Sunday, September 8, 2024

ad

Homeഓർമചിന്ത പിന്നിട്ട ആറ് പതിറ്റാണ്ടിലൂടെ

ചിന്ത പിന്നിട്ട ആറ് പതിറ്റാണ്ടിലൂടെ

സി പി നാരായണൻ

ഗസ്ത് 15നു ചിന്ത വാരിക 61–ാം പ്രസിദ്ധീകരണ വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അവസരത്തിലാണ് ഈ വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. സിപിഐ എമ്മിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ആരംഭം. അവിഭക്ത സിപിഐയുടെ പ്രവർത്തനം കേരളത്തിൽ സജീവമായതോടെയായിരുന്നു ദേശാഭിമാനി പത്രത്തിന്റെ ആരംഭം, 80 വർഷം മുമ്പ്. അതിൽനിന്ന് വ്യത്യസ്തമായ സാഹചര്യത്തിലായിരുന്നു അതിന് ഇരുപതു വർഷത്തിനുശേഷം ‘ചിന്ത’യുടെ ആരംഭം.

ഡോ. ടി എം തോമസ് ഐസക്
(ചീഫ് എഡിറ്റർ)

കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളിവർഗ പ്രസ്ഥാനവും വലിയ വെല്ലുവിളി നേരിട്ട കാലത്തായിരുന്നു ചിന്ത വാരിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭൂപ്രഭു–മുതലാളി ഭരണവർഗങ്ങളുടെ പാർട്ടിയായി, 1947 ആഗസ്ത് 15നു ശേഷം. എന്നാൽ, 1952ലെ ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. സ്വാതന്ത്ര്യലബ്ധിയുടെ ആരവം അടങ്ങുന്നതിനുമുമ്പുതന്നെ ഭൂരിപക്ഷ ജനപിന്തുണ ലഭിക്കാതിരുന്നത് ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കി. അതിനെ തുടർന്നാണ് അന്നത്തെ മദിരാശി പ്രവിശ്യയിലെ ആവടിയിൽ ചേർന്ന കോൺഗ്രസ്സിന്റെ സമ്പൂർണ സമ്മേളനം സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം കെട്ടിപ്പടുക്കുക ലക്ഷ്യമായി പ്രഖ്യാപിച്ചത്. അതിനെതുടർന്ന് സിപിഐ നേതൃത്വത്തിലെ ഒരു വിഭാഗം കോൺഗ്രസിൽ പുരോഗമനം ദർശിക്കാൻ തുടങ്ങി. എന്നാൽ, പാർട്ടിയിലെ മറ്റൊരു വിഭാഗം തൊഴിലാളി–കർഷകാദി ജനസാമാന്യത്തിൽ വ്യാമോഹം സൃഷ്ടിച്ച് തങ്ങളോടൊപ്പം നിർത്താനുള്ള അടവു മാത്രമാണ് കോൺഗ്രസിന്റേതെന്ന് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കുന്ന പുരോഗമന വായ്-ത്താരിയുടെ അടിസ്ഥാനത്തിലാണോ, അതോ അതിന്റെ സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നടപടികളുടെ അടിസ്ഥാനത്തിലാണോ ആ പാർട്ടിയെയും അതിന്റെ സർക്കാർ കെെക്കൊള്ളുന്ന നടപടികളെയും വിലയിരുത്തേണ്ടത് എന്ന ചോദ്യം സിപിഐക്കുള്ളിൽ ചർച്ചാവിഷയമായി. കമ്യൂണിസ‍റ്റ് പാർട്ടി നേതൃത്വത്തിന്റെ നിലപാട് കോൺഗ്രസ്സിനെ വിലയിരുത്തേണ്ടത് കോൺഗ്രസ് പ്രഖ്യാപിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിലാകണം എന്നായിരുന്നു. എന്നാൽ, കീഴ്ഘടകങ്ങളിലും അണികളിലും ഭൂരിപക്ഷം അഭിപ്രായപ്പെട്ടത് കോൺഗ്രസ് പാർട്ടിയുടെയും സർക്കാരിന്റെയും ചെയ്തികളുടെ അടിസ്ഥാനത്തിൽ ആകണം എന്നായിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലം പാർട്ടിക്കുള്ളിൽ നിരന്തരമായ ചർച്ചയ്ക്കു വിഷയീഭവിച്ചിരുന്നു ഇത്.

1950കളുടെ ആദ്യം ഇന്ത്യയും ചെെനയും തമ്മിൽ വലിയ സൗഹാർദമായിരുന്നു. അതിന്റെ ഉൽപ്പന്നമായിരുന്നു ഇന്ത്യാ–ചെെനാ പ്രധാനമന്ത്രിമാരായിരുന്ന നെഹ്റുവും ചൗ എൻ ലായും തമ്മിൽ ചർച്ച ചെയ്ത് ആവിഷ്കരിച്ച പഞ്ചശീല പ്രഖ്യാപനം. പക്ഷേ 1960 ആയപ്പോഴേക്ക് ഇന്ത്യ–തിബത്ത് അതിർത്തി രേഖ സംബന്ധിച്ച് രണ്ടു രാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നത യുണ്ടായി. രണ്ടു രാജ്യങ്ങളുടെയും സർക്കാരുകളും നേതാക്കളും തമ്മിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണം എന്ന നിലപാടായിരുന്നു പിന്നീട് സിപിഐ എം ആയിത്തീർന്ന സിപിഐയിലെ ഇടതുവിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ, പാർട്ടിയുടെ ഒൗദ്യോഗിക നേതൃത്വം ഇന്ത്യാ സർക്കാരിന്റെ നിലപാടിനു നിരുപാധിക പിന്തുണ നൽകുകയായിരുന്നു.

പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ കഴിയാത്തതിനെത്തതുടർന്ന് 1962 നവംബറിൽ ഇന്ത്യയും ചെെനയും തമ്മിൽ അതിർത്തി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സിപിഐയിലെ ഇതരവിഭാഗങ്ങളിലുംപെട്ട പല നേതാക്കളും പ്രവർത്തകരും കരുതൽ തടങ്കൽ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ടു. സിപിഐയിലെ ഒൗദ്യോഗിക നേതൃത്വത്തിന്റെ നിലപാടിനെതിരെ നിലകൊണ്ട വിഭാഗത്തിന്റെ അഭിപ്രായം പാർട്ടി പത്രങ്ങൾ പ്രസിദ്ധീകരിക്കാതെ വന്നപ്പോൾ, അത് പ്രസിദ്ധീകരിക്കുന്നതിനായി അക്കാലത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ കെ നായനാരും കെ ചാത്തുണ്ണി മാസ്റ്ററും മുൻകയ്യെടുത്ത് ചിന്ത വാരിക 1963 ആഗസ്ത് 15 മുതൽ പ്രസിദ്ധീകരണം ആരംഭിച്ചു. ചിന്ത വാരിക ആരംഭിച്ചത് പാർട്ടിയുടെ ഒരു ചരിത്ര ദൗത്യം നിർവഹിക്കുന്നതിനായിരുന്നു.

പത്രാധിപ സമിതി
സി പി നാരായണൻ, ഗിരീഷ് ചേനപ്പാടി, ജി വിജയകുമാർ
കെ ആർ മായ, ആര്യ ജിനദേവൻ

1964ലെ ഭിന്നിപ്പിനുശേഷം സിപിഐ എമ്മില്‍ 1968 അവസാനമായപ്പോഴേക്ക് പിന്നീട് നക്സലൈറ്റ് എന്നു വിളിക്കപ്പെട്ട ഇടതുപക്ഷ തീവ്രവാദം ഉയര്‍ന്നുവന്നിരുന്നു. ചൈനീസ്- പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും അതിന് അന്ന് ഉണ്ടായിരുന്നതിനാല്‍ അത് പാര്‍ട്ടിക്ക് ആശയപരമായും സംഘടനാപരമായും കുറച്ചു ദോഷംചെയ്തു. 1969 അവസാനമായപ്പോഴേക്ക് സിപിഐ കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷ നേതൃത്വത്തിലുള്ള മുന്നണികള്‍ വിട്ട് കോണ്‍ഗ്രസിനൊപ്പം കൂടി. ഈ സ്ഥിതിവിശേഷം സംബന്ധിച്ച് പാര്‍ട്ടിയെയാകെ ബോധവല്‍ക്കരിക്കുകയും ആശയപരമായി ആയുധം അണിയിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം 1970 അവസാനം തലശ്ശേരിയില്‍ ചേര്‍ന്ന പാര്‍ട്ടിപ്ലീനം തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തില്‍ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. അവയില്‍ ഒന്നായിരുന്നു ചിന്ത വാരികയുടെ പ്രസിദ്ധീകരണം പാര്‍ട്ടിയുടെ ഔപചാരിക നേതൃത്വത്തിലാക്കുക (അതേവരെ അങ്ങനെയായിരുന്നില്ല), അതിനെ പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ മാധ്യമമാക്കുക, അതിനുവേണ്ട രീതിയില്‍ അതിന്റെ ഉള്ളടക്കവും നടത്തിപ്പും പുനഃസംവിധാനം ചെയ്യുക എന്നിവ.

ആർ പാർവതി ദേവി

അങ്ങനെ 1970 ഡിസംബര്‍ ആദ്യവാരം മുതല്‍ ചിന്ത വാരിക തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. ഇ എം എസായിരുന്നു പത്രാധിപര്‍. പ്രൊഫ. എം എസ് ദേവദാസ്, ഡോ. മാത്യു കുര്യന്‍, പി ഗൗരീദാസന്‍നായര്‍, രണ്ട് സി പി നാരായണന്മാര്‍ എന്നിവരായിരുന്നു പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡോ. ജേക്കബ് ഈപ്പന്‍, ഡോ. എം പി പരമേശ്വരന്‍ എന്നിവര്‍ അക്കാലത്ത് പതിവായി ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. കെ ചന്ദ്രനും എം സെയ്ദുമായിരുന്നു ഓഫീസ് ജോലികള്‍ നിര്‍വഹിച്ചിരുന്നത്.

മാര്‍ക്സിസം–ലെനിനിസത്തിന്റെ പ്രയോഗത്തില്‍ ഉണ്ടാകാവുന്ന പാളിച്ചകളാണ് വലതുപക്ഷ അവസരവാദവും ഇടതുപക്ഷ തീവ്രവാദവും. ആദ്യത്തേത് പാര്‍ട്ടിയില്‍ തലപൊക്കിയപ്പോള്‍ അതിനെതിരായ സമരത്തില്‍ ഉണ്ടാകാനിടയുള്ളതാണ് ഇടതുപക്ഷ തീവ്രവാദപാളിച്ച. രണ്ടും തൊഴിലാളിവര്‍ഗത്തിന്റെയും സഹോദരശക്തികളുടെയും സമരവീര്യത്തെയും ജാഗ്രതയെയും ഐക്യത്തെയും ശോഷിപ്പിക്കുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ഭരണക്കുത്തകയ്ക്ക് പല സംസ്ഥാനങ്ങളിലും അതിന്റെ ആന്തരിക ദൗര്‍ബല്യങ്ങളാലും ജനരോഷംമൂലവും കനത്ത പ്രഹരമേറ്റ കാലമായിരുന്നു അത്. ആ സന്ദര്‍ഭത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള സാധ്യതയെ ക്ഷീണിപ്പിക്കുന്നതായിരുന്നു മുകളില്‍പറഞ്ഞ വലത് –ഇടത്- വ്യതിയാനങ്ങള്‍. പാര്‍ട്ടിക്കത്തെ പാളിച്ച തിരുത്തുക മാത്രമായിരുന്നില്ല പ്രശ്നം. കോണ്‍ഗ്രസ് അതുവരെ നടപ്പാക്കിവന്ന വലതുപക്ഷ നയപരിപാടിക്കു ബദലായി, 1957ല്‍ കേരളത്തില്‍ ചെയ്തതുപോലെ, ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരികയും നടപ്പാക്കുകയും ആയിരുന്നു അവശ്യം വേണ്ടിയിരുന്നത്.

നാരായണൻ ചെമ്മലശ്ശേരി, അനിൽകുമാർ എ വി, കെ എസ് രഞ്ജിത്ത്, എം രഘുനാഥ്

വലതുപക്ഷ അവസരവാദത്തിനെതിരായ സമരം സിപിഐ എന്ന പാര്‍ട്ടിയോടോ അതിലെ നേതാക്കളോടോ മാത്രമായിരുന്നില്ല. അതുപോലെ ഇടതുപക്ഷ തീവ്രവാദത്തിനെതിരായ സമരം നക്സലൈറ്റ് വിഭാഗങ്ങളോടോ അതിന്റെ പ്രവര്‍ത്തകരോടോ മാത്രമായിരുന്നില്ല. അവ രണ്ടും പ്രതിനിധാനംചെയ്ത രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ കാഴ്ചപ്പാടിനും അവബോധത്തിനും പ്രവര്‍ത്തന ശൈലിക്കും എതിരെയായിരുന്നു. സിപിഐ എം സഖാക്കളുടെ ചിന്താഗതിയും പ്രവര്‍ത്തനശൈലിയും ഇതിനുപറ്റിയ രൂപഭാവങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിന് സഹായകമായ രീതിയിലാകണം ‘ചിന്ത’യുടെ ആശയ സംവേദനം.

എം സെയ്ദ്

അന്ന് ‘ചിന്ത’യ്ക്ക് ഡെമി വലുപ്പത്തില്‍ 12 പേജാണ് ഉണ്ടായിരുന്നത്. അതിലെ ആദ്യവും അവസാനവുമുള്ള ഈരണ്ട് പേജുകളിലെ ഉള്ളടക്കം പാര്‍ട്ടി ബ്രാഞ്ച് മുതല്‍ക്കുള്ള ഘടകങ്ങള്‍ അതത് ആഴ്ച ചര്‍ച്ചചെയ്യണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. അതിനു ചേര്‍ന്നവിധത്തില്‍ ആ പേജുകളില്‍ കൊടുക്കാനുള്ള ലേഖനങ്ങളും കുറിപ്പുകളും തയ്യാറാക്കേണ്ടിയിരുന്നു. അതിനുപുറമെ ബാക്കി എട്ടുപേജുകളില്‍ രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, സാംസ്കാരികം എന്നീ മണ്ഡലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍. വായനക്കാര്‍ക്ക് ഒരു പുതിയ അവബോധം, സാമൂഹ്യ–രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളില്‍ ഒരു പുതിയ വീക്ഷണം നല്‍കുകയായിരുന്നു അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.

ചിന്ത പ്ലസ് ഉദ്ഘാടനവേള
ചിന്ത പ്ലസ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തപ്പോൾ

തിരുവനന്തപുരത്തുനിന്ന് ‘ചിന്ത’ പ്രസിദ്ധീകരണം ആരംഭിച്ച് അധികം താമസിയാതെ ഇ എം എസ് ചോദ്യോത്തരപംക്തി ആരംഭിച്ചു. അംഗങ്ങളുടെയും മറ്റും ആശയപരമായ സംശയങ്ങള്‍ക്കു നിവൃത്തി വരുത്തുകയായിരുന്നു ഈ പംക്തിയുടെ ലക്ഷ്യം. വായനക്കാരുടെ ഗൗരവമായ സംശയങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിലും ഭാഷയിലും നല്‍കപ്പെട്ട ഉത്തരങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകാലം മുടങ്ങാതെ നടന്ന ആ പംക്തി ഇരുപതാം നൂറ്റാണ്ടിലെ മലയാളിയുടെ ഒരു സവിശേഷ സംവാദാനുഭവമായിരുന്നു, ചിന്താപരമായി.

ഗോപി കൊൽക്കത്ത

പാര്‍ട്ടി സഖാക്കളുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ വിദ്യാഭ്യാസത്തിനായി മാര്‍ക്സിസ്റ്റ് പദാവലി, കെഎസ-്-യുവും സാംസ്കാരിക വിപ്ലവവും, തീവ്രവാദത്തിന്റെ മുഖംമൂടി നീക്കിയാല്‍, ഇന്ത്യാചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം മുതലായ ഇ എം എസ് കൃതികള്‍ 1970കളില്‍ പലപ്പോഴായി ചിന്തയില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി. എം എസ് ദേവദാസിന്റെ കനപ്പെട്ട കൃതികളായ മാര്‍ക്സിസ്റ്റ് ദര്‍ശനം, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എന്നിവയും അക്കാലത്ത് ചിന്തയിലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. മാര്‍ക്സിന്റെ ചരമശതാബ്ദിയുടെ അവസരത്തില്‍ മാര്‍ക്സിസത്തിന്റെ ഉറവിടങ്ങള്‍ (സി പി നാരായണന്‍) എന്ന കൃതിയും ഇതുപോലെ ചിന്തയിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. മാർക്സിന്റെ 200–ാം ജന്മവാർഷികത്തോടനുബന്ധിച്ച് മാർക്സിന്റെ സമരങ്ങൾ (ജി വി ജയകുമാർ) എന്ന പരമ്പരയ്ക്കു പുറമെ നിരവധി ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധികരിച്ചു. ഒക്ടോബർ വിപ്ലവത്തിന്റെ 100–ാം വർഷികം മൂലധനം പ്രസിദ്ധീകരിച്ചതിന്റെ 150–ാം വാർഷികം എന്നീ അവസരങ്ങളിലും ലേഖന പരമ്പരകൾ ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറമെ മാർക്സിസ്റ്റ് ക്ലാസിക്കുകൾ (കെ എൻ ഗണേശ്) രക്തനക്ഷത്രങ്ങൾ (പി എസ് പൂഴനാട്) എന്നീ പരമ്പരകളും ഈ കാലത്തിനിടയിൽ ചിന്ത വാരികയിലൂടെ പുറത്തുവന്നിരുന്നു.

പി ഗോവിന്ദപ്പിള്ള തര്‍ജുമചെയ്ത കാട്ടുകടന്നല്‍, എം എന്‍ സത്യാര്‍ത്ഥി തര്‍ജുമചെയ്ത സാവിത്രിറോയിയുടെ നെല്ലിന്റെ ഗീതം, ദത്ത് ക്വാങ് എന്ന വിയത്നാം നോവല്‍, സെഡ് എന്ന ഗ്രീക്ക് നോവല്‍ എന്നിവയും ചിന്ത വായനക്കാരെ ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ ഏറെ ആകര്‍ഷിച്ച ഇനങ്ങളായിരുന്നു. പിന്നീട് വിദേശകാര്യം, സാമ്പത്തികം, വര്‍ഗ–ബഹുജന സംഘടനാരംഗം, ദേശീയ–സംസ്ഥാനകാര്യങ്ങള്‍ മുതലായവ സംബന്ധിച്ച ലേഖനങ്ങളും കുറിപ്പുകളും നല്‍കുന്നതിന് സ്ഥലം കണ്ടെത്താനായി പേജ് 16 ആക്കി. നോവല്‍ പരമ്പരയായി നല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.

പോയ വാരത്തിലെ പ്രധാനപ്പെട്ട സമരങ്ങളെക്കുറിച്ചുള്ള ലഘുവിവരം നല്‍കുന്ന പംക്തി 1970–80 കളിലെ സവിശേഷതയായിരുന്നു.

1970കളില്‍ മറക്കാനാവാത്ത ഓര്‍മ്മകളായി അവശേഷിക്കുന്നത് അടിയന്തരാവസ്ഥയുടെ നാളുകളാണ്. ദേശാഭിമാനിയില്‍ തുടക്കം മുതല്‍ക്കേ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെങ്കിലും, ചിന്തയുടെമേല്‍ തുടക്കത്തില്‍ അത് ഏര്‍പ്പെടുത്തിയിരുന്നില്ല. ഗവണ്‍മെന്റിന്റെ ചെയ്തികളെയും കോണ്‍ഗ്രസിന്റെ അമിതാധികാര വാഴ്ചയെയും വിമര്‍ശിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പതിവായി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. വസ്തുതകള്‍ നിരത്തി കുറിക്കുകൊള്ളുന്ന വിമര്‍ശനം ഉന്നയിച്ചിരുന്നുവെങ്കിലും, ശൈലിയില്‍ മിതത്വം പാലിച്ചിരുന്നു; സെന്‍സര്‍ഷിപ്പ് വിളിച്ചുവരുത്താതിരിക്കാന്‍.

എന്നാല്‍, അടിയന്തരാവസ്ഥയ്-ക്കെതിരായ പ്രചരണത്തിന് പാര്‍ട്ടി ചിന്തയെ ഉപയോഗിക്കുന്നു എന്നു കണ്ടതുകൊണ്ടോ എന്തോ, ഏറെ താമസിയാതെ ചിന്തയുടെമേലും സെന്‍സര്‍ഷിപ്പിന്റെ പാശം വന്നുവീണു. അക്കാലത്ത് എറണാകുളത്തെ ദേശാഭിമാനി പ്രസില്‍ ആയിരുന്നു ചിന്തയുടെ അച്ചടി. ഉള്ളടക്കം ഏറിയകൂറും തിരുവനന്തപുരത്തായിരുന്നു തയ്യാറാക്കപ്പെട്ടിരുന്നത്. അതിനാല്‍ തിരുവനന്തപുരത്തെ കേന്ദ്ര പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഓഫീസര്‍ക്കായിരുന്നു സെന്‍സര്‍ഷിപ്പിന്റെ ചുമതല. ആദ്യം ഉണ്ണിത്താന്‍, പിന്നീട് കുരുവിള.

തങ്ങളുടെമേല്‍ മേധാവികളുടെ അപ്രീതി വന്നു പതിക്കാതിരിക്കാന്‍ സെന്‍സറിങ്ങിന്റെ പേരില്‍ എന്ത് അസംബന്ധവും ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. തന്മൂലം ചിന്തയുടെ 12 പേജ് മാറ്റര്‍ ഉണ്ടാക്കുന്നതിന് പലപ്പോഴും അതിന്റെ 150 ശതമാനമോ ഇരട്ടിപോലുമോ മാറ്റര്‍ തയ്യാറാക്കേണ്ട ഗതികേടിലായിരുന്നു പത്രാധിപസമിതി. ഇ ബാലാനന്ദന്‍ ഒരു സ്പെഷ്യല്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തിന്റെ ആദ്യവും അവസാനവുമുള്ള ഏതാനും വരികളൊഴിച്ച് ബാക്കിയെല്ലാം സെന്‍സറുടെ കത്രിക വെട്ടിക്കളഞ്ഞു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അവസാനമുള്ള ‘‘സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ചങ്ങലയല്ലാതെ മറ്റൊന്നുമില്ല’’, എന്ന ഭാഗം സെന്‍സര്‍ വെട്ടിക്കളഞ്ഞു. രവീന്ദ്രനാഥ ടാഗോറിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വരികള്‍, മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും വരികള്‍ മുതലായവയും വെട്ടിക്കളഞ്ഞിരുന്നു. സ്വാതന്ത്ര്യം, ധീരമായ നിലപാട്, അടിമത്തത്തിനും വിധേയത്വത്തിനും എതിരായ സമീപനം തുടങ്ങി ജനാധിപത്യ കാഴ്ചപ്പാടിന്റെ ഏതു മുഖത്തെയും അംശത്തെയും ജനങ്ങളുടെ ദൃഷ്ടിയില്‍നിന്ന് മറച്ചുപിടിക്കുക എന്നതായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ നയസമീപനവും തീരുമാനവും. ഏതെങ്കിലും ലേഖനമോ കുറിപ്പോ പൂര്‍ണ്ണമായോ ഭാഗികമായോ വെട്ടിക്കളഞ്ഞത് സൂചിപ്പിക്കാനായി അത്രയും സ്ഥലമോ സൂചനയായി ഏതാനും വരികളോ ബ്ലാങ്കായി വിടുന്നതിനും സെന്‍സര്‍ അനുമതി നല്‍കിയിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ–സാമൂഹ്യ–സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പലതരം അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവന്നപ്പോള്‍, ദേശാഭിമാനി, ചിന്ത മുതലായ ആനുകാലികങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നത് മറ്റൊരുതരം അടിച്ചമര്‍ത്തലായിരുന്നു.

അക്കാലത്ത് ചിന്ത പത്രാധിപവിഭാഗത്തില്‍ ഉണ്ടായിരുന്നത് രണ്ട് സി പി നാരായണന്മാര്‍ക്കുപുറമെ സി ഭാസ്കരനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുമ്പുമുതല്‍ ഭാസ്കരന്‍ ചിന്തയില്‍ ചേര്‍ന്നിരുന്നു. അതിനുമുമ്പായി ചെറിയ കാലയളവുകളിലേക്ക് ബാബു ഭരദ്വാജ്, ചേലാട്ട് സുരേന്ദ്രന്‍, ചിന്ത രവി മുതലായവര്‍ ചിന്തയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറച്ചുകാലം സി പി ഭാസ്കരനും ഉണ്ടായിരുന്നു. പിന്നീട് 1990കളുടെ ആദ്യം അനില്‍കുമാര്‍ എ വി, കെ എസ് രഞ്ജിത്ത്, പി എസ് രവീന്ദ്രന്‍, ധനേശന്‍ കരിവെള്ളൂര്‍, ഗിരീഷ് ചേനപ്പാടി, രഘു, ജി വിജയകുമാര്‍, കെ ആര്‍ മായ, ആര്യ ജിനദേവൻ എന്നിവര്‍ പല സന്ദര്‍ഭങ്ങളിലായി ചിന്തയില്‍ ചേര്‍ന്നു. പി എസ് രവീന്ദ്രനെ അകാലമൃത്യു തട്ടിക്കൊണ്ടുപോയി. ദേശാഭിമാനി പത്രാധിപ സമിതി അംഗമായിരുന്ന അനിൽകുമാർ എ വി തിരിച്ച് ദേശാഭിമാനിയിലേക്ക് മടങ്ങി. മറ്റുള്ളവരില്‍ കെ എസ് രഞ്ജിത്, ധനേശന്‍, രഘു എന്നിവര്‍ മറ്റ് ഓരോ സ്ഥാപനങ്ങളില്‍ ചേരാനായി ചിന്ത വിട്ടുപോയി. ദേശാഭിമാനിയുടെ കൊൽക്കത്ത ലേഖകനായ ഗോപി, പശ്ചിമബംഗാളിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് പതിവായി ലേഖനങ്ങൾ ചിന്തയ്ക്ക് അയച്ചു തന്നിട്ടുണ്ട്; ഇപ്പോഴും ആ പതിവ് തുടരുന്നു. ആർ രാധാകൃഷ്ണൻ ഹെെദ്രബാദിൽനിന്നും ലേഖനങ്ങൾ അയച്ചിരുന്നു.

2010 ല്‍ ഈ ലേഖകന്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയമിതനായപ്പോള്‍ വൈക്കം വിശ്വനായിരുന്നു ചിന്തയുടെ ചീഫ് എഡിറ്റര്‍. പി ജയരാജനാണ് അന്ന് പത്രാധിപര്‍ ഇന്‍ – ചാര്‍ജായി പ്രവര്‍ത്തിച്ചത്. അക്കാലംമുതൽ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പതിവായി ലേഖനങ്ങളെഴുതിയും ഉപദേശ – നിര്‍ദേശങ്ങള്‍ നല്‍കിയും പത്രാധിപ സമിതിയെ സഹായിച്ചുവരുന്നു. 2022 ഏപ്രിൽ മുതൽ തോമസ് ഐസക് ആണ് ചിന്തയുടെ മുഖ്യപ്രതാധിപർ. ചിന്തപ്ലസുമായി ബന്ധപ്പെട്ട് ഇപ്പോൾ ആർ പാർവതിദേവിയും പ്രവർത്തിക്കുന്നു. 1988 മുതല്‍ ഒരു വ്യാഴവട്ടക്കാലം ഭട്ടതിരി, ആര്‍ട്ടിസ്റ്റായി ചിന്തയെ സഹായിച്ചുകൊണ്ടിരുന്നു. കെ എ വേണുഗോപാലന്‍, കെ എച്ച് റഷീദ്, പത്മലത, കെ വിൻസി എന്നിവരാണ് ഇപ്പോള്‍ മാനേജ്മെന്റ് ജോലികള്‍ നിര്‍വഹിക്കുന്നത്.

1980കളുടെ അവസാന വർഷങ്ങളും 1990കളുടെ ആദ്യവര്‍ഷങ്ങളും ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ദുഃഖവും നിരാശയും ഇതികര്‍ത്തവ്യതാമൂഢതയും സൃഷ്ടിച്ച കാലമായിരുന്നു. ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കലാപം, കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും സോവിയറ്റ് യൂണിയന്റെയും തകര്‍ച്ച എന്നിവയാണ് ആ വികാരങ്ങള്‍ സൃഷ്ടിച്ചത്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരിലും അവ അനുരണനങ്ങള്‍ സൃഷ്ടിച്ചെങ്കിലും, സിപിഐ എം ചെന്നൈയില്‍ ചേര്‍ന്ന 14–ാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലാകെ വിപുലമായ ചര്‍ച്ച നടന്നു. പുതിയ സ്ഥിതിവിശേഷത്തെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും നേരിടാനുള്ള ധൈര്യം പാർട്ടി സഖാക്കള്‍ സമാഹരിച്ചു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം, സാര്‍വദേശീയതലത്തിലെ തിരിച്ചടി പാര്‍ട്ടി സഖാക്കളുടെ ആത്മവിശ്വാസത്തിനോ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസത്തിനോ കാര്യമായ കോട്ടമൊന്നും തട്ടിച്ചില്ല എന്ന് സ്പഷ്ടമാക്കി. മാറിയ സാഹചര്യങ്ങള്‍ നല്‍കുന്ന കടമയും ഉത്തരവാദിത്വവും നിര്‍വഹിക്കുന്നതിന് ചിന്ത തയ്യാറായി.

എന്നാല്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ അനുഭവം ഒരു കാര്യം വെളിവാക്കിയിട്ടുണ്ട്. തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ സംഘടനകളും പുതിയ വെല്ലുവിളികളെ നേരിടുന്നു. പ്രത്യേകിച്ച് നവലിബറല്‍ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള മുതലാളിത്തത്തിന്റെ ഇരച്ചുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍. പുതിയ പലതരം ഇടപെടലുകളും ആക്രമണങ്ങളും പ്രശ്നങ്ങളുമാണ് ഇന്ന് നേരിടേണ്ടത്. നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ പേര്‍ക്ക് മിനിമം ജീവിത സൗകര്യങ്ങളുടെ ചില അംശങ്ങളെങ്കിലും കൈവരിക്കാന്‍ കഴിയുന്നു. അതിലേറെ പ്രധാനം ഇവരില്‍ കൂടുതല്‍ വ്യാമോഹം സൃഷ്ടിക്കാന്‍ നവലിബറല്‍ മുതലാളിത്തത്തിനു കഴിയുന്നു എന്നതാണ്. ഇതും മുമ്പുണ്ടായിരുന്ന സാര്‍വദേശീയ ബോധം നിര്‍ജീവമായതും സൃഷ്ടിക്കുന്ന ഒരു പുതിയ മനോഭാവം അധ്വാനിക്കുന്ന ജനങ്ങളില്‍ വളര്‍ന്നുവരുന്നു.

1996 ആയപ്പോഴേക്ക് കോൺഗ്രസ്സിന് ഒറ്റയ്-ക്ക് ലോക്-സഭയിൽ ഭൂരിപക്ഷം ലഭിക്കാതായി. മറ്റു പാർട്ടികൾ അതുമായി കൂട്ടുചേരാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസ്–ബിജെപി ഇതരപാർട്ടികൾ മുൻകയ്യെടുത്ത് 1996ൽ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചു. പക്ഷേ, കോൺഗ്രസും ബിജെപിയും ചേർന്ന്- അതിനെ പരാജയപ്പെടുത്തി. 1998ൽ ബിജെപി മുൻകയ്യെടുത്ത് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചു. അത് അതിവേഗം തകർന്നു. 1999ൽ വീണ്ടും ലോക്-സഭാ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. എ ബി വാജ്പേയി നയിച്ച കൂട്ടുകക്ഷി മന്ത്രിസഭ 5 വർഷം നിലനിന്നു. ആ കൂട്ടുകെട്ടിൽ ബിജെപിക്കു ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാൽ ബിജെപിക്ക് അതിന്റെ നയപരിപാടി നടപ്പാക്കാൻ കഴിഞ്ഞില്ല. 2004ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻകയ്യിൽ മന്ത്രിസഭ രൂപീകരിക്കാൻ സാധ്യമായിരുന്നില്ല. കോൺഗ്രസ്സും ഇടതുപക്ഷപാർട്ടികളും പല പ്രാദേശിക പാർട്ടികളും കൂടിച്ചേർന്നു മന്ത്രിസഭ രൂപീകരിച്ചു. അക്കഥയെല്ലാം എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ആവർത്തിക്കുന്നില്ല.

കോൺഗ്രസ് വീണ്ടും നവഉദാരവൽക്കരണ നയം നടപ്പാക്കാൻ കുത്തകകളുടെയും മറ്റും സമ്മർദംമൂലം മുതിർന്നപ്പോൾ ഇടതുപക്ഷ പാർട്ടികൾ യുപിഎയിൽനിന്നു ഒഴിവായി. എങ്കിലും 2009ലും യുപിഎ കോൺഗ്രസ് നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചു. ഇടതുപക്ഷ പാർട്ടികളുടെ സമ്മർദം ഇല്ലാതായതോടെ അഴിമതി ആരോപണങ്ങൾക്കിടയാക്കുന്ന നടപടികൾ ആ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ജനങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെ 2014ൽ യുപിഎക്കു ഐക്യത്തോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. ഫലമോ? അധികാരം ബിജെപി നയിച്ച എൻഡിഎ മുന്നണിക്ക് ലഭിച്ചു. ലോക്-സഭയിൽ ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതി ഉണ്ടായി.

എൽ കെ അദ്വാനി പ്രധാനമന്ത്രി പദം കുറച്ചു ദിവസത്തേക്കെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, സംഘപരിവാരം അപ്പോഴേക്ക് നരേന്ദ്രമോദിയെ പ്രധാനമന്ത്രി ആക്കാൻ ദൃഢനിശ്ചയം കെെക്കൊണ്ടിരുന്നു. നവഉദാരവൽക്കരണ വർഗീയനയങ്ങൾ നടപ്പാക്കാൻ ഏറ്റവും യോജിച്ചയാൾ മോദിയാണെന്ന് അവർക്ക് ഉറപ്പായിരുന്നു. അക്കാലമായപ്പോഴേക്ക് ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിനും അതുതന്നെയായിരുന്നു പഥ്യം.

ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ നിലവിൽ വന്നതോടെ നവഉദാരവൽക്കരണത്തിനു പുറമെ വർഗീയതയും ജനങ്ങൾക്ക് ഭീഷണിയായി. പ്രാദേശിക ബൂർഷ്വാസിയുടെ രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് അധികാരത്തിൽ പങ്കുവേണമെന്ന ഒറ്റമോഹമേ ഉണ്ടായിരുന്നുള്ളൂ. നവഉദാരവൽക്കരണവും വർഗീയതയും അവയിൽ പലതിനും പൊതുവിൽ പ്രശ്നമായിരുന്നില്ല. അവ രണ്ടിനും എതിരായി പ്രതിപക്ഷ മുന്നണി രൂപപ്പെടാത്തത് ബിജെപിയുടെ അധികാരത്തിലേക്കുള്ള മുന്നേറ്റം സുഗമമാക്കി.

ഈ കാലയളവിൽ സിപിഐ എമ്മും മറ്റ് ഇടതുകക്ഷികളും വർഗീയതയ്-ക്കും നവഉദാരവൽക്കരണത്തിനും എതിരായി പോരാട്ടം തുടർന്നു. ആ കാഴ്ചപ്പാടോടെയാണ് ‘ചിന്ത’ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ 2006–11 കാലത്തും 2016 മുതൽ ഇതുവരെയും എൽഡിഎഫാണ് ഭരണത്തിലുള്ളത്. ഇന്ത്യയിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഏക സർക്കാർ കേരളത്തിൽ മാത്രമാണുള്ളത്. കേന്ദ്ര ഭരണകക്ഷിയും മുൻ കേന്ദ്ര ഭരണകക്ഷിയും എതിരായിട്ടും എൽഡിഎഫിനു ജനങ്ങളുടെ പിന്തുണ നിർലോഭമായി ലഭിക്കുന്നുണ്ട്.

സാമ്പത്തിക ഞെരുക്കവും വലതുപക്ഷ സമ്മർദവും രൂക്ഷമായിട്ടും, അത്തരം സമ്മർദങ്ങളെ വിജയകരമായി നേരിടാനും അധഃസ്ഥിത ജനവിഭാഗങ്ങളുടെ പ്രതീക്ഷകളെ വലിയ അളവുവരെ സാക്ഷാത്കരിക്കാനും എൽഡിഎഫിന് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എതിരാളികളൊന്നും പ്രതീക്ഷിക്കാത്ത രീതിയിൽ എൽഡിഎഫിന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർധിച്ച ഭൂരിപക്ഷം നേടാൻ കഴിഞ്ഞത്.

ഇടതുപക്ഷ–ജനാധിപത്യ ശക്തികളെയും പാർട്ടികളെയും സംബന്ധിച്ചിടത്തോളം കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലാകെ ഇത് വലിയ ആവേശം പ്രദാനം ചെയ്യുന്നു. അറുപിന്തിരിപ്പനായ ദേശീയ സാഹചര്യത്തിലും കേരളത്തിൽ ഇത്തരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടാൻ കഴിഞ്ഞതും. ഇതുപോലെ ജനപ്രീതി ആർജിക്കാൻ കഴിഞ്ഞതും ഇന്ത്യയിലാകെയുള്ള ഇടതുപക്ഷത്തിനു വലിയ പ്രചോദനമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഇടതുപക്ഷ–ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വമുണ്ട് ഇന്ന്. ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക എന്ന ചരിത്രദൗത്യം രാജ്യത്താകെ ഇടതുപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെയാണ് ചിന്ത വാരിക കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം വർഗീയ നേതൃത്വത്തിൽ ഫാസിസ്റ്റ് വാഴ്ച നടപ്പാക്കുമെന്ന ഭീഷണിയെ തുറന്നുകാട്ടി ചെറുക്കാൻ ജനങ്ങളെ അണിനിരത്തുകയും ചെയ്തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 1 =

Most Popular