ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള നോവലിന്റെ കഥ രസകരമാണ്. ‘റാം c/o ആനന്ദി’ ആണത്രേ ഇക്കാലത്ത് ഏറ്റവുമധികം വില്ക്കപ്പെടുന്ന നോവല്‍. നിമ്ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവല്‍ വില്പനയില്‍ രണ്ടാമതു വരുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ സാന്നിധ്യവും പ്രചാരവുമാണിതിന് കാരണമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. ജനപ്രിയനോവലുകളാണ് പ്രധാനവില്പനയിലുള്ളത്. മുട്ടത്തുവര്‍ക്കിക്ക് പുനര്‍ജ്ജന്മം കിട്ടിയതുപോലെയാണ് ഇന്നത്തെ മലയാളനോവലിന്റെ വില്പനമേഖല വളരുന്നത്. അതിനര്‍ത്ഥം അത്തരം നോവലുകള്‍ മാത്രമേയുണ്ടാവുന്നുള്ളൂ എന്നല്ല. വളരെ ഗരിമയാര്‍ന്ന നല്ല അനേകം നോവലുകള്‍ മലയാളത്തിലുണ്ടാവുന്നുണ്ട്. മറ്റേതൊരു സാഹിത്യശാഖയേക്കാളും നോവലുകളാണ് കൂടുതല്‍ രംഗത്തുള്ളത്. എന്തുകൊണ്ടാണ് നോവലുകള്‍ മറ്റു ശാഖകളെയപേക്ഷിച്ച് മുന്നില്‍നില്ക്കുന്നത്? കോവിഡ് നല്‍കിയ അതിവിശ്രമകാലത്ത് പള്‍പ്പ് സാഹിത്യത്തിനു വലിയ മാര്‍ക്കറ്റുണ്ടായിരുന്നു. എന്ത് തിന്മയില്‍നിന്നുമൊരു മോചനം മനുഷ്യര്‍ ആഗ്രഹിക്കാതിരിക്കുമോ? അങ്ങനെയാവണം കൂടുതല്‍ ഗൗരവമുള്ള പ്രശ്നങ്ങളിലേക്ക് എഴുത്തുകാര്‍ തിരിയുന്നത്. ജീവിതത്തിന്റെ തീക്ഷ്ണാവിഷ്കാരം സാധ്യമാവുന്നത് നോവലുകളിലൂടെയാണെന്ന കാര്യത്തില്‍ ശങ്കയേതുമില്ല. നോവലിസ്റ്റുകള്‍ക്കും വായനക്കാര്‍ക്കും ഇതാണ് വേണ്ടത്. മറ്റുസാഹിത്യരൂപങ്ങളില്‍നിന്ന് ഈ തീക്ഷ്ണാവിഷ്കാരങ്ങളിലേക്ക് ചെന്നെത്താനാവുന്നില്ല. അന്തസ്സാരശൂന്യമായ സോഷ്യൽ മീഡിയാകവിതകളില്‍ നിന്ന് സ്വയംപ്രശംസാപരമായ കവിതകളും ഉണ്ടാവുന്നുണ്ട്. ഇവയിലധികവും മഹത്തായ കവിതകളാവുന്നില്ല. നല്ല ജീവിതാവിഷ്കാരങ്ങളുണ്ടാവുന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ വായനക്കാരന് നിര്‍ദ്ധാരണം ചെയ്യാനാവുന്ന വിധത്തിലുള്ളതല്ല. നോവലിലെ ശൈലിയില്‍ നിന്നു വ്യത്യസ്തമല്ലാത്ത അതിഗദ്യശൈലിയാണ് ചിലകവികള്‍ക്കു പഥ്യം. മാത്രവുമല്ല, മിക്കനോവലുകളും കാവ്യസാന്ദ്രമായ ശൈലിയിലാണ് രചിക്കപ്പെടുന്നതും.
വിനോയ്- തോമസ്, കെ എന്‍ പ്രശാന്ത് തുടങ്ങിയ നോവലിസ്റ്റുകള്‍ ഉത്തരമലബാറിന്റെ ജീവിതം പച്ചയായി ആവിഷ്കരിക്കാന്‍ തുടങ്ങി. അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവ് വളരെ സന്തുലിതമായ രചനയുടെ പേര്‍പെറ്റ ഉദാഹരണവുമായി. ചരിത്രത്തിലേക്കും ചരിത്രനിര്‍മ്മിതമായ ജീവിതാന്തരീക്ഷത്തിലേക്കും അംബികാസുതന്‍ മാങ്ങാടും പുഷ്പമ്മയും കടന്നുവന്നു. മനോജ് കുറൂര്‍ കവിയുടെ കുപ്പായമൂരിവെച്ച് ചരിത്രഗവേഷണപടുതയോടെ നോവലുകളിലേക്ക് കടന്നുവന്നു. പി വി ഷാജികുമാറും ഷംസുദ്ദീന്‍ കുട്ടോത്തും സമീപകാലചരിത്രത്തിന് നോവലിന്റെ ചാരുതയും കനവുമാര്‍ന്ന രൂപസൗഭഗങ്ങള്‍ നിര്‍മ്മിച്ചു. രാജശ്രീ ആത്രേയകം എന്നനോവലിലൂടെ മഹാഭാരത ഇതിവൃത്തത്തിന് പുതിയൊരു വ്യാഖ്യാനം നല്‍കി. ഇടത്തരക്കാരായ വായനക്കാരിലൊരു വിഭാഗത്തെ നല്ല രചനകളുടെ വായനയിലേക്ക് അവര്‍ ആനയിക്കുന്നുണ്ട്. കവിതയുടെ അതിസൂക്ഷ്മവും അതിഗഹനവുമായ പാരായണത്തില്‍ മുഴുകിയിരിക്കാന്‍ കഴിയാത്ത വായനക്കാരിലേക്ക് കാമ്പും കാതലുമുള്ള ജീവിതാവിഷ്കാരങ്ങളായി നോവല്‍ കടന്നുവന്നു. 2024ല്‍ അത്തരത്തില്‍ അനവധി നോവലുകളുണ്ടായി. അവയില്‍ പത്തെണ്ണം മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.
(ഒന്ന്)
നോവല്‍ രചന, ചരിത്രരചനയോളം, ഒരുപക്ഷേ, അതിനേക്കാള്‍ ഗരിമയാര്‍ന്നൊരു സര്‍ഗ്ഗദൗത്യമാണെന്ന ഉറപ്പോടെയാണ് മനോജ് കുറൂര്‍ നോവലുകള്‍ എഴുതുന്നത്. മൂന്നു കാലങ്ങളുടെ പ്രതിനിധാനമായ മൂന്നു നോവലുകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ബി സി രണ്ടാം നൂറ്റാണ്ടുമുതല്‍ എ ഡി നാലോ അഞ്ചോ നൂറ്റാണ്ടുവരെയുള്ള കാലമാണ് ‘നിലംപൂത്തു മലര്‍ന്നനാള്‍’ എന്ന നോവലിലാവിഷ്കരിക്കപ്പെടുന്നത്. ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെയാണ് ‘മുറിനാവ്’ എന്ന രണ്ടാം നോവലിലെ കഥ പരന്നുകിടക്കുന്നത്. പഴയ കേരളവും തമിഴ് നാടുമാണ് മനോജ് കുറൂരിന്റെ ഈ രണ്ടു നോവലുകളുടെയും ലൊക്കേഷന്‍. കേരളവും തമിഴ്നാടും തമ്മിലുള്ള നാഭീനാളബന്ധത്തെ ഈ നോവലുകള്‍ പറഞ്ഞുറപ്പിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് മൂന്നാമത്തെ നോവലായ ‘മണല്‍പ്പാവ’യുടെ കാലം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ പതിനാറാം നൂറ്റാണ്ടുവരെയുള്ളകാലത്തെ ജീവിതങ്ങളെ അന്വേഷിക്കുകയാണ് ഈ നോവലില്‍. പലകാലങ്ങളെപ്പറ്റിയെഴുതുന്നുവെന്ന അവകാശവാദമാണ് ഈ മൂന്നുനോവലുകള്‍ക്കുമുള്ളത്. ഇതുതന്നെയല്ലേ ചരിത്രവും ചെയ്യുന്നത് എന്ന സന്ദേഹം വായനക്കാരില്‍ ഉണ്ടായേക്കാം. നോവലിസ്റ്റ് പറയുന്നു: ‘‘തീര്‍ച്ചയായും ചരിത്രമല്ല നോവല്‍. കാരണം നാം പൊതുവെ പറഞ്ഞുപോരുന്ന ചരിത്രത്തില്‍ രചനതന്നെ ഒരു തരം അസാധ്യതയാണ്. യാഥാര്‍ത്ഥ്യത്തിലേക്കെത്താന്‍ അവിടെ ഉപാദാനപരമായ തെളിവുകള്‍വേണം. ഉപാദാനമില്ലാത്ത കാലഘട്ടങ്ങളെ അത് ഇരുളടഞ്ഞ ഏടുകള്‍ എന്ന് ആലങ്കാരികമായി വിളിക്കും. അഥവാ ഉപാദാനങ്ങളുടെ വലിയൊരു ശേഖരംതന്നെ ലഭ്യമായാലും അവ ഏതു ജീവിതങ്ങളെ കുറിക്കുന്നതാണെന്ന പ്രശ്നം പിന്നെയും തുടരും….’’ ഇവിടെയാണ് നോവല്‍ രചന ഒരു സാധ്യതയായിത്തീരുന്നത്. വസ്തുനിഷ്ഠത ഒരു മൂല്യമായി അത് സ്വയം എടുത്തണിയുന്നില്ല. അത് പ്രത്യേകകാലങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ സങ്കല്പിക്കുന്നു. ആഖ്യാനത്തിന്റെ യുക്തിയാണ് സ്വീകരിക്കുന്നതെന്ന് സ്വയം സമ്മതിക്കുന്നു. ഒപ്പം ഭാവനയെ അംഗീകരിക്കുന്നു….’
നോവലുകള്‍ക്കും നോവലിസ്റ്റുകള്‍ക്കും പൊതുവെ സ്വീകാര്യമായൊരു ദര്‍ശനമാവാം ഇതെന്നതു കൊണ്ടാണ് ‘മണല്‍പ്പാവ’യുടെ പിന്‍കുറിപ്പില്‍നിന്ന് ഇത്രയേറെ ഉദ്ധരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മിക്കനോവലിസ്റ്റുകള്‍ക്കും ഈയൊരു ദര്‍ശനസൗഭാഗ്യമില്ലെന്ന് പറയേണ്ടിവരും. ഏറ്റവും സംക്ഷിപ്തമായി പറഞ്ഞാല്‍ ജോണിന്റെ കഥയാണ് മണല്‍പ്പാവ. അതോടൊപ്പം അയാളുടെ ചുറ്റിലുമുള്ള മറ്റനേകം മനുഷ്യരുടെയും കഥയാണിത്. ഈ കഥ പറയുന്നതിനിടയില്‍ അറുപതുകളിലെ അമേരിക്കന്‍ ബീറ്റ് ജനറേഷന്‍ മുതല്‍ എഴുപതുകളിലെ ഹിപ്പിപ്രതിരോധവും കൊല്‍ക്കത്തയിലെ ഹംഗ്രിയലിസ്റ്റു(Hungryalists)കളുടെ വന്യലോകവും ഈ രചനയില്‍ കടന്നുവരുന്നു. അടിയന്തരാവസ്ഥയുടെ ഇരുളാണ്ട വാഴ്വുകള്‍ മുതല്‍ അകാലത്തിലാരംഭിച്ച നക്സലൈറ്റ് വിപ്ലവയത്നങ്ങളും പോര്‍ച്ചുഗീസുകാര്‍ പതിനാറാം നൂറ്റാണ്ടില്‍ ഗോവയില്‍ നടപ്പാക്കിയ ഇന്‍ക്വിസിഷന്‍ നടപടികളും ഇറാനിയന്‍ വിപ്ലവവും ഇന്ത്യയിലെ വര്‍ഗ്ഗീയകലാപങ്ങളും മണല്‍പ്പാവയിലാവിഷ്കൃതമാവുന്നു. ഗഹനമായ ഗവേഷണ യത്നങ്ങളിലൂടെയല്ലാതെ ഇത്തരമൊരു നോവല്‍ എഴുതാനാവില്ല. 2024ലെ പത്തുനോവലുകള്‍ പരിശോധിക്കുന്നതിനിടെ ആദ്യപരാമര്‍ശമായി മനോജ് കുറൂരിന്റെ മണല്‍പ്പാവ വരുന്നത് വെറുതെയല്ല.
(രണ്ട്)
ഇനി അടയാളപ്പെടുത്തേണ്ടത് അംബികാ സുതന്‍മാങ്ങാടിന്റെ ‘അല്ലോഹലന്‍’ എന്നനോവലാണ്. എൻഡോസള്‍ഫാന്‍ മഹാവിപത്തിനെപ്പറ്റിയുള്ള അപൂര്‍വ്വ രചനയായ‘എന്‍മകജെ’ വഴി നോവലിടങ്ങളില്‍ നിത്യമായ ഒരിടം നേടിയെടുക്കാന്‍ അംബികാസുതന്‍ മാങ്ങാടിനു കഴിഞ്ഞിട്ടുണ്ട്. ഇന്നദ്ദേഹം ചരിത്രത്തിലാണ് കുടിയേറിയിരിക്കുന്നത്. മാക്കം എന്ന പെണ്‍തെയ്യം, മരക്കാപ്പിലെ തെയ്യങ്ങള്‍, അല്ലോഹലന്‍ തുടങ്ങിയവയാണ് അംബികാസുതന്റെ മറ്റുനോവലുകള്‍. മനോജ് കുറൂരിനെപ്പോലെ വളരെ ആഴത്തിലുള്ള ഗവേഷണപരിശ്രമങ്ങളിലൂടെയാണ് ‘അല്ലോഹലന്‍’ രൂപംകൊണ്ടിട്ടുള്ളത്. പൂരക്കളിയുടെ ചുവടുപിടിച്ചാണ് ഈ നോവല്‍ ഉണ്ടായിരിക്കുന്നത്. നോവലിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ‘നോവല്‍ –ചരിത്രവും ഭാവനയും’ എന്ന കുറിപ്പ് തന്റെ നോവലിന്റെ പശ്ചാത്തലത്തെപ്പറ്റിയുള്ള നല്ലൊരു വിവരണമായാണ് അംബികാസുതന്‍ എഴുതിയിരിക്കുന്നത്. ‘‘പതിനാലാം നൂറ്റാണ്ടില്‍ കോലത്തിരിയുടെ സാമന്തന്മാരായി അള്ളടം വാണിരുന്നത് കോലാന്‍ ജാതിക്കാരായ( മണിയാണി) അല്ലോഹലനും മന്നോഹലനും ഉള്‍പ്പെടുന്ന എട്ടുകുടക്കീഴില്‍ പ്രഭുക്കളാണ്. കണ്ണൂര്‍ജില്ലയിലെ പയ്യന്നൂരമ്പലത്തിന്റെ വടക്കെ അതിരുതൊട്ട് കാസര്‍കോട് ജില്ലയിലെ ചിത്താരിപ്പുഴ വരെ നീണ്ടുകിടക്കുന്ന മൂന്നുകാതം( പതിനെട്ടുനാഴികദൂരം) ദേശമാണ് അള്ളടം. നിര്‍ഭാഗ്യവശാല്‍ അല്ലോഹലനെക്കുറിച്ചോ മറ്റുസാമന്തന്മാരായ പ്രഭുക്കളെക്കുറിച്ചോ ചരിത്രഗ്രന്ഥങ്ങളിലൊന്നും ഒരു സൂചനയുമില്ല’’.
സൂചനകളൊന്നുമില്ലാത്ത ഈ ചരിത്രഘട്ടത്തെ പുനര്‍നിര്‍മ്മിക്കുകയെന്ന ദൗത്യമാണ് ഈ നോവലില്‍ അദ്ദേഹം നിര്‍വ്വഹിക്കുന്നത്. ഇതിന് നിദാനമാക്കുന്നത് പൂരക്കളിയിലെ പരാമര്‍ശങ്ങളാണ്. ഇവിടെയൊരു പ്രതിബന്ധമുണ്ടായിരുന്നത് പൂരക്കളിയിലെ ചൊല്ലുവാക്യങ്ങള്‍ അധികവും ജാതിവിചാരസമൃദ്ധമാണെന്നതാണ്. ജാതിവിഷം മനുഷ്യരെ എത്രത്തോളം തമ്മിലടിപ്പിക്കുകയും അകറ്റുകയും ചെയ്യുന്നുവെന്ന എക്കാലത്തും പ്രസക്തമായ പ്രമേയമാണ് ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. കഥാസന്ദര്‍ഭങ്ങള്‍ക്ക് യോജിച്ച വസ്തുതകള്‍ പൂരക്കളിയില്‍നിന്നാണ് രൂപപ്പെടുത്തിയെടുക്കുന്നതെങ്കിലും പൂരക്കളിയിലെ ജാതിവിചാരസമൃദ്ധി എഴുത്ത് ശക്തമായ സാമൂഹികപ്രവര്‍ത്തനമാണെന്ന് ബോധ്യമുള്ള നോവലിസ്റ്റിന് അസ്വീകാര്യമാണ്. അതുകൊണ്ട് തനിക്ക് ഏറ്റവും പ്രിയങ്കരമായ പൊട്ടന്‍ തെയ്യത്തെയാണ് നോവലിസ്റ്റ് മാതൃകയാക്കുന്നത്. ജാതിക്കെതിരായ ശക്തമായ കലാപം തന്നെയാണ് പൊട്ടന്‍ തെയ്യത്തില്‍ കാണാവുന്നത്. തീണ്ടലും തൊടീലും കത്തിനിന്നകാലത്ത് മേലാളനായ ബ്രാഹ്മണോത്തമനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പുലയനായ പൊട്ടന്‍ ഇങ്ങനെ ചോദിച്ചു, ഇപ്പോഴും തെയ്യത്തട്ടകങ്ങളിലെ മേലേരിയില്‍ കിടന്ന് പൊട്ടന്‍ തെയ്യം ചോദിക്കുന്ന അതേ ചോദ്യം:
നീങ്കളെ കൊത്ത്യാലും ചോരേല്ലേ ചൊവ്വറേ?
നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ?
പിന്നെന്തിനേ ചൊവ്വറ് കുലം പിശക്ന്നേ?
അംബികാസുതന്റെ ഭാവനയില്‍ വിരിഞ്ഞ പതിനാലാം നൂറ്റാണ്ടാണ് തെയ്യങ്ങളുടെ സഹായത്തില്‍ അല്ലോഹലനില്‍ അവതീര്‍ണ്ണമാവുന്നത്. ആ കാലത്തെ മുന്‍ഗമിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന ചെറുസംഭവങ്ങളെ ഭാവനയുടെ മൂശയില്‍ വിളക്കിയെടുക്കുകയാണ് അംബികാസുതന്‍ ചെയ്തിരിക്കുന്നത്. ചരിത്രരചന സാധ്യമല്ലാത്ത ഒരു കാലശകലത്തെ ഭാവനയിലൂടെ കരുത്താര്‍ന്ന കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു. മുന്നൂറ്റിയെഴുപതോളം പുറങ്ങളില്‍ 82 അദ്ധ്യായങ്ങളായി പരന്നുകിടക്കുന്ന നോവല്‍ ഡി സി ബുക്-സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
(മൂന്ന്)
ചരിത്രത്തില്‍നിന്ന് ഇതിഹാസത്തിന്റെ സങ്കല്പപര്‍വ്വതത്തിലേക്ക് മലയാളനോവല്‍ വീണ്ടും കടന്നുചെല്ലുന്നതിന്റെ ഉദാഹരണമാണ് ‘ആത്രേയകം’. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’യുടെ രചയിതാവ് ആര്‍ രാജശ്രീയുടെ പുതിയ നോവലാണ് ഇത്. നിരമിത്രന്റെ കഥയാണ് രാജശ്രീ ടീച്ചര്‍ ഈ നോവലിലവതരിപ്പിക്കുന്നത്. മറ്റൊരുപേരിലാണ് മഹാഭാരതത്തെപ്പറ്റി കേട്ടിട്ടുള്ളവര്‍ ഈ മനുഷ്യനെ അറിയുക: ശിഖണ്ഡി. ആത്രേയകം എന്നാണ് നോവലിന് നല്‍കിയിരിക്കുന്നപേര്. അത്രിയുടെ പിന്‍ഗാമി എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. പുരാണപ്രസിദ്ധനായ ആയുര്‍വേദാചാര്യനായ മഹര്‍ഷിയത്രേ അത്രി. ലൈംഗികതയുടെ ജീവശാസ്ത്രപരമായ ന്യൂനീകരണങ്ങള്‍ എങ്ങനെ വീക്ഷിക്കപ്പെടുന്നുവെന്നതാണ് വിശാലമായ അര്‍ത്ഥത്തില്‍ നോവലിലെ പ്രമേയം. ഒരു സാമൂഹികനിര്‍മ്മിതിയായി അതിനെ കാണാനാണ് ഇന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. നപുംസകം എന്ന വാക്കുതന്നെ ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മഹാഭാരതം അടിസ്ഥാനമാക്കി അനേകം കൃതികള്‍ ഇന്ത്യന്‍ഭാഷകളിലുണ്ടായിട്ടുണ്ട്. ഭാരതപര്യടനം, ഇനിഞാനുറങ്ങട്ടെ, രണ്ടാമൂഴം, ഹിഡുംബി, ഇരാവതികാര്‍വെയുടെ മഹാഭാരതപഠനങ്ങള്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. സുനില്‍ പി ഇളയിടത്തിന്റെയും കെ സി നാരായണന്റെയും ആകര്‍ഷകമായ മഹാഭാരതവായനകളുമുണ്ട്. രാജശ്രീയുടെ നോവലും ഈ പ്രശ്നത്തിന്റെ ബൃഹത്തായ സംവാദങ്ങളിലേക്ക് നമ്മെ നയിക്കുന്നുണ്ട്.
ദ്രുപദ രാജാവിന്റെ പ്രഥമസന്തതി നിരമിത്രനായതുമൂലമുണ്ടാവുന്ന അന്നത്തെ രാഷ്ട്രീയാസ്വാസ്ഥ്യങ്ങളുടെ നല്ല വിവരണം നോവലിസ്റ്റ് നല്‍കുന്നുണ്ട്. ആത്രേയകം സ്വാഭാവികമായും ഒരു ചികിത്സാകേന്ദ്രവുമാണ്. മഹാഭാരതത്തിന്റെ അവഗണിക്കപ്പെട്ട ജൈമിനീ വ്യാഖ്യാനത്തിലെ നാടോടി കഥാഖ്യാനങ്ങളോടാണ് ഈ നോവല്‍ സഹഭാവം പുലര്‍ത്തുന്നത്. ഷീജ വക്കം തന്റെ ശിഖണ്ഡനിയെന്ന കാവ്യരചനയ്ക്ക് നിദാനമാക്കുന്നതും ഇതുതന്നെയാവാം. നിരമിത്രനെന്നല്ലാതെ ശിഖണ്ഡിയെന്ന നാമം നോവലിലൊരിടത്തും പ്രയോഗിക്കാതിരിക്കാനുള്ള ശ്രദ്ധ നോവലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ്റു മഹാഭാരതവ്യാഖ്യാനങ്ങളില്‍ പലതിലും നിരമിത്രനെന്നപേരു കാണാമെങ്കിലും നോവലിന്റെ പ്രമേയം പ്രധാനമായും എഴുത്തുകാരിയുടെ ഭാവനാസൃഷ്ടിയാണ്. പുരാവസ്തുസാമഗ്രികളുടെ സഹായത്തോടെ ദ്രുപദരാജധാനിയിലെയും രാജാവിന്റെയും കുടുംബത്തിന്റെയും കഥകളില്‍ മറഞ്ഞുകിടക്കുന്ന ജീവിതബന്ധങ്ങളെ പുനര്‍നിര്‍മ്മിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. സമകാലജീവിതത്തെ വിസ്മരിച്ചുകൊണ്ടല്ല നോവലിസ്റ്റ് ഇതുചെയ്യുന്നത്. മാതൃഭൂമിയുടെ ഈ പുസ്തകം ഇതിനകം വലിയ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.
(നാല്)
ഭൂതവര്‍ത്തമാനങ്ങളില്‍ കുറെയേറെ മനുഷ്യര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ നമുക്ക് കുറെ നോവലുകളുണ്ടാവുമായിരുന്നില്ല. മനുഷ്യരും അവരുടെ ജീവിതവുമാണ് നോവലിലെ കഥകളായി പരിണമിക്കുന്നത്. മരണവംശമെന്ന നോവല്‍ അത്തരത്തിലുള്ളൊരു ചരിത്രഗാഥയാണ്. സമീപകാലചരിത്രമാണ് പ്രധാനമായും മണല്‍പ്പാവയിലെഴുതപ്പെടുന്നത്. പി വി ഷാജികുമാറിന്റെ ആദ്യനോവലാണ് മണല്‍പ്പാവ. വടക്കന്‍ മലബാറിലെ എര്‍ക്കാനയെന്ന സ്ഥലത്ത് കുടിപ്പകയും പ്രതികാരവുമായിക്കഴിഞ്ഞുവരുന്ന ചില കുടുംബങ്ങളും അവയുടെ താവഴികളുമാണ് നോവലിലെ കഥാപാത്രങ്ങള്‍. അപൂര്‍ണ്ണമായ ഒരുവംശചിത്രവും ഒരു പ്രദേശഭൂപടവും നോവലിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്. കുഞ്ഞമ്മാറും ജാനകിയുമാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. കുഞ്ഞമ്മാറിനുണ്ടാവുന്ന മാധവി, തമ്പായി എന്നീമക്കളും അവരുടെ മക്കളായ ഭാസ്കരനും നാരായണനും ബലരാമനും മുരളിയും ചന്ദ്രനും രാജേന്ദ്രനും നളിനിയും അരവിന്ദനുമാണ് എര്‍ക്കാനയിലെ സാമൂഹിക–രാഷ്ട്രീയ ജീവിതത്തിന്റെ പ്രാധാന്യമേറ്റെടുക്കുന്നത്. കുഞ്ഞമ്മാറും ജാനകിയുമല്ലാതെ മറ്റനേകം സ്ത്രീകള്‍ പ്രസവിക്കുകയും സമൂഹനിര്‍മ്മിതി നടത്തുകയും ചെയ്യുന്നുണ്ട്. അവര്‍ക്കിടയില്‍ പ്രണയവും കാമവും സ്നേഹവും വഞ്ചനയും ചൂഷണവും ഗുണ്ടായിസവുമെല്ലാം രൂപപ്പെടുന്നുണ്ട്. പ്രണയത്തിനും കാമത്തിനും ഉചിതമായ സ്ഥാനം നോവലിസ്റ്റ് എര്‍ക്കാനയിലെ ജീവിതത്തില്‍ കല്‍പ്പിച്ചുനല്‍കുന്നുണ്ട്. പടുചൂഷണത്തിന്റെയും വഞ്ചനയുടെയും കാമാസക്തിയുടെയും പര്യായമായ കോമന്‍നായരും അയാളുടെ ചുറ്റും പരസ്പരശത്രുതയോടെ കറങ്ങിക്കൊണ്ടിരിക്കുന്ന ഭാസ്കരനും ചന്ദ്രനുമാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. തല്ലാനും കൊല്ലാനും കാരണം തേടിനടക്കുന്ന ചന്ദ്രനും അതിനിടയില്‍ അയാളുടെ പെങ്ങളുമായി പ്രേമത്തിലാവുന്ന ഭാസ്കരനും തമ്മിലുള്ള ശത്രുതയുടെ മൂര്‍ച്ചയേറിയ സംഭവങ്ങളിലേക്ക് കമ്യൂണിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസ്സും കൂടി വന്നുചേരുന്നു. രാഷ്ട്രീയ സംഘട്ടനത്തിന്റെ ചിത്രം ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് വലിയ യാഥാര്‍ത്ഥ്യബോധമാണ് പ്രകടിപ്പിക്കുന്നത്. പല സംഘട്ടനങ്ങളും വ്യക്തിതാല്‍പ്പര്യങ്ങളില്‍നിന്നാണുരുത്തിരിയുന്നതെന്ന് നോവലിസ്റ്റ് കരുതുന്നു. കോമന്‍നായരെന്ന ചൂഷകനും സ്ത്രീലമ്പടനുമായ കോണ്‍ഗ്രസ്സ് നേതാവിനുവേണ്ടിയാണ് ചന്ദ്രന്‍ മരണമേറ്റുവാങ്ങുന്നത്. അപ്പോഴും ചന്ദ്രനെ നയിക്കുന്നത് കുട്ടിക്കാലം മുതല്‍ തന്നില്‍ നിന്ന് മോഹങ്ങളെല്ലാം പിടിച്ചെടുക്കുന്ന ഭാസ്കരനോടുള്ള ഈര്‍ഷ്യയാണ്. ഈ നോവലിന്റെ ഒരു സവിശേഷത ചരിത്രത്തിന്റെ പിന്‍ബലംകിട്ടുന്നതിനുവേണ്ടി, അത് രാഷ്ട്രീയജീവിതത്തിലുണ്ടാവുന്ന പരിണാമങ്ങളുടെ പശ്ചാത്തലത്തിലാണെഴുതപ്പെടുന്നതെന്നതാണ്. സദാചാരനാട്യങ്ങളെ യാതൊരു ശങ്കയുമില്ലാതെ ചോദ്യംചെയ്യുന്നുണ്ട് , നോവലിസ്റ്റ്. പൂരക്കളിയുടെ കഥാക്രമവുമായി സമന്വയിക്കപ്പെടുന്ന അസുലഭമായ സൃഷ്ടിയാണ് പി വി ഷാജികുമാറിന്റെ മരണവംശം. നോവലിന്റെ പശ്ചാത്തലസാമ്യം കൊണ്ടാവാം, സമീപകാലത്ത് വടക്കെ മലബാര്‍ കര്‍മ്മരംഗമായി എഴുതപ്പെടുന്ന നോവലുകള്‍ തമ്മില്‍ ഒരുതരം സമ്പര്‍ക്കം കാണുന്നുണ്ട്. വിനോയ് തോമസിന്റെയും പ്രശാന്തിന്റെയും ഇപ്പോള്‍ പി വി ഷാജികുമാറിന്റെയും നോവലുകള്‍ക്ക് പരസ്പരമൊരു മച്ചുനബന്ധം എന്തുകൊണ്ടോ കാണാന്‍ കഴിയുന്നു. ഇത് പോരായ്മയൊന്നുമല്ല, മറിച്ച് നോവലിസ്റ്റുകളുടെ അഗാധമായ സത്യസന്ധതയുടെ ഫലമാണ്.
(അഞ്ച്)
ജി ആര്‍ ഇന്ദുഗോപന്‍ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. ജനപ്രിയമായ ഏറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നവോത്ഥാനത്തിന്റെയും വാണിജ്യവിപ്ലവത്തിന്റെയും പശ്ചാത്തലത്തിലെഴുതിയ ‘യാനോ’ പോലുള്ള നോവലുകളിലൂടെ തന്റെ ഭണ്ഡാഗാരത്തില്‍ ഇനിയുമെത്രയോ വായനക്കാര്‍ക്ക് നല്‍കാനുണ്ടെന്ന് ഇന്ദുഗോപന്‍ തെളിയിച്ചിട്ടുണ്ട്. മിക്കരചനകളിലും ബഷീറിനെപ്പോലെ ആളുകള്‍ അന്യോന്യം സംസാരിക്കുന്ന ഭാഷയിലാണ് ഇന്ദുഗോപന്‍ എഴുതുന്നത്. ക്ലേശലേശമില്ലാതെ വായിച്ചുപോകാവുന്ന കൃതികളാണ് അദ്ദേഹം രചിക്കുന്നത്.
സവിശേഷമായ ഇതിവൃത്തമുള്ള പുതിയനോവലാണ് ഇന്ദുഗോപന്റെ ‘കാളിഗണ്ഡകി’. തിരുവനന്തപുരം നഗരത്തിന്റെ കാറ്റും ശുദ്ധജലവുമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനായി ഇംഗ്ലണ്ടില്‍നിന്നും വരത്തപ്പെട്ട എഡ്വി എന്ന ഇംഗ്ലീഷുകാരന്റെ സാഹസങ്ങളായിട്ടാണ് നോവല്‍ ആരംഭിക്കുന്നത്. ശംഖുമുഖം കടപ്പുറത്തുനിന്ന് നഗരത്തിലേക്ക് കടല്‍കീറി കാറ്റിന്റെയും തണുപ്പിന്റെയും ഇടനാഴി നിര്‍മ്മിക്കാനുള്ള സംരംഭത്തിനാണ് എഡ്വി രൂപംനല്‍കുന്നത്. അതിന് അയാളുടെ സഹായിയായി വന്നെത്തുന്ന ഫോട്ടോഗ്രാഫര്‍ സതീശ്ചന്ദ്രനിലൂടെ നോവല്‍ പുതിയ രഥ്യകളിലൂടെ സഞ്ചരിക്കുകയാണ്. തിരുവനന്തപുരം എം പി, തിരുവിതാംകൂര്‍ രാജാവ്, അദ്ദേഹത്തിനായി സതീശ്ചന്ദ്രന്‍ രൂപംനല്‍കുന്ന ചിത്രാലയം, അവിടെ സഹായികളായെത്തുന്ന നാല് ഉമമാര്‍, അവരില്‍ ഒരു ഉമ അനുഭവിക്കുന്ന വിഭജിതവ്യക്തിത്വമെന്ന ഉന്മാദാവസ്ഥ ഇവയൊക്കെ ചേര്‍ന്ന് നോവലില്‍ ഒട്ടനവധി പ്രമേയങ്ങളുണ്ട്. ഏതു പ്രമേയത്തിനാണ് നോവലില്‍ ഊന്നല്‍നല്‍കുന്നതെന്ന് തീരുമാനിക്കാനാവാത്തവിധം ചരിത്രത്തിലൂടെ, ഉന്മാദചികിത്സയിലൂടെ, സതീശ്ചന്ദ്രന്റെ സ്മരണകളിലൂടെ നോവല്‍മുന്നേറുകയാണ്. എങ്കിലും നല്ല പാരായണക്ഷമതയുള്ളൊരു നോവലാണ് കാളിഗണ്ഡകി എന്നു പറയാതിരിക്കാനാവില്ല. നോവലിനെ അനുഗമിച്ചുകൊണ്ട് ‘നോവലിനുശേഷം ചിലതു പറയാതെവയ്യ’ എന്ന കുറിപ്പും വി ജി നകുലുമായി നടത്തുന്ന ഒരഭിമുഖവും ഉണ്ട്. നോവലിസ്റ്റിന്റെ സാഹിത്യധാരണകളും ചിന്തകളും കല്പനകളുമെല്ലാം വലിയൊരളവില്‍ ഈ അനുബന്ധങ്ങളിലുണ്ട്. ഡി സി ബുക്സാണ് ഇന്ദുഗോപന്റെ ഈ നോവല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
(ആറ്)
ബിനീഷ് പുതുപ്പണം പുതുപ്പണക്കാരനാണ്. ഏതാണ്ട് എന്റെ അയല്‍വാസിയും. പ്രേമനഗരം എന്ന ജനപ്രിയനോവല്‍ അദ്ദേഹം മുമ്പ് എഴുതിയിട്ടുണ്ട്. 2024ല്‍ അദ്ദേഹത്തിന്റേതായി ഡി സി ബുക്സ് പുറത്തിറക്കിയിട്ടുള്ളത് മധുരവേട്ടയെന്ന ഹാസ്യനോവലാണ്. അകലെയല്ലാത്ത ആകാശം, അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന മുഖവാചകത്തോടെയാണ് നോവല്‍ വെളിച്ചംകാണുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യമാണ് ബിനീഷ് ഈ മുഖവാചകം വഴി ഉദ്ദേശിക്കുന്നത്. അഞ്ചുപെണ്‍പുലികള്‍, നൂറ, ആതിര, ഹസീന, മേരി, രജനി എന്നിവര്‍, രഹസ്യമായ ഒരു സഭയ്ക്ക് രൂപംനല്‍കുകയും വനിതകള്‍ക്കെതിരെ പുരുഷന്മാര്‍ നടത്തുന്ന അവഹേളനങ്ങളെയും അതിക്രമങ്ങളെയും ചോദ്യംചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നതാണ് കഥാവസ്തു. ഈ ഭൂമിയിലെ സകലതും തങ്ങള്‍ക്കുകൂടി ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവിലേക്ക് ഈ സ്ത്രീകള്‍ എത്തിച്ചേരുകയാണ്. സ്വന്തം അവകാശങ്ങളും സുഖസൗകര്യങ്ങളും ആര്‍ക്കുമുമ്പിലും അടിയറവെക്കരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നോവല്‍. ധീരമായ ഈ നിലപാടുമായി കര്‍മ്മരംഗത്തേക്കിറങ്ങുന്ന സ്ത്രീകളുടെ കഥയാണ് ഈ നോവല്‍. അവരുടെ കര്‍മ്മപരിപാടി നാടുമുഴുവന്‍ വ്യാപിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു. ലാളിത്യമാണ് ബിനീഷ് രചനകളുടെ മുഖമുദ്ര. വളരെ ഗൗരവമുള്ള സ്ത്രീസ്വാതന്ത്ര്യമെന്ന വിഷയത്തെ അത്യന്തം ലളിതമായി അവതരിപ്പിക്കുന്നുവെന്നതാണ് ഈ നോവലിന്റെ സവിശേഷത.
(ഏഴ്)
കൈത്തഴക്കം വന്ന നോവലിസ്റ്റും കഥാകൃത്തുമാണ് ലിസി. വിലാപ്പുറങ്ങള്‍ പോലുള്ള രചനകളിലൂടെ ലിസി ഇതിനകം വായനക്കാരുടെ ശ്രദ്ധയില്‍ വന്നെത്തിയിട്ടുണ്ട്. ബാങ്ക് ജീവിതാനുഭവങ്ങളില്‍ നിന്നാണ് ലിസി തന്റെ ഏറ്റവും പുതിയ നോവല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ‘അര്‍ത്ഥകാമ’ എന്നാണ് പുതിയ നോവലിന്റെ ശീര്‍ഷകം. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ധനമോഹവും കാമാസക്തിയും കലര്‍ന്നുവരുന്നൊരു കൃതിയാണ് ഈ നോവല്‍. രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കിയെഴുതപ്പെട്ട നോവല്‍ എന്നാണ് സച്ചിദാനന്ദന്‍ മാഷ് ലിസിയുടെ അര്‍ത്ഥകാമയെ വിശേഷിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇടകലരുന്ന രചനാരീതിയാണ് ലിസി ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നത്. സാംജോണ്‍, ഹര്‍ഷവര്‍മ്മ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തില്‍ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധ അത്യന്തം ശ്ലാഘനീയമാണ്. മുംബൈനഗരത്തിന്റെ സങ്കീര്‍ണ്ണസാഹചര്യങ്ങളെ, വിശിഷ്യ അവിടെ പത്തിവിടര്‍ത്തിയാടുന്ന കുറ്റകൃത്യങ്ങളുടെ സൂക്ഷ്മതയും സങ്കീര്‍ണ്ണതയും നോവലിസ്റ്റ് കൃതഹസ്തതയോടെ അവതരിപ്പിക്കുന്നു.
ലിസി ആമുഖത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: ‘‘ആസക്തികളും സങ്കീര്‍ണ്ണതകളും വിഭ്രാന്തികളും വ്യത്യസ്തതലങ്ങളില്‍ വ്യവഹരിക്കുന്ന മനുഷ്യരുടെ വൈകാരികതയും പണമിടപാടുലോകത്തെയും വ്യത്യസ്തമാക്കുന്നുണ്ട്. അതിലുപരി ഭൗതികനേട്ടങ്ങളുടെ പല കാഴ്ചക്കോണുകള്‍, തട്ടുകള്‍, ഏറ്റക്കുറച്ചിലുകള്‍, അതിലെ വൈരുദ്ധ്യാത്മകത… അതു തന്നെയാണ് ഈ നോവലെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്…/ സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാവാത്ത ഭ്രമാത്മകനിമിഷങ്ങളുടെ വെളിപാടുകള്‍! പലപ്പോഴും കെട്ടുകഥകള്‍ പോലെ നമ്മെ വിസ്മയിപ്പിക്കുകയും നടുക്കുകയും ചെയ്ത അപ്രിയ സത്യങ്ങളുടെ തുറന്നു പറച്ചിലുകള്‍…. അതിലൊന്ന് എല്ലാ സാമ്പത്തികമേഖലകളിലും മറഞ്ഞിരിക്കുന്ന ഒരു അധോലോകമുണ്ടെന്നതാണ്. അതിനുതുടര്‍ച്ചയും ഉണ്ടെന്നതാണ്.’’ ഈ അധോലോകത്തെ അനാവരണം ചെയ്യുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. മുതലാളിത്ത സമ്പദ്-വ്യവസ്ഥയുടെ ഹീനമായ ചെയ്തികളുടെ ആരൂഢങ്ങളിലൊന്നായി ബാങ്കിങ് സെക്ടറിനെ പരിവര്‍ത്തനം ചെയ്യാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുന്നുണ്ടെന്ന് പരോക്ഷമായി വിളിച്ചുപറയുന്നുണ്ട് ലിസിയുടെ ‘അര്‍ത്ഥകാമ’. ക്രൈം ത്രില്ലറുണ്ടാക്കുന്ന ഉദ്വേഗവും ഉള്‍ക്കിടിലവും ഈ നോവല്‍ നമുക്ക് നല്‍കുന്നുണ്ട്. 2024ലെ നല്ല രചനകളില്‍ ഒന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവല്‍. ലാളിത്യമാണ് ലിസിയുടെ രചനാശൈലിയെ ശക്തമാക്കുന്നത്. ക്രൈം എഴുതുമ്പോള്‍ ആവശ്യമായ രൗദ്രഭാവവും പ്രണയമെഴുതുമ്പോള്‍ സൂക്ഷ്മമായ ആര്‍ദ്രതയും നഷ്ടമാവാതെ പാലിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്.
(എട്ട്)
ഇന്ദുമേനോന്റെ സവിശേഷമായ ഒരു നോവല്‍ രചനയാണ് ആനവേട്ട. നമുക്കു ചുറ്റും ഉയര്‍ന്നുകേള്‍ക്കുന്ന ആനപ്രേമവചനങ്ങളുടെയും ആനദൈവവെളിപാടുകളുടെയും കാലത്ത് ഇതുപോലൊരു നോവലെഴുതുന്നത് വലിയ ധീരതയാണെന്ന് പറയാതിരിക്കാനാവില്ല. നോവലിസ്റ്റ് ഇന്ദുമേനോന്‍ യാനെബോട്ടെ എന്ന തലക്കെട്ടിലെഴുതിയിരിക്കുന്ന ആമുഖത്തിലൊരിടത്ത് ഇങ്ങനെ പറയുന്നു: ‘അരിക്കൊമ്പന്‍പ്രശ്നം വന്ന സമയത്ത് ടി വി യില്‍ ഒരു ഗോത്രവര്‍ഗ്ഗസ്ത്രീ അരിക്കൊമ്പനെ കൊല്ലരുതേയെന്ന് പറഞ്ഞ് കരയുന്ന ഒരു ബൈറ്റ് കണ്ടു. 25വര്‍ഷത്തെ ഗോത്രജീവിതത്തില്‍ ഞാനൊരിക്കലും കൊലയാളിയായ ഒരു ആനയെ രക്ഷിക്കണമെന്ന് ഇപ്രകാരം പറയുന്ന ഒരു ഗോത്രാംഗത്തെ കണ്ടിട്ടില്ല. ആനകള്‍ ദൈവമാണ്, ആനകള്‍ പ്രിയപ്പെട്ടവരാണ്, ആനകളോട് സ്നേഹമുണ്ടെങ്കിലും ആന കൊലയാളിയായാല്‍ അതിനെ വേട്ടയാടിക്കൊല്ലണമെന്നുതന്നെയാണ് ഗോത്രനിയമം. ‘എന്റെ മക്കളെ നീ എന്തെങ്കിലും ചെയ്താല്‍ നിന്റെ മക്കളെ ഞാന്‍ വെറുതെ വിടുകയില്ല’ എന്ന ഭീഷണി അവര്‍ ആനകളോട് മുഴക്കാറുണ്ട്. മരങ്ങളോ ഫലവൃക്ഷമോ തെങ്ങോ വേലിയോ പോസ്റ്റോ എന്തുമായിക്കൊള്ളട്ടെ, ആനയുടെ പിടിയില്‍നിന്നു രക്ഷയില്ല. അതിന്റെ വഴിത്താരയില്‍ കാണുന്നതെല്ലാം പിഴുതെടുത്തും വാഴകള്‍ കടപുഴക്കിയും ആനകള്‍ സദാകാട്ടില്‍ ഗോത്രവര്‍ഗ്ഗക്കാരോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ആനയെ സ്നേഹിക്കാന്‍ എന്തുരസമാണ്!’. ഈ ഉദ്ധരണിമതി നോവലിന്റെ ഇതിവൃത്തം എന്തായിരിക്കുമെന്നറിയാന്‍. ചന്ദ്രഹാസനും അരുന്ധതിയും ബക്കറും ശോശാമ്മയും മറ്റുമടങ്ങുന്ന ആ സംഘം മുന്നോട്ടു പോയ്ക്കൊള്ളട്ടെ. അവരുടെ നര്‍മ്മവും പരസ്പരധാരണയും സഹവര്‍ത്തിത്വബോധവും സാഹസികതയും ഹിംസയുമെല്ലാം തുടര്‍ന്നു നടന്നുകൊള്ളട്ടെ. കഥയിലേക്ക് ആണ്ടിറങ്ങി വായനക്കാരുടെ ജിജ്ഞാസയോ ഉല്‍ക്കണ്ഠയോ ഊതിക്കെടുത്താന്‍ ഈ ലേഖകന്‍ ആഗ്രഹിക്കുന്നില്ല.
(ഒമ്പത്)
അഷ്ടമൂര്‍ത്തിയുടെ ക്യൂറേറ്ററാണ് 2024ല്‍ പുറത്തിറങ്ങിയ മറ്റൊരു നോവല്‍. കൗതുകമുള്ളസംഭവങ്ങള്‍ ഇങ്ങനെയും ഒരാള്‍ എന്ന പേരില്‍ ടെലിവിഷന്‍ പരിപാടികളാക്കി മാറ്റുന്ന സുജിത്താണ് ക്യൂറേറ്ററിലെ ഒരു കഥാപാത്രം. വലിയ ഒരു പത്രപ്രവര്‍ത്തകനാവണമെന്നതായിരുന്നു സുജിത്തിന്റെ ആഗ്രഹം. പക്ഷേ കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി അയാള്‍ ഒരു പ്രാദേശികചാനലില്‍ ചില പരിപാടികള്‍ അവതരിപ്പിച്ച് ഉപജീവനം കഴിക്കുന്നു. പല ചാനലുകളിലും പ്രസിദ്ധീകരണങ്ങളിലും തൊഴിലന്വേഷിച്ച് പരാജയമടഞ്ഞ ഒരാളാണ് സുജിത്ത്. പക്ഷേ സുജിത്തിന്റെ കഥ പറയാനല്ല അഷ്ടമൂര്‍ത്തി ക്യൂറേറ്റര്‍ എന്ന നോവലെഴുതിയിരിക്കുന്നത്. തികച്ചും വേറിട്ടൊരു മനുഷ്യന്റെ കഥയാണ് നോവലിസ്റ്റ് പറയുന്നത്. ചുറ്റുപാടുകളെയും സഹജീവികളെയും തന്നെത്തന്നെയും മറന്നുപോവുന്ന സോമശേഖരന്‍ നായരാണ് നോവലിലെ പ്രധാനകഥാപാത്രം. ആനുകാലികങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം. ആനുകാലികങ്ങളുടെ ശേഖരണമാണ് അയാളുടെ ജീവിതലക്ഷ്യം. അമ്മയുടെ ആനുകാലികവായനാപ്രേമമാണ് അയാളെ ഇതിലേക്ക് ചെന്നെത്തിക്കുന്നത്. ഇപ്പോഴയാള്‍ക്ക് വയസ്സായി. അയാള്‍ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നു. അമ്മ അമ്മുക്കുട്ടിയമ്മയും ആനുകാലികങ്ങളും മാത്രമായിരുന്നു അയാളുടെ ആനന്ദം. ഈ ഉന്മാദം അയാളെ വ്യര്‍ത്ഥമായ പല നിലപാടുകളിലേക്ക് ചെന്നെത്തിക്കുന്നുണ്ട്. വ്യര്‍ത്ഥകര്‍മ്മങ്ങളുടെ സങ്കീര്‍ണ്ണലോകത്തിലേക്ക് വന്നുപെട്ട ഒരാളുടെ കഥയാണ് നാലുപതിറ്റാണ്ടിനുശേഷം അഷ്ടമൂര്‍ത്തിയെഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ക്യൂറേറ്റര്‍ എന്നനോവല്‍.
(പത്ത്)
ദേശകഥകള്‍ കോര്‍ത്തെടുത്ത നോവലാണ് ഷംസുദ്ദീന്‍ കുട്ടോത്തിന്റെ ‘ഇരിച്ചാല്‍ കാപ്പ് ‘. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുള്ള സഞ്ചാരവും അവരുടെ ചുറ്റുപാടുകളുടെ അവതരണവുമാണ് നോവല്‍ രചനയില്‍ അവലംബിച്ചത്. കഥകളില്‍ നിന്ന് കഥകളിലൂടെ കഥകളിലേക്ക് വളരുന്ന ആഖ്യാനം എന്ന് കുറച്ചുകൂടി വിശദമാക്കി പറയാം. ആദിമദ്ധ്യാന്ത പൊരുത്തമുള്ള കഥകള്‍ വേണമെന്ന പിടിവാശി പുതിയ നോവലുകളെ ബാധിക്കുന്നില്ല എന്ന് ഈ നോവലും ഓര്‍മ്മിപ്പിക്കുന്നു. സുയിപ്പന്‍തൊടി എന്ന ഗ്രാമത്തിലെ മനുഷ്യരെ കേരളത്തിലെ ഏത് നാട്ടുമ്പുറത്തും കണ്ടുമുട്ടാം.
ഓരോ മനുഷ്യനും ജീവിക്കാന്‍ അവന്റേതായ ഫിലോസഫി വേണമെന്നും മറ്റൊരാളുടെ ഫിലോസഫിയില്‍ ഒരുപാടുകാലം ഒരാള്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്നും ഈ നോവല്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ സദാ സമയവും പൊതിയുന്ന മീന്‍ മണത്തില്‍ നിന്നും കുതറാന്‍ ശ്രമിക്കുന്ന അയ്-മോട്ടി എന്ന കഥാപാത്രത്തെ എല്ലാ മനുഷ്യരുടേയും പ്രതിനിധിയായി കാണാവുന്നതാണ്. പല തരത്തിലും രൂപത്തിലും പൊതിയുന്ന ‘മീന്‍ മണങ്ങളെ’ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും. വായനക്കാരെല്ലാം അയ് മോട്ടിമാരായി മാറുന്ന വായനാ നിമിഷങ്ങള്‍ നോവലില്‍ ധാരാളമുണ്ട്. മനുഷ്യരുടെ ഉള്ളില്‍ ചില രഹസ്യങ്ങള്‍ ബാക്കിയാകുമ്പോഴേ ജീവിതത്തിന് സൗന്ദര്യമുണ്ടാകൂ എന്ന് മൂക്കുത്തി എന്ന കഥാപാത്രത്തിലൂടെ എഴുത്തുകാരന്‍ പറയുന്നു. ആകെ പറഞ്ഞാല്‍, തീര്‍ന്നുപോകുന്ന കഥകളേ മനുഷ്യനുള്ളൂ, എന്നാല്‍ ആ കഥകളുടെ അടരുകളില്‍ തങ്ങിനില്‍ക്കുന്ന ജീവിതം എത്ര ഋതുക്കളെടുത്തുപറഞ്ഞാലും തീരാത്തതാണ്.
നോവലില്‍ മുഖ്യകഥാപാത്രമില്ല. എല്ലാവരും സ്വന്തമായ വ്യക്തിത്വമുള്ളവര്‍. ബിയ്യുമ്മ മുതല്‍ മൂക്കുത്തിവരെ ഒരേ വലിപ്പമുള്ളവര്‍. കൂട്ടിയിണക്കുന്ന ഒരു കണ്ണിമാത്രമേ നോവലിലുള്ളൂ, റൂമി. പുസ്തകത്തില്‍ ഒരു കളവ് മാത്രമേ ഷംസുദ്ദീന്‍ എഴുതിവെച്ചിട്ടുള്ളൂ. ‘കഥയാണ്, കള്ളമാണ്’ എന്ന്. അതിന് ൊരു ചെറിയതിരുത്ത് നിര്‍ദ്ദേശിക്കുകയാണ്, ‘കഥയാണ്, സത്യമാണ്’, എന്ന്. തനി നാടന്‍ കഥാപാത്രങ്ങളെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്, എങ്കിലും പല ഘട്ടങ്ങളിലും വായനക്കാരുടെ മനസ്സിലേക്ക് നോക്കി ആ കഥാപാത്രങ്ങള്‍ ചിലത് പറയാതെ പറയുന്നുണ്ട്. അതത്ര നിസ്സാരമായ നാടന്‍ കാര്യങ്ങളല്ല. ഓര്‍മ്മകളെ ആളിക്കത്തിച്ചുകൊണ്ടേ പുതിയ വഴികള്‍ വെട്ടാന്‍ കഴിയൂ എന്ന് വേലായുധന്‍ ചിന്തിക്കുന്നത് അതുകൊണ്ടാണ്. പോയകാലത്തിന്റെയും ഓര്‍മ്മകളുടേയും ഊക്കില്ലാതെ ഒരു സംഘടനയ്ക്കും സമരത്തിനും മനുഷ്യനും വിജയം നേടാന്‍ കഴിയില്ല എന്ന് നോവലിസ്റ്റിന് ഉറപ്പിച്ചുപറയാന്‍ ധൈര്യംകൊടുക്കുന്നത് ഈ കഥാപാത്രങ്ങളാണ്. ഒരു സമരത്തിലെങ്കിലും പങ്കെടുക്കാതെ ജീവിച്ചാല്‍ അര്‍ഥമില്ലാതെ മരിക്കേണ്ടിവരുമെന്ന് ഉക്കാരന്‍ പറയുന്നത് പുതിയ കാലത്തിനോടുകൂടിയാണ്. സമരമില്ലാത്ത ജീവിതം അര്‍ഥശൂന്യമാണെന്ന ബോധം ഇരിച്ചാല്‍ കാപ്പിലെ കഥാപാത്രങ്ങള്‍ക്കുണ്ട്. കൂത്താളി സമരവും കൈതോല സമരവും ബാക്കിയാക്കിയ അവകാശബോധമാണ് സുയിപ്പന്‍ തൊടിയിലേയും പരിസരങ്ങളിലേയും മനുഷ്യരെ നയിക്കുന്നത്.
പ്രണയവും രതിയും ഉന്മാദവും നോവലിനെ വളര്‍ത്തുന്നു. കഥകള്‍ നിറഞ്ഞ ചായക്കട നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണ ചിത്രമാണ്. അവിടെ കഥയുടെ ഫാന്റസി മാത്രമല്ല, രാഷ്ട്രീയവും തത്വചിന്തയുമെല്ലാം ചായക്കൊപ്പം വിളമ്പുന്നുണ്ട്. സ്വയം ജയിക്കാനും തോല്‍ക്കാനുമായി ചെസ്സ് കളിക്കുന്ന നമ്പീശന്‍ വായനക്കാരുടെ മനസില്‍ വലിയൊരു തത്വചിന്തയായി വളരുന്നു. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെ പല കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. സമരവും സഹനവും മനുഷ്യരെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കുന്നു എന്ന് നോവല്‍ കാണിച്ചുതരുന്നു. ഇത്തരത്തില്‍ നിലപാടുകളുള്ള കാമ്പുള്ള കുറേ കഥാപാത്രങ്ങളെ നോവലില്‍ കണ്ടുമുട്ടുന്നുണ്ട്. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും വായനക്കാരന് കാണിച്ചുകൊടുക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഇതില്‍ കാണാം. മായന്‍, കണ്ണന്‍ എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുക എളുപ്പമല്ല. സ്നേഹം കൊണ്ടുമാത്രം കീഴടക്കാന്‍ പറ്റുന്ന ജീവിതാവസ്ഥകളെ നോവല്‍ കാണിച്ചുതരുന്നു. നല്ല മനുഷ്യനായി ജീവിക്കുക എന്നൊന്നില്ല എന്ന തിരിച്ചറിവ് എഴുത്തുകാരന്‍ പങ്കുവെക്കുന്നു. സഹജീവികളുമായി ‘കണക്ടാകുക’ എന്നതാണ് പ്രധാനം. അനുകമ്പയുള്ളവനായി മാറാനേ മനുഷ്യന് കഴിയൂ. നമ്മള്‍ തീരുമാനിക്കാതെ തന്നെ ചിലരുടെ ജീവിതത്തില്‍ കരിനിഴലു വീഴ്ത്താന്‍ നമ്മള്‍ കാരണക്കാരാകാറുണ്ട്. എത്ര ഒഴിഞ്ഞുമാറിയാലും ഒളിച്ചു നടന്നാലും ജീവിതം ഈ വിധത്തിലേ മുന്നേറാറുള്ളൂ എന്നിങ്ങനെ കുറേയേറെ ചിന്തകള്‍ വായനക്കാരിലേക്ക് വിതറിയിടുന്നു എഴുത്തുകാരന്‍.
2024ലെ രചനകള്‍ പത്തുനോവലുകളിലവസാനിക്കുന്നില്ല. മനോഹരന്‍ പേരകത്തിന്റെ പാക്കിസ്താനിയുടെ കഥപോലുള്ള മറ്റുകൃതികളുമുണ്ട്. ഇന്ദുഗോപന്റെ ഒന്നിലധികം പുസ്തകങ്ങളുമുണ്ട്. കൈയില്‍വന്ന പത്തെണ്ണം പരിചയപ്പെടുത്തുന്നുവെന്നുമാത്രം. പരിചയപ്പെടുത്തപ്പെട്ടവയില്‍ രണ്ടെണ്ണം നോവലിസ്റ്റുകളുടെ പ്രഥമരചനകളാണ്– പി വി ഷാജികുമാറിന്റെ മരണവംശം, ഷംസുദ്ദീന്‍ കുട്ടോത്തിന്റെ ഇരിച്ചാല്‍ കാപ്പ് എന്നിവ ഈ ലേഖകനെ അല്പമേറെ ആകര്‍ഷിച്ചു, ഷംസുദ്ദീന്റെ നോവല്‍ കാവ്യചാരുതയാര്‍ന്ന രചനകൊണ്ടും ഷാജികുമാറിന്റേത് സന്തുലിതമായ രാഷ്ട്രീയവീക്ഷണം കൊണ്ടും. l