Monday, November 25, 2024

ad

Homeഓർമപുതിയ മാറ്റങ്ങളോടെ ചിന്ത മുന്നോട്ട്

പുതിയ മാറ്റങ്ങളോടെ ചിന്ത മുന്നോട്ട്

കെ എ വേണുഗേപാലൻ

ചിന്ത വാരികയിൽ ചേരുന്നത് 2002 ഡിസംബർ 9ന് ആണ്.അതുവരെ തൃശൂർ ജില്ലയിലെ നാട്ടിക ഏരിയാ കമ്മിറ്റിയിൽ അംഗമായി പാർട്ടി പ്രവർത്തനവുമായി കഴിഞ്ഞിരുന്ന ആളായിരുന്നു ഞാൻ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിൽ നിന്ന് നാല് ചുമരുകൾക്ക് ഉള്ളിലേക്ക് ഒതുങ്ങിയപ്പോൾ ഒട്ടേറെ മാനസിക സംഘർഷം ഉണ്ടായിട്ടുണ്ട്. എന്നാൽ എഴുതാൻ ആവുമല്ലോ എന്ന സാധ്യതയാണ് അതിനെയെല്ലാം മറികടക്കാൻ എന്നെ പ്രാപ്തനാക്കിയത്. നിയമനം മാനേജ്മെന്റ് വിഭാഗത്തിൽ ആയിരുന്നെങ്കിലും തുടർച്ചയായി ചിന്തയിൽ എഴുതിക്കൊണ്ടിരുന്നു. അന്ന് മാധ്യമങ്ങൾ പാർട്ടി നേതൃത്വത്തെ കടന്നാക്രമിക്കാൻ തുടങ്ങിയിരുന്നു. നാലാം ലോകം,സ്വത്വവാദം,രണ്ടാം ഭൂപരിഷ്കരണം,വർഗീയത തുടങ്ങിയവയായിരുന്നു അന്ന് എഴുതിയ വിഷയങ്ങൾ. പരിമിതമായ അധികാരത്തിനു കീഴിൽ ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ സംബന്ധിച്ച് സാങ്കല്പിക സോഷ്യലിസ്റ്റുകൾ അന്ന് ശക്തമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരുന്നത്. വലതുപക്ഷത്തു നിന്നുകൊണ്ട് തീവ്ര ഇടതുപക്ഷ മുഖംമൂടിയിട്ടായിരുന്നു ആക്രമണം. ഇതിനെതിരായിട്ടായിരുന്നു എഴുത്ത്. പാർലമെന്ററി പ്രവർത്തനവും കമ്യൂണിസ്റ്റുകാരും എന്ന എന്റെ ആദ്യത്തെ പുസ്തകവും രൂപപ്പെടുന്നത് അങ്ങനെയാണ്.

കെ എ വേണുഗോപാലൻ, കെ എച്ച് റഷീദ്, പത്മലത, കെ വിൻസി

ചിന്തയിൽ ഞാനെത്തുമ്പോൾ സ. കെ ചന്ദ്രൻ ആയിരുന്നു മാനേജർ. അദ്ദേഹം വിരമിച്ചപ്പോഴാണ് 2008 അവസാനം എന്നെ മാനേജരായി നിയമിച്ചത്. സഖാക്കൾ ഇ താരാഭായി, കെ എച്ച് റഷീദ്, പത്മലത എന്നിവരായിരുന്നു മാനേജ്മെന്റ് വിഭാഗത്തിലെ മറ്റംഗങ്ങൾ. ഇ താരാഭായി വിരമിച്ച ഒഴിവിലാണ് കെ വിൻസി ചിന്തയിൽ നിയമിക്കപ്പെട്ടത്. സ. എൻ ശശിധരൻ ആണ് പരസ്യങ്ങൾ ശേഖരിച്ച് എത്തിക്കുന്നത്.

ഡെമി 1/4 സൈസിലേക്ക് ചിന്ത മാറിയിരുന്നു. കവർപേജ് കളർ ആയതും അച്ചടി കളറിലാക്കിയതും ഒക്കെ ഞാൻ കൂടെ പങ്കാളിയായ മാനേജ്മെന്റിന്റെ പരിഷ്കരണങ്ങൾ ആയിരുന്നു. സ്വാഭാവികമായും ഇതൊക്കെ ചെലവ് വർദ്ധിപ്പിച്ചു. കോവിഡ് കാലമായതോടെ ന്യൂസ് പ്രിന്റിനും വൻതോതിൽ വിലക്കയറ്റം ഉണ്ടായി. എന്നാൽ വില വർദ്ധിപ്പിക്കേണ്ടതില്ല എന്നാണ് പാർട്ടിയും ചിന്തയും തീരുമാനിച്ചത്.

നല്ലതോതിൽ ക്യാമ്പയിൻ നടക്കുന്ന വർഷങ്ങളിൽ കോപ്പിയുടെ എണ്ണം വർദ്ധിക്കുകയും എന്നാൽ ചില വർഷങ്ങളിൽ കുറഞ്ഞു പോവുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. പാർട്ടി നിശ്ചയിക്കുന്നതുകൊണ്ട് കോപ്പികൾ വർദ്ധിപ്പിക്കുകയും എന്നാൽ അത് രാഷ്ട്രീയമായ വളർച്ചയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.

മുമ്പുണ്ടായിരുന്നതിനേക്കാൾ നല്ല നിലയിൽ പരസ്യം ശേഖരിക്കാൻ ആവുന്നുണ്ട് എന്നതിനാലാണ് ന്യൂസ് പ്രിന്റിന് വില കൂടുകയും ആഭ്യന്തര ചെലവുകൾ വർദ്ധിക്കുകയും ചെയ്തിട്ടും ചിന്തയ്ക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാനായത്. വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ചിന്തയ്ക്ക് പരസ്യം നൽകുന്ന നിരവധി സഹകരണ സ്ഥാപനങ്ങൾ കേരളത്തിലെമ്പാടും ഉണ്ട്. നല്ലൊരു ശതമാനം സംഘങ്ങളും കൃത്യമായി പരസ്യ കൂലിയും എത്തിക്കാറുണ്ട്. എന്നാൽ ഈയിടെയായി പരസ്യം കിട്ടുന്ന കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉയർന്നുവരുന്നുണ്ട്. ജില്ലാ ബാങ്കുകൾ ഇല്ലാതാവുകയും കേരള ബാങ്ക് മാത്രമായി തീരുകയും ചെയ്തതോടെ 14 പരസ്യം കിട്ടിയിരുന്നത് ഒന്നായിക്കുറഞ്ഞു എന്നതാണ് അതിലൊന്ന്. അർബൻ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വന്നതോടെ അവരിൽനിന്ന് കിട്ടുന്ന പരസ്യത്തിന്റെ അളവിലും വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. ഇനി സഹകരണ ബാങ്കുകളും കേന്ദ്രത്തിന് കീഴിലേക്ക് മാറാൻ പോവുകയാണ്. എന്തൊക്കെ നിയന്ത്രങ്ങളാണ് പരസ്യം നൽകുന്നതിൽ ഉണ്ടാവുക എന്ന് മുൻകൂട്ടി കാണാനാവില്ല. എന്തായാലും അത് നമുക്കെതിരായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഓൺലെെനായി ചിന്ത പ്ലസ് ആരംഭിച്ചെങ്കിലും അതിന് സ്വതന്ത്രമായി പരസ്യം കിട്ടാവുന്ന വിധത്തിൽ ഉപഭോക്താക്കളെ സൃഷ്ടിക്കാനായിട്ടില്ല. ചിന്ത പ്ലസിന്റെ ചെലവുകളും ഇപ്പോൾ അധികമായി നിർവഹിക്കേണ്ടതായിട്ടുണ്ട്. നവമാധ്യമങ്ങൾ ഉപയോഗിക്കുന്ന സഖാക്കൾ ശ്രമിച്ചാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ആകും. ചിന്ത പ്ലസ് സാമ്പത്തികമായി സ്വതന്ത്രമായി നിലനിൽക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കാനാവണം. അച്ചടി മാധ്യമങ്ങൾ ഇനി എത്ര കാലം തുടരും എന്ന് പറയാനാവില്ല. നവമാധ്യമങ്ങൾ ഉപയോഗിക്കുന്ന സഖാക്കൾ chinthaweekly.in കൂടി സ്ഥിരമായി സന്ദർശിക്കുന്ന അവസ്ഥയുണ്ടാക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − six =

Most Popular