കേരളത്തിലെ നാടകവേദി ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ, പ്രത്യേകിച്ച് ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത മുതലായ നഗരങ്ങൾ കേന്ദ്രീകരിച്ച് വികസിച്ചുവന്ന നാടകരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അഭ്യസ്തവിദ്യരായ, ഉന്നതവിദ്യാഭ്യാസം നേടിയ എന്നു തന്നെ പറയേണ്ടി വരും, ഒരു മിഡിൽ – അപ്പർ മിഡിൽ – ക്ലാസിനെ മാത്രം ലക്ഷ്യം വെച്ച് നിർമ്മിക്കപ്പെടുന്ന നഗരകേന്ദ്രീകൃത നാടകവേദിയല്ല കേരളത്തിലേത്. നാട്ടിൻപുറങ്ങളിലും ചെറുപട്ടണങ്ങളിലും, വായനശാലകളിലും കലാസമിതികളിലും സ്കൂളുകളിലും കോളേജുകളിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയാണത്. നഗരമെന്നും ഗ്രാമമെന്നുമുള്ള കൃത്യമായ അതിരുകൾ നിശ്ചയിക്കാൻ പോലുമാവാത്ത രീതിയിൽ തുടർച്ചയുള്ളൊരു ടൗൺഷിപ്പ് പോലെ കിടക്കുന്ന കേരളത്തിന്റെ സാമൂഹ്യഭൂമിശാസ്ത്രത്തിന്റെ സൃഷ്ടി തന്നെയാണ് കേരളത്തിലെ നാടകവേദിയും. മാത്രമല്ല, ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ മുതൽ കേരളത്തിലെ സാമൂഹിക,- സാമ്പത്തിക-, രാഷ്ട്രീയ രംഗങ്ങളിലുണ്ടായ മാറ്റങ്ങളെ കൃത്യമായി പ്രതിഫലിപ്പിച്ചുകൊണ്ടും ഈ രംഗങ്ങളുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ടുമാണ് ഇവിടത്തെ അരങ്ങ് ഉരുത്തിരിഞ്ഞിട്ടുള്ളതും.
ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തിനോക്കിയാൽ അത്രയേറെ പഴക്കമൊന്നുമില്ല കേരളത്തിലെ നാടകവേദിക്ക്. മലയാളക്കരയിലെ അവതരണകലകളുടെ പഴക്കവും പാരമ്പര്യവും ഒട്ടേറെ നൂറ്റാണ്ടുകൾ പുറകിലേക്ക് അടയാളപ്പെടുത്താനാവുമെങ്കിലും, ആധുനിക നാടകവേദിയുടെ തുടക്കമെന്ന നിലയ്ക്ക് മലയാള നാടകചരിത്രം ആരംഭിക്കുന്നത് 1882-ൽ കവിയും വിവർത്തകനുമായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ കാളിദാസന്റെ ശാകുന്തളം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണെന്നാണ്- പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. മലയാളഭാഷയിൽ അച്ചടിച്ചു വന്ന, ഘടനാപരമായി പൂർണ്ണതയുള്ള ആദ്യത്തെ നാടകകൃതി ഈ പരിഭാഷയായിരുന്നു എന്നേ ഇതിനർത്ഥമുള്ളൂ. അരങ്ങും അവതരണകലകളും വിശ്വാസത്തിന്റെ ഭാഗമായിട്ടും അല്ലാതെയും പല രീതിയിൽ കേരളത്തിൽ അതിനുമെത്രയോ മുമ്പേ നിലനിന്നു പോന്നിട്ടുണ്ട്.
അങ്ങേയറ്റം ശൈലീവത്കൃതവും സങ്കീർണ്ണവുമായ അഭിനയപദ്ധതിയിലൂടെ, ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പ്രാചീനസംസ്കൃതനാടകങ്ങളുടെ രംഗാവതരണം നടത്തിപ്പോന്ന കൂടിയാട്ടത്തിനും, കൂടിയാട്ടവുമായി ഏറെ സമാനതകളോടെ പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി മാനവേദൻ രൂപംകൊടുത്ത കൃഷ്ണനാട്ടത്തിനും, കൃഷ്ണനാട്ടത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് കൊട്ടാരക്കരത്തമ്പുരാൻ രൂപകല്പന ചെയ്ത രാമനാട്ടത്തിനും, പിൽക്കാലത്ത് ഇതിൽനിന്നെല്ലാം ഉടലെടുത്ത കഥകളിക്കുമൊക്കെ മുമ്പേ, ഉത്തരമലബാറിലെ തെയ്യമടക്കം ആചാരബദ്ധമായ ഒട്ടനേകം നാടൻ കലാരൂപങ്ങൾ കേരളത്തിൽ നിലവിലുണ്ടായിരുന്നു. കേരളത്തിലെ നാടൻ കലാരൂപങ്ങളുടെ വൈവിധ്യം എണ്ണമറ്റതാണ്. മിക്കവാറും എല്ലാ നാടൻ കലാരൂപങ്ങളും ജാതിവ്യവസ്ഥയുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. കൂടിയാട്ടത്തിനോ, കഥകളിക്കോ, തെയ്യത്തിനോ ലഭിക്കുന്ന ദൃശ്യപരത (visibility) ഇവയിൽ മിക്കതിനും ലഭിച്ചിട്ടുമില്ല.

തിയേറ്ററിനെപ്പറ്റിയുള്ള ആധുനിക സമീപനങ്ങളിലെത്തുമ്പോഴാണല്ലോ, നാടകമെന്നാൽ അച്ചടിക്കപ്പെട്ട നാടകകൃതി മാത്രമല്ലെന്നും, മനുഷ്യശരീരവും ശബ്ദവും ഉപയോഗിച്ച്, പ്രകാശവും സംഗീതവും രംഗോപകരണങ്ങളുമടക്കമുള്ള ഉപാധികളുടെ സഹായത്തോടെ നടത്തുന്ന അവതരണങ്ങളെല്ലാം തിയേറ്ററെന്ന വിവക്ഷയിൽ ഉൾപ്പെടുമെന്നുമുള്ള കാഴ്ചപ്പാട് കടന്നുവരുന്നത്. അതിനു മുമ്പ്, നാടകമെന്നാൽ നാടകകൃതിയാണ് പരമപ്രധാനമെന്നും, നാടകകൃത്ത് (Author), അഭിനേതാവ് (Actor), സദസ്സ് (Audience) എന്നീ മൂന്നു ഘടകങ്ങളിൽ ഒന്നാമതു വരുന്നത് നാടകകൃത്ത് തന്നെയാണെന്നും തന്നെയായിരുന്നു പൊതുവെ സ്വീകരിച്ചിരുന്ന സമീപനം. ആ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുതന്നെയാണ് മലയാള നാടകചരിത്രം തുടങ്ങുന്നത് 1882-ലാണെന്ന് പൊതുവെ പറഞ്ഞു വരുന്നത്.
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തർജ്ജമ ചെയ്ത ശാകുന്തളം, പക്ഷേ അച്ചടിയിൽ മാത്രമൊതുങ്ങി നിന്നില്ല. അന്നത്തെ പ്രമുഖ ‘നാടകക്കമ്പനി’യായിരുന്ന മനോമോഹനം കമ്പനി ശാകുന്തളം നാടകത്തെ ഏറെ ആഘോഷത്തോടെ അരങ്ങിലെത്തിച്ചു. തിരുവട്ടാർ നാരായണപിള്ള സ്ഥാപിച്ച മനോമോഹനം കമ്പനി, തെക്കൻ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ നാടകക്കമ്പനിയായിരുന്നു. അക്കാലത്ത് ദക്ഷിണേന്ത്യയിലാകമാനം പ്രചാരം നേടിയിരുന്ന തമിഴ് സംഗീതനാടകക്കമ്പനികളുടെ അതേ മാതൃകയിലായിരുന്നു മനോമോഹനം കമ്പനിയും പ്രവർത്തിച്ചുകൊണ്ടിരുന്നത്.

ക്ഷേത്രകേന്ദ്രീകൃതമായ ക്ലാസിക്കൽ കലാരൂപങ്ങളും, പ്രാദേശികവിശ്വാസങ്ങളിലധിഷ്ഠിതമായ നാടൻ കലാരൂപങ്ങളും പൊതുവെ ഹൈന്ദവ വിശ്വാസികൾക്കിടയിലാണ് പ്രചരിച്ചിരുന്നതെങ്കിൽ, (ഇന്നത്തെ) എറണാകുളം – – ആലപ്പുഴ ജില്ലകളിലെ തീരദേശവാസികളായ ലത്തീൻ കത്തോലിക്കർക്കിടയിൽ ഏറെ പ്രചാരം നേടിയിരുന്ന ചവിട്ടുനാടകം പതിനാറാം നൂറ്റാണ്ടോടെ പോർച്ചുഗീസ് സ്വാധീനത്തിന് കീഴിൽ രൂപംകൊണ്ടതായിരുന്നു. ബൈബിൾ കഥകളും, ക്രൈസ്തവചരിത്രവുമായി ബന്ധപ്പെട്ട കഥകളും സാമാന്യജനത്തെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്- ചവിട്ടുനാടകം ഉത്ഭവിക്കുന്നത്. ഇന്നും, എറണാകുളം – ആലപ്പുഴ ജില്ലകളിലെ തീരദേശത്തുള്ള ലത്തീൻ കത്തോലിക്കാ വിശ്വാസികളായ മത്സ്യത്തൊഴിലാളി വിഭാഗങ്ങളാണ്- ചവിട്ടുനാടകത്തിന്റെ പ്രയോക്താക്കൾ.
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശാകുന്തളം പരിഭാഷ 1882-ൽ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും, അതിനും മുമ്പ് 1878-ൽ മാവേലിക്കര സ്വദേശിയായ പോളച്ചിറക്കൽ കൊച്ചീപ്പൻ തരകൻ രചിച്ച ‘മറിയാമ്മ ചരിത’ മാണ്- യഥാർത്ഥത്തിൽ ആദ്യത്തെ മലയാള നാടകസാഹിത്യകൃതിയെന്നു പറയാം. പക്ഷേ, രചിക്കപ്പെട്ടതിനു ശേഷം 25 വർഷം കഴിഞ്ഞ് 1903-ലാണു ‘മറിയാമ്മ ചരിതം’ അച്ചടിക്കപ്പെടുന്നത്. സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി, സാധാരണ ജനങ്ങളുടെ സംസാരഭാഷയിൽത്തന്നെ രചിക്കപ്പെട്ട ആദ്യകൃതിയുമായിരുന്നു അത്.
അതേസമയം, ഇന്നത്തെ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ, ചാത്തുക്കുട്ടി മന്നാടിയാരെന്ന ഒരു സാഹിത്യകാരൻ തമിഴ് പണ്ഡിതനായിരുന്ന രാമഭദ്രദീക്ഷിതരുടെ ജാനകീപരിണയവും, ഭവഭൂതിയുടെ ഉത്തര രാമചരിതവും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. 1889-ലാണ്- ചാത്തുക്കുട്ടി മന്നാടിയാർ ഈ പരിഭാഷകൾ ചെയ്തത്. രസികരഞ്ജിനി നടന സഭ എന്ന ഒരു സംഗീതനാടകസംഘവും അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി തമിഴ് സംഗീതനാടകസംഘങ്ങൾ കേരളത്തിൽ ഏറെ പ്രചാരത്തിൽ വന്നിരുന്നു. അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ വിനോദരൂപങ്ങളെന്ന നിലയ്ക്ക് വൻ സ്വീകാര്യതയാണ്- തമിഴ് സംഗീതനാടകസംഘങ്ങൾക്ക് ലഭിച്ചത്. കഥയേക്കാളും, അഭിനയത്തേക്കാളും പ്രാമുഖ്യം സംഗീതാലാപനത്തിന് കൊടുത്തിരുന്ന ഈ നാടകാവതരണങ്ങളിൽ അഭിനേതാക്കളുടെ സംഗീതവാസനയ്ക്കായിരുന്നു പ്രാമുഖ്യം. ഈ സംഗീതനാടകങ്ങൾ എന്തുകൊണ്ട് മലയാളത്തിലും അവതരിപ്പിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ്- ശാകുന്തളം പരിഭാഷയുൾപ്പെടെയുള്ള നാടകകൃതികൾ കേരളത്തിൽ ജന്മമെടുത്തുതുടങ്ങിയത്.

ശാകുന്തളം പരിഭാഷയും, മനോമോഹനം നാടകക്കമ്പനിയുടെ രംഗാവതരണവുമെല്ലാം സൃഷ്ടിച്ച സ്വാധീനത്തിൻകീഴിൽത്തന്നെയാവണം, തോട്ടക്കാട്ട് ഇക്കാവമ്മയുടെ ‘സുഭദ്രാർജ്ജുനം’ 1891-ൽ (കൊല്ലവർഷം 1066) പ്രസിദ്ധീകരിക്കപ്പെടുന്നത്. അതിനുമുമ്പത്തെ വർഷം (കൊ. വ. 1065) കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ‘അജ്ഞാതവാസം’ രചിക്കപ്പെട്ടെങ്കിലും, അത് രംഗാവതരണസാധ്യതകൾ കുറവായ, സാഹിത്യപ്രധാനമായ കൃതിയായിരുന്നു. അതുകൊണ്ട്, കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ‘സുഭദ്രാർജ്ജുനം’ തന്നെയായിരുന്നു.
തമിഴ് സംഗീതനാടകങ്ങളുടെ ഈ പ്രചാരത്തിന്റെ ചുവടുപിടിച്ചു തന്നെയാണ്- 1892-ൽ തൃശൂർ സ്വദേശിയായ ടി. സി. അച്യുതമേനോൻ ‘സംഗീതനൈഷധം’ രചിക്കുന്നത്. അതിന്റെ മുപ്പത്തിനാലായിരം കോപ്പികൾ ഒരൊറ്റ വർഷം കൊണ്ട് വിറ്റഴിഞ്ഞതായിട്ടാണ് കണക്കുകൾ പറയുന്നത്. പിന്നീട്, നടുവത്തച്ചൻ നമ്പൂതിരിയുടെ ‘ഭഗവദ്ദൂത്’, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ‘ലക്ഷ്മണ സംഗം’, വർഗീസ് മാപ്പിള പഴയ നിയമത്തെ അധികരിച്ചു രചിച്ച ‘എബ്രായക്കുട്ടി’, തുടങ്ങി പല നാടകങ്ങളും ആ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്.
അതേസമയം, ഉത്തരകേരളത്തിലെ നാടകരംഗം, ഈ സംഗീതനാടക കാലഘട്ടം മുതലേ വ്യത്യസ്തമായൊരു ദിശ പിന്തുടർന്നുവന്നതായി കാണാൻ കഴിയും. പുരാണകഥകളിൽ നിന്നു പ്രചോദിതമായ ആശയങ്ങൾ തന്നെയായിരുന്നെങ്കിലും, സാമൂഹ്യ- രാഷ്ട്രീയ നിലപാടുകളെ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു ആ നാടകങ്ങളുടെ രചനാശൈലി. മലബാർ മേഖലയിലെ സംഗീതനാടകലോകത്തെ പ്രധാനിയായിരുന്നു, വിദ്വാൻ പി. കേളു നായർ. ഇരുപത്തെട്ടാം വയസിൽ ജീവിതമവസാനിപ്പിച്ച കേളു നായർ അതിനകം, പാക്കനാർ ചരിതം, ലങ്കാദഹനം, പാദുക പട്ടാഭിഷേകം, ശ്രീകൃഷ്ണ ലീല, കബീർദാസ ചരിതം, വിവേകോദയം തുടങ്ങി ഒട്ടനേകം നാടകങ്ങൾ രചിച്ചിരുന്നു. അതോടൊപ്പം, കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണക്കുറുപ്പ് (ഹരിശ്ചന്ദ്രചരിതം, ദേവയാനീ ചരിതം), അനന്തൻ നായർ (കുചേലഗോപാലം), കുഞ്ഞമ്പുക്കുറുപ്പ് തുടങ്ങിയവരൊക്കെ സംഗീതനാടകശാഖയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകി.
ഇക്കൂട്ടത്തിൽ തികഞ്ഞ ദേശീയവാദിയായിരുന്ന കേളു നായരാണ്- മലബാറിലെ നാടകരംഗത്തിന് വ്യക്തമായ ഒരു സാമൂഹ്യാവബോധം പകർന്നുനൽകിയത്. ആ പാരമ്പര്യം മലബാർ നാടകവേദിയിൽ തുടർന്നും നിഴലിച്ചുപോന്നു. കേളു നായർ അന്തരിച്ച 1929-ൽ തന്നെയാണ്- വി. ടി. ഭട്ടതിരിപ്പാട് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ രചിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം (1931), എം. ആർ ബി യുടെ ‘മറക്കുടക്കുള്ളിലെ മഹാനരക’വും, 1938-ൽ പ്രേംജിയുടെ ‘ഋതുമതി’യും രചിക്കപ്പെട്ടതോടെ, നമ്പൂതിരിസമുദായത്തിലെ സാമൂഹ്യപരിഷ്കരണത്തിൽ നിർണായകസ്വാധീനം ചെലുത്തിയ നാടകത്രയം രൂപംകൊള്ളുകയായിരുന്നു. ആശയപ്രചാരണത്തിന് നാടകമെന്ന കലാരൂപത്തിന്റെ കരുത്ത് എങ്ങനെ ഉപയോഗിക്കാമെന്ന പരീക്ഷണത്തിന്റെ ഭാഗമായി രൂപംകൊണ്ട കലാസൃഷ്ടികളായിരുന്നു ഈ നാടകങ്ങളൊക്കെ എന്നുതന്നെ പറയാം. ഇതേ കാലഘട്ടത്തിൽ തന്നെയാണ്- കെ. ദാമോദരന്റെ ‘പാട്ടബാക്കി’യും (1936), ചെറുകാടിന്റെ ‘നമ്മളൊന്നും’ (1948) രചിക്കപ്പെടുന്നത്. ‘നമ്മളൊന്ന്’ അരങ്ങിലെത്തുന്നത് 1954-ൽ ആയിരുന്നെന്നു മാത്രം.
മുപ്പതുകളിലും നാല്പതുകളിലും, സ്വാമി ബ്രഹ്മവ്രതനും ഓച്ചിറ വേലുക്കുട്ടിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുമൊക്കെ നിറഞ്ഞുനിന്ന സംഗീതനാടകലോകം തന്നെയായിരുന്നു അന്നത്തെ ജനപ്രിയ നാടകവേദി. ഒട്ടനേകം പേർക്ക് തൊഴിൽ കൊടുത്തുകൊണ്ട് വൻ വ്യവസായം തന്നെയായി നിലകൊണ്ട സംഗീതനാടകങ്ങളുടെ ഇടയിലൂടെത്തന്നെയാണ്- പുതിയൊരു സംവേദനരീതിയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് സാമൂഹ്യ-, രാഷ്ട്രീയപ്രാധാന്യമുള്ള പുതിയൊരു നാടകവേദി ഉദയം ചെയ്തത്. വി. ടി. യുടെയും എം. ആർ. ബിയുടെയും പ്രേംജിയുടെയുമൊക്കെ നാടകങ്ങൾ കാണികളെ ആകർഷിക്കാനുള്ള വർണ്ണപ്പകിട്ടുകളോ, സംഗീതത്തിന്റെ അകമ്പടിയോ ഇല്ലാതെ, വീട്ടകങ്ങളിലും ചെറിയ സഭകളിലും ആശയപ്രചാരണത്തെ മാത്രം ലക്ഷ്യം വെച്ച് നിർമ്മിക്കപ്പെട്ടവയായിരുന്നു. അലങ്കാരങ്ങളില്ലെങ്കിലും അവയിലെ ആശയങ്ങൾ നമ്പൂതിരി ഗൃഹങ്ങൾക്കകത്ത് കൊടുങ്കാറ്റുകളുയർത്തി. അതോടൊപ്പം, ‘പാട്ടബാക്കി’യെപ്പോലെയുള്ള സാമൂഹ്യനാടകങ്ങളും അരങ്ങുകളിലെത്താനാരംഭിച്ചു. ജനപ്രിയമായ സംഗീതനാടകങ്ങളും, ആശയപ്രധാനമായ സാമൂഹ്യനാടകങ്ങളും രണ്ടു ധാരകൾ തന്നെയായി മാറാൻ തുടങ്ങുകയായിരുന്നു.
ഇതേ സമയത്തുതന്നെയാണ്- തിരുവനന്തപുരത്ത് സി. വി. രാമൻ പിള്ളയും ഇ. വി. കൃഷ്ണപിള്ളയുമടക്കമുള്ള എഴുത്തുകാർ നാടകരചന ആരംഭിക്കുന്നത്. പ്രൊഫഷണൽ നാടകക്കമ്പനികൾക്കു വേണ്ടിയുള്ള രചനകളിൽ നിന്ന് വ്യത്യസ്തമായി, പരീക്ഷണസ്വഭാവമുള്ളതും അക്കാദമിക് സ്വഭാവമുള്ളതുമായ നാടകകൃതികൾക്ക് അവർ രൂപംകൊടുത്തു. ഈ നാടകങ്ങളുടെ രംഗാവതരണങ്ങൾ, പ്രധാനമായും തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രോത്സാഹനത്തോടെ, കൊട്ടാരവുമായി ബന്ധപ്പെട്ടായിരുന്നു നടന്നിരുന്നത്. നടീനടന്മാർക്കും നാടകരചയിതാക്കൾക്കും മറ്റ് വരുമാനമാർഗങ്ങൾ ഉണ്ടായിരുന്നതിനാൽ പൊതുവെ ഉപജീവനാർത്ഥമല്ലാതെയുള്ള നാടകാവതരണങ്ങൾ എന്ന നിലയിൽ, ‘അമെച്വർ നാടകങ്ങൾ’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഞായറാഴ്ചയുൾപ്പെടെയുള്ള അവധിദിനസായാഹ്നങ്ങളിലായിരുന്നു ഈ നാടകങ്ങളുടെ പരിശീലനവും അവതരണവുമൊക്കെ നടന്നുപോന്നത്.
മുപ്പതുകളിൽത്തന്നെയാണ് പ്രധാനപ്പെട്ട പാശ്ചാത്യനാടകകൃതികളുടെ മലയാളപരിഭാഷകൾ വരാൻ തുടങ്ങിയത്. 1936-ൽ, കേസരി എ. ബാലകൃഷ്ണപിള്ള തർജ്ജമ ചെയ്ത ഇബ്സന്റെ ‘ഭൂതങ്ങൾ’ (Ghosts) ടെ മലയാളത്തിലേക്ക് പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ ഷേക്-സ്പിയർ കൃതികളും, ഇബ്സൻ കൃതികളും ധാരാളമായി മലയാളത്തിലേക്ക് വന്നുതുടങ്ങി. നാല്പതുകളിലേക്കു കടക്കുന്നതോടെ, ഇബ്സൻ കൃതികളുടെ സ്വാധീനം നിഴലിക്കുന്ന മലയാളനാടകങ്ങൾ പ്രത്യക്ഷപ്പെട്ടു. എൻ. കൃഷ്ണപിള്ളയുടെ രചനകളായിരുന്നു അവയിലേറ്റവും പ്രധാനം. ‘ഭഗ്നഭവനം’, ‘കന്യക’, ‘ബലാബലം’, ‘അനുരഞ്ജനം’, ‘മുടക്കുമുതൽ’ ‘കുടത്തിലെ വിളക്ക്’ തുടങ്ങിയ ഒട്ടനേകം കൃതികൾ അദ്ദേഹം സംഭാവന ചെയ്തു. ഈ സമയത്തു തന്നെയാണ്- നാടകം അക്കാദമിക് തലത്തിൽ പഠനമർഹിക്കുന്ന വിഷയമാണെന്ന ധാരണ കടന്നുവരാനാരംഭിക്കുന്നതും. ഷേക് സ്പിയർ കൃതികളടക്കമുള്ള പാശ്ചാത്യനാടകവേദിയിലെ സുപ്രധാന നാടകകൃതികൾ ഇംഗ്ലീഷ് സാഹിത്യപഠനത്തിന്റെ ഭാഗമായിരുന്നതുകൊണ്ട്, പ്രധാനമായും കോളേജ് അദധ്യാപകരാണന്ന് നാടകപഠനങ്ങളിലേക്ക് ശ്രദ്ധചെലുത്താനാരംഭിച്ചത്. നാടകത്തിന്റെ അരങ്ങുപാഠങ്ങളേക്കാൾ സാഹിത്യരൂപമെന്ന നിലയ്ക്കായിരുന്നു ആ പഠനങ്ങളധികവും ആരംഭിച്ചതും.
1951-ൽ കെ. പി. എ. സിയുടെ ഉദയം, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും മലയാളനാടകചരിത്രത്തിലും ഒരേപോലെ നിർണായകമായ ഒരു വഴിത്തിരിവായിരുന്നു. ആറു വർഷത്തിനു ശേഷം ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ, ആ ചരിത്രസംഭവത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചതിൽ വളരെ വലിയൊരു പങ്കായിരുന്നല്ലോ ഒരൊറ്റ നാടകം വഹിച്ചത്. പതിറ്റാണ്ടുകൾക്കപ്പുറം, ഇന്നും ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ജീവിക്കുന്നൊരു ചരിത്രസ്മാരകമായി അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. മലയാളനാടകവേദിയെ സംബന്ധിച്ച്, തമിഴ് സംഗീതനാടകങ്ങളുടെ കാലം ഏതാണ്ടവസാനിക്കുന്നത് ‘കമ്യൂണിസ്റ്റാക്കി’ യുടെയും അതിനെത്തുടർന്നു വന്ന സാമൂഹ്യനാടകങ്ങളുടെയും വരവോടെയുമായിരുന്നു. വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളോ, വർണ്ണപ്പകിട്ടുള്ള രംഗപടമോ ഇല്ലാതെ, മുഖത്ത് കനത്ത മേക്കപ്പില്ലാതെ, ഒരു ഓലമടലും വലിച്ച്, തനി ഓണാട്ടുകര ഭാഷയിൽ സംസാരിച്ചുകൊണ്ട് കടന്നുവരുന്ന വൃദ്ധനായ പ്രധാനകഥാപാത്രത്തിൽ നിന്നു തുടങ്ങുന്ന നാടകം, അന്നുവരെയുള്ള നാടകസങ്കല്പങ്ങളെ മൊത്തം കീഴ് മേൽ മറിക്കുന്നതായിരുന്നു. സംഗീതനാടക കാലത്തിന്റെ ബാക്കിപത്രമെന്നോണം, ‘കമ്യൂണിസ്റ്റാക്കി’ യിൽ ഇരുപതിലേറെ ഗാനങ്ങളുണ്ടായിരുന്നെന്നു മാത്രം. നാടകഗാനങ്ങൾ അച്ചടിച്ച പാട്ടുപുസ്തകം അക്കാലത്തെ ഒരു പ്രത്യേകതയായിരുന്നു.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ രചയിതാവായ തോപ്പിൽ ഭാസിയോ, കെ. പി. എ. സിയുടെ ആദ്യകാലപ്രവർത്തകരായ ജി. ജനാർദ്ദനക്കുറുപ്പ്, കാമ്പിശ്ശേരി കരുണാകരൻ, അഡ്വ. എൻ. രാജഗോപാലൻ നായർ, ഒ. മാധവൻ, തോപ്പിൽ കൃഷ്ണപിള്ള, ഭാസ്കരപ്പണിക്കർ, വി. സാംബശിവൻ, കെ. കേശവൻ പോറ്റി തുടങ്ങിയവരോ ഒന്നും നാടകരംഗത്ത് വലിയ പരിചയസമ്പത്തുള്ളവരൊന്നുമായിരുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള പ്രതിജ്ഞാബദ്ധതയും, ആശയപ്രചാരണത്തിനു നാടകമുൾപ്പെടെ പരമാവധി കലാരൂപങ്ങൾ ഉപയോഗിക്കണമെന്ന ആവേശവും മാത്രമായിരുന്നു അവരുടെ കൈമുതൽ. ഇവർക്കൊപ്പം, ജി. ദേവരാജനും കെ. രാഘവൻ മാസ്റ്ററും വയലാറും പി. ഭാസ്കരനുമൊക്കെ ചേർന്നതോടെ, ഒരു കാലഘട്ടത്തിന്റെ സംഗീതമായി മാറിയ ജനപ്രിയഗാനങ്ങളും ജന്മമെടുത്തു.
കായംകുളത്ത് രൂപീകരിക്കപ്പെട്ട കെ. പി. എ. സി. കേരളം മുഴുവൻ പര്യടനം നടത്തിക്കൊണ്ടിരുന്ന സമയത്തു തന്നെയാണ്- ചെറുകാടിന്റെ ‘നമ്മളൊന്ന്‘ അരങ്ങിലെത്തിക്കാൻ ഇരിങ്ങാലക്കുടയിൽ ശ്രമമാരംഭിച്ചത്. ഇരിങ്ങാലക്കുടയിലെ കമ്യൂണിസ്റ്റ് നേതാവും സാംസ്കാരികപ്രവർത്തകനുമായിരുന്ന ടി. എൻ. നമ്പൂതിരിയുടെ നേതൃത്വത്തിൽ, കേരള കലാവേദിയുടെ ബാനറിലാണ് 1954-ൽ ‘നമ്മളൊന്ന്’ അരങ്ങിലെത്തുന്നത്.
ഈ അമ്പതുകളിൽത്തന്നെയായിരുന്നു കേരളത്തിലെ നാടകവേദിയുടെ ചരിത്രത്തിൽ നിർണായകസ്വാധീനം ചെലുത്തിയ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നതും. കേന്ദ്രത്തിലെ അക്കാദമികളുടെ മാതൃകയിൽ, കേരളത്തിലും മൂന്ന് അക്കാദമികൾ സ്ഥാപിക്കണമെന്നുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ തീരുമാനപ്രകാരം, 1958 ഏപ്രിൽ 26-ന്-, പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, കേരള സംഗീത നാടക അക്കാദമി തൃശൂരിൽ ഉദ്ഘാടനം ചെയ്തു. അതിന്റെ അടുത്ത വർഷം, 1959-ൽ, ഡൽഹിയിൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയും ആരംഭിച്ചു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകപരിശീലനം നേടിയ തമിഴ് നാട് സ്വദേശി എസ്. രാമാനുജം കേരളത്തിലെ നാടകവേദിയിൽ അറുപതുകളുടെ അവസാനത്തോടെ തുടക്കംകുറിച്ച ആധുനികയുഗത്തിന്റെ പ്രധാന അമരക്കാരിലൊരാളായി മാറി.
മലയാളനാടകവേദിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ് 1967 എന്നു പറയാം. ആ വർഷത്തെ ഓണക്കാലത്താണ്, ശാസ്താംകോട്ട ഡി. ബി. കോളേജിൽ വച്ച് ആദ്യത്തെ നാടകക്കളരി നടക്കുന്നത്. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെയും സി. എൻ. ശ്രീകണ്ഠൻ നായരുടെയും നേതൃത്വത്തിലായിരുന്നു സെപ്തംബർ മാസത്തിൽ ഒരാഴ്ചത്തെ ‘നാടകക്കളരി’ സംഘടിപ്പിക്കപ്പെട്ടത്. ജി. ശങ്കരപ്പിള്ള ഡി. ബി. കോളേജിലെ അദ്ധ്യാപകനായി ശാസ്താംകോട്ടയിലെത്തിയപ്പോൾ, സി. എൻ. ശ്രീകണ്ഠൻ നായരുടെ ഭാര്യയുടെ വസതി അവിടെയായിരുന്നുവെന്നത് ഇരുവരുടെയും സൗഹൃദത്തിന്- ആക്കം കൂട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വകയായിരുന്നല്ലോ ഡി. ബി. കോളേജ്. ക്യാമ്പ് ഡയറക്ടർ സി. എൻ. തന്നെയായിരുന്നു. ക്ലാസുകൾ നയിച്ചത് എം. ഗോവിന്ദൻ, എൻ. കൃഷ്ണപിള്ള, എസ്. രാമാനുജം, ജി. ശങ്കരപ്പിള്ള, അരവിന്ദൻ, തുടങ്ങിയവരും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയ എസ്. രാമാനുജമായിരുന്നു പ്രകാശസംവിധാനമുൾപ്പെടെ അരങ്ങിലെ പ്രായോഗികപാഠങ്ങൾ ക്യാമ്പംഗങ്ങൾക്കു പകർന്നുനൽകിയത്. എസ്. രാമാനുജത്തിന്റെ കേരളവുമായുള്ള നീണ്ടകാലത്തെ ബന്ധം ആരംഭിക്കുന്നതും ശാസ്താംകോട്ടയിൽ നിന്നാണ്-. സി. ജെ. തോമസിന്റെ 1128-ൽ ക്രൈം 27 ന്റെ രംഗാവതരണത്തോടെയാണ്- ക്യാമ്പ് അവസാനിച്ചത്.
അടുത്ത വർഷവും (1968) നാടകക്കളരി നടന്നു. സി. ജെ. തോമസിന്റെ ജന്മസ്ഥലമായ കൂത്താട്ടുകുളത്തു വെച്ചായിരുന്നു രണ്ടാമത്തെ നാടകക്കളരി. സി. ജെ. സ്മാരക സമിതിയുടെ സഹകരണത്തോടെയാണ്- അത്തവണ നാടകക്കളരി നടന്നത്. സി. ജെയുടെ ആ മനുഷ്യൻ നീ തന്നെ ആയിരുന്നു അക്കുറി ക്യാമ്പ് പ്രൊഡക്ഷൻ. പിറ്റേ വർഷം, നെയ്യാറ്റിൻകരയ്ക്കടുത്ത് ധനുവച്ചപുരത്തെ വി. ടി. എം. കോളേജിൽ വച്ച് മൂന്നാമത്തെ നാടകക്കളരി സംഘടിപ്പിക്കപ്പെട്ടു. അക്കുറി, പുളിമാന പരമേശ്വരൻ പിള്ളയുടെ ‘സമത്വവാദി’ ആയിരുന്നു അരങ്ങിലെത്തിയത്. അതിനടുത്ത വർഷം (1970), എം. കെ. കെ. നായരുടെ ഉത്സാഹത്തിൽ, ഏലൂരിലെ എഫ്എസി ടി. പരിസരത്താണ്- നാടകക്കളരി നടന്നത്. സി.എൻ.ന്റെ ‘ലങ്കാലക്ഷ്മി’യുടെ ഒരു ഭാഗമാണ് ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടത്.
കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു സമയമായിരുന്നു അറുപതുകളുടെ ആ രണ്ടാം പകുതി. നാടകരംഗത്തു മാത്രമല്ല, സാഹിത്യ- – ചലച്ചിത്ര – കലാ രംഗങ്ങളിലെല്ലാം പുതിയ അന്വേഷണങ്ങളാരംഭിച്ച സമയമായിരുന്നല്ലോ അത്. 1965-ൽ എറണാകുളത്ത്, ഏലൂരിലെ ഉദ്യോഗമണ്ഡലിൽ, നടന്ന അഖിലേന്ത്യാ റൈറ്റേഴ് സ് കോൺഫറൻസും, അതോടനുബന്ധിച്ച് എറണാകുളത്ത് ടി. ഡി. എം. ഹാളിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ ചിത്രപ്രദർശനവും, മേനകാ തിയേറ്ററിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവും കേരളത്തിലെ സാംസ്കാരികരംഗത്തിനു നൽകിയ നവഭാവുകത്വത്തിന്റെ ദിശകൾ ഇന്നും നാം വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ അടൂർ ഗോപാലകൃഷ്ണനായിരുന്നു ആ ചലച്ചിത്രോത്സവത്തിന്റെ ചുമതലക്കാരൻ. അതിന്റെ തുടർച്ചയായിട്ടാണ്- കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം രൂപംകൊള്ളുന്നതു തന്നെ. പതിറ്റാണ്ടുകളോളം എറണാകുളത്തെ സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കേരള കലാപീഠം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് എന്ന പേരിൽ രൂപീകരിക്കപ്പെടുന്നതും അതിനു തൊട്ടുപുറകെയായിരുന്നു. ബൗദ്ധിക-സാംസ്കാരിക മണ്ഡലങ്ങളുടെ വിവിധതലങ്ങളിൽ ഒരേപോലെ വ്യാപരിച്ചിരുന്ന എം. ഗോവിന്ദനും, സി. എൻ. ശ്രീകണ്ഠൻ നായരുമൊക്കെത്തന്നെയായിരുന്നു ഈ ചലനങ്ങളുടെയൊക്കെ മുന്നിൽ സഞ്ചരിച്ചിരുന്ന പൊതുഘടകങ്ങൾ എന്നതും ശ്രദ്ധേയമാണ്-.
ആണ്ടിലൊരിക്കൽ നടന്ന നാടകക്കളരികളിൽ ഒതുങ്ങിനിന്നിരുന്നില്ല ജി. ശങ്കരപ്പിള്ളയുടെയും എസ്. രാമാനുജത്തിന്റെയും പ്രവർത്തനങ്ങൾ. കിട്ടുന്ന അവസരങ്ങളിലൊക്കെ കേരളത്തിലെ ഏതു കോണിലുള്ളവർ വിളിച്ചാലും അവിടെ ഓടിയെത്തി നാടകപരിശീലനം കൊടുക്കാനുള്ള ഒരവസരവും അവർ പാഴാക്കിയില്ല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തനി നാട്ടിൻപുറങ്ങളിലെ കലാസമിതികളുടെ ഓലമേഞ്ഞ ആപ്പീസുകളിലെ കാലിളകിയ ബെഞ്ചിൽ കിടന്നുറങ്ങിയും, കിട്ടുന്ന ഭക്ഷണം കഴിച്ചും തിയേറ്റർ വർക്ക് ഷോപ്പുകൾ നടത്തിയ കഥകൾ രാമാനുജം സാർ പിൽക്കാലത്ത് പങ്കുവെച്ചിട്ടുണ്ട്.
1970-നു ശേഷം, നാടകക്കളരികൾ കേരള സംഗീതനാടക അക്കാദമിയുടെ മുൻകയ്യിലാണു നടന്നത്. ആദ്യത്തേത് തൃശൂരിൽ അക്കാദമി ആസ്ഥാനത്തുതന്നെയാണു നടന്നത്. 1973 ഡിസംബർ 1 മുതൽ 1974 ജനുവരി 31 വരെ, രണ്ടു മാസം നീണ്ടുനിന്നതായിരുന്നു അത്. കോളേജ് അദ്ധ്യാപകരെ ഉദ്ദേശിച്ചുള്ള മറ്റൊരു ശില്പശാലയും അക്കാദമി തുടർന്നു നടത്തി. എസ്. രാമാനുജം, കെ. പി. നാരായണപ്പിഷാരടി, അയ്യപ്പപ്പണിക്കർ, ടി. ആർ. സുകുമാരൻ നായർ, ജി. ഗംഗാധരൻ നായർ തുടങ്ങിയവരൊക്കെയായിരുന്നു അദ്ധ്യാപകർ. അടുത്ത ഡിസംബറിൽ (1974), ഒരു മാസത്തെ ശില്പശാലയാണു നടന്നത്. ഈ രണ്ടു കളരികളിലും നിന്ന് തെരഞ്ഞെടുത്ത അഞ്ചു പേർക്കു വേണ്ടി, 1976-, രാമവർമ്മപുരത്തു വെച്ച് , സംവിധാനത്തിൽ കേന്ദ്രീകരിച്ച് ഒരു ശില്പശാലയും നടന്നിരുന്നു. നാടകാചാര്യനായ ഇബ്രാഹിം അൽക്കാസി ഈ ശില്പശാലയിൽ റിസോഴ്സ് പേഴ്സണായി എത്തിയിട്ടുണ്ട്. 1976ൽ ജൂലൈ മാസത്തിൽ അക്കാദമി ആലുവയിൽ വെച്ച് ഒരു നാടകരചനാ ശില്പശാലയും സംഘടിപ്പിച്ചിരുന്നു. ജി. ശങ്കരപ്പിള്ളയുടെ തന്നെ നേതൃത്വത്തിൽ നടന്ന ഈ ശില്പശാലയിലും രാമാനുജവും അയ്യപ്പപ്പണിക്കരും പി. കെ. വേണുക്കുട്ടൻ നായരും ഡോ. കെ. എം. തരകനും, പ്രൊഫ. ജി. കുമാരപിള്ളയുമൊക്കെയായിരുന്നു അവിടെയും അദ്ധ്യാപകരായി എത്തിയത്. പ്രശസ്ത നാടകകൃത്ത് സി. എൽ. ജോസും, ടി. എം. എബ്രഹാമിനുമൊപ്പം, ജോസ് ചിറമ്മലും ആ ക്യാമ്പിൽ പങ്കെടുത്തിരുന്നു.
ആ ക്യാമ്പിന്റെ സമാപനസമ്മേളനം, കേരളത്തിലെ നാടകചരിത്രത്തെ സംബന്ധിച്ച് ഒരുതരത്തിൽ പറഞ്ഞാൽ നിർണായകമായിത്തീർന്നു. സമാപനസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അന്നത്തെ കേന്ദ്ര സംഗീതനാടക അക്കാദമി ചെയർമാനായിരുന്ന സാക്ഷാൽ കെ. പി. എസ്. മേനോനോട്, സമ്മേളനത്തിൽ വെച്ച് ജി. ശങ്കരപ്പിള്ള നടത്തിയ പ്രത്യേകാഭ്യർത്ഥനയുടെ ഫലമായാണത്രെ അടുത്ത വർഷം, കേന്ദ്ര അക്കാദമിയുടെ ദേശീയ നാടകോത്സവം കേരളത്തിലെത്തുന്നത്. 1977 ഒക്ടോബർ 27 മുതൽ എറണാകുളത്ത് കേരള ഫൈനാട്സ് ഹാളിൽ ഒരാഴ്ച നീണ്ടുനിന്ന ആ നാടകോത്സവം, അന്നുവരെ കേരളത്തിലെ നാടകപ്രേക്ഷകരും നാടകപ്രവർത്തകരും പരിചയപ്പെട്ടിട്ടില്ലാതിരുന്ന ഇന്ത്യൻ നാടകവേദിയുടെ ആധുനിക മുഖമാണവതരിപ്പിച്ചത്. ബി. വി. കരന്ത്, ഹബീബ് തൻ വീർ, വിജയ് ടെണ്ടുൽക്കർ, ജബ്ബാർ പട്ടേൽ, അരുൺ മുഖോപാദ്ധ്യായ തുടങ്ങിയവരെയൊക്കെ കേരളത്തിലെ നാടകപ്രേമികൾ കണ്ടറിഞ്ഞത് ആ ഫെസ്റ്റിവലിലൂടെയായിരുന്നു.
1967-ലെ ആദ്യനാടകക്കളരി മുതൽ ഈ ഫെസ്റ്റിവലും, അതിനു തൊട്ടു പുറകെ, തൃശൂരിൽ സ്കൂൾ ഓഫ് ഡ്രാമയുടെ തുടക്കവുമെല്ലാം, പ്രൊഫ. ജി. ശങ്കരപ്പിള്ള മലയാളനാടകവേദിക്കു വേണ്ടി ഇടതടവില്ലാതെ നടത്തിക്കൊണ്ടിരുന്ന അക്ഷീണപ്രയത്നങ്ങളുടെ തുടർച്ചകളായിരുന്നു. ആധുനികനാടകവേദിയെപ്പറ്റിയും, ലോകമെമ്പാടും നാടകവേദിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റിയും, നാടകത്തിന്റെ വിവിധമേഖലകളിൽ വിദഗ്ദ്ധപരിശീലനം നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, അക്കാദമിക് തലത്തിൽ ഉപരിപഠനവും ഗവേഷണവും നടത്തേണ്ടതിനെപ്പറ്റിയുമൊക്കെ പ്രൊഫ. ശങ്കരപ്പിള്ള ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. ദീർഘദർശിത്വത്തോടു കൂടിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1977-ൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് തുടക്കംകുറിക്കുന്നത്.
ഇതേസമയം തന്നെയാണ് നാടകക്കളരിയുമായി നേരിട്ട് ബന്ധപ്പെടാതെ നിന്നിരുന്ന കാവാലം നാരായണപ്പണിക്കർ മലയാളനാടകവേദിയിൽ തന്റേതായ അന്വേഷണങ്ങളുടെ പാത വെട്ടിത്തെളിച്ചുതുടങ്ങുന്നത്. സി. എൻ. ശ്രീകണ്ഠൻ നായർ അവതരിപ്പിച്ച ‘തനതു നാടകവേദി’ എന്ന ആശയത്തിൽ നിന്നു തന്നെയാണ്- കാവാലത്തിന്റെ നാടകപാതയും ആരംഭിക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളിലൂടെയും, അനന്യമായ താളപദ്ധതിയിലൂടെയുമുള്ള ഗഹനമായ അന്വേഷണത്തിലൂടെയാണ് കാവാലം തന്റെ നാടകഭാഷ രൂപീകരിക്കാനുള്ള ശ്രമമാരംഭിച്ചത്. കാവാലം രചിച്ച്, പ്രശസ്ത ചലച്ചിത്രകാരനായ ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘അവനവൻ കടമ്പ’ 1976-ൽ ആദ്യമായി അരങ്ങിലെത്തുന്നത് മലയാളനാടകവേദിയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത നാടകാനുഭവമായിട്ടായിരുന്നു.
1977 സെപ്തംബർ മാസത്തിൽ പ്രവർത്തനമാരംഭിച്ച തൃശൂർ സ്കൂൾ ഓഫ് ഡ്രാമയാണ്- പിന്നീടുള്ള കേരളത്തിലെ നാടകവേദിയിൽ പ്രത്യക്ഷവും പരോക്ഷവുമായി ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സ്ഥാപനമെന്ന് നിസ്സംശയം പറയാം. സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ജോസ് ചിറമ്മൽ അന്നേ അറിയപ്പെടുന്ന നാടകകാരനായി പേരെടുത്തിരുന്നു. നടനും നാടകകൃത്തും അദ്ധ്യാപകനുമായിരുന്ന പി. ബാലചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ്, അദ്ധ്യാപകനും നടനുമായ ജയസൂര്യ, ഒ. മാധവന്റെ മകൾ സന്ധ്യ തുടങ്ങി പിൽക്കാലത്ത് കേരളത്തിലെ സാംസ്കാരികരംഗത്തെ ശ്രദ്ധേയസാന്നിധ്യങ്ങളായ പലരും ആ ബാച്ചിലുണ്ടായിരുന്നു.
കേരളത്തിലെ നാടകരംഗത്ത് ‘അമെച്വർ നാടകവേദി’ എന്ന പ്രയോഗം കടന്നുവരുന്നത് ഏതാണ്ട് നാല്പതുകളിലാണെന്നു പറയാം. നേരത്തെ ചൂണ്ടിക്കാണിച്ചതു പോലെ, പ്രധാനമായും തിരുവനന്തപുരം കേന്ദ്രീകരിച്ച്, ഞായറാഴ്ചകളിൽ ഒത്തുകൂടി നാടകപരിശീലനവും അവതരണവും നടത്തിപ്പോന്ന, സർക്കാരുദ്യോഗസ്ഥരും അദ്ധ്യാപകരുമൊക്കെയടങ്ങുന്ന നാടകപ്രേമികൾക്കിടയിലാണ്- വരുമാനത്തിനല്ലാതെ നാടകാവതരണം നടത്തുന്ന രീതി ആരംഭിക്കുന്നത്. വരുമാനമാർഗ്ഗമായി നാടകത്തെ സമീപിച്ചിരുന്ന നാടകസമിതികളെ ‘പ്രൊഫഷണൽ’ എന്നും അല്ലാത്തവരെ ‘അമെച്വർ’എന്നും വിശേഷിപ്പിക്കുന്ന സമ്പ്രദായം അങ്ങനെയാണാരംഭിക്കുന്നത്. പിൽക്കാലത്ത്, ‘പ്രൊഫഷണൽ’ നാടകങ്ങളും ‘അമെച്വർ’ നാടകങ്ങളും രണ്ട് ധാരകളായിത്തന്നെ നിലകൊള്ളുകയായിരുന്നു. ഡ്രാമാ സ്കൂളിൽ നിന്ന് പരിശീലനം നേടിയവർ വ്യാപരിച്ചത് പൊതുവെ അമെച്വർ നാടകരംഗത്തായിരുന്നെങ്കിലും, ഇവരിൽ പലരും പ്രൊഫഷണൽ സംഘങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. ആധുനികനാടകവേദിയുടെ സ്വാധീനം പതുക്കെപ്പതുക്കെ പ്രൊഫഷണൽ നാടകരംഗത്തേക്കും കടന്നുവന്നു തുടങ്ങിയിട്ടുമുണ്ട്.
കേരളത്തിലെ ആധുനിക നാടകവേദിയെപ്പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പേരാണ്- ജോസ് ചിറമ്മലിന്റേത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകപരിശീലനം പൂർത്തിയാക്കിയതിനു ശേഷം (അതിനു മുമ്പും), കേരളത്തിലെ പ്രാദേശിക നാടക രംഗത്ത് ജോസ് ചിറമ്മൽ നടത്തിയ പ്രവർത്തനങ്ങളാണ്- ഇന്നത്തെ കേരളത്തിലെ അമച്വർ നാടകവേദിയുടെ അടിത്തറയായത് എന്നുതന്നെ പറയാം. തൃശൂർ കേന്ദ്രീകരിച്ച് ‘റൂട്ട്’ എന്ന പേരിൽ ജോസ് ചിറമ്മൽ രൂപീകരിച്ച നാടകസംഘത്തിന്റെ ബാനറിലും, അല്ലാതെയും സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള പ്രാദേശികകലാസമിതികളും, വായനശാലകളുമായി ബന്ധപ്പെട്ട് ജോസ് ചിറമ്മൽ നടത്തിയ പ്രവർത്തനങ്ങളാണ്- ആധുനിക നാടകവേദിയെ കേരളത്തിലെ സാധാരണ നാടകപ്രവർത്തകരിലേക്ക് എത്തിക്കുന്നതിൽ വളരെ വലിയൊരു പങ്കുവഹിച്ചത്. അതിനു മുമ്പ് ജി. ശങ്കരപ്പിള്ളയും എസ്. രാമാനുജവും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച പോലെയായിരുന്നു അവരിൽ നിന്ന് പരിശീലനം നേടിയ ജോസ് ചിറമ്മൽ ചെയ്തതും.
തൊണ്ണൂറുകൾ കേരളത്തിലെ നാടകവേദിയെ സംബന്ധിച്ച് ഏറെ നിർണായകമായ ഒരു ദശാബ്ദമായിരുന്നു. ടെലിവിഷന്റെ കടന്നുവരവ്, ഗൾഫിലേക്കുള്ള ഒഴുക്കും അതിന്റെ പരോക്ഷഫലങ്ങളിൽപ്പെട്ട വായനശാലകളുടെയും നാട്ടിൻപുറങ്ങളിലെ ‘ആർട്സ് ആൻഡ് സ്പോർട്സ്’ ക്ലബ്ബുകളുടെയും തളർച്ചയുമെല്ലാം പ്രാദേശികതലത്തിലുള്ള അമെച്വർ നാടകപ്രവർത്തനങ്ങളെ ഗണ്യമായി ബാധിച്ചിരുന്നു. ഈ കാലഘട്ടത്തിലും, തിരുവനന്തപുരത്ത് ഡി. രഘൂത്തമനും (അഭിനയ), എറണാകുളത്ത് ചന്ദ്രദാസനും (ലോകധർമ്മി), ഉത്തരകേരളത്തിൽ നരിപ്പറ്റ രാജുവും നാടകവേദിയെ സജീവമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം ബാച്ചിൽ ചേർന്ന നരിപ്പറ്റ രാജു, കേരളത്തിലെ പ്രാദേശിക നാടകസംഘങ്ങളുമായി ബന്ധപ്പെട്ട് ഇന്നും സജീവമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.
എൺപതുകളുടെ അവസാനം മുതലാണ്- കേരളത്തിലെ സ്ത്രീനാടകവേദിയുടെ ചലനങ്ങൾ ഉയർന്നു തുടങ്ങുന്നത്. തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായിരുന്ന പ്രൊഫ. ടി. എ. ഉഷാകുമാരിയുടെ നേതൃത്വത്തിൽ 1987-ൽ നടന്ന സ്ത്രീ നാടകക്യാമ്പും, ‘സമത’യെന്ന സ്തീകളുടെ നാടകസംഘവും കേരളത്തിലെ നാടകചരിത്രത്തിലും പൊതുജീവിതത്തിലും നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1992 ഡിസംബറിൽ, കുടമാളൂർ സ്ത്രീപഠനകേന്ദ്രമെന്ന സ്വതന്ത്ര സംഘടനയുടെ മുൻകൈയിൽ, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തു വെച്ചു നടന്ന പത്തു ദിവസത്തെ സ്ത്രീ നാടകക്യാമ്പ് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായിത്തീർന്നു. കൂത്താട്ടുകുളം ഹൈസ്കൂളിൽ പ്രശസ്ത കഥകളി നടി ചവറ പാറുക്കുട്ടി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 60 സ്ത്രീകൾ പങ്കെടുത്തിരുന്നു. അതിനു ശേഷം, 1998 ഡിസംബറിൽ, തിക്കോടിയൻ ചെയർമാനും, പി. അപ്പുക്കുട്ടൻ മാസ്റ്റർ സെക്രട്ടറിയുമായിരുന്ന കാലഘട്ടത്തിൽ, കേരള സംഗീതനാടക അക്കാദമി നടത്തിയ പത്തു ദിവസത്തെ ദേശീയ സ്ത്രീ നാടകോത്സവവും സ്ത്രീ നാടകപണിപ്പുരയും കേരളത്തിലെ നാടകചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായിത്തീർന്നു. അനുരാധ കപൂർ, നീലം മാൻസിങ്, ഉഷാ ഗാംഗുലി, മായാ കൃഷ്ണ റാവു, വിഭാ മിശ്ര, അവന്തി മേദുരി, മങ്കൈ, ജീവ, മെക്സിക്കോയിൽ നിന്നുള്ള യൂഹാനിയ കാനാ പ്യൂഗാ, മലയാളികളായ ജെ. ശൈലജ, എസ്. ശ്രീലത, സജിത മഠത്തിൽ, സി. എസ്. ചന്ദ്രിക, ദിവ്യ തുടങ്ങിയവരൊക്കെ ആ വേദിയിൽ നാടകങ്ങളവതരിപ്പിച്ചു. രണ്ടുവർഷങ്ങൾക്കു ശേഷം, സംഗീതനാടക അക്കാദമി തന്നെ എറണാകുളത്തു വെച്ചു നടത്തിയ ദേശീയ നാടകോത്സവത്തിൽ, ഹബീബ് തൻവീറുൾപ്പെടെയുള്ള ദേശീയതലത്തിൽ നിന്നുള്ള നാടകാചാര്യന്മാർ എത്തിച്ചേർന്നു.
കൂത്താട്ടുകുളം ക്യാമ്പിന്റെയോ, ദേശീയസ്ത്രീനാടകോത്സവത്തിന്റെയോ, എറണാകുളത്തെ ദേശീയ നാടകോത്സവത്തിന്റെയോ കൂടുതൽ വിശദാംശങ്ങൾ ഇവിടെ ചേർക്കുന്നില്ല. പ്രത്യേകം പ്രത്യേകം വിശദമായ പഠനങ്ങളർഹിക്കുന്ന ചരിത്രസംഭവങ്ങൾ തന്നെയാണ്- ഇവയോരോന്നും. കേരളത്തിലെ സമകാലിക നാടകവേദിയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ഇവയ്ക്കോരോന്നിനും കഴിഞ്ഞിട്ടുമുണ്ട്.
തൊണ്ണൂറുകൾ പിന്നിട്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴേക്കും, കേരളത്തിൽ നിന്ന് തിയേറ്ററിൽ ഉപരിപഠനം നേടാനായി വിദേശത്തേക്കു യാത്രചെയ്യുന്നവരുടെ എണ്ണം കൂടിവന്നു. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിൽ നിന്ന് അഭിലാഷ് പിള്ളയും, സെൻട്രൽ സെയിന്റ് മാർട്ടിൻസിൽ നിന്ന് ദീപൻ ശിവരാമനും, സിംഗപ്പൂരിലെ ടി. ടി. ആർ. പി. (പിന്നീട് ഇന്റർകൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഐ. ടി. ഐ) യിൽ നിന്ന് നൗഷാദും ശങ്കർ വെങ്കടേശ്വരനും ശ്രീജിത്ത് രമണനുമൊക്കെ തിയേറ്ററിന്റെ വിവിധമേഖലകളിൽ ഉപരിപഠനം നടത്തി. ഇന്ന് ‘ഊരാളി’യെന്ന ഗായകസംഘത്തിന്റെ പേരിലറിയപ്പെടുന്ന മാർട്ടിൻ ഊരാളി ചിലിയിൽ നാടകപ്രവർത്തകനായും പരിശീലകനായും ഏറെക്കാലം ചെലവഴിച്ചു. അതിനു മുമ്പേ തന്നെ നാടകാവതരണത്തിനായി മലയാളി കലാകാരർ വിദേശത്തേക്കു യാത്രചെയ്തു തുടങ്ങിയിരുന്നു. നരിപ്പറ്റ രാജു ഏറെ വർഷങ്ങൾ മായാ തങ് ബർഗുമൊത്ത് ഫിൻലന്റ് കേന്ദ്രീകരിച്ച് യൂറോപ്യൻ വേദികളിൽ നാടകാവതരണവുമായി സഞ്ചരിച്ചു. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാഭ്യാസശേഷം ലണ്ടനിലെ താര ആർട്സുമായി ബന്ധപ്പെട്ട് പത്തു കൊല്ലത്തിലേറെക്കാലം പ്രവർത്തിച്ച മുരളി മേനോൻ, ഫ്രാൻസിലെ ഫുട് സ്ബാൺ തിയേറ്ററിലേക്കു പോയ ചന്ദ്രൻ വെയ്യാറ്റിമ്മലെന്ന എക്കാലത്തേയും മികച്ച സംഗീതജ്ഞൻ, നടനായ ഷാജി കാര്യാട്ട്, ശ്രീലത, കലാധരൻ തുടങ്ങിയവരൊക്കെ വിദേശത്ത് ഏറെക്കാലം നാടകപ്രവർത്തനം നടത്തിയവരാണ്-.
കേരളത്തിന്റെ നാടകചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത വ്യക്തിത്വമാണ്- മായാ തങ് ബർഗ്. സ്വിറ്റ്സർലണ്ടിൽ ജനിച്ച മായാ തങ് ബർഗ്, നാടകാചാര്യനായ ഗ്രോട്ടോവ്സ്കിയിൽ നിന്നടക്കം നാടകപരിശീലനം നേടിയതിനു ശേഷം, 1980-ലാണു തൃശൂരിൽ സ്കൂൾ ഓഫ് ഡ്രാമയിൽ സന്ദർശകയായി എത്തുന്നത്. തുടർന്ന് നിരവധി വർഷങ്ങൾ തുടർച്ചയായി സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനെത്തിക്കൊണ്ടിരുന്ന മായാ തങ് ബർഗ്, ജോസ് ചിറമ്മലും നരിപ്പറ്റ രാജുവുമുൾപ്പെടെയുള്ള നാടകപ്രവർത്തകരുടെ ഒരു തലമുറയെയാകെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
2008-ൽ കേരള സംഗീതനാടക അക്കാദമി, കേരളത്തിന്റെ ആദ്യത്തെ അന്തർദ്ദേശീയ നാടകോത്സവം (International Theatre Festival of Kerala – ITFoK) ആരംഭിക്കുന്നതോടെ, കേരളത്തിലെ നാടകവേദി അനുസ്യൂതമായ അതിന്റെ വികാസത്തിലെ അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയായിരുന്നു. വരും വർഷം പതിനഞ്ചാമത് എഡിഷനിലേക്കു നീങ്ങുന്ന ഇറ്റ്ഫോക്, അന്തർദ്ദേശീയ ഫെസ്റ്റിവൽ കലണ്ടറിൽ കേരളത്തെ അടയാളപ്പെടുത്തിക്കഴിഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ സംഭവിച്ചുപോന്ന മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിലേക്കുള്ള വളരെ സംക്ഷിപ്തമായ ഒരു അവലോകനം മാത്രമാണീക്കുറിപ്പ്. l