അമേരിക്കൻ പ്രസിഡന്റായി 78 കാരനായ ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് ആരെയും അൽപ്പവും അത്ഭുതപ്പെടുത്തുന്നതല്ല. ട്രംപുയർത്തുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ മറുവശത്തുനിൽക്കേണ്ട, തൊഴിലാളികളുടെ മാത്രമല്ല, ട്രംപിന്റെ ആക്രമണത്തിന് പ്രത്യക്ഷത്തിൽ തന്നെ വിധേയരാകുന്ന മത–വംശീയ ന്യൂനപക്ഷ വിഭാഗങ്ങളുടെ പോലും പിന്തുണയാർജിച്ചാണ് ട്രംപിന് വൻഭൂരിപക്ഷം ലഭിച്ചത്.
തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായ, രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയോ ലോകത്തിനുവേണ്ടിയോ നല്ലതൊന്നും ചെയ്ത ചരിത്രമില്ലാത്ത ട്രംപ് എന്തുകൊണ്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്നത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയിൽ ‘‘എന്തിനാണിനി തിരഞ്ഞെടുപ്പ്, ഞാൻ തന്നെ തുടരും’’ എന്ന് പ്രഖ്യാപിച്ച ട്രംപാണ്, പരാജയപ്പെട്ടിട്ടും അതംഗീകരിക്കാതെ തന്റെ അനുയായികളായ ഫാസിസ്റ്റ് സംഘങ്ങളെ ഇറക്കി പാർലമെന്റ് ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ച ട്രംപാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് ആക്രമണത്തിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തി വിചാരണയ്ക്ക് വിധേയനാക്കാതെ, രണ്ടുതവണ അമേരിക്കൻ കോൺഗ്രസ് കുറ്റവിചാരണ ചെയ്തയാളെ വീണ്ടും ജനവിധി തേടാൻ അവസരമൊരുക്കിയത് അമേരിക്കൻ ഭരണസംവിധാനത്തിൽ ജനാധിപത്യം എത്രത്തോളം ദുർബലമാണെന്നാണ് കാണിക്കുന്നത്.
എല്ലാ തിരഞ്ഞെടുപ്പ് പ്രവചനക്കാരെയും നിരാകരിച്ചുകൊണ്ടാണ് അമേരിക്കൻ വോട്ടർമാർ ട്രംപിനനുകൂലമായി വിധിയെഴുതിയത്. 538 ഇലക്-ടറൽ കോളേജ് വോട്ടിൽ 312 എണ്ണവും നേടിയെന്നു മാത്രമല്ല ജനകീയ വോട്ടിൽ 51 ശതമാനത്തിലധികം നേടിയുമാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അങ്ങനെ കഴിഞ്ഞ 20 വർഷത്തിനിടയിൽ ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ട്രംപ്. 2016ൽ ട്രംപ് ആദ്യ തവണ വിജയിച്ചപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റന് ജനകീയ വോട്ടിൽ 20,000ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്നു. ഇലക്ടറൽ കോളേജ് വോട്ടിൽ ഉണ്ടായ ചെറിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിലാണ് അന്ന് ട്രംപ് പ്രസിഡന്റായത്. ജോർജ് ബുഷ് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടതും ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ ആയിരുന്നില്ല, മറിച്ച് ഇലക്ടറൽ കോളേജിലെ ഭൂരിപക്ഷം എന്ന സാങ്കേതികത്വത്തിന്റെ പിൻബലത്തിലായിരുന്നു. അതുതന്നെ ആദ്യതവണ 270 എന്ന മാജിക് നമ്പർ തികയ്ക്കാൻ ബുഷിന്റെ സഹോദരൻ ജെബ് ബുഷ് ഗവർണറായിരുന്ന ഫ്ളോറിഡയിൽ നടത്തിയ ക്രമക്കേടിന്റെ പിൻബലത്തിലും. അമേരിക്കൻ സുപ്രീംകോടതിയും അന്ന് ആ ജനാധിപത്യഹത്യയ്ക്ക് കൂട്ടുനിൽക്കുകയായിരുന്നു. ഇതെല്ലാം അമേരിക്കൻ ഭരണസംവിധാനത്തിൽ ജനാധിപത്യത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന ചർച്ചയുടെ അനിവാര്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ചാഞ്ചാടി നിൽക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, ചില ഡെമോക്രാറ്റ് അനുകൂല സംസ്ഥാനങ്ങളിൽ പോലും റിപ്പബ്ലിക്കൻമാരുടെ ചുവപ്പ് പടർന്നതായാണ് തിരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് ഡെമോക്രാറ്റുകൾക്ക് ഈ തിരിച്ചടി ഉണ്ടായത്? ബെെഡൻവാഴ്ചയുടെ നിഷ്-ക്രിയത്വവും ജനവിരുദ്ധതയും അന്താരാഷ്ട്ര പ്രശ്നങ്ങളിൽ യുദ്ധത്തിനും സയണിസത്തിനും അനുകൂലമായ നിലപാട് പിന്തുടർന്നതും ട്രംപിന് സ്വാഭാവികമായും വഴിയൊരുക്കുകയാണുണ്ടായത്. മാത്രമല്ല, കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രസംഗങ്ങളിൽ ട്രംപ് മുന്നോട്ടുവയ്ക്കുന്നതിന്റെയോ താൻ വെെസ് പ്രസിഡന്റായിരുന്ന ബെെഡൻ ഭരണം പിന്തുടർന്നതിന്റെയോ ബദൽ നയങ്ങൾ അവതരിപ്പിക്കാൻ തയ്യാറായതുമില്ല. മറിച്ച് ട്രംപാവട്ടെ ഉക്രൈൻ യുദ്ധത്തിനെതിരായ വാചകമടികളിലൂടെ താനൊരു യുദ്ധവിരുദ്ധ നിലപാടുകാരനാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്തിയപ്പോൾ, അവിടെ നടക്കുന്ന വംശഹത്യക്കെതിരെ ഒരു ചെറുവിരൽ അനക്കാതിരുന്നുവെന്നു മാത്രമല്ല ഇസ്രയേലിലെ സയണിസ്റ്റ് തീവ്രവാദ ഭരണത്തിന് സെെനികവും സാമ്പത്തികവുമായ പിന്തുണ നൽകുകയും ചെയ്ത ബെെഡൻ–കമലാഹാരിസ് ഭരണത്തോടുള്ള പ്രതിഷേധവും ട്രംപിനനുകൂലമായി. ട്രംപ് കടുത്ത ഇസ്രയേൽ പക്ഷപാതിയും നെതന്യാഹുവിന്റെ നയങ്ങൾക്ക് പിന്തുണ നൽകുന്നയാളുമായിരുന്നിട്ടും അറബ് വംശജർ ഏറെയുള്ള മിഷിഗൺ പോലെയുള്ള ചില ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപിന് വ്യക്തമായ മുൻതൂക്കം നേടാനായത് ഡെമോക്രാറ്റ് ഭരണത്തിന് മറിച്ചൊരു നിലപാടില്ലാത്തതിലെ പ്രതിഷേധം മൂലമാണ്.
അമേരിക്കയിലെ ദ്വികക്ഷി രാഷ്ട്രീയത്തിന്റെ പ്രത്യേകത, റിപ്പബ്ലിക്കനായാലും ഡെമോക്രാറ്റായാലും, ഇരുകൂട്ടരുടെയും നയങ്ങൾ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ധനമൂലധനമാണ്. വാൾസ്ട്രീറ്റിന്റെ കൊള്ളലാഭ താൽപ്പര്യങ്ങൾക്ക് ഭംഗം വരാത്ത നിലപാടുകൾ മാത്രമേ ഇരുകക്ഷികളും സ്വീകരിക്കുകയുള്ളൂ. അന്താരാഷ്ട്ര നിലപാടുകളും ആഭ്യന്തരനയങ്ങളും വാൾസ്ട്രീറ്റിന്റെ തീട്ടൂരങ്ങൾക്കനുസരിച്ചാണ് നിർണയിക്കപ്പെടുന്നത്. അമേരിക്കൻ ഭരണവ്യവസ്ഥ തന്നെ അതിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ്. അതുകൊണ്ടാണ് മറ്റു രാഷ്ട്രീയ കക്ഷികൾക്ക് അവിടെ തലപൊക്കാൻ പറ്റാത്ത സ്ഥിതിയുള്ളത്. 1920 കൾ മുതൽ 1940കളുടെ അവസാനംവരെ അമേരിക്കൻ സമൂഹത്തിൽ ഗണ്യമായ സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും ചുവപ്പ് ഭീകരത സൃഷ്ടിച്ചാണ് ഭരണവർഗം ദുർബലപ്പെടുത്തിയത്. 1930കളിൽ യൂറോപ്പിലെ പോലെ ഫാസിസ്റ്റ് ശക്തികൾ അമേരിക്കയിലും മുന്നേറ്റമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അതിനെ ചെറുത്തത് കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയുമാണ്. ആ പഴയ ഫാസിസ്റ്റുകളുടെ പുനരവതാരമാണ് ട്രംപിന്റെ മുന്നേറ്റത്തിലൂടെ ഇപ്പോൾ രംഗത്തെത്തിയത്.
വെള്ളക്കാരായ ദരിദ്രരുടെയും തൊഴിലാളികളുടെയും ആശങ്കകളും അരക്ഷിതാവസ്ഥയും മുതലെടുത്താണ് ട്രംപ് നേട്ടമുണ്ടാക്കിയത്. തൊഴിലില്ലായ്മയ‍്ക്കും ദാരിദ്ര്യത്തിനുമെല്ലാം കാരണം ഏഷ്യൻ– ആഫ്രിക്കൻ–ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണെന്ന ധാരണ പരത്തി ആ ജനവിഭാഗങ്ങളെ ശത്രുവായി അവതരിപ്പിച്ചാണ്, ട്രംപ് അവരുടെ പിന്തുണയാർജിച്ചത്. ഫാസിസത്തിന്റെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ സഹജസ്വഭാവമാണ് ജനങ്ങൾക്കുമുന്നിൽ ശത്രുവായി ‘‘അപരനെ’’ സൃഷ്ടിക്കുകയെന്നത്. അതും ട്രംപ് രണ്ടുതവണയും –2016ലും 2024ലും വിജയകരമായി പ്രയോഗിച്ചിട്ടുണ്ട്.
ട്രംപ് സാധാരണ തൊഴിലാളികളുടെ താൽപ്പര്യസംരക്ഷകനായി അവതരിച്ചപ്പോൾ, ബെെഡൻ നടപ്പാക്കിയതും കമല ഹാരീസ് മുന്നോട്ടുവച്ചതും പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള വെെറ്റ് കോളർ തൊഴിലാളികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ആ വിഭാഗത്തിന്റെ പ്രശ്നങ്ങൾപോലും പരിഹരിക്കാൻ ബെെഡൻ വാഴ്ചയ്ക്ക് കഴിഞ്ഞിട്ടുമില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും കുതിച്ചുയർന്നുകൊണ്ടിരിക്കുമ്പോഴും അതിനു പരിഹാരം കാണാൻ ഒരു നടപടിയും ബെെഡൻ– കമല ഹാരീസ് ഭരണത്തിൽ നിന്നുണ്ടായില്ല.
റീഗൻ ഭരണകാലം മുതൽ അമേരിക്ക നടപ്പാക്കി വരുന്ന, ലോകത്തിനാകെ മേൽ അടിച്ചേൽപ്പിക്കുന്ന നവലിബറൽ നയങ്ങളാണ് അമേരിക്കൻ ജനത നേരിടുന്ന ദുരിതങ്ങൾക്ക് നിദാനം. അതിനു പരിഹാരം കാണുന്നതിനുള്ള നയങ്ങൾ നടപ്പാക്കാൻ ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കന്മാരോ അവരുടെ മൂലധന താൽപ്പര്യങ്ങൾ മൂലം തയ്യാറല്ല. അതിന്റെ സ്ഥാനത്താണ് റിപ്പബ്ലിക്കന്മാരും അവരുടെ സ്ഥാനാർഥിയായ ട്രംപും വംശീയതയെയും വർണത്തെയും പ്രതിഷ‍്ഠിക്കുന്നത്.
2024ലെ അമേരിക്കൻ ജനവിധിയുടെ ഒരു സവിശേഷത സെനറ്റിലും പ്രതിനിധി സഭയിലും നിർണായകമായ ഭൂരിപക്ഷം റിപ്പബ്ലിക്കൻമാർക്ക് നേടാനായിട്ടുണ്ടെന്നതാണ്. സുപ്രീംകോടതി ജഡ്ജിമാരെ ഉൾപ്പെടെ തിരഞ്ഞെടുക്കാൻ ഒരു തടസ്സവും കൂടാതെ ഇതുമൂലം ട്രംപിനു കഴിയുമെന്നു മാത്രമല്ല, ജനവിരുദ്ധവും പിന്തിരിപ്പനുമായ നിയമനിർമാണത്തിനും ട്രംപിന് അവസരമൊരുങ്ങിയിരിക്കുകയുമാണ്. അബോർഷൻ നടത്തുന്നനെതിരായ നിയമനിർമാണം നടത്താനുള്ള സാധ്യത തികഞ്ഞ സ്ത്രീ വിരുദ്ധനായ ട്രംപിന്റെ അധികാരാരോഹണത്തോടെ വർധിച്ചിരിക്കുകയാണ്. ട്രംപിന്റെ വിജയം കാണിക്കുന്നത് അമേരിക്കൻ സമൂഹത്തിൽ വംശീയതയ്ക്കും പുരുഷാധിപത്യത്തിനും വലിയതോതിൽ മേൽക്കെെ ലഭിച്ചിരിക്കുന്നുവെന്നാണ്. കറുത്തവരും ലാറ്റിനൊകളുമായ പുരുഷന്മാർ പോലും ട്രംപിനനുകൂലമായി വോട്ടു ചെയ്തിരിക്കുകയാണ്.
യൂറോപ്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം തന്നെയാണ് ഇപ്പോൾ അമേരിക്കയിലും നടക്കുന്നത്. ഇന്ത്യയിൽ നരേന്ദ്രമോദിക്ക് അമേരിക്കയിൽ ഒപ്പത്തിനു നിൽക്കാൻ ഒരു ചങ്ങാതിയെ കിട്ടിയതായി ആശ്വസിക്കാം. ട്രംപ് രണ്ടാം തവണ മത്സരിച്ചപ്പോൾ പ്രചാരണത്തിന് മോദി അമേരിക്ക സന്ദർശിച്ചുവെന്നത് ഇരുവരും ഒരേ തൂവൽപക്ഷികളാണെന്ന് തെളിയിക്കുന്നു. അമേരിക്കയിൽ ട്രംപിന്റെ വിജയം അമേരിക്കൻ ജനതയെ മാത്രമല്ല ലോകജനതയെതന്നെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. l