പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങൾ ചർച്ചകളൊന്നും കൂടാതെ മിനിറ്റുകൾക്കുള്ളിൽ അവസാനിക്കുകയാണുണ്ടായത്. എന്തുകൊണ്ട് തുടർച്ചയായി സഭാസ്തംഭനമുണ്ടായി? പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയമൊന്നും ചർച്ചയ്ക്കെടുക്കാൻ തയ്യാറാകാതെ പുറംതിരിഞ്ഞുനിന്ന ഭരണപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് അതിനു കാരണമായത്.
പാർലമെന്റിൽ ഉന്നയിച്ച വിഷയത്തിന് സഭാ വേദിയിൽ മറുപടി പറയുകയെന്ന ജനാധിപത്യ നിലപാടിനുപകരം മോദി സർക്കാർ പലപ്പോഴും സഭയ്ക്ക് പുറത്ത് മറുപടി പറയുകയാണ് ചെയ്യുന്നത്. മുൻപ് മണിപ്പൂർ വിഷയത്തിൽ ദിവസങ്ങളോളം സഭയിൽ മറുപടി പറയാതെ ഒളിച്ചോടിയ പ്രധാനമന്ത്രി ഒടുവിൽ സഭാമന്ദിരത്തിനു പുറത്ത് ഇഷ്ടക്കാരായ ചില മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി അവർക്കു മുന്നിൽ പ്രതികരിച്ചതിലെ അപഹാസ്യമായ ഏകപക്ഷീയത ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഈ സഭാകാലയളവിലും സമാനമായി അദാനിക്കെതിരെ അമേരിക്കയിൽ ചാർജ് ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ട് സഭയിൽ മറുപടി പറയുന്നതിനുപകരം സഭയ്ക്കു പുറത്ത് ചില മാധ്യമപ്രവർത്തകരോട്, തിരുവായ്ക്ക് എതിർവായില്ലാത്ത വിധം വർത്തമാനം പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയെന്നാൽ, ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയെന്നാണ് പാർലമെന്ററി ജനാധിപത്യത്തിൽ അർഥം. 2014ൽ അധികാരത്തിൽ വന്നതുമുതൽ ഏകപക്ഷീയമായ വർത്തമാനങ്ങൾക്കപ്പുറം സഭാംഗങ്ങളുമായി മുഖാമുഖം സംവദിക്കാതെ ഒളിച്ചോടുന്ന, പുറത്ത് മാധ്യമപ്രവർത്തകരോട് ആശയവിനിമയത്തിനു തയ്യാറാകാതെ മാളത്തിലൊളിക്കുന്ന പ്രധാനമന്ത്രിയെയാണ് ഇന്ത്യ കണ്ടുവരുന്നത്. ജനാധിപത്യ പാരമ്പര്യങ്ങളും മൂല്യങ്ങളുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് മോദിയും കൂട്ടരും തുടർന്നുവരുന്നത്.
ഇപ്പോഴത്തെ സഭാസ്തംഭനത്തിനിടയിൽ ഉയർന്നുവന്ന മറ്റൊരു കാര്യം പ്രതിപക്ഷനിരയിലെ അനെെക്യമാണ്. പാർലമെന്റിനുപുറത്ത് ഓരോ കക്ഷിയും തങ്ങളുടേതായ നിലപാടുകളുയർത്തി പ്രക്ഷോഭങ്ങൾക്ക് തയ്യാറാകുമ്പോഴും സഭയ്ക്കുള്ളിൽ ഒന്നിച്ചുനിന്ന് ഭരണാധികാരികളെ വെള്ളം കുടിപ്പിക്കുകയാണ് സാധാരണയായി പ്രതിപക്ഷത്തുനിന്ന് കണ്ടുവരുന്നത്. 2024ലെ ജനവിധിയുടെ അന്തസ്സത്ത തന്നെ ഭരണകക്ഷിക്കൊപ്പം ലോക്-സഭയിൽ പ്രതിപക്ഷത്തിനും ഇടം നൽകുന്നതാണ്. ബിജെപിയുടെ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെടാൻ ഇടയായതുതന്നെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ ഉയർത്തിയ ചെറുത്തുനിൽപ്പുമൂലമാണ്. അവയ്ക്കൊപ്പം നിന്നതുകൊണ്ടാണ് കോൺഗ്രസിന് കൂടുതൽ സീറ്റ് നേടാനായത്. എന്നാൽ തങ്ങളുടെ മിടുക്കും അപ്രമാദിത്വവുംകൊണ്ടാണ് തങ്ങൾക്ക് കൂടുതൽ സീറ്റു കിട്ടിയത് എന്ന ഹുങ്കാണ് പതിവുപോലെ കോൺഗ്രസിനെ നയിക്കുന്നത്. അതാണ് മോദി സർക്കാരിനെതിരെ സഭാവേദികളിൽ ശക്തമായ ചെറുത്തുനിൽപ്പുയർത്താൻ പ്രതിപക്ഷത്തിനു കഴിയാതായത്.
അദാനിയെ തൊട്ടാൽ മോദിക്കു പൊള്ളുമെന്ന് ആവർത്തിച്ചോർമിപ്പിക്കുന്നതായിരുന്നു പാർലമെന്റിലെ ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടം. മണിപ്പൂരിൽ രണ്ടു വർഷത്തോളമായി തുടരുന്ന കലാപത്തിനു പിന്നിലെ സംഘപരിവാർ അജൻഡ വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നതാണ് അതിനു പരിഹാരം കാണാനോ തുറന്ന ചർച്ചയ്ക്കോ തയ്യാറാകാത്ത മോദി സർക്കാരിന്റെ നിലപാട്.
ആർഎസ്എസിന്റെ നൂറാം ജന്മവാർഷികമാകുമ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന പ്രതിജ്ഞയ്ക്ക് 2024ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത കനത്ത തിരിച്ചടി നൽകിയെങ്കിലും സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ് ബിജെപിക്ക് നഷ്ടപ്പെട്ടിട്ടും മോദി വാഴ്ചയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുകയാണ്; മതനിരപേക്ഷതയ്ക്കെതിരെ വെല്ലുവിളി ഉയർത്തുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെ, രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെപോലും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കടയ്ക്കൽ കത്തിവയ്ക്കാൻ ഉപയോഗിക്കുകയാണ്.
മതപരമായ ചേരിതിരിവുണ്ടാക്കി നാട്ടിൽ ചോരപ്പുഴയൊഴുക്കിയാണെങ്കിലും കോർപ്പറേറ്റുകൾക്ക് നാടിനെ കൊള്ളയടിക്കാൻ അവസരമൊരുക്കുന്നതിനുവേണ്ടി മാത്രം മതരാഷ്ട്രം എന്ന തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് ശ്രമിക്കുകയാണ് സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് സംഭൽ മസ്ജിദിനും അജ്മീർ ദർഗയ്ക്കും നേരെയുള്ള ആക്രമണങ്ങൾ. അയോധ്യയിലെ 450 വർഷം പഴക്കമുള്ള, ചരിത്ര സ്മാരകമായ, മുസ്ലീം ആരാധനാലയമായ ബാബറി മസ്ജിദ് തകർത്ത സംഘപരിവാറുകാർ അന്നവിടെ ഉയർത്തിയ മുദ്രാവാക്യം തന്നെ– ‘‘കാശി, മഥുര ബാക്കിഹെ’’ – തങ്ങളുടെ ചോരക്കളി ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ്.
അയോധ്യയിലെ ബാബറി മസ്ജിദിനുനേരെ ഉയർത്തപ്പെട്ട ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പാർലമെന്റ് 1991ൽ പാസാക്കിയ ഒരു നിയമമുണ്ട്. – Places of Worship (Special Provisions) Act, 1991. ആ നിയമത്തെ തന്നെ, പിച്ചിച്ചീന്തി കാറ്റിൽ പറത്താൻ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും കാവലാളാകേണ്ട ജുഡീഷ്യറിയെപോലും മുന്നിൽ നിർത്തിയാണ് സംഘപരിവാർ കളിക്കുന്നത്.1991ലെ നിയമപ്രകാരം, ഏതൊരു ആരാധനാ സ്ഥലത്തിന്റെയും മതപരമായ സ്വഭാവം 1947 ആഗസ്ത് 15ന് എന്തായിരുന്നോ അതേപടി നിലനിർത്തണം. എന്നാൽ ബാബറി മസ്ജിദ്–രാമജന്മഭൂമി തർക്കത്തെ ഈ നിയമത്തിന്റെ പരിധിയിൽനിന്നും മാറ്റിനിർത്തുകയാണുണ്ടായത്. കാരണം, അപ്പോൾ തന്നെ അത് കോടതികളുടെ പരിഗണനയിൽ വന്നുകഴിഞ്ഞ വിഷയമായിരുന്നു.
2019ലെ അയോധ്യക്കേസിലെ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചും 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ഉയർത്തിപ്പിടിച്ചിരുന്നു. അതായത് ഇനി മറ്റൊരു ആരാധനാലയം കൂടി തകർക്കപ്പെടരുത് എന്നർഥം. എന്നാൽ 2022 മെയ് മാസത്തിൽ സുപ്രീംകോടതി തന്നെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനടിയിൽ ക്ഷേത്രാവശിഷ്ടമുണ്ടോയെന്ന് സർവെ നടത്താൻ അനുമതി നൽകിയത് 1991ലെ നിയമത്തിന്റെയും 2019ലെ സുപ്രീംകോടതി വിധിയുടെയും കടയ്ക്കൽ കത്തിവയ്ക്കലായി.
ഇതനുവദിക്കപ്പെട്ടതോടെ മഥുരയിലെ ഈദ് ഗാഹിൽ സർവെ നടത്തണമെന്ന ആവശ്യമുയരുകയും ജില്ലാ കോടതി അതനുവദിക്കുകയും ചെയ്തത് വീണ്ടും സംഘർഷത്തിന് വഴിയൊരുക്കി. അടുത്ത ഊഴം സംഭലിലേതായി. മുഗൾകാലത്ത് 1526ൽ നിർമിച്ചതാണ് ഇത്. മഥുരയിലെയും സംഭലിലെയും മോസ്-ക്കുകളുടെ സ്ഥലങ്ങൾ പരിശോധന നടത്തണമെന്ന ഹർജിയുമായി കോടതിയെ സമീപിച്ചത് ഒരാൾ തന്നെയാണ്– സംഘപരിവാർ പ്രവർത്തകനായ വിഷ്ണു ശങ്കർ ജയ്ൻ. 2022ലെ സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ 1991ലെ നിയമത്തിലെ വ്യവസ്ഥകൾ അവഗണിച്ചുകൊണ്ട് മഥുരയിലെയും വാരണാസിയിലെയും ജില്ലാ കോടതികൾ രണ്ട് അപേക്ഷകളും അനുവദിച്ചു. മസ്ജിദ് കമ്മിറ്റിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന അനേ-്വഷണത്തിനുപോലും തയ്യാറാകാതെയാണ് ജില്ലാ കോടതികൾ ഇത് അനുവദിച്ചത്.
സംഭലിലെ കോടതി ഉത്തരവിനുപിന്നാലെ 24 മണിക്കൂറിനുള്ളിൽ അഭിഭാഷക കമ്മീഷൻ നിയോഗിക്കപ്പെടുകയും അതിന്റെ പരിശോധന നടക്കുകയുമുണ്ടായി. ആദ്യവട്ട പരിശോധനയുടെ സമയത്ത് ഒരു സംഘർഷവും അവിടെ ഉണ്ടായില്ല. എന്നാൽ വീണ്ടും ഇതേ കമ്മീഷൻ സ്ഥലത്ത് എത്തുകയും സംഘപരിവാറുകാർ കൂട്ടത്തോടെ വരുകയും ചെയ്തതാണ് കല്ലേറിലും തുടർന്ന് ലാത്തിചാർജിലും വെടിവയ്പിലും കലാശിച്ചത്. അഞ്ച മുസ്ലീം യുവാക്കളാണ് ആ വെടിവയ്പിൽ കൊല്ലപ്പെട്ടത്.
ആ സ്ഥലം സന്ദർശിക്കുന്നതിൽനിന്നും സ്ഥലവാസികളുമായി സംസാരിക്കുന്നതിൽനിന്നും പ്രതിപക്ഷ പാർട്ടി നേതാക്കളെയും മാധ്യമപ്രവർത്തകരെയും തടയുന്നതിൽ നിന്നു തന്നെ യോഗി സർക്കാരിനും സംഘപരിവാറിനും പലതും മറച്ചു പിടിക്കാനുണ്ടെന്നത് വെളിപ്പെടുന്നു. ഭരണാധികാരികളുടെ ഒത്താശയോടെ വർഗീയ സംഘർഷം ലക്ഷ്യമിട്ട് നടത്തിയതാണ് സംഭലിലെ നടപടികളാകെയെന്ന് സംശയാതീതമായി ഇതെല്ലാം വെളിപ്പെടുത്തുന്നു. അഞ്ച് ചെറുപ്പക്കാർ കൊല്ലപ്പെടുന്നതിനിടയാക്കിയ സംഭവം പോലും ഇന്ത്യയുടെ പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്തതും അത് അവരുടെ അജൻഡയുടെ ഭാഗമാണെന്നുവേണം കരുതാൻ. തങ്ങളുടെ അജൻഡ നടപ്പാക്കുന്നതിന് ഏതറ്റംവരെ പോകാനും എന്ത് ക്രൂരതകാണിക്കാനും സംഘപരിവാർ മടിക്കില്ല. അതുകൊണ്ടുതന്നെ ജനാധിപത്യ–മതനിരപേക്ഷ ശക്തികൾ, രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് തികഞ്ഞ ജാഗ്രതയോടെ, ഒറ്റക്കെട്ടായി പാർലമെന്റിനുള്ളിലും പുറത്തും അണിനിരക്കേണ്ടത് അനിവാര്യമാണ്. l.