1988ല്‍ 5 ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. 2014-ൽ അദാനിയുടെ സ്വത്ത് 50,000 കോടി രൂപയായിരുന്നു. 2022-ൽ 11.44 ലക്ഷം കോടി രൂപയായി. 23 മടങ്ങ് വർദ്ധന. 2022-ൽ ഓരോ ദിവസവും 1600 കോടി രൂപ വച്ചാണ് അദാനിയുടെ സ്വത്ത് വർദ്ധിച്ചത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ രണ്ടാമനാണ് അദാനി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ എന്നിവ അദാനി കൈക്കലാക്കിയ ബഹുമതികളില്‍ ചിലതു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനം, താപവൈദ്യുതി, ഗ്രീൻ എനർജി, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വിമാനത്താവളം തുടങ്ങി ബഹുമേഖലകളിൽ ഒരേസമയം പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ഭീമനായി വളർന്നിരിക്കുന്നു.
ഉദാരവത്കൃത ഇന്ത്യയുടെ ഉല്‍പന്നമാണ് ഈ ശതകോടീശ്വരന്‍. 1991ല്‍ മന്‍മോഹന്‍ സിംഗ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ അതിനും മൂന്നു വര്‍ഷം മുമ്പ് 1988ല്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്ട്സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ പിവിസി ഇറക്കുമതി ചെയ്യുമ്പോള്‍ അദാനി സാക്ഷാല്‍ റിലയന്‍സിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
തുടക്കം കോൺഗ്രസിന്റെ കാലത്ത്, കുതിപ്പ് മോദിയുടെ കാലത്ത്
ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25,000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധന.
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുളള ഗതാഗതസൗകര്യം സര്‍ക്കാര്‍ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവില്‍ 64 കിലോമീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിച്ചു.
4000 കിലോമീറ്റര്‍ അകലെയുളള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കല്‍ക്കരി കൊണ്ടുവരാന്‍ അദ്ദേഹം നിശ്ചയിച്ചു. ഇന്ത്യന്‍ റെയില്‍വെ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനെക്കാള്‍ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ഡ്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ഡ്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയില്‍വേയും അദാനി സ്ഥാപിച്ചു.
ഇന്ത്യയില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ അതിവേഗത്തില്‍ സ്ഥാപിക്കുകയാണ് അദാനി. ഇന്തോനേഷ്യയിലെ ഖനി കൂടാതെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു. 9,000 കോടി രൂപയുടെ മുടക്കുമുതല്‍. കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ഡ്ര സെസില്‍ ഫാക്ടറികള്‍, എല്ലാം ഒത്തുചേരുന്ന അദാനി ഇന്ത്യയിലെ ഏറ്റവും ഉദ്ഗ്രഥിത വൈദ്യുതി കമ്പനിയാണ്.
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോൾ മുതലുള്ള ചങ്ങാത്തമാണ് അദാനിയുടെ ഏറ്റവും വലിയ കരുത്ത്. ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലേയ്ക്ക് മോഡി ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ക്ഷണിച്ചു. അംബാനിമാരും ടാറ്റമാരുമെല്ലാം എത്തിച്ചേര്‍ന്നു. പക്ഷേ, മോദിയുടെ ഏറ്റവും അടുത്ത് ഇരിപ്പടം ലഭിച്ചത് അദാനിയ്ക്കായിരുന്നു. ഗുജറാത്തില്‍ നടത്താന്‍ പോകുന്ന ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി അവിടെ വെച്ച് പ്രഖ്യാപിച്ചു. കോടീശ്വരന്മാരും മോദിയും തമ്മിലുളള വിശേഷബന്ധത്തിന്റെ പ്രഖ്യാപനമായി മാറി ഈ ഉന്നതതല സമ്മേളനം.
മുതൽമുടക്കിനുള്ള
പണം എവിടെനിന്ന്?
ഭീമമായ മുതൽമുടക്കിനുള്ള മൂലധനം എങ്ങനെയാണ് അദാനി സ്വരൂപിച്ചത്? ഇതിന് രണ്ട് രീതികളാണ് അവലംബിച്ചത്. ഒന്ന്, ഓഹരികൾ വിറ്റ് മൂലധനം സമാഹരിച്ചു. രണ്ട്, വായ്പയെടുത്തു. സാധാരണഗതിയിൽ ഏതു വ്യവസായിയും ഈ രണ്ട് മാർഗങ്ങളും അവലംബിക്കും. ഇവ രണ്ടും തമ്മിൽ ആരോഗ്യകരമായ ഒരു അനുപാതം നിലനിർത്തണമെന്നാണ് വിദഗ്ധർ പറയുക.
സാധാരണഗതിയിൽ ഓഹരി മൂലധനത്തിന്റെ 1.5 മടങ്ങിൽ കൂടുതൽ കടം വർദ്ധിക്കാൻ പാടില്ലായെന്നാണു വിദഗ്ധമതം. ഇത്തരത്തിൽ കടഭാരം ഒന്നരമടങ്ങിൽ കൂടുതൽ വരുന്ന കമ്പനികളെ ഓവർലിവറേജ്ഡ് എന്നാണു വിശേഷിപ്പിക്കുക.
അദാനി കമ്പനികളുടെ മൊത്തം കടം 2013-ൽ 72,000 കോടി രൂപയായിരുന്നത് പടിപടിയായി ഉയർന്ന് 2022-ൽ 2.23 ലക്ഷം കോടി രൂപയായിത്തീർന്നു. ഓഹരി- – കടം അനുപാതം അപകടനിലയായ 1.5-ന് മുകളിൽ 3-നും 2-നും ഇടയിലാണ്. ഇത്രയെങ്കിലും ഓഹരി-– കടം അനുപാതം പിടിച്ചുനിർത്താൻ കഴിഞ്ഞത് അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകൾ അത്ഭുതകരമായ വേഗതയിൽ ഉയർന്നതുകൊണ്ടാണ്.
ഓഹരി വിലയുടെ ശരവേഗ വളർച്ച
2020-ൽ കോവിഡ് വന്നതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു വീണു. എന്നാൽ അദാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സുവർണകാലമായി ഇതുമാറി. കോവിഡ് തുടങ്ങിയപ്പോൾ അദാനി ഓഹരി വിപണി മൂല്യം 2020-ന്റെ ആദ്യ പാദത്തിൽ 2.2 ലക്ഷം കോടി രൂപയിൽ നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. പിന്നെ മുകളിലേക്ക് ഒരു വളർച്ചയായിരുന്നു. 2021 ഏപ്രിൽ ആയപ്പോൾ 7.8 ലക്ഷം കോടി രൂപയായി.
കേട്ടുകേൾവിയില്ലാത്ത വേഗതയിലാണ് ഓഹരി വിലകൾ ഉയർന്നത്. മൂന്ന് വർഷത്തിനിടയിൽ അദാനി ഗ്യാസിന്റെ ഓഹരി വില 2121 ശതമാനമാണ് ഉയർന്നത്. ഇതിനേക്കാൾ താഴ്ന്ന നിരക്കിലാണെങ്കിലും മറ്റു കമ്പനികളുടെയും ഓഹരി വിലകൾ കുതിച്ചു. 2021-ൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നത് 2022-ൽ 18.13 ലക്ഷം കോടി രൂപയായി.
ഈ കുതിപ്പിന് അദാനി ഗ്രൂപ്പിന്റെ വിറ്റുവരുമാനത്തിലോ ആദായത്തിലോ ഉണ്ടായ വർദ്ധനയുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തിൽ കാണാനില്ല. അതുകൊണ്ട് ഇതൊരു പ്രഹേളികയായി. അദാനിയും കൂട്ടരും പറഞ്ഞു പ്രചരിപ്പിച്ചത് ഇന്നത്തെ വരുമാനത്തെയല്ല നാളത്തെ വരുമാനത്തെയാണ് നിക്ഷേപകർ വിലയിരുത്തലിനുവേണ്ടി ഉപയോഗിക്കുന്നത് എന്നാണ്. അദാനി ഗ്രൂപ്പ് പുതിയ മേഖലകളിലേക്കു കടന്നുകയറുകയാണ്. കേന്ദ്ര സർക്കാരിന്റെ സർവ്വവിധ പിന്തുണയുമുണ്ട്. അതുകൊണ്ട് നാളെ വമ്പൻ ലാഭം ലഭിക്കും. ഇതുമൂലമാണ് ഓഹരികൾക്ക് വലിയ ഉയർന്നവില മത്സരിച്ചു നൽകി വാങ്ങാൻ നിക്ഷേപകർ തയ്യാറാകുന്നത്. ഇതിന്റെ രഹസ്യം വെളിപ്പെടുത്തിയത് ഹിൻഡൻബർഗ് നിക്ഷേപക കമ്പനിയാണ്.
ഹിൻഡൻബർഗിന്റെ അദാനി റിപ്പോർട്ട്
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായി പഠിച്ചു തയ്യാറാക്കിയ ഹിൻഡൻബർഗ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം അദാനിയുടെ ഓഹരി വിലകൾ ഊതിവീർപ്പിച്ചവയാണ്. ശരിക്കും ഓഹരികൾക്കും കമ്പോളത്തിൽ ഇത്രയും വില വരാൻ പാടില്ല. അവർ പറയുന്നത് അദാനിയുടെ കണക്കുകൾ മുഖവിലയ്ക്കെടുത്താൽപോലും ഓഹരി വിലകൾ 85 ശതമാനമെങ്കിലും അനർഹമായി ഉയർന്നതാണ്.
സാധാരണഗതിയിൽ അദാനി കമ്പനികൾ പ്രവർത്തിക്കുന്ന വ്യവസായമേഖലയിൽ ഓഹരിവില ആദായത്തിന്റെ 20-–24 മടങ്ങ് വരാൻ പാടുള്ളതല്ല. എന്നാൽ അദാനി ഗ്രീൻ എനർജി കമ്പനിയിലും ഗ്യാസ് കമ്പനിയിലും 800 മടങ്ങാണ് ഓഹരി വില. ഏറ്റവും വലിയ കമ്പനിയായ അദാനി എന്റർപ്രൈസസിന്റേത് 500 മടങ്ങ്. അദാനി ട്രാൻസ്-മിഷന്റേത് 312 മടങ്ങ്. മറ്റുള്ളവ 30-–90 മടങ്ങ്.
അതുപോലെതന്നെ ഒരു കമ്പനിയുടെ മൊത്തം വിപണിമൂല്യത്തെ നികുതിക്കും പലിശയ്ക്കും തേയ്മാനത്തിനുമുള്ള ചെലവുകൾ കിഴിക്കുന്നതിനുമുമ്പുള്ള മൊത്തം ആദായത്തിന്റെ 8–-12 മടങ്ങേ വർദ്ധിക്കാൻ പാടുള്ളൂ. എന്നാൽ അദാനി ഗ്രൂപ്പിൽ ഗ്യാസ് കമ്പനിക്ക് 303 മടങ്ങും ഗ്രീൻ എനർജി കമ്പനിക്ക് 101 മടങ്ങും എന്റർപ്രൈസസിനും ട്രാൻസ്-മിഷനും 60 മടങ്ങിലേറെയും വരുന്നൂവെന്ന് ഹിൻഡൻബർഗ് കണ്ടെത്തി.
ഇത്തരത്തിൽ മറ്റു മാനദണ്ഡങ്ങൾവച്ചു പരിശോധിക്കുമ്പോൾ അവിശ്വസനീയമായ രീതിയിൽ ഉയർന്നതാണ് ഓഹരിവില. ഇത് വിദേശത്തുള്ള ബിനാമി കമ്പനികളെ ഉപയോഗിച്ച് കൃത്രിമമായി വില ഉയർത്തിയതാണെന്നാണ് ഹിൻഡൻബർഗിന്റെ പ്രധാനപ്പെട്ട ആരോപണം.
ഓഹരി കമ്പോളത്തിലെ
തിരിമറി എങ്ങനെ?
ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഈ മുഖ്യവാദത്തെ താഴെപ്പറയും പ്രകാരം അതിലളിതവൽക്കരിച്ച് വിശദീകരിക്കാം. ഇവ യഥാർത്ഥ കണക്ക് അല്ല. കാര്യം മനസിലാക്കാനുള്ള ഉദാഹരണം മാത്രമാണ്.
ഒന്ന്, 100 കോടി രൂപയുടെ ഒരു കമ്പനി സ്ഥാപിക്കുന്നുവെന്നു കരുതുക. ഇതാണ് മുതൽമുടക്ക്.
രണ്ട്, ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ഈ കമ്പനിയുടെ യഥാർത്ഥമൂല്യം 1000 കോടിയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ കമ്പനിക്ക് പുതിയതായി ലഭിച്ച ഖനികളോ അല്ലെങ്കിൽ മറ്റു ബിസിനസുകളോ കരാറുകളോ മറ്റും മൂലം ഭാവിവരുമാനത്തിൽ ഗണ്യമായ കുതിപ്പ് ഉണ്ടാകുമത്രേ. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനും ഓഹരി വിൽക്കുന്നതിനും തീരുമാനിക്കുന്നു.
മൂന്ന്, ഈ പ്രഖ്യാപനം കമ്പോളത്തെക്കൊണ്ട് എങ്ങനെ വിശ്വസിപ്പിക്കും? ഇവിടെയാണ് ട്വിസ്റ്റ്. കമ്പനി ലിസ്റ്റ് ചെയ്യണമെങ്കിൽ 25 ശതമാനം ഓഹരികളെങ്കിലും വിൽക്കണമെന്നാണു ചട്ടം. അത് പ്രമോട്ടർമാർ വാങ്ങാനും പാടില്ല. ഇതു മറികടക്കാൻ മൗറീഷ്യസിലും മറ്റും മറ്റു പേരുകളിൽ ഷെൽ കമ്പനികൾ രജിസ്റ്റർ ചെയ്യും. യഥാർത്ഥ ഉടമ ഇന്ത്യയിലെ കമ്പനിയോ അവരുടെ ബന്ധുക്കളോ തന്നെയായിരിക്കും. അതു വിദഗ്ധമായി മറച്ചുവച്ചിരിക്കും. അവർ ഇറങ്ങി വൻതോതിൽ ഷെയർ വാങ്ങുന്നതോടെ കമ്പോളത്തിലെ വില കമ്പനി പ്രഖ്യാപിച്ചതാകും.
നാല്, അതോടെ പ്രൊമോട്ടർമാരുടെ ഓഹരികളുടെ വിലയും 10 മടങ്ങ് വർദ്ധിച്ചിരിക്കും. അവരുടെ സ്വത്തും ആനുപാതികമായി ഉയരും. ഇവിടംകൊണ്ടും തട്ടിപ്പ് അവസാനിക്കുന്നില്ല. ഈ ഊതിവീർപ്പിക്കപ്പെട്ട വിലകളുള്ള ഓഹരി ബാങ്കുകളിൽ പണയംവച്ച് പണവും വാങ്ങും. ഇതോടെ തട്ടിപ്പിന്റെ ഒരു റൗണ്ട് തീരും. ഇത് അങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും.
റൗണ്ട് ട്രിപ്പിംഗ് എങ്ങനെ?
മൗറീഷ്യസ്, കെയ്മാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടുള്ള ബിനാമി കമ്പനികളുടെ വിശദാംശങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. അദാനിയുടെ ഈ ബിനാമി കമ്പനികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരികയും പാർലമെന്റിൽ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ഈ ഷെൽ കമ്പനികളുമായി ബന്ധപ്പെട്ട് കള്ളപ്പണത്തിന്റെ റൗണ്ട് ട്രിപ്പിംഗ് വളരെ വിശദമായി റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.
റൗണ്ട് ട്രിപ്പിംഗ് എന്നു പറയുന്നത് നാട്ടിൽ ഉണ്ടാകുന്ന കള്ളപ്പണം വിദേശത്തു കൊണ്ടുപോയി വെളുപ്പിച്ച് തിരിച്ചു നാട്ടിൽ കൊണ്ടുവരുന്നതിനെയാണ്. ഇറക്കുമതി ഇൻവോയ്സുകൾ പെരുപ്പിച്ചു കാണിക്കും. കയറ്റുമതി അണ്ടർഇൻവോയ്സ് ചെയ്യും. അതായത് ഇറക്കുമതി വിലകൾ ഉയർത്തിവയ്ക്കുകയും കയറ്റുമതി വിലകൾ താഴ്ത്തിവയ്ക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന വ്യാപാര തുകയിലെ വ്യത്യാസം അദാനി കമ്പനിക്ക് അർഹതപ്പെട്ടതാണ്. ഇത് അദാനിയുടെ വിദേശത്തുള്ള ബിനാമി കമ്പനികൾക്കായി കൈമാറുന്നു. ഈ കള്ളപ്പണം വിദേശത്തുനിന്നുള്ള വായ്പയായോ നിക്ഷേപമായോ ഇന്ത്യയിലേക്ക് അയക്കുന്നു. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരുപാട് സൂത്രവിദ്യകൾ നിയമത്തിലുണ്ട്.
ഈ ഇടപാടുകളെല്ലാമായി അദാനിയുടെ ചില സഹോദരങ്ങളും മറ്റു ബന്ധുക്കളും ഇടപെട്ടതിന്റെ ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. ബന്ധുക്കൾ മാത്രമല്ല ഖേതൻ പരേഖിനെ പോലുള്ള മുൻ ഓഹരി തട്ടിപ്പു വീരന്മാരും ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ടുപോയ ചില ഗുജറാത്തി വ്യവസായികളുമെല്ലാം ഇത്തരം കറക്ക് കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ
പ്രത്യാഘാതങ്ങൾ
ഹിൻഡൻബർഗ് റിപ്പോർട്ട് അദാനിയുടെ ഊതിവീർപ്പിക്കപ്പെട്ട ഷെയർ വില കുമിളയെ കുത്തിപ്പൊട്ടിച്ചു. വലിയ വിലയ്ക്കു വാങ്ങിയ ഓഹരികൾ എത്രയും പെട്ടെന്നു വിറ്റഴിച്ച് തടിക്കു കേട് ഒഴിവാക്കാൻ നിക്ഷേപകർ ശ്രമിച്ചു.
അദാനി കമ്പനികളുടെ ഓഹരി വിലകൾ ഇടിഞ്ഞതിന്റെ ഫലമായി 5.6 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം നാല് ദിവസംകൊണ്ട് നഷ്ടപ്പെട്ടു. തുടർന്നുള്ള ഒരുമാസക്കാലം അദാനി ഓഹരി വിലകൾ താഴേക്കു പൊയ്ക്കൊണ്ടിരുന്നു. മാത്രമല്ല, ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും വലിയ കമ്പനി ഓഹരി വിൽപ്പനയായ 20,000 കോടി രൂപയുടെ എഫ്.പി.ഒ.യും അവതാളത്തിലായി.
മാത്രമല്ല, അദാനിക്കു വലിയതോതിൽ വായ്പ കൊടുത്തിട്ടുള്ള ബാങ്കുകളുടെയും എൽഐസി പോലുള്ള സ്ഥാപനങ്ങളുടെയും ഓഹരിവിലകൾ ഇടിഞ്ഞു. ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമാണ് ഇന്ത്യൻ ഓഹരി മാർക്കറ്റിൽ നഷ്ടപ്പെട്ടത്.
പിടിച്ചുനിന്നത് എങ്ങനെ?
വലിയ തകർച്ചയാണ് അദാനി നേരിട്ടതെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും പിടിച്ചുകയറി. അദാനിയെ രക്ഷിച്ചതിൽ എൽഐസിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വലിയ പങ്കുവഹിച്ചു. അദാനിയുടെ ഓഹരിവിലകൾ ഇടിയാൻ തുടങ്ങിയപ്പോൾ മ്യൂച്വൽ ഫണ്ടുകളും മറ്റും അവരുടെ കൈവശമുള്ള ഓഹരികൾ കിട്ടുന്നവിലയ്ക്കു വിറ്റുകാശാക്കി. അതുകൊണ്ട് അവർക്കു വലിയ നഷ്ടമുണ്ടായില്ല. എന്നാൽ എൽഐസി തങ്ങളുടെ ഓഹരികൾ വിൽക്കാൻ വിസമ്മതിക്കുകയാണുണ്ടായത്.
എസ്ബിഐ ആവട്ടെ ഒരു കൺസോർഷ്യം ഉണ്ടാക്കി 34,000 കോടി രൂപ പ്രതിസന്ധി ഘട്ടത്തിൽ അദാനിക്കു ക്രെഡിറ്റ് ലൈനായി നൽകി. എസ്ബിഐയുടെ ഈ നടപടി വലിയ വിവാദം സൃഷ്ടിച്ചെങ്കിലും ചെയർമാൻ ദിനേശ് ഖാര ഉറച്ചുനിന്നു. അതിന്റെ ഗുണഫലവും അയാൾക്ക് ഉടൻതന്നെ കിട്ടി. 62 വയസുകാരനായ അദ്ദേഹത്തിനു വീണ്ടുമൊരു എക്സ്റ്റൻഷൻ ലഭിച്ചു.
പല അജ്ഞാത സ്രോതസ്സുകളിൽ നിന്നും അദാനിക്ക് ഫണ്ടിന്റെ പിന്തുണ ലഭ്യമായി. ഇതിൽ ഏറ്റവും പ്രസിദ്ധം പശ്ചിമേഷ്യയിലെ ഒരു സവറിൻ വെൽത്ത് ഫണ്ട് 40,000 കോടി രൂപയുടെ ക്രെഡിറ്റ് ലൈൻ ഉറപ്പുനൽകിയതാണ്. ഇതൊക്കെമൂലം ബോണ്ടുകളുടെ തിരിച്ചടവിൽ വീഴ്ചവരുത്താതെ പിടിച്ചുനിൽക്കാൻ അദാനിക്കു കഴിഞ്ഞു.
കൽക്കരി കുംഭകോണം
കാര്യങ്ങൾ അങ്ങനെ സാധാരണഗതിയിലേക്കു വരുന്നവേളയിലാണ് ലണ്ടനിലെ ഫിനാഷ്യൽ ടൈംസ് വളരെ വിശദമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദാനിയുടെ കൽക്കരി കുംഭകോണത്തിന്റെ കഥ പുറത്തുവിടുന്നത്. കോൾ ഇന്ത്യയെ മരവിപ്പിച്ച് അവരുടെ കുത്തകയായിരുന്ന കൽക്കരി ഖനികളിൽ ഖനനം ആരംഭിക്കാത്തവ സ്വകാര്യമുതലാളിമാർക്ക് ലേലം വിളിച്ചുകൊടുക്കുന്നതിനുള്ള നടപടി മോദി സർക്കാർ ആരംഭിച്ചു. ബീഹാറിലെ രണ്ടരക്കോടി ടൺ കൽക്കരി സ്റ്റോക്കുള്ള സിങ്കറേലി കൽക്കരി പാടം ലേലം വിളിക്കാൻ അദാനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരോരുമറിയാതെ സിംഗിൾ ടെണ്ടർ ചർച്ചചെയ്ത് ഉറപ്പിക്കുന്നതിനുള്ള അധികാരം ലേല നിബന്ധനകളിൽ ഭേദഗതി ചെയ്തു. അതുപയോഗിച്ച് അദാനിക്ക് ചുളുവിലയ്ക്ക് ഈ കൽക്കരി പാടം നൽകി. ഇതുപോലെ മറ്റു പലതും. അദാനിക്കു മാത്രമല്ല വേദാന്ത, ജിന്താൾ, ബിർള തുടങ്ങിയ 12 ബിസിനസ് ഗ്രൂപ്പുകൾക്കും ഇതുപോലെ ഖനികൾ ലഭിച്ചു. മത്സരത്തിൽ പങ്കെടുക്കാൻവന്ന ബിസിനസ് ഗ്രൂപ്പുകൾ ഒത്തുകളിച്ചുവെന്നുവേണം കരുതാൻ. ഓരോ ഖനി ടെണ്ടറിനും ഒന്നോ രണ്ടോ പേരേ ഉണ്ടായിരുന്നുള്ളൂ.
ഫിനാൻഷ്യൽ ടൈംസിന്റെ കഥ അനന്തരം നടന്ന കാര്യമാണ്. ലേലം പിടിച്ച കമ്പനികൾ ഖനനം തുടങ്ങിയില്ല. കോൾ ഇന്ത്യയുടെ ഉൽപ്പാദനം കുറയുകയും ചെയ്തു. കൽക്കരി ക്ഷാമമായി. വൈദ്യുതി മേഖലയെ ഇതു പ്രതികൂലമായി ബാധിച്ചു. ഈ പശ്ചാത്തലത്തിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. എല്ലാ സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡുകളും വൈദ്യുതി ഉൽപ്പാദനത്തിന് ഇറക്കുമതി ചെയ്ത കൽക്കരി 10 ശതമാനമെങ്കിലും ഉപയോഗിച്ചേതീരൂവെന്ന ഒരു പ്രത്യേക ഉത്തരവും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.
അദാനി ആയിരുന്നു പ്രധാന കൽക്കരി ഇറക്കുമതിക്കാരൻ. 2019-നും 2020-നും ഇടയ്ക്ക് അദാനി ഇറക്കുമതി ചെയ്ത 35 സാമ്പിൾ ഷിപ്പ്മെന്റുകളെ ഫിനാൻഷ്യൽ ടൈംസ് വിശദമായി പഠിച്ചു. അന്തർദേശീയ വിലയേക്കാൾ ശരാശരി 52 ശതമാനം ഉയർത്തിയാണ് അദാനി ഇന്ത്യയിൽ ഈ കൽക്കരി വിറ്റത്. ചിലപ്പോൾ ഇരട്ടിവില വരെ ഈടാക്കി. കൽക്കരിയുടെ വില ഉയർന്നപ്പോൾ വൈദ്യുതി ചാർജ്ജ് ഉയർത്താൻ സംസ്ഥാനങ്ങൾ നിർബന്ധിതരായി. അങ്ങനെ 12,000 കോടി രൂപ വില ഊതിവീർപ്പിച്ച് കോടിക്കണക്കിനു വൈദ്യുതി ഉപഭോക്താക്കളെയും ബിസിനസ് സ്ഥാപനങ്ങളെയും അദാനി വഞ്ചിച്ചു. ഇതായിരുന്നു ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്.
ഇതുസംബന്ധിച്ച് വസ്തുതകൾ റിപ്പോർട്ടു ചെയ്ത പത്രപ്രവർത്തകരെ ഗുജറാത്ത് പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചു. അവരെ സുപ്രീംകോടതിയാണു രക്ഷിച്ചത്. മഹുവാ മൊയിത്ര ഇതു സംബന്ധിച്ച അസുഖകരമായ ചോദ്യങ്ങൾ പാർലമെന്റിൽ ഉയർത്തി. അവരെ പാർലമെന്റിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള അസാധാരണ നടപടിക്ക് യഥാർത്ഥ കാരണം ഇതാണെന്നാണു കാണുന്നത്.
ഡിആർഐയുടെയും സെബിയുടെയും അന്വേഷണങ്ങൾ മനഃപൂർവ്വം വച്ചുതാമസിപ്പിച്ചു. സുപ്രിംകോടതിയിൽ കേസുണ്ട്. പക്ഷേ, തീർപ്പ് നീണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അദാനിക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്ന ചില പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി. അതോടെ അദാനിയുടെ ഓഹരി വിലകൾ വീണ്ടും ഉയർന്നു.
സോളാർ അഴിമതി
അദാനിയുടെ പേരിലെ ഏറ്റവും പുതിയ അഴിമതി വിവാദം സോളാർ എനർജിയുമായി ബന്ധപ്പെട്ടാണ്. അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കൽക്കരിയേതര ഊർജ്ജത്തിന്റെ ഉപയോഗം ഇന്ത്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. പുതിയ കമ്പോള സാധ്യത മനസ്സിലാക്കി ഈ മേഖലയിലേക്കു കടന്ന അദാനി സോളാർ ഊർജ്ജോല്പാദനത്തിൽ ഏറ്റവും വലിയ കമ്പനിയായി മാറി. പക്ഷേ, സോളാർ ഊർജ്ജത്തിന് അദാനി നിശ്ചയിച്ച വില താരതമ്യേന ഉയർന്നതാണ്. അതുകൊണ്ട് അത് വാങ്ങാൻ വൈദ്യുതി ബോർഡുകൾ മടിച്ചു. കൂടിയ വിലയ്ക്കാണെങ്കിലും നിശ്ചിത ശതമാനം സോളാർ ഊർജ്ജം വാങ്ങിയേ മതിയാകൂവെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ബോർഡുകളെക്കൊണ്ട് സോളാർ വൈദ്യുതി വാങ്ങിപ്പിക്കാൻ അദാനി തന്നെ മുന്നിട്ടിറങ്ങി. പല സംസ്ഥാനങ്ങളിലെയും നേതാക്കന്മാർക്ക് 2,200 കോടി രൂപ കൈക്കൂലി നൽകി.
സർക്കാരുകളുടെ ഓർഡർ ലഭിച്ചതോടെ അദാനി ഗ്രീൻ എനർജി കമ്പനിക്ക് അടുത്ത രണ്ടു പതിറ്റാണ്ടുകൊണ്ട് 16,000 കോടി രൂപ ലാഭം ഉറപ്പായി. ഇത് പൊലിപ്പിച്ചു കാണിച്ചാണ് ഈ കമ്പനി അമേരിക്കൻ ബോണ്ട് മാർക്കറ്റിൽ നിന്ന് വലിയ തോതിൽ നിക്ഷേപം സ്വീകരിച്ചത്. അങ്ങനെ അദാനി അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് അമേരിക്കൻ കോടതിയിലെ കേസ്.
ന്യുയോർക്കിലെ ഒരു കോടതി അദാനിയേയും അടുത്ത ബന്ധുവും അദാനി ഗ്രീൻ എനർജിയുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനിയേയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും ചാർജ്ജ് ഷീറ്റ് ചെയ്തിരിക്കുകയാണ്. ലോകത്തെ പതിനെട്ടാമത്തെയും ഇന്ത്യയിലെ രണ്ടാമത്തേതുമായ ശതകോടീശ്വരനെ സംബന്ധിച്ച ഈ വാർത്തയാണ് ഓഹരി കമ്പോളത്തെ പിടിച്ചുകുലുക്കിയത്.
അമേരിക്കൻ റെഗുലേറ്റർമാരെ മാത്രമല്ല അദാനി കബളിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സെബിയോടും സ്റ്റോക്ക് എക്സ്ചേഞ്ച് അതോറിറ്റികളോടും ഇതേ കള്ളം അദാനി പറഞ്ഞു. ഈ റെഗുലേറ്റർമാർ എന്തെങ്കിലും നടപടിയെടുക്കുവാൻ തയ്യാറാകുമോ? ഹിൻഡൻബർഗ് ആരോപണങ്ങളുടെമേൽ അടയിരിക്കുന്നത് സെബിയാണ്. അതിന്റെ മേധാവി മാധബി ബുച്ഛിനെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങൾ ഉയർന്നിട്ടും അവരെ മോദി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ മറ്റൊരു വാർത്ത പുറത്തുവന്നിട്ടുണ്ട്. സെബിയുടെ മുന്നിൽ പരമാവധി പ്രൊമോട്ടർമാരുടെ ഓഹരി പരിധി നിയമം ലംഘിച്ചൂവെന്ന് അദാനി സമ്മതിച്ചിട്ടുണ്ടത്രേ. പിഴ ഈടാക്കി കേസ് അവസാനിപ്പിക്കാനാണ് നീക്കം. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ വാർത്തകൾ.
ഇപ്പോൾ വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല. കാരണം കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത് അമേരിക്കൻ കോടതിയിലാണ്. ട്രംപിന്റെ ചെല്ലപ്പെട്ടിക്കാരല്ലാത്ത ഒട്ടേറെ ജഡ്ജിമാർ അമേരിക്കൻ നീതിന്യായ സ്ഥാപനങ്ങളിലുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ കോടതികളിൽ ഇടപെട്ട് അദാനിമാരെ സംരക്ഷിക്കുന്നതുപോലെ രാഷ്ട്രീയക്കാർക്ക് അമേരിക്കൻ കോടതികളിൽ ഇടപെടുക അത്ര എളുപ്പമായിരിക്കില്ല. l