Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിമാധ്യമങ്ങളുടെ കമ്യൂണിസ്റ്റുവിരുദ്ധ അജൻഡ

മാധ്യമങ്ങളുടെ കമ്യൂണിസ്റ്റുവിരുദ്ധ അജൻഡ

ജി വിജയകുമാർ

‘‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു – കമ്യൂണിസമെന്ന ഭൂതം– ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം – പോപ്പും സാർ ചക്രവർത്തിയും മെറ്റർനിക്കും ഗിസൊവും ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും ജർമ്മൻ പൊലീസ് ചാരന്മാരുമെല്ലാം – ഒരു പാവന സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്’’. മാർക്സും എംഗത്സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് ഈ വരികളോടെയാണ്. 1848ൽ അവർ ഇതെഴുതുമ്പോൾ തൊഴിലാളിവർഗം ഒരു സംഘടിത ശക്തിയായി യൂറോപ്പിൽ വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഈ ഭൂമുഖത്തൊരിടത്തും ഒരു പ്രാദേശിക ഭരണ സംവിധാനത്തിൽ പോലും, തൊഴിലാളിവർഗമോ ആ വർഗത്തിന്റെ രാഷ്ട്രീയ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിയോ അധികാരത്തിലെത്തിയിരുന്നില്ല. 1848 മാർച്ചിൽ മാനിഫെസ്റ്റോ പുറത്തിറങ്ങുമ്പോൾ യൂറോപ്പാകെ കലാപകലുഷിതമായിരുന്നു. ജനാധിപത്യത്തിനായുള്ള ആ പോരാട്ടത്തിന്റെ മുൻനിരയിൽ തൊഴിലാളിവർഗമായിരുന്നു. എന്നാൽ മാനിഫെസ്റ്റോയുടെ 1893ലെ ഇറ്റാലിയൻ പതിപ്പിനുള്ള മുഖമുരയിൽ എംഗത്സ് പറഞ്ഞതുപോലെ, ബൂർഷ്വാസിയുടെ വാഴ്ചയ്ക്കു തന്നെ അന്ത്യംകുറിക്കണമെന്ന ചിന്ത പാരീസിലെ തൊഴിലാളികൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഫ്രാൻസ് ഉൾപ്പെടെ യൂറോപ്പിലാകെ തൊഴിലാളിവർഗം നടത്തിയ 1848ലെ ആ വിപ്ലവ മുന്നേറ്റത്തിന്റെ ഫലം അനുഭവിച്ചത് മുതലാളിവർഗമായിരുന്നു.

അപ്പോഴും തൊഴിലാളിവർഗത്തിനും അതിന്റെ പ്രത്യയശാസ്ത്രത്തിനുമെതിരായ അവിശുദ്ധ സഖ്യത്തിൽ ഏർപ്പെടുകയായിരുന്നു വിപ്ലവത്തിന്റെ നേട്ടം കൊയ്ത ബൂർഷ്വാസിയും അതിൽ പരാജിതരായ ഫ്യൂഡൽ പ്രഭുക്കളും. ഏതുവിധത്തിലും തൊഴിലാളിവർഗ പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും ഉയർന്നുവരാൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയമെടുത്ത ബൂർഷ്വാസിക്ക് തങ്ങൾ തന്നെ അധികാരത്തിൽനിന്ന് നിഷ്-ക്കാസിതരാക്കിയ ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളുമായി സന്ധി ചെയ്യുന്നതിനും കൂട്ടുകെട്ടുണ്ടാക്കുന്നതിനും ഒരു മടിയുമുണ്ടായില്ല. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെയെന്നല്ല നിലനിൽപ്പിനെത്തന്നെ ബൂർഷ്വാസി ഭയപ്പെട്ടിരുന്നുവെന്നതാണ് അതിനു കാരണം.

മാർക്സിൽ തുടങ്ങിയ വ്യക്തിഹത്യ
ഫ്രാങ്കോ – പ്രഷ്യൻ യുദ്ധാനന്തരം 1871ൽ പാരീസ് തൊഴിലാളിവർഗം നടത്തിയ മുന്നേറ്റത്തെ, പാരീസ് കമ്യൂണിനെ ചോരയിൽ മുക്കിക്കൊല്ലാൻ ഫ്രഞ്ച് ബൂർഷ്വാസിയും പ്രഷ്യൻ ബൂർഷ്വാസിയും – തങ്ങൾ അതേവരെ മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നുവെന്നതു മാത്രമല്ല ദേശീയതാബോധം ഉൾപ്പെടെ വിസ്മരിച്ച് – സന്ധി ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്.

1848ലെ യൂറോപ്പിലെ വിപ്ലവ മുന്നേറ്റത്തിനൊപ്പം നിന്ന കമ്യൂണിസ്റ്റ് ലീഗിനെതിരെയെന്നപോലെ പാരീസ് കമ്യൂണിനെ പിന്തുണച്ച് ആ വിപ്ലവമുന്നേറ്റത്തിന് വഴികാട്ടിയായി നിന്ന ഒന്നാം ഇന്റർനാഷണലിനെയും ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും നായക സ്ഥാനത്തുണ്ടായിരുന്ന മാർക്സിനെയും എംഗത്സിനെയും അപഹസിക്കാനും അതിനായി കെട്ടുകഥകൾ ചമയ്ക്കാനും യൂറോപ്പിലാകെയുള്ള ബൂർഷ്വാ മാധ്യമങ്ങൾ മത്സരിക്കുകയായിരുന്നു.മാർക്സ് തന്നെ ഇത്തരം മാധ്യമ ഇടപെടലുകളെക്കുറിച്ച് 1871 ജൂലൈ 3ന് ന്യുയോർക്ക് വേൾഡ് ലേഖകൻ ആർ ലാൻഡോറുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനായി 1830കളിലും 1840കളിലും അടരാടിയ മാർക്സിനു തന്നെ ഇത്തരത്തിൽ രൂക്ഷമായ മാധ്യമ വിമർശനവും നടത്തേണ്ടതായി വന്നത് മാധ്യമങ്ങളുടെ മൂലധന പക്ഷപാതിത്വം മൂലമാണ്.

വിപ്ലവകാരിയെന്ന മുഖംമൂടിയണിഞ്ഞ് വിപ്ലവ പ്രസ്ഥാനത്തിന്റെ നായകർക്കും പ്രസ്ഥാനത്തിനും നേരെ അപവാദ പ്രചരണത്തിലേർപ്പെട്ട, ഭരണവർഗത്തിന്റെ പിണിയാളായി പ്രവർത്തിച്ച കാറൽ വൊഗ്തിനെ തുറന്നുകാണിക്കാനായി Herr Vogt (ഹേർ വൊഗ്ത്) എന്ന പുസ്തകം തന്നെ മാർക്സിനു എഴുതേണ്ടി വന്നു. 1850കളിൽ മാർക്സിനും തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനത്തിലെ മറ്റു നേതാക്കൾക്കുമെതിരെ വൊഗ്ത് പടച്ചുവിട്ട നുണകൾ അക്കാലത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുകയായിരുന്നു.യഥാർത്ഥത്തിൽ വൊഗ്ത് തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറിയ ചാരനായിരുന്നുവെന്ന് മാർക്സ് ഈ കൃതിയിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. മാർക്സ് പറഞ്ഞത് (വൊഗ്ത് ചാരനാണെന്ന കാര്യം) അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് പിൽക്കാലത്ത് പാരീസ് തൊഴിലാളിവർഗം പാരീസിന്റെ ഭരണം പിടിച്ചെടുത്തപ്പോൾ ലഭിച്ച രേഖകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

മാർക്സിന്റെ ജീവിതകാലത്ത് ബൂർഷ്വാ മാധ്യമങ്ങൾ സ്വീകരിച്ച അതേ മാർഗം തന്നെയാണ് ഇന്ന് കേരളത്തിലുൾപ്പെടെ ബൂർഷ്വാ മാധ്യമങ്ങൾ കമ്യൂണിസ്റ്റുകാർക്കെതിരെ സ്വീകരിച്ചുവരുന്നത്. ക്രൈം, മറുനാടൻ മലയാളി തുടങ്ങിയ അശ്ലീല പ്രസിദ്ധീകരണങ്ങളും മുൻ ‘കമ്യൂണിസ്റ്റ്’ മാധ്യമപ്രവർത്തകനെന്ന ലേബലിൽ ചില ഒറ്റുകാർ നടത്തുന്ന ‘വെളിപ്പെടുത്തലുകളും’ വെള്ളം തൊടാതെ വിഴുങ്ങാൻ മടിക്കാത്ത മുഖ്യധാരക്കാർ നമ്മെ ഓർമിപ്പിക്കുന്നത് മാർക്സിന്റെ കാലത്തെ കാറൽ വൊഗ്തിനെയാണ്.

1917ലെ ഒക്ടോബർ വിപ്ലവാനന്തരകാലത്ത് മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞതുപോലെ കമ്യൂണിസമെന്ന ‘‘ഭൂതത്തെ’’ പിടികൂടി തളയ്ക്കാനുള്ള നീക്കത്തിൽ, അതുവരെ ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി ചേരിതിരിഞ്ഞുനിന്ന് മല്ലടിച്ചുകൊണ്ടിരുന്ന രാജ്യങ്ങൾ – ജർമ്മനിയും ഫ്രാൻസും ബ്രിട്ടനും അമേരിക്കയും ജപ്പാനും ഇറ്റലിയുമെല്ലാം – ഒത്തുചേർന്നുവെന്നതും ചരിത്രത്തിൽ ഇടംപിടിച്ച വസ്തുതയാണ്. റഷ്യയിലെ പഴയ ഭരണവർഗത്തിന്റെ അവശിഷ്ടവും പിണിയാളുകളുമായ വെള്ളപ്പടയ്ക്ക് പിന്തുണയുമായി സോവിയറ്റ് രാഷ്ട്രത്തെ നാലുപാടുനിന്നും വളയുകയുമായിരുന്നു. അക്കാലത്ത് അമേരിക്കയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയും ജർമ്മനിയിലെയുമെല്ലാം വലതുപക്ഷ മാധ്യമങ്ങൾക്ക് ഒരേ സ്വരമായിരുന്നു. അവയെല്ലാം തന്നെ ഒക്ടോബർ വിപ്ലവത്തിനും വിപ്ലവാനന്തര ഭരണത്തിനും വിപ്ലവനായകർക്കുമെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ പടച്ചുവിടുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ അക്കാലത്ത് രൂപം കൊണ്ട കമ്യൂണിസ്റ്റ് പാർട്ടികളെയും കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെയും ഉശിരൻ ട്രേഡ് യൂണിയനുകളെയുമെല്ലാം അപവാദ പ്രചരണത്തിൽ മുക്കിക്കൊല്ലാനായിരുന്നു ലോകത്താകെ അന്നുണ്ടായിരുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ അവതാര ദൗത്യം.

കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മക്കാർത്തിയൻ കാലം
അമേരിക്കൻ മാധ്യമങ്ങൾ അവിടെ വളർന്നുകൊണ്ടിരുന്ന തൊഴിലാളിവർഗ പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും തകർക്കാനായി നടത്തിയ ‘‘ചുവപ്പ് ഭീതി’’ പരത്തിയുള്ള പ്രചാരണത്തിൽ അവിടത്തെ മാധ്യമങ്ങൾ കൈ മെയ് മറന്ന് ഭരണകൂടത്തിനൊപ്പം അണിനിരന്നതും കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന വസ്തുതയാണ്.‘‘അണുബോംബിന്റെ പിതാവ് ’’ എന്നറിയപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞനായ ഓപ്പൺ ഹൈമർക്ക് കമ്യൂണിസ്റ്റായിരുന്നതിന്റെ പേരിൽ മക്കാർത്തിയിസത്തിന്റെ കാലത്ത് പീഡനങ്ങൾ സഹിക്കേണ്ടി വന്നതും അതുപോലെ തന്നെ പ്രശസ്തരായ റോസൻ ബെർഗ് ദമ്പതികൾ ശരിയായ വിചാരണ പോലും കൂടാതെ വധിക്കപ്പെട്ടതുമെല്ലാം കമ്യൂണിസ്റ്റുകാരെയും അതിലൂടെ കമ്യൂണിസത്തെത്തന്നെയും ഉന്മൂലനം ചെയ്യുകയെന്ന മുതലാളിത്തത്തിന്റെ ലക്ഷ്യം നടപ്പാക്കലിന്റെ ഭാഗമായിട്ടായിരുന്നു. മക്കാർത്തിയിസത്തിന്റെ കാലത്ത് നടന്ന കൊടുംക്രൂരതകളെ കണ്ണടച്ച് പ്രചരിപ്പിച്ച കോർപ്പറേറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തതും മൂലധനത്തിന്റെ ദല്ലാൾ പണിയായിരുന്നു. 2019 മുതൽ (ട്രംപിന്റെ കാലം മുതൽ) തുടരുന്ന, ചൈനാപ്പേടി എന്നറിയപ്പെടുന്ന മൂന്നാം ചുവപ്പു ഭീതിയുടെ നടത്തിപ്പിലും റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും കൈകോർക്കുമ്പോൾ മുഖ്യധാര മാധ്യമങ്ങൾ (അമേരിക്കയിലെ മാധ്യമങ്ങൾ മാത്രമല്ല, ഇങ്ങ് കേരളത്തിലെ മനോരമാദികൾ വരെ) ചുവപ്പു കണ്ട കാളയെ പോലെ മുക്രയിട്ട് ഒപ്പം കൂടുന്നതും നാം കാണുന്നതാണ്.

മൂലധന താൽപര്യം, അതായത് സാമ്രാജ്യത്വ താല്പര്യം സംരക്ഷിക്കുന്നതിനായി സ്വകാര്യ കോർപ്പറേറ്റ് മാധ്യമങ്ങൾ സ്വയം ഏർപ്പെടുത്തുന്ന സെൻസർഷിപ്പ് എന്നറിയപ്പെടുന്ന 5 അരിപ്പകളെ കുറിച്ച് പ്രശസ്ത മാധ്യമ വിമർശകരായ എഡ്വേർഡ് എസ് ഹെർമനും നോം ചോംസ്കിയും പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരിനമാണ് കമ്യൂണിസ്റ്റ് വിരുദ്ധത. ഇത് കേവലം കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കുമപ്പുറം തൊഴിലാളിവർഗത്തോടുള്ള വർഗപരമായ ശത്രുതയുമാണ് എന്ന് വ്യക്തമാക്കാൻ ഹെർമനും ചോംസ്കിയും, ബ്രിട്ടീഷ് മാധ്യമ വിദഗ്ധരായ ജെയിംസ് കുറാനെയും ജീൻ സീട്ടണെയും ഉദ്ധരിക്കുന്നുണ്ട്: ‘‘ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽനിന്ന് ലേബർ പാർട്ടി വികസിച്ചുവന്നപ്പോൾ അതിന് ഒരൊറ്റ ദേശീയ പത്രത്തിന്റെയോ ഞായറാഴ്ച പത്രത്തിന്റെയോ പിന്തുണ ലഭിച്ചില്ല’’.

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നെടുംനാളത്തെ സേ-്വച്ഛാധിപത്യ വാഴ്ചയ്ക്കുശേഷം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ ഹുവാൻ ബോസ്-ച്, സൈന്യത്തിലെയും സർക്കാർ സർവീസിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാകെ പുറത്താക്കുകയും ഭൂപരിഷ്കരണ നടപടിയാരംഭിക്കുകയും ജനകീയ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുകയും പൗരാവകാശങ്ങൾ ഫലപ്രദമായി ഉറപ്പാക്കുകയും ചെയ്തപ്പോൾ അമേരിക്കൻ ഗവൺമെന്റും കോർപറേറ്റ് മാധ്യമങ്ങളും കണ്ടത് കമ്യൂണിസത്തിലേക്കുള്ള നീക്കമാണതെന്നാണ്. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയെ ബോസ്ച്ചിന്റെ നടപടികൾ ‘‘അലോസരപ്പെടുത്തുക’’യും തുടർന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പട്ടാള അട്ടിമറിക്ക് അരങ്ങൊരുക്കുകയും അത് യാഥാർഥ്യമാക്കപ്പെടുകയും ചെയ്തത് ചരിത്രം. മാത്രമല്ല, രണ്ടു വർഷത്തിനുശേഷം പ്രസിഡന്റ് ലിണ്ടൻ ജോൺസൺ, ബോസ്ച്ചിന്റെ ഭരണം തിരിച്ചുവരാതിരിക്കാൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ ആക്രമിച്ചുകീഴ്പ്പെടുത്തിയതും 1960കളിലാണ്. അപ്പോഴും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംബന്ധിച്ച് വാതോരാതെ പ്രസംഗിക്കാറുള്ള ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള കോർപറേറ്റ് മാധ്യമങ്ങൾ അത്തരം നടപടികൾക്കു നേരെ കണ്ണടയ്ക്കുകയോ കെെയടിച്ച് ഒത്താശ ചെയ്യുകയോ ചെയ്തതും അത്രയേറെ പഴയകാര്യമൊന്നുമല്ലല്ലോ.

ഇതുതന്നെയാണ് 1954 ൽ ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബോ അർബൻസിനെതിരെയും അമേരിക്കൻ ഭരണകൂടം സ്വീകരിച്ച നടപടി. 1980കളിൽ ഏറെക്കുറെ ഇതേ നടപടിയുടെ ആവർത്തനമാണ് നിക്കരാഗ്വയിൽ സാൻഡിനിസ്റ്റ ഗവൺമെന്റിനെതിരെയും അമേരിക്കൻ ഗവൺമെന്റിൽനിന്നുണ്ടായത്. ചിലിയിൽ അലന്ദെ സർക്കാരിനെതിരെയും സമാനമായ അട്ടിമറിയാണ് നടന്നത്. ഇവിടെയെല്ലാം നടന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ മൂലധന താൽപര്യത്തിന് ഹിതകരമല്ലാത്തതും ജനസാമാന്യത്തിന്റെ താൽപ്പര്യാനുസൃതവുമായ നയങ്ങളും നടപടികളും സ്വീകരിച്ചപ്പോൾ അത്തരം ഭരണാധികാരികളെ സെെനിക നടപടിയിലൂടെ പുറത്താക്കിയെന്നതാണ്; പകരം അമേരിക്കൻ ശിങ്കിടികളായ, കോർപറേറ്റുകൾക്ക് ഹിതകരമായ വലതുപക്ഷ സേ-്വച്ഛാധിപതികളെ അധികാരത്തിലേറ്റുകയുമായിരുന്നു. അതിനരങ്ങൊരുക്കാൻ അതാത് രാജ്യത്തെ കോർപറേറ്റ് മാധ്യമങ്ങൾ മാത്രമല്ല, ദി ഇക്കണോമിസ്റ്റ് പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റോയിട്ടേഴ്സും ബിബിസിയും ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളും അവയുടെ ചുവടുപിടിച്ച് ഇങ്ങ് മലയാളത്തിലെ മനോരമാദികൾ വരെ കൊണ്ടുപിടിച്ച് പണിയെടുക്കുകയും ചെയ്തിരുന്നു.

കേരളത്തിന്റെ പശ്ചാത്തലത്തിൽ
ലോകത്തെല്ലായിടത്തും ഇത്തരം ജനാധിപത്യഹത്യകൾക്ക് മൂലധനശക്തികളും വ്യത്യസ്ത ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള അവയുടെ രാഷ്ട്രീയ കക്ഷികളും കോർപറേറ്റ് മാധ്യമങ്ങളും ഒരവിശുദ്ധ സഖ്യത്തിലേർപ്പെടുകയായിരുന്നുവെന്ന് നമുക്കു കാണാം. ഈ അവിശുദ്ധ സഖ്യം രൂപംകൊള്ളുന്നതാകട്ടെ, കമ്യൂണിസമെന്ന ‘ഭൂത’ത്തെ തളയ്ക്കാനെന്നപേരിലും. യഥാർഥത്തിൽ, തൊഴിലാളികളുടെയും മറ്റധ്വാനിക്കുന്ന ജനസാമാന്യത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്ന ഭരണസംവിധാനങ്ങളെ കമ്യൂണിസം, സേ–്വച്ഛാധിപത്യം, നിരീശ്വരവാദം തുടങ്ങിയ മുദ്രകുത്തിയും വ്യാജപ്രചരണങ്ങളിലൂടെയും അട്ടിമറിക്കാനുള്ള കളമൊരുക്കുകയുമായിരുന്നു. ഇത്തരം ഭരണസംവിധാനങ്ങളുടെ നയങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന സാമാന്യജനങ്ങളെക്കൂടി അവയ്ക്കെതിരെ, അട്ടിമറിക്കാർക്കൊപ്പം അണിനിരത്തുന്നതിനുള്ള സമ്മിതി നിർമിതിയാണ് കോർപറേറ്റ് മാധ്യമങ്ങൾ നടത്തുന്നത്. കേരളത്തിലും 1950കൾ മുതൽ നാമത് കണ്ടുകൊണ്ടിരിക്കുന്നതാണ്.

സ്വാതന്ത്ര്യാനന്തരം നടന്ന തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ മുന്നേറ്റം മാത്രമല്ല കേരളത്തിലുടനീളം കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ സവർണാധിപത്യത്തിനും ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും മുഷ്-ക്കിനുമെതിരെ തൊഴിലാളികളും കർഷകരും അണിനിരന്ന സമരവേലിയേറ്റങ്ങളും പിന്തിരിപ്പൻ ശക്തികളെയൊക്കെ വിറളിപിടിപ്പിച്ചു. നവോത്ഥാന നായകരുടെ പോരാട്ടങ്ങളിലൂടെ പത്തിമടക്കിയിരുന്ന സർവപ്രതിലോമശക്തികളും മൂലധനത്തിന്റെ ഒത്താശയോടെ ഒരുമിച്ച് കെെകോർക്കുന്നതാണ് 1950കളിൽ കേരളത്തിൽ നാം കണ്ടത്. അക്കാലത്ത് വിവിധ ജാതി മതനേതാക്കളുടെ ആഭിമുഖ്യത്തിലും വിവിധ പ്രദേശങ്ങളുടെ പിൻബലത്തിലും കൂണുപോലെ പൊട്ടിമുളച്ചുവന്ന മലയാളപത്രങ്ങൾക്ക് ഒരേയൊരു ദൗത്യമേ ഉണ്ടായിരുന്നുള്ളൂ– കമ്യൂണിസ്റ്റ് മുന്നേറ്റത്തെ, അതായത് തൊഴിലെടുക്കുന്നവന്റെ മുന്നേറ്റത്തെ തടയുക. അതിനവർക്ക് വസ്തുതകളുടെ പിൻബലമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു വശത്ത് ജാതിമത വികാരം ഇളക്കിവിട്ടും മറുവശത്ത് നുണപ്രചരണങ്ങൾ അഴിച്ചുവിട്ടുമാണ് ആളെക്കൂട്ടാൻ നോക്കിയത്.

മലബാർ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർക്ക് ഭൂരിപക്ഷം ലഭിച്ചതും ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിൽ മലബാറിലും തിരു– കൊച്ചിയിലും കമ്യൂണിസ്റ്റു പാർട്ടിയുടെയും പാർട്ടി പിന്താങ്ങിയിരുന്ന സ്വതന്ത്രരുടെയും മുന്നേറ്റവും പിന്തിരിപ്പന്മാരെ വിറകൊള്ളിച്ചിരുന്നു. 1950കളുടെ ആദ്യപകുതിയിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ മുന്നേറ്റം തടയാനുള്ള പ്രചാരണത്തിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരും അവരുടെ മാധ്യമങ്ങളും ഏർപ്പെട്ടിരുന്നതെങ്കിൽ 1957ലെ തിരഞ്ഞെടുപ്പിനുശേഷം കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള ഭരണത്തെ അട്ടിമറിക്കാനുള്ള പ്രചരണത്തിലാണ് അവ ഏർപ്പെട്ടത്. ഈ പ്രചരണങ്ങളുടെ യഥാർഥ അന്തഃസത്ത എന്തെന്നറിയാൻ, അവയുടെ വർഗ നിലപാട് തിരിച്ചറിയാൻ അക്കാലത്തെ പ്രതിലോമ ശക്തികളുടെ മുദ്രവാക്യങ്ങളിലേക്കൊന്ന് എത്തിനോക്കിയാൽ മാത്രം മതി. മധ്യ തിരുവിതാംകൂർ മേഖലയിൽ കുറുവടിപ്പടയെന്ന വലതുപക്ഷ ഗുണ്ടാപ്പട ഉയർത്തിയിരുന്ന, ‘‘പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും’’ എന്ന മുദ്രാവാക്യത്തിന്റെ മുനയെന്തെന്ന് നോക്കിയാൽ തന്നെ വ്യക്തമാകുന്നതാണ് ഈ ശക്തികളുടെ വർഗ–വർണ ദിശയെന്തെന്ന്. അതുതന്നെയാണ് അങ്ങനെ പരസ്യമായി മുദ്രാവാക്യം മുഴക്കുന്നില്ലെങ്കിലും (അതിന് ധെെര്യമില്ലയെന്നതാണ് സത്യം) ഇന്നും തുടരുന്നത്. അതേ വർഗനിലപാടുകളാണ് ഇന്ന് എൽഡിഎഫ് ഗവൺമെന്റ് തുടരുന്ന പൊതുമേഖല സംരക്ഷിക്കപ്പെടുന്ന നയവും ഒരാളും പട്ടിണികിടക്കുന്നില്ലയെന്ന് ഉറപ്പുവരുത്തുന്ന ക്ഷേമനടപടികളും സമഗ്രവും ജനപക്ഷവുമായ വികസനപ്രവർത്തനങ്ങളും മൂലധനശക്തികളുടെയും അവരുടെ ചെല്ലപ്പെട്ടിചുമട്ടുകാരായ കോർപറേറ്റ് മാധ്യമങ്ങളുടെയും ഉറക്കം കെടുത്തുന്നത്. അതാണ് ഇടതുപക്ഷ ഭരണത്തിനെതിരായ അപവാദപ്രചരണങ്ങളുടെ പിന്നിലുള്ള ചേതോവികാരം.

കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങളും വലതുപക്ഷവും എന്തുനുണയും പടച്ചുവിടാൻ മടിക്കില്ലെന്നതിന്റെ 1957–59 കാലത്തെ ഒരുദാഹരണം നോക്കാം: ‘‘ഒരു യുവതി ഒരാളെ മാത്രം ഭർത്താവാക്കുന്നത് രാജ്യദ്രോഹമായി പ്രഖ്യാപിച്ച ലെനിന്റെ രാഷ്ട്രമാണ് റഷ്യ. വിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഒറ്റപ്പെടുത്തി അകലെയുള്ള പാടത്തും ഫാക്ടറിയിലും വേലചെയ്യാൻ വിട്ടു. അവിടെ അവർ ഏതെങ്കിലുമൊരാളുമായി പ്രേമ ബന്ധത്തിൽ ചേർന്നുകൊള്ളണം. ഗവൺമെന്റിന്റെ ചൊൽപ്പടിക്കു നിൽക്കാത്ത ആത്മാഭിമാനമുള്ള സ്ത്രീകളെ അറസ്റ്റ് ചെയ്ത് കച്ചേരി കയറ്റി. അവർക്കു പിന്നെ എന്തു സംഭവിച്ചുവെന്ന കഥ ഇന്നും അജ്ഞാതമാണ്. എന്നിട്ടും പോരാതെ സഖാക്കൾ ഗ്ലാസ് വാട്ടർ പദ്ധതിയുണ്ടാക്കി. സ്ത്രീകൾ പൊതുസ്വത്താണ്, ആരുടെയും വകയല്ല. എല്ലാവർക്കും എപ്പോഴും വേണ്ടിയുള്ളവരാണ്. ഒരു പുരുഷനും ഒരു സ്ത്രീയെയും സ്വന്തമായി പാർപ്പിക്കരുത്’’. ‘നരിക്കുഴി’ എന്ന കള്ളപ്പേരിൽ ആരോ എഴുതി 1957–58 കാലത്ത് പ്രചരിപ്പിക്കപ്പെട്ട (പല വിരുദ്ധ മാധ്യമങ്ങളിലൂടെയും ലഘുലേഖയായും) ‘‘മാർക്സിസത്തിൽ കുടുംബജീവിതമോ?’’ എന്ന പ്രചരണ സാഹിത്യത്തിൽ നിന്നെടുത്ത ഒരുദാഹരണം മാത്രമാണിത്. 1848ൽ മാർക്സും എംഗൽസും കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മറുപടി പറഞ്ഞ ഒരു പഴയനുണക്കഥയാണ് 110 വർഷത്തിനുശേഷവും കമ്യൂണിസ്റ്റുകാർക്കെതിരെ പിന്തിരിപ്പന്മാർ കേരളത്തിൽ ആവർത്തിച്ചത് എന്നോർക്കുക.

1957–59 കാലത്തുതന്നെ (അതിനുമുൻപും) കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗം ചേരുമ്പോൾ നിറം പിടിപ്പിച്ച കഥകൾ മുഖ്യധാരാ മാധ്യമങ്ങൾ പടച്ചുവിടുന്ന പതിവുണ്ടായിരുന്നു. അധികാരമേറ്റ് ഏറെ കഴിയും മുൻപുതുടങ്ങി പല തവണ, ‘പാർട്ടിക്കുള്ളിൽ തമ്മിലടി, ഇ എം എസ് പുറത്തേക്ക്’ എന്നിത്യാദി കഥകൾ മനോരമാദികൾ നിരന്തരം പ്രചരിപ്പിച്ചിരുന്നു. അവയെല്ലാം പാഴ്-വാക്കുകളാണെന്ന് കാലം തെളിയിച്ചതാണ്. ആന്ധ്ര അരി കുംഭകോണം പോലെയുള്ള കെട്ടുകഥകൾക്കുപുറമേ ഒരണസമരത്തെയും അങ്കമാലി കല്ലറയെയും തെക്കു തെക്കൊരു ദേശത്തെ ഗ്ലോറിയെന്ന ഗർഭിണിയെയുമെല്ലാം നിറംപിടിപ്പിച്ചവതരിപ്പിച്ച് അന്ന് സർക്കാരിനെതിരെ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നിലെ സത്യമെന്തെന്ന് അന്ന് അതിനെല്ലാം നായകത്വം വഹിച്ചിരുന്ന ഫാദർ വടക്കനെപോലെയുള്ളവർ (എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥ) പിൽക്കാലത്ത് തുറന്നുപറഞ്ഞിരുന്നു.

അന്ന് ദേവികുളം ഉപതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടി സ്ഥാനാർഥി റോസമ്മ പുന്നൂസ് പറ്റെ പരാജയപ്പെടുമെന്ന പ്രതീക്ഷയോടെ ആയിരുന്നു മാധ്യമങ്ങളും വലതുപക്ഷവും അതേവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അക്കാലത്ത് കാര്യമായ വേരോട്ടമില്ലാതിരുന്ന ദേവികുളത്ത് പാർട്ടി തകർപ്പൻ വിജയം നേടിയതോടെ ഞെട്ടിപ്പോയ മൂലധനശക്തികൾ തുടർന്നങ്ങോട്ട് എതിർ (നുണ) പ്രചരണത്തിന്റെ ശക്തികൂട്ടുകയാണുണ്ടായത്. 2016–21 കാലത്തെ ഒന്നാം പിണറായി സർക്കാർ തുടർഭരണം കൂടാതെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ 2021ലെ തിരഞ്ഞെടുപ്പുവരെ തങ്ങളാലാവുന്ന സർവ വടിയുമെടുത്ത് അടിച്ചിട്ടും 2016ലേതിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ, വർധിത വീര്യത്തോടെ തുടർഭരണം ലഭിച്ചത് വിരുദ്ധരെയാകെ സ്തബ്ദരാക്കി. അതാണ് ഇപ്പോൾ നിത്യേനയെന്നോണം യാതൊരടിസ്ഥാനവുമില്ലാത്ത കെട്ടുകഥകൾ ചമയ്ക്കകയും ദിവസങ്ങളോളം സ്ഥിരം വിരുദ്ധന്മാരെയാകെ അണിനിരത്തി അന്തിച്ചർച്ച നടത്തുകയും പത്രങ്ങളിൽ വൻ തലക്കെട്ടിടുകയും ചെയ്ത് ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. അതിനിടയിൽ അവയുടെ തന്നെ മുഖംമൂടി അഴിഞ്ഞുവീഴുന്നതും കാണാം– മാസപ്പടിയെന്നപേരിൽ അവതരിപ്പിക്കപ്പെട്ട കഥയിൽ കള്ളന്മാർ മാധ്യമക്കപ്പലുകൾക്കുള്ളിൽ തന്നെയാണെന്ന് പുറത്തുവന്നതാണ് അതിൽ ഒടുവിലത്തേത്. വിവാദ കരിമണിൽ കമ്പനിയിൽനിന്ന് മുഖ്യധാരാ മാധ്യമങ്ങളെല്ലാം പണം കെെപ്പറ്റിയതായും ആദായ നികുതി വകുപ്പിന്റെ രേഖയിൽ വെളിപ്പെടുന്നുണ്ട്. അത് മറച്ചുവച്ചാണ് പ്രത്യേക അജൻഡയോടെ ആ രേഖയെ മാധ്യമങ്ങൾ പ്രചാരണായുധമാക്കുന്നത്.

സംഘടിത തൊഴിലാളിവർഗത്തിന്റെ ഉദയത്തോടെയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉരുവംകൊള്ളലോടെയും കമ്യൂണിസ്റ്റുകാർക്കെതിരായി ആരംഭിച്ച ബൂർഷ്വാ മാധ്യമങ്ങളുടെ കടന്നാക്രമണം ഇന്നും തുടരുന്നതായാണ് കേരളത്തിലെ അനുഭവം കാണിക്കുന്നത്. അന്നും ഇന്നും അവ ഇതിനായി അവലംബിക്കുന്നത് നുണക്കഥകളെയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 1 =

Most Popular