എന്താണ് മലയാള സിനിമ മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും കാണിച്ചുതരുന്നത്, എന്താണത് സംസാരിക്കുന്നത് എന്ന സാമൂഹികപ്രശ്‌നം ആലോചിച്ചുകൊണ്ടു മാത്രമേ നമുക്ക് അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. അവ മനുഷ്യരെ കൂടുതല്‍ നല്ല മനുഷ്യരാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ അതോ അവരെ കൂടുതല്‍ ജീര്‍ണതയിലേക്ക് തള്ളിവിടുകയാണോ ചെയ്യുന്നത് എന്നതുതന്നെയാണ് നിര്‍ണായകമായ പ്രശ്‌നം. 2024ലിറങ്ങിയ നിരവധി മലയാള സിനിമകളില്‍ നിന്ന് ഏറ്റവും പ്രസക്തമായ പതിനൊന്ന് സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന പശ്ചാത്തലവും ഇതുതന്നെയാണ്.
മരുഭൂമിയിലെ ഒറ്റപ്പെട്ട മസറയില്‍ ആടുകള്‍ക്കും അര്‍ബാബ് അഥവാ കാഫിറിനുമൊപ്പം ദുസ്സഹവും അസഹനീയവുമായ അടിമജീവിതം ജീവിച്ച നജീബിന്റെ അതിജീവന യാഥാര്‍ത്ഥ്യത്തിന്റെ കഥാഖ്യാനമാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലും അതേ പേരിലുള്ള ബ്ലെസ്സിയുടെ സിനിമയിലുമുള്ളത്. അടിമജീവിതമാണ് ആടുജീവിതത്തിലെ ‘നായകനാ’യ നജീബ് അറേബ്യന്‍ മരുഭൂമിയില്‍ അനുഭവിച്ചത്.ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളായ എ ആര്‍ റഹ്മാന്‍ (സംഗീതം), റസൂല്‍ പൂക്കുട്ടി (ശബ്ദമിശ്രണം), ശ്രീകര്‍ പ്രസാദ് (എഡിറ്റിംഗ്) എന്നിവരെയെല്ലാം സഹകരിപ്പിച്ചുകൊണ്ട് കോടിക്കണക്കിന് രൂപ ചെലവാക്കി നിരവധി വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജോര്‍ദാന്‍, അള്‍ജീരിയ എന്നിവയടക്കമുള്ള വിദേശ ലൊക്കേഷനുകളില്‍ ഏറെ കഷ്ടങ്ങള്‍ സഹിച്ചാണ് ചിത്രീകരണം യാഥാര്‍ത്ഥ്യമാക്കിയത്. ഇതിന്റെ നിറവ് ആടുജീവിതത്തിനുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍; ഓര്‍മകളും നുണകളും സ്വപ്‌നങ്ങളും കൊണ്ട് കെട്ടിയുണ്ടാക്കിയതാണ്. തുടക്കവും ഒടുക്കവുമില്ലാത്ത സിനിമയാണത്. കണ്ടെടുക്കാനില്ലാത്ത ആഖ്യാനം കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ വഴങ്ങാത്ത പ്രകൃതം മലൈക്കോട്ടൈ വാലിബനിലും തുടരുന്നത്. നിജവും പൊയ് യും (വാസ്തവവും നുണയും) തമ്മിലുള്ള ഒരു കൂടുവിട്ട് കൂടുമാറല്‍ ആണ് മലൈക്കോട്ടൈ വാലിബനെ ഒരേ സമയം സത്യസന്ധവും വ്യാജവുമാക്കുന്നത്.
ധാർമ്മികതയെ നന്മ, തിന്മ എന്ന ദ്വന്ദ്വത്തിന് (ബൈനറിയ്ക്ക്) കീഴ്‌പ്പെടുത്താതെ അല്ലെങ്കിൽ, നന്മ/തിന്മ മൂല്യവിചാരങ്ങളെ ധാർമ്മികത കൊണ്ടളക്കാതെ മനുഷ്യജീവിതത്തിന്റെ തീരുമാനങ്ങളെ അതിന്റെ പാട്ടിനു വിടുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്. ശരിക്കും ഉള്ളൊഴുക്ക് തന്നെ. ഉള്ളിലൊഴുകുന്നതിനനുസരിച്ചാണ് ഒരാൾ അവന്റെ/അവളുടെ ശരിതെറ്റുകൾ നിർണയിക്കുന്നത്. കുട്ടനാട്ടിലെ പുരയിടങ്ങളും പാടങ്ങളും എന്നതുപോലെ, മനുഷ്യരുടെ ഉള്ളകങ്ങളും വെള്ളമൊഴുക്ക്കൊണ്ട് സദാ ചലനാത്മകമാണ്. തങ്ങളുടെ സംഘര്‍ഷങ്ങളും മറ്റുള്ളവര്‍ തങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും വെള്ളമൊഴുക്കുകളായി അവരവരുടെ മനസ്സകങ്ങളില്‍ പരക്കുകയും നിറഞ്ഞു കവിയുകയും ചിലപ്പോള്‍ വറ്റിപ്പോകുകയും അല്ലാത്തപ്പോള്‍ വെള്ളപ്പൊക്കമായി മാറി ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. ലൈംഗിക ദാമ്പത്യം, പ്രണയം, പിതൃത്വം, സദാചാരം എന്നിവയുടെയൊക്കെ സാമ്പ്രദായിക നിർവചനങ്ങളെ പരിഗണിക്കാത്ത രീതിയിലാണ് കഥാഗതി തീരുമാനിക്കപ്പെടുന്നത്. കുടുംബയാഥാസ്ഥിതികത്വത്തിന്റെയും സദാചാരനിര്‍ബന്ധത്തിന്റെയും മതപൗരോഹിത്യത്തിന്റെയും സമുദായ കാര്‍ക്കശ്യത്തിന്റെയും പക്ഷത്തു നില്ക്കുന്നില്ലെന്നു മാത്രമല്ല, അതിന്റെയെല്ലാം ജീര്‍ണതകളെ തുറന്നുകാട്ടുകയുമാണ് ക്രിസ്റ്റോ ടോമി ചെയ്യുന്നത്. വ്യക്തിയുടെ മനസ്സകങ്ങളിലെ നിബിഡചരിത്രത്തെയും സാംസ്‌കാരിക യുക്തികളെയും ആത്മസംഘര്‍ഷങ്ങളെയും കണക്കിലെടുക്കാത്ത നിര്‍ബന്ധങ്ങളും ചട്ടക്കൂടുകളും മര്യാദകളും ഒരു ഘട്ടത്തില്‍ അവള്‍ ലംഘിക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണ് ഉള്ളൊഴുക്ക് കേരളീയ സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത്.
കാന്‍ മേളയില്‍ ഗ്രാന്റ് പ്രീ നേടിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (പ്രഭയായ് നിനച്ചതെല്ലാം) മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സിനിമാശാലകളില്‍ പൊതുപ്രദര്‍ശനത്തിനെത്തുകയും ചെയ്തു. മലയാള സിനിമയായിരിക്കെത്തന്നെ ബഹുഭാഷാ സിനിമയും പല രാജ്യങ്ങളിലെ നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയുമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. മുംബൈ നഗരത്തില്‍ തൊഴിലെടുത്ത് ജീവിക്കുന്ന മൂന്നു സ്ത്രീകളുടെ കഥയാണീ സിനിമയുടെ പ്രമേയം. തൊഴിലാളി വര്‍ഗത്തില്‍പ്പെട്ടവരുടെ നിത്യജീവിതങ്ങള്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ക്കും ഭാവനകള്‍ക്കും സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും സാധാരണ ഗതിയില്‍ നമ്മുടെ സിനിമ ഒരു മൂല്യവും കല്പിക്കാറില്ല എന്നിരിക്കെ ഇത്തരമൊരു പ്രമേയസ്വീകരണംതന്നെ സ്വാഗതാര്‍ഹമാണ്. പ്രഭ, അനു, പാര്‍വതി എന്നീ കഥാപാത്രങ്ങളെ യഥാക്രമം കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം എന്നിവര്‍ അവതരിപ്പിക്കുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യത്തെ രണ്ടുപേര്‍ നഴ്‌സുമാരും മൂന്നാമത്തെയാള്‍ കാന്റീന്‍ ജീവനക്കാരിയുമാണ്. യഥാതഥ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയ്ക്ക് ഡോക്യുഫിക്ഷന്‍ സ്വഭാവമുണ്ടെന്നും പറയാം. ഇവരനുഭവിക്കുന്ന സാമ്പത്തികമായ പ്രശ്‌നങ്ങളോടൊപ്പം, കുടുംബം എന്നത് മൂന്നു പേര്‍ക്കും ഒരു തരത്തിലും ആശ്വാസം നല്‍കുന്ന ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്നില്ല. അനു പറയുന്നു: എന്താണ് എനിക്ക് വേണ്ടതെന്ന് എന്റെ കുടുംബക്കാര്‍ക്ക് എന്താണ് മനസ്സിലാവാത്തത്! ഇരുപത്തൊന്നു കൊല്ലം നഗരത്തിലെ ഒരു ചേരിയില്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയും മകനെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്ത പാര്‍വതിയുടെ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞപ്പോഴാണ് തങ്ങള്‍ താമസിക്കുന്ന വീടിന് രേഖകളൊന്നുമില്ല എന്നവര്‍ക്ക് മനസ്സിലാവുന്നത്. പ്രഭയുടെ ഭര്‍ത്താവാകട്ടെ ജര്‍മനിയിലേയ്ക്ക് പോയതില്‍ പിന്നെ വിവരമൊന്നുമില്ല. ഒരു മുസ്ലിം ചെറുപ്പക്കാരനുമായുള്ള അനുവിന്റെ പ്രണയത്തെ ആദ്യം സാധാരണ മട്ടില്‍ സദാചാരസംശയത്തോടെ കാണുന്ന പ്രഭയ്ക്ക് പിന്നീടതിന്റെ പ്രസക്തി ബോധ്യപ്പെടുന്നു. ഇത്തരത്തിലൊരു പ്രണയം പോയിട്ട് ഒരു അടുപ്പം പ്രകടിപ്പിക്കുന്നതുപോലും ഇന്ത്യയില്‍ അതിരൂക്ഷമായ ഒരു രാഷ്ട്രീയപ്രശ്‌നമാണെന്ന യാഥാര്‍ത്ഥ്യം പറയാതെ പറയുകയും ചെയ്യുന്നു. സമീപവും വിദൂരസ്ഥവുമായ ഭാവിയെക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയില്‍ തുടരുമ്പോഴും അപ്പപ്പോഴത്തെ നൈമിഷികാഹ്ലാദത്തില്‍ ലയിക്കുകയാണ് ‘ശാശ്വതമായ’ പവിത്രകുടുംബസംരക്ഷണത്തിനായി സ്വന്തം ജീവിതത്തെ ബലികൊടുക്കുന്നതിലും നല്ലത് എന്ന തിരിച്ചറിവാണ് പ്രഭയായ് നിനച്ചതെല്ലാം എന്ന ശീര്‍ഷകത്തിലൂടെയും സിനിമയിലൂടെയും വെളിവും വെളിച്ചവുമാകുന്നത്. സ്‌നേഹം, കുടുംബം, ഭര്‍ത്താവ് എന്നിവയെല്ലാം അസ്ഥിരമായ പ്രതീതികള്‍ മാത്രമാണെന്നും അവയൊന്നും സ്ത്രീകള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന വെളിച്ചങ്ങളല്ലെന്നുമാണ് ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റിന്റെ സന്ദേശം.
ശ്രീലങ്കന്‍ ചലച്ചിത്രകാരനായ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത പാരഡൈസ്, അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ സിനിമയും ആദ്യത്തെ മലയാള സിനിമയുമാണ്. സിനിമ എന്ന കലാമാധ്യമത്തിന്റെ സാര്‍വദേശീയ മാനം തെളിയിക്കുന്നതുകൊണ്ടുതന്നെ പാരഡൈസ് മലയാള സിനിമയുടെ അഭിമാനങ്ങളിലൊന്നായി അടയാളപ്പെടുത്താം. ശ്രീലങ്കയിലടുത്ത കാലത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിനും ഇടതുപക്ഷമുന്നേറ്റത്തിനും കാരണമായ 2022ലെ ജനരോഷത്തിന്റെയും പ്രതിഷേധക്കൊടുങ്കാറ്റുകളുടെയും പശ്ചാത്തലത്തില്‍ എടുത്ത ഒരു സിനിമയാണിതെന്നതും ശ്രദ്ധേയമാണ്. മലയാളമാണ് പാരഡൈസിലെ മുഖ്യ സംസാരഭാഷ. എങ്കിലും സിംഹള, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളും സംസാരിക്കുന്നുണ്ട്. രാജ്യാന്തരമായ പ്രശ്‌നങ്ങള്‍ കൃത്യമായി മലയാള സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും പ്രസ്താവ്യമാണ്. റോഷന്‍ മാത്യു, കേശവിനെയും ദര്‍ശന രാജേന്ദ്രന്‍, അമ്മുവിനെയും അവതരിപ്പിക്കുന്നു. അഞ്ചാമത്തെ വിവാഹവാര്‍ഷികത്തിനായി വിനോദസഞ്ചാരത്തിനാണ് അവര്‍ ശ്രീലങ്കയിലെത്തുന്നത്. അവിടത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളെയും വംശീയ മനോഭാവങ്ങളെയും അതില്‍ ഈ രണ്ടു മലയാളി കഥാപാത്രങ്ങളുമെടുക്കുന്ന നിലപാടുകളെയുമാണ് സിനിമ ആവിഷ്‌കരിക്കുന്നത്.
കഥ പറയുകയെന്നതിനേക്കാള്‍, ഒരു കഥാപാത്രത്തെ നിര്‍മ്മിച്ചെടുക്കുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തുകയാണ് ഡോണ്‍ പാലത്തറയുടെ ഫാമിലി ചെയ്യുന്നത്. വിശുദ്ധ കുടുംബം എന്ന ആദര്‍ശത്തിന്റെ മുഖമറ, കുറ്റത്തിന്റെ മൂടിവെയ്ക്കലും കുറ്റവാളിയെ സംരക്ഷിച്ചെടുക്കലുമാണെന്ന് തെളിയിക്കുകയാണ് ഫാമിലി. സ്‌നേഹം, സുരക്ഷിതത്വം, രക്ഷാകര്‍തൃത്വം, സദാചാരം, സഹാനുഭൂതി എന്നിങ്ങനെയുള്ള ഗുണവിശേഷങ്ങളുടെ ഒരു പ്രയോഗപൂര്‍ണിമയായാണ് കുടുംബം ഭാവന ചെയ്യുന്നത്. എന്നാലെന്താണ് യാഥാര്‍ത്ഥ്യം? മതപൗരോഹിത്യത്തിന്റെയും ജാതി സാമുദായികതയുടെയും പഴഞ്ചന്‍ സദാചാരമൂല്യങ്ങളുടെയും പൊള്ളയായ രാഷ്ട്രബോധ- – ദേശസ്‌നേഹ ഗീര്‍വാണത്തിന്റെയും ബലങ്ങളില്‍ വാരിക്കൂട്ടി നിര്‍ത്തുന്ന ഒരു (അ)ദൃശ്യ തടവറ മാത്രമാണത്. കുടുംബം എന്നത് എല്ലാം മൂടിവെക്കേണ്ട ഒരു കരിമ്പടമാണിവിടെ; ഇത് വിരിച്ചിടാന്‍ നിര്‍ബന്ധിക്കുന്നത് മതപൗരോഹിത്യവും ജാതിസാമുദായികതയും. വിശ്വാസങ്ങളും ആചാരങ്ങളും മനോഭാവങ്ങളും ജീവിതാനുഭവങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ വേര്‍പിരിയലുകളാണ് ഡോണ്‍ പാലത്തറയുടെ സിനിമകളുടെ ഒരടിസ്ഥാനം. വന്യപ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ ആസക്തികളും മറച്ചുവെക്കപ്പെടുന്ന ക്രൂരതകളും പുറംലോകം അറിയുന്നതേയില്ല. അഥവാ അറിഞ്ഞാലും മത മാന്യതയുടെയും കുടുംബവിശുദ്ധിയുടെയും പേരില്‍ അമര്‍ത്തപ്പെടുന്നു. ഗ്രാമജീവിതത്തിന്റെ ദുസ്സഹമായ ചക്രച്ചുഴികളും ഫാമിലി വെളിപ്പെടുത്തുന്നു. ഇവയില്‍ നിന്ന് ആര്‍ക്കും മോചനമില്ല.
അര്‍ച്ചനാ വാസുദേവ് രചന നിര്‍വഹിച്ച് ലിജിന്‍ ജോസ് സംവിധാനം ചെയ്ത ‘ഹെര്‍’ ഒടിടിയിലാണ് പ്രദര്‍ശനത്തിനെത്തിയത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, മാല പാര്‍വതി, രാജേഷ് മാധവന്‍, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം എന്നിവര്‍ അഭിനയിക്കുന്നു. അഞ്ചു കഥകള്‍ കൂടിക്കലര്‍ന്നു കിടക്കുന്ന ഒരൊറ്റ സിനിമയാണിത്. ഇവയെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ചില ഘടകങ്ങളുണ്ടുതാനും. വ്യത്യസ്തമായ സാമ്പത്തിക- സാംസ്‌കാരിക-കുടുംബ പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന അഞ്ചു മലയാളി സ്ത്രീകളുടെ കഥകളാണിത്. മലയാളി സ്ത്രീകള്‍ ഇങ്ങനെകൂടിയാണ് എന്ന ഒരു പരിചയപ്പെടുത്തലാണീ സിനിമ. അതിജീവനങ്ങളും പിന്തിരിയലുകളും വീണ്ടുവിചാരങ്ങളും യോജിപ്പും വിയോജിപ്പുമെല്ലാമുള്ള സാധാരണത്തങ്ങള്‍. സത്യസന്ധമായ ആവിഷ്‌കാരമാണ് ‘ഹെറി’നെ പ്രസക്തമാക്കുന്നത്. സമുദായത്തിന്റെയും കുടുംബങ്ങളുടെയും അയല്‍ക്കാരുടെയും സാക്ഷ്യപത്രങ്ങളാവശ്യമില്ലാത്തവരാണ് തങ്ങള്‍ എന്ന പ്രസ്താവനയാണ് അവര്‍ നടത്തുന്നത്. സ്വന്തം ജീവിതം ചിട്ടപ്പെടുത്താന്‍ അവരവര്‍ക്കും അവകാശമുണ്ട് എന്ന നിലപാടാണ് പ്രധാനം. തോക്കിന്റെയും അധോലോകങ്ങളുടെയും സിനിമകളാക്കി കേരളത്തിന്റെ സിനിമകളെ കൊണ്ടുനടന്ന ആണ്‍വഴികളില്‍ നിന്ന് മാറിനടന്ന ഒരു പെണ്‍പടമാണ് ഹെര്‍. നന്മമരങ്ങളായി അവതരിപ്പിക്കപ്പെടാറുള്ള ഓട്ടോചേട്ടന്റെ ആണ്‍നോട്ട കണ്ണാടിയാണ് ഹെര്‍ എന്ന സിനിമ; മലയാളസിനിമാ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തുന്ന നിര്‍ണായകമായ രാഷ്ട്രീയപ്രതീകം.
ഒരു മനുഷ്യവ്യക്തിത്വത്തിന്റെ പ്രതിനിധാനവും പ്രസക്തിയും എന്താണ്? അവള്‍ക്ക് അവളായിരിക്കാനും പരിമിതസ്ഥലി(മിനിമം സ്‌പെയിസ്) കളിലെങ്കിലും സ്വാഛന്ദ്യത്തോടെ ജീവിക്കാനും സാധ്യമാവില്ലെങ്കില്‍; അവളെ സംരക്ഷിക്കുന്നത് എന്ന ഭാവേന നിര്‍ണയിക്കുന്ന കുടുംബത്തിന്റെയും സമുദായത്തിന്റെയും സമീപസ്ഥ സമൂഹത്തിന്റെയും പൊതുലോകത്തിന്റെയും നിയന്ത്രണത്തിലും വിലയിരുത്തലിലും എന്ത് നീതിയാണുള്ളത് എന്ന ചോദ്യമാണ് ഇന്ദുലക്ഷ്മിയുടെ അപ്പുറം ഉന്നയിക്കുന്ന പ്രശ്‌നം. മനുഷ്യസ്ത്രീ എന്ന പ്രാഥമിക സ്വത്വവും കുടുംബവ്യക്തിത്വവും സമുദായ വ്യക്തിത്വവും സാമൂഹിക വ്യക്തിത്വവും മാത്രമല്ല, അവളുടെ ശരീര–-മനോനിലകള്‍ തന്നെ അവളുടേതടക്കം ആരുടെയും നിയന്ത്രണങ്ങളില്‍ കുടുക്കിയിടാനാവില്ല എന്ന തിരിച്ചറിവാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്.
തടവറയും ദുര്‍ഗുണ പരിഹാര പാഠശാലയുമായി പ്രവര്‍ത്തിക്കുന്ന ഇക്കാലത്തെ കേരള കുടുംബങ്ങളിലെ അധികാരബലതന്ത്രങ്ങളും മര്‍ദനമുറകളുമാണ് വി സി അഭിലാഷിന്റെ എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറിയില്‍ കഥാവത്കരിക്കുന്നത്. മുതിര്‍ന്നവരുടെ ദുഷിപ്പുകളും മനുഷ്യത്വവിരുദ്ധതകളും സ്‌നേഹരാഹിത്യങ്ങളും വിദ്വേഷങ്ങളും കൊള്ളരുതായ്മകളും, കുട്ടികളുടെ കളിയിലൂടെ പുറത്തുവരുന്ന കഥാക്കളിയാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറി. അപ്പുറവും എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചു.
പുഴക്കരയിലെ തൊടിയാകെ കത്തുന്ന ഭീതിദമായ ദൃശ്യത്തോടെയാണ് മണിലാല്‍ സംവിധാനം ചെയ്ത ഭാരതപ്പുഴ ആരംഭിക്കുന്നത്. പുഴയില്‍ വെള്ളം നിറഞ്ഞൊഴുകുന്നതുകൊണ്ട് അതിലേയ്ക്ക് തീയ്ക്കു പടരാനാകില്ലെന്നും, ആ വെള്ളംകൊണ്ട് തൊടിയിലെ തീ അണയ്ക്കാമെന്നും നമുക്കറിയാം. പക്ഷേ, പുഴയിലൊഴുകുന്ന വെള്ളത്തിന്റെ ഹൃദയത്തിലുള്ള തീ ആരണയ്-ക്കും? ടൈറ്റില്‍ സീക്വന്‍സില്‍ തന്നെ ഇത്തരമൊരു നീറുന്ന പ്രശ്‌നം അവശേഷിപ്പിച്ചുകൊണ്ടാണ് ഭാരത പ്പുഴ അഥവാ ഇനിയും മറ്റൊരു പുഴ (യെറ്റ് അനദര്‍ റിവര്‍) ഒഴുകാന്‍ തുടങ്ങുന്നത്. പറഞ്ഞു പറഞ്ഞു പഴകിപ്പരന്ന ആ ജീവിതങ്ങളുടെയും ആ നോട്ടങ്ങളുടെയും അപ്പുറത്തുള്ള കത്തുന്ന സ്ത്രീ ജീവിതങ്ങള്‍; അവളുടെ (അവരുടെ) ശരീരങ്ങളും മനസ്സുകളും കാഴ്ചകളും പ്രതിനിധാനങ്ങളും ധാര്‍മ്മിക സന്ദിഗ്ദ്ധതകളും എടുത്തുചാട്ടങ്ങളും തിരിച്ചറിവുകളും… അങ്ങനെ കേരള സൂക്ഷ്മതയെത്തന്നെ മാറ്റിയെഴുതാനും പുനരാവിഷ്‌കരിക്കാനുമുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഭാരതപ്പുഴ. സദാചാര മോറലിസ്റ്റുകള്‍ ഫാസിസത്തിന്റെ നേരിട്ടുള്ള ഭടന്മാരായും പ്രകോപനക്കാരായും നിറഞ്ഞു പരക്കുകയും മനുഷ്യരുടെ ശരീരമെന്നതു പോലെ ആത്മാക്കളെ പിളര്‍ക്കുകയും ചെയ്യുന്ന ഭീതിദമായ കേരളീയപരിസരത്തിലേക്കാണ്, വ്യഭിചാരത്തിന്റെ ആത്മകഥയുമായി മണിലാല്‍ കടന്നു വരുന്നത്. പാപികളേ നിങ്ങള്‍ക്കുള്ളതാണ് ഈ ഇഹലോകത്തിന്റെ സൗന്ദര്യാഹ്ലാദങ്ങളും ആലസ്യോല്ലാസങ്ങളും എന്ന ലളിതമായ പ്രത്യയശാസ്ത്രമാണ് ഭാരതപ്പുഴയുടെ അടിത്തട്ട്.
പ്രിയനന്ദനന്റെ കഥയിലും സംവിധാനത്തിലും വാമൊഴിയായ ഇരുള ഭാഷയിൽ ഒരുക്കിയ ചിത്രമാണ് ധബാരി ക്യുരുവി. വീട്ടിലും ഗോത്ര വർഗ്ഗത്തിലുമുള്ള സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുടെ ഫലമായി ഗർഭിണിയായി, അവിവാഹിതയായ അമ്മയായി, നിറങ്ങൾ നഷ്ടപ്പെട്ട തന്റെ ജീവിതത്തെ അതിജീവിച്ചുള്ള പെൺകുട്ടിയുടെ ധീരമായ യാത്രയാണ് സിനിമ പറയുന്നത്. ഗോത്ര വിഭാഗത്തിലെ പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ എന്നതിലുപരി ‘”പോരാടണം ” എന്ന് ഉറക്കെപ്പറയാനുള്ള ചിത്രം കൂടിയായി ഇത്. തേനിന്റെ നിറവും കാടകത്തിന്റെ കറുപ്പുനിറഞ്ഞ മിഴികളുമുള്ള അട്ടപ്പാടിയിലെ പെണ്‍കുട്ടികള്‍ ലോകത്തിന്റെ ചതികൾ അറിയാത്തവരാണ്. ആ ചതിക്കുഴികളിൽപ്പെട്ട് ജീവിതം കൈവിട്ടുപോയ താരുണ്യങ്ങൾ ആണ് ധബാരി ക്യുരുവിയുടെ പ്രമേയം. ചുരത്തിനപ്പുറം സ്വപ്നംകാണാൻ കഴിയാത്തവിധം ചങ്ങലകൾ തീർക്കുന്ന ആചാരങ്ങൾ, ഗോത്രമാമൂലുകൾ, പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അച്ഛനാരെന്നറിയാത്ത കുരുവി എന്നാണ് ധബാരി ക്യുരുവി (Sparrow, its father is unknown) എന്നതിന്റെ അർത്ഥം. ഭാരതപ്പുഴയും ധബാരിക്യുരുവിയും തിരഞ്ഞെടുത്ത ചില സിനിമാശാലകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്.
ഈ സിനിമകള്‍ക്കുപുറമെ, ഈ വര്‍ഷം ജനശ്രദ്ധ ആകര്‍ഷിച്ച ഏതാനും സിനിമകള്‍കൂടി ഇവിടെ പരാമര്‍ശിച്ചു പോകേണ്ടതുണ്ട്. അവയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ (ഈ ലേഖനത്തില്‍ അതിനു മുതിരുന്നില്ല) കൂടി ഉള്‍പ്പെടുത്തുമ്പോഴേ 2024ലെ മലയാള സിനിമയെക്കുറിച്ചുള്ള വിമര്‍ശനാത്മക നിരീക്ഷണം സമഗ്രമാവുകയുള്ളൂ. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു, ഗുരുവായൂര്‍ അമ്പലനടയില്‍, ഭ്രമയുഗം, ആട്ടം, കിഷ്‌കിന്ധാകാണ്ഡം, ബോഗയ്ന്‍വില്ല, സൂക്ഷ്മദര്‍ശിനി, അഞ്ചക്കള്ളകോക്കാന്‍ എന്നിവയാണാ സിനിമകള്‍. l