Thursday, January 2, 2025

ad

Homeആമുഖംആമുഖം

ആമുഖം

ലോകം 2024 പിന്നിട്ട് 2025 ലേക്ക് കടക്കുകയാണ്. 2025ലേക്ക് നാം ചുവടുവയ്ക്കുന്നത് ഒരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ്. 2022 ഫെബ്രുവരി മുതൽ അമേരിക്കയും നാറ്റോശക്തികളും ചേർന്ന് ഉക്രൈനിൽ നിന്ന് റഷ്യക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തുറന്ന യുദ്ധം മൂന്നു മാസം ആകാറായിട്ടും ഇപ്പോഴും തുടരുകയാണ്. യഥാർഥത്തിൽ 2014ൽ ഉക്രൈനിലെ ഫാസിസ്റ്റ്- ശക്തികൾ നാറ്റോയുടെയും അമേരിക്കയുടെയും പിന്തുണയോടെ ആരംഭിച്ച കലാപത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ നടക്കുന്ന യുദ്ധവും. സാമ്രാജ്യത്വത്തിന്റെ ആധിപത്യമുറപ്പിക്കാൻ വേണ്ടിയുള്ള ഈ മനുഷ്യക്കുരുതിയിൽ ഇതിനകമുണ്ടായ ആൾനാശവും സാമ്പത്തികനാശവും വിവരണാതീതമാണ്.

ഇതിങ്ങനെ അനന്തമായി തുടരവെ തന്നെയാണ് 2023 ഒക്ടോബർ 7ന് അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ പലസ്തീൻ ജനതയ്ക്കുനേരെ ആക്രമണമാരംഭിച്ചത്. ഇതിനകംതന്നെ അരലക്ഷത്തോളം പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലും അമേരിക്കയിലുമുൾപ്പെടെ പലസ്തീൻ ജനതയ്ക്കുനേരെ നടക്കുന്ന ഈ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വമ്പിച്ച ജനകീയ മുന്നേറ്റങ്ങളുണ്ടായിട്ടും, ഐക്യരാഷ്ട്ര സഭ തന്നെ പലവട്ടം ആവശ്യപ്പെട്ടിട്ടും പലസ്തീനെ തുടച്ചുനീക്കും വരെ ആക്രമണം തുടരുന്ന സമീപനമാണ് ഇസ്രയേൽ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകാൻ ഇസ്രയേലിന് ധെെര്യം നൽകുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സെെനികവും സാമ്പത്തികവുമായ സഹായമാണ്. മാനവരാശിയുടെ നിലനിൽപ്പിനുതന്നെ സാമ്രാജ്യത്വം വലിയ ഭീഷണിയാണ് എന്ന കാഴ്ചപ്പാടിനെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതാണ് ഈ സംഭവവികാസങ്ങൾ.

സാമ്രാജ്യത്വ ശക്തികൾ സൃഷ്ടിച്ച ഈ ആഗോളസംഘർഷങ്ങൾ ലോകസമ്പദ്ഘടനയിൽ തന്നെ പ്രത്യാഘാതങ്ങൾ സൃ‍ഷ്ടിച്ചുവെങ്കിലും പലരും കണക്കുകൂട്ടിയതുപോലെ സമ്പൂർണ തകർച്ചയിലേക്കു നീങ്ങാതെ പിടിച്ചുനിന്നുവെന്ന് മാത്രമല്ല ആശ്വാസകരമായ വളർച്ചയുണ്ടാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ വളർച്ചയുടെ ഗുണഫലമാകെ ലഭിക്കുന്നതാകട്ടെ ശതകോടീശ്വരരായ ഒരുപിടി ആഗോള കുത്തകകൾക്കുമാണ്.

വിലക്കയറ്റവും തൊഴിലില്ലായ്മയും കൂലി മരവിപ്പിക്കലുമുൾപ്പെടെയുള്ള നവലിബറൽ നയങ്ങളുടെ പ്രത്യാഘാതങ്ങൾക്കെതിരെയും അധ്വാനിക്കുന്നവരെ കൊള്ളയടിക്കാനുള്ള മൂലധനത്തിന്റെ ത്വരയെ തൃപ്തിപ്പെടുത്താൻ ഗവൺമെന്റുകൾ തൊഴിലാളി വിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയും ലോകത്താകെ തൊഴിലാളികളുടെ ശക്തമായ സമരങ്ങൾ ഉയർന്നുവരുന്നതാണ് 2024ൽ നാം കണ്ടത്. എന്നാൽ ബഹുജനങ്ങളിലാകെ പടർന്നുപിടിച്ച അസംതൃപ്തിയെ വംശീയവും വർഗീയവുമായ അടിസ്ഥാനത്തിൽ വഴിതിരിച്ചുവിട്ട് മുതലെടുക്കാൻ തീവ്രവലതുപക്ഷ ശക്തികൾക്ക് കഴിഞ്ഞതും 2024ൽ നാം കണ്ടു. പക്ഷേ ഈ വലതുപക്ഷമുന്നേറ്റം ഏകപക്ഷീയമല്ലെന്ന് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് വിജയം നമ്മെ ഓർമിപ്പിക്കുന്നു. അതുപോലെ തന്നെ ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗേ-്വയിൽ മധ്യ ഇടതുപക്ഷത്തിന്റെ വിജയവും ശ്രദ്ധേയമായ മറ്റൊരു സംഭവവികാസമാണ്.

പണിമുടക്കുകളുടെയും പ്രതിഷേധ പ്രക്ഷോഭങ്ങളുടെയും വേലിയേറ്റമുണ്ടായ കാലവുമാണ് പിന്നിട്ടത്. സർക്കാരുകളുടെ കോർപറേറ്റനുകൂല നയങ്ങൾക്കും അഴിമതിയ്ക്കുമെന്നതുപോലെ ഭീമൻ കുത്തക കോർപറേറ്റുകൾക്കെതിരായ തൊഴിലാളിവർഗ മുന്നേറ്റങ്ങളും 2024ന്റെ സവിശേഷതയായി കാണാം. ഇന്ത്യയിൽ 2020ൽ തീക്കാറ്റുപോലെ ആഞ്ഞുവീശുകയും മോദി സർക്കാരിനെ മുട്ടുകുത്തിക്കുകയും ചെയ്ത കർഷകപ്രക്ഷോഭം വീണ്ടും കരുത്താർജിക്കുന്നതിനൊപ്പം തൊഴിലാളി–കർഷക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങൾക്കും തുടക്കമിടുകയാണ്. സംഘപരിവാറിന്റെ ദളിത് വിരുദ്ധ സമീപനത്തിന്റെ ദൃഷ്ടാന്തമായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനയ‍്ക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത മുന്നേറ്റവും ഈ വർഷം പിന്നിടുമ്പോൾ നാം കാണുന്ന ശ്രദ്ധേയമായ സംഭവമാണ്.

കാലാവസ്ഥാ വ്യതിയാനം, സാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലും പുത്തൻ ഉണർവുകൾ ദൃശ്യമാകുന്ന കാലമാണിത്. ഈ വിഷയങ്ങളിലേക്കെല്ലാം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്ന ലേഖനങ്ങളാണ് ഈ ലക്കത്തിൽ ഡോ. ടി എം തോമസ് ഐസക്, ഗോപകുമാർ മുകുന്ദൻ, ജി പി രാമചന്ദ്രൻ, സി പി അബൂബക്കർ, എ ശ്യാം, കെ ജി ബിജു, ആര്യ ജിനദേവൻ എന്നിവർ എഴുതിയിരിക്കുന്നത്. തുടർ പ്രക്ഷോഭങ്ങൾക്കായുള്ള പ്രചാരണത്തിന് ഇവ സഹായകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − ten =

Most Popular