുക: ക്രിസ്ത്യാനികളെയാകെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ തിരിച്ചുവിടുക; ഇതൊക്കെ ഒരു ഡിസൈനിന്റെ ഭാഗമാണ്. ഇതു നടത്തിയെടുക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ആയുധം എന്ന നിലയിലാണ് സത്യത്തില്‍ ‘വഖഫ്’ പ്രശ്നത്തെ സംഘപരിവാറും അതിന്റെ ഭരണ രാഷ്ട്രീയ സംവിധാനവും ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ പൊതുസമൂഹത്തിലെ വര്‍ഗീയവാദികളല്ലാത്ത ഹിന്ദു ജന വിഭാഗങ്ങളെ, അവര്‍ രാഷ്ട്രീയക്കാരാകട്ടെ, മതവിശ്വാസികളാകട്ടെ, ആരുമാകട്ടെ, തമ്മില്‍ ശത്രുക്കളാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നു കാണാന്‍ പലര്‍ക്കും കഴിയാതെപോയി. ഇന്നു മുസ്ലീം വിഭാഗങ്ങളെയാണ് ഒറ്റപ്പെടുത്തി തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ നാളെ അതു തങ്ങളെത്തന്നെയാവാം എന്ന തിരിച്ചറിവിലേക്ക് പലരും എത്താതെ പോയി.

നാളത്തെ കാര്യം എന്തിനു പറയണം? ഇന്നത്തെ സ്ഥിതി തന്നെ നോക്കിയാല്‍ മതിയല്ലൊ. യു പിയിലും ഗുജറാത്തിലും മുസ്ലീമിനെതിരെയാണെങ്കില്‍ ഒഡീഷയിലും മധ്യപ്രദേശിലും ക്രിസ്ത്യാനികൾക്കെതിരെ. ഛത്തീസ്ഗഢില്‍ ഹൈന്ദവേതര ആദിവാസികൾക്കെതിരെയെങ്കില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ. മണിപ്പൂരിലെ മനുഷ്യഹോമത്തിന്റെ തീ അണയാതെ നീറിനില്‍ക്കുകയല്ലേ? അപ്പോള്‍, ഇന്ന് അവര്‍ക്കെതിരെയാണെങ്കിൽ നാളെ തങ്ങള്‍ക്കെതിരെ ഇരമ്പിവരാവുന്ന കാട്ടുതീയാണിത് എന്നു തിരിച്ചറിയണ്ടേ?

അത് നിര്‍ഭാഗ്യവശാല്‍ ഉണ്ടാവുന്നില്ല. വഖഫ് കാര്യത്തില്‍ ഹിന്ദുത്വ വര്‍ഗീയ നിലപാടിനെ പിന്തുണയ്ക്കുകയാണു വേണ്ടത് എന്നു പറയുന്ന ചില മതനേതാക്കളുണ്ടല്ലൊ. അവരതു പറയുന്ന വേളയില്‍ തന്നെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ അവരുടെതന്നെ മിഷണറിമാര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. അതെങ്കിലും കണ്ടിരുന്നെങ്കില്‍ സംഘപരിവാര്‍ ഭരണത്തിന്റെ ദുഷ്ടമായ ഗ്രാന്‍ഡ് ഡിസൈന്‍ അവര്‍ക്കു ബോധ്യമാവുമായിരുന്നു.

ഒരുമിച്ചുനില്‍ക്കുന്നവരെ, ഒരേ ജീവിത വിഷമം നേരിടുന്നവരെ ഇങ്ങനെ ഭിന്നിപ്പിക്കുന്നത് രാജ്യവ്യാപകമായി ഇവര്‍ പയറ്റുന്ന തന്ത്രമാണ്. എന്തിനെയും ഏതിനെയും വര്‍ഗീയമായി ഉപയോഗിക്കുകയാണ്. എംപുരാന്‍ എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദം നിങ്ങള്‍ക്കും അറിയാമല്ലൊ. അത് ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, ന്യൂനപക്ഷവാദ സിനിമയല്ല, രാഷ്ട്രീയ സിനിമയുമല്ല. ഒരു കൊമേഴ്സ്യല്‍ – പോപ്പുലര്‍ ഫിക്ഷന്‍. അതിലെ ദൃശ്യങ്ങള്‍, ചില പരാമര്‍ശങ്ങള്‍ നീക്കാന്‍ അതുണ്ടാക്കിയവര്‍ തന്നെ നിര്‍ബ്ബന്ധിതരാവുന്ന സ്ഥിതി വന്നു.

സെന്‍സര്‍ ബോര്‍ഡിനും മീതെയുള്ള സെന്‍സര്‍ ബോര്‍ഡായി സ്വയം കല്‍പിക്കുകയാണ് സംഘപരിവാര്‍. തങ്ങളുടെ ആശയങ്ങളല്ലാത്തതൊന്നും സമൂഹത്തില്‍ പ്രചരിക്കില്ല എന്ന് ഉറപ്പാക്കുകയാണവര്‍. സിനിമ ഒരു വ്യവസായമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് ഉപജീവന മാര്‍ഗമാണത്. അപൂര്‍വമായാണ് സിനിമ വാണിജ്യപരമായി വിജയിക്കുന്നത്. അങ്ങനെ വിജയിക്കുന്ന വേളയില്‍ അതിന്റെ ചിറകരിഞ്ഞാലത്, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളുടെ കൂടി ചിറകരിയലായി മാറും; ജീവിത മാര്‍ഗ്ഗത്തിന്റെ ചിറകരിയലാണത്.

വര്‍ഗീയ വിദ്വേഷം ജനങ്ങളുടെ ജീവിതത്തെത്തന്നെ ഞെരിക്കുന്ന തലത്തിലേക്ക് പടരുകയാണ്. ഇതു തടഞ്ഞേ പറ്റൂ. വര്‍ഗീയ സ്വേച്ഛാധിപത്യ പ്രവണത അതിരുകടക്കുകയാണ്. തങ്ങള്‍ വരയ്ക്കുന്ന വരയ്ക്കുള്ളില്‍ നില്‍ക്കുന്നവര്‍ ജീവിച്ചാല്‍ മതി എന്നയിടത്തേക്കു കാര്യങ്ങള്‍ എത്തുകയാണ്. നരേന്ദ്ര ധബോല്‍ക്കറിന്റെ, ഗോവിന്ദ് പന്‍സാരയുടെ, എം എം കല്‍ബുര്‍ഗിയുടെ, ഗൗരി ലങ്കേഷിന്റെ ജീവനെടുത്തവര്‍; ഫാ. സ്റ്റാന്‍ സ്വാമിയോട് അവര്‍ എന്താണ് ചെയ്തതെന്ന് നമുക്കറിയാം. എം എഫ് ഹുസൈനെപ്പോലെയുള്ള വിശ്വവിഖ്യാത കലാകാരന് ഇന്ത്യയില്‍നിന്ന് ഓടിപ്പോകേണ്ട സ്ഥിതി സൃഷ്ടിച്ചവര്‍. അവര്‍ അരങ്ങുവാഴുകയാണ്.

ഇതൊരു വഴിക്ക്. മറ്റൊരു വഴിക്ക്, തങ്ങളുടേതല്ലാത്ത രാഷ്ട്രീയമുള്ള സംസ്ഥാന ഗവൺമെന്റുകളെ ശ്വാസംമുട്ടിക്കുന്നു. അവിടങ്ങളിലെ ഭരണങ്ങൾക്ക് നിരന്തരം തടസ്സം സൃഷ്ടിക്കുന്നു. തങ്ങള്‍ക്കു വോട്ടു ചെയ്യാത്തതിന്റെ പേരില്‍ അവിടങ്ങളിലെ ജനങ്ങളെ ശിക്ഷിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തോട്, തമിഴ്നാട്ടിലെ ഡി എം കെ ഭരണത്തോട് രാഷ്ട്രീയമായി പകവീട്ടുമ്പോള്‍ സത്യത്തില്‍ ആ പക പൊള്ളിക്കുന്നത് അവിടങ്ങളിലെ ജനകോടികളെയാണ്; അവരുടെ ജീവിതങ്ങളെയാണ്.

ഇത്തരം ജീവന്‍മരണ പ്രശ്നങ്ങളില്‍പോലും കൃത്യമായ രാഷ്ട്രീയബോധ്യത്തോടെ നിലപാടെടുക്കുന്നതിനു പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിയാതെ വരുന്നു. കൃത്യമായ പ്രത്യയശാസ്ത്ര വെളിച്ചത്തില്‍ വ്യക്തമായ നിലപാട് ഇക്കാര്യത്തിലെല്ലാം എടുക്കുന്നത് ഇടതുപക്ഷമാണ്. പൗരത്വ നിയമത്തിന്റെ കാര്യത്തിലായാലും വഖഫിന്റെ കാര്യത്തിലായാലും ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിലായാലും പൊതുമേഖലയുടെ കാര്യത്തിലായാലും സാമ്രാജ്യത്വവിരുദ്ധതയുടെ കാര്യത്തിലായാലും ആഗോളവല്‍ക്കരണത്തിന്റെ കാര്യത്തിലായാലും കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തിലായാലും ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തിലായാലും വര്‍ഗീയ പ്രീണനത്തിന്റെ കാര്യത്തിലായാലും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലായാലും ഓരോ പ്രവണതയും മുന്‍കൂട്ടിക്കണ്ട് രാഷ്ട്രീയ വ്യക്തതയോടെ നിലപാടെടുക്കുന്നതു നമ്മളാണ്.

ബാബറി മസ്ജിദ് തകര്‍ന്നിടത്തു പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം സ്വീകരിച്ചവരെയും എന്തു മനോഭാവം കൈക്കൊള്ളണമെന്നറിയാതെ ഉഴന്നുനിന്നവരെയും നാം കണ്ടു. വഖഫ് നിയമഭേദഗതിയെ അനുകൂലിച്ചവരെയും എന്തു നിലപാട് എടുക്കണമെന്നു നിശ്ചയമില്ലാതെ ഉഴറിനിന്നവരെയും നാം കണ്ടു. ഗാസയിലെ കുഞ്ഞുങ്ങളും സ്ത്രീകളുടക്കമുള്ളവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ഇസ്രയേലിനൊപ്പം നിന്നവരെയും വിദേശ നയമാറ്റത്തെ പഴിക്കാന്‍ മടിച്ചുനിന്നവരെയും നാം കണ്ടു.

മണിപ്പൂരില്‍ മനുഷ്യരക്തം പുഴയായൊഴുകിയ മാസങ്ങളില്‍ അവിടേക്കു തിരിഞ്ഞുനോക്കാതിരുന്നവരെയും ആ വിഷയം പരാമര്‍ശിക്കാന്‍ ബുദ്ധിമുട്ടു പ്രകടിപ്പിച്ചവരെയും നാം കണ്ടു. എന്നാല്‍, ഇക്കൂട്ടരിൽനിന്നും വ്യത്യസ്തമായ നിലപാടാണ് ഇടതുപക്ഷവും സി പി ഐ എമ്മും സ്വീകരിച്ചത്. ഇതിലൊക്കെ കൃത്യമായ നിലപാട് നമുക്കുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ ഉണ്ടായി. ഒരു ചാഞ്ചല്യവുമില്ലാതെ, എത്ര വോട്ടു നഷ്ടപ്പെടും എന്നു കണക്കുകൂട്ടാതെ നമ്മള്‍ കൃത്യമായ രാഷ്ട്രീയാവബോധത്തോടെ, വ്യക്തമായ നിലപാട് എടുത്തുനിന്നു.

ഇതുതന്നെയാണ് സിപിഐ എമ്മിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട ശക്തിയാക്കി നിലനിര്‍ത്തുന്നത്. പാര്‍ലമെന്റിലെയോ നിയമസഭയിലെയോ എണ്ണം കൊണ്ടല്ല സിപിഐ എമ്മിനെ, ഇടതുപക്ഷത്തെ അളക്കേണ്ടത്. ആ ആശയങ്ങള്‍ രാഷ്ട്രത്തിനും ജനതയ്ക്കും പകര്‍ന്നു കൊടുക്കുന്ന വെളിച്ചമാവണം അളക്കാനുള്ള മാനദണ്ഡം. സാമൂഹ്യമാറ്റത്തിന് അതു നല്‍കുന്ന ഊര്‍ജമാവണം യഥാര്‍ത്ഥ അളവുകോല്‍.

ഇന്ത്യാ വേദി രൂപവല്‍ക്കരിക്കുന്നതില്‍, കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങളെ തുറന്നുകാട്ടുന്നതില്‍, തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകളെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതില്‍, മണ്ഡല പുനര്‍നിര്‍ണയം മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം വരെയുള്ളതില്‍ പതിഞ്ഞുനില്‍ക്കുന്ന യഥാര്‍ത്ഥ തന്ത്രം ആദ്യംതന്നെ തുറന്നുകാട്ടുന്നതില്‍ എല്ലാം ഈ പ്രസ്ഥാനം വഹിച്ച പങ്ക് രാജ്യം കണ്ടു.

തൊഴിലില്ലായ്മ രൂക്ഷമാവുന്നതില്‍, കോര്‍പ്പറേറ്റുകള്‍ അതിസമ്പന്നരാവുന്നതില്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതില്‍, കര്‍ഷകര്‍ക്കു ന്യായവില നിഷേധിക്കപ്പെടുന്നതില്‍, സംഘടിത മേഖലയില്‍ നിന്ന് അസംഘടിത മേഖലയിലേക്കു തൊഴിലാളികള്‍ കൂട്ടത്തോടെ തള്ളപ്പെടുന്നതില്‍, പത്തു വര്‍ഷം കൊണ്ട് 16.35 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പകള്‍ കേന്ദ്രം എഴുതിത്തള്ളുന്നതില്‍, നിത്യോപയോഗ സാധനങ്ങളുടെ വില ഇങ്ങനെ വര്‍ദ്ധിക്കുന്നതില്‍, ആദിവാസി – ദളിത് വിഭാഗങ്ങളെ നിഷ്ഠുരമായി ഞെരിച്ചമര്‍ത്തുന്നതില്‍, വര്‍ഗീയ കലാപങ്ങള്‍ വ്യാപിക്കുന്നതില്‍ ഒക്കെയുള്ള രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്തി അവരെ സംഘടിപ്പിച്ചുകൊണ്ട് സമരവീഥികളില്‍ മുന്നേറുന്ന പ്രസ്ഥാനമാണിത്.

ജമ്മു കാശ്മീര്‍ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വെട്ടിമുറിച്ചപ്പോള്‍ അതിനെതിരെ അതിശക്തമായ നിലപാടെടുത്തത് സി പി ഐ എമ്മാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്ന അവിടേക്ക് ആദ്യം കടന്നുചെന്ന ദേശീയ നേതാവ് നമ്മുടെ പ്രിയങ്കരനായ സഖാവ് സീതാറാം യെച്ചൂരിയായിരുന്നു. അവിടെയുള്ള ജനപ്രതിനിധികളെയാകെ വീട്ടുതടങ്കലിലാക്കിയപ്പോള്‍, മുഹമ്മദ് യൂസുഫ് തരിഗാമി എന്ന സിപിഐ എമ്മിന്റെ എം എല്‍ എയെ കാണാന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിതന്നെ അവിടേക്ക് പോയി.

പൗരത്വനിയമം ആവിഷ്കരിച്ചപ്പോള്‍, അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അത് ഇന്ത്യയുടെ മതനിരപേക്ഷതയെ ഇല്ലാതാക്കുമെന്നും അതുകൊണ്ടുതന്നെ വിശാലമായ മതനിരപേക്ഷ പ്രതിരോധമാണ് അതിനെതിരെ ഉയരേണ്ടതെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയ പാര്‍ട്ടിയാണ് സിപിഐ എം. അതിനെതിരെ സുപ്രീം കോടതിയില്‍വരെ പോയ പാര്‍ട്ടിയാണ് സിപിഐ എം. ആ നിയമത്തിനെതിരെ ഡല്‍ഹിയില്‍ അണിനിരന്ന പ്രതിഷേധക്കാരെ ദേശദ്രോഹികളെന്ന് മുദ്രയടിക്കാന്‍ ശ്രമം നടന്നപ്പോള്‍ സമരപ്പന്തലില്‍ പോയി അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാര്‍ട്ടിയാണ് സിപിഐ എം.

ഇന്ത്യന്‍ ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് പകരംവെക്കുന്നതാകും ഇലക്ടറല്‍ ബോണ്ടുകള്‍ എന്നു തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരെ ഏറ്റവും ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐ എം. സുപ്രീം കോടതിയില്‍ പോയി അവ ഭരണഘടനാവിരുദ്ധമാണെന്ന വിധി നേടിയെടുത്ത പാര്‍ട്ടിയാണ് സിപിഐ എം. നോട്ടുനിരോധനം ഇന്ത്യയിലെ സാധാരണക്കാരുടെ നടുവൊടിക്കുമെന്നും അതുകൊണ്ട് കള്ളപ്പണം തടയാന്‍ കഴിയില്ലെന്നും ആദ്യം വ്യക്തമാക്കിയ പാര്‍ട്ടിയാണ് സിപിഐ എം. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഡല്‍ഹിയില്‍ പോയി യൂണിയന്‍ സര്‍ക്കാരിനെതിരെ സമരം നയിച്ചത് സിപിഐ എം നയിക്കുന്ന കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരാണ്. ഇതൊക്കെയാണ് ഈ പാര്‍ട്ടിയെ വ്യത്യസ്തമാക്കുന്നത്.

ഇനി പഴയ കാര്യങ്ങളെടുത്താലോ? അടിയന്തരാവസ്ഥ അമിതാധികാര സ്വേച്ഛാധിപത്യ വാഴ്ചയാവുമെന്ന് ആദ്യം രാജ്യത്തിനു മുന്നറിയിപ്പു നല്‍കിയത് ഈ പ്രസ്ഥാനമാണ്. ഉദാരവല്‍ക്കരണ –ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ ആപത്തിലാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയതും ഈ പ്രസ്ഥാനമാണ്. ഹിന്ദുത്വ വര്‍ഗീയ ശക്തി നവഫാസിസ്റ്റ് മാതൃകയില്‍ കോര്‍പ്പറേറ്റ് ചങ്ങാത്തത്തോടെ ഇന്ത്യയ്ക്കുമേല്‍ പിടിമുറുക്കുന്നു എന്ന് ആദ്യം മുന്നറിയിപ്പു നല്‍കിയതും ഇടതുപക്ഷം തന്നെ.

നമ്മുടെ പ്രസ്ഥാനത്തിന്റെ ഈ വിധത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് നടുനായകത്വം വഹിച്ച മഹാന്മാരായ സഖാക്കളെ നമുക്കു മറക്കാനാവില്ല. ആ നിരയില്‍ മൂന്നുപേര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. സീതാറാം യെച്ചൂരി, ബുദ്ധദേവ് ഭട്ടാചാര്യ, കോടിയേരി ബാലകൃഷ്ണന്‍ എന്നീ സഖാക്കള്‍. ഇവര്‍ മൂവരുടെയും സ്മരണകള്‍ മുന്നോട്ടുള്ള യാത്രയില്‍ നമുക്കു കരുത്താകും.

ഇരുള്‍പടരുന്ന ഇന്ത്യന്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഒരു രജത രേഖയായി വേറിട്ടുനില്‍ക്കുകയാണ് സി പി ഐ എമ്മിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍. അതിദരിദ്ര വിഭാഗങ്ങളെ കണ്ടെത്തി സമയബന്ധിതമായി ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കുന്ന പദ്ധതിയില്‍തന്നെ ഈ വ്യത്യസ്തത തെളിഞ്ഞുകാണാം. പൊതുമേഖലയെ സംരക്ഷിക്കുന്നതിലും പൊതുജനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിലും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ചു നവീകരിക്കുന്നതിലും ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നതിലും, സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തുന്നതിലും, ക്രമസമാധാനപാലനം, വര്‍ഗ്ഗീയ കലാപമില്ലാതാക്കല്‍, പൊതുവികസനവും ക്ഷേമവും ഉറപ്പാക്കല്‍, മാലിന്യമുക്തമാക്കല്‍ തുടങ്ങിയവയിലും ഈ വ്യത്യസ്തത കാണാം. ഉപരോധസമാനമായ കേന്ദ്ര സാമ്പത്തിക വിവേചനമെന്ന വെല്ലുവിളിയെ നേരിട്ടുകൊണ്ടാണ് കേരളം ഇതെല്ലാം സാധ്യമാക്കുന്നത് എന്നതു നാം പ്രത്യേകം കാണണം.

കേരളവും തമിഴ്നാടും ഒരേ പൈതൃകത്തിന്റെ അവകാശികളാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ജനകീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ട പോരാട്ടങ്ങളില്‍ ഒരുമിച്ചുനില്‍ക്കേണ്ടവരാണ് നമ്മള്‍. അനീതികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് പണ്ടുതൊട്ടേ പേരുകേട്ട ഈ മധുരയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ പോരാട്ടങ്ങള്‍ നാം തുടര്‍ന്നുകൊണ്ടുപോകുമെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

രാജ്യമൊട്ടാകെ വലിയ മാറ്റമുണ്ടാക്കുന്നതിനുവേണ്ടി സിപിഐ എം നടത്തുന്ന പോരാട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാനുള്ള ഉത്തരവാദിത്വം പാർട്ടി അംഗങ്ങള്‍ക്കും അനുയായികള്‍ക്കുമുണ്ട്. അതിനായി പാർട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ സമൂഹത്തിലാകെ പ്രചരിപ്പിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള പരിശ്രമങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പുതിയ ദിശാബോധം നല്‍കാനുള്ള വലിയ പ്രചോദനമാണ് സി പി ഐ എമ്മിന്റെ 24–ാം പാര്‍ട്ടി കോണ്‍ഗ്രസ് പകരുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + eight =

Most Popular