Friday, November 22, 2024

ad

Homeഓർമചിന്തയുടെ ചരിത്രം

ചിന്തയുടെ ചരിത്രം

കെ ഇ കെ നമ്പൂതിരി

ന്ത്യന്‍ കമ്യൂണിസ്റ്റ് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ആശയസമരത്തിന്റെ പടവാളെന്ന നിലയിലാണ് ‘ചിന്ത’ ആവിര്‍ഭവിച്ചത്. 25 കൊല്ലം മുമ്പ് അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തെ ഇടതുപക്ഷക്കാരെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിഭാഗം അതിന്റെ ആശയപ്രചരണത്തിനാണ് അതാരംഭിച്ചത്. പ്രസ്ഥാനത്തെ വര്‍ഗ സഹകരണ മാര്‍ഗത്തിലേക്ക് വലിച്ചിഴയ്-ക്കാന്‍ പാര്‍ടിക്കകത്ത് ഒരു വിഭാഗം ഒരു പതിറ്റാണ്ടുകാലം നടത്തിയ ശ്രമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പരാജയപ്പെടുകയാണുണ്ടായത്.

കോണ്‍ഗ്രസിനോടുള്ള സമീപനം എന്തായിരിക്കണമെന്നതായിരുന്നു തര്‍ക്കപ്രശ്നം. 1948–50 കാലത്തുതന്നെ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെങ്കിലും 1951ല്‍ പാർടി പരിപാടി അംഗീകരിച്ചതോടെ ഭിന്നത പരിഹരിക്കപ്പെട്ടു. എന്നിരിക്കിലും 1956ല്‍ പാലക്കാട്ടു ചേര്‍ന്ന 4–ാം കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നതകള്‍ വീണ്ടും പ്രകടമായി തലപൊക്കി. കോണ്‍ഗ്രസ്സിനെ അധികാരസ്ഥാനത്തുനിന്നു മാറ്റാന്‍ ശ്രമിക്കുന്ന ജനാധിപത്യമുന്നണിയാണോ വേണ്ടത്, അതോ കോണ്‍ഗ്രസ്സുകൂടി ഉള്‍പ്പെട്ട കൂട്ടുകക്ഷി ഗവണ്‍മെന്റുണ്ടാക്കുന്നതിലേക്കു നയിക്കുന്ന ദേശീയമുന്നണിയോ എന്നതായിരുന്നു തര്‍ക്കപ്രശ്നം. കോണ്‍ഗ്രസ്, ആവടി സമ്മേളനത്തില്‍വച്ച് സോഷ്യലിസ്റ്റ് മാതൃക പ്രഖ്യാപിച്ച ഘട്ടമായിരുന്നു അത്. ഏതായാലും കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിക്കൊണ്ടുള്ള ദേശീയ മുന്നണിയെന്ന വാദം നിരാകരിക്കപ്പെട്ടു. എന്നിട്ടും ഡാങ്കെയും കൂട്ടരും ദേശീയമുന്നണി വാദം കൈവെടിയാതെ മുറുകെപ്പിടിച്ചു. 1958ല്‍ അമൃത് സര്‍ കോണ്‍ഗ്രസ്സിലും ഈ വാദം നിരാകരിക്കപ്പെട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ട സാഹചര്യത്തില്‍ ഈ വാദം ഉന്നയിക്കാന്‍ തന്നെ വയ്യാത്ത സ്ഥിതിയായി. എന്നിട്ടും ഈ വാദം ഉന്നയിക്കുന്നതില്‍നിന്നു അവര്‍ പിന്തിരിഞ്ഞില്ല. 1961ലെ വിജയവാഡ കോണ്‍ഗ്രസ്സിലും തിരഞ്ഞെടുപ്പുതന്ത്രം ആവിഷ്കരിക്കുന്നതുസംബന്ധിച്ചു നടന്ന ചര്‍ച്ചകളിലുമെല്ലാം കോണ്‍ഗ്രസ്സുമായി ചേര്‍ന്നുള്ള ഐക്യമുന്നണിയെന്ന ലൈന്‍ മുമ്പോട്ടുവെക്കാനവര്‍ മടിച്ചില്ല.

ഇന്ത്യന്‍ ബൂര്‍ഷ്വാസിയിലെ പുരോഗമന വിഭാഗത്തെയാണ് നെഹ്റു ഗവണ്‍മെന്റ് പ്രതിനിധാനം ചെയ്യുന്നതെന്നും അതുകൊണ്ട് പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ നെഹ്റുവിന്റെ കരങ്ങള്‍ക്കു കരുത്തേകുകയാണ് വേണ്ടതെന്നുമുള്ള നിലയിലേക്ക് ഡാങ്കെയും കൂട്ടരും ചെന്നെത്തി. നെഹ്റു ഭരണത്തില്‍ കുത്തകകള്‍ തടിച്ചുകൊഴുക്കുകയാണെന്നും വിലക്കയറ്റവും നികുതിഭാരവും മറ്റും കൊണ്ട് ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തിനും കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ടതും ഇതേ നെഹ്റു ഗവണ്‍മെന്റാണെന്ന യാഥാര്‍ത്ഥ്യത്തിനും മുമ്പില്‍ ഈ വാദത്തിന് നിലനില്‍പ്പില്ലാതായി.

എന്നാല്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉളവായ ഭിന്നിപ്പിന്റെയും ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ വര്‍ഗ സഹകരണ ലൈനിനെതിരായി നിന്നവരെ ചൈനാനുകൂലികളെന്ന് അധിക്ഷേപിച്ചു ഒറ്റപ്പെടുത്താന്‍ ഡാങ്കെയും കൂട്ടരും തുനിഞ്ഞപ്പോള്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളെ അറിയിക്കേണ്ടത് ഒരാവശ്യമായിത്തീര്‍ന്നു.

എ കെ ജി, ഇ എം എസ്‌ നന്പൂതിരിപ്പാട്‌, അഴീക്കോടൻ രാഘവൻ

അതിര്‍ത്തിപ്രശ്നം ഒരു തര്‍ക്ക പ്രശ്നമാണെന്നും അതുകൊണ്ട് അത് കൂടിയാലോചനയിലൂടെ പരിഹരിക്കേണ്ടതാണെന്നുമുള്ള നിലപാടാണ് 1962 ഒക്ടോബറില്‍ ഇന്ത്യാ – ചൈനാ അതിര്‍ത്തിയില്‍ സംഘട്ടനം നടക്കുന്നതിനു രണ്ടുമാസം മുമ്പ് നാഷണല്‍ കൗണ്‍സില്‍ ഹൈദരാബാദില്‍ യോഗം ചേര്‍ന്ന് കൈക്കൊണ്ട തീരുമാനം. അതിന് കടകവിരുദ്ധമായ സമീപനമാണ് അതിര്‍ത്തി സംഘട്ടനത്തിനുശേഷം ഡാങ്കെയും കൂട്ടരും കൈക്കൊണ്ടത്. ഡാങ്കെയുടെ സമീപനത്തെ എതിര്‍ത്തവര്‍ ചൈനീസ് പക്ഷക്കാരാണെന്നു ബൂര്‍ഷ്വാ പത്രങ്ങള്‍ മുറയ്ക്കു പ്രചരണമഴിച്ചുവിട്ടു. ഈ പശ്ചാത്തലത്തിലാണ് ചൈനാനുകൂല വിഭാഗക്കാരെന്നു വിളിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യാന്‍ തുടങ്ങിയത്. ആദ്യം അറസ്റ്റ് നടന്നതു മഹാരാഷ്ട്രയിലാണ് – നവംബര്‍ 7ന്. ഇവരെ വിട്ടയയ്ക്കണമെന്ന പ്രമേയം കേന്ദ്ര എക്സിക്യൂട്ടീവിലും എഐടിയുസി ജനറല്‍ കൗണ്‍സിലിലും അവതരിപ്പിക്കപ്പെടുന്നതു തടയാന്‍ ഡാങ്കെ പരമാവധി തുനിഞ്ഞു. തുടര്‍ന്ന് നവംബര്‍ 21നു രാജ്യവ്യാപകമായ അറസ്റ്റു നടന്നു. അറസ്റ്റിനെ ഡാങ്കെയും കൂട്ടരും അധിക്ഷേപിച്ചില്ലെന്നു തന്നെയല്ല അറസ്റ്റു ചെയ്തവരെ വിട്ടയയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നുപോലും ആവശ്യപ്പെടുകയുണ്ടായി. ‘ന്യൂ ഏജ് വാരിക’യുടെ പത്രാധിപരായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് 1963 ജനുവരിയില്‍ എഴുതിയ ഒരു മുഖപ്രസംഗത്തില്‍ തടവില്‍ പാര്‍പ്പിച്ചവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് എടുത്തുമാറ്റി.

സി എച്ച്‌ കണാരൻ, വി എസ്‌ അച്യുതാനന്ദൻ, വി എസ്‌ അച്യുതാനന്ദൻ
ഇ കെ ഇന്പിച്ചിബാവ, എ വി കുഞ്ഞന്പു, എം എസ്‌ ദേവദാസ്‌

യോജിച്ച നേതൃത്വമെന്ന തത്വം ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് സുന്ദരയ്യ, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുർജിത് എന്നിവര്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായി. പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സെക്രട്ടേറിയറ്റ് അംഗത്വത്തില്‍നിന്നും ന്യൂ ഏജ് പത്രാധിപ സ്ഥാനത്തുനിന്നും രാജിവയ്ക്കാന്‍ ഇ എം എസും നിര്‍ബന്ധിതനായി.

പാര്‍ടിയുടെ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് കൗണ്‍സില്‍ പിരിച്ചുവിട്ട് ഒരു പി.ഒ.സി തട്ടിപ്പടച്ചുണ്ടാക്കപ്പെട്ടു. പഞ്ചാബിലും വലിയ വിഭാഗം അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യം ഉപയോഗിച്ചു ഡാങ്കെ പക്ഷം നേതൃത്വം കൈക്കലാക്കി. എ കെ ജി, പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതു വിലക്കി. കല്‍ക്കത്തയില്‍ സഖാക്കള്‍ സംഘടിപ്പിച്ച ഒരു വലിയ റാലിയില്‍ പ്രസംഗിച്ചതിന് എ കെ ജിയെ പരസ്യമായി ശാസിച്ചു. ജയിലിലടച്ച സഖാക്കളെ മോചിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടും വിലക്കയറ്റത്തിനെതിരായും സംഘടിപ്പിച്ചതായിരുന്നു ഈ റാലി.

ഇടതുപക്ഷക്കാര്‍ ചൈനീസ് രേഖകള്‍ വിതരണം ചെയ്യുന്നു, പാര്‍ടിക്കകത്തു ചൈനയ്ക്കുവേണ്ടി പ്രചാരവേല ചെയ്യുന്നുവെന്നും മറ്റുമുള്ള കാടുകയറിയ ആരോപണങ്ങള്‍ ഡാങ്കെ പക്ഷം ഉന്നയിച്ചു. അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി പാര്‍ലമെന്‍റില്‍ ഈ ആരോപണങ്ങള്‍ ഉദ്ധരിക്കുകയുണ്ടായെന്നതും പ്രസ്താവ്യമാണ്.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള പാര്‍ടി പത്രങ്ങള്‍ പാര്‍ടിയെ പ്രതിനിധാനം ചെയ്യുന്നവയല്ലാതായി. പാര്‍ടി യന്ത്രം കയ്യടക്കിവച്ചിട്ടുള്ള ഒരു വിഭാഗത്തിന്റേതു മാത്രമായിത്തീര്‍ന്നു പാര്‍ടി പത്രങ്ങള്‍. മാര്‍ക്സിസം – ലെനിനിസം കൈവെടിയുകയും പാര്‍ടിയുടെ അംഗീകൃതനയത്തെ നിരന്തരമായി അതിലംഘിക്കുകയും ചെയ്തുപോന്നു. ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ഏകപക്ഷീയവും ഒരു വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നവയുമായിത്തീര്‍ന്നു. പ്രത്യയശാസ്ത്രപരമായ വിവാദങ്ങളില്‍ ഒരു പക്ഷത്തിന്റെ അഭിപ്രായങ്ങളെ മാത്രമേ അവ പ്രസിദ്ധീകരിച്ചുള്ളു. ചിന്ത ആവിര്‍ഭവിച്ചത് ഈ പശ്ചാത്തലത്തിലാണ്. അതാരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും മുന്‍കൈയെടുത്തതു ചൈനാ പക്ഷക്കാര്‍ എന്നു മുദ്രയടിക്കപ്പെട്ടവരും ആ നിലയ്ക്കു മാസങ്ങളോളം ജയിലില്‍ കിടക്കാന്‍ ഇടയായവരുമാണ്.

‘‘സോഷ്യലിസത്തിന്റെയും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പരമശത്രുക്കള്‍ ഇന്നതിന്റെ മാലാഖമാരായി പ്രത്യക്ഷപ്പെടുന്നു. അവരുടെ വിഷലിപ്തമായ പ്രചരണങ്ങള്‍ സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ഭിന്നിപ്പിക്കുകയും ആശയദാരിദ്ര്യത്തില്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ വിപത്തിനെ ഞങ്ങളുടെ എളിയ കഴിവിനനുസരിച്ച് വെല്ലുവിളിക്കുക തന്നെ ചെയ്യും” എന്ന് പ്രസ്താവിച്ചുകൊണ്ടാണ് 1963 ആഗസ്ത് 15ന് ‘ചിന്ത’യുടെ പ്രഥമലക്കം പ്രസിദ്ധീകരിച്ചത്.

ചിന്തയുടെ ആവിര്‍ഭാവത്തെയും അതിനു കടന്നുപോകേണ്ടിവന്ന വൈതരണികളേയും വിവിധ സഖാക്കള്‍ വഹിച്ച പങ്കിനെയും കുറിച്ചൊക്കെ ‘ചിന്ത’യുടെ 10–ാം വാര്‍ഷികപ്പതിപ്പിലും 20–ാം വാര്‍ഷികപ്പതിപ്പിലും സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതിനാല്‍ അതൊക്കെ വീണ്ടും ഇവിടെ ആവര്‍ത്തിക്കുന്നില്ല. ചിന്ത കടന്നുപോന്ന പടവുകള്‍ ചുരുക്കത്തില്‍ പരാമര്‍ശിക്കുവാന്‍ മാത്രമാണിവിടെ ഉദ്ദേശിക്കുന്നത്.

പാര്‍ടി പത്രങ്ങളുടെ ഏകപക്ഷീയമായ സമീപനംകൊണ്ടു പാര്‍ടി സഖാക്കളും ബന്ധുക്കളും മടുത്തുകഴിഞ്ഞിരുന്ന സാഹചര്യത്തില്‍ ‘ചിന്ത’ സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, ബോംബെയിലും മറ്റും മറുനാടന്‍ മലയാളികള്‍ക്കിടയിലും അതിന്റെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. ബോംബെയിലെ കറന്റ് വാരിക, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ ചിന്തക്കെതിരെ ‘‘ചൈനാ പക്ഷപാതിത്വവും” മറ്റും ആരോപിച്ചുകൊണ്ട് പ്രചരണമാരംഭിക്കുകയും ചെയ്തു. ചിന്തയുടെ പ്രചാരം നാള്‍ക്കുനാള്‍ കൂടിവരുന്നതുപോലെ ദേശാഭിമാനി, ജനയുഗം തുടങ്ങിയവയുടെ സര്‍ക്കുലേഷന്‍ കുറയുകയും ചെയ്തു. അതോടെ ‘ചിന്ത’ ദേശാഭിമാനിയില്‍ അച്ചടിക്കുന്നതിന് വിലക്കും വന്നു.

പിന്നീട് കോഴിക്കോടും തൃശ്ശൂരും കുന്നംകുളത്തുമൊക്കെയായി 12–ാം ലക്കം മുതല്‍ വിവിധ പ്രസുകളില്‍ അച്ചടിച്ചാണ് ‘ചിന്ത’ പുറത്തിറക്കിയത്. സ്റ്റാലിനെ വിലയിരുത്തിക്കൊണ്ടുള്ള ബസവ പുന്നയ്യയുടെ ലേഖനം, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുറന്ന കത്തിനുള്ള ചൈനീസ് പാര്‍ടിയുടെ മറുപടി എന്നിവ ഈ ഘട്ടത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

ആശയപരമായ സമരം ഒരു വശത്തു നടക്കുമ്പോള്‍ തന്നെ സംഘടനാരംഗത്തും പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്നു. ചൈനാപക്ഷക്കാരെന്നു മുദ്രകുത്തി ജയിലിലടച്ച സഖാക്കളെ വിട്ടയയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്‍ക്കത്തയില്‍ ചേര്‍ന്ന ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തതിന് എ കെ ജിയെ പരസ്യമായി സെന്‍സര്‍ ചെയ്ത കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതേത്തുടര്‍ന്ന് വമ്പിച്ച സ്വീകരണമാണ് എ കെ ജിക്ക് നാടെങ്ങും ലഭിച്ചുകൊണ്ടിരുന്നത്. ഈ സ്വീകരണ യോഗങ്ങളിലെല്ലാം ‘ചിന്ത’ വായിക്കാനും പ്രചരിപ്പിക്കാനും എ കെ ജി പ്രത്യേകം ഉദ്ബോധിപ്പിക്കുകയുണ്ടായി.

സാമ്പത്തികമായി വളരെയേറെ വൈഷമ്യം നേരിട്ട ഈ ഘട്ടത്തില്‍ ബോംബെയില്‍നിന്നും മറ്റുമായി നാലായിരത്തില്‍പ്പരം രൂപ പിരിച്ചു എ കെ ജി ചിന്തയ്ക്കു നല്‍കുകയുണ്ടായിയെന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
ഈ ഘട്ടത്തില്‍ ചിന്തയുടെ ആവിര്‍ഭാവത്തെയും അതില്‍ വരുന്ന ‘പാര്‍ടി വിരുദ്ധ’ ലേഖനങ്ങളെയും കുറിച്ചന്വേഷിക്കാന്‍ കേന്ദ്ര കമ്മിറ്റിയുടെ കണ്‍ട്രോള്‍ കമ്മീഷന്‍ അന്വേഷണത്തിന് നിയോഗിക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് ഘാട്ടെയും പി നാരായണന്‍ നായരും കോഴിക്കോട് സന്ദര്‍ശിക്കുകയുണ്ടായി.

എ കെ ജിയുടെ പേരില്‍ സമാന്തര പ്രവര്‍ത്തനത്തിനു നടപടിയെടുക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അതിനിടെ പാര്‍ടി രണ്ടായി പിളര്‍ന്നിരുന്നു. വിവാദപരമായ ഡാങ്കെ കത്തുകളെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ ഡാങ്കെ അധ്യക്ഷസ്ഥാനത്തുനിന്നും മാറണമെന്നുള്ള ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇ എം എസ്, എ കെ ജി, എ വി കുഞ്ഞമ്പു, സി എച്ച് കണാരന്‍, വി എസ് അച്യുതാനന്ദന്‍, ഇ കെ നായനാര്‍, ഇ കെ ഇമ്പിച്ചിബാവ എന്നിവര്‍ ഉള്‍പ്പെടെ 32 പേര്‍ ഏപ്രില്‍ 11ന് ഇറങ്ങിപ്പോക്കു നടത്തുകയുണ്ടായി.

28–ാം ലക്കം മുതല്‍ ചിന്ത വീണ്ടും കോഴിക്കോട്ട് ഒരു സ്വകാര്യപ്രസ്സില്‍ അച്ചടിക്കാന്‍ തുടങ്ങി. എന്നാല്‍ സാമ്പത്തിക പരാധീനതകൊണ്ടും മറ്റും ഏറെനാള്‍ പത്രം തുടരാന്‍ കഴിഞ്ഞില്ല. 1964 ആഗസ്ത് 14ന് പുറത്തുവന്ന 31–ാം ലക്കത്തോടെ ചിന്തയുടെ പ്രസിദ്ധീകരണം നിലച്ചു.

പാര്‍ടി രണ്ടായി കഴിഞ്ഞതില്‍പ്പിന്നെ 1964 മെയ് 10ന് ദേശാഭിമാനി ഇടതുപക്ഷത്തിന്റെ അധീനതയിലായി. ചിന്തയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവരൊക്കെത്തന്നെയാണ് ദേശാഭിമാനി സംരക്ഷിക്കാനും മുന്‍നിന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. അതിനുപുറമെ പാര്‍ടി രണ്ടായതിനെത്തുടര്‍ന്ന് പിന്നീട് സിപിഐ എം രൂപീകരിക്കുന്നതിലേക്ക് ചെന്നെത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളിലും സഖാക്കള്‍ക്കാകെ മുഴുകേണ്ടിവന്നു.

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കത്തയില്‍വെച്ചു ചേര്‍ന്ന ഏഴാം കോണ്‍ഗ്രസ്സിനെ തുടര്‍ന്ന് ഡിസംബര്‍ 31ന് രാജ്യത്താകെ ആയിരത്തില്‍പരം പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. ചിന്തയിലെയും ദേശാഭിമാനിയിലെയും ചില സഖാക്കളും അറസ്റ്റിലായി.

അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദ 1965 ജനുവരി 1ന് ചെയ്ത റേഡിയോ പ്രക്ഷേപണത്തില്‍ ചിന്ത ഉള്‍പ്പെടെ അഞ്ചു പ്രസിദ്ധീകരണങ്ങളുടെ പേരെടുത്തു പറയുകയുണ്ടായി. പാര്‍ടി അട്ടിമറി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അതുള്‍പ്പെടുത്തിക്കൊണ്ട് ഒരു വൈറ്റ് പേപ്പര്‍ ഇറക്കുമെന്നും പ്രസ്താവിച്ചിരുന്നു. എന്നാല്‍ വൈറ്റ് പേപ്പര്‍ പ്രസിദ്ധീകരിക്കുകയുണ്ടായില്ല.

പാര്‍ടിക്കെതിരായി ഇങ്ങനെ ആക്രമണം നടന്ന സാഹചര്യത്തില്‍ ‘ചിന്ത’ വീണ്ടും ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമായി. അങ്ങനെ 1965 ജൂണ്‍ 25ന് ചിന്ത വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. ജയിലില്‍നിന്ന് ‘ചിന്ത’ക്ക് പതിവായി ലേഖനങ്ങള്‍ അയച്ചുപോന്നു. കണ്ണൂര്‍ ജയിലില്‍ ഒരു പത്രാധിപ സമിതിതന്നെ ചിട്ടയായി പ്രവര്‍ത്തിച്ചിരുന്നു.

ആംഗ്ലോ ഐറിഷുകാരി ഏഥല്‍ വോയ്നിച്ച് രചിച്ച ഗാഡ്ഫ്ളൈ എന്ന പ്രസിദ്ധ നോവലിന്റെ തര്‍ജ്ജുമ കാട്ടുകടന്നല്‍ എന്ന പേരില്‍ ഇക്കാലത്ത് ചിന്തയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയുണ്ടായി. യശ്പാല്‍ എഴുതിയ സായുധവിപ്ലവത്തിന്റെ ചരിത്രം (ഭഗത്സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, രാജഗുരു, സുഖ്ദേവ് തുടങ്ങിയ വിപ്ലവകാരികളുടെ കഥയാണിതിലെ ഉള്ളടക്കം), മുസഫര്‍ അഹമ്മദ് എഴുതിയ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ ചരിത്രം എന്നിങ്ങനെ പ്രധാനപ്പെട്ട പല കൃതികളും ഇക്കാലത്തു ചിന്തയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നന്ദയ്ക്കു മറുപടി പറഞ്ഞുകൊണ്ടുള്ള ബസവപുന്നയ്യയുടെ ലേഖനപരമ്പരയും ഇക്കാലത്ത് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

ചിന്ത പുനരാരംഭിച്ചു രണ്ടു ലക്കം പുറത്തുവന്നപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞു പ്രസിദ്ധീകരണം തടയാന്‍ ഒരു ശ്രമം നടന്നു. അന്നു പുറത്തുണ്ടായിരുന്ന ഇ എം എസ് ഇടപെട്ടാണ് തടസ്സം നീക്കിയത്.

1966 മദ്ധ്യത്തിലും ഇതുപോലെ മറ്റൊരു ഗൂഢാലോചന അരങ്ങേറി. പ്രസ് കണ്‍സള്‍ട്ടേറ്റീവ് യോഗത്തില്‍ ചിന്തക്കെതിരെ ഒരു ലേഖനത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ പ്രതിനിധി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ കമ്മിറ്റിയിലെ പത്രാധിപന്‍മാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തതുമൂലം ഈ ഗൂഢാലോചനയും പൊളിഞ്ഞു.

1969 മാര്‍ച്ച് അവസാനത്തില്‍ പാര്‍ലമെന്റില്‍ ‘ചിന്ത’യെപ്പറ്റി ചില പരാമര്‍ശങ്ങളുണ്ടായി. പീക്കിംഗ് റേഡിയേവിന്റെ ഒരു പരസ്യം കുറച്ചുനാള്‍ ചിന്തയ്ക്കു കിട്ടിയിരുന്നു. ഇതു വിദേശ കൈക്കൂലിയാണെന്നായിരുന്നു ആരോപണം.
1969 ഏപ്രിലില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഇതു പരിശോധിക്കുകയുണ്ടായി. ഇതിനുമുമ്പ് ചിന്ത ആരംഭിച്ച ഘട്ടത്തിലും രാജാലു റോഡിലെ ആപ്പീസ് കുത്തിത്തുറന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു.

1968 കാലത്ത് ഒരു വിഭാഗം സിപിഐ എമ്മില്‍നിന്ന് തെറ്റിപ്പിരിഞ്ഞു നക്സലുകാര്‍ എന്ന പേരില്‍ ഒരു പാര്‍ടിയുണ്ടാക്കി. റിവിഷനിസത്തിനെതിരായെന്നപോലെ ഈ തീവ്രവാദികളുടെ വെല്ലുവിളിയെയും വിജയകരമായി നേരിടുന്നതിലും ചിന്ത ഗണ്യമായ പങ്കുവഹിച്ചു.

തിരുവനന്തപുരത്തേക്ക്
അതുവരെ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ചിന്ത 1970ല്‍ തിരുവനന്തപുരത്തേക്ക് മാറ്റി. ഇ എം എസ് പത്രാധിപത്യം ഏറ്റെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് ഡിസംബര്‍ 11 മുതല്‍ക്കാണ് ചിന്തയുടെ പ്രസിദ്ധീകരണമാരംഭിച്ചത്. ഈ ഘട്ടത്തില്‍ ചിന്തയുടെ ഉള്ളടക്കം കുറേക്കൂടി മെച്ചപ്പെട്ടു. അതുവരെ സാമ്പത്തിക വിഷയങ്ങള്‍, സാര്‍വദേശീയ സംഭവവികാസങ്ങള്‍ എന്നിവയൊക്കെ പലപ്പോഴും പരാമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും പതിവായ പംക്തി ഇവയ്ക്കൊന്നും ഉണ്ടായിരുന്നില്ല. പരേതനായ എം എസ് ദേവദാസ് ചിന്തയുമായി ബന്ധപ്പെട്ടത് ഇക്കാലത്താണ്. ചിന്ത കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ പദവിയിലേക്കുയര്‍ന്നതും ഇക്കാലത്താണ്. 1972ല്‍ ചിന്തയുടെ ഉടമാവകാശം സിപിഐ എം കേരള സംസ്ഥാന സെക്രട്ടറിയായ സി എച്ച് കണാരന്റെ പേരിലേക്കു മാറ്റി. സി എച്ചിന്റെ മരണശേഷം പ്രൊപ്രൈറ്റര്‍ഷിപ്പ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായ ഇ കെ നായനാരുടെ പേരിലേക്ക് മാറ്റി.

1973 ആഗസ്ത് മുതല്‍ ചിന്തയുടെ അച്ചടി തിരുവനന്തപുരത്തുനിന്നും എറണാകുളം ദേശാഭിമാനി അച്ചടിക്കുന്ന ചിന്ത പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനിയിലേക്ക് മാറ്റി.എഡിറ്റോറിയല്‍ ആപ്പീസ് തിരുവനന്തപുരത്തുതന്നെ തുടര്‍ന്നു.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ പാര്‍ടിയുടെ ദിനപത്രമായ ദേശാഭിമാനിക്കു മാത്രമല്ല വാരികയായ ചിന്തയ്ക്കും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തപ്പെട്ടു. കര്‍ക്കശമായ സെന്‍സര്‍ഷിപ്പിനെ മറികടന്നുകൊണ്ട് ആശയസമരം മുമ്പോട്ടുകൊണ്ടുപോവാന്‍ ചിന്തയ്ക്കു കഴിഞ്ഞു.

ഇ എം എസ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായതിനെത്തുടര്‍ന്ന് 1978 ജൂണ്‍ മുതല്‍ ഇ കെ നായനാര്‍ പ്രധാന പത്രാധിപരായി. സഖാവിന് പിന്നീട് ദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ 1982 ഒക്ടോബര്‍ മുതല്‍ മുഖ്യപത്രാധിപര്‍ വി എസ് അച്യുതാനന്ദനാണ്.

1970 മുതല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ചിന്തയുടെ എഡിറ്റോറിയല്‍ ആപ്പീസ് അച്ചടിയുടെ സൗകര്യം പരിഗണിച്ച് 1984 ജൂണ്‍ മുതല്‍ കൊച്ചിയിലേക്ക് മാറ്റി.

വിലപ്പെട്ട സംഭാവനകള്‍
1970 ല്‍ ഇ എം എസ് നമ്പൂതിരിപ്പാട് പത്രാധിപത്യം ഏറ്റെടുത്തതോടെ ചിന്തയുടെ ഉള്ളടക്കത്തിലും കെട്ടിലും മാറ്റം വന്നു. സാര്‍വദേശീയ സംഭവവികാസങ്ങളും സാമ്പത്തിക ഗതിവിഗതികളുമൊക്കെ അതിനുമുമ്പ് കൈകാര്യം ചെയ്തിരുന്നുവെങ്കിലും പ്രത്യേക പംക്തിയെന്ന നിലയില്‍ ഓരോ ആഴ്ചയിലും ഇത്തരം സംഭവവികാസങ്ങള്‍ ചിട്ടയായി പരാമര്‍ശിക്കാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങള്‍, പ്രധാന സമരങ്ങള്‍ എന്നിവയൊക്കെ പ്രത്യേക പംക്തികളിലൂടെ പരാമര്‍ശിക്കുന്നു.

ഈ ഘട്ടത്തില്‍ ആരംഭിച്ച ശ്രദ്ധേയമായ മറ്റൊരു പംക്തി ഇ എം എസ് കൈകാര്യം ചെയ്യുന്ന ചോദ്യോത്തരപംക്തിയാണ്. ദേശീയ – സാര്‍വദേശീയ സംഭവവികാസങ്ങള്‍, സംഘടനാകാര്യങ്ങള്‍തൊട്ട് സുര്‍ജിത്തിന്റെ താടിയും തലപ്പാവും ശബരിമലപ്പോക്കും വരെയുള്ള പ്രശ്നങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ ഉത്തരം ലഭിക്കുന്ന ഈ പംക്തി ശരിക്കും ഒരു പാര്‍ടിസ്കൂളിന്റെ ഫലം ചെയ്യുന്നു. സമകാലിക പ്രസ്ഥാനങ്ങള്‍ സംബന്ധിച്ച പല ഉത്തരങ്ങളും വാര്‍ത്താ പ്രാധാന്യമുള്ളവയായി ഉദ്ധരിക്കപ്പെടുന്നു. അതിനുംപുറമെ മറ്റു സംസ്ഥാനങ്ങളിലെ പാര്‍ടി പ്രസിദ്ധീകരണങ്ങളും വളരെയേറെ ശ്രദ്ധിക്കുന്ന ഒരു പംക്തിയാണിത്. (ഉദാ: കര്‍ണാടകത്തിലെ പാര്‍ടിപത്രം ഇത് പതിവായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നുണ്ട്). ഈ പംക്തിയില്‍ വന്ന ഉത്തരങ്ങള്‍ ഇനംതിരിച്ച് ഏതാനും പുസ്തകങ്ങള്‍ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും പ്രസ്താവ്യമാണ്.

അതുപോലെതന്നെ ചിന്തയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച എം എസ് ദേവദാസ് എഴുതിയ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രവും നാലുഭാഗങ്ങളായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എം എസിന്റെ തന്നെ പുരോഗമന സാഹിത്യത്തിന് ഒരു പരിപ്രേക്ഷ്യം, ഇ എം എസിന്റെ ഇന്ത്യാ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം എന്നിവയും ചിന്തയിലൂടെ കൈവന്ന നേട്ടങ്ങളാണ്. ഇതുപോലെ എടുത്തുപറയത്തക്ക മറ്റു പല കൃതികളുമുണ്ട്.

വിശേഷാല്‍ പ്രതികള്‍
ചിന്തയുടെ വിശേഷാല്‍ പ്രതികളില്‍ പലതും ശാശ്വതമൂല്യമുള്ളവയാണെന്നതും പ്രസ്താവ്യമാണ്. ക്ലാസിക്കുകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള 1976ലെ വിശേഷാല്‍ പ്രതി, 20–ാം വാര്‍ഷികപ്പതിപ്പ് (1983), അത്യന്താധുനികത, കേരള ചരിത്ര പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച സിമ്പോസിയം (1984), ഫാസിസ്റ്റ് വിരുദ്ധ വിജയത്തിന്റെ 40–ാം വാര്‍ഷികപ്പതിപ്പ് (1985), കിസാന്‍സഭയുടെ 50–ാം വാര്‍ഷികപ്പതിപ്പ് (1986), മേയ്ദിന ശതവാര്‍ഷികപ്പതിപ്പ് (1986), പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ 50–ാം വാര്‍ഷികപ്പതിപ്പ് (1987), വിദ്യാര്‍ഥി പ്രസ്ഥാന സുവര്‍ണജൂബിലിപ്പതിപ്പ്, മാര്‍ക്സ് പതിപ്പ് തുടങ്ങിയവയൊക്കെ വായനക്കാരുടെ പ്രശംസയ്ക്ക് പാത്രമായെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

ഇരുപത്തഞ്ചുകൊല്ലം മുമ്പ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഇടതുപക്ഷക്കാരെന്നറിയപ്പെട്ടിരുന്ന വിഭാഗം ആശയസമരത്തിന്റെ ഉപകരണമെന്ന നിലയ്ക്ക് ആരംഭിച്ച ചിന്തയ്ക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം പല പരീക്ഷണഘട്ടങ്ങളേയും നേരിടേണ്ടിവന്നു. ചിന്ത തുടങ്ങി ഒരു വര്‍ഷത്തിനകം കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി രൂപംകൊണ്ടു. തുടര്‍ന്ന് ഭരണാധികാരികള്‍ കടുത്ത മര്‍ദ്ദനം അഴിച്ചുവിട്ടു. ഒരേസമയം ഭരണവര്‍ഗ്ഗങ്ങളുമായും റിവിഷനിസ്റ്റുകാരുമായും പോരാടേണ്ടിവന്നു. പിന്നീട് നാലുകൊല്ലം തികയുന്നതിനുമുമ്പ് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ത്തന്നെ ഒരു വിഭാഗം നക്സലുകാര്‍ എന്ന പേരില്‍ തെറ്റിപ്പിരിഞ്ഞു. ഇടതുപക്ഷ സാഹസികമാര്‍ഗ്ഗം അവലംബിച്ച് പാര്‍ടിക്കുനേരെ ആക്രമണം ആരംഭിച്ചു. ഈ ഇടതുപക്ഷ വ്യതിയാനത്തിനെതിരെ പോരാടി വിജയം വരിക്കാനും പാര്‍ടിക്കു കഴിഞ്ഞു.

തുടര്‍ന്ന് അടിയന്തരാവസ്ഥുടെ ഇരുണ്ട നാളുകളില്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മറ്റൊരു നിര്‍ണായകഘട്ടത്തെ പാര്‍ടിക്കും പ്രസ്ഥാനത്തിനും നേരിടേണ്ടിവന്നു. വീര്‍പ്പുമുട്ടിക്കുന്ന സെന്‍സര്‍ഷിപ്പിന്റെ കടുംപിടിത്തത്തെ അതിജീവിച്ചുകൊണ്ട് ചിന്തയ്ക്ക് അതിന്റെ ദൗത്യം നിര്‍വഹിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് എണ്‍പതുകളുടെ ആദ്യപകുതിയില്‍ വര്‍ഗീയതയ്ക്കെതിരെ പോരാടിക്കൊണ്ട് മതേതര ജനാധിപത്യശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കുകയെന്ന കടമ നിര്‍വഹിക്കുന്നതിലും ചിന്ത ഗണ്യമായ പങ്കുവഹിച്ചു. രാജ്യത്തിന്റെ ഐക്യത്തിനുനേരെ വര്‍ഗീയ þ വിഘടനവാദശക്തികള്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ ശക്തികള്‍ക്കെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യശക്തികളുടെ ഐക്യം ഊട്ടിവളര്‍ത്തുന്നതിനുള്ള ശ്രമകരമായ കടമ നിറവേറ്റുന്നതിലും ചിന്ത അതിന്റേതായ പങ്കുവഹിക്കുന്നു.

മാര്‍ക്സിസം– ലെനിനിസത്തോടുള്ള അചഞ്ചലമായ കൂറും ജനങ്ങളിലുള്ള അളവറ്റ വിശ്വാസവും മാത്രം കൈമുതലായി ഇരുപത്തഞ്ചുകൊല്ലം മുമ്പ് ആരംഭിച്ച ‘ചിന്ത’ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട രാഷ്ട്രീയ വാരികയെന്ന പദവി നേടിയെടുത്തിരിക്കുന്നു. ശത്രുക്കളാലും മിത്രങ്ങളാലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രസിദ്ധീകരണമെന്ന സ്ഥിതിയിലേക്ക് അത് വളര്‍ന്നിരിക്കുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ നിസ്സീമമായ സഹകരണത്തിലൂടെയാണ് ചിന്ത വളര്‍ന്ന് ഇന്നത്തെ നിലയിലെത്തിയത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവരുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ചിന്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ പ്രതിഫലനമാണ് ഈ വളര്‍ച്ച. ജനങ്ങളുടെ നിര്‍ലോഭമായ സഹകരണം മേലിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തന്നെ ചിന്ത അതിന്റെ കടമ കൂടുതല്‍ കരുത്തോടും കാര്യക്ഷമതയോടും ഭാവിയിലും നിറവേറ്റുമെന്നതിന്റെ വാഗ്ദാനമാണ് അതിന്റെ ഈ രജതജൂബിലി പരിപാടികള്‍.
(ചിന്തയുടെ സ്ഥാപകപത്രാധിപരാണ് ലേഖകന്‍ 
ഇരുപത്തഞ്ചാം ജന്മദിന പതിപ്പിൽ എഴുതിയ ലേഖനം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 11 =

Most Popular