Monday, April 14, 2025

ad

Homeകവര്‍സ്റ്റോറികേരളത്തിലെ 
കടൽ മണലും ഖനനവും 
ഒരു ജിയോളജിക്കൽ വിശകലനം

കേരളത്തിലെ 
കടൽ മണലും ഖനനവും 
ഒരു ജിയോളജിക്കൽ വിശകലനം

പ്രൊഫ. ഇ. ഷാജി (പ്രൊഫസർ, ജിയോളജി വിഭാഗം, കേരള സർവകലാശാല)

ടൽമണൽ ഖനനത്തിനെതിരെ കേരള തീരത്താകെ പ്രതിഷേധത്തിന്റെ അലയടികൾ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ കടൽ മണൽ നിക്ഷേപത്തെക്കുറിച്ച് ജിയോളോജിക്കൽ ആയി ഒന്ന് പരിശോധിക്കാം.

കേരളത്തിൽ നല്ല നിലവാരമുള്ള മണലിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. മണലിന്റെ ദൗർലഭ്യംമൂലം നിർമാണ വ്യവസായം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു എന്നുള്ളത് നമുക്കെല്ലാം അറിയാം. നമ്മുടെ നദികളുടെ ഇപ്പോഴത്തെ അവസ്ഥയെ മുൻനിർത്തി പാരിസ്ഥിതിക വീക്ഷണകോണിൽ നിന്ന് നദി മണൽ ഖനനം സുസ്ഥിരമല്ല എന്ന് വ്യക്തമാണ്. ഈ സ്ഥിതി നിലനിൽക്കുമ്പോഴാണ് നിർമ്മാണ ഗ്രേഡ് മണലിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മറൈൻ & കോസ്റ്റൽ സർവേ ഡിവിഷൻ കേരളത്തിന്റെ കടൽത്തീരത്തുള്ള മണൽ ശേഖരത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുത്തത്.

കേരള സർക്കാരും കടൽ മണൽ സ്രോതസ്സുകൾ പോലെയുള്ള ഇതര മണൽ വിഭവങ്ങൾ കണ്ടെത്തുന്നതിൽ അതീവ താൽപര്യം പ്രകടിപ്പിച്ചു.

എന്താണ് മണൽ?
നദികൾ മണൽ ഉൽപ്പാദിപ്പിക്കുന്നില്ല, എന്നാൽ നദികളുടെയും നദീതടങ്ങളുടെയും തീരങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ ഒരു വസ്തുവാണ് നദീമണൽ. നമ്മുടെ മണലിന്റെ ഉറവിടം പശ്ചിമ ഘട്ടത്തിലെ പാറകളാണ്. ആയിരക്കണക്കിന്/ലക്ഷക്കണക്കിന് വർഷങ്ങളായി ഈ പാറകളും ധാതുക്കളും പൊടിഞ്ഞു തുടർച്ചയായ മണ്ണൊലിപ്പ് വഴി നദിയിൽ എത്തി ദീർഘദൂരം സഞ്ചരിച്ചാണ് മണൽ രൂപംകൊള്ളുന്നത്. പ്രകൃതിദത്തമായ കാലാവസ്ഥാ പ്രക്രിയകൾ കാരണം, നദീമണൽ വൃത്താകൃതിയിലുള്ള തരികൾ ആകുന്നു, അതിനാൽ നിർമാണ പ്രവർത്തനങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

കോൺക്രീറ്റ് മിശ്രിതങ്ങൾ മുതൽ കല്‍പ്പണി വരെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിർണായക നിർമാണ വസ്‍തുവാണ്‌ ഈ മണൽ . ഏറ്റവും നല്ല മണൽ എന്നു പറയുന്നത് 0.2 എംഎം മുതൽ 2 മില്ലിമീറ്റർ വരെ വലുപ്പമുള്ള തരികൾ ആണ്.

കടലിൽ ഈ മണൽ 
എങ്ങനെ എത്തുന്നു?
പശ്ചിമ ഘട്ടത്തിൽ നിന്നും ഉത്ഭവിച്ച-്- പടിഞ്ഞാറോട്ടൊഴുകി അറബി കടലിൽ പതിക്കുന്ന എല്ലാ നദികളും എക്കലും മണലും തീരത്ത്- എത്തിക്കുന്നു.

ഒരു നദി കടലിൽ എത്തിച്ചേരുമ്പോൾ, അത് ഒഴുക്കിക്കൊണ്ട് വരുന്ന അവശിഷ്ടത്തിന്റെ (sediments) ഭൂരിഭാഗവും വേഗത്തിൽ അവിടെ നിക്ഷേപിക്കുന്നു. അങ്ങനെ മണൽ ചതുപ്പുകൾ രൂപപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ 10000 മുതൽ 4000 വർഷങ്ങൾക്കിടയിൽ ഇത്തരം ധാരാളം മണൽ ചതുപ്പുകളും,തിട്ടകളും കടൽ തീരത്തു എത്തിക്കുമായിരുന്നു. അന്ന് അറബിക്കടലിന്റെ തീരം ഇന്നത്തെക്കാളും 10 മുതൽ 30 കിലോമിറ്റർ വരെ സമുദ്രത്തിന്റെ ഉള്ളിലേക്കായിരുന്നു . ജലനിരപ്പ് 20 മുതൽ 50 മീറ്റർ വരെ താഴെ ആയിരുന്നു. അത്തരത്തിലുള്ള പുരാതന തീരപ്രദേശങ്ങളെ Paleo strandlines, or ancient shorelines എന്നാണ് അറിയപ്പെടുന്നത്. ഈ മണൽ രൂപങ്ങൾ പാലിയോ-സ്ട്രാൻഡ്‌ലൈനുകളെ അല്ലെങ്കിൽ പണ്ടത്തെ നദീ മുഖത്തെ പ്രതിനിധീകരിക്കുന്നു. ഇവ രൂപാന്തരപ്പെട്ടത്- ഹോളോസീൻ യുഗത്തിൽ (Holocene period) ൽ സംഭവിച്ച കടലിറക്കവും കടൽ കയറ്റവുമായി ബന്ധപ്പെട്ടാണ്.

പാലിയോ സ്‌ട്രാൻഡ്‌ലൈനുകൾ അല്ലെങ്കിൽ പുരാതന തീരപ്രദേശങ്ങൾ, സമുദ്രനിരപ്പ് സ്ഥിരതയുള്ള കാലഘട്ടങ്ങളിൽ രൂപംകൊണ്ട അവശിഷ്ട തീരദേശ ഭൂരൂപങ്ങളാണ്. പലപ്പോഴും മണൽ നിക്ഷേപങ്ങളും മറ്റ് തീരദേശ ഭൂപ്രകൃതികളും മുൻകാല പരിതഃസ്ഥിതികളെക്കുറിച്ചും സമുദ്രനിരപ്പിലെ മാറ്റങ്ങളെക്കുറിച്ചുമുള്ള സൂചനകൾ നൽകുന്നു.

അങ്ങനെ കഴിഞ്ഞ ഏതാനും വർഷങ്ങളായി GSI-യുടെ മറൈൻ ആൻഡ് കോസ്റ്റൽ സർവേ വിഭാഗം കേരള തീരത്തു നടത്തിയ സർവ്വേ ഇത്തരം കടൽ മണൽ കൂനകളെ കണ്ടെത്തി. സംശയമുള്ള സ്ഥലങ്ങളിൽ ഗ്രാബ് സാംപ്ലറും വൈബ്രോ-കോററും ഉപയോഗിച്ച് ശേഖരിച്ച സാമ്പിൾ പരിശോധിച്ചതു വഴി അഞ്ച്- വാഗ്ദാനപ്രദമായ മേഖലകൾ കണ്ടെത്തി (ചിത്രം1 കാണുക). അവ പൊന്നാനി സെക്ടർ, ചാവക്കാട് സെക്ടർ, ആലപ്പുഴ സെക്ടർ, കൊല്ലം നോർത്ത് സെക്ടർ, കൊല്ലം സൗത്ത് സെക്ടർ എന്നിവ ആണ്. ഈ അഞ്ച് മേഖലകളിലാണ് മണലിന്റെ റിസോഴ്സ് GSI എസ്റ്റിമേറ്റ് ചെയ്തത്.

ചിത്രത്തിൽ ഇപ്പോഴത്തെ തീരം, bathymetry കോൺടൂർ (സമുദ്രത്തിന്റെ ആഴവും അടിത്തട്ടിലുള്ള ഭൂപ്രകൃതിയും), കടൽ മണൽ ധാരാളം ഉള്ള സ്ഥലങ്ങൾ, ടെറിറ്റോറിയൽ വാട്ടർ (TW ) എന്നിവ കാണാം. ഇതിൽ കൊല്ലം ബ്ലോക്ക് ഒഴികെ, പൊന്നാനി സെക്ടർ, ചാവക്കാട് സെക്ടർ, ആലപ്പുഴ സെക്ടർ, എന്നിവ ടെറിറ്റോറിയൽ വാട്ടറിനുള്ളിലാണ് എന്നു കാണാം.

TW ഉള്ളിൽ എല്ലാ സാധാരണ ഖനന പ്രവർത്തനങ്ങളും (ഓഫ്‌ഷോർ CRZ-നുള്ളിൽ) നിരോധിച്ചിരിക്കുന്നു. ഇതിനർത്ഥം തന്ത്രപ്രധാനമായ ധാതുക്കളും എണ്ണയും വാതകവും ഒഴികെയുള്ള എല്ലാ ഖനനവും നിരോധിച്ചിരിക്കുന്നു എന്നാണ്.

2014 ൽ GSI പുറത്തുവിട്ട റിപ്പോർട്ടിൽ അഞ്ച് മേഖലകളിൽ GSI ശാസ്ത്രീയമായി മണലിന്റെ നിക്ഷേപം കണക്കാക്കിയതായി കാണിക്കുന്നു. ഓരോ ബ്ലോക്കിലുമുള്ള വിഭവകണക്കുകൾ ചുവടെ ചേർക്കുന്നു.

സെക്ടർ കണക്കാക്കപ്പെടുന്ന മണൽനിക്ഷേപം (മില്യൺ ടൺ കണക്കിൽ) ജല ആഴം (മീറ്റർ) തീരത്തുനിന്നുള്ള അകലം (കിലോമീറ്റർ
പൊന്നാനി 597 20 10
ചാവക്കാട്‌ 202 25 13
ആലപ്പുഴ 742 20 11
കൊല്ലം വടക്ക്‌ 343 50 29
കൊല്ലം തെക്ക്‌ 146 40 12

Data Source: AC Dinesh et al.,2014, Geological Survey of India
ഇത് അടിസ്ഥാന രേഖയായി കണക്കാക്കിയും, പിന്നീട് GSI നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്‌ഥാനത്തിലും, കേന്ദ്ര ഖനി മന്ത്രാലയം 2024 നവംബർ 28-ന് 13 ഓഫ്‌ഷോർ ഏരിയകളിലെ മിനറൽ ബ്ലോക്കുകൾക്കുള്ള മൈനിങ് ലൈസൻസ് കൊടുക്കുന്നതിനുള്ള ടെൻഡർ അറിയിപ്പ് (NIT) പുറപ്പെടുവിച്ചു. ഈ 13 ബ്ലോക്കുകളിൽ 3 എണ്ണം ഗുജറാത്ത് തീരത്തുള്ള കുമ്മായം ചെളി, 3 എണ്ണം കേരളാ തീരത്തുള്ള നിർമ്മാണ മണൽബ്ലോക്കുകൾ, പിന്നെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തീരത്തുള്ള 7 പോളിമെറ്റാലിക് നോഡ്യൂളുകളുടെ ബ്ലോക്കുകൾ എന്നിവയാണ്.

GSI പിന്നീട് ടെറിട്ടോറിയൽ വാട്ടറിനു പുറത്തുള്ള കൊല്ലം ബ്ലോക്ക് നെ കുറിച്ച് വിശദമായ പഠനം നടത്തി. അതിനായി 1 :50000 സ്കെയിൽ bathymetry മാപ് , seismic survey @2 km interval , 2kmx2km ഇടവേളയിൽ മണൽ സാംപിളുകൾ, sedimentological and mineralogical, chemical പരിശോധനകൾ നടത്തുകയുണ്ടായി.

കൊല്ലം മണൽ ബ്ലോക്ക്‌ സ്റ്റാൻഡേർഡ്‌ ബ്ലോക്കുകൾ മണൽ നിക്ഷേപം (മില്ല്യൺ ടണ്ണിൽ) മണൽ % (ശരാശരി) ജല ആഴം (മീറ്റർ) തീരത്തു നിന്നുള്ള അകലം (കിലോമീറ്റർ
1 23 100.33 24‐93% (%56) 53.3 to 62.5 33
2 23 100.64 17‐87% (53) 48.4 to 61.4 30
3 25 101.45 23‐97 (49) 49.3 to 59 27

ഈ സർവേയുടെ അടിസ്ഥാനത്തിൽ മൂന്ന് സാൻഡ് ബ്ലോക്ക് കടൽ മൈനിങ് നു വേണ്ടി ശുപാർശ ചെയ്തു. അതിന്റെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.

ഓരോ ബ്ലോക്കിൽ നിന്നും കടൽ അടിത്തിട്ടയിൽ നിന്നും 2 മീറ്റർ ആഴത്തിലാണ് ഖനനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

മൈനിങ്ങിനു മുമ്പ് കൂടുതൽ പര്യവേക്ഷണ ആവശ്യകതകളുണ്ട് എന്ന് GSI ചൂണ്ടിക്കാട്ടുന്നു.

മൾട്ടിബീം സർവേ,1:5,000 സ്കെയിൽ ബാത്തി മാപ്പ് തയ്യാറാക്കുക, 1kmx1km ഇടവേളയിൽ മണൽ സാംപിളുകൾ ശേഖരിക്കുക, കൂടുതൽ രാസ ശാസ്ത്രീയ പരിശോധനകൾ നടത്തുക എന്നിവയാണ്.

നിലവിലെ കടലിലെ മണൽ ഖനന രീതികളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. 1 . പ്ലെയിൻ സക്ഷൻ ഡ്രെഡ്ജുകൾ 2 . റോട്ടറി കട്ടർ ഡ്രെഡ്ജുകൾ 3 . ബക്കറ്റ് ഡ്രെഡ്ജുകൾ. ആധുനിക രീതിയിലുള്ള ഖനന രീതികൾ അവലംബിക്കുമോ എന്നുള്ളതിൽ വ്യക്തതയില്ല.

കൊല്ലം പരപ്പ് ലേലത്തിനായി നിശ്ചയിച്ചിരിക്കുന്ന മണൽ ബ്ലോക്കുകളിൽ നിന്ന് ജിയോളജിക്കലായി തികച്ചും വ്യത്യസ്തമാണ്. കടലിന്റെ അടിത്തട്ടിലെ ജലത്തിന്റെ ആഴവും അവിടെയുള്ള മണ്ണിന്റെ തരവും മത്സ്യബന്ധനത്തിന് വളരെ നിർണ്ണായകമായ ഘടകങ്ങളാണ്, ഇവ രണ്ടും വ്യത്യസ്തമാണ്. കൊല്ലം പരപ്പ് ഏകദേശം 265 മീറ്ററിനും 370 മീറ്ററിനും ഇടയിലുള്ള ജല ആഴത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ മണൽ ബ്ലോക്കുകൾ 48 മീറ്ററിനും 63 മീറ്ററിനും ഇടയിലാണ്. കൊല്ലം പരപ്പിലെ മൺതിട്ട എന്നു പറയുന്നത് ചുണ്ണാമ്പുകല്ല് പോലുള്ള സുഷിരമുള്ള പാറയാണ്, എന്നാൽ മണൽ ബ്ലോക്കുകളിൽ ഇത് പ്രധാനമായും നദീ മണൽ ആണ്.

പരിസ്ഥിതി ആശങ്കകൾ താഴെ പറയുന്നവയാണ്:
l മറൈൻ ബെന്തിക് ബയോട്ട- എങ്ങനെ ബാധിയ്ക്കുന്നു
l തീരപ്രദേശവും മത്സ്യബന്ധനവും – എന്തെല്ലാമാണ് പ്രത്യാഘാതങ്ങൾ
l തീരദേശ മണ്ണൊലിപ്പ്- – ബാധിക്കുമോ
l ഖനനമേഖലയിലെ നിലവിലെ പരിഷ്കരണം, അനുബന്ധ പ്രശ്നങ്ങൾ – എന്നിവയെ സംബന്ധിച്ച ഒരു പഠന റിപ്പോർട്ടും ഇപ്പോൾ നിലവിലില്ല
l മത്സ്യ ഉത്പാദനം- – വലിയ പ്രശ്നമാണ്
 ശബ്ദമലിനീകരണം- – ബാധിക്കുമോ
l ടർബൈഡിറ്റി– – എന്തെല്ലാമാണ് പ്രത്യാഘാതങ്ങൾ

മേല്പറഞ്ഞ കാര്യങ്ങളിൽ data യുടെ പിൻബലത്തോടെ ഒരു ശാസ്ത്രീയ പഠനവും പൂർത്തിയാക്കിയിട്ടില്ല. EIA സ്റ്റഡീസ് നല്ല അക്രെഡിറ്റഡ് ഏജൻസികൾ നടത്തേണ്ടതായിട്ടുണ്ട്. സർവകലാശാലകളിലേ വിജ്ഞാനവും പ്രാഗൽഭ്യവും ഈ സംരംഭത്തിൽ നന്നായി പ്രയോജനപ്പെടുത്തണം.

നാം ഇപ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇതിന്റെ ബദൽ നിർദേശം എന്ത് എന്നുള്ളതാണ്. കേരളാ തീരത്തുള്ള മണൽ നിക്ഷേപം വളരെ മൂല്യമുള്ളതായതിനാകലും ഇപ്പോൾ ടെൻഡർ ചെയ്ത ബ്ലോക്കുകൾ ടെറിറ്റോറിയൽ വാട്ടറിനു പുറത്തായതിനാലും ഈ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധ്യത കൂടുതലാണ്. കേരളത്തിന്റെ അവകാശം, മത്സ്യത്തൊഴിലാളികളുടെ അവകാശം , കടലിന്റെ ആവാസവ്യവസ്ഥ എന്നിവ പരിപൂർണമായും സംരക്ഷിക്കപ്പെ ടണം. ഇതിനായി കൂട്ടായ ചർച്ച വളരെ അത്യാവശ്യമാണ്. കേരള സർവകലാശാല ഇതിനായി ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഒരു സംവാദം സംഘടിപ്പിക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular