ചിന്തയുടെ 20–ാം ജന്മദിന പതിപ്പില്‍ (1983) എഴുതിയ ലേഖനം |
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് രൂക്ഷമായ ഭിന്നതകള്‍ തലപൊക്കിയ കാലം. 1963 ആദ്യം. കൃത്യമായ തീയതി ഓര്‍ക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം. തിരുവനന്തപുരത്തെ തൈക്കാട്ടുള്ള സ്വന്തം കെട്ടിടത്തിലാണ് യോഗം കൂടിയത്. സി അച്യുതമേനോനാണ് സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വളരെപേര്‍ തടങ്കലിലായിരുന്നു. ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘട്ടനം വെടിനിര്‍ത്തലില്‍ എത്തിയ ദിവസം ഇന്ത്യയിലാകെ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പാർട്ടിക്കകത്തെ ‘ഇടതു’കാരെയാണ് ഒട്ടുമുക്കാലും അകത്താക്കിയത്. അപൂര്‍വം ‘വലതു’കാരും ഉള്‍പ്പെട്ടിരുന്നു. അതില്‍ അച്യുതമേനോനും അകപ്പെട്ടിരുന്നു.
പക്ഷേ, അദ്ദേഹത്തെ വേഗം വിട്ടയച്ചു. മേല്‍പറഞ്ഞ എക്സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഇടതഭിപ്രായക്കാര്‍ ആരും ഉണ്ടായിരുന്നില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ എ വി കുഞ്ഞമ്പു, ഇ കെ നായനാര്‍ എന്നിവര്‍ തടവിലായതുകൊണ്ട് അവരുടെ സ്ഥാനത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച കെ വി നാരായണന്‍ നമ്പ്യാരെയും എന്നെയും ഈ യോഗത്തില്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. ആ യോഗത്തില്‍ ഇടതഭിപ്രായക്കാരായി ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു വനരോദനത്തിന്റെ കഥ
ഇ എം എസ് അന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. പാർട്ടിയുടെ മുഖപത്രമായ ‘ന്യൂ ഏജ്’ വാരികയുടെയും ‘കമ്യൂണിസ്റ്റ്’ എന്ന മലയാള മാസികയുടെയും പത്രാധിപരും ഇ എം എസ് തന്നെ ആയിരുന്നു. പിബിയിലും സിസിയിലും ഡാങ്കേ വിഭാഗത്തിനായിരുന്നു മേധാവിത്വം. അതുപയോഗിച്ച് ഇ എം എസിനെ പുകച്ചുപുറത്തുചാടിക്കാന്‍ ഹീനതന്ത്രവും അവര്‍ പ്രയോഗിച്ചിരുന്നു. ഇ എം എസിനെ ക്രൂശിക്കാന്‍ അന്ന് പാർട്ടി ശത്രുക്കളും കച്ചകെട്ടിയിരുന്നു. ‘ന്യൂ ഏജി’ലേക്ക് പത്രാധിപരെന്ന നിലയില്‍ സഖാവെഴുതിക്കൊടുത്ത മുഖപ്രസംഗം സഖാവറിയാതെ എടുത്തുമാറ്റി. വേറെ മുഖപ്രസംഗം അച്ചടിച്ചിറക്കിയിരുന്നു. അതുകൊണ്ടെല്ലാമായിരിക്കാം ‘മൗനം വിദ്വാന് ഭൂഷണം’ എന്ന നിലയ്ക്ക് അന്ന് കുറച്ചുകാലം കഴിയാന്‍ ഇ എം എസ് തീരുമാനിച്ചത്.
വലതുകാരുടെ ഈ ഹീനതന്ത്രം കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവും നടപ്പില്‍ വരുത്തി. ‘കഴിഞ്ഞ മാസം’ എന്നൊരു പംക്തി കമ്യൂണിസ്റ്റില്‍ ഇ എം എസ് പതിവായി എഴുതിയിരുന്നു. ഇതിനുവേണ്ടി ഇ എം എസ് അയച്ച ഒരു ലേഖനം പരസ്യപ്പെടുത്താന്‍ പാടില്ലെന്ന് ഈ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇന്ത്യാ – ചൈനാ സംഘട്ടനത്തിന്റെയും വെടിനിര്‍ത്തലിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങളേയും നീക്കങ്ങളെയും വിലയിരുത്തുന്ന ഒരു ലേഖനമായിരുന്നു അത്. ചൈനാ വിരോധത്തിലും ഇന്ത്യന്‍ ബൂര്‍ഷ്വാനയങ്ങളിലും കുടുമത്തുമ്പുവരെ മുങ്ങിക്കഴിഞ്ഞിരുന്ന വലതുകാര്‍ക്ക് ഇ എം എസിന്റെ വിലയിരുത്തല്‍ തികച്ചും അജീര്‍ണമായിരുന്നു.
ഈ ലേഖനം പരസ്യപ്പെടുത്താന്‍ പാടില്ലെന്നുള്ള വലതഭിപ്രായത്തെ ഞാന്‍ ശക്

തിയായി എതിര്‍ത്തു. ലേഖനത്തോട് സാരാംശത്തില്‍ എനിക്ക് യോജിപ്പുണ്ടായിരുന്നു. മാത്രമല്ല, പാർട്ടിയുടെ ജനറല്‍ സെക്രട്ടറി എഴുതിയ ഒരു ലേഖനം പരസ്യപ്പെടുത്തരുതെന്ന് വിലക്ക് കല്‍പിക്കാന്‍ ഒരു സ്റ്റേറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവിനും അധികാരമില്ലെന്നും ഞാന്‍ വാദിച്ചു. കെ വിയും എന്റെ അഭിപ്രായത്തെ പിന്താങ്ങി. വലതുകാര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ആ യോഗത്തില്‍ ഞങ്ങളുടെ ശക്തിയായ വിയോജിപ്പ് വനരോദനമായി കലാശിച്ചു.
പാർട്ടി നേതൃത്വം ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന വര്‍ഗസഹകരണനയത്തില്‍ ഞാന്‍ തികച്ചും അസംതൃപ്തനായിരുന്നു. ഈ തീരുമാനം എന്റെ അതൃപ്തിക്ക് തീപ്പിടിപ്പിച്ചു. പാർട്ടിക്കകത്തെ ഈ അഭിപ്രായങ്ങളെ താറടിച്ചു കാണിക്കാന്‍ വലതുകാര്‍ സംഘടിതമായ പ്രചരണം അക്കാലത്ത് നടത്തിയിരുന്നു. ‘ലിങ്ക്’ തുടങ്ങിയ ചില പത്രങ്ങളെ അവര്‍ ഇക്കാര്യത്തിന് പ്രത്യേകം വിനിയോഗിച്ചു. ഇന്ത്യയിലെ എല്ലാ ബൂര്‍ഷ്വാ പത്രങ്ങളും വലതുകാരുടെ കള്ളപ്രചരണം ഏറ്റുപാടുകയും ചെയ്തിരുന്നു. പാർട്ടി അച്ചടക്കം പാലിക്കുന്നതുകൊണ്ടു മാത്രം ഈ ദൂഷിത വലയത്തെ നേരിടാനാവുകയില്ലെന്നും എനിക്കു ബോധ്യപ്പെട്ടിരുന്നു.
ആഴ്ചപ്പതിപ്പെന്ന ആശയം
കമ്മിറ്റി യോഗം കഴിഞ്ഞ് കോഴിക്കോട്ടെത്തിയ ദിവസം തന്നെ ഒരാഴ്ചപ്പതിപ്പിന് അനുമതിക്ക് അപേക്ഷ കൊടുക്കേണ്ട ആവശ്യത്തെപ്പറ്റി പി വി കുഞ്ഞിക്കണ്ണനോട് ഞാന്‍ സംസാരിക്കുകയുണ്ടായി. പാർട്ടിക്കകത്ത് വളര്‍ന്നുവരുന്ന ചേരിതിരിവില്‍ സഖാവും അസ്വസ്ഥനായിരുന്നു. എന്‍ മമ്മു പബ്ലിഷറായി അനുമതിക്കപേക്ഷിച്ചു. അനുമതി ലഭിക്കുന്നതുവരെ ഇത് പാർട്ടിയില്‍ മറ്റാരും അറിഞ്ഞിരുന്നില്ല.
അനുമതി അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് ഇ കെ നായനാര്‍ ജയില്‍മോചിതനായി പുറത്തുവന്നു. പിന്നീടുള്ള കാര്യങ്ങള്‍ സഖാവിന്റെ അറിവോടുകൂടിയാണ് നടന്നത്. പത്രാധിപരായിരിക്കാന്‍ കെ ഇ കെ നമ്പൂതിരിയെ തയ്യാറാക്കിയത് നായനാരായിരുന്നു. എന്റെ ഒളിവുകാല ജീവിതത്തില്‍ ഏറ്റവും അടുത്തു പരിചയപ്പെട്ട പി കെ കൃഷ്ണന്‍ (മുക്കം) പ്രൊപ്രൈറ്ററാകാമെന്നും കുറച്ചു പണം മുടക്കാമെന്നും സമ്മതിച്ചു. അച്ചടിക്കാന്‍ ദേശാഭിമാനി കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം ഗോവിന്ദന്‍കുട്ടിയും അനുവാദം നല്‍കി. ഡിസ്ട്രിക്ട് മജിസ്ട്രേട്ടിനുമുമ്പില്‍ എന്‍ മമ്മു 1963 ജൂണ്‍ 29ന് അനുമതി അപേക്ഷയില്‍ ഒപ്പിടുകയും ചെയ്തു.
ഇന്നും ‘ചിന്ത’യുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന കെ ചന്ദ്രന്‍ മാനേജരാകാനും മുന്നൂറുറുപ്പിക മുതലിറക്കാനും സമ്മതിച്ചു. ‘ചിന്ത’ മുടങ്ങാതെ പുറത്തിറങ്ങുന്നതില്‍ ചന്ദ്രന്‍ അന്നുമുതല്‍ ഇന്നുവരെ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. 1963 ആഗസ്ത് 15ന് ചിന്ത പുറത്തിറങ്ങി. ഇരുപത്തൊന്നാം വയസ്സിലേക്ക് ഇപ്പോള്‍ കടക്കുന്ന ‘ചിന്ത’ പിന്നിട്ട ബാലാരിഷ്ടതകള്‍ ബഹുമുഖങ്ങളായിരുന്നു.
പ്രൊപ്രൈറ്ററും മാനേജരും കൂടി മുതലിറക്കിയ സംഖ്യകൊണ്ട് ആദ്യലക്കം പോലും പുറത്തിറക്കാന്‍ കഴിയുമായിരുന്നില്ല. കോലോത്ത് അപ്പുക്കുട്ടന്‍നായര്‍ (മാവൂര്‍, സഖാവ് ഒരു പതിറ്റാണ്ടിനു മുമ്പ് അന്തരിച്ചു), എം പി വാസുദേവന്‍നായര്‍ (കോഴിക്കോട് കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍) എന്നിവര്‍ ചിന്തയുടെ ആദ്യലക്കങ്ങള്‍ പുറത്തിറക്കാന്‍ നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ക്ക് ചിന്ത പ്രവര്‍ത്തകര്‍ എന്നും നന്ദിയുള്ളവരായിരിക്കും.
ചിന്ത വൈപുല്യം നേടുന്നു
രണ്ടു മൂന്നു ലക്കങ്ങള്‍ പുറത്തുവന്നപ്പോഴേക്കും കമ്യൂണിസ്റ്റ് വായനക്കാരെ ചിന്ത വിപുലമായി ആകര്‍ഷിക്കാന്‍ തുടങ്ങി. വരിസംഖ്യയായും ഏജന്‍സി ഡെപ്പോസിറ്റായും കഷ്ടിച്ച് നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യമുണ്ടായി. ഞങ്ങളെല്ലാം വരിസംഖ്യ പിരിക്കാനും ഏജന്‍സി സംഘടിപ്പിക്കുവാനും നല്ല നിലയില്‍ നീങ്ങുകയും ചെയ്തു. നാലായിരത്തോളം രൂപ സംഭാവനയായും പിരിഞ്ഞുകിട്ടി.
പ്രത്യയശാസ്ത്രപരമായും നയപരമായും പാർട്ടിക്കകത്തുള്ള ഇടതുപക്ഷാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്ന ആദ്യത്തെ പ്രസിദ്ധീകരണമായിരുന്നു ‘ചിന്ത’. അതുകൊണ്ടുതന്നെ മലയാളികളുള്ളേടത്തെല്ലാം അതിന്റെ പ്രചാരണം എത്തുകയും ചെയ്തു. ‘ചിന്ത’യിലേക്ക് ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പേരു വെച്ചും അല്ലാതെയും തയ്യാറാക്കിയത് എനിക്കു പുറമെ ഇ കെ നായനാര്‍, കെ ഇ കെ നമ്പൂതിരി, പി കെ മുഹമ്മദ് കുഞ്ഞി എന്നിവരായിരുന്നു. കുറേ മാസങ്ങള്‍ മറ്റു പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍വലിഞ്ഞു ഞാന്‍ ചിന്തയില്‍തന്നെ ഒട്ടുമുക്കാലും സമയം പ്രവര്‍ത്തിച്ചു.
ചിന്തയുടെ ഓരോ ലക്കവും വലതുകാരുടെ ആശയ പാപ്പരത്തത്തെയും ഇടതുകാര്‍ക്കെതിരായി അവര്‍ കൊണ്ടുപിടിച്ചു നടത്തിവന്ന അപവാദ പ്രചരണങ്ങളേയും നഖശിഖാന്തം തുറന്നുകാട്ടിയിരുന്നു. ചിന്ത അവരുടെ മാര്‍ഗത്തില്‍ ഒരു കീറാമുട്ടിയായി. വലതുകാരുടെ വരുതിയിലായിരുന്ന ദേശാഭിമാനിയുടെ പംക്തികള്‍ ചിന്തയെ എതിര്‍ക്കാന്‍ പതിവായി വിനിയോഗിച്ചു. ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഇന്ത്യന്‍ കുത്തക പത്രങ്ങളും മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ മറ്റു ശത്രുക്കളും ചിന്തക്കെതിരായ പ്രചരണങ്ങളുയര്‍ത്തി. ‘‘മാവോവിന്റെ ചിന്ത” എന്നായിരുന്നു അവരുടെയെല്ലാം പ്രചരണം. ചിന്തയുടെ പ്രസിദ്ധിയും പ്രചാരവും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ മാത്രമേ ഇതിടവരുത്തിയുള്ളൂ.
വെപ്രാളം പകയായി മാറി
ചിന്തയുടെ പതിനൊന്നാം ലക്കം പുറപ്പെടുവിക്കുമ്പോഴേക്കും വലതുകാരുടെ വെപ്രാളം പകയായി മാറിക്കഴിഞ്ഞിരുന്നു. ചിന്ത ദേശാഭിമാനി പ്രസ്സില്‍നിന്ന് അച്ചടിക്കുന്നത് മുടക്കിക്കൊണ്ട് അച്യുതമേനോന്‍ കല്‍പനയിട്ടു. പ്രസിന്റെ മാനേജിംഗ് ഡയറക്ടറടക്കം ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷവും ‘ഇടതുകാരാ’യിട്ടും ഡയറക്ടര്‍ ബോര്‍ഡ് അച്യുതമേനോന്റെ കല്‍പന ശിരസാവഹിക്കുകയാണ് ചെയ്തത്. അതില്‍ രസാവഹമായ മറ്റൊരുവശം കൂടിയുണ്ടായിരുന്നു. ചിന്തയുടെ ജനയിതാക്കളും സംഘാടകരും എഴുത്തുകാരും പ്രചാരകരും മറ്റുമായിത്തീര്‍ന്ന അഴീക്കോടന്‍ രാഘവന്‍, ഇ കെ ഇമ്പിച്ചിബാവ, ഈ ലേഖകന്‍ എന്നിവരെല്ലാം ഡയറക്ടര്‍മാര്‍ ആയിരുന്നു. എന്നിരുന്നാലും ഒന്നിച്ചു നില്‍ക്കുന്ന പാർട്ടിയുടെ അച്ചടക്കം ഞങ്ങളെല്ലാം അനുസരിക്കുകയാണ് ചെയ്തത്.
പി കെ മുഹമ്മദ് കുഞ്ഞിയുടെ ഒരു കൊച്ചു പ്രസ് തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അബു എന്നൊരു സഖാവായിരുന്നു അതിന്റെ നടത്തിപ്പുകാരന്‍. ചെറിയ ട്രഡില്‍ മിഷ്യനും കുറച്ച് ടൈപ്പുകളും മാത്രമേ ആ പ്രസ്സിലുണ്ടായിരുന്നുള്ളൂ. ഈ പ്രസ് കോഴിക്കോട് പുതിയറയിലേക്ക് കൊണ്ടുവന്നു. ഫാത്തിമ പ്രസ് എന്നായിരുന്നു അതിന്റെ പേര്. 12, 13 ലക്കങ്ങള്‍ പുസ്തക രൂപത്തില്‍ അതില്‍നിന്നും പുറത്തിറക്കി. പ്രസ്സിന് സ്വയം നില്‍ക്കാന്‍ കെല്‍പില്ലാതെ വന്നതുകൊണ്ടും ചിന്തക്ക് മുന്‍കൂര്‍ നല്‍കി സഹായിക്കാന്‍ പണമില്ലാത്തതുകൊണ്ടും ആ പ്രസ്സിന് പുറപ്പെട്ടേടത്തേക്കുതന്നെ തിരിച്ചുപോകേണ്ടിവന്നു.
പതിനാലാം ലക്കം മുതല്‍ ശ്രീധരന്‍ നമ്പ്യാരുടെ വിനീതാ പ്രസ്സില്‍നിന്ന് പുറത്തിറക്കി. മലബാ ര്‍ ക്രിസ്ത്യന്‍ കോളേജിന് പുറകിലുള്ള ഒരു കൊച്ചു പ്രസ്സായിരുന്നു ‘വിനീത’. ഒരാഴ്ചപ്പതിപ്പ് പുറത്തിറക്കാനുള്ള യാതൊരുപകരണവും ആ പ്രസ്സിലുണ്ടായിരുന്നില്ല. വാരിക തൃശ്ശൂരില്‍നിന്ന് അച്ചടിച്ചുകൊണ്ടുവന്ന് പ്രസിദ്ധപ്പെടുത്തുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. കെ ഇ കെ നമ്പൂതിരി തൃശ്ശൂരില്‍ ക്യാമ്പ് ചെയ്തു. എ വി ആര്യന്‍, പി കെ ബാലന്‍, പി കെ കൃഷ്ണന്‍ (തൃശ്ശൂര്‍) എന്നിവരുടെ സജീവ സഹായത്തോടെ അച്ചടി പൂര്‍ത്തിയാക്കി കോഴിക്കോട്ടേക്ക് എത്തിക്കുകയാണ് ചെയ്തത്.
വലതുകാര്‍ക്ക് വീണുകിട്ടിയ
ഒരു തൊണ്ടി
മാറ്ററുകള്‍ അധികവും ദേശാഭിമാനിയുടെ കെട്ടില്‍ എ വി ആര്യന്റെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു പതിവ്. അത്തരം ഒരു കവര്‍ തൃശ്ശൂരിലെ ദേശാഭിമാനി വിതരണക്കാരില്‍നിന്ന് വലതു കമ്യൂണിസ്റ്റുകാരുടെ നിയന്ത്രണത്തിലായിരുന്ന തൃശ്ശൂര്‍ ജില്ലാ പാർട്ടി ആപ്പീസിലുള്ളവര്‍ കരസ്ഥമാക്കി. അതില്‍ എന്റെയും ഒരു ലേഖനമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളാ സ്റ്റേറ്റ് കൗണ്‍സിലില്‍നിന്ന് എന്നെ പുറത്താക്കുന്നതിന് അന്നത്തെ വലത് നേതൃത്വം ആരോപിച്ച കുറ്റങ്ങളിലൊന്ന് ഈ ലേഖനമായിരുന്നു. നോക്കണം വലതുകാര്‍ക്ക് കിട്ടിയ തൊണ്ടിയോടെയുള്ള തെളിവ്!
പഞ്ചവല്‍സര പദ്ധതിയും സോഷ്യലിസവും, മനുഷ്യന്‍ നന്നായാല്‍ മതി എന്നീ തലക്കെട്ടുകളില്‍ കെ ദാമോദരന്‍ അക്കാലത്ത് രണ്ട് ലേഖനങ്ങളെഴുതിയിരുന്നു. മാര്‍ക്സിയന്‍ ചിന്താഗതിക്ക് കടകവിരുദ്ധമായ വലതന്‍ ആശയങ്ങളും വിലയിരുത്തലുകളും നിറഞ്ഞ ലേഖനങ്ങളായിരുന്നു, അതുരണ്ടും. ഈ ലേഖനങ്ങളെ എതിര്‍ത്തുകൊണ്ട് ‘മാര്‍ക്സിസ്റ്റ്’ എന്ന പേരില്‍ ‘ചിന്ത’യില്‍ ഒരു ലേഖന പരമ്പര ഞാന്‍ എഴുതിയിരുന്നു. പത്തോ പതിനൊന്നോ ലേഖനങ്ങളാണ് ആ പരമ്പരയിലുണ്ടായിരുന്നത്. അതിലവസാനത്തേതായിരുന്നു വലതര്‍ തട്ടിക്കളഞ്ഞത്. അത് പരസ്യപ്പെടുത്താതെ തന്നെ ആ ലേഖനപരമ്പര അങ്ങനെ അവസാനിപ്പിക്കേണ്ടിവന്നു.
എ കെ ജിയുടെ സഹായം
തൃശ്ശൂരില്‍നിന്ന് അച്ചടിക്കുന്ന കാലത്ത് വലിയ കഷ്ടനഷ്ടങ്ങള്‍ നേരിട്ടു. തന്നിമിത്തം ‘ചിന്ത’യുടെ സാമ്പത്തിക സ്ഥിതി ഏറ്റവും പരുങ്ങലിലായിത്തീര്‍ന്നു. എ കെ ജിയാണ് ‘ചിന്ത’യെ രക്ഷിക്കാന്‍ അപ്പോള്‍ ഓടിയെത്തിയത്. പലരില്‍നിന്നും സംഭാവന പിരിച്ച് നാലായിരത്തില്‍പരം രൂപ എ കെ ജി ‘ചിന്ത’ക്കു തന്നു. സി കെ ചക്രപാണി കൂടി ചേര്‍ന്ന് ചിന്തയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ ഈ സഹായം കൊണ്ടു കഴിഞ്ഞു. ചക്രപാണിയുടെ സാന്നിധ്യം ചിന്തയുടെ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ വളരെ സഹായിച്ചിരുന്നു.
ഏകീകൃത പാർട്ടി വളരെ വേഗം രണ്ടായി ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എ കെ ജിയെ സെന്‍ട്രല്‍ കമ്മറ്റി പരസ്യമായി അധിക്ഷേപിച്ചു കഴിഞ്ഞിരുന്നു. വലതുനേതൃത്വത്തിന്റെ തടസ്സത്തെ വകവെക്കാതെ കല്‍ക്കത്തയിലെ ഒരു റാലിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് എ കെ ജിയെ പരസ്യമായി സെന്‍ഷര്‍ ചെയ്തതെന്നാണ് ഓര്‍ക്കുന്നത്. എ കെ ജിയുടെ പേരില്‍ അച്ചടക്ക നടപടിയെടുത്തതില്‍ പാർട്ടി അണികള്‍ക്കുള്ള രോഷം കേരളത്തിലാകെ കൂറ്റന്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി എ കെ ജിക്ക് ഗംഭീര സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ടാണ് പ്രകടിപ്പിച്ചത്. ഈ പൊതുയോഗങ്ങളില്‍വെച്ചെല്ലാം ‘ചിന്ത’ വായിക്കാനും പ്രചരിപ്പിക്കാനും എ കെ ജി പ്രത്യേകം ഉല്‍ബോധിപ്പിച്ചിരുന്നു.
യു കുഞ്ഞിരാമന്റെ ആവേശം
‘ചിന്ത’ മലയാളികളുള്ളേടത്തെല്ലാം എത്തിക്കാന്‍ പല പ്രവര്‍ത്തകരും അന്ന് വാശിയോടെ പ്രവര്‍ത്തിച്ചിരുന്നു. വടകരയിലെ യു കുഞ്ഞിരാമന്‍ അന്ന് ചെയ്ത ഒരു പ്രവൃത്തി എടുത്തുപറയത്തക്കതാണ്. ഡാങ്കെയിസ്റ്റ് നേതൃത്വം ഒരു ഡല്‍ഹി മാര്‍ച്ചിന് നേതൃത്വം നല്‍കി. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഈ പ്രകടനത്തിലേക്ക് ആളുകളെ അയച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് പോയിരുന്ന പ്രകടനക്കാരില്‍ ഭൂരിപക്ഷവും ഇടതുവിഭാഗക്കാരായിരുന്നു. യു കുഞ്ഞിരാമനും അക്കൂട്ടത്തിലുണ്ടായിരുന്നു. കുഞ്ഞിരാമന്‍ അഞ്ഞൂറുകോപ്പി ചിന്തയും ഡല്‍ഹിയിലേക്കെടുത്തു. ഒരു മുരത്ത വലതഭിപ്രായക്കാരനായ ഇ സി ഭരതന്‍ (ഇന്നദ്ദേഹം രാഷ്ട്രീയ രംഗത്തില്ല) ആയിരുന്നു ആ സംഘത്തിന്റെ നേതാവ്. കുഞ്ഞിരാമന്റെ പ്രവൃത്തി ഭരതനെ ചൊടിപ്പിച്ചു. അവര്‍ പറഞ്ഞിടഞ്ഞു. കയ്യാങ്കളിക്കു തന്നെ മുതിര്‍ന്നു. സഖാക്കള്‍ ഇടപെട്ട് ക്രിമിനല്‍ കേസില്ലാതെ കഴിച്ചു. ഡല്‍ഹി റാലിയില്‍ ആ ചിന്ത മുഴുവന്‍ വിറ്റു. എം എന്‍ ഗോവിന്ദന്‍നായരടക്കമുള്ള വലതുനേതാക്കൾ കുഞ്ഞിരാമനെ ഡല്‍ഹിയില്‍വെച്ച് ശാസിക്കുകയുണ്ടായത്രെ.
ഇതിനിടയില്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കണ്‍ട്രോള്‍ കമ്മീഷന്റെ ഒരന്വേഷണസംഘം വന്നു. എസ് വി ഘാട്ടേയും പി നാരായണന്‍ നായരുമായിരുന്നു ആ കമ്മീഷനംഗങ്ങള്‍. ‘ചിന്ത’യുടെ ആവിര്‍ഭാവത്തെപ്പറ്റിയും അതിലെ ‘പാർട്ടി വിരുദ്ധ’ ലേഖനങ്ങളെപ്പറ്റിയുമായിരുന്നു അന്വേഷണം. ആ കമ്മീഷന്‍ എന്റെ മൊഴിയെടുത്തിരുന്നു. ‘ചിന്ത’ സ്ഥാപിച്ചത് എ കെ ജിയാണെന്നു വരുത്തിത്തീര്‍ത്ത്, എ കെ ജിയുടെ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവു കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നു എന്നോട് ചോദിച്ച ചോദ്യങ്ങളില്‍നിന്ന് ഊഹിക്കാമായിരുന്നു. ആ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതായി കേട്ടിട്ടില്ല. അതു സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ പാർട്ടി രണ്ടായി പിളര്‍ന്നു കഴിഞ്ഞിരുന്നുവെന്നാണ് ഓര്‍മിക്കുന്നത്.
വളര്‍ച്ചയുടെ മറ്റൊരു ഘട്ടം
1964 ആദ്യം മുതല്‍ കോഴിക്കോട്ടു പുതിയപാലത്തുള്ള നിര്‍മല പ്രസ്സില്‍നിന്നു ‘ചിന്ത’ അച്ചടിക്കാന്‍ തുടങ്ങി. 14- –8 ന്റെ ലക്കം വരെ അവിടെനിന്നാണ് അച്ചടിച്ചിറക്കിയത്. ഇതിനകം ‘ദേശാഭിമാനി’യെ വലതുകാരില്‍നിന്ന് മോചിപ്പിച്ചു കഴിഞ്ഞിരുന്നു. 1964 മെയ് 10–ാം തീയതിയാണ് ആ സംഭവം നടന്നത്. ദേശാഭിമാനിയെ മോചിപ്പിക്കാനും അതു തുടര്‍ന്നു നടത്താനും പ്രത്യേകം ശ്രദ്ധിക്കേണ്ടിവന്നു. ‘ചിന്ത’യുടെ സാമ്പത്തിക സ്ഥിതി വിഷമത്തിലായി. അതിനിടയില്‍ ശങ്കര്‍ മന്ത്രിസഭയുടെ ആയുസ്സ് നീട്ടാന്‍ പാർട്ടിയുടെ നിയമസഭാ മെമ്പര്‍മാരെ പലരെയും അറസ്റ്റുചെയ്തു. എംഎല്‍എമാരല്ലാത്ത ചിലരെയും അറസ്റ്റുചെയ്തിരുന്നു. അതില്‍ ഞാനും അകപ്പെട്ടു. പത്തോ പതിനൊന്നോ ദിവസങ്ങളേ തടവില്‍ കിടക്കേണ്ടി വന്നുള്ളൂ. പക്ഷേ, അപ്പോഴേക്കും ചിന്ത പുറത്തിറക്കാന്‍ കഴിയാതെ വന്നു.
ഈ സന്ദര്‍ഭത്തിലാണ് പാർട്ടി രണ്ടായത്. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാർട്ടിയുടെ കല്‍ക്കത്താ കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്കെല്ലാം മുഴുകേണ്ടി വന്നതുകൊണ്ട് ‘ചിന്ത’ വീണ്ടും പുറത്തിറക്കാന്‍ ഉടനെ കഴിയാതെ വന്നു. ‘ദേശാഭിമാനി’ പിടിച്ചെടുത്തുകഴിഞ്ഞതുകൊണ്ട് ‘ചിന്ത’ ഉടന്‍ പുറത്തിറക്കാന്‍ കിണഞ്ഞു ശ്രമിക്കേണ്ടിയും വന്നില്ല.
ചിന്തയ്ക്ക് വീണ്ടും തടസ്സം
കല്‍ക്കത്താ പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലെ പ്രതിനിധികള്‍ തിരിച്ചെത്തി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കകം ഞങ്ങളെല്ലാം വീണ്ടും തടങ്കലിലായി. ചൈനീസ് ചാരത്വം ചാരി കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാർട്ടി നേതാക്കളായ രണ്ടായിരത്തോളം പേരെ തടവിലടയ്ക്കുകയാണ് ചെയ്തത്. 1964 ഡിസംബര്‍ 30ന് അര്‍ദ്ധരാത്രിയിലാണ് ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്തത്. ‘ചിന്ത’യുടെ പത്രാധിപരും പബ്ലിഷറും – കെ ഇ കെ നമ്പൂതിരി, എന്‍ മമ്മു – ഒഴിവായില്ല. ഞങ്ങളൊന്നിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായി.
അന്നത്തെ കേന്ദ്രആഭ്യന്തര വകുപ്പ് മന്ത്രി ഗുല്‍സാരിലാല്‍ നന്ദ ഈ അറസ്റ്റുകളെപ്പറ്റി കുപ്രസിദ്ധമായ ഒരു ‘വൈറ്റ് പേപ്പര്‍’ പുറപ്പെടുവിച്ചിരുന്നു. അതില്‍ ‘ചിന്ത’യെപ്പറ്റിയും എടുത്തുപറഞ്ഞിരുന്നു. ‘ചിന്ത’യുടെ പ്രസിദ്ധീകരണം നിലച്ചുപോയിരുന്നെങ്കിലും അതിന്റെ പുറത്തിറങ്ങിയ ലക്കങ്ങള്‍ വിജയകരമായിരുന്നുവെന്നതിന്റെ ഒരംഗീകാരമായിരുന്നു ‘വൈറ്റ് പേപ്പറി’ലെ ‘ചിന്ത’യെപ്പറ്റിയുള്ള പരാമര്‍ശമെന്നു പ്രത്യേകം പറയേണ്ടതില്ല.
വീണ്ടും വളര്‍ച്ചയിലേക്ക്
‘ചിന്ത’യുടെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാനുള്ള അപേക്ഷ എന്‍ മമ്മു ജയിലില്‍നിന്നു തന്നെ അധികൃതര്‍ക്കയച്ചു. അനുമതി നല്‍കിയെങ്കിലും ഡിക്ലറേഷനില്‍ ഒപ്പിടാന്‍ മമ്മുവിനെ പുറത്തയക്കുകയുണ്ടായില്ല.അച്ഛനമ്മമാര്‍ മരിച്ചാല്‍പോലും ആ സന്ദര്‍ഭത്തില്‍ പരോളനുവദിച്ചിരുന്നില്ല.
വീണ്ടും കത്തിടപാടുകള്‍ നടത്തി കെ ചന്ദ്രന്‍ പബ്ലിഷറും ഞാന്‍ പത്രാധിപരുമായി ചന്ദ്രന്‍ ഡിക്ലറേഷനൊപ്പിട്ടു. 1965 ജൂണ്‍ 25ന് ചിന്ത പുനഃപ്രസിദ്ധീകരണമാരംഭിച്ചു. മുടക്കുമുതലൊന്നും ആവശ്യമായിത്തീര്‍ന്നില്ല. ചിന്ത വീണ്ടും പ്രസിദ്ധീകരിക്കുന്നുവെന്നു പരസ്യം ചെയ്തപ്പോള്‍ അയ്യായിരത്തില്‍പരം രൂപ ഏജന്‍സി ഡെപ്പോസിറ്റായും വരിസംഖ്യയായും മുന്‍കൂര്‍ ലഭിക്കുകയുണ്ടായി. കേവലം രണ്ടാഴ്ചകൊണ്ടാണ് ഇത്രയും സംഖ്യ പിരിഞ്ഞുകിട്ടിയത്.
അന്ന് ദേശാഭിമാനിയുടെ പത്രാധിപരുടെ ചാര്‍ജ് വഹിച്ചിരുന്ന എം എന്‍ കുറുപ്പ് തന്നെയായിരുന്നു ചിന്തയുടെ പത്രാധിപത്യവും നടത്തിയിരുന്നത്. കനപ്പെട്ട ഉള്ളടക്കത്തോടുകൂടി തന്നെ അന്നു ചിന്ത പതിവായി പുറത്തിറക്കാന്‍ എം എന്‍ കുറുപ്പും ചന്ദ്രനും നടത്തിയ പരിശ്രമം വമ്പിച്ച വിജയമായിരുന്നു. 1966 ആദ്യംമുതല്‍ സി പി അച്യുതന്‍ ചിന്തയുടെ പത്രാധിപവിഭാഗത്തില്‍ നിയമിതനായി. തുടര്‍ന്ന് 1970 ഡിസംബറില്‍ ചിന്ത തിരുവനന്തപുരത്തേക്കു മാറ്റുന്നതുവരെ ചിന്ത പുറത്തിറക്കുന്നതില്‍ സി പി അച്യുതന്‍ വമ്പിച്ച പങ്ക് വഹിച്ചിട്ടുണ്ട്. എം കെ പത്മനാഭന്‍ നായരും പുതിയറ ഗോപാലനും ചിന്ത ഇറക്കുന്നതില്‍ ചെയ്ത സേവനം സ്തുത്യര്‍ഹമാണ്.
ജയിലില്‍നിന്ന് ‘ചിന്തയ്ക്ക്’ മാറ്ററുകള്‍ അയച്ചുകിട്ടിക്കൊണ്ടിരുന്നു. ‘കാട്ടുകടന്നല്‍’ എന്ന പ്രസിദ്ധ ഇറ്റാലിയന്‍ നോവല്‍ ഗോവിന്ദപ്പിള്ള ജയിലില്‍വെച്ച് തര്‍ജ്ജിമ ചെയ്തതാണ്. മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങളെപ്പറ്റി ഇ കെ നായനാരും അന്നത്തെ സജീവ രാഷ്ട്രീയ പ്രശ്നമായ കാശ്മീര്‍ പ്രശ്നത്തെപ്പറ്റി ഞാനും ലേഖനപരമ്പരകളെഴുതി. ചിന്തയുടെ സര്‍ക്കുലേഷന്‍ ഏറ്റവും കൂടിയത് അക്കാലത്തായിരുന്നു.
ജയിലില്‍നിന്നെഴുതുന്ന ലേഖനങ്ങള്‍ പുറത്തെത്തിക്കിട്ടിയാല്‍ അത് കഴിയുംവേഗം ചിന്തയ്ക്ക് എത്തിക്കുന്നതില്‍ വര്‍ഗീസ് ഒരു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അന്നദ്ദേഹം കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ ആപ്പീസ് സെക്രട്ടറിയായിരുന്നു. ഈ സഖാവ് പിന്നീട് നക്സലൈറ്റായി. സഖാവിനെ തൃശ്ശിലേരിയിൽവെച്ചു പൊലീസ് മൃഗീയമായി വെടിവെച്ചു കൊല്ലുകയാണുണ്ടായത്.
ഒരു ഗൂഢാലോചന
പുനഃപ്രസിദ്ധീകരണമാരംഭിച്ചു രണ്ട് ലക്കം പുറത്തുവന്നപ്പോള്‍ തന്നെ ‘ചിന്ത’യുടെ പ്രസിദ്ധീകരണം നിര്‍ത്താന്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് കല്‍പിക്കുകയുണ്ടായി. ഡിക്ലറേഷനൊപ്പിട്ട തീയതിയും പ്രസിദ്ധീകരിച്ച തീയതിയും തമ്മില്‍ നിയമപ്രകാരമുണ്ടാകേണ്ടുന്ന പൊരുത്തം തെറ്റിയതിനാലാണ് ഈ കല്‍പനയുണ്ടായത്. ഈ സാങ്കേതിക കാരണം പറഞ്ഞ് ചിന്തയുടെ പ്രസിദ്ധീകരണം തടയാന്‍ കൊണ്ടുപിടിച്ച ശ്രമം തന്നെ നടക്കുകയുണ്ടായി. അവസാനം ഇ എം എസ് ഇടപെട്ടാണ് ഈ തടസ്സം നീക്കിയത്.
‘ചിന്ത’യുടെ പ്രസിദ്ധീകരണം മുടക്കാനുള്ള ഗൂഢാലോചന പിന്നെയും അണിയറയില്‍ നടന്നിരുന്നു. 1966 മധ്യത്തിലാണെന്നാണ് തോന്നുന്നത്, കേരളത്തിലെ പ്രസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ചിന്തയുടെ പേരില്‍ നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റ് പ്രതിനിധി ശക്തിയായി ആവശ്യപ്പെടുകയുണ്ടായത്രെ. ‘ചിന്ത’ പരസ്യപ്പെടുത്തിയ ഒരു ലേഖനത്തെ പിടിച്ചാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലെ പത്രാധിപന്മാരെല്ലാം ആ നിര്‍ദേശത്തെ ശക്തിയായി എതിര്‍ക്കുകയുണ്ടായി. ആ എതിര്‍പ്പിന്റെ മുമ്പില്‍ ആ നീക്കം പരാജയപ്പെടുകയാണുണ്ടായത്. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ആ സുഹൃത്തുക്കള്‍ക്ക് സ്തുതി.
1967 ആദ്യത്തില്‍ ഞങ്ങളെയെല്ലാം വിട്ടയച്ചു. തുടര്‍ന്ന് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരായ പ്രക്ഷോഭവും ഐക്യമുന്നണി രൂപീകരണവും ഉപതെരഞ്ഞെടുപ്പും എല്ലാമായി ഞങ്ങള്‍ക്കെല്ലാം തിരക്കുപിടിച്ച പരിപാടികളായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ എം എസ് മുഖ്യമന്ത്രിയായുള്ള രണ്ടാമത്തെ മന്ത്രിസഭ (ഐക്യമുന്നണി) അധികാരത്തില്‍ വന്നു.
ചിന്ത പാര്‍ലമെന്റില്‍
1969 മാര്‍ച്ച് അവസാനത്തില്‍ പാര്‍ലമെന്റില്‍ ‘ചിന്ത’യെപ്പറ്റി വീണ്ടും പരാമര്‍ശമുണ്ടായി. ‘ചിന്ത’യ്ക്ക് കിട്ടുന്ന പരസ്യം വിദേശ കൈക്കൂലിയാണെന്ന ആരോപണമുണ്ടായി. ഈ ആരോപണം ഉന്നയിച്ചവരില്‍ അരങ്ങില്‍ ശ്രീധരനും ഉള്‍പ്പെട്ടിരുന്നു. ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി പെക്കിങ് റേഡിയോയുടെ ഒരു പരസ്യം വളരെ കുറച്ച് ലക്കത്തിലേക്ക് ‘ചിന്ത’ക്ക് നല്‍കിയിരുന്നു. എല്ലാ എംബസികള്‍ക്കും പരസ്യത്തിന്നെഴുതിയപ്പോള്‍ ചൈനീസ് എംബസിക്കും എഴുതിയിരുന്നു. അവരയച്ചുതന്ന പരസ്യം പ്രസിദ്ധീകരിച്ചതിനാലാണ് പാര്‍ലമെന്റില്‍ ഈ ആരോപണം ഉന്നയിക്കപ്പെട്ടത്. ഇതേ ആരോപണം അക്കാലത്ത് കേരള നിയമസഭയില്‍ കെ കരുണാകരനും ഉന്നയിച്ചിരുന്നു.
10.4.69ന് സ്പെഷല്‍ ബ്രാഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ‘ചിന്ത’ ആപ്പീസ് പരിശോധിച്ചു. ‘ചിന്ത’ ആപ്പീസ് പൊലീസ് പരിശോധിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു അത്. അതിനുമുമ്പ് ‘ചിന്ത’യുടെ ആപ്പീസ് രാജലുറോഡിലുള്ള ട്രാന്‍സ്പോര്‍ട്ടാഫീസിലായിരുന്നപ്പോള്‍ പൂട്ടിയിട്ട ആപ്പീസിന്റെ വാതില്‍ സായുധപൊലീസ് ബയനറ്റുകൊണ്ട് കുത്തിപ്പൊളിച്ച് പരിശോധിക്കുകയുണ്ടായി. ഏതോ ഒരറസ്റ്റിനുവേണ്ടി എന്നെ തിരക്കിയായിരുന്നു, ഒരര്‍ധരാത്രിയില്‍ നടന്ന ഈ കയ്യേറ്റം.
സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എല്ലാ രേഖകളും നോക്കി. പരസ്യത്തിന്റെ റെക്കോര്‍ഡുകള്‍ വിശേഷിച്ചും പരിശോധിച്ചു. പെക്കിംഗ് റേഡിയോവിന്റെ പരസ്യത്തിന് ആകെക്കൂടി ഇരുന്നൂറ്റിഎണ്‍പത് രൂപ പരസ്യക്കൂലി ലഭിച്ചിരുന്നു. പാര്‍ലമെന്റില്‍ വന്ന പരാമര്‍ശത്തിന് മന്ത്രി പറഞ്ഞ മറുപടിയില്‍ ചിന്ത ഉടമയെ സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. അതിനനുസരിച്ചുണ്ടായ ഒരു പരിശോധനയായിരുന്നു അതെന്ന് കരുതുന്നു.
1970 ഡിസംബറില്‍ ചിന്തയുടെ ആപ്പീസും പ്രസിദ്ധീകരണവും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയുണ്ടായി. സി പി അച്യുതനും ചന്ദ്രനുമായിരുന്നു അതുവരെ അതിന്റെ പ്രധാന നടത്തിപ്പുകാര്‍. മറ്റാര്‍ക്കും കാര്യമായി ഈ കാലയളവില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇ എം എസ്സിന്റെ പത്രാധിപത്യം
ഇ എം എസ് പ്രധാന പത്രാധിപത്യം ഏറ്റെടുക്കുകയും തിരുവനന്തപുരത്തുള്ള പി പി പ്രസ്സില്‍നിന്ന് 1970 ഡിസംബര്‍ 11ന് ആദ്യലക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു പത്രാധിപ സമിതിയും രൂപീകരിക്കപ്പെട്ടു. ഇ എം എസിന് പുറമെ, ഇ കെ നായനാര്‍, ഡോ. മാത്യു കുര്യന്‍, ഈ ലേഖകന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. പത്രാധിപ സമിതി അംഗങ്ങള്‍ക്ക് ചിന്തയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പതിവായി ശ്രദ്ധിക്കാന്‍ കഴിയാതെ വന്നതിനാല്‍ എം എസ് ദേവദാസാണ് ആ കുറവ് നികത്തിയത്. വലത് കമ്യൂണിസ്റ്റുകാരുമായി വേര്‍പെട്ട ശേഷം സഖാവ് ചിന്തയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 1970 അവസാനം മുതല്‍ക്കാണ്.
തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നതുവരെ ‘ചിന്ത’ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലോ ഔദ്യോഗിക നിലവാരത്തിലോ ഉള്ള പ്രസിദ്ധീകരണമായിരുന്നില്ല. ഔദ്യോഗിക നിലവാരത്തിലേക്ക് ഉയര്‍ന്നത് ഈ മാറ്റത്തോടുകൂടിയാണ്. 1972 ആദ്യം ചിന്തയുടെ ഉടമസ്ഥാവകാശം പി കെ കൃഷ്ണനില്‍നിന്ന് സി എച്ച് കണാരന്റെ പേരിലേക്ക് മാറ്റി. അങ്ങനെ എല്ലാം കൊണ്ടും ചിന്ത പാർട്ടിയുടെ സ്വത്തായിത്തീര്‍ന്നു. സി എച്ചിന്റെ മരണശേഷം പ്രൊപ്രൈറ്റര്‍ഷിപ്പ് ഇ കെ നായനാരിലേക്ക് മാറ്റുകയുണ്ടായി. ചിന്തയുടെ മാനേജര്‍ ചന്ദ്രനെ സഹായിക്കാന്‍ 1971 മുതല്‍ എം സെയ്ദു കൂടി പ്രവര്‍ത്തിച്ചുവരുന്നു.
1973 ആഗസ്ത് മുതല്‍ ചിന്തയുടെ അച്ചടി തിരുവനന്തപുരത്തുനിന്ന് എറണാകുളം ‘ദേശാഭിമാനി’ പ്രസ്സിലേക്ക് മാറ്റി. ദേശാഭിമാനി അച്ചടിക്കുന്ന ‘ചിന്ത പ്രിന്റിങ് ആന്‍റ് പബ്ലിഷിങ് കമ്പനി’യില്‍നിന്ന് കളറോടുകൂടി അച്ചടിക്കാനുള്ള സൗകര്യമുണ്ട്. ഇക്കാലത്താണ് കെ രവീന്ദ്രന്‍ പത്രാധിപസമിതിയില്‍ ചേര്‍ന്നത്. ചിന്തയുടെ കെട്ടും മട്ടും ആകര്‍ഷകമാക്കാന്‍ വിശേഷിച്ചും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹായകമായിരുന്നു. പത്രാധിപ വിഭാഗം തിരുവനന്തപുരത്തും മാനേജ്മെന്റ് സ്റ്റാഫ് എറണാകുളത്തും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്. 1975ല്‍ ദേശാഭിമാനി കോമ്പൗണ്ടില്‍ ചിന്തക്ക് സ്വന്തമായി ആപ്പീസും ഗോഡൗണും നിര്‍മിച്ചിട്ടുണ്ട്.
ചിന്തയുടെ അച്ചടി തിരുവനന്തപുരത്തായപ്പോള്‍ തന്നെ സി പി നാരായണന്‍ പത്രാധിപസമിതിയുടെ മുഖ്യ ചുമതല വഹിക്കാന്‍ തുടങ്ങിയിരുന്നു. 1974 ഏപ്രില്‍ മുതല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാജിവെച്ച് അദ്ദേഹം ചിന്തയുടെ മുഴുവന്‍ സമയക്കാരനായി മാറുകയാണുണ്ടായത്. 1971–72ല്‍ ഒരു കൊല്ലത്തോളം അന്ന് എസ്എഫ്ഐ നേതാവായിരുന്ന ബാബു ഭരദ്വാജ് ചിന്തയുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ രവീന്ദ്രന്‍ ഒന്നര വര്‍ഷത്തോളമാണ് ചിന്തയില്‍ പ്രവര്‍ത്തിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തുകൊണ്ട് ചിന്തയുടെ പത്രാധിപസമിതിയുടെ ജോലി നിര്‍വഹിച്ചവരില്‍ കൊച്ചു സി പിയെന്ന് ചിന്താ പ്രവര്‍ത്തകര്‍ വിളിക്കുന്ന ചെമ്മലശ്ശേരി നാരായണനും പാലക്കീഴ് പരമേശ്വരനും ഉണ്ടായിരുന്നു. ഇതില്‍ കൊച്ചു സി പി 1976ല്‍ ഉദ്യോഗം രാജിവെച്ച് ചിന്തയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയുണ്ടായി. 1972ല്‍ ഒരു കൊല്ലക്കാലം ചേലാട്ട് സുരേന്ദ്രനും ചിന്ത പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ നേതാവായിരിക്കെ 1974ല്‍ സി ഭാസ്കരന്‍ ചിന്തയുടെ പത്രാധിപ വിഭാഗത്തില്‍ ചേര്‍ന്ന് പ്രവൃത്തിയാരംഭിക്കുകയും അതിനുശേഷം മുഴുവന്‍ സമയവും ഈ ജോലി ചെയ്തുവരികയുമാണ്.
അടിയന്തരാവസ്ഥയുണ്ടായിരുന്ന കാലത്ത് വാര്‍ത്താ നിയന്ത്രണത്തിന്റെ കത്രിക ചിന്തക്കെതിരായും പ്രയോഗിക്കുകയുണ്ടായി. സെന്‍സറുമായി ഇടഞ്ഞും വാദിച്ചുനിന്നും അക്കാലത്തും ചിന്ത അതിന്റെ വ്യക്തിത്വം പുലര്‍ത്തിപ്പോന്നിരുന്നു. അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ കരുപ്പിടിപ്പിച്ചുതന്ന ഭാഷാശൈലിയും പ്രതിപാദന സമ്പ്രദായവും മൂലമാണ് ഈ വ്യക്തിത്വം നിലനിര്‍ത്തിപ്പോന്നത്. കര്‍ക്കശമായ സെന്‍സര്‍ഷിപ്പിനെ മറികടന്നുകൊണ്ട് ചിന്തയുടെ പ്രസക്തിക്ക് മേന്മകൂട്ടാന്‍ അന്നും അതിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് പറയുന്നത് അതിശയോക്തിയാവുകയില്ല.
ഇ എം എസ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുകയും സഖാവിന്റെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായി മാറുകയും ചെയ്തതിനെ തുടര്‍ന്ന് 1978 ജൂണ്‍ ഒന്നുമുതല്‍ ഇ കെ നായനാര്‍ പ്രധാന പത്രാധിപരായി. സഖാവിന് പിന്നീട് ദേശാഭിമാനിയുടെ പത്രാധിപത്യം വഹിക്കേണ്ടിവന്നതുകൊണ്ട് 1982 ഒക്ടോബര്‍ മുതല്‍ വി എസ് അച്യുതാനന്ദന്‍ പത്രാധിപരായി പ്രവര്‍ത്തിച്ചുവരുന്നു. ചിന്തയുടെ പത്രാധിപസമിതിയില്‍ ഒരു ദശകത്തിലധികം പ്രവര്‍ത്തിക്കുകയും ചിന്തയുടെ വളര്‍ച്ചയ്ക്കു തനതായ പങ്കു വഹിക്കുകയും ചെയ്ത സി പി നാരായണന്‍ ഇപ്പോള്‍ ദേശാഭിമാനിയുടെ പത്രാധിപരായി ജോലി ചെയ്തുവരുന്നു. ചിന്തയുടെ ആദ്യത്തെ പത്രാധിപരായിരുന്ന കെ ഇ കെ നമ്പൂതിരി പിന്നീട് വളരെ വര്‍ഷങ്ങള്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം വീണ്ടും കുറച്ചു വര്‍ഷങ്ങളായി ചിന്ത പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇന്ന് പത്രാധിപസമിതിയായി പ്രവര്‍ത്തിക്കുന്നത് സഖാക്കള്‍ സി ഭാസ്കരന്‍, കെ ഇ കെ നമ്പൂതിരി, എം എസ് ദേവദാസ്, പി ഗോവിന്ദപ്പിള്ള, കൊച്ചു സി പി എന്നിവരാണ്. ഇവരില്‍ ആദ്യം പറഞ്ഞ നാലുപേര്‍ തിരുവനന്തപുരത്തും കൊച്ചു സി പി കൊച്ചിയിലുമാണ്.
ചിന്തയുടെ അഭിമാനകരമായ വളര്‍ച്ചയിലും ആദ്യകാലത്തനുഭവിക്കേണ്ടിവന്ന പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമങ്ങളിലും നിരന്തരമായി പ്രവര്‍ത്തിച്ച ചൈതന്യം ആദ്യകാലം മുതല്‍ക്കുള്ള മാനേജരും ഇന്നത്തെ പബ്ലിഷറുമായ കെ ചന്ദ്രനാണ്. ചിന്തയുടെ സര്‍ക്കുലേഷന്‍ നാള്‍ക്കുനാള്‍ മെച്ചപ്പെടുത്തുന്നതിലും കെട്ടും മട്ടും പരിഷ്കരിച്ചുകൊണ്ടിരിക്കുന്നതിലും മാത്രമല്ല, പത്രം ലാഭകരമായി നടത്താനുള്ള ഏക മാര്‍ഗമായ പരസ്യം പിടിച്ചെടുക്കുന്നതിലും വിശേഷാല്‍ പതിപ്പുകള്‍ മുടങ്ങാതെ പ്ലാന്‍ ചെയ്തു വിജയകരമായി പുറത്തിറക്കുന്നതിലും ചിന്ത പ്രവര്‍ത്തകര്‍ പുലര്‍ത്തിയ ജാഗ്രതയും ശുഷ്കാന്തിയും ഈ തുറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു തികഞ്ഞ മാതൃകയാണ്. ചിന്ത രണ്ട് ദശാബ്ദക്കാലം പ്രശസ്തമായ നിലയില്‍ നടത്താനും അതില്‍ ഒന്നര ദശാബ്ദക്കാലത്തോളമായി ലാഭകരമായ ഒരു ബിസിനസ്സ് ആക്കി ഉയര്‍ത്താനും കഴിഞ്ഞ നേട്ടത്തിനുള്ള കടപ്പാടില്‍ ചന്ദ്രന്‍ വഹിച്ച നിസ്തുലമായ പങ്ക് ചിന്തയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഏതൊരാള്‍ക്കും മറക്കാന്‍ കഴിയുന്നതല്ല. ചന്ദ്രന്റെ നേതൃത്വത്തില്‍ മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ സെയ്ദു, റഷീദ്, താരാചന്ദ്രന്‍ എന്നിവരാണ്. ചിന്തയുടെ വിജയകരമായ മാനേജ്മെന്റിന് ഈ സഖാക്കള്‍ അവരുടേതായ മുതല്‍ക്കൂട്ട് നല്‍കിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഒരു രാഷ്ട്രീയ വാരികയെന്ന നിലയില്‍ പൊതുവിലും ഒരു മാര്‍ക്സിസ്റ്റ് പ്രസിദ്ധീകരണമെന്ന നിലയില്‍ പ്രത്യേകിച്ചും ചിന്ത പിന്നിട്ട കാല്‍പ്പാടുകള്‍ തനതായതും ചിരപ്രതിഷ്ഠ പിടിച്ചുപറ്റിയതുമാണ്. ഏതൊരു മുതലാളിത്ത രാജ്യത്തും കമ്യൂണിസ്റ്റ് പത്രങ്ങള്‍ ലാഭകരമായി നടത്താന്‍ സാധിക്കുകയില്ലെന്ന ചിരന്തനവിശ്വാസം ഒരപവാദമെന്ന് തെളിയിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമെന്ന അപൂര്‍വ പ്രശസ്തി കൂടി നമ്മുടെ നാട്ടില്‍ ചിന്തയാണ് പിടിച്ചുപറ്റിയത്. ഈ അഭൂതപൂര്‍വമായ നേട്ടം മറ്റൊരു മായാത്ത കാല്‍പാടാണ്.
ഈ സുപ്രധാനമായ നേട്ടങ്ങള്‍ക്ക് ചിന്ത പ്രവര്‍ത്തകര്‍ മാത്രമല്ല, നാള്‍ക്കുനാള്‍ വളര്‍ന്നുവന്ന ചിന്ത വായനക്കാരുടെ കൂറുള്ള സഹകരണവും പരസ്യം നല്‍കി സഹായിച്ചവരുടെ സന്മനോഭാവവും കൂടിച്ചേര്‍ന്ന സേവനമാണിടയാക്കിയത്. മലയാളികളിലുള്ള രാഷ്ട്രീയ ഉല്‍ബുദ്ധതയും വിശേഷിച്ച് ഇടതുപക്ഷ ചിന്താഗതിയുടെ വളര്‍ച്ചയും ചിന്തയുടെ എടുത്തുപറയത്തക്ക വളര്‍ച്ചക്ക് വളക്കൂറുള്ള മണ്ണായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതില്ല തന്നെ. ചിന്ത വായനക്കാരെ വളര്‍ത്തുകയും വായനക്കാര്‍ ചിന്തയെ വളര്‍ത്തുകയും ചെയ്ത പരസ്പരപൂരകമായ പ്രക്രിയയാണ് ചിന്തയെ അതിന്റെ തുടിക്കുന്ന യുവത്വത്തിലേക്ക് വളര്‍ത്തിയത്.
ചിന്തയുടെ ചരിത്രം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. ചിന്തയുടെ ജന്മവും വളര്‍ച്ചയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാർട്ടിയുടെ ആവിര്‍ഭാവത്തിന്റെയും വളര്‍ച്ചയുടെയും ചരിത്രത്തിന്റെ അവിഭാജ്യഭാഗമാണ്. മാത്രമല്ല, ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാർട്ടി സുചിന്തിതമായി കൈക്കൊണ്ടതും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം അടുത്ത കാലത്ത് മാത്രം അംഗീകരിക്കാന്‍ മുതിര്‍ന്നതുമായ സ്വതന്ത്രമായ നയം എന്ന സമീപനം ആരംഭം മുതല്‍ ഉയര്‍ത്തിപ്പിടിച്ച ആദ്യത്തെ മാര്‍ക്സിസ്റ്റ് പ്രസിദ്ധീകരണമെന്ന ബഹുമതിയും നമ്മുടെ രാജ്യത്ത് ചിന്തയ്ക്ക് അവകാശപ്പെട്ടതാണ്. ♦