Friday, April 4, 2025

ad

Homeആമുഖംആമുഖം

ആമുഖം

മൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തിലേക്കും അതിനു പിന്നിലെ മൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും താൽപ്പര്യങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ചിന്തയുടെ ഈ ലക്കത്തിലെ കവർസ്റ്റോറി. മുഖ്യമന്ത്രി പിണറായി വിജയൻ, എ ശ്യാം, ജി പി രാമചന്ദ്രൻ, പി എസ് സഞ്ജീവ്, ഗിരീഷ് ചേനപ്പാടി, കെ ആർ മായ, റഷീദ് ആനപ്പുറം എന്നിവരാണ് ലേഖകർ.

പത്ത് വയസ്സുമുതലുള്ള കുട്ടികളിൽ വരെ മയക്കുമരുന്ന് വ്യാപകമായി എത്തുന്നുവെന്ന വസ്തുത തന്നെ നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്. സ്കൂളുകൾ മുതൽ സർവകലാശാലകൾ വരെ മാരകമായ മയക്കുമരുന്നുകൾ എത്തിക്കാൻ വേണ്ടി സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായി മാറേണ്ട ഇളംതലമുറയെ അതിന്റെ വലക്കണ്ണികളാക്കി മാറ്റുകയാണ് ഇതിനു പിന്നിലെ മൂലധന ശക്തികൾ. അത്തരം ശക്തികൾക്ക് പണത്തിനോടുള്ള ആർത്തി മാത്രമല്ല, എങ്ങനെയും, എന്തു ഹീനകൃത്യം ചെയ്തും പണമുണ്ടാക്കണമെന്നുള്ള വ്യഗ്രതയും മാത്രമല്ല, യുവതലമുറയെയാകെ മയക്കുമരുന്നിനടിമയാക്കി തളർത്തുകയെന്ന ലക്ഷ്യവുമുണ്ട്.

അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്നിനെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയിട്ടുള്ള രാജ്യമാണ് അമേരിക്ക. അതേ അമേരിക്ക തന്നെയാണ്, പ്രത്യേകിച്ചും അമേരിക്കൻ ചാരസംഘടനയായ സിഐഎയാണ് ലോകത്തിലെ ഒട്ടനവധി മയക്കുമരുന്ന് കാർട്ടലുകൾക്കും പിന്നിലെ ചാലകശക്തി. പനാമയുടെ ഭരണാധികാരിയായിരുന്ന സെെനിക സേ-്വച്ഛാധിപതി മാനേ-്വൽ നൊറേഗ ദീർഘകാലം സിഐഎയുടെ ചാരനായിരുന്നുവെന്നു മാത്രമല്ല, ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് സംഘങ്ങളുടെ സംരക്ഷകനുമായിരുന്നുവെന്നത് ചരിത്രം. ഇയാൾ തങ്ങളുടെ താളത്തിനൊത്ത് തുള്ളാതായതോടെ സ്വതന്ത്ര പരമാധികാര രാജ്യമായ പനാമയിലേക്ക് സെെന്യത്തെ അയച്ച് പ്രസിഡന്റിന്റെ ആസ്ഥാനമന്ദിരത്തിൽനിന്ന് മയക്കുമരുന്ന് കടത്തുകാരെ സഹായിച്ചുവെന്ന പേരിൽ പിടികൂടി അമേരിക്കയിൽ കൊണ്ടുപോയി ജയിലിലടച്ചതും ചരിത്രം–1980 കളിലെ സംഭവങ്ങളാണിത്. കുപ്രസിദ്ധമായ ഇറാൻ കോൺട്രാ കേസ് തന്നെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇക്കാര്യത്തിലെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു.

ഇരുപതാം നൂറ്റാണ്ടിൽ ഫാസിസത്തിന്റെ അരങ്ങേറ്റത്തിന്റെ കാലത്തുതന്നെ ജർമനിയിലും ഇറ്റലിയിലും മറ്റും മയക്കുമരുന്ന് സംഘങ്ങളുടെ ഉറഞ്ഞുതുള്ളലുകൾ കാണാമായിരുന്നു. ഫാസിസ്റ്റുകൾ അധികാരത്തിലെത്തിയതോടെ മയക്കുമരുന്ന് ഗ്യാങ്ങുകൾക്ക് സർവ വിധ ഒത്താശയും നൽകിയതും ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് അമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലും നവഫാസിസ്റ്റുകൾ അധികാരത്തിലേറിയതിന്റെയും അഴിഞ്ഞാടുന്നതിന്റെയും പശ്ചാത്തലത്തിൽ ലോകത്താകെ ഭീതിദമായ വിധം വ്യാപിക്കുന്ന മയക്കുമരുന്നെന്ന മാരകവിപത്തിനെ കാണാവുന്നതാണ്.

ഇന്ത്യയിൽ തന്നെ മയക്കുമരുന്ന് വ്യാപനം ഏറ്റവുമധികം നടക്കുന്നതും മയക്കുമരുന്ന് കടത്തുകേന്ദ്രങ്ങളായിരിക്കുന്നതും ഗുജറാത്തും പഞ്ചാബും യുപിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമെല്ലാമാണെന്നതും ശ്രദ്ധേയമാണ്. ബിജെപിയാണ് ഈ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയ ശക്തിയെന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. ഇന്ത്യയിൽ ഏറ്റവും കുറവ് മയക്കുമരുന്ന് ലഭ്യതയുള്ള സംസ്ഥാനവും മയക്കുമരുന്ന് സംഘങ്ങളെ ഏറ്റവുമധികം പിടികൂടി ശിക്ഷിക്കുന്ന സംസ്ഥാനവും കേരളമാണെന്നതും വസ്തുതയാണ്. എന്നിരുന്നാലും ഈ മഹാവിപത്തിന്റെ അടിവേരറുക്കാൻ ഇനിയും ഏറെ കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ദിശയിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + fifteen =

Most Popular