സമരങ്ങളുടെ വർഷമാണ് 2024. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും അങ്ങനെ ലോകത്തുടനീളമുള്ള ഭൂരിപക്ഷ ജനത തങ്ങൾ നേരിടുന്ന അടിച്ചമർത്തലിനും അസമത്വത്തിനുമെതിരായി കൂടുതൽ ഇച്ഛാശക്തിയോടെ തെരുവുകളിൽ അണിനിരന്ന വർഷമായിരുന്നു പിന്നിട്ടത്. വർഷാവസാനവേളയിലും, അതായത് ഈ ഡിസംബറിലും ലോകത്തിന്റെ വിവിധ കോണുകളിൽ പണിമുടക്കുകളും പ്രതിഷേധപ്രകടനങ്ങളും പ്രക്ഷോഭങ്ങളുമായി ഭൂരിപക്ഷ ജനവിഭാഗം ശക്തമായ ചെറുത്തുനിൽപിന്റെ സ്വരമുയർത്തിക്കൊണ്ടേയിരിക്കുന്നു. തങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ സാക്ഷാത്കരിക്കുവാനുള്ള ശേഷി അഥവാ മനസ്സ് മുതലാളിത്തത്തിനില്ലായെന്ന ഭൗതിക യാഥാർഥ്യം ലോകജനത തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയോടൊപ്പം പൊതുമേഖലാരംഗത്തെ ചെലവഴിക്കലിൽനിന്നുള്ള ഗവൺമെന്റിന്റെ പിന്മാറ്റവും യുദ്ധോത്സുക സമീപനവും ലോകജനതയെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നു. മുന്നോട്ടുള്ള വഴി ചെറുത്തുനിൽപ്പാണെന്ന, സമരമാണെന്ന തിരിച്ചറിവ് ക്രമേണ അവരെ കൂടുതൽ വർഗബോധമുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു. അത് കൂടുതൽ പ്രകടമായ വർഷമാണ് 2024. കർഷകരുടെയും തൊഴിലാളികളുടെയും ആരോഗ്യപ്രവർത്തകരുടെയും വിദ്യാഭ്യാസരംഗത്തെ ജീവനക്കാരുടെയും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരുടെയും …അങ്ങനെ അധ്വാനിക്കുന്ന ജനത കൂടുതൽ ശക്തമായ സമരങ്ങളിലേക്കു നീങ്ങിയ ഒരു വർഷം!
തുടർച്ചയായ കർഷകസമരം
ഈ വർഷത്തിന്റെ ആദ്യ നാലുമാസങ്ങളിൽ നമ്മൾ കണ്ടത് കർഷകസമരങ്ങളുടെ ശക്തമായൊരു വേലിയേറ്റം തന്നെയായിരുന്നു. ജർമനി, ഫ്രാൻസ്, ബെൽജിയം, ഗ്രീസ്, പോളണ്ട്, ഇന്ത്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ കാർഷികരംഗത്തെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ കെെക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക ജനസാമാന്യം സമരങ്ങൾ നടത്തി. കാർഷികാവശ്യങ്ങൾക്കുള്ള ഡീസൽ നികുതിമുക്തമാക്കുക, വെെദ്യുത ചാർജുകൾ കുറയ്ക്കുക, സപ്ളെെകൾക്കും മൃഗപരിപാലനത്തിനും സബ്സിഡികൾ അനുവദിക്കുക, കാർഷികോത്പന്നങ്ങളുടെ സംഭരണവും ശേഖരണവും സർക്കാർ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കർഷകർ നടത്തിയ സമരങ്ങൾ അതത് രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ മുതലാളിത്താനുകൂല സമീപനത്തെ തുറന്നുകാണിച്ചു. പല തവണ ഗവൺമെന്റുകളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് മിക്ക രാജ്യങ്ങളിലും മണ്ണിൽ പണിയെടുക്കുന്ന അന്നദാതാക്കൾ സമരരംഗത്തേക്കിറങ്ങിയത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, പോളണ്ടിൽ ഫെബ്രുവരി 20ന് നടന്ന കർഷകപ്രക്ഷോഭം ഏറെ സാർവദേശീയമാനം കെെവരിച്ച ഒന്നാണ്. ഉക്രൈൻ മണ്ണിൽ റഷ്യയും നാറ്റോയും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ഉക്രൈനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പോളണ്ടിലെ ഗവൺമെന്റ് ഉക്രൈനിൽ നിന്നു ധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും മറ്റുമുള്ള ചുങ്കങ്ങൾ വെട്ടിക്കുറയ്ക്കുകയും നിയന്ത്രണങ്ങളാകെ നീക്കം ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് ഉക്രൈനിൽ നിന്നും പോളണ്ടിലേക്ക് ധാന്യങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യപ്പെട്ടു. ഇത് പോളണ്ടിലെ കർഷർക്ക് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കിയതിനെതുടർന്ന് ധാന്യങ്ങളുടെ ഇറക്കുമതി ഉടനടി നിർത്തണമെന്നും രാജ്യത്തെ കർഷകജനതയെ പാപ്പരീകരിക്കുന്ന നടപടി ഗവൺമെന്റ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉക്രൈൻ–പോളണ്ട് അതിർത്തിയിൽ സ്വന്തം ട്രക്കുകൾ നിരത്തിയായിരുന്നു കർഷകർ പ്രതിഷേധിച്ചത്. യുദ്ധത്തെ അനുകൂലിക്കുന്ന പോളണ്ടിലെ ഗവൺമെന്റിനെയും യൂറോപ്യൻ യൂണിയനെയും ശക്തമായി എതിർത്ത ഈ കർഷകപ്രക്ഷോഭം ശ്രദ്ധേയമായ ഒന്നായിരുന്നു. ഇത്തരത്തിൽ കർഷകജനസാമാന്യം, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ, തങ്ങളുടെ തന്നെ ഗവൺമെന്റുകൾക്കും വ്യവസ്ഥിതിക്കുമെതിരെ അതിജീവനത്തിനുവേണ്ടി ശക്തമായ ചെറുത്തുനിൽപ്പുയർത്തിയ വർഷമാണ് 2024.
അമേരിക്കയിലും
ശക്തിപ്പെടുന്ന സമരങ്ങൾ
ഈ വർഷത്തെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത അമേരിക്കയിൽ വിവിധ മേഖലയിലെ തൊഴിലാളികൾ നടത്തിയ ശക്തവും തുടർച്ചയായതുമായ പണിമുടക്കുകളും പ്രക്ഷോഭങ്ങളുമാണ്. ശതകോടീശ്വരന്മാരായ തങ്ങളുടെ മുതലാളിമാർക്കെതിരെ തൊഴിലാളികൾ പ്രത്യക്ഷത്തിൽ തന്നെ തിരിയുന്ന കാഴ്ചയായിരുന്നു ഈ പ്രക്ഷോഭങ്ങളുടെ സവിശേഷത. ഫാസ്റ്റ് ഫുഡ് രംഗത്തെ അമേരിക്കയിലെ ഭീമൻ കമ്പനിയായ വേഫിൾ ഹൗസിലെ തൊഴിലാളികൾ നടത്തിയ സമരപരമ്പരകൾ അതിൽ പ്രധാനപ്പെട്ട ഒന്നാണ്. നിരന്തരമായ സമരപരമ്പരകൾക്കൊടുവിൽ ജൂൺ ആദ്യം കൂലി വർധനവും മിനിമം ജീവിതസൗകര്യങ്ങളും മറ്റും കമ്പനിയെക്കൊണ്ട് അംഗീകരിപ്പിച്ച തൊഴിലാളികൾക്ക് രണ്ടുമാസത്തിനകം വീണ്ടും സമരരംഗത്തിറങ്ങേണ്ടി വന്നത് തൊഴിലാളികളുടെ ക്രെഡിറ്റ് കാർഡ് ടിപ്പുകൾ കമ്പനി പിടിച്ചുവെച്ചതിനെ തുടർന്നായിരുന്നു. യൂണിയൻ ഓഫ് സതേൺ സർവീസ് വർക്കേഴ്സ് (USSW) എന്ന സംഘടനക്കുകീഴിൽ ഈ തൊഴിലാളികൾ നടത്തിയ പണിമുടക്കുകളും റാലികളും അതു കെെവരിച്ച ചെറുതല്ലാത്ത നേട്ടങ്ങളും സംഘടിതശക്തിയുടെ കരുത്ത് തൊഴിലാളിവർഗത്തിന് വെളിപ്പെടുത്തിക്കൊടുത്ത ഒന്നായിരുന്നു. ഇതിനുശേഷം വിവിധ മേഖലകളിൽ തുടർച്ചയായ സമരപരമ്പരകൾ തന്നെ അമേരിക്കയിൽ നടന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികമ്യൂണിക്കേഷൻസ് സ്ഥാപനമായ എടി & ടിയിലെ തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല പണിമുടക്കാണ് മറ്റൊന്ന്. ശതകോടിക്കണക്കിന് ഡോളർ വരുമാനമുള്ള ഈ കോർപറേറ്റ് സ്ഥാപനം തൊഴിലാളി സൗഹൃദപരമായ തീരുമാനങ്ങൾ കെെക്കൊള്ളുവാനോ, അവരുമായി കൂടിയാലോചനകളും ചർച്ചകളും നടത്തുവാനോ തയാറാകാതിരിക്കുകയും കടുത്ത തൊഴിലാളി വിരുദ്ധ ചൂഷണാധിഷ്ഠിത നിലപാടുകൾ കെെക്കൊള്ളുകയും ചെയ്തതിനെ തുടർന്നാണ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. ആമസോൺതൊഴിലാളികളും സ്റ്റാർബക്ക് തൊഴിലാളികളും നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്ക് പ്രക്ഷോഭമാണ് മറ്റൊന്ന്. ഓരോ വർഷവും ശതകോടിക്കണക്കിനു ഡോളർ വരുമാനമുള്ള ഈ കോർപറേറ്റ് കമ്പനികളിലെ തൊഴിലാളികൾ പണിമുടക്കുന്നത് നീതിയുക്തമല്ലാത്ത തൊഴിൽ വ്യവസ്ഥകൾ(Unfair Labour Practice –ULP) ക്കെതിരെയാണ്. ‘‘ഓരോ ദിവസും ഞങ്ങൾ അവർക്കുണ്ടാക്കിക്കൊടുക്കുന്നത് ശതകോടികളാണ്’’ എന്നുപറഞ്ഞുകൊണ്ട് ഏറ്റവും വലിയ മൾട്ടിബില്ല്യൺ ഡോളർ കോർപറേഷനുകളിലൊന്നായ ആമസോണിനെതിരെ ഏറ്റവുമൊടുവിൽ ഈ ഡിസംബറിൽ തൊഴിലാളികൾ നടത്തിയ പണിമുടക്ക് പ്രക്ഷോഭം അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായാണ് അടയാളപ്പെടുത്തപ്പെട്ടത്. ഇതേ വിഷയമുയർത്തി, അതായത് നീതിയുക്തമല്ലാത്ത തൊഴിൽ വ്യവസ്ഥയ്ക്കെക്കെതിരായി സ്റ്റാർബക്ക്സ് വർക്കേഴ്സ് യുണെെറ്റിഡിന്റെ നേതൃത്വത്തിൽ ലോസ് ഏഞ്ചലസിലെയും സിയാറ്റിലിലെയും ചിക്കാഗോയിലെയും സ്റ്റോറുകളിൽ തൊഴിലാളികൾ നടത്തിയ അഞ്ചുദിന പണിമുടക്കും ശ്രദ്ധേയമാണ്. ശതകോടീശ്വരന്മാരായ മുതലാളിമാർക്കെതിരായി അവരുടെ തന്നെ സ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരും സ്വന്തമായി യൂണിയനുകൾ രൂപീകരിച്ച് മുൻനിര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയൊന്നുമില്ലാതെ തന്നെ നടത്തുന്ന പ്രത്യക്ഷ സമരങ്ങളാണിവയെല്ലാം. ടെന്നസിയിലെ ഡ്രൈവർമാരുടെ പണിമുടക്കും ഇത്തരത്തിലൊന്നാണ്. ഉശിരൻ പണിമുടക്കുകൾ നടത്തി ബഹുരാഷ്ട്ര കുത്തകകളായ കോർപറേറ്റുകളെ ചെറുതല്ലാത്ത തോതിൽ സമ്മർദത്തിലാക്കുവാനും അതുവഴി പൂർണമല്ലെങ്കിലും ചെറിയ ചില നേട്ടങ്ങൾ നേടിയെടുക്കുവാനും അമേരിക്കയിലെ ഈ പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ആവേശം പകരുന്നതാണ്. ഇതുകൂടാതെ ആരോഗ്യരംഗത്തെ ജീവനക്കാരും സ്കൂൾ അധ്യാപകരും നടത്തിയ സമരങ്ങളും പലസ്തീന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ഇസ്രയേൽ സിയോണിസത്തെ അംഗീകരിക്കുന്ന അമേരിക്കയുടെ നടപടിക്കെതിരായും കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ സമരവും ഇതേവിഷയത്തിൽ മറ്റു വിവിധ വിഭാഗം ജനങ്ങൾ നടത്തിയ സമരവും ഒടുവിൽ ഗാസയ്ക്കുമേൽ അമേരിക്ക നടത്തുന്ന വളഞ്ഞുപിടുത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റായ ലെസ്-ലി ഏഞ്ച്-ലിൻ നടത്തുന്ന നിരാഹാര സമരവുമെല്ലാം അമേരിക്കയെ കൂടുതൽ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. അമേരിക്കൻ സമൂഹത്തിൽ അസംതൃപ്തിയും അസമത്വവും ദിനംപ്രതി വർധിച്ചുവരുന്നു എന്നതിന്റെ തെളിവുകൾ കൂടിയാണ് 2024 ലെ സമരനിബിഡമായ അമേരിക്കൻ സാഹചര്യം.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് മ്യൂണിച്ച് സുരക്ഷാ കോൺഫറസിനെതിരായി ജർമനിയിലും നാറ്റോ ഉച്ചകോടിക്കെതിരായി വാഷിങ്ടണിലും നടന്ന ജനകീയ മുന്നേറ്റങ്ങൾ. 2024 ഫെബ്രുവരി 16 മുതൽ 18 വരെ ജർമനിയിലെ മ്യൂണിച്ചിൽ സുരക്ഷാ കോൺഫറൻസ് നടക്കവെ, 17ന് യുദ്ധവെറിക്കും മുതലാളിത്തത്തിനുമെതിരായ സംയുക്ത പ്രതിഷേധമെന്ന നിലയിൽ സമ്മേളനത്തിനെതിരായി ആയിരക്കണക്കിനു ജനങ്ങളാണ് നഗരത്തിലേക്ക് മാർച്ചുചെയ്തത്. ജർമനിയിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷ വിഭാഗങ്ങളും മറ്റ് യുദ്ധവിരുദ്ധ കൂട്ടായ്മകളും ചേർന്നാണിത് സംഘടിപ്പിച്ചത്. ജൂലെെ 9 മുതൽ 11 വരെ അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിക്കെതിരായി യുദ്ധവിരുദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും അടക്കമുള്ള വലിയൊരു നേതൃനിരയ്ക്കുകീഴിൽ നൂറുകണക്കിനാളുകൾ ചേർന്ന് ജൂലെെ 6ന് നടത്തിയ ജനകീയ ഉച്ചകോടിയും 7ന് തലസ്ഥാനത്തേക്ക് നടത്തിയ റാലിയും സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുക താൽപ്പര്യങ്ങൾക്കും അധിനിവേശ ആശയങ്ങൾക്കുമെതിരായ മുന്നേറ്റമായിരുന്നു. കാര്യങ്ങൾ തങ്ങളുടെ ചൊൽപ്പടിക്കു കൊണ്ടുവരാൻ സാമ്രാജ്യത്വം ചിട്ടപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾക്കെതിരായ –നാറ്റോ ആയാലും മ്യൂണിച്ച് സുരക്ഷാ കൗൺസിൽ ആയാലും– ശക്തമായ പ്രതിഷേധമായിരുന്നു ഇവ രണ്ടും.
യൂറോപ്പിൽ സമരങ്ങളുടെ വേലിയേറ്റം
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിവിധ വിഭാഗം ജനങ്ങൾ നടത്തിയ സമരങ്ങൾ 2023ലെ പോലെ തന്നെ 2024ലും ശ്രദ്ധേയമായി. അതിൽ പ്രധാനപ്പെട്ട കർഷകസമരങ്ങൾ തുടക്കത്തിൽ പരമാർശിച്ചിട്ടുണ്ട്-. ബ്രിട്ടനിൽ ആരോഗ്യപ്രവർത്തകർ നടത്തിയ സമരം അതിലൊന്നാണ്. ക്രൊയേഷ്യയിൽ ഉനാനദിക്കുവേണ്ടി നടന്ന സമരമാണ് മറ്റൊന്ന്. ക്രൊയേഷ്യയുടെ അത്യപൂർവ സുന്ദരനദികളിലൊന്നായ ഉനാനദിയുടെ ഗതിതന്നെ മാറ്റിമറിച്ചുകൊണ്ട് ഹെെഡ്രോ ഇലക്ട്രിക് പ്ലാന്റ് നിർമിക്കുവാനുള്ള ഭരണാധികാരികളുടെ നീക്കത്തെ ചെറുത്തുകൊണ്ട് പ്രദേശവാസികൾ നടത്തിയ സമരം ഒടുവിൽ വിജയം കാണുകയുണ്ടായി. പ്ലാന്റിന്റെ നിർമാണം നിർത്തിവച്ചുകൊണ്ട് പാരിസ്ഥിതിക വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന ക്രൊയേഷ്യൻ സ്റ്റേറ്റ് ഇൻസ്പെക്ടറേറ്റിന് ഉത്തരവിറക്കേണ്ടിവന്നു. അതുപോലെ തന്നെ ശ്രദ്ധേയമായിരുന്നു ക്രൊയേഷ്യയിലെ കിൻഡർഗാർട്ടൻ ജീവനക്കാരുടെ സമരവും.
സ്പെയിനിൽ ഡിസംബർ 3–ാം വാരം തലസ്ഥാനമായ മാഡ്രിഡിലെ സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസ് കാര്യാലയത്തിനുപുറത്ത് 35000ത്തോളം സിവിൽ സെർവന്റുമാർ നടത്തിയ പ്രതിഷേധപ്രകടനം തീർച്ചയായും ഇവിടെ എടുത്തുപറയേണ്ടതാണ്. ഇൻഷുറൻസിലേക്കുള്ള തങ്ങളുടെ സംഭാവന ഉയർത്തുകയും ദീർഘകാല ആരോഗ്യസുരക്ഷയെന്ന ദീർഘകാല പദ്ധതിയെ പൂർണമായും അട്ടിമറിക്കുകയും ചെയ്യുന്ന ഈ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയായിരുന്നു സിവിൽ സെർവന്റുമാരുടെ പ്രതിഷേധം.
ബെൽജിയത്തിൽ ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങൾക്കെതിരായി തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചുവരികയാണ്. ഡിസംബർ 13ന് പതിനായിരത്തോളം തൊഴിലാളികളാണ് ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി Pulais de Justice കോടതികളിലെത്തിയത്. തികഞ്ഞ ഫാസിസ്റ്റ് സമീപനങ്ങൾ കെെക്കൊള്ളുന്ന മെലോണി ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങൾക്കും സേ-്വച്ഛാധിപത്യത്തിനുമെതിരെ ഇറ്റലിയിൽ ഈ മാസം 13ന് നടന്ന ഏകദിന ദേശീയ പണിമുടക്ക് രാജ്യത്തെ സർവമേഖലകളെയും സ്തംഭിപ്പിച്ച ഒന്നായി മാറി. ഗതാഗത മേഖലയും തീവണ്ടി ശൃംഖലയുമെല്ലാം പണിമുടക്കുമൂലം സ്തംഭിച്ചു. വ്യവസായം, ലോജിസ്റ്റിക്സ്, പൊതുമേഖല, പോർട്ടുകൾ തുടങ്ങി എല്ലാ മേഖലകളും കുറഞ്ഞ കൂലിക്കും പാർപ്പിട പ്രതിസന്ധിക്കും ഗവൺമെന്റിന്റെ അമിതമായ സെെനിക ചെലവഴിക്കലിനും സേ-ച്ഛാധിപത്യത്തിനുമെതിരായ ഈ തൊഴിലാളി പണിമുടക്കിൽ നിശ്ചലമായി. ഫ്രാൻസ്, സ്കോട്ട്-ലാൻഡ്, ഫിൻലാൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ ഗതാഗത തൊഴിലാളികൾ നടത്തിയ പണിമുടക്കും സ്കോട്ട്-ലാൻഡിലെ എഡിൻബർഗ് വിമാനത്താവളത്തിലെ ഇന്ധനടാങ്ക് ഡ്രൈവർമാർ പ്രഖ്യാപിച്ചിട്ടുള്ള 19 ദിന പണിമുടക്കും കൂടുതൽ ശ്രദ്ധേയമാണ്.
ജർമനിയിൽ ഫോക്ക്സ്-വാഗൺ കമ്പനിയിലെ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭവും അതിന്റെ ഭാഗികമായ വിജയവും എടുത്തുപറയേണ്ടതാണ്. അതും ഈവർഷം അവസാനം നടന്നതാണ്. നിലവിലെ ചെലവിൽ 10 ബില്ല്യൺ യൂറോയുടെ കുറവുവരുത്തുന്നതിനുവേണ്ടി പ്ലാന്റുകൾ അടച്ചുപൂട്ടുവാനും തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്ക്കുവാനും അവരെ കൂട്ടത്തോടെ പിരിച്ചുവിടുവാനുമുള്ള മൾട്ടിനാഷണൽ കോർപറേറ്റ് കമ്പനിയുടെ തീരുമാനത്തെയാണ് തൊഴിലാളികൾ സംഘടിതമായി പൊരുതി കീഴ്പ്പെടുത്തിയത്. തൊഴിൽസുരക്ഷയും പ്ലാന്റ് പ്രവർത്തനങ്ങളുടെ സംരക്ഷണവും കൂട്ടായി വിലപേശാനുള്ള ദീർഘകാല കരാറുകളും ഉറപ്പാക്കുവാൻ തൊഴിലാളികൾക്കു സാധിച്ചു. ജർമനിയിൽ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും തങ്ങളുടെ ശമ്പളം ഉയർത്തുന്നതിനായും നിലവിലെ ഷിഫ്റ്റ് സംവിധാനത്തിൽ മാറ്റംവരുത്തുന്നതിനായും മറ്റും നടത്തിയ ഏകദിന പണിമുടക്കും ശ്രദ്ധേയമാണ്. ജർമനിയിലെ സമരങ്ങളുടെ കാര്യം പറയുമ്പോൾ എടുത്തുപറയേണ്ട ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായ ജർമനി രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമായി കഴിഞ്ഞ രണ്ടുവർഷങ്ങളായി നേരിടുന്ന സാമ്പത്തികമാന്ദ്യം. റഷ്യയ്ക്കുമേൽ സാമ്രാജ്യത്വം ഏർപ്പെടുത്തിയ ഉപരോധം അതേപടി നടപ്പാക്കിയ ജർമനിയിലെ ഉൗർജാധിഷ്ഠിത വ്യവസായങ്ങളായ പെട്രോ കെമിക്കൽ വ്യവസായമേഖലയും സ്റ്റീൽ വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ചെലവുകുറഞ്ഞ റഷ്യൻ ഗ്യാസ് ഉപയോഗിച്ചാണ് ഈ ജർമൻ വ്യാവസായികോത്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നത് എന്നതിനെ അഗവണിച്ചുകൊണ്ട് സാമ്രാജ്യത്വത്തിന്റെ നിർദേശാനുസരണം അതു നിർത്തലാക്കിയ ജർമൻ സർക്കാരിന്റെ ആത്മഹത്യാപരമായ നടപടിയാണ് ഇതിനുകാരണം. ഇതിന്റെ പ്രത്യാഘാതങ്ങൾ ജർമനിയെ മാത്രമല്ല, ഈ ഉത്പാദനശൃംഖലയിലെ കണ്ണികളായ ചെക് റിപ്പബ്ലിക്കിനെയും ബെൽജിയത്തെയും ഹംഗറിയെയും പോളണ്ടിനെയും ബാധിക്കും. അതായത് അന്തിമമായി ദുരിതം നേരിടേണ്ടി വരുന്ന തൊഴിലാളിവർഗത്തിന്റെ ശക്തമായ പോരാട്ടങ്ങൾക്ക് ഇത് ഭാവിയിൽ വഴിവച്ചേക്കും എന്നർഥം.
ആഫ്രിക്ക: ചെറുത്തുനിൽപ്പ്
ശക്തമാവുന്നു
ആഫ്രിക്കയിലും ഈ വർഷം സമരങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു. ജൂൺ മാസം കെനിയയിൽ തീവ്ര വലതുപക്ഷ ഭരണാധികാരിയായ വില്ല്യം റൂട്ടോ സർക്കാർ മുന്നോട്ടുവച്ച ധനബില്ലിനെതിരെ ജനങ്ങൾ നടത്തിയ ശക്തമായ പ്രതിഷേധ സമരവും അതിനുനേരെ ഗവൺമെന്റ് നടത്തിയ നിഷ്ഠുരമായ അടിച്ചമർത്തലും കൂട്ട അറസ്റ്റും ലോകശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. 400 ഓളം പ്രക്ഷോഭകാരികളെയാണ് അന്ന് സമരം മൂർച്ചിക്കുമോ എന്ന ഭയത്തിൽ ഗവൺമെന്റ് അറസ്റ്റു ചെയ്തത്. ജനങ്ങളുടെ അടിസ്ഥാനാവശേ-്യാത്പന്നങ്ങൾക്കടക്കം നികുതി ചുമത്തിയ അങ്ങേയറ്റം ജനദ്രോഹകരമായ ഒന്നായിരുന്നു ഈ ബില്ല്. അതുകൊണ്ടുതന്നെ ഇതിനെതിരായി തുടർച്ചയായ സമരങ്ങളാണ് രാജ്യത്ത് നടന്നത‍്.
അതുപോലെ തന്നെ സുഡാനിലെ സെെനിക വാഴ്ചയ്ക്കും രണ്ട് സെെനികശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിനുമെതിരായി ട്രേഡ് യൂണിയനുകൾ നടത്തിയ മുന്നേറ്റവും ശ്രദ്ധേയമാണ്. സുഡാനീസ് ആർമ്ഡ്ഫോഴ‍്സ്, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്നീ രണ്ട് സെെനികവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പക്ഷേ, അവർ കൊന്നൊടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയാണ്. ഇതിനെതിരെ രാജ്യത്തെ ട്രേഡ് യൂണിയനുകൾ രംഗത്തുവരികയും പൊതുചാർട്ടർ തയ്യാറാക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു. സുഡാനിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്നുവരുന്ന ഏതൊരു പ്രതിഷേധസ്വരത്തിനും നമ്മൾ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ ഇത് നിർണായകപ്രാധാന്യമർഹിക്കുന്നതാണ്. ദക്ഷിണാഫ്രിക്കയിലെ ഖനി തൊഴിലാളികളും കമ്യൂണിറ്റി ഹെൽത്ത് വർക്കർമാരും നടത്തിയ നിരന്തരസമരങ്ങളും കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടന്ന ജനകീയസമരവും ശക്തമായ മുന്നേറ്റങ്ങളായിരുന്നു. അതുപോലെ തന്നെ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പൊലീസ് അറസ്റ്റുചെയ്ത ഇസ്മയിൽ അൽ-–ഗസാവിയെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധവും സുപ്രധാനമാണ്. ഐഎംഎഫ് നയങ്ങൾ കണ്ണുംപൂട്ടി നടപ്പാക്കി രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ജീവിതച്ചെലവുപ്രതിസന്ധി വർധിപ്പിച്ച പ്രസിഡന്റ് ബൊല തിനുബിന്റെ നടപടിക്കെതിരെ ആഗസ്റ്റിൽ നെെജീരിയൻ ജനത പോരാട്ടവും പട്ടിണിസമരവും ആഫ്രിക്കയിലെ മറ്റൊരു ജനകീയ മുന്നേറ്റമായി. അതിനുനേരെ ഗവൺമെന്റ് നടത്തിയത് ശക്തമായ അടിച്ചമർത്തലും കൂട്ട അറസ്റ്റും കസ്റ്റഡി പീഡനവുമാണ്.
ഫ്രാൻസിന്റെ കൊളോണിയൽ സാമ്രാജ്യത്വ ആധിപത്യത്തെയും അമേരിക്കയുടെ അധിനിവേശത്തെയും ചെറുക്കുന്നതിന് സഹേൽ രാജ്യങ്ങൾ (മാലി, ബുർക്കിനഫാസോ, നെെജർ) ഒന്നിച്ചുനിന്ന് നടത്തിയ ചെറുത്തുനിൽപ്പും ഒടുവിൽ ഫ്രാൻസിന് ഈ രാജ്യങ്ങളിൽനിന്നു പരിപൂർണമായി ഒഴിഞ്ഞുപോകേണ്ടി വന്നതും ലോകരാജ്യങ്ങൾക്കാകെ വിജയത്തിന്റെ സന്ദേശം നൽകുന്ന ഒന്നായി മാറി.
വംശഹത്യയ്ക്കെതിരെ
പലസ്തീനും ലബനനും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടങ്ങി അമേരിക്കൻ ഒത്താശയോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കെതിരായി ലോകത്തുടനീളമുള്ള രാജ്യങ്ങളിൽ ഐക്യദാർഢ്യ പ്രക്ഷോഭങ്ങളും റാലികളും 2023ലെ പോലെ തന്നെ ഈ വർഷവും ശക്തമായി നടന്നു. പലസ്തീനിലെ തദ്ദേശീയ ജനങ്ങൾ നടത്തിയ കാർ പരേഡും നെതന്യാഹു ഗവൺമെന്റിന്റെ കണ്ണിൽചോരയില്ലാത്ത യുദ്ധവെറിയിൽ പ്രതിഷേധിച്ച് ഇസ്രയേലിൽ തന്നെ നടന്ന പ്രതിഷേധവും ശ്രദ്ധേയമാണ്. ഒപ്പം തന്നെ പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റുകാർ ചേർന്നു നടത്തിയ പ്രതിഷേധങ്ങളും എടുത്തുപറയേണ്ടതാണ്. ഇസ്രയേലിനെ സഹായിക്കുന്ന യൂറോപ്യൻ യൂണിയനെതിരായും തങ്ങളുടെ തന്നെ ഗവൺമെന്റിനെതിരായും ബ്രിട്ടനിലും ഫ്രാൻസിലും ഗ്രീസിലും ബെൽജിയത്തിലും സ്പെയിനിലും തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾ, പലസ്തീൻ ജനതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇതിനെല്ലാം ഇസ്രായേലിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായി അമേരിക്കയിൽ തന്നെ നടന്ന പ്രകടനങ്ങൾ എന്നിവയെല്ലാം ഭൂരിപക്ഷ ജനതയുടെ സാർവദേശീയ ബോധത്തെ കൂടുതൽ വേരുറപ്പിക്കുന്നതാക്കി.
സമരങ്ങൾ ഏഷ്യയിൽ
ഏഷ്യയിലേക്ക് വന്നാൽ, ഏറ്റവും ശ്രദ്ധേയമായത് ദക്ഷിണ കൊറിയയിൽ സാംസങ് തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണയെപോലും അവഗണിച്ചുകൊണ്ട് നടത്തിയ അനിശ്ചിതകാല പണിമുടക്കാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ ഇവിടെയും കുത്തകമുതലാളിമാരുടെ ചൂഷണത്തിനെതിരായി തൊഴിലാളികൾ മുന്നോട്ടുവരുകയും അതിജീവനത്തിനുവേണ്ടി പൊരുതുകയുമാണ്. ഇക്കാലയളവിൽ പലസ്തീൻ ജനതയ്ക്കുവേണ്ടി കൊറിയയിൽ നടന്ന പ്രക്ഷോഭവും ശ്രദ്ധേയമാണ്.
ബംഗ്ലാദേശിൽ ജൂലെെയിൽ ഭരണകക്ഷിയെ പിന്തുണയ്ക്കുന്നവർക്കനുകൂലമായി ഗവൺമെന്റ് ജോലികളിൽ ക്വാട്ട സംവിധാനം പുനഃസ്ഥാപിച്ച സുപ്രീംകോടതി തീരുമാനത്തിനെതിരെ വിദ്യാർഥികൾ തുടങ്ങിവച്ച സമരം, രാജ്യത്തെ ദുരിതമയമായ സാമ്പത്തികസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തമായി; എന്നാൽ ഗവൺമെന്റ് ഇതിനെ നേരിട്ടത് 400 ലേറെ പ്രക്ഷോഭകാരികളെ കൊന്നൊടുക്കിക്കൊണ്ടായിരുന്നു. ഇത് അവിടെ ശക്തമായ പ്രക്ഷോഭത്തിനു വഴിയൊരുക്കുകയും ഒടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുവാൻ നിർബന്ധിതയാവുകയും ചെയ്തു.
പാകിസ്താനിൽ മാധ്യമപ്രവർത്തകർ നടത്തിയ മുന്നേറ്റം, ഇന്ത്യയിൽ കർഷകരും ആശാവർക്കർമാരും തൊഴിലുറപ്പ് തൊഴിലാളികളും നടത്തിയ സമരങ്ങളും സഹപ്രവർത്തകയുടെ കൊലപാതകത്തിനെതിരായി ഡോക്ടർമാർ നടത്തിയ അനിശ്ചികാല പണിമുടക്കുമെല്ലാം എടുത്തുപറയേണ്ടവയാണ്. ശ്രീലങ്കയിൽ ഐഎംഎഫിന്റെയും സാമ്രാജ്യത്വത്തിന്റെയും ഇച്ഛാനുസരണം കൂടുതൽ ജനദ്രോഹകരായ ഭരണം നടത്തി രാജ്യത്ത് വലിയ തോതിൽ സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുകയും ജനങ്ങൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയുണ്ടാക്കുകയും ചെയ്ത ഗവൺമെന്റിനെതിരെ കഴിഞ്ഞ മൂന്നുവർഷങ്ങളായി ജനങ്ങൾ നടത്തി വന്ന പ്രക്ഷോഭ പരമ്പരകളുടെ ഒടുവിൽ 2024ൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരുകയുണ്ടായി.
തീവ്ര വലതുപക്ഷ –ഫാസിസ്റ്റ്
ഗവൺമെന്റുകൾക്കെതിരെ
2024ലെ മറ്റൊരു സവിശേഷത, തീവ്ര വലതുപക്ഷം അധികാരം കയ്യാളുന്ന രാജ്യങ്ങളിലും ഭരണത്തിനും ഭരണാധികാരികൾക്കുമെതിരായി ഉയർന്നുവന്ന ശക്തമായ ജനകീയ ചെറുത്തുനിൽപ്പുകളായിരുന്നു. ഫ്രാൻസിൽ തിരഞ്ഞെടുപ്പിനുമുൻപ് അതിവേഗ സ്വകാര്യവത്കരണവും തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങളും നടപ്പാക്കിക്കൊണ്ടിരുന്ന മക്രോണിനെതിരായ നിരവധി ബഹുജന പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പിനുശേഷം കേവല ഭൂരിപക്ഷമില്ലെങ്കിലും കൂടുതൽ സീറ്റുലഭിച്ച ഇടതുപക്ഷ പുരോഗമനസഖ്യമായ ന്യൂ പോപ്പുലർ ഫ്രന്റിനെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കാതെ തന്റെ ഇഷ്ടക്കാരനെ നിയമിക്കാനുളള മക്രോണിന്റെ നടപടിക്കെതിരായി നടന്ന ജനകീയ പ്രക്ഷോഭവും സുപ്രധാനമായ തീവ്രവലതുപക്ഷ വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം തന്നെയാണ്.
ഇറ്റലിയിൽ ജോർജി മെലോണിക്കും അർജന്റീനയിൽ ജാവേർ മിലിയ്ക്കും കെനിയയിൽ വില്യം റൂട്ടോയ്ക്കും ഇപ്പോൾ ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സൂക്ക് യോളിനുമെതിരായി നടന്ന ജനകീയ മുന്നേറ്റങ്ങൾ തീർച്ചയായും കൃത്യമായ രാഷ്ട്രീയ സമരങ്ങൾ തന്നെയാണ്. ഭരണകൂടത്തിനെതിരായി പ്രതിഷേധസ്വരമുയർത്തുന്ന ശക്തികൾക്കെതിരായി അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള യുൻ സുക് യുവോളിന്റെ നടപടിക്കെതിരെ ഉയർന്നുവന്ന ശക്തമായ ജനകീയ പ്രക്ഷോഭം ഒടുവിൽ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിലാണ് അവസാനിച്ചത്; കൃത്യമായും തീവ്രവലതുപക്ഷ സേ-്വച്ഛാധിപത്യ വാഴ്ചയ്ക്കെതിരായ ഈ മുന്നേറ്റം വിജയം കണ്ടുവെന്നത് വർഷാവസാനവേളയിൽ ലോകജനതയ്ക്കാകെ ആശേവം പകരുന്നതാണ്. ഇക്വഡോറിൽ രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയെ തികഞ്ഞ നിരുത്തവാദിത്തത്തോടുകൂടി സമീപിക്കുകയും ശതകോടീശ്വരന്മാരുടെ അജൻഡകൾ നടപ്പാക്കുകയും ചെയ്യുന്ന ഡാനിയേൽ നൊബാവോ ഗവൺമെന്റിനെതിരായി വിദ്യാർഥികളും തൊഴിലാളികളും സാമൂഹികപ്രസ്ഥാനങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ചേർന്നു നടത്തിയ പ്രതിഷേധ സമരവും ഇതോടു ചേർത്തുവായിക്കേണ്ടതുണ്ട്. കൃത്യമായ രാഷ്ട്രീയ സ്വാഭാവമുള്ള സമരമുന്നേറ്റം തന്നെയാണ് ഇവയെല്ലാം.
ഇനി പറയേണ്ടത്, ഇടതുപക്ഷ പുരോഗമന ഭരണകൂടങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ അതിനെ അട്ടിമറിക്കുന്നതിനുവേണ്ടി വലതുപക്ഷവും അമേരിക്കൻ സാമ്രാജ്യത്വവും നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരായി അതത് രാജ്യങ്ങളിലെ ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പാണ്. ഹോണ്ടുറാസ് ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സിയോമാറ കാസ്ട്രോയുടെ പുരോഗമന ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ച അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായി ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തലസ്ഥാനമായ ടെഗുസിഗൽപായിൽ പതിനായിരങ്ങളാണ് അണിനിരന്നത്. ക്യൂബയ്ക്കുമേൽ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹവാനയിലെ യുഎസ് എംബസിയിലേക്ക് പ്രസിഡന്റ് മിഗ്വൽ ഡയസ് കനാലിന്റെ നേതൃത്വത്തിൽ അഞ്ചുലക്ഷത്തിലേറെ ജനങ്ങൾ നടത്തിയ മാർച്ചും പൂർണമായ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം പേറുന്ന ഒന്നാണ്. വെനസേ-്വലയിലും മെക്സിക്കോയിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമെല്ലാം ഈ രീതിയിൽ തങ്ങളുടെ ഇടതുപക്ഷ പുരോഗമന ഗവൺമെന്റുകളെ സംരക്ഷിക്കുന്നതിനുവേണ്ടി തൊഴിലാളിവർഗവും വിവിധ വിഭാഗം ജനങ്ങളും നിരന്തരമായ ചെറുത്തുനിൽപ്പുയർത്തിക്കൊണ്ടിരിക്കുന്നുണ്ട്.
തുടക്കത്തിൽ പറഞ്ഞതുപോലെ, അനേകം ജനകീയ മുന്നേറ്റങ്ങളുടെയും തൊഴിലാളി സമരങ്ങളുടെയും വർഷംതന്നെയാണ് 2024. പാർലമെന്ററി തിരഞ്ഞെടുപ്പുകളിൽ ആഗോള പശ്ചാത്തലത്തിൽ വലതുപക്ഷവും തീവ്രവലതുപക്ഷവും വിജയിക്കുമ്പോഴും അവിടങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗങ്ങൾ, തൊഴിലാളികളും കർഷകജനസാമാന്യവും സർക്കാർ ജീവനക്കാരും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരുമെല്ലാം ജീവിതച്ചെലവു പ്രതിസന്ധിക്കും സാമ്പത്തിക ചൂഷണത്തിനുമെതിരായ, അസമത്വത്തിനെതിരായ ശക്തമായ സമരപോരാട്ടങ്ങൾ നടത്തുന്നുണ്ട്. കാരണം, ലോകത്തുടനീളമുള്ള ജനങ്ങൾ അനിയന്ത്രിതവും അസ്സഹനീയവുമായ തോതിൽ ദുരിതവും പട്ടിണിയും നേരിടുമ്പോൾ അതിജീവനത്തിന് പോരാട്ടമല്ലാതെ അവർക്കു മറ്റു മാർഗമില്ലാതെയാകുന്നു. അസമത്വം ശക്തമായി നിലനിൽക്കുമ്പോൾ അസംതൃപ്തി അതിലേറെ ശക്തമാവുകയും വ്യവസ്ഥിതിയോട്, സംവിധാനത്തോട് പൊരുതുവാൻ ഇച്ഛാശക്തിയോടെ ജനം മുന്നോട്ടുവരുകയും ക്രമേണ അത് അവരെ തൊഴിലാളിവർഗ ബോധത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് കൂടുതൽ സംഘടിത സമരങ്ങൾക്ക് വഴിവയ്ക്കുകയും മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിക്ക് അന്ത്യംകുറിക്കുന്നതിനിടയാക്കുകയും ചെയ്യും. അതായത് തൊഴിലാളി വർഗമുള്ളിടത്തോളം കാലം പ്രതീക്ഷകളുണ്ട്; മാറ്റത്തിന്റെ അടയാളങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോൾ 2024 പ്രതീക്ഷയുടെ വർഷമാണ്. l