Sunday, January 5, 2025

ad

Homeകവര്‍സ്റ്റോറിസാമ്പത്തിക ലോകം 2024

സാമ്പത്തിക ലോകം 2024

ഡോ. ടി എം തോമസ് ഐസക്‌

നിർമ്മിതബുദ്ധിയാണ് 2024-ൽ ഏറ്റവുമധികം പ്രചാരത്തിൽവന്ന പുതിയ മലയാള പദം എന്നു വേണമെങ്കിൽ പറയാം. ആദ്യമായി 2024-ലാണ് ഇത് ഉപയോഗിച്ചത് എന്ന അർത്ഥത്തിലല്ല. മാധ്യമ ചർച്ചകളിലും സെമിനാറുകളിലുമെല്ലാം നിർമ്മിതബുദ്ധി ഇതുപോലെ തിളങ്ങിയ മറ്റൊരു കാലമില്ല. പുതിയ ശാസ്ത്രസാങ്കേതിക വിപ്ലവം ഇത്തരത്തിൽ ഐടിയിൽ മാത്രമല്ല ബയോടെക്നോളജിയിലും നാനോടെക്നോളജിയിലും ന്യൂമെറ്റീരിയൽ സയൻസിലുമെല്ലാം വിസ്മയകരമായ സാങ്കേതികവിദ്യകൾ ആവാഹിച്ചുകൊണ്ടുവന്നിരിക്കുകയാണ്. ഇവയുടെ ഉല്പാദനക്ഷമതാ വർദ്ധനയുടെ സാധ്യത നമ്മെ അമ്പരപ്പിക്കും. പക്ഷേ 2024-ലെ ലോക സാമ്പത്തിക വളർച്ച നോക്കിയാൽ ഇതിന്റെയൊരു ലാഞ്ചനപോലും കാണാനായില്ല.

ലോകം ഒരു സാമ്പത്തിക തകർച്ചയിലേക്കു പോകുമെന്നാണ് വർഷം തുടങ്ങിയപ്പോൾ പലരും ഭയപ്പെട്ടിരുന്നത്. രൂക്ഷമായ വിലക്കയറ്റം, അത് തടയാൻ എല്ലാ രാജ്യങ്ങളും പലിശ നിരക്ക് ഉയർത്തേണ്ടി വരികയും ഇതിന്റെ ഫലമായി ഉല്പാദനമാന്ദ്യം ഉണ്ടാകുകയും ചെയ്യും. ഏതാനും ബാങ്കുകളുടെ തകർച്ച 2008-ലെ ധനകാര്യ കുഴപ്പത്തെ ഓർമ്മിപ്പിച്ചു. എന്നാൽ അതൊന്നും ഉണ്ടായില്ലയെന്ന സമാശ്വാസത്തിലാണ് മുതലാളിത്തലോകവും നിരീക്ഷകരും.

സമ്പദ്ഘടന പിടിച്ചുനിന്നു
ഐഎംഎഫും ലോകബാങ്കും മറ്റും ലോകസമ്പദ്ഘടന 2024-ൽ 3.1 ശതമാനം വളരുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് ആശ്വാസം. കഴിഞ്ഞ വർഷം അത് 3.2 ശതമാനം ആയിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക കൂച്ചുവിലങ്ങിടാതെ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞു. വിലക്കയറ്റം 4.5 ശതമാനമാണ്. കഴിഞ്ഞ വർഷം അത് 6.1 ശതമാനം ആയിരുന്നു. വളർച്ചയും വിലക്കയറ്റവും തമ്മിൽ ന്യായമായൊരു സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നാണ് ലോക സാമ്പത്തിക വിദഗ്ധരിൽ ചിലർ അഭിമാനിക്കുന്നത്.
ഇങ്ങനെയൊക്കെ ആശ്വസിക്കുമ്പോഴും ഒരു യാഥാർത്ഥ്യമുണ്ട്. കോവിഡിനു മുമ്പ് 20 വർഷക്കാലമെടുത്താൽ ലോകസമ്പദ്ഘടന 3.6 ശതമാനം വേഗതയിലാണ് വളർന്നുകൊണ്ടിരുന്നത്. കോവിഡ് കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർവ്വനിലയിലേക്ക് സമ്പദ്ഘടനയ്ക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.

തൊഴിലില്ലായ്മയാകട്ടെ 5.3 ശതമാനമാണ്. 2023-ൽ അത് 5.4 ശതമാനം ആയിരുന്നു. ഗൗരവമായ പ്രശ്നം ഇതാണ്. ഇവരാരും വരും വർഷങ്ങളിലും ലോകസമ്പദ്ഘടന ഇതിനേക്കാൾ കൂടുതൽ വേഗതയിൽ ഉയരുമെന്നോ തൊഴിലില്ലായ്മ ഗൗരവമായി കുറയുമെന്നോ കുരുതുന്നില്ല. എല്ലാവരും കോവിഡ് കാലത്തിനു തൊട്ടുമുമ്പുള്ള വളർച്ച കൈവരിക്കുന്നില്ലയെന്ന കാര്യമാണ് പറയുന്നത്. പക്ഷേ, ചരിത്രപരമായി എടുത്താൽ 1960-–1980 കാലത്തെ അപേക്ഷിച്ച് ഏതാണ്ട് പകുതി വേഗതിയിൽ മാത്രമാണ് ലോകസമ്പദ്ഘടന വളരുന്നത്.

മേൽപ്പറഞ്ഞത് വളരെ വിചിത്രമായ ഒരു അനുഭവമാണ്. ഒരുവശത്ത് ശാസ്ത്രസാങ്കേതികവിപ്ലവം ഉല്പാദനക്ഷമതയിൽ ഊഹാതീതമായ വർദ്ധന സാധ്യമാക്കുന്നു. 2024-ലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളിൽ ഒന്നായിട്ട് ചൂണ്ടിക്കാണിക്കുന്നത് ബിഗ് ടെക് കമ്പനികളെ വരുതിയിൽ നിർത്തുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെയും മറ്റു ലോകരാജ്യങ്ങളുടെയും പരിശ്രമങ്ങളാണ്. ഉദാഹരണത്തിന് എഐ രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിച്ചേക്കാം. സാമൂഹ്യമാധ്യമ ഡാറ്റ സ്വകാര്യത ഇല്ലായ്മ ചെയ്തേക്കാം. ഇത്തരം ഭയപ്പാടുകളാണ് ഭരണകൂടങ്ങളെ ബിഗ് ടെക് കമ്പനികളെ നിയന്ത്രിക്കാൻ 2024-ൽ പ്രേരിപ്പിച്ചത്. വലിയ ഫലമൊന്നും അതുകൊണ്ട് ഉണ്ടായില്ലയെന്നതു വേറെകാര്യം.

രൂക്ഷമാകുന്ന അസമത്വം
സാമ്പത്തിക വളർച്ചയിൽ കുതിപ്പ് സൃഷ്ടിക്കാവുന്ന സാങ്കേതികവിദ്യകൾ ഉണ്ടായിട്ടും ആ കുതിപ്പ് എന്തുകൊണ്ട് ഉണ്ടാകുന്നില്ലായെന്നതാണ് കാതലായ പ്രശ്നം. പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ ഉല്പാദനം വർദ്ധിച്ചാൽ അത് വാങ്ങാനുള്ള ക്രയശേഷി ജനങ്ങൾക്ക് ഇല്ലായെന്നതാണ് അടിസ്ഥാനപരമായ വൈരുദ്ധ്യം. 2024-ൽ World Inequality Database പ്രകാരം ലോകത്തെ ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങൾക്ക് ലോകവരുമാനത്തിന്റെ 8 ശതമാനമേ ലഭിക്കുന്നുള്ളൂ. അതേസമയം ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ കൈയിലാണ് ലോകവരുമാനത്തിന്റെ 52 ശതമാനം. ഈ അസമത്വം നാൾക്കുനാൾ വർദ്ധിക്കുകയാണ്.

എന്തുകൊണ്ട് നിയോലിബറൽ കാലത്ത് വരുമാനത്തിലെ അസമത്വം ഇത്തരത്തിൽ ചരിത്രത്തിലേറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു? മുഖ്യകാരണം പുതിയ ശാസ്ത്രസാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന വരുമാനത്തിലെ കുതിപ്പ് കൈക്കലാക്കുന്നത് ഫിനാൻഷ്യൽ വ്യവസായ കുത്തക കോർപ്പറേറ്റുകളാണ്. വർദ്ധിക്കുന്ന ഉല്പാദകക്ഷമതയനുസരിച്ച് തൊഴിലാളികളുടെ കൂലി ഉയരുന്നില്ല.

എന്തുകൊണ്ട് ഡിമാന്റ് ഇല്ല?
ദേശീയവരുമാനത്തിൽ തൊഴിലാളികളുടെ വിഹിതം 2004-ലെ നിലയിൽ തന്നെ നിന്നിരുന്നെങ്കിൽ തൊഴിലാളികൾക്ക് 2024-ൽ 2.4 ലക്ഷം കോടി ഡോളർ (purchasing power parity നിരക്കിൽ) കൂടുതൽ ലഭിച്ചേനെ. ഇത്രയും ഭീമമായ തുക കോർപ്പറേറ്റുകളുടെ കൈവശം എത്തിച്ചേർന്നതുകൊണ്ടാണ് അസമത്വം ഇന്നത്തെ ഭീതിജനകമായ നിലയിലേക്ക് ഉയർന്നത്.

തൊഴിലില്ലായ്മയും ഉയർന്നുകൊണ്ടിരിക്കുകയാണ്. 1960-കളിലും 1970-കളിലും 2–3 ശതമാനം ആയിരുന്ന, സാധാരണഗതിയിൽ തൊഴിലില്ലായ്മ നിരക്ക്. അതാണ് ഇപ്പോൾ സ്ഥിരമായി 5 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്.

ഇന്ത്യയെപ്പോലുള്ള അവികസിതരാജ്യങ്ങളിൽ മറ്റൊരു പ്രശ്നവുംകൂടിയുണ്ട്. ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഉല്പാദനം സമ്പദ്ഘടനയിലെ സംഘടിത മേഖലയിൽ ഒതുങ്ങുന്നു. 90 ശതമാനം വരുന്ന അസംഘടിത മേഖലയിൽ പഴയ സാങ്കേതികവിദ്യകളും താഴ്ന്ന ഉല്പാദനക്ഷമതയുമാണ്. അതുകൊണ്ട് അവരുടെ വരുമാനം ഉയരുന്നില്ല.

ഇതുമൂലം സാങ്കേതികവിദ്യകളുടെ സാധ്യതയ്ക്കനുസരിച്ച് മൊത്തം ഉല്പാദനം ഉയർന്നാൽ അതു മുഴുവൻ വാങ്ങാനുള്ള ക്രയശേഷി ജനങ്ങൾക്ക് ഉണ്ടാവില്ല. ചരക്കുകൾ വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടക്കും. അതുകൊണ്ടാണ് ശാസ്ത്രസാങ്കേതിക വിസ്ഫോടന കാലത്തും ഉല്പാദനം മുരടിച്ചു നിൽക്കുന്നത്. ഇതാണ് 2024 നൽകുന്ന ഏറ്റവും വലിയ സന്ദേശം.

ജനകീയ അതൃപ്തിയിൽ
 മുതലെടുക്കുന്നത് വലതുപക്ഷം
2024-ന് ഒരു പ്രത്യേകതയുണ്ട്. 60 രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന വർഷമാണ്. ലോകജനസംഖ്യയുടെ ഭൂരിപക്ഷം പേരും തിരഞ്ഞെടുപ്പിലൂടെ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ബ്രിട്ടൺ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ജപ്പാൻ, ഇന്ത്യ, ഫ്രാൻസ്, അമേരിക്ക എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും വോട്ടെടുപ്പായിരുന്നു. ഏതാണ്ട് എല്ലായിടത്തും ഫലം ഭരിക്കുന്നവർക്ക് തിരിച്ചടി ആയിരുന്നു.

അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി ട്രംപിന്റെ പാർട്ടിയോട് തോറ്റു. ഇന്ത്യയിൽ മോദിക്ക് കഷ്ടിച്ചുള്ള വിജയമേ ഉണ്ടായിരുന്നുള്ളൂ. എല്ലായിടത്തും ഭരിക്കുന്നവർക്ക് തിരിച്ചടി ആയിരുന്നു. എന്താണ് ഇതിനു കാരണം? വിലക്കയറ്റവും വരുമാനയിടിവും ജീവിതപ്രയാസങ്ങളും അവരെ ഭരിക്കുന്നവർക്ക് എതിരാക്കി. ഏത് സാമ്പത്തിക നയങ്ങളാണോ ഇത്തരമൊരു അവസ്ഥാവിശേഷം സൃഷ്ടിച്ചത് അവ തന്നെ കൂടുതൽ രൂക്ഷമായി നടപ്പാക്കുന്നതിനുവേണ്ടി വാദിക്കുന്ന വലതു തീവ്രപക്ഷത്തിനാണ് നേട്ടമുണ്ടായത്. ലോകരാഷ്ട്രീയത്തിലെ ഈ വലതുപക്ഷ വേലിയേറ്റത്തെക്കുറിച്ച് ഈ ലക്കത്തിൽതന്നെ പ്രത്യേക അവലോകനം ഉള്ളതിനാൽ അതിലേക്കു കടക്കുന്നില്ല.

ലോകത്തെമ്പാടും അധ്വാനിക്കുന്ന ജനങ്ങൾ ശ്രദ്ധേയമായ ഒട്ടേറെ സമരങ്ങൾ 2024-ൽ നടത്തുകയുണ്ടായി. ബ്രിട്ടനിലെ പോസ്റ്റൽ തൊഴിലാളികൾ, സൗത്ത് ആഫ്രിക്കയിലെ ഖനി തൊഴിലാളികൾ, അമേരിക്കയിലെ ആമസോൺ തൊഴിലാളികൾ, ഫ്രാൻസിലെ ട്രാൻസ്പോർട്ട് തൊഴിലാളികൾ, ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകർ, ഗ്രീസിലെ തുറമുഖ തൊഴിലാളികൾ ഇങ്ങനെ ഓരോ രാജ്യത്തെയും തൊഴിലാളികൾ സമരത്തിന് ഇറങ്ങുകയുണ്ടായി. നൈജീരിയ, ലബനൻ, ശ്രീലങ്ക, അർജന്റീന, ഇക്വഡോർ എന്നു തുടങ്ങിയ പല മൂന്നാം ലോകരാജ്യങ്ങളിലും ശക്തമായ സമരങ്ങളുണ്ടായി. ഇന്ത്യയിൽ തന്നെ തൊഴിലാളികളുടെ ദേശീയ പണിമുടക്കും കർഷക സമരവും നടന്നു. പക്ഷേ, ഇതൊന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല. കാരണം തീവ്രവലതുപക്ഷത്തിന് വംശീയ-–വർഗീയ മുദ്രാവാക്യങ്ങൾകൊണ്ട് യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കുന്നതിനും ജനങ്ങളെ ആകർഷിക്കുന്നതിനും കഴിഞ്ഞു.

ശതകോടീശ്വരന്മാർ ഭരണത്തിലേക്ക്
മുതലാളിത്തഭരണം ആരുടേതായാലും അവയെ നിയന്ത്രിക്കുന്നത് എന്നും അവിടുത്തെ മുതലാളിമാരാണ്. എന്നാൽ 2024-ൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ശതകോടീശ്വരന്മാർ നേരിട്ടു ഭരണത്തിൽ പങ്കാളികളാകുന്ന അനുഭവവുമുണ്ടായി. അമേരിക്കയിൽ ട്രംപ് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും തന്റെ അധികാര കസേരകളെല്ലാം, തന്നെ പിന്താങ്ങിയ ശതകോടീശ്വരന്മാർക്ക് ഇപ്പോഴേ പങ്കുവച്ചു കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്കും മറ്റൊരു കോടീശ്വരനായ വിവേക് രാമസ്വാമിയുമാണ് സർക്കാരിനെ വെട്ടിച്ചെറുതാക്കുന്നതിനുള്ള മന്ത്രിമാർ. ഇതുപോലെ ട്രംപിന്റെ ചുമതലക്കാരെല്ലാം അമേരിക്കയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരാണ്.
ഏതാണ്ട് ഇതേ അനുഭവം മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ശിങ്കിടി അദാനിയാണല്ലോ. അദാനി നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നതിന്റെ വിവരങ്ങളും പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.

ഉലയുന്ന ഡോളർ
2024-ൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സാമ്പത്തികനയം വിദേശവിനിമയത്തിൽ ലോകനാണയ സ്ഥാനത്തുനിന്നും ഡോളറിനെ കുടിയിറക്കാനുള്ള പരിശ്രമങ്ങളാണ്. 1973-ൽ ആഗോള വിദേശനാണയ കരുതൽ ശേഖരത്തിന്റെ 90 ശതമാനത്തിലേറെ ഡോളർ ആയിരുന്നു. 1999-ൽ അത് 72 ശതമാനമായി കുറഞ്ഞു. 20 വർഷം പിന്നിട്ട് 2021 എത്തിയപ്പോൾ അത് 60 ശതമാനത്തിൽ താഴെയായി.

യൂറോപ്യൻ രാജ്യങ്ങളെല്ലാം ചേർന്നു രൂപംനൽകിയ യൂറോ നാണയമാണ് രണ്ടാമത്തെ പ്രധാനപ്പെട്ട ലോക നാണയം. ആഗോള കരുതൽ ശേഖരത്തിന്റെ 21 ശതമാനം യൂറോയാണ്. 6 ശതമാനം ജപ്പാന്റെ യെൻ ആണ്. 5 ശതമാനം പൗണ്ട് ആണ്. ശ്രദ്ധിക്കേണ്ട കാര്യം 2-–3 ശതമാനം മാത്രമായിരുന്ന മറ്റു നാണയങ്ങളുടെ വിഹിതം 10 ശതമാനമായി ഇപ്പോൾ ഉയർന്നിട്ടുണ്ട് എന്നതാണ്.

ഡോളർ ഒഴിവാക്കി രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ സ്വന്തം നാണയങ്ങൾ ഉപയോഗിച്ച് വിദേശവ്യാപാരം നടത്തുന്ന രീതി ശക്തമായി. റഷ്യ-–ഇന്ത്യ വ്യാപാരമാണ് ഇതിന് ഒരു ഉദാഹരണം. ഇന്ത്യൻ രൂപയും റൂബിളും തമ്മിൽ ഒരു മാറ്റനിരക്ക് നിശ്ചയിച്ചു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണ അടക്കമുള്ള സാധനങ്ങൾക്കെല്ലാമുള്ള വില രൂപയിൽ റഷ്യയുടെ അക്കൗണ്ടിൽ ഇട്ടുകൊടുത്താൽ മതി. അതുപോലെ റഷ്യ വാങ്ങുന്ന സാധനങ്ങളുടെ വില റൂബിളിൽ ഇന്ത്യയുടെ അക്കൗണ്ടിലും ഇട്ടുകൊടുക്കും. പക്ഷേ, ഇന്ത്യയെ സംബന്ധിച്ച് ഇറക്കുമതിയാണ് വളരെ കൂടുതൽ. അതിലുള്ള വ്യത്യാസം റൂബിളിൽ റഷ്യക്കുനൽകേണ്ട കടമായിത്തീരും. ഭാവിയിൽ റഷ്യ ഇന്ത്യയിൽ നിന്ന് ചരക്കുകൾ ഈ തുകയ്ക്കുള്ളതു വാങ്ങിച്ചുകൊള്ളും എന്നതാണ് വ്യവസ്ഥ. ഏതായാലും ഇന്ത്യ-–റഷ്യ വ്യാപാരത്തിന് ഡോളറിന് ഇനിമേൽ സ്ഥാനമില്ല. ഇതുപോലെ മറ്റു പല രാജ്യങ്ങളുമായി റഷ്യ കരാർ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഇറാനും റഷ്യയുമായി പുതിയൊരു നാണയം തന്നെ ഉണ്ടാക്കാൻ ആലോചിക്കുകയാണ്. ഇന്ത്യയാകട്ടെ യുഎഇയുമായി ഡോളർ ഒഴിവാക്കി വ്യാപാരത്തിനു ചർച്ച തുടങ്ങി.

പുതിയൊരു ലോകനാണയം?
ചൈനീസ് പ്രസിഡന്റ് ഷിയുടെ റഷ്യൻ സന്ദർശനത്തിൽ പ്രധാനപ്പെട്ടൊരു ചർച്ചാ വിഷയം ഈ ഡീ-ഡോളറൈസേഷൻ ആയിരുന്നു. ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരം പൂർണ്ണമായും ഡോളർ ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. അതിലുപരി ലോകത്തെ ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ബ്രിക്സ്. അതായത് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ ഇപ്പോൾ തന്നെ ഒരു പ്രത്യേക ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ലോകവ്യാപാരത്തിന് ഈ രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യത്തോടു ബന്ധപ്പെടുത്തി സൂർ (തെക്ക്) എന്നൊരു പുതിയ ലോക നാണയം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച തുടങ്ങി.

ചൈനയാണെങ്കിൽ മറ്റൊന്നുകൂടി ചെയ്തു. ലോകത്തെ ഏറ്റവും ഉയർന്ന വിദേശവിനിമയ ശേഖരമുള്ളത് ചൈനയ്ക്കാണ്. അവർ ഇത് മൂന്നാംലോക രാജ്യങ്ങളിൽ റോഡും റെയിൽവേയും തുറമുഖവുമൊക്കെ പണിയാൻ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് ബെൽറ്റ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. പണിയുന്നതു ചൈനക്കാർ. നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും ചൈനയുടേത്. ചൈനയ്ക്ക് രണ്ടുണ്ട് നേട്ടം. കൈയിലിരിക്കുന്ന ഡോളറുകൾ മറ്റു രാജ്യങ്ങളുടെ ബാധ്യതകളായി മാറുന്നു. ഇവ വെറും വായ്പകളായി നൽകാതെ നിർമ്മാണ പ്രൊജക്ടായി നൽകുമ്പോൾ ചൈനീസ് സമ്പദ്ഘടനയ്ക്ക് അവ ഉത്തേജകമാകും. കരാറിലെ ത്തിയ രാജ്യങ്ങളിൽ വികസനവും വേഗത്തിലാകും. ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ ചൈന ഇത് നടപ്പിലാക്കുകയാണ്. ഏതായാലും ഡോളർ വാങ്ങി കുന്നുകൂട്ടുന്ന പരിപാടി ചൈന അവസാനിപ്പിച്ചു.

2024-ന്റെ അവസാനം നടന്ന ഏറ്റവും വലിയ സാമ്പത്തിക സംഭവങ്ങളിലൊന്ന് ഡീ-ഡോളറൈസേഷന് എതിരായ ട്രംപിന്റെ പ്രഖ്യാപനമാണ്. ബ്രിക്സ് പുതിയ നാണയം ഇറക്കിയാൽ ആ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ തുടർനാടകങ്ങൾ അടുത്തവർഷം കാണാം.

ട്രംപിന്റെ മടങ്ങിവരവ് 
ഉയർത്തുന്ന ഭയാശങ്കകൾ
ട്രംപിന്റെ വിജയം ലോകസാമ്പത്തിക രംഗത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് 2024 കടന്നുപോകുന്നത്. അമേരിക്കയെ വീണ്ടും ലോകത്തെ ഒന്നാമത്തെ രാജ്യമാക്കണമെന്നതാണ് ട്രംപിന്റെ മുദ്രാവാക്യം (America First). ചൈനീസ് ഉല്പന്നങ്ങളുടെമേൽ 60 ശതമാനത്തിനോ അതിനു മുകളിലോ ചുങ്കം ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. മറ്റെല്ലാ രാജ്യങ്ങളുടെമേലും 20 ശതമാനം ചുങ്കം ചുമത്തും. അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സികോയ്ക്കുമെതിരെ 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ഭീഷണി.

ഈ മുദ്രാവാക്യങ്ങൾ യാഥാർത്ഥ്യമായാൽ അടുത്ത വർഷം രണ്ട് കാര്യങ്ങൾ ഉറപ്പിക്കാം. സ്വിസ് ബാങ്ക് യുബിഎസിന്റെ മതിപ്പുകണക്ക് പ്രകാരം ലോക സാമ്പത്തിക വളർച്ച ഇവമൂലം 1 ശതമാനം കുറയാം. ചൈനയ്ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടി. ഉല്പാദന ഇടിവു മാത്രമല്ല ഉയർന്ന ചുങ്കംമൂലം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ഉല്പന്ന വിലകൾ ഉയരും. ഇത് വിലക്കയറ്റത്തിന് ആക്കംകൂട്ടും. വിലക്കയറ്റം നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് പലിശ നിരക്ക് ഉയർത്തേണ്ടിവരും. ഇത് മറ്റു രാജ്യങ്ങളിലെ നാണയങ്ങളുടെ അവമൂലനത്തിലേക്കു നയിക്കും. പല രാജ്യങ്ങളും കടക്കെണിയും അഭിമുഖീകരിക്കേണ്ടതായിവരും. ഇങ്ങനെ പല പ്രശ്നങ്ങളുണ്ടാകും. അങ്ങനെ ലോകത്തെ മുൾമുനയിൽ കയറ്റിയാണ് 2024 വിടവാങ്ങുന്നത്.

ഇന്ത്യ സാമ്പത്തിക മുരടിപ്പിൽ
നേരത്തെ സൂചിപ്പിച്ചതുപോലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും അത് സൃഷ്ടിച്ച ജനകീയ അസംതൃപ്തിയുടെയും പശ്ചാത്തലത്തിൽ മോദിക്ക് പാർലമെന്റിൽ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. എന്നാൽ ഇത് മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലയെന്നാണ് 2024-ലെ ബജറ്റ് തെളിയിക്കുന്നത്.

സാമ്പത്തികവളർച്ച മുരടിപ്പിലേക്ക് നീങ്ങുകയാണ്. 2024-ൽ 7 ശതമാനം സാമ്പത്തിക വളർച്ച ഉണ്ടാകുമെന്നാണ് ഐഎംഎഫ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം ശുഭപ്രവചനങ്ങളെല്ലാം ഇപ്പോൾ താഴേക്ക് തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവർ 2023-ൽ മൂന്നാംപാദത്തിൽ 8.6 ശതമാനം വരെ എത്തിയ സാമ്പത്തിക വളർച്ച അതിനുശേഷം അനുക്രമമായി കുറഞ്ഞ് 2024-ൽ മൂന്നാംപാദത്തിൽ 5.4 ശതമാനമായി. അതുകൊണ്ട് 2024-ൽ ഇന്ത്യൻ സമ്പദ്ഘടന 6.5 ശതമാനത്തിനു മുകളിൽ വളരില്ലയെന്നാണ് ഇപ്പോൾ ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന നിഗമനം.

വർദ്ധിക്കുന്ന അസമത്വം
എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ? ലോകത്ത് മൊത്തത്തിൽ പറഞ്ഞതുപോലെ ഇന്ത്യയിലും ജനങ്ങളുടെ ക്രയശേഷി വേണ്ടത്ര ഇല്ലാത്തതാണ് ഉല്പാദന വർദ്ധനവിനു തടസ്സം. അസമത്വം സംബന്ധിച്ച ആഗോള പഠനങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന പണ്ഡിതനാണ് തോമസ് പിക്കറ്റി. 2024 മാർച്ച് മാസത്തിൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് ‘ഇന്ത്യയിലെ വരുമാനത്തിലെയും സ്വത്തിലെയും അസമത്വം’ സംബന്ധിച്ച് ഒരു പഠന റിപ്പോർട്ട് (Income and Wealth Inequality in India) പ്രസിദ്ധീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് കാലത്തേക്കാൾ അതിസമ്പന്നരുടെ സ്വത്ത് വിഹിതം ഇന്ത്യയിൽ വർദ്ധിച്ചൂവെന്നാണ് അവരുടെ നിഗമനം.

2023-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പണക്കാരുടെ കൈവശമാണ് – ദേശീയ വരുമാനത്തിന്റെ 22.6 ശതമാനം. അതുകൊണ്ടാണ് ബില്യനയർ രാജ് എന്ന് പുതിയ കാലത്തിന് അവർ പേര് നൽകിയത്. ഇവരുടെ സ്വത്തിനുമേൽ 2 ശതമാനം നികുതി ചുമത്തുകയും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്താൽ ക്ഷേമം വർദ്ധിക്കുമെന്ന് മാത്രമല്ല, സമ്പദ്ഘടനയിലെ മൊത്തം ഡിമാന്റ് ഉയരുകയും വളർച്ചയുടെ വേഗത വർദ്ധിക്കുകയും ചെയ്യും.

2022-–23-ൽ കേന്ദ്ര സർക്കാരിന്റെ അസൽ നികുതി വരുമാനം ജിഡിപിയുടെ 7.8 ശതമാനം ആയിരുന്നു. 2023-–24-ൽ അത് 7.9 ശതമാനമായി. എന്നാൽ 2024-–25-ലെ ബജറ്റിലും അത് 7.9 ശതമാനമായി തുടരുകയാണ്. പണക്കാരുടെമേൽ നികുതി ചുമത്തി അത് ജനങ്ങളുടെ വാങ്ങൽ കഴിവ് വർദ്ധിപ്പിക്കുന്ന റവന്യു ചെലവുകൾക്കായി വിനിയോഗിക്കുക എന്നതായിരിക്കണം നയം. ഇത്തരമൊരു നിലപാട് ബിജെപിയിൽ നിന്ന് പ്രതീക്ഷിക്കുക വയ്യല്ലോ.

എന്തുകൊണ്ട് 
ചെലവ് ചുരുക്കൽ നയം?
കോവിഡ് കാലത്ത് ഉയർന്ന ധനക്കമ്മി എത്രയും പെട്ടെന്ന് താഴേക്ക് കൊണ്ടുവരുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ തത്രപ്പാട്. ഇതിനൊരു കാരണമുണ്ട്. ബിജെപിയുടെ അടിസ്ഥാനവികസന സമീപനം ഇന്ത്യയിലേക്ക് കൂടുതൽ കൂടുതൽ ധനമൂലധനത്തെ ആകർഷിക്കുക എന്നുള്ളതാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ സാധനങ്ങൾ വിൽക്കുന്ന വ്യവസായ-–കാർഷിക മുതലാളിമാർക്ക് നേട്ടമാണ്. എന്നാൽ ധനമൂലധനത്തിന് അത് നഷ്ടമാണ്. അവർക്ക് കൃഷിയും വ്യവസായവുമായിട്ടൊന്നും നേരിട്ടു ബന്ധമില്ല. ഓഹരി കമ്പോളത്തിലും പണ കമ്പോളത്തിലുമെല്ലാമാണ് അവർ വ്യാപരിക്കുന്നത്.

അവരുടെ സ്വത്താവട്ടെ ധന ആസ്തികളിലാണ് സൂക്ഷിക്കുന്നത്. ധന ആസ്തികളുടെ മൂല്യം അത് ഉപയോഗിച്ച് വാങ്ങാനാവുന്ന ചരക്കുകളെ ആശ്രയിച്ചിരിക്കും. ചരക്കുകളുടെ വില കുത്തനെ ഉയർന്നുകൊണ്ടിരുന്നാൽ പണത്തിന്റെ മൂല്യം ഇടിയുന്നതുപോലെ ധന ആസ്തികളുടെ മൂല്യവും ഇടിയും. അതുകൊണ്ട് വിലക്കയറ്റം അവർക്ക് ചതുർത്ഥിയാണ്. സാമ്പത്തിക നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി അവർ കാണുന്നത് വിലക്കയറ്റത്തെ നിയന്ത്രിച്ചു നിർത്തലാണ്. ബാക്കി സമ്പദ്ഘടനയിലെ കാര്യങ്ങളൊക്കെ മുതലാളിമാർ നോക്കിക്കോളും. ഇതാണ് ഇവരുടെ ആദർശം. അതുകൊണ്ടാണ് ധനക്കമ്മി കുറച്ചു നിർത്താൻ ധനമന്ത്രി ഇത്രയേറെ വാശി കാണിക്കുന്നത്.

വിലക്കയറ്റത്തിനു കാരണമെന്ത്?
വിലക്കയറ്റത്തിനു കാരണമെന്താണ്? ഏറ്റവും പ്രധാനപ്പെട്ട കാരണം ഭക്ഷ്യവിലകൾ ഉയരുന്നതാണ്. കൃഷിക്കാരനിൽ നിന്നും ആദായകരമായ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക, മിനിമം ഭക്ഷ്യധാന്യങ്ങൾ ന്യായവിലയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കുക. ഇത്തരമൊരു സമീപനത്തിലൂടെ മാത്രമേ കൃഷിക്കാർക്ക് നല്ല വില ഉറപ്പുവരുത്താനും ഭക്ഷ്യ വിലക്കയറ്റം തടയാനും കഴിയൂ. കാർഷിക വിഭവങ്ങളുടെമേൽ അഗ്രി ബിസിനസിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നീരാളിപ്പിടിത്തവും വിലക്കയറ്റത്തിന് ഇടയാക്കും. ഇതിനൊക്കെ മകുടം ചാർത്തിക്കൊണ്ട് അവശ്യസാധനനിയമം കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചുരുക്കത്തിൽ കമ്പോളത്തിൽ ഒരു വില നിയന്ത്രണവും ഇല്ല.

മാത്രമല്ല, കാർഷിക വിളകൾ പ്രത്യേകിച്ച് പച്ചക്കറികൾ, കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടായ അപ്രതീക്ഷിതമായ ദൗർലഭ്യവും വിലക്കയറ്റവും നേരിടുന്നത് സാധാരണമായിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ വേണ്ടത്ര ഇല്ലാത്തതുമൂലം ഇതിനെ ചെറുക്കാൻ കഴിയുന്നില്ല. കാർഷിക മേഖലയിലെ 2023–-24-ൽ പുതുക്കിയ ചെലവ് കണക്ക് 1,26,666 കോടി രൂപയാണ്. 2024–-25-ലെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 1,27,470 കോടി രൂപയാണ്. വർദ്ധന കേവലം 0.6 ശതമാനം മാത്രം. വിലക്കയറ്റംകൂടി കണക്കിലെടുക്കുകയാണെങ്കിൽ യഥാർത്ഥ ചെലവ് കുറച്ചു. അതേസമയം വളം സബ്സിഡി 1.92 ലക്ഷം കോടി രൂപയിൽ നിന്ന് 1.68 ലക്ഷം കോടി രൂപയായി കുറച്ചുവെന്ന് വ്യക്തമാണ്. കാർഷിക മേഖലയ്ക്കുള്ള അടങ്കൽ കുറച്ചുകൊണ്ട് ഭക്ഷ്യവിലക്കയറ്റത്തെ തടഞ്ഞുനിർത്താനാവില്ല. പൊതുവിതരണ സമ്പ്രദായത്തിനുള്ള അടങ്കലിലും വെട്ടിക്കുറവുണ്ടായി. 2.22 ലക്ഷം കോടി രൂപയിൽ നിന്ന് 2.13 ലക്ഷം കോടി രൂപയായി കുറച്ചു. അതായത് വിലക്കയറ്റത്തിന്റെ നാളിൽ പൊതുവിതരണത്തിന് -4 ശതമാനം കുറച്ചാണ് വകയിരുത്തിയിട്ടുള്ളത് എന്നർത്ഥം.

ഇന്ധനവിലകൾ ഉയർന്നുള്ള നിൽക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. ഇത് കുറയ്ക്കാനുള്ള മാർഗ്ഗം ബിജെപി സർക്കാർ വർദ്ധിപ്പിച്ച അധിക നികുതി പിൻവലിക്കുകയെന്നുള്ളതാണ്. ഈ നടപടികൾ സ്വീകരിക്കുന്നതിനു പകരം ചെലവ് നിയന്ത്രിച്ച് കമ്മി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അദാനി അഴിമതിക്കഥകൾ
2024-ലും അദാനിയുടെ അഴിമതിക്കഥകൾ തുടർന്നു. 2023-ൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കോളിളക്കങ്ങളിലൊന്ന് ഹിൻഡൻബർഗ് പുറത്തുകൊണ്ടുവന്ന അദാനിയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് തിരിമറി ആയിരുന്നു. ഇതിന്റെ ഊരാക്കുടുക്കിൽ നിന്ന് മോദിയുടെ സഹായത്തോടെ അദാനി പുറത്തുവന്നു. പക്ഷേ, 2024-ൽ അമേരിക്കൻ അധികൃതർ തന്നെ മോദിയെ പ്രതിക്കൂട്ടിലാക്കി.

അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കൽക്കരിയേതര ഊർജ്ജത്തിന്റെ ഉപയോഗം ഇന്ത്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. പുതിയ കമ്പോള സാധ്യത മനസ്സിലാക്കി ഈ മേഖലയിലേക്കു കടന്ന അദാനി സോളാർ ഊർജ്ജോല്പാദനത്തിൽ ഏറ്റവും വലിയ കമ്പനിയായി മാറി. പക്ഷേ, സോളാർ ഊർജ്ജത്തിന് അദാനി നിശ്ചയിച്ച വില താരതമ്യേന ഉയർന്നതാണ്. അതുകൊണ്ട് അത് വാങ്ങാൻ വൈദ്യുതി ബോർഡുകൾ മടിച്ചു. കൂടിയ വിലയ്ക്കാണെങ്കിലും നിശ്ചിത ശതമാനം സോളാർ ഊർജ്ജം വാങ്ങിയേ മതിയാകൂവെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ബോർഡുകളെക്കൊണ്ട് സോളാർ വൈദ്യുതി വാങ്ങിപ്പിക്കാൻ അദാനി തന്നെ മുന്നിട്ടിറങ്ങി. പല സംസ്ഥാനങ്ങളിലെയും നേതാക്കന്മാർക്ക് 2200 കോടി രൂപ അയാൾ കൈക്കൂലി നൽകി.

സർക്കാരുകളുടെ ഓർഡർ ലഭിച്ചതോടെ അദാനി ഗ്രീൻ എനർജി കമ്പനിക്ക് അടുത്ത രണ്ട് പതിറ്റാണ്ടുകൊണ്ട് 16,000 കോടി രൂപ ലാഭം ഉറപ്പായി. ഇത് പൊലിപ്പിച്ചു കാണിച്ചാണ് ഈ കമ്പനി അമേരിക്കൻ ബോണ്ട് മാർക്കറ്റിൽ നിന്ന് വലിയ തോതിൽ നിക്ഷേപം സ്വീകരിച്ചത്. അങ്ങനെ അദാനി അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് അമേരിക്കൻ കോടതിയിലെ കേസ്.

ന്യുയോർക്കിലെ ഒരു കോടതി അദാനിയേയും അടുത്ത ബന്ധുവും അദാനി ഗ്രീൻ എനർജിയുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനിയേയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും ചാർജ്ജ് ഷീറ്റ് ചെയ്തിരിക്കുകയാണ്. ലോകത്തെ പതിനെട്ടാമത്തേയും ഇന്ത്യയിലെ രണ്ടാമത്തേതുമായ ശതകോടീശ്വരനെ സംബന്ധിച്ച ഈ വാർത്തയാണ് ഓഹരി കമ്പോളത്തെ പിടിച്ചുകുലുക്കിയത്.

അമേരിക്കൻ റെഗുലേറ്റർമാരെ മാത്രമല്ല അദാനി കബളിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സെബിയോടും സ്റ്റോക്ക് എക്സ്ചേഞ്ച് അതോറിറ്റികളോടും ഇതേ കള്ളം അദാനി പറഞ്ഞു. എന്തെങ്കിലും നടപടി ഈ റെഗുലേറ്റർമാർ എടുക്കുവാൻ തയ്യാറാകുമോ? ഹിൻഡൻബർഗ് ആരോപണങ്ങളുടെമേൽ അടയിരിക്കുന്നത് സെബിയാണ്. അതിന്റെ മേധാവി മാധബി ബുച്ഛിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും അവരെ മോദി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിനെതിരെ 
സാമ്പത്തിക ഉപരോധം
2024 കേരളത്തിൽ അറിയപ്പെടുക കേന്ദ്ര സർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ പേരിലായിരിക്കും. നമ്മളെ തകർക്കാർ കേന്ദ്ര സർക്കാർ ചെയ്തത് ഇതാണ്. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി പരിഗണിച്ച് സാധാരണഗതിയിൽ സർക്കാരിന് അനുവദിക്കുന്ന വായ്പ വെട്ടിക്കുറച്ചു. ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. അതിനു പകരം കഴിഞ്ഞ രണ്ട് വർഷമായി ഒരു ശതമാനം കുറച്ചേ വായ്പയെടുക്കാൻ അനുവദിക്കുന്നുള്ളൂ. ഇങ്ങനെ 2016 മുതൽ കിഫ്ബി എടുത്ത വായ്പകൾ ഏതാനും വർഷംകൊണ്ട് പൂർണ്ണമായും വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നമ്മൾ ഇതിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. 2024-ൽ ഈ കടന്നാക്രമണം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്.

നമുക്ക് തരാനുള്ള മറ്റു പല ഗ്രാന്റുകളും സർക്കാർ കുടിശികയാക്കി. 13,000 കോടി രൂപ കേരളത്തിന് കുടിശികയായി നൽകാനുണ്ടെന്ന കാര്യം സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിനു സമ്മതിക്കേണ്ടിവന്നു. കേന്ദ്ര സർക്കാർ സമ്മതിക്കാത്ത തുകകൾ വേറെ. പക്ഷേ, ഈ കേന്ദ്ര വിവേചനത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ യുഡിഎഫ് തയ്യാറല്ല. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ അവരും ബിജെപിക്കൊപ്പമാണ്.

ഫിസ്കൽ ഫെഡറലിസം
 അപകടത്തിൽ
പതിനാറാം ധനകാര്യ കമ്മീഷന്റെ നിയമനവും അവരുടെ സംസ്ഥാന സന്ദർശനവുമാണ് 2024-ലെ മറ്റൊരു സുപ്രധാന സാമ്പത്തിക സംഭവവികാസം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത് നികുതി വിഹിതം 50% ഉയർത്തണമെന്നാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണ-–പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിന്റെ നികുതി വിഹിതം വർദ്ധിപ്പിക്കാനുള്ള ശുപാർശ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷേ, മോദിയുടെ ചൊൽപ്പടിക്കുനിൽക്കുന്ന വിദ്വാന്മാരെക്കൊണ്ടു നിറച്ചിരിക്കുന്ന ഈ കമ്മീഷൻ നികുതി വിഹിതം കുറയ്ക്കുമെന്നു മാത്രമല്ല, വായ്പയെടുക്കാനുള്ള അവകാശം ജിഡിപിയുടെ മൂന്നു ശതമാനത്തിൽ നിന്നും വെട്ടിക്കുറച്ചേക്കുമെന്നുള്ള ആശങ്കയുമുണ്ട്. ഈ പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ത്യ ധന ഫെഡറലിസത്തിന് കൈക്കോടാലി ആകാതിരിക്കണമെങ്കിൽ ശക്തവും യോജിച്ചതുമായ പ്രതിഷേധം ഇനിയും ഉയരണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − five =

Most Popular