ചിന്ത വാരികയുടെ ആദ്യകാലം മുതൽ അതുമായി ബന്ധപ്പെട്ട് ജീവിച്ച ആളായിരുന്നു 2025 മാർച്ച് 20ന് രാത്രി 74–ാം വയസ്സിൽ അന്തരിച്ച ഇ താര ഭായി. ചിന്തയുടെ ആദ്യകാലം മുതൽ അതിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ട് ജീവിച്ച ആളായിരുന്നു കെ ചന്ദ്രൻ. ചന്ദ്രന്റെ സഹധർമിണിയായിരുന്നു താര. രണ്ടു പേരും കോഴിക്കോട്ടുകാർ. ചിന്തയുടെ ഉത്ഭവം കോഴിക്കോട്ടായതുകൊണ്ട് അത് സ്വാഭാവികം.
1970 കളുടെ ആദ്യമാണ്, സിപിഐ എം ചിന്ത വാരികയെ അതിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായി തീരുമാനിച്ചത‍്. 1970 സെപ്തംബറിൽ കോഴിക്കോട്ട് ചേർന്ന സിപിഐ എം യോഗം ചിന്തയെ പാർട്ടിയുടെ താത്വിക പ്രസിദ്ധീകരണമാക്കി. 1990ൽ അതിന്റെ പ്രസിദ്ധീകരണം തിരുവനന്തപുരത്തുനിന്നായി. തുടർന്നായിരുന്നു അതിന്റെ ഉള്ളടക്കത്തിൽ പല മാറ്റങ്ങളും വരുത്തിയത്. അതിനെ ത്തുടർന്നു ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. അച്ചടിക്കുന്ന കോപ്പികളും ഗണ്യമായി വർദ്ധിച്ചു. അങ്ങനെ തിരുവനന്തപുരത്തും കൊച്ചിയിലും വീണ്ടും തിരുവനന്തപുരത്തും പ്രവർത്തിച്ചു. ചിന്തയിൽ മാനേജ്മെന്റിലും എഡിറ്റോറിയൽ രംഗത്തും അവർ പ്രവർത്തിച്ചിട്ടുണ്ട്. ചിന്തയുടെ വളർച്ചയിലും പ്രചാര വർധനയിലും അവരും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഏൽപ്പിക്കുന്ന ജോലികളെല്ലാം യാതൊരു മടിയും കൂടാതെ കൃത്യമായി താര നിർവഹിച്ചിരുന്നു. ഇന്ന് പാർട്ടിയുടെ നേതൃത്വത്തിലിരിക്കുന്ന പലരും അന്ന് എസ് എഫ്ഐയിൽ പ്രവർത്തിച്ചിരുന്നവരാണ്. അന്ന് ചിന്ത ഓഫീസിൽ ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ താര വലിയ താൽപര്യം കാട്ടിയിരുന്നു. സ്പെഷ്യലുകൾ ഇറങ്ങുന്ന സമയത്ത് അവ പയ്ക്ക് ചെയ്ത് ഡെസ്പാച്ച് ചെയ്യുന്ന ജോലിയടക്കമുള്ള കാര്യങ്ങൾ എത്ര വെെകിയായാലും തീർത്തിട്ടേ അവർ ഓ-ഫീസ് വിടുമായിരുന്നുള്ളൂ. ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്ന ചിന്ത ഏജന്റുമാരോടും വരിക്കാരോടും ഏറെ സൗമ്യമായിട്ടായിരുന്നു താര ഇടപെട്ടിരുന്നത്. സഹപ്രവർത്തകരോട് എന്നും ഊഷ്മളമായ സ്നേഹബന്ധം താര കാത്തു സൂക്ഷിച്ചു. ചിന്തയിൽനിന്നും പിരിഞ്ഞുപോയതിനുശേഷവും ആ ബന്ധം തുടർന്നുപോന്നു.
ജീവിത പങ്കാളിയായിരുന്ന കെ ചന്ദ്രൻ ഏതാനും വർഷം മുമ്പ് ചരമമടഞ്ഞിരുന്നു. അവർക്ക് രണ്ടു പുത്രന്മാരുണ്ട‍്; കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സ. താരയ്ക്ക് ആദരാഞ്ജലികൾ. l