രണ്ട് സംസ്ഥാന നിയമസഭകളിലേയും കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ലോക്-സഭാ–നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി സവിശേഷമായ ചില രാഷ്ട്രീയ സൂചനകൾ നൽകുന്നവയാണ്. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി വൻ ഭൂരിപക്ഷം നേടിയപ്പോൾ ഝാർഖണ്ഡിൽ മതനിരപേക്ഷ കൂട്ടായ്മയുടെ ഭാഗമായ ജെഎംഎം സഖ്യം വൻഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ രണ്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും ഒരേപോലെ തെളിയിച്ചത് ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നാണ്. രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ ബിജെപിക്കെതിരായ വ്യക്തതയോടുകൂടിയ ബദൽ നയം മുന്നോട്ടുവയ്ക്കാൻ കോൺഗ്രസിന് കഴിയാത്തതാണ് ബിജെപിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ കോൺഗ്രസിന് അടിയറ പറയേണ്ടതായി വരുന്നത്.
മഹാരാഷ്ട്രയിൽ തീവ്രവർഗീയത ഇളക്കി വിട്ട് പ്രചാരണം നടത്തിയ ബിജെപിയെയും സഖ്യകക്ഷികളെയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉയർത്തിയും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഉന്നയിച്ചും നേരിടാൻ കോൺഗ്രസിനോ മഹാവികാസ് അഖാഡിയിലെ മുഖ്യകക്ഷികൾക്കോ കഴിഞ്ഞില്ല.
ഹരിയാന, ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അനുഭവം മറ്റൊരു വിധത്തിൽ ആവർത്തിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലും. മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച സിപിഐ എം സ്ഥാനാർഥി വിനോദ് നിക്കോളെ വൻ ഭൂരിപക്ഷം നേടി വിജയിക്കുകയും മറ്റൊരു സ്ഥാനാർഥി ജെ പി ഗാവിത് നേരിയ വ്യത്യാസത്തിൽ മാത്രം പരാജയപ്പെടുകയുമാണുണ്ടായത്. സോലാപ്പൂരിൽ മത്സരിച്ച സിപിഐ എം സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് മത്സരിച്ചത് അവിടെ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കി.
അതിനുപുറമെ, ഇപ്പോൾ ‘ദ വയർ’ ന്യൂസ് മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം തിരഞ്ഞെടുപ്പിൽ ബിജെപി വൻ കൃത്രിമം നടത്തിയതായും അറിയുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിഷ്പക്ഷത വീണ്ടും വീണ്ടും ചോദ്യംചെയ്യപ്പെടേണ്ട അനുഭവങ്ങൾ ഉയർന്നു വരുമ്പോഴും അതിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറാകാത്തത് ഖേദകരമാണ്. എഡിആർ പോലെയുള്ള സ്വതന്ത്ര സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന വസ്തുതകൾ ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. പക്ഷേ, ഇവിഎമ്മിനുപകരം പേപ്പർ ബാലറ്റ് എന്നിടത്തേയ്ക്കല്ല, തിരഞ്ഞെടുപ്പ് സംവിധാനമാകെ കുറ്റമറ്റ രീതിയിൽ പൊളിച്ചെഴുതേണ്ടതിന്റെയും ഇ വി എമ്മിൽ കൃത്രിമ സാധ്യത ഇല്ലാതാക്കാൻ വേണ്ട സംവിധാനമുറപ്പാക്കേണ്ടതിന്റെയും ആവശ്യകതയിലേക്കും ഇത് വിരൽചൂണ്ടുന്നു. കേസിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി ഝാർഖണ്ഡിൽ പ്രതിപക്ഷം വിജയിച്ചതാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഝാർഖണ്ഡിൽ സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്നത് ജെഎംഎം ആയതിനാൽ കേന്ദ്ര ഭരണകക്ഷിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നത് ഉന്നത നീതിപീഠം കണക്കിലെടുത്തില്ല. (ഇതിനർഥം ഇ വി എമ്മിൽ കൃത്രിമം നടത്താൻ സംസ്ഥാനത്ത് ഭരണം നിർബന്ധമാണെന്നല്ല) മാത്രമല്ല, ഝാർഖണ്ഡ് പോലെയല്ല ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനമായ മഹാരാഷ്ട്രയെ കാണേണ്ടത്. മഹാരാഷ്ട്ര പോലെയുള്ള ഒരു നിർണായക സംസ്ഥാനത്തെ ഭരണം കെെപ്പിടിയിലൊതുക്കാൻ ഏതറ്റംവരെ പോകാനും ഫാസിസ്റ്റ് സ്വഭാവമുള്ള ബിജെപി മടിക്കില്ലെന്നതും മറക്കാനാവില്ല. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപിയെ നേരിടാനുള്ള ഫലപ്രദമായ ബദൽ രാഷ്ട്രീയമല്ല കോൺഗ്രസിന്റേത് എന്ന വസ്തുത കാണാതിരിക്കാനുമാവില്ല.
കേരളത്തിലെ രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വയനാട് ലോക്-സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും തൽസ്ഥിതി തുടരുന്നതാണ് ജനവിധി. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാകുമെന്ന യുഡിഎഫിന്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കൊണ്ടുപിടിച്ച പ്രചാരണത്തെ നിഷ്-പ്രഭമാക്കുന്ന ജനവിധിയാണുണ്ടായത്; പ്രത്യേകിച്ചും ചേലക്കരയിൽ.
ചേലക്കരയിൽ ലോക്-സഭാ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് 5,174 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായുള്ളൂവെന്നത് ചൂണ്ടിക്കാണിച്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉറപ്പായും യുഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വെല്ലുവിളിയുടെ സ്വരത്തിൽ പ്രഖ്യാപനം നടത്തിയ പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിനൊപ്പംനിന്ന വലതുപക്ഷ മാധ്യമങ്ങൾക്കും കനത്ത തിരിച്ചടിയേൽപ്പിച്ചാണ് സിപിഐ എം സ്ഥാനാർഥി യു ആർ പ്രദീപ് വൻ ഭൂരിപക്ഷം നേടി വിജയിച്ചത്. 2016ൽ ഇതേ മണ്ഡലത്തിൽനിന്ന് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച യു ആർ പ്രദീപിന് ഇപ്പോൾ 12,201 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടുകയും 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന്- ലഭിച്ച 5,174 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ ഏഴായിരത്തിലേറെ വോട്ട് കൂടുതൽ നേടുകയും ചെയ്തിട്ടും പ്രതിപക്ഷവും വലതുമാധ്യമങ്ങളും ഇപ്പോഴും ഭരണവിരുദ്ധ വികാരമെന്ന പഴങ്കഥ പാടിക്കൊണ്ടിരിക്കുകയാണ്. ലോക്-സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നേടിയ അത്രയും വോട്ട് ഇപ്പോൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അവർ തന്നെ സ്ഥാനാർഥിയായിട്ടും ലഭിച്ചില്ലയെന്നു മാത്രമല്ല, വലിയ കുറവുണ്ടാകുകയും ചെയ്തു എന്ന വസ്തുതയ്ക്കുനേരെ ഇക്കൂട്ടർ കണ്ണടയ്ക്കുകയുമാണ്. 2021ൽ കെ രാധാകൃഷ്ണൻ വിജയിച്ചപ്പോഴൊഴികെ 1996 മുതൽ സിപിഐ എമ്മിന് ഈ മണ്ഡലത്തിൽനിന്ന് ശരാശരി 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലധികം ലഭിച്ചിട്ടില്ലയെന്ന വസ്തുതയും എൽഡിഎഫ് വിരോധം മൂലം അന്ധത ബാധിച്ച വലതുപക്ഷ രാഷ്ട്രീയ മാധ്യമ സംഘം മിണ്ടുന്നില്ല. ബിജെപിക്ക് വോട്ട് അവിടെ വർധിച്ചപ്പോൾ കുറഞ്ഞത് കോൺഗ്രസിന്റെ വോട്ടാണെന്നതിലും ഇക്കൂട്ടർ മൗനം പാലിക്കുകയാണ്. യഥാർഥത്തിൽ ചേലക്കരയിലെയും പാലക്കാട്ടെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫ് സർക്കാരിനനുകൂലമായ ജനവികാരത്തിന്റെ പ്രതിഫലനമാണ്.
പാലക്കാട് മണ്ഡലം 1970 നുശേഷം കഴിഞ്ഞ 54 വർഷത്തിനിടയിൽ രണ്ടുതവണ മാത്രമാണ് നേരിയ ഭൂരിപക്ഷത്തിൽ സിപിഐ എം പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബാക്കി എല്ലായ്-പ്പോഴും യുഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള, ഒപ്പം ബിജെപിക്ക് ഗണ്യമായ സ്വാധീനമുള്ള കഴിഞ്ഞ് മൂന്ന് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്ന സിപിഐ എം ഇപ്പോൾ വോട്ടിന്റെ കാര്യത്തിൽ നിലമെച്ചപ്പെടുത്തിയിട്ടും അവിടത്തെ കോൺഗ്രസ് വിജയത്തെ ആഘോഷമാക്കുകയും സിപിഐ എമ്മിനെയും എൽഡിഎഫിനെയും അപഹസിക്കുകയുമാണ് വലതുമാധ്യമങ്ങൾ. കഴിഞ്ഞ നിയമസഭാ–ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ പതിനയ്യായിരത്തിലധികം വോട്ടിന്റെ വ്യത്യാസം ബിജെപിയും എൽഡിഎഫും തമ്മിലുണ്ടായിരുന്നു. പാലക്കാട് നിയോജക മണ്ഡലത്തിൽ ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിൽ ഈ വ്യത്യാസം 2256 ആയി കുറഞ്ഞതും ഈ വിമർശകർ കാണുന്നില്ല. മാത്രമല്ല എൽഡിഎഫിന് കഴിഞ്ഞ (2021ലെ) നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 896 വോട്ട് ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഡോ. പി സരിൻ നേടി; മാത്രമല്ല 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചതിനേക്കാൾ 2653 വോട്ട് ഈ ഉപതിരഞ്ഞെടുപ്പിൽ ഡോ. പി സരിന് ലഭിച്ച കാര്യവും മറച്ചുപിടിക്കുകയാണ് വലതുപക്ഷം.
സർവോപരി കോൺഗ്രസ് സ്ഥാനാർഥി വൻഭൂരിപക്ഷത്തിൽ വിജയിച്ചുവെന്ന് മേനിനടിക്കുമ്പോൾ എല്ലാ വിധ വർഗീയശക്തികളുടെയും പൊയ്-ക്കാലിൽ നിന്നാണ് ആ വിജയമെന്നതും മാധ്യമങ്ങൾ എത്ര മറച്ചുപിടിച്ചാലും മാഞ്ഞുപോകാത്ത സത്യമാണ്. പാലക്കാട്ട് 2021 ൽ മാത്രമല്ല 2024ലും ബിജെപി സ്ഥാനാർഥികൾ നേടിയതിലും എണ്ണായിരത്തിലേറെ വോട്ട് കുറവാണ് ഈ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത്. ആ വോട്ട് എവിടെപ്പോയി എന്ന അനേ-്വഷണം കോൺഗ്രസിനു ലഭിച്ച 18,000ത്തിന്റെ ഭൂരിപക്ഷത്തിലാണ് ചെന്ന് തട്ടിനിൽക്കുന്നത്. മാത്രമല്ല 10,000 വോട്ട് തങ്ങൾ പിടിച്ചുകൊടുത്തുവെന്ന് പരസ്യമായ പ്രഖ്യാപനം നടത്തി എസ്ഡിപിഐയും രംഗത്തുണ്ട്. തങ്ങൾ യുഡിഎഫിനായി ഏതെല്ലാം വിധത്തിൽ കാംപെയ്ൻ നടത്തിയെന്നതിന്റെ വിശദാംശങ്ങളടക്കം എസ്ഡിപിഐ പ്രഖ്യാപിച്ചിട്ടും അതിനെതിരെ ഒരക്ഷരം ഉരിയാടാനാകാതെ മൗനത്തിലാണ് കോൺഗ്രസ് നേതൃത്വം. മതതീവ്രവാദ പ്രസ്ഥാനങ്ങളായ എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും ഒപ്പം ബിജെപി/ആർഎസ്എസിന്റെയും കൂട്ടുപിടിച്ചുള്ള കോൺഗ്രസിന്റെ വിജയം കേരള രാഷ്ട്രീയത്തിലെ അപകട സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.
ബിജെപിക്ക്- ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഒന്നിച്ചുചേരാൻ ഒരു മടിയുമില്ലെന്ന് തെളിയിക്കുന്നതാണ് ജമ്മുകാശ്മീരിലെ കുൽഗാം നിയോജകമണ്ഡലത്തിൽ സിപിഐ എം നേതാവ് തരിഗാമിക്കെതിരെയും തമിഴ്നാട്ടിൽ ദിണ്ഡിഗൽ മണ്ഡലത്തിൽ സിപിഐ എമ്മിന്റെ ആർ സച്ചിദാനന്ദത്തിനെതിരെയും ഒന്നിച്ച് പൊതുസ്ഥാനാർഥിയെ നിർത്തി മത്സരിച്ചതിൽ കാണാനാകും.
കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ തുടക്കം 1959 മുതൽ കാണാം. ഇപ്പോൾ അത് വോട്ടിടപാടിനപ്പുറം കടന്ന് പണം കെെമാറ്റത്തിൽ വരെ എത്തിയിരിക്കുന്നു. ഷാഫി പറമ്പിലിന് തങ്ങൾക്ക് ലഭിച്ച കള്ളപ്പണത്തിൽനിന്നും നാലു കോടി രൂപ കൊടുത്തുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയെകുറിച്ച് നാളിതുവരെ ഒരക്ഷരവും ഉരിയാടാൻ കോൺഗ്രസിനോ ഷാഫ-ിക്കോ കഴിയാത്തത് അത് അക്ഷരാർഥത്തിൽ ശരിതന്നെയെന്ന് വ്യക്തമാക്കുന്നു. ഇതിൽനിന്നും ഇടതുപക്ഷത്തിനെതിരെ കെെകോർക്കാൻ ഏത് തരംതാണ കളിയ്ക്കും ഇവർക്ക് ഒരു മടിയുമില്ലെന്ന് വെളിപ്പെടുന്നു. ബിജെപി കേരളത്തിൽ വളർച്ചയുടെ പടവുകൾ കയറുകയാണെന്ന വലതുമാധ്യമങ്ങളുടെ പ്രചാരണവും നിരാകരിക്കുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ജനവിധി. l