Sunday, April 13, 2025

ad

Homeകവര്‍സ്റ്റോറിനാടിന്റെ സുരക്ഷയ്ക്കും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനും ഭീഷണി

നാടിന്റെ സുരക്ഷയ്ക്കും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനും ഭീഷണി

ജെ മേഴ്സിക്കുട്ടിയമ്മ

കാശവും ഭൂമിയും കടലും ഉൾപ്പെടെയെല്ലാം സ്വകാര്യവൽക്കരിക്കുന്ന മോദി സർക്കാർ നയത്തിന്റെ ഭാഗമായി ഏറ്റവും ഒടുവിൽ കടലിലെ ധാതുവിഭവങ്ങളും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. കേരളത്തിന്റെ ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ സമൂഹത്തിനും നമ്മുടെ നാടിനാകെയും കനത്ത തിരിച്ചടിയാകുന്നതാണ് കടൽ മണൽ ഖനനം.

അതിശക്തമായ പ്രതിഷേധം മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നു മാത്രമല്ല, നാടിന്റെ ഭാവിയെ ജനപക്ഷത്തുനിന്നു വീക്ഷിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നു. എന്നാൽ മോദി സർക്കാർ കടൽ ഖനന സ്വകാര്യവൽക്കരണ നയത്തിൽ ഉറച്ചുനിൽക്കുകയാണ്.

2002ൽ കേന്ദ്ര സർക്കാർ The Offshore Mineral (Development & Regulation) Act കൊണ്ടുവന്നു.

2022ൽ കേന്ദ്ര സർക്കാർ The Offshore Areas Mineral (Development & Regulation) Amendment Bill കൊണ്ടുവന്നു. ഈ ഘട്ടത്തിൽ തന്നെ സംസ്ഥാന സർക്കാർ വിയോജിപ്പ് അറിയിച്ചതാണ്. മത്സ്യത്തൊഴിലാളി സമൂഹം പ്രക്ഷോഭത്തിലേക്ക് വന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചുകൊണ്ട് മോദി സർക്കാർ 2023 ആഗസ്ത് 10ന് നിയമം പാസ്സാക്കി. മോദി സർക്കാർ പാർലമെന്റിൽ നിയമം പാസ്സാക്കുന്ന രീതി നമുക്കറിയുന്നതാണ്. അതുകൊണ്ടുതന്നെ അതിന്റെ 2023ലെ വിശദാംശത്തിലേക്ക് പോകുന്നില്ല. നിയമഭേദഗതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം കടൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്. ഓഫ്ഷോർ ഏരിയ മിനറൽസ് നിയമത്തിൽ കൂട്ടിച്ചേർക്കപ്പെട്ട അഞ്ചാം വകുപ്പ് സ്വകാര്യവൽക്കരണ ലക്ഷ്യം നിറവേറ്റി. മുൻപ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യൻ ബ്യൂറോ ഓഫ് മെെൻസ്, ആറ്റമിക് മിനറൽ ഡയറക്ടറേറ്റ് എന്നീ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിരുന്നു ഓഫ്ഷോർ പര്യവേക്ഷണങ്ങളും ഖനനവും നടന്നുവന്നിരുന്നത്. എന്നാൽ, 2023ൽ കൊണ്ടുവന്ന നിയമ ഭേദഗതി വഴി ഈ അധികാരം സ്വകാര്യമേഖലയ്ക്ക് കൂടി നൽകിയിരിക്കുന്നു. ഓഫ്ഷോർ ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ട ആക്ടിന്റെ ഭേദഗതിയിൽ പാരിസ്ഥിതിക ഘടകത്തെക്കുറിച്ച് പരിഗണിക്കുന്നതേയില്ല. ആകെ നടന്നു എന്നു പറയുന്ന പഠനമാകട്ടെ, കടലിൽ എവിടെയൊക്കെ മണൽശേഖരവും ധാതുവിഭവങ്ങളും ഉണ്ട് എന്നതിനെക്കുറിച്ചുമാണ്. ഇതിന്റെ ഭാഗമായാണ് കേരള തീരത്ത് 3 ബ്ലോക്കുകളിലായി 79 ദശലക്ഷം ടൺ കൺസ്ട്രക്ഷൻ ട്രേഡ് സാൻഡ് കണ്ടെത്തിയിട്ടുള്ളത്. അതല്ലാതെ ഇതു ശേഖരിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതമോ സാമൂഹിക ആഘാത പഠനമോ നടന്നിട്ടില്ല. ഈ ബ്ലോക്കുകളുടെ ലേലത്തിനുശേഷം ലേലം ലഭിക്കുന്നവർ നിശ്ചയിക്കുന്ന ഏജൻസി പഠനം നടത്തുമെന്നാണ് കേന്ദ്ര ഗവൺമെന്റിന്റെ നിലപാട്. ഇതു കള്ളനെ കാവൽ ഏൽപിക്കുന്നതിന് തുല്യമായിരിക്കും.

എന്നാൽ, ഈ വിഷയത്തിൽ കേരള സർവകലാശാല പഠനം നടത്തിയിട്ടുണ്ട്. ആ പഠനത്തിൽ മത്സ്യസമ്പത്തിനെയും ആവാസ വ്യവസ്ഥയെയും പരിഹരിക്കാൻ കഴിയാത്ത തരത്തിൽ തകരാറിലേക്ക് ആഴക്കടൽ ഖനനം നയിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

മാംസ്യ സ്രോതസ്സായ മത്സ്യത്തിന്റെ ലഭ്യതക്കുറവ് പൊതുജനാരോഗ്യത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കും. കടലിന്റെ അടിത്തട്ടിൽ അധിശോഷണാവസ്ഥയിൽ അടിഞ്ഞുകൂടിയ വിഷവാതകങ്ങളെ സ്വതന്ത്രമാക്കുന്നതിന് ഖനനം ഇടയാക്കും. ഇത് കടൽ ജലത്തിന്റെ മലിനീകരണത്തിനും തന്മൂലം മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽ ജീവികളുടെ വ്യാപകമായ നാശത്തിനും കാരണമാകും. ഖനനംമൂലം കടൽ ജലം കലങ്ങുന്നത് കടലിലെ പ്രകാശിത മേഖലയുടെ ശോഷണത്തിനിടയാക്കും. കടലിലെ പ്രകാശ സംശ്ലേഷണത്തിന്റെ തോത് (പ്രാഥമിക ഉൽപാദനം) ഗണ്യമായി കുറയ്ക്കുകയും ചെയ്യും. കടലിലെ പ്രാഥമിക ഉൽപാദനമാണ് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സകല ജന്തു – സസ്യ ജീവജാലങ്ങളുടെയും നിലനിൽപ്പിനുള്ള ആധാരം. അതിനാൽ കടൽ വെള്ളത്തിലെ കലക്കൽ മത്സ്യലഭ്യതയെ മാത്രമല്ല കടലിന്റെ ആവാസവ്യവസ്ഥയെതന്നെ തകർക്കും.

കേരള തീരം വിശേഷിച്ച് വർക്കല മുതൽ ആലപ്പുഴ വരെ നീണ്ടുകിടക്കുന്ന ‘‘ക്വയിലോൺ ബാങ്ക്’’ എന്നറിയപ്പെടുന്ന, മത്സ്യ സമ്പത്തിനാൽ സമ്പുഷ്ടമായ മേഖലയിൽ നിന്നാണ് കേരളത്തിൽ ആകെ ലഭ്യമായ കയറ്റുമതി പ്രാധാന്യമുള്ള ചെമ്മീനിന്റെ 35ശതണാനവും ലഭ്യമാകുന്നത്. ഇവിടെ തന്നെയാണ് ആദ്യത്തെ ഖനനാനുമതി നൽകിയിരിക്കുന്നത് എന്നത് കേരളത്തിന്റെ കയറ്റുമതി മേഖലയെയും അതുവഴി കേരള സമ്പദ്-വ്യവസ്ഥയെതന്നെയും സാരമായി ബാധിക്കുമെന്നതാണ് ഫലം.

ഇതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വൻകിട കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുക എന്നതു മാത്രമാണ് മോദി സർക്കാരിന്റെ മുൻഗണന.

കേരളത്തിനാകട്ടെ, നമ്മുടെ സമ്പദ്-വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് മത്സ്യമേഖല. ലോകത്തിലെതന്നെ ഏറ്റവും ഫലഭൂയിഷ്ടമായതും ജെെവവെെവിധ്യത്താൽ സമ്പന്നമായതും സമൃദ്ധമായതുമാണ് നമ്മുടെ തീരമേഖല. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന നീല സമ്പദ്-വ്യവസ്ഥ പദ്ധതി, ആർക്കും യഥേഷ്ടം കടന്നുവരാനും കടൽ സമ്പത്ത് ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കുന്നതിനുമുളള വഴിതുറന്നിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക–സാമ്പത്തിക ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച നീല സമ്പദ്-വ്യവസ്ഥ ഇന്ന് തൊഴിലാളികളുടെ ദുരന്തത്തിന് അടിത്തറപാകുകയാണ്.

ഇതോടൊപ്പം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ലയുടെ ചില പ്രദേശങ്ങളിലും കാണപ്പെടുന്ന കരിമണൽ വില പിടിപ്പുള്ള Rare Earth Elements (REE) കൊണ്ട് സമ്പുഷ്ടമാണ്. Titatinum Dioxide മാത്രമല്ല പ്രതിരോധാവശ്യങ്ങൾക്കുപയോഗിക്കുന്ന തോറിയം, യുറേനിയം തുടങ്ങിയ വിലമതിക്കാനാവാത്ത മൂലകങ്ങളും കരിമണലിലുണ്ട്. മാത്രമല്ല Areospaceന് ആവശ്യമുള്ള മൂലകങ്ങളും ഈ കരിമണലിൽനിന്നും ലഭ്യമാണ്. കോടിക്കണക്കിന് രൂപ വില വരുന്ന ധാതുവിഭവങ്ങളുടെ കലവറയായ കൊല്ലം തീരദേശത്തെ മണൽ ഖനനം ധാതുഖനനത്തിലേക്കാണ് നീങ്ങുന്നത്; രാജ്യസുരക്ഷയെപോലും ബാധിക്കുന്ന പ്രശ്നങ്ങളും ഈ ഖനനാനുമതിയിൽ ഉൾച്ചേർന്നിരിക്കുന്നു എന്നത് ഖനനരംഗത്തെ സ്വകാര്യവൽക്കരണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. നാളിതുവരെ സംസ്ഥാന––കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കെഎംഎംഎല്ലിനും ഐആർഇക്കും മാത്രമേ ഖനനാനുമതി ഉണ്ടായിരുന്നുള്ളൂ. സ്വകാര്യമേഖലയ്ക്ക് നാളിതുവരെ ഖനനാനുമതി നൽകാത്ത ധാതുവിഭവങ്ങളെയും കുത്തകകൾക്ക് തീറെഴുന്നുന്നത് കെഎംഎംഎല്ലിന്റെയും ഐആർഇയുടെയും നിലനിൽപ്പിനെ ബാധിക്കും. ചുരുക്കത്തിൽ കടൽ ഖനനം നടത്താൻ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകുന്നത് നാടിന്റെ സുരക്ഷയ്ക്കും മത്സ്യ തൊഴിലാളികളുടെ നിലനിൽപ്പിനും വെല്ലുവിളികൾ ഉയർത്തുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ചേ മതിയാകൂ. മോദി സർക്കാർ ഈ നയം തിരുത്തുംവരെ ശക്തമായ പ്രക്ഷോഭം കേരളത്തിൽ ഉയർത്തിക്കൊണ്ടുവരണം. അതിനായി നമുക്ക് ഒരുമിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular