ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയുടെ (UNEP) 2024 ലെ എമിഷൻ ഗ്യാപ്പ് റിപ്പോർട്ടിന്റെ തലക്കെട്ട് No more hot air … please! എന്നാണ്. ഇതാരാണ് കേൾക്കേണ്ടത്? എല്ലാവരും എന്ന് അലസമായി പറയുന്നതുകൊണ്ട്- കാര്യമുണ്ടാവില്ല. ആരാണ് ഇങ്ങനെ ചൂടുകൂടാൻ കാരണക്കാർ? ഒരു കൊല്ലം കൂടി കടന്നുപോകുമ്പോൾ ആഗോള അന്തരീക്ഷ താപനിലയുടെ സ്ഥിതി എന്താണ്? ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്നൊക്കെ തീവ്രമായി ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുണ്ടാക്കുന്ന ആഗോള കാലാവസ്ഥാ പ്രമാണങ്ങൾ മുന്നോട്ടു വയ്ക്കുന്ന കാലാവസ്ഥാ ലക്ഷ്യങ്ങളുടെ സ്ഥിതി എന്താണ്?
ആദ്യം ചില കണക്കുകൾ നോക്കാം
l ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമാണ് കടന്നു പോകുന്നത്. 2024 ജനുവരി–സെപ്തംബർ കാലത്ത് ശരാശരി അന്തരീക്ഷതാപം വ്യവസായ വിപ്ലവ പൂർവ്വകാലത്തെ അപേക്ഷിച്ച് 1.54°C കൂടി. അതേസമയം ദീർഘകാല പ്രവണതകൾ 1.5°C നുള്ളിൽ തുടരുന്നുണ്ട്. 2015 മുതൽ 2024 വരെയുള്ള ഒരു ദശാബ്ദം കഴിഞ്ഞ 175 കൊല്ലങ്ങളിലെ ഏറ്റവും ചൂടുകൂടിയ കാലമാണ്.
l ഏറ്റവും അധികം ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തിയ വർഷമായിരുന്നു 2023. തൽസമയ വിലയിരുത്തലുകൾ അനുസരിച്ച് 2024 ലും സ്ഥിതി വ്യത്യസ്തമല്ല.
l 57.1 ഗിഗാടൺ (ഒരു ഗിഗാടൺ=100 കോടി ടൺ) കാർബൺ ഡൈഓക്സൈഡിന് സമമായ ഹരിതഗൃഹ വാതകങ്ങളാണ് 2023 ൽ അന്തരീക്ഷത്തിൽ എത്തിയത്. 2010 മുതൽ 2019 വരെയുള്ള ഒരു ദശാബ്ദക്കാലത്തെ വാർഷിക ശരാശരി 53.8 ഗിഗാടൺ ആയിരുന്നു. 2021 ൽ 55.9 ഉം 2022 ൽ 56.3ഉം ആയിരുന്നു എമിഷൻ അളവുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 2023ൽ 1.3 ശതമാനം അധികം കാർബൺ ഡൈഓക്സൈഡും മറ്റും അന്തരീക്ഷത്തിലേക്ക് ചൊരിഞ്ഞു എന്നു സാരം. 2024 ലെ കണക്കുകൾ കാണിക്കുന്നതും ഇതു തന്നെയാണ്. 2010-–2019 ദശാബ്ദക്കാലത്തെ വാർഷിക ശരാശരി വർദ്ധനവ് 0.8 ശതമാനമായിരുന്നു.
l കാർബൺ ഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അന്തരീക്ഷത്തിലെ സാന്ദ്രത കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവും കൂടി.
l കടലിന്റെ ചൂടും നിരപ്പും ഉയരുകയാണ്. 2023 ൽ ലോകമെമ്പാടുമായി ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 18 മടങ്ങ്- താപമാണ് കടൽ ആഗിരണം ചെയ്തത്. 31 ലക്ഷം Terra Watt hour ( 1 TWh =100 കോടി KWh). ഇതുണ്ടാക്കുന്ന തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടുതൽ ദുഷ്കരമായി മാറുന്നു.
l ചാവുകടലിലെ വെള്ളത്തിന്റെ അഞ്ചു മടങ്ങിനു തുല്യമായ മഞ്ഞുരുക്കമാണ് 2023ലുണ്ടായത്
കാലാവസ്ഥാ വൃതിയാനത്തിനു കാരണമായ ആഗോളതാപനത്തിന്റെ ഇന്നത്തെ സ്ഥിതി വരച്ചുകാട്ടുന്നതാണ് ഈ കണക്കുകൾ. ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയുടെ (UNEP) എമിഷൻ ഗ്യാപ്പ് റിപ്പോർട്ടിലും (2024) ലോക കാലാവസ്ഥാശാസ്ത്ര സംഘടനയുടെ (WMO) 2024 ലെ സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് റിപ്പോർട്ടിലുമാണ് ഈ കണക്കുകളുള്ളത്. വ്യവസായ വിപ്ലവ പൂർവകാലത്തെ അപേക്ഷിച്ച് അന്തരീക്ഷ താപനിലയിലെ വർദ്ധനവ് 1.5°C യിൽ പിടിച്ചുനിർത്തുകയാണ് ലോകമാകെ ലക്ഷ്യം വെയ്ക്കുന്നത്. കാലാവസ്ഥാ ലക്ഷ്യം ഒന്നാണെങ്കിലും മാർഗ്ഗത്തെ സംബന്ധിച്ചും ആർക്കാണ് പ്രധാന ബാധ്യത എന്നതിലും അത്ര യോജിപ്പില്ല. നാളിതുവരെ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടിയതിന്റെ വർദ്ധിച്ച ഉത്തരവാദിത്തമുള്ള വ്യാവസായിക ലോകം അതിന്റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ലാത്തതാണ് പ്രതിസന്ധി. ആഗോളതാപനവും അതുണ്ടാക്കുന്ന പ്രവചനാതീതമായ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും അവികസിത ലോകത്തെ മനുഷ്യർക്കാണ് കൊടിയ ദുരിതം വിതയ്ക്കുന്നത്. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ജീവിതത്തിലും തൊഴിലിലും വരുത്തുന്ന അരക്ഷിതാവസ്ഥയെ പ്രതിരോധിക്കാൻ സാമ്പത്തികമായും സാങ്കേതികമായും കെൽപ്പില്ലാതെ അവികസിത, വികസ്വര ലോകത്തെ മനുഷ്യർ ദുരിതം പേറുകയാണ്. പാവപ്പെട്ട രാജ്യങ്ങൾ ഇരട്ട പ്രഹരമാണ് അനുഭവിക്കുന്നത്. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടുന്നതിനുള്ള സൗകര്യങ്ങൾ (Coping Capacity) ഈ രാജ്യങ്ങളിൽ പ്രായേണ അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ പ്രഹരശേഷി കൂടുതലായിരിക്കും. ആൾനാശവും വിഭവനാശവുമെല്ലാം തീവ്രമായിരിക്കും.
ഒരു തീവ്രപ്രകൃതി പ്രതിഭാസം (Natural Hazard) ദുരന്തമായി (Disaster) മാറുന്നത് നാടിന്റെയും മനുഷ്യരുടെയും ദുർബലത (Vulnerability/exposure) മൂലമാണ്. പ്രകൃതി ദുരന്തങ്ങൾ വലിയ അളവിൽ ഒരു രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക പ്രശ്നമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് പാവപ്പെട്ട ലോകരാജ്യങ്ങളും അവിടത്തെ മനുഷ്യരും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രധാന ഇരകളായി മാറുന്നത്. ദുരന്തങ്ങൾക്ക് ഇരയാകുന്ന ഇത്തരം രാജ്യങ്ങൾക്ക് വീണ്ടെടുപ്പും പുനർനിർമ്മാണവും (Recovery and Reconstruction) അതീവ ക്ലേശകരവുമാണ്. പണം വേണ്ടത്ര ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഒരുതരത്തിലും തങ്ങൾ കാരണക്കാരല്ലാത്ത പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളായി പാവപ്പെട്ട രാജ്യങ്ങളിലെ മനുഷ്യർ മാറുന്നതാണ് തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളുടെ രാഷ്ട്രീയം. താപവർദ്ധനവ് പിടിച്ചുനിർത്തുന്നതിനുള്ള ബാധ്യതകൂടി ഇവരുടെമേൽ വരുന്നതോടെ പലവിധ ദാരിദ്ര്യ അവസ്ഥകളെ മറികടക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കും തടസം നേരിടുന്ന സ്ഥിതിയാണ്. എന്നാൽ ഇക്കണ്ട കാർബണെല്ലാം അന്തരീക്ഷത്തിൽ ചൊരിഞ്ഞ വ്യാവസായിക വികസിത ലോകം തങ്ങളുടെ ഉത്തരവാദിത്തത്തിനനുസരിച്ച്- കാർബൺ എമിഷൻ കുറയ്ക്കാൻ തയ്യാറാകുന്നുമില്ല. എല്ലാംകൂടി ഇന്നത്തെ നിലയിലേ (business as usual) കാര്യങ്ങൾ മുന്നോട്ടു പോകൂ എന്നതാണ് സ്ഥിതി.
ആരാണ് ഉത്തരവാദികൾ
കാർബൺ എമിഷൻ സംബന്ധിച്ച, രാജ്യം തിരിച്ചുള്ള 2023 ലെ കണക്കുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 57.1 ഗിഗാടൺ കാർബൺ ഡൈഓക്സൈഡിന് സമമായ ഹരിതഗൃഹ വാതകങ്ങളാണ് ( GHG) 2023 ൽ അന്തരീക്ഷത്തിൽ എത്തിയത് എന്നു കണ്ടല്ലോ? ആരൊക്കെയാണ് ഇത് അന്തരീക്ഷത്തിലേക്ക് വിട്ടത്? ഈ പട്ടിക ഒന്നു നോക്കാം.
GHG എമിഷൻ 2023, ആളോഹരി എമിഷൻ, സഞ്ചിത എമിഷൻ
രാജ്യങ്ങളുടെ (ചില ഗ്രൂപ്പുകളുടെയും ) 2023 ലെ എമിഷൻ എത്രയാണ് എന്നതാണ് രണ്ടാം കോളത്തിലുള്ളത്. അങ്ങനെ നോക്കുമ്പോൾ ഏറ്റവും വലിയ മൂന്നാമത്തെ ഉത്തരവാദി ഇന്ത്യയാണെന്ന് വരുന്നില്ലേ? അവസാന വരിയിലുള്ള G20 എന്നത് രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് എന്നു നമുക്കറിയാം. ഒന്നാം ഉത്തരവാദിത്തം ചൈനയ്ക്കാണ് . അമേരിക്ക രണ്ടാം സ്ഥാനത്താണ്. മുൻവർഷത്തെ അപേക്ഷിച്ച് 2023 ൽ എത്ര വ്യത്യാസം ഓരോ രാജ്യവും വരുത്തി എന്നതാണ് അടുത്ത കോളം. ഇവിടെ നോക്കിയാലോ? ഏറ്റവും അധികം എമിഷൻ വർദ്ധിപ്പിച്ച രാജ്യം ഇന്ത്യയല്ലേ? മുൻവർഷത്തെ അപേക്ഷിച്ച് ചൈനയുടെ 5.1 ശതമാനം വർദ്ധനയ്ക്കും മുകളിൽ 6.1 ശതമാനം കൂടുതൽ എമിഷൻ ഇന്ത്യ നടത്തി. അതേസമയം അമേരിക്ക 1.4 ശതമാനവും 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയൻ 7.5 ശതമാനം കണ്ടും എമിഷൻ കുറച്ചു! 45 അവികസിത രാജ്യങ്ങളുടെ എമിഷൻപോലും 1.2 ശതമാനം കൂടിയപ്പോഴാണ് അമേരിക്കയും യൂറോപ്പും കുറയ്ക്കുന്നത്. അപ്പോൾ ഉത്തരവാദികൾ ആരാണ്?
ഇതുരണ്ടും മാത്രം നോക്കിയാൽ ചിത്രത്തിനു തെളിച്ചം കിട്ടില്ല . അതിന് അടുത്ത കോളങ്ങൾ ചേർത്തുവെച്ചു മനസ്സിലാക്കിയാലേ പറ്റൂ. ആളോഹരി എമിഷൻ 2023 ൽ എത്രയാണ് എന്നതാണ് അടുത്ത കോളം തരുന്ന കണക്ക്. കാർബൺ ഡൈഓക്സൈഡും മറ്റും വരുന്നത് ഏങ്ങനെയാണ്? മുന്തിയ പങ്കും ഇന്ധനം കത്തിക്കുന്നത് വഴിയുണ്ടാകുന്നതാണ്. എന്തിനാണ് ഇന്ധനം കത്തിക്കുന്നത്? ഊർജ്ജം ഉണ്ടാക്കാൻ. ഊർജ്ജ ഉപഭോഗവും ജീവിത സൗകര്യവും തമ്മിൽ വലിയ ബന്ധമുണ്ട്. വികസിത ലോകം കൂടുതൽ എമിഷൻ നടത്തി നേടിയത് വലിയ ജീവിത സൗകര്യങ്ങളാണ്. ഇതു മനസിലാക്കാൻ ഉതകുന്ന കണക്കാണ് ആളോഹരി വൈദ്യുതി ഉപഭോഗത്തിലെ അന്തരം. അമേരിക്കയുടെ ആളോഹരി വൈദ്യുതി ഉപഭോഗം (2019) 13405 യൂണിറ്റാണ് (KWh). ഇതേ കൊല്ലം അമേരിക്കയുടെ ആളോഹരി എമിഷൻ 20 ടൺ കാർബൺ ഡൈഓക്സൈഡിന് തുല്യമായിരുന്നു. അന്ന് അമേരിക്ക മാനവ വികസന സൂചികയിൽ (Human Development Index) പതിനേഴാം സ്ഥാനത്തായിരുന്നു. പതിനാറാം സ്ഥാനത്തുള്ള കാനഡയുടെ ആളോഹരി വൈദ്യുതി ഉപഭോഗം 17339 യൂണിറ്റും ആളോഹരി എമിഷൻ 19.5 ടൺ കാർബൺ ഡൈഓക്സൈഡിന് തുല്യവുമായിരുന്നു. മാനവവികസന സൂചികയിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ആസ്ട്രേലിയയുടെ ആളോഹരി വൈദ്യുതി ഉപഭോഗം 10550 യൂണിറ്റും ആളോഹരി എമിഷൻ 21.6 ടൺ കാർബൺഡൈ ഓക്സൈഡിന് തുല്യവുമായിരുന്നു. മാനവവികസന സൂചികയിലെ സ്ഥാനം 85 ആയിരുന്ന ചൈനയുടെ ആളോഹരി വൈദ്യുതി ഉപഭോഗം 5233 യൂണിറ്റും ആളോഹരി എമിഷൻ 9.6 ടൺ കാർബൺ ഡൈഓക്സൈഡിന് തുല്യവുമായിരുന്നു. ഇന്ത്യയുടെ ആളോഹരി വൈദ്യുതി ഉപഭോഗം 1174 യൂണിറ്റും ആളോഹരി എമിഷൻ 2.4 ടൺ കാർബൺ ഡൈഓക്സൈഡിന് തുല്യവും മാത്രമായിരുന്നു. മാനവ വികസന സൂചികയിലെ രാജ്യത്തിന്റെ സ്ഥാനം 131 ആയിരുന്നു എന്നതും പ്രസക്തമാണ്.
ഇത് പറയുന്നതെന്തിനാണ്? ഒരു കൊല്ലത്തെ ആകെ എമിഷന്റെ കണക്ക് പറഞ്ഞ് ഇക്കൂട്ടർ വലിയ അന്തരീക്ഷ മലിനീകാരികളാണ് എന്ന ആഖ്യാനത്തിന്റെ പൊള്ളത്തരം മനസിലാക്കാൻ അവസാന രണ്ടു കോളങ്ങളിലെ കണക്കുകൾ സഹായിക്കും. ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അപ്പോൾ ആളോഹരി എമിഷൻ എന്നതിനാണ് കൂടുതൽ ശാസ്ത്രീയത. 2023 ലെ ആളോഹരി എമിഷൻ കണക്കുകൾ ഒന്നു നോക്കൂ. അമേരിക്കയുടേത് ആളോഹരി 18 ടൺ കാർബൺ ഡൈ ഓക്സൈഡിനു തുല്യമായ എമിഷനാണ്. ചൈനയുടേത് 11 ടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമേ വരൂ. ഇനി ഇന്ത്യയുടേതോ ? ആളോഹരി 2.9 ടൺ കാർബൺ ഡൈ ഓക്സൈഡിന് സമാന എമിഷൻ.
അവസാന കോളത്തിലെ കണക്കുകൂടി നോക്കിയാൽ കാരണക്കാർ ആര് എന്നതിനെ സംബന്ധിച്ച് ഏതാണ്ടൊരു സമഗ്രചിത്രം പിടികിട്ടും. കാലമിത്രയുംകൊണ്ട് അന്തരീക്ഷത്തിൽ ഇക്കണ്ട കാർബൺ ഡൈഓക്സൈഡും മറ്റും ചൊരിഞ്ഞു കൂട്ടിയത് ആരാണ്? ഇതിനെയാണ് ഹിസ്റ്റോറിക്കൽ എമിഷൻ, ക്യുമിലേറ്റീവ് എമിഷൻ എന്നൊക്കെ പറയുന്നത്. ഒരു കൊല്ലത്തെ കണക്കല്ല പ്രസക്തം, ഇക്കണ്ട കാലം കൊണ്ടു നടത്തിയ എമിഷന്റെ ഫലമാണ് ആഗോള താപനം. ഇഷ്ടംപോലെ എമിഷൻ നടത്തിയവർ അതുകൊണ്ട് സമ്പത്തും സൗകര്യങ്ങളും കുന്നു കൂട്ടുക കൂടിയാണ് ചെയ്തത്. ഇതാണ് പട്ടികയിലെ അവസാനത്തെ കോളത്തിലെ കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 1.4 ശതമാനം എമിഷൻ കുറച്ച അമേരിക്കയുടെ ഹിസ്റ്റോറിക്കൽ എമിഷൻ ( ഇക്കാലമത്രയും കൊണ്ട് നത്തിയ എമിഷൻ) 527 ഗിഗാ ടൺ കാർബൺ ഡൈ ഓക്-സൈ–ഡിന് തുല്യമാണ്. അന്തരീക്ഷത്തിൽ ഇതേ വരെ കുമിഞ്ഞുകൂടിയ ഹരിത ഗൃഹ വാതകങ്ങളുടെ 20 ശതമാനവും ലോക ജനസംഖ്യയുടെ 4 ശതമാനത്തിൽ താഴെയുള്ള അമേരിക്കയുടെ സംഭാവനയാണ്. ആഗോള ജനസംഖ്യയുടെ 18––19 ശതമാനം ജനസംഖ്യയുള്ള ഇന്ത്യയുടെ പങ്ക് 3 ശതമാനമാണ്. സമീപ കാലത്ത് വലിയ സാമ്പത്തിക വളർച്ച കൈവരിക്കുന്ന ചൈനയുടെ ജനസംഖ്യാ വിഹിതം 18 ശതമാനവും സഞ്ചിത എമിഷൻ പങ്ക് 12 ശതമാനവുമാണ്. ആറു ശതമാനം ജനസംഖ്യാ വിഹിതമുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് അന്തരീക്ഷത്തിൽ അടിഞ്ഞു കൂടിയ ഹരിത ഗൃഹ വാതകങ്ങളുടെ 12 ശതമാനത്തിനും ഉത്തരവാദി.
താഴെയുള്ള ചാർട്ട് സഞ്ചിത എമിഷന്റെ ഉത്തരവാദികൾ ആര് എന്നത് സംബന്ധിച്ച കൂടുതൽ മിഴിവുള്ള ധാരണ നൽകും. 1850– 1990 വരെയുള്ള കാലത്തെയും 1991 മുതൽ 2019 വരെയുള്ള കാലത്തെയും ക്യുമുലേറ്റീവ് എമിഷന്റെ ഉത്തരവാദികൾ ആര് എന്നതാണ് ഈ ചാർട്ട് നൽകുന്ന കണക്ക്. വ്യാവസായിക വിപ്ലവം സ്ഥായിയായ കാലം മുതൽ കാലാവസ്ഥാ വ്യതിയാന ചർച്ചകൾ മൂർത്തമായ കാലംവരെ എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് കാലാവസ്ഥാ പ്രമാണങ്ങൾ പ്രാബല്യത്തിൽ വന്ന കാലം എന്നു കണക്കാക്കാം. ചരിത്രപരമായ എമിഷൻ ഉത്തരവാദിത്തം അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും വികസിത വ്യാവസായിക ലോകത്തിനുമാണ്. നാം ആദ്യം നോക്കിയ 2023 ലെയും 2024 ൽ തുടരുന്നതുമായ എമിഷൻ പ്രവണതകളും ഇതേ ചിത്രമാണല്ലോ തരുന്നത്. ഞങ്ങളുടെ ലൈഫ് സ്റ്റൈൽ മാറ്റാനാകില്ല, നിങ്ങൾ പട്ടിണി കിടന്നാലും എമിഷൻ കുറച്ച് ലോകത്തെ രക്ഷിക്കണം എന്നു പറയുന്നതാണ് ഈ കാലാവസ്ഥാ നീതിയുടെ സ്വഭാവം.
മഹാ ഭൂരിപക്ഷം മനുഷ്യർക്കും തൊഴിലും വെള്ളവും വെളിച്ചവും വിദ്യാഭ്യാസവും വിവര ലഭ്യതയും ഒന്നും ഉറപ്പാക്കാത്ത ദരിദ്രാവസ്ഥയെ മറികടക്കണമെങ്കിൽ ഉയർന്ന ഊർജ്ജലഭ്യത ഉണ്ടാകണം. വൈദ്യുത ഉൽപ്പാദനവും ഉപഭോഗവും ഉയർത്തിയല്ലാതെ ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാകില്ല. അതു നമ്മുടെ ആളോഹരി എമിഷനും ഉയർത്തും. രാജ്യത്തെ വൈദ്യുത ഉൽപ്പാദനത്തിന്റെ 51 ശതമാനവും കൽക്കരിയിൽ നിന്നും ലിഗ്നൈറ്റിൽ നിന്നുമാണ്. ഇന്ത്യയിലെ കൽക്കരി ഖനികളും കൽക്കരി അധിഷ്ഠിത വ്യവസായങ്ങളിലുമായി 1കോടി 30 ലക്ഷം പേരാണ് പണിയെടുക്കുന്നത്. കൽക്കരിയിൽ നിന്നു കൂടുതൽ ക്ലീൻ ആയ ഊർജ്ജ സ്രോതസുകളിലേക്ക് മാറുക എന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് വലിയ ചിലവുള്ള ഏർപ്പാടാണ് എന്നു സാരം.വികസന ആവശ്യങ്ങളും എമിഷൻ കുറയ്ക്കലും സമന്വയിപ്പിക്കുക എന്നത് ഈ അവികസിത, വികസ്വര രാജ്യങ്ങൾക്ക് ഉണ്ടാക്കുന്ന ഭാരം ദുർവ്വഹമാണ് . വർദ്ധിച്ച ഉത്തരവാദിത്തമുള്ള വികസിത വ്യാവസായിക ലോകം തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കാൻ തയാറാകുന്നില്ല. എമിഷൻ ഗണ്യമായി കുറയ്ക്കുകയോ അവികസിത ലോകത്തിന്റെ താരതമ്യേനയുള്ള കാർബൺമുക്ത വികസനത്തിനുവേണ്ട സാമ്പത്തിക, സാങ്കേതിക പിന്തുണ നൽകുകയോ ചെയ്യുന്നില്ല. ഈ പശ്ചാത്തലത്തിൽ കടന്നു പോകുന്ന വർഷത്തെ പ്രസക്തമായ രണ്ടു പ്രധാന സംഭവ ഗതികൾ ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവും COP29 ന്റെ നിഷ്ഫലതയുമാണ്.
ട്രംപിന്റെ തിരിച്ചുവരവും
ആഗോള കാലാവസ്ഥാ
ലക്ഷ്യങ്ങളും
ആഗോളതാപനം ഒരു തട്ടിപ്പാണെന്ന് (hoax) 2013 ൽ തന്നെ നിലപാടെടുത്തയാളാണ് ഡൊണാൾഡ് ട്രംപ് .സമുദ്ര നിരപ്പ് ഉയരുന്നത്രേ! ഇവിടെ ആര്- ഗൗനിക്കുന്നു? തെരഞ്ഞെടുക്കപ്പെട്ടാൽ ഫോസിൽ ഇന്ധനങ്ങളുടെ ഇനിയും തുറക്കാത്ത കലവറ അമേരിക്ക ടാപ്പ് ചെയ്യും. ഇതായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ കാലത്തെ ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. അധികാരമേൽക്കും മുൻപുതന്നെ ട്രംപ് ലോകരാഷ്ട്രങ്ങളെ പല വിധത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. അമേരിക്കയിൽ നിന്നും ഫോസിൽ ഇന്ധനങ്ങൾ വാങ്ങിയില്ലെങ്കിൽ കടുത്ത തീരുവയ്ക്കു വിധേയമാകാൻ തയ്യാറായിക്കോളൂ എന്നതാണ് ഒരു പ്രധാന ഭീഷണി. ആഗോളതാപനം ചെറുക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി കാണുന്നത് ഫോസിൽ ഇന്ധനങ്ങളിൽ നിന്നും റിന്യൂവബിൾ ഊർജ്ജത്തിലേക്കുള്ള പരിവർത്തനമാണ്. അതിനുള്ള സാങ്കേതികവിദ്യയും സാമ്പത്തികവുമാണ് ലോകം മുഴുവൻ തല പുകഞ്ഞ് ചർച്ച ചെയ്യുന്നത്. ഇവിടെയാണ് ആഗോള താപനം തട്ടിപ്പാണെന്നും അധിക ഫോസിൽ ഇന്ധന ഉൽപ്പാദനവും വിപണനവുമാണ് തങ്ങളുടെ വികസന വഴി എന്നും പ്രഖ്യാപിക്കുന്ന ട്രംപിന്റെ തിരിച്ചുവരവ് തീവ്രകാലാവസ്ഥാ പ്രതിരോധത്തിന് ഭീഷണിയാകുന്നത്. ട്രമ്പിന്റെ രണ്ടാം വരവ് 4 ഗിഗാടൺ കാർബൺ ഡൈ ഓക്സൈഡിനു തുല്യമായ അധിക എമിഷൻ ഉണ്ടാക്കും എന്നാണ് കാർബൺബ്രീഫ് എന്ന വെബ് മാദ്ധ്യമം കണക്കുകൂട്ടുന്നത്. കാലാവസ്ഥാ അജൻഡയെ സംബന്ധിച്ച് അതീവ നിർണ്ണായകമായ സംഭവവികാസമാണ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് എന്നു പറയാം.
COP29
United Nations Framework Convention on Climate Change ( UNFCC ) ൽ പങ്കാളികളായ രാജ്യങ്ങളുടെ ഇരുപത്തി ഒൻപതാമത് കോൺഫറൻസ് ( Conference of the Parties- –29) 2024 നവംബറിൽ അസർബൈജാനിലെ ബാക്കുവിൽ നടന്നു. ഒരു ഫിനാൻസ് COP ആയിട്ടാണ് ബാക്കു കോൺഫറൻസിനെ ലോകം നോക്കിക്കണ്ടത്. കാലാവസ്ഥാ വ്യഥകളെ നേരിടുന്നതിനും വികസനത്തെയും എമിഷൻ ലക്ഷ്യങ്ങളെയും സമന്വയിപ്പിക്കുന്നതിനും പാവപ്പെട്ട രാജ്യങ്ങൾക്ക് വികസിത ലോകം ധന സഹായം ഉറപ്പാക്കണം എന്നത് 1990 കളിൽത്തന്നെ ഉയർന്ന ധാരണയാണ്. വികസിത ലോകത്തിന് വർദ്ധിച്ച ഉത്തരവാദിത്തം നൽകുന്ന അടിസ്ഥാന പ്രമാണങ്ങളിൽ ക്രമേണ വെള്ളംചേർക്കാൻ തുടങ്ങി. ക്യോട്ടോ പ്രോട്ടോക്കോൾ വികസിത ലോകത്തിന്റെ എമിഷൻ നിയന്ത്രണമാണ് ലക്ഷ്യമിട്ടതെങ്കിൽ പാരിസ് കൺവൻഷൻ എല്ലാ രാജ്യങ്ങളുടെയും നെറ്റ് സീറോ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രമാണമായിരുന്നു. ഇതുപ്രകാരം എല്ലാ രാജ്യങ്ങളും എമിഷൻ സീറോ ലക്ഷ്യങ്ങൾ നിശ്ചയിച്ച് (Nationally Determined Contributions- NDC) മോണിറ്റർ ചെയ്യണം. ഇതിനുള്ള കാലാവസ്ഥാ ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ഇന്ത്യയെപോലെ തുലോം കുറഞ്ഞ ആളോഹരി എമിഷൻ നടത്തുന്ന രാജ്യങ്ങളും നിർബന്ധിതമായി. ഇന്ത്യ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ (National Action Plan on Climate change –-NAPCC, State Action Plan on Climate Change- – SAPCC ) രൂപീകരിച്ചു. എല്ലാ രാജ്യങ്ങളും ഇത്തരം ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ ഉണ്ടാക്കി. പാരിസ് കൺവൻഷൻ കാലത്തു കണക്കുകൂട്ടിയ 10000 കോടി ഡോളർ തീർത്തും അപര്യാപ്തമാണ് എന്നത് അംഗീകരിച്ചാണ് കൂട്ടായി നിശ്ചയിക്കുന്ന ഒരു ഉയർന്ന തുകയെക്കുറിച്ചുള്ള (New Collective Quantified Goal (NCQG) for climate finance) ചർച്ചകൾ ഉയരുന്നത്. COP 29 ലെ മുഖ്യ ചർച്ച ഈ പുതിയ ക്ലൈമറ്റ് ഫിനാൻസ് ലക്ഷ്യമായിരുന്നു. പാരിസ് കൺവെൻഷൻ ലക്ഷ്യം അനുസരിച്ചുള്ള ക്ലൈമറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് 6.9 ലക്ഷം കോടി ഡോളർ വരെ വേണ്ടി വരും എന്നതാണ് നിഗമനം. ഇതിൽ 1.3 ലക്ഷം കോടി ഡോളർ ക്ലൈമറ്റ് ഫിനാൻസ് ലക്ഷ്യമായി തീരുമാനിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള പല അവികസിത രാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാൽ വികസിത ലോകം ഇതു നിരാകരിച്ചു. നിശ്ചയിച്ചതിലും രണ്ടു നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ 30,000 കോടി ഡോളറായി ഗണ്യമായി കുറഞ്ഞ ഒരു ക്ലൈമറ്റ് ഫിനാൻസ് ലക്ഷ്യമാണ് അസർബൈജാനിൽ തീരുമാനമായത്. അതു തന്നെ അവികസിത ലോകത്തിനുള്ള വ്യാവസായിക വികസിത ലോകത്തിന്റെ അധിക സഹായമാണോ എന്നു നിശ്ചയം പോര. ചുരുക്കത്തിൽ, ലക്ഷ്യം തൊടാതെ ബക്കു കോൺഫറൻസ് വല്ലവിധേനയും അവസാനിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാൻ. ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കാനുള്ള പ്രധാന വഴി ക്ലീൻ എനർജിയിലേയ്ക്കുള്ള പരിവർത്തനവും ഊർജ്ജക്ഷമത ഉയർത്തലുമാണ്. ഇതാകട്ടെ, വലിയ മുതൽമുടക്കും സാമൂഹ്യമായി വലിയ വിലയ നൽകേണ്ടിവരികയും ചെയ്യുന്ന ഏർപ്പാടാണ്. ഇന്ത്യയുടെ ഊർജ്ജ ഉൽപ്പാദനം പകുതിയിലേറെ കൽക്കരി കത്തിച്ചാണ് നടക്കുന്നത്. ഇന്ത്യയ്ക്ക് കൽക്കരി മേഖല 1. 3 കോടി മനുഷ്യരുടെ തൊഴിലാണ്. ഇതിൽ നിന്നുള്ള മാറ്റത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചെലവ് ഊഹിച്ചുനോക്കൂ. വൻ തോതിലുള്ള സാമ്പത്തിക പിന്തുണ ഇല്ലാതെ ഈ മാറ്റം അസാധ്യമാണ്. അതിനുള്ള വഴി സംബന്ധിച്ച ചർച്ചകളാണ് വല്ലവിധേനയും അവസാനിപ്പിക്കേണ്ടി വന്നത്. ഇതിന്റെ ഫലം എന്തായിരിക്കും? രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ ഏട്ടിലെ പശുവായി തുടരും.
എമിഷൻ ഗ്യാപ്പ്
ഈ പോക്കുപോയാൽ എന്താകും ഫലം? ഏറ്റവും ചൂട്- കൂടിയ കൊല്ലമാണ് കടന്നുപോകുന്നത് എന്നു നാം കണ്ടു. വ്യവസായ വിപ്ലവത്തിനു മുൻപുള്ള നിലയെ അപേക്ഷിച്ച് അന്തരീക്ഷ താപനിലയിലെ വർദ്ധനവ് 1.5°C യിൽ പിടിച്ചുനിർത്തുകയാണ് ലോകം ലക്ഷ്യം വെയ്ക്കുന്നത്. അതിനുവേണ്ടി എമിഷൻ കുറയ്ക്കണം. ഓരോ രാജ്യവും സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളുണ്ട്. അത് പാരിസ് കൺവൻഷൻ പ്രകാരമുള്ള ഉത്തരവാദിത്തമാണ്. കൂടുതൽ പ്രായോഗികതയോടെ ഈ ലക്ഷ്യങ്ങൾ പുതുക്കേണ്ട വർഷമാണ് 2025. കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്നാണ് നാം കണ്ടത്. ഇങ്ങനെ പോയാൽ 1.5°C യിൽ പിടിച്ചു നിർത്തുക എന്നത് അസാദ്ധ്യമായേക്കാം. അന്തരീക്ഷ താപനിലയും സഞ്ചിത കാർബൺ എമിഷനും തമ്മിൽ ബന്ധപ്പെടുത്തി കാർബൺ ബജറ്റ് രൂപപ്പെടുത്താൻ കാലാവസ്ഥാ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ എത്ര ഹരിതഗൃഹ വാതകങ്ങൾ അടിഞ്ഞുകൂടി എന്നതും ഇനിയെത്ര പറ്റും എന്നതിനും കണക്കുകളുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ Intergovernmental Panel on Climate Change (IPCC)ആണ് ഈ കണക്കുകളുടെ ആധികാരിക സ്രോതസ്. താപനിലയിലെ വർദ്ധനവ് 1.5°C യിൽ പിടിച്ചുനിർത്താൻ എമിഷനിൽ എത്ര കുറവ് വരുത്തണം എന്നറിയാം. എന്നാൽ, ഈ പോക്കു പോയാൽ ഇതു നേടുക സാധ്യമല്ല . ഈ വ്യത്യാസമാണ് എമിഷൻ ഗ്യാപ്പ് എന്നു പറയുന്നത്.ഇതേ രീതികൾ തുടർന്നാൽ 2030 ൽ 1.5°C എന്ന ലക്ഷ്യം നേടുന്നതിനാവശ്യമായതിനേക്കാൾ 24 ഗിഗാ ടൺ അധികം ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തും. താപ വർദ്ധനവ് 2.0°C ആയിക്കോട്ടെ എന്നു കരുതിയാലും രക്ഷയില്ല. അതിനുള്ള പരിധിയേക്കാൾ 16 ഗിഗാടൺ അധികം എത്തുന്നതാണ് ഇപ്പോഴത്തെ പോക്ക്. രാജ്യങ്ങൾ നിർണ്ണയിച്ച എമിഷൻ കുറയ്ക്കലുകൾ അതേപോലെ നടപ്പിലായാലും നൂറ്റാണ്ടിന്റെ പാതി എത്തുമ്പോൾ 2°Cൽ അധികമായിരിക്കും അന്തരീക്ഷ താപ വർദ്ധനവ് എന്നതാണ് എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്. ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും പദ്ധതികളും അതിനുള്ള പണവും എല്ലാം സ്ലോമട്ടാണ്. COP 29 ന്റെ ഗതി നാം കണ്ടു. വർദ്ധിക്കുന്ന താപനില വരുത്തുന്ന പ്രവചനാതീതമായ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടുന്നതിനുള്ള ശേഷി സംബന്ധിച്ച UNEP യുടെ റിപ്പോർട്ടാണ് അഡാപ്റ്റേഷൻ ഗ്യാപ്പ് റിപ്പോർട്ട്. 2024 ലെ അഡാപ്റ്റേഷൻ ഗ്യാപ്പ് റിപ്പോർട്ടിന്റെ തലക്കെട്ട് Come hell and high water : As fires and floods hit the poor hardest, it is time for the world to step up adaptation actions എന്നാണ്. l
(കാലാവസ്ഥാ വ്യഥകളുടെയും ആകുലതകളുടെയും ഒരു കൊല്ലംകൂടി കടന്നു പോകുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്‌റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ.)
അവലംബം:
1. Emissions Gap Report 2024- – UNEP
2. State of climate 2024 – World Meteorological Organisation
3. Adaptation Gap Report 2024- – UNEP
4. Equity in Global Climate Policy and Implications for India’s Energy Future, Tejal Kanitkar, Economic & Political Weekly, December, 2021
5. Deconstructing the Climate Blame Game, T Jayaraman, Tejal Kanitkar, Mario D’Souza, Economic & Political Weekly, December, 2010
6. https://www.theguardian.com/us-–news/2024/nov/06/trump-–climate-–change–-environment-–threat
7. https://www.carbonbrief.org/analysis–-trump-–election-–win–-could-–add–-4bn–-tonnes–-to–-us–-emissions-–by-–2030/
8. https://thewire.in/environment/trump–-is-president-–again–-bad-–news-for-–climate
9. https://unfccc.int/cop29
10. https://www.carbonbrief.org/cop29-–key-–outcomes-–agreed–-at–-the-–un-–climate-–talks-–in-–baku/