1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തുമ്പോൾ 4,700 ഓളം പത്രങ്ങളാണ് അന്നവിടെ പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ കേവലം മൂന്നു ശതമാനം പത്രങ്ങളിൽ മാത്രമേ ഹിറ്റ്ലറുടെ ‘നാസി’ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. ഹിറ്റ്ലർ അധികാരമേറ്റെടുത്തതിനുശേഷം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്, ബഹുകക്ഷി സമ്പ്രദായം ഇല്ലാതാക്കുകയായിരുന്നു. നാസി പാർട്ടി മാത്രം മതിയെന്ന് തീരുമാനിച്ചു. ഇതോടെ തന്നെ, നൂറുകണക്കിനു പത്രങ്ങൾ പൂട്ടി. പിന്നെയും പിടിച്ചുനിന്ന, കമ്യൂണിസ്റ്റ് പാർട്ടിക്കും, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കും നിയന്ത്രണമുണ്ടായിരുന്ന പത്രസ്ഥാപനങ്ങളും, അച്ചടി ഉപകരണങ്ങളുമൊക്കെ പിടിച്ചെടുത്തു. നിഷ്പക്ഷമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പത്രങ്ങളെ മുഴുവൻ നാസികളുടെ നിയന്ത്രണത്തിലാക്കി. അവശേഷിച്ച പത്രങ്ങളും റേഡിയോയും ന്യൂസ് റീലുകളും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തെപ്പറ്റിയുള്ള ഭീതി പരത്തുന്ന വാർത്തകൾ കൊണ്ടു നിറച്ചു. രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പലയിടങ്ങളിലും കോൺസെൻട്രേഷൻ ക്യാമ്പുകളും ‘ദുർഗുണ പരിഹാര പാഠശാല’കളും സ്ഥാപിച്ചു.നാസി ഭീകരർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളും, അവരുടെ പത്രമോഫീസുകളും അച്ചടിശാലകളും കയ്യേറി. എന്നിട്ട് നാസി പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഫ്രാൻസ് ഏർ’ (Franz Eher) എന്ന ലോകത്തെ തന്നെ വമ്പൻ പ്രസാധകശാല സ്ഥാപിച്ചു. മറ്റു പത്രസ്ഥാപനങ്ങളെയെല്ലാം ഫ്രാൻസ് ഏർ ചുളുവിലയ്ക്ക് കൈക്കലാക്കി പത്രരംഗത്തെ മത്സരം തന്നെ ഇല്ലാതാക്കി. ഇതിനൊന്നും വഴിപ്പെടാതിരുന്ന, യാഥാസ്ഥിതികരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ചുരുക്കം ചില പത്രങ്ങളാകട്ടെ, സ്വയം സെൻസർഷിപ്പ് ഏർപ്പെടുത്തിക്കൊണ്ട് പിടിച്ചുനിൽക്കാൻ ശ്രമിച്ചു.
ജൂതന്മാരെ തുടച്ചുനീക്കി ജർമ്മനിയെ ആര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഹിറ്റ്ലർ ആരംഭിച്ചതോടെ, ജൂതന്മാരോട് താൽപ്പര്യം വച്ചുപുലർത്തിയിരുന്ന ‘ഉൾസ്റ്റെയ്ൻ’ എന്ന പത്രപ്രസിദ്ധീകരണ സ്ഥാപനത്തെ വരുതിയിലാക്കി. ഉൾസ്റ്റെയ്ൻ പ്രസിദ്ധപ്പെടുത്തിയിരുന്ന വോസിച്ചേ സെയ്തൂങ് (Vossische Zeitung) അക്കാലത്ത് ജർമ്മനിയിലെ ഏറ്റവും വലിയ പത്രസ്ഥാപനമായിരുന്നു. പതിനായിരം തൊഴിലാളികളുണ്ടായിരുന്നു ഇവിടെ. 1933ൽത്തന്നെ, പത്രത്തിന്റെ ഉടമസ്ഥരായ ഉൾസ്റ്റെയ്ൻ കുടുംബത്തിന്റെ പക്കൽനിന്ന് പത്രം ഫ്രാൻസ് ഏർ ഏറ്റെടുത്തു. ജൂതന്മാരോട് പ്രത്യേക മമത പുലർത്തിയിരുന്ന ലോകോത്തര പരസ്യ ഏജൻസിയായിരുന്ന ‘മോസെ’ (Mosse) യും നാസി പാർട്ടി പിടിച്ചടക്കി. ഹിറ്റ്ലർ അധികാരത്തിലെത്തിയതിന്റെ തൊട്ടുപിറ്റേ ദിവസം തന്നെ മോസെ കുടുംബം ജർമ്മനിയിൽനിന്ന് പലായനം ചെയ്തിരുന്നു. തടവറയോ മരണമോ പേടിച്ച് ധാരാളം പത്രപ്രവർത്തകരും ജർമ്മനിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കടന്നു. ചിരപ്രതിഷ്ഠ നേടിയ പത്രപ്രവർത്തകർപോലും ജീവൻ ഭയന്ന് നാസി പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിച്ചു തുടങ്ങി. ജോസഫ് ഗീബല്‍സിന്റെ നേതൃത്വത്തിലുള്ള ഹിറ്റ്ലറുടെ പ്രചാരണ മന്ത്രാലയം ജർമ്മനിയിലെ പത്രങ്ങളുടെ സംഘടനയുടെ ചുമതല ഏറ്റെടുക്കുകയും, പിന്നീട് പത്രപ്രവർത്തകരായി വരുന്നവരെ ഈ സംഘടനയുടെ കർശനമായ പരിശോധനയ്ക്കുശേഷം മാത്രം അതിനനുവദിക്കുന്ന സ്ഥിതി സൃഷ്ടിക്കുകയും ചെയ്തു.
എഡിറ്റർമാർക്കായി പ്രത്യേക നിയമമുണ്ടാക്കി. 1933 ഒക്ടോബർ നാലിന് പാസാക്കിയ ആ നിയമമനുസരിച്ച് ‘ആര്യരക്ത’മുള്ളവർ മാത്രമേ എഡിറ്റർമാരായും, പത്രപ്രവർത്തകരായും വരാൻ പാടുള്ളൂ. ജൂതരെ പൂർണമായി ഒഴിവാക്കിയെന്നു മാത്രമല്ല, ജൂതരുമായി വിവാഹബന്ധത്തിലേർപ്പെട്ടവരെപ്പോലും പത്രപ്രവർത്തനം നടത്തുന്നതിൽനിന്നു വിലക്കി. നാസി ഭരണത്തിന് ഏതെങ്കിലും തരത്തിൽ ക്ഷീണമുണ്ടാക്കുന്ന ഒരക്ഷരവും പത്രങ്ങളിൽ വരാൻ പാടില്ലെന്ന് ഈ നിയമത്തിൽ നിഷ്കർഷിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ രാജ്യത്ത് ചെയ്തതുപോലെ, ഓരോ ദിവസവും പത്രത്തിൽ വരേണ്ട വാർത്ത സംബന്ധിച്ച് പ്രചാരണ മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തി. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചവരുത്തുന്നവരെ ഒന്നുകിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കുകയോ, അല്ലെങ്കിൽ വെടിവെച്ചുകൊല്ലുകയോ ചെയ്തു. വാർത്തകൾ തമസ്കരിക്കുന്നതിനുപകരം, നാസി പ്രചാരണ ഉപാധികൾ, അതിനെ പൂർണമായും നിയന്ത്രിക്കാനാണ് ശ്രമിച്ചത്. നാസികൾക്ക് ഇഷ്ടമില്ലാത്ത ഒന്നും വാർത്താരൂപത്തിൽ വരാതിരിക്കാനുള്ള കർശന ജാഗ്രതയും ഹിറ്റ്ലറുടെ അനുയായികൾ വച്ചുപുലർത്തി. ഏതാണ്ട് ഇതിനു സമാനമായ രൂപത്തിൽ വാർത്തകളെയും മാധ്യമങ്ങളെയും സ്വന്തം ചൊൽപ്പടിക്കു നിർത്താനും, ബിജെപിക്കും സംഘപരിവാരത്തിനും അലോസരമുണ്ടാക്കുന്ന വാർത്തകളൊന്നും പുറത്തുവരാതിരിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നരേന്ദ്രമോദി സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ സെൻസർഷിപ്പ് ഏർപ്പെടുത്തി എന്ന ആരോപണത്തിനുള്ള പഴുത് ഒഴിവാക്കി മാധ്യമങ്ങളെ തങ്ങളുടെ വരുതിക്കു നിർത്താനുള്ള നീക്കങ്ങളാണ് ബിജെപി ഭരണം വളരെ കൗശലപൂർവം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈയിടെ മോദി സർക്കാർ കൊണ്ടുവന്ന, പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പ്രവർത്തനങ്ങളിലേക്ക് അതിരുവിട്ട് സർക്കാരിന് കടന്നുചെല്ലാൻ അധികാരം നൽകുന്ന ‘പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ 2023’ (പിആർപി ബിൽ). നേരത്തെ സ്വകാര്യ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി എന്നവണ്ണം കൊണ്ടുവന്ന പേഴ്സണൽ ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ – 2022 (പിഡിഡിപി ബിൽ), 2019ൽ പാസ്സാക്കിയ വിവരാവകാശ നിയമ ഭേദഗതി എന്നിവയുടെ ചുവടുപിടിച്ചാണ് ഇപ്പോൾ പിആർപി ബില്ലും നടപ്പാക്കാനൊരുമ്പെടുന്നത്. പുറമേ നോക്കുമ്പോൾ, ബില്ലുകൾ പലതും പുരോഗമനപരമെന്ന തോന്നലുണ്ടാക്കും. എന്നാൽ, ഈ ബില്ലുകളിലെ വ്യവസ്ഥകളെല്ലാം തന്നെ സൂചിപ്പിക്കുന്നത്, സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിവതും ജനങ്ങളെ അറിയിക്കാതിരിക്കുകയും, സർക്കാർ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ സർക്കാരിന് താൽപര്യമുള്ള കാര്യങ്ങൾ മാത്രം ജനങ്ങൾക്ക് നൽകുകയും ചെയ്യുക എന്നതാണ്. പ്രത്യക്ഷത്തിൽ മാധ്യമപ്രവർത്തനത്തിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ മാധ്യമസ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയുന്ന തരത്തിലാണ് നേരത്തെ പറഞ്ഞ ഓരോ ബില്ലിലെയും വ്യവസ്ഥകൾ.
പിആർപി ബിൽ:
മാതൃക ഹിറ്റ്ലറിൽ നിന്ന്
ഈ ആഗസ്ത് ഒന്നിന് രാജ്യസഭയിൽ അവതരിപ്പിച്ച പിആർപി ബില്ലിനെക്കുറിച്ച് ആദ്യം പറയാം. 1867 മുതൽ രാജ്യത്ത് നിലനിൽക്കുന്ന പ്രസ്സ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ട് ഭേദഗതി ചെയ്താണ് നിർദിഷ്ട ബിൽ അവതരിപ്പിച്ചിരിക്കുന്നത്. നിർദിഷ്ട ബില്ലിൽ ആനുകാലികങ്ങളുടെ കൂട്ടത്തിൽ പുസ്തകങ്ങളോ, ശാസ്ത്ര– അക്കാദമിക പ്രസിദ്ധീകരണങ്ങളോ ഉൾപ്പെടില്ല. ഈ രജിസ്ട്രേഷൻ ലഭിക്കുന്നതിന് പ്രിന്റർ /പബ്ലിഷർ എന്നിവരുടെ പേരുകൾ വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം ജില്ലാ മജിസ്ട്രേറ്റിനു നൽകണം. ജില്ലാ മജിസ്ട്രേറ്റ് ഇത് പ്രസ് രജിസ്ട്രാർക്ക് അയച്ചുകൊടുക്കും. ഇതിനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് പ്രസ് രജിസ്ട്രാർ ആയിരിക്കും. തീവ്രവാദ പ്രവർത്തനങ്ങളിലോ, നിയമവിരുദ്ധ നടപടികളിലോ, ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവരെന്ന ആരോപണത്തിന് വിധേയമായിട്ടുള്ളവർക്ക് ഒരുതരത്തിലുമുള്ള ആനുകാലിക പ്രസിദ്ധീകരണത്തിന് രജിസ്ട്രേഷൻ നൽകുകയില്ല.
വിദേശ പ്രസിദ്ധീകരണങ്ങൾ രാജ്യത്തിനകത്തുനിന്ന് പ്രസിദ്ധപ്പെടുത്തണമെങ്കിൽ, കേന്ദ്രസർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. ഇത് നൽകേണ്ടതാകട്ടെ കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രസ് രജിസ്ട്രാർ ജനറൽ ആണ്. ആനുകാലികങ്ങൾക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതും അദ്ദേഹം /അവർ തന്നെയാണ്. രാജ്യത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കുക, ആനുകാലികങ്ങൾക്ക് പേര് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കുക, ആനുകാലികങ്ങളുടെ പ്രചാരത്തിന്റെ കണക്കെടുക്കുക നിയമത്തിനും മാർഗ നിർദ്ദേശങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നു എന്നു കണ്ടാൽ ബന്ധപ്പെട്ടവരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക എന്നിവയും പ്രസ് രജിസ്ട്രാർ ജനറലിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതാണ്.
പ്രിന്റിങ് പ്രസ് സ്ഥാപിക്കുന്നതിനും രജിസ്ട്രേഷൻ ആവശ്യമാണ്. ഇതിനും ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം സമർപ്പിക്കണം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
പ്രിന്റിംഗ് പ്രസ് സ്ഥാപിക്കുന്നതിനോ, ആനുകാലികങ്ങളുടെ രജിസ്ട്രേഷനോ സമർപ്പിക്കുന്ന അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രസ് രജിസ്ട്രാർ ജനറലിന് ബോധ്യപ്പെട്ടാൽ പ്രസ്തുത രജിസ്ട്രേഷൻ 30 മുതൽ 180 ദിവസം വരെ സസ്പെൻഡ് ചെയ്യാൻ പ്രസ് രജിസ്ട്രാർ ജനറലിന് അധികാരമുണ്ട്. പ്രസിദ്ധീകരണം തുടർച്ചയായി പുറത്തിറിക്കുന്നതിൽ വീഴ്ച വരുത്തുക, വാർഷിക സ്റ്റേറ്റ്മെന്റുകളിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുക എന്നീ കുറ്റങ്ങളുടെ പേരിലും രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ തിരുത്തിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം പ്രസ് രജിസ്ട്രാർ ജനറലിനുണ്ട്. മറ്റൊരു ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പേരോ, സമാന സ്വഭാവമുള്ള പേരോ നൽകിയാലും, രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പ്രസിദ്ധീകരണത്തിന്റെ ഉടമയോ, പ്രസാധകനോ, തീവ്രവാദ പ്രവർത്തനം, നിയമവിരുദ്ധ നടപടികൾ, ദേശവിരുദ്ധ പ്രവൃത്തികൾ എന്നിവയുടെ പേരിൽ ശിക്ഷിക്കപ്പെട്ടാലും, അത്തരക്കാർ നടത്തുന്ന പ്രസിദ്ധീകരണങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
ഇങ്ങനെ റദ്ദാക്കപ്പെട്ടാൽ പിഴ അടയ്ക്കാനും അപ്പീൽ നൽകാനും കഴിയും. രജിസ്ട്രേഷൻ ഇല്ലാതെ പ്രസിദ്ധീകരണം നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കും. വാർഷിക സ്റ്റേറ്റ്മെന്റ് നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ 20,000 രൂപ വരെയാണ് പിഴ നിർദ്ദേശിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പ്രസിദ്ധീകരണം നിർത്തിവയ്ക്കണം എന്നു കാണിച്ച് പ്രസ് രജിസ്ട്രാർ ജനറൽ നോട്ടീസ് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന നോട്ടീസ് അനുസരിച്ച് ആറുമാസത്തിനുള്ളിൽ ഇതിന്റെ ഉടമയോ പ്രസാധകനോ പ്രസിദ്ധീകരണം അവസാനിപ്പിച്ചില്ലെങ്കിൽ, അവരെ ആറുമാസം വരെ തടവിലിടുന്ന വ്യവസ്ഥ നിർദിഷ്ട ബില്ലിലുണ്ട്. ഇതിനുവേണമെങ്കിൽ പ്രസ് ആൻഡ് രജിസ്ട്രേഷൻ അപ്പലേറ്റ് ബോർഡിൽ 60 ദിവസത്തിനകം അപ്പീൽ നൽകാവുന്നതാണ്.
പത്രമാരണ നിയമങ്ങളുടെ
ചരിത്രം
ഇന്ത്യയിലെ ആദ്യ പത്രം 1780ൽ കൽക്കട്ടയിൽ നിന്ന് ഇംഗ്ലീഷുകാരനായ ജെയിംസ് അഗസ്റ്റസ് ഹിക്കി പ്രസിദ്ധീകരിച്ച ‘ബംഗാൾ ഗസറ്റ്’ ആണെന്നതാണ് ചരിത്രം. അതായത്, ഇന്ത്യയിലെ പത്രങ്ങളുടെ ചരിത്രത്തിന് രണ്ടര നൂറ്റാണ്ടുപോലും പ്രായമായിട്ടില്ല എന്നർത്ഥം. ഇതിൽ 1757 മുതൽ 1947 വരെയുള്ള 190 വർഷത്തിൽ ആദ്യത്തെ നൂറു വർഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പിന്നീടുള്ള 90 വർഷം ബ്രിട്ടീഷ് ഗവൺമെന്റുമാണ് ഇന്ത്യ ഭരിച്ചത്. അതായത്, പത്രപ്രവർത്തനം നമ്മുടെ രാജ്യത്ത് ആരംഭിച്ചതും, വലിയൊരളവുവരെ വികസിച്ചതും ബ്രിട്ടീഷ് ഭരണകാലത്താണ്. ബ്രിട്ടീഷുകാർ ഇന്ത്യയെ അടക്കി ഭരിക്കുകയും, ഇവിടെനിന്നുള്ള സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തതിനെതിരെ ജനങ്ങൾക്കിടയിൽ രോഷവും പ്രതിഷേധവും ഉണ്ടാവുക സ്വാഭാവികമാണല്ലോ. ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയും തിലകനും അടക്കമുള്ള ദേശീയ നേതാക്കൾ നടത്തിയ പ്രസിദ്ധീകരണങ്ങളിലെല്ലാം ഈ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതിനായിരുന്നു. കൗതുകകരമെന്ന് പറയട്ടെ, ആദ്യ പത്രം പ്രസിദ്ധീകരിച്ചത് ബ്രിട്ടീഷുകാരനായിട്ടുപോലും, ഹിക്കി, ബ്രിട്ടീഷ് ഭരണത്തിന്റെ കൊള്ളരുതായ്മകളെ നഖശിഖാന്തം സ്വന്തം പത്രത്തിൽ വിമർശിച്ചുകൊണ്ടിരുന്നു.അന്നത്തെ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എലിജാ ഇംപെ (Elijah Inpey) യുമാണ് ഹിക്കിയുടെ വിമർശനങ്ങൾക്ക് പാത്രമായത്. ഇവിടെ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള, ദിവാൻ പി രാജഗോപാലാചാരിക്കെതിരെ വ്യക്തിപരമായ കടന്നാക്രമണങ്ങൾ നടത്തിയതും ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമാണ്.എന്നാൽ ഇതിനു സമാനമായ ആക്രമണങ്ങളാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ഹിക്കി, ഗവർണർ ജനറലിനും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനുമെതിരെ നടത്തിയത്. അതുകൊണ്ട് സംഭവിച്ചത്, കേവലം 22 മാസം മാത്രം പത്രം നടത്താൻ കഴിഞ്ഞ ഹിക്കിക്ക് അതിൽ 16 മാസവും ജയിലിൽ കഴിയേണ്ടി വന്നു. ഒടുവിൽ ഹിക്കിയെ ബ്രിട്ടീഷ് ഭരണാധികാരികൾ ഇംഗ്ലണ്ടിലേക്കുതന്നെ നാടുകടത്തുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ പത്രങ്ങളെ കയറൂരി വിടുന്നത് തങ്ങളുടെ നിലനിൽപ്പിനുതന്നെ ദോഷം ചെയ്യുമെന്നു കണ്ടറിഞ്ഞ ബ്രിട്ടീഷ് ഭരണാധികാരികൾ പത്രപ്രസിദ്ധീകരണങ്ങളെ നിയന്ത്രിക്കുന്നതിനെപ്പറ്റി കൂലങ്കഷമായ ആലോചനകൾ നടത്തി. ഇതിന്റെ പരിണതഫലമായിരുന്നു 1798ൽ, അഞ്ചാമത്തെ ഗവർണർ ജനറലായി കൽക്കട്ടയിൽ എത്തിയ വെല്ലസ്ലി പ്രഭു കൊണ്ടുവന്ന പത്രമാരണ നിയമം. ബ്രൂസ് എന്ന ഇംഗ്ലീഷുകാരന്റെ ചുമതലയിൽ നടത്തിയിരുന്ന ‘ഏഷ്യാറ്റിക് മിറർ’ പത്രത്തിൽ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ്, വെല്ലസ്ലി തന്റെ സൈന്യാധിപൻ സർ ആൽഫ്രഡ് ക്ലാർക്കിന് കടുത്ത ഭാഷയിൽ സന്ദേശമയച്ചത്. പത്രാധിപർ ബ്രൂസിനെ ബലംപ്രയോഗിച്ചാണെങ്കിലും ഇംഗ്ലണ്ടിലേക്ക് പറഞ്ഞു വിടണമെന്നും, മേലിൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് വെല്ലസ്ലി നിർദ്ദേശിച്ചത്. 1799 മെയിലാണ് പത്രങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വെല്ലസ്ലി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പിന്നീട് പത്രങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച്, 1823ൽ ഗവർണർ ജനറലായിരുന്ന ജോൺ ആദം ‘ആദം റെഗുലേഷൻ’ എന്ന പേരിൽ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനുശേഷം ഗവർണർ ജനറലായെത്തിയ സർ ചാൾസ് മെറ്റ്കാഫ് പത്രങ്ങളോടു കുറച്ച് ഉദാരമായ സമീപനം സ്വീകരിച്ച് 1835ൽ ‘രജിസ്ട്രേഷൻ ഓഫ് ദ പ്രസ് ആക്ട്’ പാസാക്കി. പത്രങ്ങളുടെ സാംഗത്യം തിരിച്ചറിഞ്ഞയാളായിരുന്നു മെറ്റ് കാഫ്. 1823ലെ നിയമം റദ്ദാക്കിയായിരുന്നു അദ്ദേഹം 1835ൽ പുതിയ നിയമം കൊണ്ടുവന്നത്. എന്നാൽ 1857ലെ ശിപായി ലഹളയുടെ പശ്ചാത്തലത്തിൽ, അന്നത്തെ ഗവർണർ ജനറൽ കാനിങ് പ്രഭു പത്രങ്ങൾക്ക് വർധിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ‘പ്രസ് ആക്ട് ഓഫ് 1857’ കൊണ്ടുവന്നു. ഇതിനുശേഷം പത്രങ്ങൾക്കും പുസ്തകങ്ങൾക്കും രജിസ്ട്രേഷനടക്കം നിർബന്ധമാക്കി ആവിഷ്കരിച്ചതാണ് 1867ലെ ‘പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ട്’.ഇന്ത്യയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയും പുസ്തകങ്ങളെയും അവയുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ നിബന്ധനകളും ഉൾക്കൊള്ളുന്നതാണ് 1867നുശേഷം ഇതേവരെ രാജ്യത്ത് നിലനിൽക്കുന്ന ഈ മേഖലയിലെ നിയമം. ഇതിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയും, കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയുമാണ് നിർദ്ദിഷ്ട ‘പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ 2023’ കൊണ്ടുവന്നിട്ടുള്ളത്.
എന്താണ് ഗൗരവമേറിയ പ്രശ്നം?
തീവ്രവാദ പ്രവർത്തനങ്ങൾ, നിയമവിരുദ്ധ പ്രവൃത്തികൾ, രാജ്യത്തിനെതിരായ നടപടികൾ എന്നിവയുമായി ബന്ധപ്പെടുന്നവർക്ക് പ്രസ് നടത്താനോ, പ്രസിദ്ധീകരണങ്ങൾ ഇറക്കാനോ കഴിയില്ല എന്നൊരു നിബന്ധന നിർദിഷ്ട നിയമത്തിലുണ്ട്. പ്രത്യക്ഷത്തിൽ ഇത് നല്ല കാര്യമാണെന്നു തോന്നാം. പക്ഷേ, പ്രശ്നം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏതാണെന്നും, അതിന്റെ സ്വഭാവം എന്താണെന്നുമൊക്കെ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരും, അവർ നിയമിക്കുന്ന പ്രസ് രജിസ്ട്രാർ ജനറലും ആയിരിക്കും. കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടികൾക്കോ, നിലപാടുകൾക്കോ, ആശയങ്ങൾക്കോ എതിരായിട്ടുള്ള എന്തിനെയും ആരെയും ഇതിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരണം തടയാനും പ്രസ്സ് കണ്ടുകെട്ടാനും, അതിന്റെ ഉടമയെയോ പ്രസാധകനെയോ ജയിലിലടയ്ക്കാനും കഴിയും. സിദ്ധിക്ക‍് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകനുണ്ടായ ദുരനുഭവം തന്നെ ഇതിന് ഏറ്റവും വലിയ തെളിവാണ്. രാജ്യത്തിനകത്തുനിന്നു പ്രസിദ്ധീകരിക്കുന്ന പുരോഗമന സ്വഭാവമുള്ള വിദേശ പ്രസിദ്ധീകരണങ്ങൾക്കും ഇതു ബാധകമായിരിക്കും. എന്നു പറഞ്ഞാൽ, ചുരുക്കത്തിൽ, സംഘപരിവാർ രാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയും വർഗീയതയും, ഫാസിസ്റ്റ് ആശയഗതികളുമൊക്കെ ആരെങ്കിലും തുറന്നുകാട്ടാൻ ശ്രമിച്ചാൽ അതു നടക്കില്ല എന്നർത്ഥം. തങ്ങൾക്കു താല്പര്യമില്ലാത്ത പ്രസിദ്ധീകരണങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിലും റദ്ദാക്കുന്നതിലും വരെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ആശയാവലികൾക്കായിരിക്കും മുൻതൂക്കം ലഭിക്കുക.
ഇത്തരം അപകടങ്ങൾ പതിയിരിക്കുന്നത് മണത്തറിഞ്ഞതുകൊണ്ടാണ് എഡിറ്റേഴ്സ് ഗിൽഡ് അടക്കം മാധ്യമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘടനകൾ ബില്ലിനെതിരെ രംഗത്തുവന്നിട്ടുള്ളത്. പ്രസ് രജിസ്ട്രാർ ജനറലിന്റെ അധികാരം വർധിപ്പിക്കൽ, ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, വാർത്താ സ്ഥാപനങ്ങളിൽ കയറാനുള്ള അധികാരം എന്നിവയെല്ലാം പത്ര സ്വാതന്ത്ര്യം ഹനിക്കുമെന്നാണ് എഡിറ്റേഴ്സ് ഗിൽഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
പിഡിഡിപി നിയമവും
മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ
2022 ഡിസംബറിൽത്തന്നെ കരട് പ്രസിദ്ധീകരിച്ചതും, 2023 ആഗസ്ത് ഏഴിന് ലോക്-സഭ പാസാക്കിയതുമായ വ്യക്തി വിവരസുരക്ഷാ ബില്ലും (പേഴ്സണൽ ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2022– പിഡിഡിപി ബിൽ) ഇതേ രൂപത്തിൽ വിവരങ്ങൾ അറിയാനുള്ള അവകാശനിഷേധം ലക്ഷ്യംവെച്ചുള്ളതാണ്. 2005ലെ വിവരാവകാശ നിയമത്തിലെ 8 (1) ജെ വകുപ്പിനുള്ള ഭേദഗതിയാണ് പിഡിഡിപി നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യവിരുദ്ധതയും ജനവിരുദ്ധതയും. വിവരാവകാശ നിയമത്തിലെ 8 (1) വകുപ്പിൽ ‘എ’ മുതൽ ‘ജെ’ വരെയുള്ള ഉപവകുപ്പുകളിലാണ് പൊതു അധികാരികൾ ജനങ്ങൾക്ക് നൽകാൻ ബാധ്യതയില്ലാത്ത കാര്യങ്ങളെപ്പറ്റി പറയുന്നത്. ഇതിൽ 8(1) ജെ യിൽ പരാമർശിക്കുന്നത് വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ചാണ്. ഒരു വ്യക്തിയുടെ (അധികാര സ്ഥാനത്തുള്ള ആരുടെയും) സ്വകാര്യ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ല എന്നാണ് ഈ വകുപ്പ് പറയുന്നത്. അതിൽത്തന്നെ അനുബന്ധമായി പറയുന്നത് വ്യക്തിഗത വിവരങ്ങൾ ആണെങ്കിലും അതിൽ വിശാലമായ പൊതു താൽപര്യം അടങ്ങിയിട്ടുണ്ട് എന്ന് വിവരാവകാശ ഓഫീസർക്ക് ബോധ്യപ്പെട്ടാൽ അത്തരം വ്യക്തിഗത വിവരങ്ങളും പൊതുജനങ്ങൾക്ക് നൽകേണ്ടതാണെന്നാണ്. പാർലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ നൽകേണ്ടതായ വിവരങ്ങൾ ജനങ്ങൾക്കും നിഷേധിക്കാൻ പാടില്ല എന്ന് ഈ വകുപ്പ് പറയുന്നുണ്ട്. എന്നാൽ ഈ ഉപവകുപ്പിനെ നിർവീര്യമാക്കുകയാണ് പിഡിഡിപി ബില്ലിൽ ചെയ്തിരിക്കുന്നത്.
ഈ ഉപവകുപ്പ് ഒഴിവാക്കിയിരിക്കുന്നു എന്നാണ് പിഡിഡിപി ബില്ലിന്റെ സെക്ഷൻ 30ന്റെ ഉപവകുപ്പ് (2)ൽ പറഞ്ഞിട്ടുള്ളത്.
എന്നുപറഞ്ഞാൽ, പിഡിഡിപി നിയമം രാജ്യസഭ കൂടി അംഗീകരിക്കുകയും, രാഷ്ട്രപതി ഒപ്പു വയ്ക്കുകയും ചെയ്ത് നടപ്പാക്കപ്പെടുന്നതോടെ, അധികാര കേന്ദ്രത്തിലുള്ള ഒരാളുടെ പോലും വിവരം ജനങ്ങൾക്ക് അറിയാനുള്ള സാധ്യത പൂർണമായും കൊട്ടിയടയ്ക്കപ്പെടും. ഫ-ലത്തിൽ അധികാരം കയ്യാളുന്നവർ എന്തൊക്കെ ജനാധിപത്യവിരുദ്ധത കാട്ടിയാലും, അഴിമതി നടത്തിയാലും, വിവരാവകാശ നിയമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി അവ പുറത്തുകൊണ്ടുവരാനും, മാധ്യമങ്ങൾക്ക് അവ വാർത്തയാക്കാനുമുള്ള അവസരം എന്നെന്നേക്കുമായി ഇല്ലാതാവുകയായിരിക്കും ചെയ്യുക. 2016ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച് ഡൽഹി സർവകലാശാലയിൽ നൽകിയ വിവരാവകാശ അപേക്ഷ നിരസിക്കപ്പെട്ടതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. വിവരാവകാശ നിയമം പ്രയോജനപ്പെടുത്തിയാണ്, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2 ജി സ്പെക്ട്രം അഴിമതി, ആദർശ് ഫ്ലാറ്റ് കുംഭകോണം, കോമൺവെൽത്ത് ഗെയിംസ് അഴിമതി എന്നിവയൊക്കെ പുറംലോകം അറിയാനിടയായതെന്നും ഓർക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, പിഡിഡിപി നിയമം മൂലം അധികാരികളുടെ എല്ലാ അഴിമതിയും ജനവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും മൂടിവയ്ക്കപ്പെടുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക.
വിവരാവകാശ നിയമത്തെ
പണ്ടേ ദുർബലമാക്കി
വിവരാവകാശ നിയമം (2005) ന്റെ പല്ലും നഖവും പണ്ടേ തന്നെ മോദി സർക്കാർ പിഴുതെടുത്തതാണ്. 2019 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഈ നിയമം ഭേദഗതി ചെയ്തത്. വിവരാവകാശ കമ്മീഷന്റെ സ്വയം ഭരണാധികാരം കവർന്നെടുക്കുകയാണ് ഭേദഗതിയിലൂടെ ചെയ്തത്. വിവരാവകാശ കമ്മീഷണർമാരുടെ ഉയർന്ന പദവിയും കാലാവധിയും വെട്ടിക്കുറച്ചു എന്നതു മാത്രമല്ല, വിവരാവകാശ കമ്മീഷണർമാർക്ക് വ്യത്യസ്ത കാലാവധി നൽകുന്നതിനുള്ള അവകാശം കേന്ദ്രസർക്കാരിന് നൽകുകയും ചെയ്തു. വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മൂല നിയമത്തിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ താല്പര്യത്തിനനുസരിച്ച് മാറ്റം വരുത്താം എന്ന നിബന്ധനയും ഭേദഗതിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഏതെങ്കിലും ഒരു വിവരാവകാശ കമ്മീഷണർക്ക് പ്രത്യേകമായ എന്തെങ്കിലും ആനുകൂല്യം നൽകണമെന്നതിലും കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാം.
നേരത്തെ സർക്കാരുകളുടെ ഒരു നിയന്ത്രണവും ഉണ്ടാകാൻ പാടില്ലെന്നും അങ്ങനെയായാലേ വിവരാവകാശ കമ്മീഷന് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കാൻ കഴിയൂ എന്നുമുള്ള കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ, 2019 ലെ ഭേദഗതിയോടെ, നിർണായക വിഷയങ്ങളിൽ കേന്ദ്രസർക്കാർ പിടിമുറുക്കിയിരിക്കുകയാണ്. ഇങ്ങനെ, സമാനമായ എല്ലാ നിയമഭേദഗതിയും, ബന്ധപ്പെട്ട നിയമങ്ങളെയും, അതനുസരിച്ച് സ്വതന്ത്രമായി വിഭാവനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളെയും ബിജെപി ഗവൺമെന്റിന്റെയും ആർഎസ്എസിന്റെയും വരുതിയിൽ വരുത്താനുള്ള ഗൂഢ ലക്ഷ്യത്തിൽ നിന്ന് രൂപം കൊണ്ടവയാണ്. ഏറ്റവും ഒടുവിൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ആലോചിക്കുന്ന ഭേദഗതിയും ഇതിന്റെയൊക്കെ തുടർച്ചയാണ്. ♦