Tuesday, April 15, 2025

ad

Homeകവര്‍സ്റ്റോറികടൽ മണലിന്റെ 
അവകാശികൾ

കടൽ മണലിന്റെ 
അവകാശികൾ

ഡോ. കെ വി തോമസ്

സാമ്പത്തിക വളർച്ചമാത്രം മുന്നിൽ കണ്ടുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ ലഭ്യതയോ, മനുഷ്യന്റെ ആവശ്യമെത്രയെന്നോ വിലയിരുത്താതെ കരയിലെ വിഭവങ്ങൾ ലാഭേച്ഛ നോക്കി മാത്രം ചൂഷണം ചെയ്യുന്നതിലൂടെ വിഭവ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ ലോകം എത്തിനിൽക്കുകയാണ്. സമുദ്ര വിഭവ സമ്പത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഇതു കാരണമായി. രാജ്യങ്ങൾക്ക് കടലിലും കടലിലെ വിഭവങ്ങളിലുമുള്ള അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് തുടക്കംകുറിച്ചു. രാജ്യത്തിന് അധികാരപ്പെട്ട സമുദ്ര മേഖലയെക്കുറിച്ചും കപ്പൽ ഗതാഗതം, എണ്ണ – പ്രകൃതി വാതകം, മത്സ്യസമ്പത്ത്, കടലിന്റെ അടിത്തട്ടിലുള്ള വിഭവങ്ങൾ തുടങ്ങിയവയിന്മേലുള്ള അവകാശം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുമാണ് പ്രധാനമായും ചർച്ചകൾ കേന്ദ്രീകരിച്ചിരുന്നത്. ചർച്ചകൾ തുടങ്ങിയ കാലത്ത് കടലിലെ സമ്പത്തിനെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. ഇന്നും സ്ഥിതിക്കു വലിയ വ്യത്യാസം വന്നിട്ടില്ല. ഭൂമിയുടെ 70%ത്തിലധികം വരുന്ന സമുദ്രത്തിലെ വിഭവങ്ങളുടെ വിലയിരുത്തൽ അത്ര എളുപ്പമല്ലല്ലോ. ഈ ചർച്ചകളുടെ ഫലമായാണ് ഐക്യരാഷ്ട്രസഭയുടെ കടൽ നിയമം (United Nations Convention on the Law of the Sea) 1982ൽ നിലവിൽ വന്നത്. ഇന്ത്യ ഈ ഉടമ്പടിയിൽ ചേർന്നത് 1994ൽ ആണ്. കടൽ നിയമമനുസരിച്ച് തീരത്തോടു ചേർന്നുള്ള 12 നോട്ടിക്കൽ മെെൽ കടൽ മേഖലയിൽ (അതിർത്തിക്കടൽ) അതതു രാജ്യങ്ങൾക്കാണ് പരമാധികാരം. 200 നോട്ടിക്കൽ മെെൽ വരെയുള്ള കടൽ മേഖല (സമ്പൂർണ സാമ്പത്തിക മേഖല) യിലെ വിഭവങ്ങളുടെ മേൽ അതതു രാജ്യങ്ങൾക്ക് ഇൗ സമ്പൂർണ്ണാധികാരമുണ്ട്. സമ്പൂർണ്ണ സാമ്പത്തിക മേഖലക്കും അപ്പുറമുള്ളതാണ്, അന്താരാഷ്ട്ര കടൽ അഥവാ വൻകടൽ. ഈ മേഖലയിലെ വിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. കടൽ നിയമത്തിൽ വൻകടലിലെ വിഭവം ഖനനം ചെയ്തെടുക്കുന്നതിന് ചില നിബന്ധനകൾ അന്താരാഷ്ട്ര കടൽത്തട്ട് അതോറിറ്റി വഴി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ അതോറിറ്റി അനുവദിച്ചുകൊടുക്കുന്ന മേഖലയിലേ ഖനനം നടത്താവൂ. ഇന്ത്യക്കു രണ്ടു മേഖലകൾ ആഴക്കടൽ ഖനനത്തിനായി ഇന്ത്യൻ സമുദ്രത്തിൽ അനുവദിച്ചു നൽകിയിട്ടുണ്ടെങ്കിലും ഖനനം ഇനിയും വളരെ അകലെയാണ്.

തീര – തീരക്കടൽ മേഖലയിലെ പ്രവർത്തനവും ഉപയോഗവും നിയന്ത്രിക്കുന്ന ഇന്ത്യയുടെ തീരദേശ നിയമത്തിന് (CRZ) നമുക്ക് സമ്പൂർണ്ണ അധികാരമുള്ള അതിർത്തിക്കടലിൽ വരെ മാത്രമേ പ്രാബല്യമുള്ളൂ. ഇന്ത്യക്ക് അവകാശപ്പെട്ട കടലിൽ ധാതു പര്യവേക്ഷണം വർഷങ്ങളായി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട‍്. ആ പര്യവേക്ഷണത്തിലാണ് കടലിന്റെ അടിത്തട്ടിൽ കൊല്ലം, പൊന്നാനി, ചാവക്കാട് തുടങ്ങിയ ഭാഗങ്ങളിൽ നിർമാണ ഗ്രേഡിലുള്ള മണൽശേഖരം കണ്ടെത്തിയത്. അതിൽ കൊല്ലം ഭാഗത്തെ കടലിൽ കണ്ടെത്തിയിട്ടുള്ള മണൽ ശേഖരമാണ് ഇപ്പോൾ ഖനനം ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കടൽ മേഖലകളിൽ രാജ്യങ്ങൾക്കുള്ള അവകാശങ്ങളെക്കുറിച്ച് ധാരണയും അന്താരാഷ്ട്ര ഉടമ്പടിയും രൂപീകൃതമാവുന്നതോടൊപ്പം സമുദ്ര വിഭവങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനുള്ള പര്യവേക്ഷണങ്ങളും നിരന്തരം നടന്നുകൊണ്ടിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും വികസിക്കുന്നതിനോടൊപ്പം ഈ പര്യവേക്ഷണങ്ങൾക്കും ആക്കംകൂടി. സമുദ്രത്തിന്റെ വിപുലമായ വിഭവ സാദ്ധ്യതയെക്കുറിച്ചുള്ള അറിവ് വർദ്ധിച്ചതോടൊപ്പം സാമ്പത്തിക വികസനത്തിനായി ഇവയെ എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നതിനെക്കുറിച്ചുമുള്ള ആലോചന ലോകരാജ്യങ്ങൾക്കിടയിൽ ശക്തമായി. ‘നീല സമ്പദ്-വ്യവസ്ഥ’ എന്ന ആശയം ബെൽജിയം സാമ്പത്തിക വിദഗ്ദ്ധനായ ഗുണ്ടർ പൗളി മുന്നോട്ടുവെച്ചു. സാമ്പത്തിക വികസനത്തെ ഹരിത സമ്പദ്-വ്യവസ്ഥയിൽനിന്ന് നീല സമ്പദ്-വ്യവസ്ഥയിലേക്ക് വിപുലീകരിക്കുക എന്ന ആശയം 2012ൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിൽ ചർച്ച ചെയ്യുകയുണ്ടായി. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയും നീല സമ്പദ്-വ്യവസ്ഥാ വികസന പദ്ധതികൾക്ക് തുടക്കംകുറിച്ചു. അതിന്റെ ഭാഗമായി നിലവിലുള്ള വൻകിട – ചെറുകിട തുറമുഖങ്ങളുടെ വികസനവും പുതിയ വൻകിട തുറമുഖങ്ങളുടെ നിർമാണവും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണവും റോഡുകളോടനുബന്ധിച്ച് വികസന ഇടനാഴികളും സ്ഥാപിക്കുക എന്ന ‘സാഗർമാല’ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. ഇപ്പോൾ മുന്നോട്ടുകൊണ്ടുവന്നിട്ടുള്ള കടൽ മണൽ ഖനനവും നീല സമ്പദ്-വ്യവസ്ഥ പദ്ധതികളിലൊന്നാണ്.നീല സമ്പദ്-വ്യവസ്ഥാ 
പദ്ധതികൾക്ക് 
 സജ്ജരാണോ?
കടലിന്റെ അവകാശികൾ
കടൽ മേഖലയിൽ രാജ്യങ്ങൾക്കുള്ള അവകാശങ്ങളെക്കുറിച്ച് ഉടമ്പടികളും നിയമങ്ങളും അംഗീകരിക്കപ്പെട്ടെങ്കിലും അതതു രാജ്യങ്ങളിൽ കടലിന്റെ അവകാശികൾ ആരെന്നതിനെക്കുറിച്ചും അതിലെ വിഭവങ്ങളിലെ പ്രഥമ അവകാശികൾ ആരെന്നതിനെക്കുറിച്ചും ഗൗരവമായ ചർച്ചകൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നീല സമ്പദ്-വ്യവസ്ഥയെക്കുറിച്ചുള്ള രേഖകളിലും ഉപജീവനത്തെക്കുറിച്ചുള്ള രേഖകളിലുമൊക്കെ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ഉപജീവനാവകാശങ്ങളെ നിലനിർത്തിയും സംരക്ഷിച്ചുകൊണ്ടും വേണം സമുദ്രവുമായി ബന്ധപ്പെട്ട എല്ലാ വികസന പ്രവർത്തനങ്ങളും നടത്തേണ്ടത് എന്നു പറയുന്നുണ്ടെങ്കിലും അതിനുവേണ്ടിയുള്ള ഒരു ചട്ടക്കൂട് ഇനിയും അകലെയാണ്. അതേസമയം വനവാസികളുടെ വനമേഖലയിലും വനവിഭവങ്ങളിലുമുള്ള അവകാശങ്ങൾ നിയമംമൂലം ഒരു പരിധിവരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി തീരവും കടലും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അധിവാസ –ഉപജീവന മേഖലയാണ്. കപ്പൽ ഗതാഗതം മത്സ്യത്തൊഴിലാളികൾക്കു തടസ്സമുണ്ടാക്കാതെ നടന്നുകൊണ്ടിരുന്നു. ചില കടൽ മേഖലകളിൽ എണ്ണ – പ്രകൃതി വാതക ഖനനം നടക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിലല്ല. മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങൾക്ക് അതിർത്തികളുണ്ടായിരുന്നില്ല. കടൽ നിയമം പ്രാവർത്തികമായപ്പോൾ മത്സ്യബന്ധനത്തിനും അതിരുകൾ ബാധകമായി. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തു കടലിലും ശ്രീലങ്കയുമായി അതിർത്തി പങ്കിടുന്ന കച്ചത്തീവിലും നിരന്തരം നടക്കുന്ന സംഘർഷങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ. തലമുറകളായി തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കച്ചത്തീവെന്ന മത്സ്യബന്ധന മേഖലയാണ് കടൽ നിയമത്തിന്റെ പേരിൽ ഇന്ത്യ ശ്രീലങ്കക്കു വിട്ടുകൊടുത്തപ്പോൾ അന്യമായിപ്പോയത്. ഉപജീവനമേഖലക്ക് അവരറിയാതെ പരിധികൾ നിശ്ചയിക്കപ്പെട്ട ഒരു പശ്ചാത്തലത്തിലാണ് നീല സമ്പദ്-വ്യവസ്ഥാ നയത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ അധിവാസ ഉപജീവന മേഖലയിൽ പുതിയ അവകാശികളും പുതിയ പ്രസ്ഥാനങ്ങളും വരുന്നത്. കേരള തീരത്തു നടക്കുന്ന കരിമണൽ ഖനനം കൂടുതൽ വികസിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും തീരക്കടലിൽനിന്നും കരിമണൽ ഖനനം നടത്തുന്നതിനുമുള്ള പദ്ധതികൾ നീല സമ്പദ്-വ്യവസ്ഥയുടെ ഭാഗമായി നടപ്പാക്കുമെന്നതും നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വൻ നിക്ഷേപവും നൂതന സാങ്കേതികവിദ്യയും ആവശ്യമുള്ള ഈ പദ്ധതികൾ കോർപ്പറേറ്റുകൾക്കേ ഏറ്റെടുത്തു നടത്താൻ പറ്റുകയുള്ളൂ. സാങ്കേതിക വിദ്യക്ക് വിദേശ പങ്കാളിത്തം പലതിലും ആവശ്യമായി വരും. എന്നു പറഞ്ഞാൽ നമ്മുടെ തീരത്തേയും, സമ്പൂർണ്ണ സാമ്പത്തിക മേഖല ഉൾപ്പെടുന്ന തീരക്കടലിലേയും അടിത്തട്ടിലേയും വിഭവങ്ങളിൽനിന്നും ലാഭം കൊയ്യാൻ പോകുന്നത് വൻകിട കുത്തകകളായിരിക്കും. പരമ്പരാഗതമായി കടലിന്റെ അവകാശികളായിരുന്ന തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അവരുടെ അധിവാസ ഉപജീവന മേഖലകളിൽനിന്നും നിയന്ത്രണങ്ങളിലൂടെ മാറ്റിനിർത്തപ്പെടുമോ എന്നത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കടലിനു പുതിയ അവകാശികൾ വന്നുകൊണ്ടിരിക്കുമ്പോൾ കടലിന്റെ അവകാശികൾ ആരെന്ന ചോദ്യത്തിന് പ്രസക്തി ഒന്നുകൂടി കൂടും.

കേരള തീരത്തിന്റെ നല്ലൊരു ഭാഗത്തും (ഏകദേശം 65% അധികം) തീരശോഷണം സംഭവിക്കുകയോ സംഭവിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്. തീരദേശ സമൂഹത്തിന്റെ അധിവാസ മേഖല കടലാക്രമണവും തീരശോഷണവുംമൂലം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം മറ്റു താൽപര്യക്കാരുടെ കടന്നുകയറ്റം കരവശത്തുനിന്നും തീരദേശ ജനതയെ ഞെരുക്കിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് തീരസമൂഹത്തിന്റെ പ്രധാന ഉപജീവന മേഖലയായ തീരക്കടൽ, കടൽ മണൽ ഖനനമുൾപ്പെടെയുള്ള നീല സമ്പദ്-വ്യവസ്ഥാ പദ്ധതികളിലേക്ക് കോർപ്പറേറ്റുകൾക്ക് കടന്നുകയറാൻ അവസരം നൽകുന്നത്.

കൊല്ലം, ആലപ്പുഴ, ചാവക്കാട്, പൊന്നാനി ഭാഗങ്ങളിലെ കടലിൽ നിർമാണ നിലവാരത്തിലുള്ള മണൽശേഖരം കണ്ടെത്തിയിട്ടുള്ളതായി ഭാരതീയ ഭൂ വെെജ്ഞാനീയ പര്യവേക്ഷണ കേന്ദ്രത്തിലെ ഒരു സംഘം ശാസ്ത്രജ്ഞർ 2010ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ വിശദീകരിച്ചിട്ടുണ്ട്. 2003ൽ നടത്തിയ പര്യവേക്ഷണങ്ങളിൽനിന്നു ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ വെബ്സെെറ്റിൽ ഇപ്പോൾ ഖനനം നടത്താൻ പോകുന്ന മേഖലയെക്കുറിച്ചും ഖനനം ചെയ്യാൻ പോകുന്ന മണലിന്റെ അളവിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. അതനുസരിച്ച് മൂന്നു ബ്ലോക്കുകളിലായി 242 ച. കി. മീ അടിത്തട്ടിൽനിന്നാണ് ഖനനം ചെയ്യാനുദ്ദേശിക്കുന്നത്. അടിത്തട്ടിന്റെ മേൽത്തട്ടിലുള്ള 1.5 മീറ്റർ ആണ് ഖനനം ചെയ്തെടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. തീരത്തുനിന്നും കടലിലേക്ക് 27 മുതൽ 33 കി.മീ. ദൂരത്തിലും 53 മുതൽ 63 മീറ്റർ ആഴത്തിലുമാണ് ഈ ഖനന ബ്ലോക്കുകൾ സ്ഥിതി ചെയ്യുന്നത്. ഖനനത്തിനായി ടെണ്ടർ സമർപ്പിക്കുന്നവർക്കുവേണ്ടി തയ്യാറാക്കി കൊടുത്തിരിക്കുന്ന രേഖകളിൽനിന്നാണ് ഈ വിവരങ്ങൾ ലഭ്യമായത്.

നീല സമ്പദ്-വ്യവസ്ഥാ പദ്ധതികൾ നടപ്പാക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ പ്രത്യേകം പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഭവ വിലയിരുത്തൽ. കൊല്ലത്തെ മണൽ ലഭ്യതയെക്കുറിച്ചും അതു നിർമാണ ഗുണനിലവാരത്തിലുള്ളതാണോ എന്നതിനെക്കുറിച്ചും ജിഎസ്ഐ നടത്തിയ പഠനങ്ങൾ ആണ് അടിസ്ഥാനം. എന്നാൽ അടുത്ത കാലത്ത് കേരള യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ കൊല്ലം കടലിന്റെ അടിത്തട്ടിൽ ചെളിസാന്നിധ്യം ധാരാളമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മണൽ അടിത്തട്ടിനും ചെളിയും മണലുമുള്ള അടിത്തട്ടിനും വ്യത്യസ്തമായ ഭൗതിക – ഭൗമ – ജെെവ പ്രക്രിയകളാണുള്ളത്. അതുകൊണ്ടു തന്നെ ആ പ്രദേശത്തു ഖനനം നടത്തുമ്പോൾ ഉണ്ടാകാവുന്ന ആഘാതവും വ്യത്യസ്തമായിരിക്കും. പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ വിഭവ വിലയിരുത്തൽ അനിവാര്യമാണ്.

നീല സമ്പദ്-വ്യവസ്ഥാ നയത്തിലെ മറ്റൊരു പ്രധാന ഘടകമാണ് തീര സമുദ്ര സ്ഥല ആസൂത്രണം. സമുദ്ര മേഖലയേയും തീരമേഖലയേയും വിവിധ ഉപയോഗങ്ങൾക്കും ആവശ്യങ്ങൾക്കും ഉചിതമായ രീതിയിൽ അനുവദിച്ചുകൊടുക്കുന്നതാണ് തീര – സമുദ്ര സ്ഥല ആസൂത്രണം. ആവാസ വ്യവസ്ഥകളെയും ജെെവ വെെവിധ്യമേഖലകളെയും നിലനിർത്താനും സംരക്ഷിക്കാനും അവയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും വേണ്ട മേഖലകൾ സ്ഥല ആസൂത്രണത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട കടൽമേഖലയും തീരമേഖലയും അവർക്കുവേണ്ടി ഈ ആസൂത്രണരേഖയിൽ കാണിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടു മാത്രമേ മറ്റ് ആവശ്യങ്ങൾക്ക് തീര–സമുദ്ര മേഖലകളിൽ സ്ഥലം അനുവദിക്കാവൂ. ഇങ്ങനെയൊരു ആസൂത്രണ രേഖയോ മാപ്പോ തയ്യാറാക്കണമെങ്കിൽ അതിനാവശ്യമായ വിവരശേഖരണമാണ് ആദ്യമായി വേണ്ടത്. കടലിലെയും അടിത്തട്ടിലെയും ആവാസവ്യവസ്ഥകളെക്കുറിച്ചും ജെെവവെെവിധ്യത്തെക്കുറിച്ചും ഇതുവരെ പഠനം നടന്നിട്ടില്ല. അടുത്ത കാലത്ത് കേരള യൂണിവേഴ്സിറ്റി നടത്തിയ പരിമിതമായ പഠനങ്ങളേ ഇതു സംബന്ധമായി ലഭ്യമായിട്ടുള്ളൂ.

കൊല്ലം കടലും കടൽത്തട്ടും, സമ്പന്നമായ ജെെവ വെെവിധ്യവും ആവാസ വ്യവസ്ഥയുമുള്ള മേഖലകളാണെന്ന സൂചനയാണ് ഈ പഠനം നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനപ്രവൃത്തികളുമായി ബന്ധപ്പെട്ട മേഖലകൾ ഏതൊക്കെയെന്ന് അവർക്കു നിശ്ചയമുണ്ടെങ്കിലും സമുദ്ര സ്ഥല ആസൂത്രണത്തിൽ ഉൾപ്പെടുത്തേണ്ട രീതിയിൽ വിവരശേഖരണം നടത്തിയിട്ടില്ല. തീരമേഖലയുടെ കാര്യത്തിൽ തീരദേശ നിയമം നടപ്പാക്കാനായി തയ്യാറാക്കിയ തീരപരിപാലന പദ്ധതിയിൽ കുറച്ചേറെ വിവരങ്ങൾ ചേർത്തിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളുടെ ഉപജീവന–സാംസ്കാരിക മേഖലകൾ പോലുള്ള കാര്യങ്ങൾ ചേർക്കേണ്ടതായിട്ടുണ്ട്. തീര–സമുദ്ര സ്ഥല ആസൂത്രണമെന്ന പ്രാഥമിക കാര്യം പോലും ചെയ്യാതെ കടൽ മണൽ പദ്ധതിക്ക് ആരംഭം കുറിക്കുന്നത് അഭിലഷണീയമല്ല.

നീല സമ്പദ്-വ്യവസ്ഥാ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനുമുമ്പായി തന്നെ അതിനുവേണ്ട ഭരണ നിർവഹണ സംവിധാനങ്ങളും ചട്ടക്കൂടും നിയമങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കേണ്ടതുണ്ട്. കടൽമണൽ ഖനനവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തീരമേഖലയിലും തീരക്കടലിലും മനുഷ്യന്റെ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും നിയമത്തിലൂടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പ്രധാനമായും തീരദേശ നിയന്ത്രണ നിയമത്തിലൂടെയാണ് (CRZ).

ആഘാതപഠനം നടത്തുന്നതും കോർപ്പറേറ്റുകൾ
വരാനിരിക്കുന്ന പദ്ധതികളുടെ സഞ്ചിത ആഘാതമടക്കം കണക്കിലെടുത്തു വേണം കടൽ മണൽ ഖനനം സൃഷ്ടിക്കാൻ സാധ്യതയുള്ള പാരിസ്ഥിതിക ആഘാതവും സാമൂഹ്യപ്രതിസന്ധിയും വിലയിരുത്താൻ. അങ്ങനെയൊരു സമീപനം കടൽ മണൽ ഖനനത്തിനു നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഖനി മന്ത്രാലയമോ കടൽ പരിസ്ഥിതി സംരക്ഷണത്തിനു ചുമതലയുള്ള കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമോ ഇതുവരെ എടുത്തിട്ടില്ല. കടൽ മാത്രം ഉപജീവനമാർഗമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങൾ ഞരുക്കപ്പെടുമ്പോൾ പുതിയ തൊഴിലിടങ്ങൾ തേടി അവരെവിടെപ്പോകും എന്നത് ഒരു സമസ്യയാണ്. കൊല്ലത്തും ആലപ്പുഴയിലുമായി 55 മത്സ്യഗ്രാമങ്ങളുണ്ട്. ഈ ഓരോ മത്സ്യഗ്രാമത്തിലും 2000 മുതൽ 7000 വരെ മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്നുണ്ട്. അവരുടെ മത്സ്യബന്ധന മേഖലകൾ, ഓരോ മേഖലയിലും മത്സ്യബന്ധനത്തിനായി ചെലവഴിക്കുന്ന സമയം, ഇൗ മേഖലകളിലേക്ക് പോകാൻ അവരുപയോഗിക്കുന്ന കടൽ വഴികൾ തുടങ്ങിയവയെക്കുറിച്ചൊന്നും കൃത്യമായ കണക്കുകളും ഡാറ്റായും കേന്ദ്ര സർക്കാരിന്റെ കെെവശമില്ല. ഇത്തരമൊരു ഡാറ്റയുടെ അഭാവത്തിൽ കടൽമണൽ ഖനന സാമൂഹ്യ ആഘാതപഠനത്തിന്റെ ആധികാരികത എത്രത്തോളമുണ്ടാകുമെന്ന് സംശയിക്കേണ്ട കാര്യമില്ലല്ലോ. നീല സമ്പദ്-വ്യവസ്ഥാ നയത്തിൽ പാരിസ്ഥിതിക–സാമൂഹിക ആഘാത പഠനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഡാറ്റയുടെ പരിമിതികളെ എങ്ങനെ മറികടക്കുമെന്നു പറയുന്നില്ല. കരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയുടെ 70%ത്തോളം വരുന്ന കടലിലെയും അടിത്തട്ടിലെയും ഭൗതിക ജെെവ–പാരിസ്ഥിതിക പ്രക്രിയകളെക്കുറിച്ചുമുള്ള അറിവ് പരിമിതമാണെന്നും അത് പര്യവേക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും ശേഖരിക്കണമെന്നും നീല സമ്പദ്-വ്യവസ്ഥാനയത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനുവേണ്ടിയുള്ള ചിട്ടയായ ആസൂത്രണം ഇതുവരെ ഉണ്ടായിട്ടില്ല. കരയിലെ ഖനനത്തിന് ആഘാതപഠനം നടത്താനുള്ള ചട്ടക്കൂടും നടപടിക്രമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും കടലിലെ പ്രക്രിയകളുടെ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു പരിസ്ഥിതി–സാമൂഹ്യ ആഘാത പഠനത്തിനുള്ള ഒരു കൃത്യമായ ചട്ടക്കൂടില്ലാതെ ലാഭേച്ഛ മാത്രം മുന്നിലുള്ള കോർപ്പറേറ്റുകൾ ഫണ്ടു ചെയ്ത് ആഘാതപഠനങ്ങൾ നടത്തി കടൽ മണൽ ഖനനം നടത്തുന്നത് അംഗീകരിക്കാനാവില്ല.

ഐക്യരാഷ്ട്രസഭയുടെ സംഘടനയായ യുഎൻഇപിയുടെ 2023ലെ ‘സാൻഡ് വാച്ച്’ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. സമുദ്ര പരിസ്ഥിതിയിൽനിന്ന് മണൽ ഖനനം ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി രൂപപ്പെടുത്തണമെന്ന് ഈ റിപ്പോർട്ടിൽ നിഷ്-കർഷിച്ചിട്ടുണ്ട്. കടൽ ജെെവ വെെവിധ്യത്തിലും വെള്ളത്തിന്റെ ഗുണതയിലും പോഷകങ്ങളുടെ ലഭ്യതയിലും കടൽ ഖനനം വരുത്താവുന്ന ആഘാതങ്ങളെക്കുറിച്ചും അതിൽ പറയുന്നുണ്ട്. അതുപോലെ തന്നെ കടൽ സസ്തനികളെ ഖനനം ഉളവാക്കുന്ന ശബ്ദമലിനീകരണം ബാധിക്കുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. കടൽ മണൽ ഖനനം നടത്തുമ്പോൾ ആ സമുദ്ര–തീരമേഖലയുടെ മണൽ ബജറ്റിങ് നടത്തേണ്ടതിന്റെ ആവശ്യകതയും ഇതിൽ ചൂണ്ടിക്കാട്ടുന്നു. നദികളിൽനിന്നും കടലോരത്തുനിന്നും കേരളത്തിന്റെ തീരക്കടലിലേക്കുള്ള മണൽ വിന്യാസവും നിക്ഷേപവും പല കാരണങ്ങൾ കൊണ്ട് കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ വേണം ഇതിനെ വിലയിരുത്താൻ. നദികളിലെ ഡാമുകളും തടയണകളും മണൽവാരലും തീരസംരക്ഷണവും തീരത്തെ മണൽവാരലും തുടർന്നുകൊണ്ടേയിരിക്കുന്ന പശ്ചാത്തലത്തിൽ കരയിൽനിന്ന് കടലിലേക്ക് കൂടുതൽ മണൽ വിന്യാസം പ്രതീക്ഷിക്കേണ്ട.

സമുദ്രാരോഗ്യവും നീല സമ്പദ്-വ്യവസ്ഥയും പരസ്പരം ശക്തിപ്പെടുത്തുന്ന സമീപനമാണ് വേണ്ടതെന്ന ഐക്യരാഷ്ട്ര സഭയുടെ ‘ഇക്കണോമിസ്റ്റ് നെറ്റ്-വർക്കി’ന്റെ സുസ്ഥിര നീല സമ്പദ്-വ്യവസ്ഥ (2021) എന്ന റിപ്പോർട്ടിലും പറയുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും ഉപജീവന സംരക്ഷണവും തൊഴിൽ സംരക്ഷണവും നീല സമ്പദ്-വ്യവസ്ഥയുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കടൽ മണൽ ഖനനത്തിന്റെ ചെലവ്–ആനുകൂല്യവിശകലനം നടത്താൻ കണക്കിലെടുക്കേണ്ട പ്രത്യേക ഘടകങ്ങളെക്കുറിച്ചും ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. കടലും കടലിന്റെ അടിത്തട്ടും നൽകുന്ന ആവാസ വ്യവസ്ഥാ സേവനത്തിന്റെ മൂല്യം വിലയിരുത്തുമ്പോൾ കടൽ ഉത്പാദിക്കുന്ന ഓക്സിജന്റെ മൂല്യവും, കാർബൺ ആഗീകരണം, സമുദ്ര ജെെവ വെെവിധ്യം, ഇനിയും കൃത്യമായി അളവ് നിർണയിച്ചിട്ടില്ലാത്ത സമുദ്രത്തിൽനിന്നും ലഭ്യമാകാവുന്ന മരുന്നുകൾ തുടങ്ങിയവയുടെ മൂല്യവും പരിഗണിക്കേണ്ടി വരും. ഇക്കാര്യങ്ങളിലൊക്കെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവുകളും ഉപയോഗിക്കേണ്ടതായിട്ടുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടാകുന്ന ഉപജീവന നഷ്ടം ഈ തലമുറക്ക് മാത്രമല്ല വരും തലമുറകളെയും കൂടി ബാധിക്കുന്നതാണെന്നുകൂടി ഇത്തരം വിശകലനത്തിൽ ഉൾപ്പെടുത്തണമെന്നും മേൽപറഞ്ഞ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവയൊന്നും മോദി സർക്കാരിന് ബാധകമല്ല.

സമ്പൂർണ മേഖലയിൽ, തീരത്തുനിന്ന് 30–40 കി.മീ ദൂരത്ത് കടലിൽനടക്കുന്ന മണൽ ഖനനത്തെ നിയന്ത്രിക്കുന്നത് നിലവിൽ കേന്ദ്ര സർക്കാരും വിവിധ കേന്ദ്ര വകുപ്പുകളുമാണ്. കേരള തീരത്തെയും തീരസമൂഹത്തെയും ബാധിക്കുന്ന കടൽ മണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാവുന്ന തരത്തിൽ നിയമങ്ങൾ മാറ്റേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും കടലിലെ വർദ്ധിച്ചുവരുന്ന മാലിന്യത്തിന്റെയും ജെെവ വെെവിധ്യത്തിനുസംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണത്തിന്റെയും ആഘാതം തീരസമൂഹത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ പരിഹരിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. കടലാക്രമണവും തീരശോഷണവുംമൂലം മത്സ്യലഭ്യതയിലുണ്ടായിട്ടുള്ള കുറവും തീരമേഖലയിൽ സൃഷ്ടിച്ചിട്ടുള്ള അരക്ഷിതാവസ്ഥ കൂടുതൽ രൂക്ഷമാക്കാൻ കടൽ മണൽ ഖനനം ഇടയാക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 18 =

Most Popular