Saturday, April 5, 2025

ad

Homeഓർമആദ്യനാളുകളിലേക്ക് 
ഒരു തിരിഞ്ഞുനോട്ടം

ആദ്യനാളുകളിലേക്ക് 
ഒരു തിരിഞ്ഞുനോട്ടം

സി പി അച്യുതന്‍

മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ റിവിഷനിസ്റ്റ് സ്വാധീനമുണ്ടാക്കിവച്ച പിളര്‍പ്പിന്റെ പശ്ചാത്തലം. പാര്‍ടി അണികളിലാകെ സജീവ രാഷ്ട്രീയ – താത്വിക ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്നു. ഈ വിവാദത്തില്‍ ഇടതുപക്ഷത്തുനിന്നിരുന്ന നേതാക്കളില്‍ മിക്കവരും ജയിലിനകത്തായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ 1964 ഫെബ്രുവരിയിലാണെന്നു തോന്നുന്നു തലശ്ശേരി നഗരത്തില്‍ ഒരു പ്രതിഷേധ പ്രകടനം നടന്നു. അതുകഴിഞ്ഞ് പാര്‍ടി ആഫീസില്‍ കയറിവരുമ്പോള്‍ ഒരു ദീര്‍ഘകായനായ മനുഷ്യന്‍ ഒരു കുറിപ്പ് കൈയില്‍ തന്നു. അന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി വി അപ്പക്കുട്ടിയുടേതായിരുന്നു കുറിപ്പ്. എഴുത്തു തന്ന ദീര്‍ഘകായന്‍ കോഴിക്കോട്ടെ കെ എന്‍ നാരായണന്‍ നായരും.

കണ്ണൂര്‍ ഡി.സി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഈ ലേഖകനെ ദേശാഭിമാനി ആഫീസിലേക്ക് അയയ്ക്കണമെന്ന ആവശ്യം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു നാരായണന്‍നായര്‍ തന്ന ഡി.സി സെക്രട്ടറിയുടെ കുറിപ്പ്. റിവിഷനിസ്റ്റ് സ്വാധീനത്തില്‍നിന്നും ദേശാഭിമാനിയെ മോചിപ്പിച്ചപ്പോള്‍ അന്നോളമുണ്ടായിരുന്ന പത്രാധിപസമിതിയാകെ മറുവശത്തായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തിച്ച മിക്ക സഖാക്കളും ജയിലിനകത്തുമായി. ഈ പശ്ചാത്തലത്തിലാണ് ഡി.സി സെക്രട്ടറിയുടെ കുറിപ്പുമായി അന്ന് ദേശാഭിമാനി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ കെ എന്‍ നാരായണന്‍നായര്‍ ഈ ലേഖകനെ പിടികൂടിയത്. അവര്‍ വന്ന ദേശാഭിമാനിയുടെ വാഹനത്തില്‍ത്തന്നെ കോഴിക്കോട്ടേക്കു വരേണ്ടിയും വന്നു.

തലശ്ശേരിയിലെ പ്രാദേശിക ലേഖകനെന്ന നിലയില്‍ ലഭിച്ച പരിശീലനവും പരിമിതമായ അറിവും മാത്രം കൈമുതലാക്കി പത്രത്തിന്റെ ആഫീസില്‍ കാലു‍കുത്തിയത് പരിഭ്രമത്തോടുകൂടിയായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസം തുടക്കത്തിലുണ്ടായിരുന്നില്ലെന്നതാണ് പരിഭ്രമത്തിനു കാരണം. എങ്കിലും മുമ്പില്‍ വന്നു മുട്ടിനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു പോംവഴികളൊന്നുമില്ലാത്തതിനാല്‍ ഏല്‍പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരിക തന്നെ ചെയ്തു.

പാര്‍ട്ടിക്കകത്തു ‘റിവിഷനിസ’ത്തിന്റെ അതിപ്രസരം അപകടകരമായി വളര്‍ന്നതിനെത്തുടര്‍ന്ന് അതിനെ നേരിടാനാണ് ‘ചിന്ത’ ആരംഭിച്ചത്. എന്നാല്‍ ദേശാഭിമാനി തന്നെ മോചിപ്പിച്ചെടുത്തുകഴിഞ്ഞതോടെ ‘ചിന്ത’ പിന്തള്ളപ്പെട്ടിരുന്നു. ദേശാഭിമാനി പുറത്തിറക്കാന്‍ തന്നെ ആവശ്യമായ കഴിവുള്ളവര്‍ ഇല്ലാത്ത നിലയില്‍ ‘ചിന്ത’ പിന്നെ എങ്ങനെ പുറത്തുകൊണ്ടുവരാന്‍ കഴിയും? ആ നിലയ്ക്ക് വല്ലപ്പോഴുമൊക്കെ ചില ലക്കം പുറത്തുവരുന്ന സ്ഥിതിയായിരുന്നു അപ്പോള്‍. ആ ‘ചിന്ത’യാണിന്ന് കൂടുതല്‍ ശക്തിയാര്‍ജിച്ച് രജതജൂബിലി ആഘോഷിക്കുന്നത്.

ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ‘ചിന്ത’യും ശ്രദ്ധിക്കണമെന്ന നില അന്ന് ഈ ലേഖകനുണ്ടായി. അങ്ങനെ ആര്‍ക്കും ശ്രദ്ധിക്കാനാവാത്ത നിലയില്‍ കഴിയേണ്ടിവന്ന ‘ചിന്ത’യെ ശ്രദ്ധിക്കുക എന്ന ചുമതല ഏറ്റെടുക്കുമ്പോള്‍ അതെത്ര മാത്രം നിര്‍വഹിക്കാന്‍ കഴിയുമെന്ന ആശങ്കയുമുണ്ടായിരുന്നു. എങ്കിലും ചുമതല ഏല്‍ക്കുകതന്നെ ചെയ്തു.

അല്‍പം കഴിഞ്ഞപ്പോള്‍ ആശങ്ക അകന്നുപോയി ഒരുവിധം നേരിയ ആത്മവിശ്വാസം കൈവരികയും ചെയ്തു. ‘ചിന്ത’ ക്രമം തെറ്റാതെ പുറപ്പെടുവിക്കാന്‍ കഴിയുമെന്ന നില അതോടെയുണ്ടാവുകയും ചെയ്തു.

ജയിലില്‍നിന്നും നേതാക്കള്‍ മോചിപ്പിക്കപ്പെട്ടതോടെ ‘ചിന്ത’യുടെ മാത്രം ഉത്തരവാദിത്വം ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ ഈ ലേഖകനു സൗകര്യം ലഭിച്ചു. അങ്ങനെ ഇന്നു പൂര്‍ണ യൗവനത്തിലെത്തിനില്‍ക്കുന്ന ‘ചിന്ത’യെ അതിന്റെ ബാലാരിഷ്ടതകളെ അതിജീവിക്കാന്‍ സഹായിക്കുക എന്ന ശ്രമകരമായ കൃത്യം എങ്ങനെ സാധിച്ചുവെന്ന കാര്യം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു.

മാനേജര്‍ കെ ചന്ദ്രന്‍. പത്രാധിപസമിതിയെന്നു പറയാന്‍ ഒരൊറ്റ ആളും! മറ്റൊരു കുട്ടിപോലും സഹായത്തിനില്ലാതെ ഒരു താത്വിക – രാഷ്ട്രീയ വാരിക പുറത്തിറക്കുക, അതും ക്രമംതെറ്റാതെ കൃത്യദിവസങ്ങളില്‍ത്തന്നെ പുറത്തിറക്കുക എന്ന ഉത്തരവാദിത്വം ഒരിക്കലെങ്കിലും തെറ്റാതെ നടത്തിക്കൊണ്ട് ചിന്തയെ സ്വന്തം കാലില്‍ നിര്‍ത്തുന്നതിന് ഏഴുകൊല്ലം എളിയ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ ഒരു കൃത്യമായി കരുതുന്നു. സ്വന്തം കാലില്‍ ചിന്തയെ നിര്‍ത്തിയെന്നു പറയുമ്പോള്‍ സാമ്പത്തികമായും അതു ശരിയായിരുന്നുവെന്നു മനസ്സിലാക്കണം.

മുഖലേഖനം, മുഖപ്രസംഗം, കുറിപ്പുകള്‍, ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തല്‍, എന്നിട്ടും തികയാതെ വരുന്ന മാറ്റര്‍ക്ഷാമം തീര്‍ക്കാന്‍ മറ്റു ലേഖനങ്ങള്‍ തയ്യാറാക്കുക എന്നീ ജോലികളെല്ലാം ചെയ്തുതീര്‍ക്കാന്‍ ഏഴു കൊല്ലക്കാലം ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന സത്യത്തിനുനേരെ നോക്കുമ്പോള്‍ ഇന്നു ഭയം തോന്നുന്നു.

എന്നിട്ടും ചിന്ത മുടങ്ങിയില്ല
1967ല്‍ അധികാരത്തിലെത്തിയ രണ്ടാമത്തെ ഇ എം എസ് മന്ത്രിസഭയെ പിന്നില്‍നിന്നും കുത്തിവീഴ്ത്തിക്കഴിഞ്ഞു. അധികം കഴിയുന്നതിനുമുമ്പു നടത്തിയ ട്രാന്‍സ്പോര്‍ട്ട് സമരപരിപാടി തയ്യാറാക്കാന്‍ തലശ്ശേരി മണ്ഡലം പാര്‍ടി കമ്മിറ്റി യോഗം ചേര്‍ന്നു. ബസ് പിക്കറ്റിംഗിന് എല്ലാ ദിവസവും ഒരു മണ്ഡലം കമ്മിറ്റിയംഗം നേതൃത്വം കൊടുക്കണമെന്നു തീരുമാനിച്ചു. ആദ്യ ദിവസത്തെ സമരം നയിക്കേണ്ട സഖാവിനെ നിശ്ചയിച്ചു. രണ്ടാം ദിവസത്തെ ബാച്ചിനെ നയിക്കുക എന്ന ചുമതല ഏറ്റെടുക്കേണ്ടിവന്നത് ഈ ലേഖകനായിരുന്നു. ‘ചിന്ത’ പുറത്തിറക്കേണ്ട ഉത്തരവാദിത്വം ചുമലിലുണ്ട്. സമരം നയിച്ചാല്‍ ജയിലിലെത്തുമെന്നുറപ്പുമാണ്. കാരണം, കോടതിയില്‍ എത്തിയാല്‍ കുറ്റം നിഷേധിക്കരുതെന്നാണ് തീരുമാനം. ബസ് പിക്കറ്റ് ചെയ്തു. അത് ഞങ്ങളുടെ അവകാശമാണെന്ന് കോടതിയില്‍ പറയണം. ജാമ്യം തന്നാല്‍ നിഷേധിക്കുകയും വേണം. അപ്പോള്‍ ജയിലിലെത്തുമെന്നുറപ്പാണല്ലോ.

എങ്കിലും ബസ് പിക്കറ്റ് ചെയ്യുന്ന രണ്ടാം ദിവസത്തെ ബാച്ചിനെ നയിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ടി കമ്മിറ്റി അതംഗീകരിക്കുകയും ചെയ്തു. സമരം നടന്ന് പത്തുദിവസം ജയിലിലുമായി. എന്നാല്‍ ‘ചിന്ത’ മുടങ്ങരുതെന്ന വാശി വിട്ടിരുന്നില്ല. ജയിലില്‍ കടന്നയുടന്‍ അന്നു റിലീസാവുന്ന ഒരു സഖാവിനെ കണ്ട് പുറത്തുപോയാല്‍ ഉടന്‍ ഒരു കോണ്ടാക്ട് ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ടു. കോടതിയില്‍നിന്നും സഖാക്കള്‍ക്കു കൊടുത്ത കുറ്റപത്രത്തിന്റെ പകര്‍പ്പു മുഴുവന്‍ ഒന്നിച്ചു ശേഖരിച്ചു; പൂര്‍ണമായും മഷിനിറച്ച പേനയും ഉള്ളിലെത്തിയിരുന്നു. ജയിലിനകത്തുനിന്നും ‘ചിന്ത’യ്ക്കു മാറ്റര്‍ തയ്യാറാക്കി. രാത്രി സെല്ലിനു പുറത്തുനിന്നും ഒരു വിളി… ഉണ്ടോ ഇതിനകത്ത്? പുറത്തുപോയ സഖാവ് ഏര്‍പ്പെടുത്തിത്തന്ന വാര്‍ഡന്‍ ആയിരുന്നു അത്. അദ്ദേഹത്തെ മാറ്റര്‍ ഏല്‍പിച്ചു. ഒന്നുമറിയാത്ത മട്ടില്‍ അദ്ദേഹം സ്ഥലംവിടുകയും ചെയ്തു.

മാറ്റര്‍ സമയത്തിനുതന്നെ ചന്ദ്രന്റെ കൈയിലെത്തി. ചിന്ത മുടങ്ങാതെ പുറത്തുവരികയും ചെയ്തു.പത്രം മുടങ്ങാതെ കൃത്യമായി പുറത്തിറക്കുക എന്ന യജ്ഞത്തിനു ജയില്‍വാസംപോലും തടസ്സമായില്ല. എങ്കിലും പുറത്തുവന്ന് ആഫീസിലെത്തിയപ്പോള്‍ ചന്ദ്രന്‍ പരാതിപ്പെട്ടു: ‘‘നല്ല ആള്‍, നിങ്ങളെന്തിന് ഇതിനു പുറപ്പെട്ടു? ചിന്ത മുടങ്ങിപ്പോകുമായിരുന്നില്ലേ?”

‘ചിന്ത’ ഒരു പ്രതീകം
പാര്‍ടിക്കകത്തു പിളര്‍പ്പ് രൂപപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ഒരനുഭവമുണ്ടായി. ഒരു തവണ ബോംബെയില്‍ പോകേണ്ടിവന്നു. ചെന്നുപെട്ടത് എ പി നാരായണന്‍ എന്ന ഒരു വലതുപക്ഷക്കാരന്റെ വീട്ടിലായിരുന്നു. കേരളത്തില്‍നിന്നും എത്തിയ ആളാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം എ കെ ജിയെയും ഇ എം എസ്സിനെയും അറയ്ക്കുന്ന ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങി. ആളുടെ രോഗമെന്തെന്നു പിടികിട്ടാന്‍ വിഷമമുണ്ടായില്ല. അദ്ദേഹത്തിന് ഈ ലേഖകന്റെ രാഷ്ട്രീയാഭിപ്രായമെന്തെന്നറിയണമെന്ന് നിര്‍ബന്ധമുണ്ടായി. രാഷ്ട്രീയം എന്തെന്നു തുറന്നുപറഞ്ഞാല്‍ അദ്ദേഹം അവിടെ നിന്നും ഉടന്‍ ആട്ടിയിറക്കുമെന്നു തീര്‍ച്ചയായിരുന്നു. ബോംബെ നഗരം അപരിചിതമായിരുന്നതിനാല്‍ അത്തരമൊരപകടം ഒഴിവാക്കേണ്ടതുണ്ടായിരുന്നു. അതുകാരണം, അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ രാഷ്ട്രീയമായി വലിയ വിവരമൊന്നുമില്ലാത്ത ഒരു പാര്‍ടി ഭക്തനെന്ന നില സ്വീകരിച്ചുകൊണ്ട്, ഒഴിഞ്ഞുമാറിക്കൊണ്ട് ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ ഒടുവിലത്തെ ചോദ്യമിതായിരുന്നു. ”ഇപ്പോഴുണ്ടല്ലോ നാട്ടില്‍നിന്നും ഒരു സാധനം വരുന്നു – ചിന്ത; നിങ്ങള്‍ അതിന്റെ ആളോ ദേശാഭിമാനിയുടെ ആളോ?”

അധികം താമസിയാതെ ചിന്തയുടെയും ദേശാഭിമാനിയുടെയും ആളായി പ്രവര്‍ത്തിക്കേണ്ടി വന്നെങ്കിലും ആ ചോദ്യത്തിനുമുമ്പിലും ഒഴിഞ്ഞുമാറിക്കൊണ്ട് മറ്റൊരു സഖാവുമായി ബന്ധപ്പെടാന്‍ നാരായണന്റെ സഹായം നേടിയെടുത്ത് അവിടെനിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. ഇവിടെ ‘ചിന്ത’യെ ഒരു രാഷ്ട്രീയ ചിന്താധാരയുടെ പ്രതീകമായാണ് അന്ന് അതിന്റെ ശത്രുക്കള്‍കൂടി കണ്ടിരുന്നതെന്നല്ലേ വ്യക്തമാകുന്നത്?

നിരോധിക്കാന്‍ ശ്രമിച്ചു
സര്‍ക്കാരിന്റെയും രാഷ്ട്രീയ എതിരാളികളുടെയും അതിനിശിതമായ ആക്രമണങ്ങളെ നേരിട്ടുകൊണ്ട് സിപിഐ എം കെട്ടിപ്പടുക്കുന്ന കാലമായിരുന്നു. ‘ചിന്ത’ ആ വിപ്ലവകരമായ സംരംഭത്തില്‍ വഹിച്ച പങ്ക് രാഷ്ട്രീയ വിദ്യാര്‍ഥികളും ചിന്തകരും വിലയിരുത്തട്ടെ. എന്നാല്‍ ‘ചിന്ത’ അന്ന് സര്‍ക്കാരിനുനേരെ നടത്തിയ കടന്നാക്രമണം എത്രമാത്രം ശക്തമായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു സംഭവമുണ്ടായി. 1965ല്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ വിളിച്ചു ചേര്‍ക്കാന്‍പോലും കൂട്ടാക്കാതെ ആ നിയമസഭ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അജിത് പ്രസാദ് ജയിന്‍ എന്ന ഗവര്‍ണര്‍ ഭരണം നടത്തുന്നു. നാട്ടില്‍ ഭക്ഷണക്ഷാമം രൂക്ഷമായിരുന്നു. ജനങ്ങളില്‍ അസംതൃപ്തി ശക്തിപ്പെടുന്നു. അന്ന് ‘ചിന്ത’ എഴുതിയ ഒരു മുഖപ്രസംഗം ഗവര്‍ണര്‍ ഭരണത്തെ ചൊടിപ്പിച്ചു. ആ മുഖപ്രസംഗത്തിന്റെ പേരില്‍ ‘ചിന്ത’ നിരോധിക്കാന്‍ ഗവര്‍ണര്‍ ജയിന്‍ തീരുമാനിച്ചു. തന്റെ തീരുമാനം അദ്ദേഹം പത്ര ഉപദേശകസമിതിയില്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ ജയിനിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഒരാളെങ്കിലും അന്നവിടെയുണ്ടായി – ‘തൊഴിലാളി’ പത്രത്തിന്റെ പത്രാധിപര്‍ ഫാദര്‍ വടക്കന്‍. ഫാദറിന്റെ എതിര്‍പ്പു വന്നപ്പോള്‍ തന്റെ തീരുമാനം ഏകകണ്ഠമായി അംഗീകരിപ്പിക്കാന്‍ ജയിനിനു കഴിഞ്ഞില്ല. അന്ന് ഫാദര്‍ വടക്കന്‍ ആ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ലായിരുന്നെങ്കില്‍ ജയിന്‍ ‘ചിന്ത’യുടെ കഴുത്ത് അന്നുതന്നെ ഞെരിച്ചേനെ!

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ജനാധിപത്യവിരുദ്ധവും പത്രസ്വാതന്ത്ര്യ നിഷേധപരവുമായ സമീപനത്തെ ‘ദേശാഭിമാനി’യും ‘ചിന്ത’യും ആ കാലത്തുതന്നെ തുറന്നുകാട്ടി. പത്രങ്ങളെ കാത്തുസൂക്ഷിക്കാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കണമെന്നും സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ അതീവജാഗ്രത പുലര്‍ത്തണമെന്നും ആ പത്രങ്ങള്‍ അവയുടെ ബന്ധുക്കളോടഭ്യര്‍ത്ഥിച്ചു.

കനപ്പെട്ട നോവലുകള്‍
ജയിലില്‍ കഴിയവെ പി ഗോവിന്ദപ്പിള്ള തര്‍ജമ ചെയ്ത ‘കാട്ടുകടന്നല്‍’ എന്ന സുപ്രസിദ്ധമായ നോവല്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചത് ‘ചിന്ത’യിലായിരുന്നു. സുപ്രസിദ്ധ ബംഗാളി സാഹിത്യകാരി സാവിത്രി റോയിയുടെ ‘നെല്ലിന്റെ ഗീതം’ എം എന്‍ സത്യാര്‍ത്ഥി പരിഭാഷപ്പെടുത്തി, ‘ചിന്ത’യ്ക്കു തന്നതും ഇക്കാലത്തായിരുന്നു. സത്യാര്‍ത്ഥി മാസ്റ്ററുടെ സേവനം ദീര്‍ഘനാളുകളില്‍ത്തന്നെ അന്നു ചിന്തയ്ക്കു ലഭിച്ചിട്ടുണ്ട്. ‘പത്മമേഘന’ എന്ന പ്രഖ്യാത ബംഗാളി നോവലും ‘ചിന്ത’യുടെ താളുകളിലൂടെ അന്ന് സത്യാര്‍ത്ഥി മാസ്റ്റര്‍ വായനക്കാര്‍ക്കു കാണിക്കവച്ചിരുന്നു. ‘ചിന്ത’യുടെ പ്രവര്‍ത്തനത്തിനു കാര്യമായ സഹകരണം നല്‍കിയിരുന്ന മറ്റൊരു എഴുത്തുകാരനുണ്ടായിരുന്നു ബോംബെയില്‍ –കെ എം അച്യുതന്‍. അദ്ദേഹവും കനപ്പെട്ട സംഭാവനകളാണ് അക്കാലത്ത് ‘ചിന്ത’യ്ക്കു നല്‍കിയിരുന്നത്. സാമ്പത്തികമായി യാതൊരുവിധ നേട്ടവുമില്ലാതെ, അത്തരം കാര്യങ്ങളുടെ പ്രേരണപോലും തൊട്ടുതീണ്ടാതെ ലഭിച്ച ഇത്തരം സഹകരണങ്ങള്‍ക്ക് അക്കാലത്ത് ചിന്തയുടെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവന്ന ഏക അംഗമെന്ന നിലയില്‍ എന്തുമാത്രം നന്ദിയാണിന്നു പ്രകാശിപ്പിക്കേണ്ടതെന്നു നിശ്ചയമില്ല. സംഭാവനകളുടെ ഗുണപരമായ മേന്മ മാത്രമല്ല, ഇവിടെ പ്രശ്നം. ‘മാറ്റര്‍ ക്ഷാമം’ എന്ന കടുത്ത യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഒഴുകിയെത്തുന്ന അമൂല്യ സംഭാവനയുമായിരുന്നു അവയൊക്കെ. സിപിഐഎമ്മിന്റെ പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതുക എന്നുവച്ചാല്‍ ജയിലിലേക്കുള്ള പാസ്പോര്‍ട്ട് സമ്പാദിക്കുക എന്നായിരുന്നു അന്ന്. അതുകൊണ്ടുതന്നെ, പല എഴുത്തുകാരും ആ പ്രസിദ്ധീകരണങ്ങളുടെ അയലത്തുപോലും വന്നുനില്‍ക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നുകൂടി പറഞ്ഞുവയ്ക്കേണ്ടതുണ്ട്.

ഏതായാലും അത്തരം കടുത്ത പ്രതികൂല സാഹചര്യങ്ങളൊക്കെ നേരിട്ടുകൊണ്ട് ‘ചിന്ത’ ഇന്ന് അത്യാകര്‍ഷകശക്തിയുള്ള ഒരു പ്രസിദ്ധീകരണമായി മാറിയിരിക്കുന്നു. ആ കാഴ്ച കാണുമ്പോള്‍ കണ്ണും കരളും കുളിര്‍ക്കുന്നു! തലച്ചോര്‍ നിറയെ ആവേശവും!!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − fourteen =

Most Popular